ആ വെളിച്ചം ജ്വലിക്കട്ടെ

ഇ എന്‍ മോഹന്‍ദാസ്

യുര്‍വേദത്തെ ലോകനെറുകയിലേക്കുയര്‍ത്തിയ ഡോ. പി കെ വാരിയര്‍ ഇനി നിത്യപ്രചോദനമേകുന്ന ഓര്‍മ. ആ വൈദ്യ വൈഭവത്തിന്‍റെ നൂറാണ്ടിന്‍റെ ജീവിതം വരുംകാലത്തേക്കുള്ള വലിയ പാഠപുസ്തകമാണ്. കോട്ടക്കല്‍ ആര്യവൈദ്യശാലയെ ആറ് പതിറ്റാണ്ടിലേറെ നയിച്ച അദ്ദേഹത്തിന്‍റെ ജീവിതവും ദര്‍ശനവും ചരിത്രത്തില്‍ അതീവ ചാരുതയോടെ ജ്വലിച്ചു നില്‍ക്കും. 

മാനവ സ്നേഹമായിരുന്നു പി കെ വാരിയരുടെ മുഖമുദ്ര. അത്രമേല്‍ നിഷ്ഠയോടെയും ലാളിത്യത്തോടെയും തൊഴിലാളിപക്ഷ നിലപാടുകളിലൂടെയും അദ്ദേഹം സദാ നിലയുറപ്പിച്ചു. ജീവിതം തീക്ഷ്ണതയുള്ള സന്ദേശമാക്കി. എക്കാലവും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ അദ്ദേഹം മുറുകെ പിടിച്ചു. 

"തൊഴിലാളികളുടെ സംഘടിതശക്തിയെ ആദരപൂര്‍വം നോക്കിക്കാണുന്ന ഒരു അന്തരീക്ഷത്തിലല്ല  ഇന്ന് ഇന്ത്യയും ലോകവും. അത്തരമൊരു കാലം കഴിഞ്ഞുപോയെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ എത്ര ശ്രമിച്ചിട്ടും അതംഗീകരിക്കാന്‍ കഴിയാത്ത ഒരു മനസ്സിന്‍റെ ഉടമയാണ്  ഞാന്‍ എന്ന ബോധം എന്നെ വികാരഭരിതനാക്കുന്നു. വ്യവസായനടത്തിപ്പില്‍ തൊഴിലാളികളുടെ പങ്കിന് 1939ല്‍ തന്‍റെ ഒസ്യത്തിലൂടെ പ്രാവര്‍ത്തിക രൂപം നല്‍കിയ അമ്മാവന്‍ പി എസ് വാരിയരുടെ പിന്‍ഗാമിയാകാന്‍ കഴിഞ്ഞ എനിക്ക് മറ്റൊരുതരത്തില്‍ ചിന്തിക്കാന്‍ കഴിയാത്തതില്‍ അത്ഭുതമില്ലല്ലോ".

കോട്ടക്കല്‍ ആര്യവൈദ്യശാലയെന്ന മഹാപ്രസ്ഥാനത്തിന്‍റെ അമരത്തിരുന്ന് ഡോ. പി കെ വാരിയര്‍ 2002ല്‍ നടത്തിയ നിരീക്ഷണമാണിത്. ഒരു വ്യവസായ സ്ഥാപനത്തിന്‍റെ അധിപനില്‍നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത മാനവികദര്‍ശനവും തൊഴിലാളിസ്നേഹവും നിറഞ്ഞ വാക്കുകള്‍. കോര്‍പ്പറേറ്റുകള്‍ എല്ലാം അടക്കിവാഴുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുകയുംചെയ്യുന്ന വര്‍ത്തമാനകാലത്ത് ഈ ദര്‍ശനത്തിന് പ്രസക്തിയേറെ. ഡോ. പി കെ വാരിയര്‍ വ്യത്യസ്തനായതും ഇതുകൊണ്ടൊക്കെത്തന്നെ. കച്ചവടക്കൊതിയുടെ ലാഭേച്ഛ കൂര്‍ത്ത നഖങ്ങളാഴ്ത്തുന്ന ആതുരസേവനമേഖലയെന്ന പാതയില്‍ കോട്ടക്കല്‍ ആര്യവൈദ്യശാല കാലിടറാതെ കുതിച്ചത് പി കെ വാരിയരുടെ മനുഷ്യപക്ഷത്തുള്ള വീക്ഷണങ്ങളുടെ ചിറകിലേറിയാണ്. സാധാരണക്കാരുടെ വിഷമങ്ങള്‍ ആഴത്തിലറിഞ്ഞ ഒരു തൊഴിലുടമ, സ്ഥാപനമേധാവി വേറെയുണ്ടാകില്ല.

ദേശീയജനാധിപത്യ സംസ്കാരത്തിന്‍റെ ഈടുവയ്പ്പുകളും മുന്‍കാലത്തെ ഇടതുപക്ഷപ്രവര്‍ത്തനങ്ങളുമാണ് ഈ ഔന്നത്യത്തിലേക്ക് ഡോ. പി കെ വാരിയരെ നയിച്ചത്. ആഗോളവല്‍ക്കരണ,ڊഉദാരവല്‍ക്കരണ നയങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും നീരാളിയെപ്പോലെ നമ്മെ വരിഞ്ഞുമുറുക്കുന്ന ഇക്കാലത്ത് അദ്ദേഹം സര്‍വരുടെയും നന്മയെന്ന സിദ്ധാന്തം ഊന്നിപ്പറഞ്ഞു. ചികിത്സ ഒരിക്കലും കച്ചവടമാകരുതെന്ന് നിഷ്കര്‍ഷിച്ചു. വൈദ്യമേഖലയിലെ കച്ചവടത്തെ തുറന്നെതിര്‍ത്തു.  കുറഞ്ഞ മരുന്നുകള്‍ കൊണ്ട് ഫലപ്രദമായ ചികിത്സ -ڊഅതായിരുന്നു അദ്ദേഹത്തിന്‍റെ ആപ്തവാക്യം. ആ തത്ത്വത്തിലേക്ക് അദ്ദേഹത്തെ നയിച്ചതു തന്നെ രൂപപ്പെടുത്തിയ ദേശീയപ്രസ്ഥാവനവും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ മുറുകെപ്പിടിച്ച മനസ്സും തന്നെയാണ്. വൈദ്യരത്നം പി എസ് വാരിയര്‍ നിഷ്കര്‍ഷിച്ച തത്ത്വങ്ങള്‍ സാരാംശവും പ്രായോഗികതയും ഒട്ടുംചോരാതെ നടപ്പാക്കാന്‍ അദ്ദേഹത്തിനായി. ആരോഗ്യകാര്യങ്ങളില്‍ സമഗ്രദര്‍ശനത്തിന്‍റെയും സമന്വയത്തിന്‍റെയും പാതയാണ് അദ്ദേഹം സ്വീകരിച്ചത്. ലോകാരോഗ്യസംഘടനയുള്‍പ്പെടെ പ്രകീര്‍ത്തിച്ച കാഴ്ചപ്പാടാണിത്.

  ചെറുപ്പത്തില്‍ സോഷ്യലിസ്റ്റ്,ڊകമ്യൂണിസ്റ്റ് ചിന്താഗതി ആഴത്തില്‍ വേരോടിയ മനസ്സുമായി പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതാണ് പി കെ വാരിയര്‍. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ അതിലൂടെ കഴിഞ്ഞു. ബാല്യത്തില്‍ത്തന്നെ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. സാധാരണക്കാരുടെ ജീവിതവുമായി അടുത്തിടപഴകി. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഹൃദയത്തിലേറ്റി. ആരുടെയും പ്രയാസങ്ങള്‍, പ്രശ്നങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കി. ജാതിڊമത വിഭാഗീയ ചിന്തകള്‍ക്ക് അതീതമായി മനുഷ്യനെ മനുഷ്യനായി കാണാനും വേദനയില്‍ പങ്കുകൊള്ളാനുമുള്ള മാനസികമായ ശീലം അദ്ദേഹത്തിന് ലഭിച്ചു. ആതുരസേവനത്തിന്‍റെ പാതയില്‍ അതിന് മാറ്റേറെയുണ്ട്. ആതുരസേവനം എന്ന പദം പൂര്‍ണാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കി.  

കോട്ടക്കല്‍ ആര്യവൈദ്യശാലയെന്ന മഹത്പ്രസ്ഥാനത്തിന്‍റെ മാനേജിങ് ട്രസ്റ്റിയായി പ്രവര്‍ത്തനംതുടങ്ങുമ്പോഴുണ്ടായിരുന്ന ആശങ്ക പി കെ വാരിയര്‍ തന്‍റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. ധാര്‍മികയാതന അനുഭവിച്ച പ്രാരംഭഘട്ടം. പരിമിതികളുടെയും മനക്ലേശത്തിന്‍റെയും ആ അവസ്ഥാന്തരങ്ങള്‍ അദ്ദേഹം പുതിയ ഊര്‍ജത്തോടെ അതിജീവിച്ചു. അദ്ദേഹത്തില്‍ പ്രകാശിതമായ ആദര്‍ശങ്ങളുടെ തെളിമയിലും കരുത്തിലും ആ ഉദ്യമം നിറവേറ്റാനുള്ള വ്യക്തിത്വം രൂപപ്പെട്ടിരുന്നു. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളെ സമഗ്രമായും വിമര്‍ശനാത്മകമായും ഉള്‍ക്കൊള്ളാനുള്ള ദാര്‍ശനികവീക്ഷണം അദ്ദേഹം സ്വായത്തമാക്കിയത് മുന്‍കാല പ്രവര്‍ത്തനങ്ങളില്‍നിന്ന്. അതിന്‍റെ അടരുകള്‍ ആത്മകഥയില്‍നിന്ന് നാം അറിഞ്ഞവ.

കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയെന്ന നിലയില്‍ ടാഗോറിന്‍റെ 'വസുധൈവകുടുംബകം' എന്ന തത്വം പ്രാവര്‍ത്തികമാക്കിയായിരുന്നു പി കെ വാരിയരുടെ പ്രവര്‍ത്തനം. ജീവനക്കാരെ ഒരേചരടിലെ പുഷ്പങ്ങള്‍ പോലെ കാണാന്‍ അദ്ദേഹത്തിനായി. തൊഴിലാളി-തൊഴിലുടമ നിര്‍വചനത്തില്‍ തികച്ചും യാഥാര്‍ഥ്യബോധത്തോടെയുള്ള പുതിയ ഉള്‍ക്കാഴ്ച സന്നിവേശിപ്പിച്ചു. തൊഴിലാളികള്‍ പ്രശ്നങ്ങള്‍ വന്നുപറയുമ്പോള്‍ അവരുടെ സ്ഥാനത്ത് താനാണെങ്കില്‍ڊഎന്ന ചിന്ത ഉയരും. അതില്‍നിന്ന് പരിഹാരവും ഉയിര്‍ക്കും. അത്തരം സംഭവങ്ങള്‍ക്ക് ഉദാഹരണങ്ങളേറെ.

അമ്മാവന്‍ പി എസ് വാരിയര്‍ കൊളുത്തിയ നവോഥാനത്തിന്‍റെയും പുതിയ സംസ്കാരത്തിന്‍റെയും വിളക്ക് ഉജ്ജ്വലമായി പ്രകാശിപ്പിക്കാന്‍ പി കെ വാരിയര്‍ക്കായി.

 പൊതുപ്രവര്‍ത്തനത്തില്‍നിന്ന് കിട്ടിയ പാഠങ്ങളാണ് അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത്. മനുഷ്യരുടെ പ്രശ്നങ്ങളുമായി ചെറുപ്പംമുതലേ പുലര്‍ത്തിയ അടുപ്പവും പരിഹാരനിര്‍ദ്ദേശത്തിന്‍റെ മനസ്സും എന്നും കരുത്തായി. ആര്യവൈദ്യശാലയുടെ വളര്‍ച്ച  കൂട്ടായ്മയുടെ ഉല്‍പ്പന്നമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

ശാസ്ത്രത്തിന്‍റെ വളര്‍ച്ചയില്‍ മാനുഷികമൂല്യങ്ങള്‍ക്ക് സ്ഥാനമില്ല. ലാഭം കിട്ടുന്നതിന് ഏത് പാതകത്തിനും ശാസ്ത്രം കൂട്ടുനില്‍ക്കുന്നതിന്‍റെ ഉദാഹരണങ്ങളേറെയുണ്ട് നമുക്കുചുറ്റിലും. ആയുര്‍വേദവും പുതിയ സാമ്പത്തികക്രമത്തില്‍ കമ്പോളത്തിനു വഴങ്ങുന്നതിന്‍റെ ദുരവസ്ഥയും കാണാം. അതില്‍നിന്ന് വിഭിന്നമായി മനുഷ്യസേവനമെന്നതിനെ മുറുകെപ്പിടിച്ചാണ് പി കെ വാരിയര്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയെ നയിച്ചത്. ശാസ്ത്രത്തിന്‍റെ നേട്ടങ്ങളെ കൂടെക്കൂട്ടുമ്പോഴും അതിന്‍റെ മായികവലയത്തില്‍പ്പെടാതെ മാറിനടന്നു. എന്നാല്‍, കാലത്തിന് അനുസൃതമായ മാറ്റങ്ങളെ തുറന്നെതിര്‍ത്തുമില്ല. ശാസ്ത്രപുരോഗതിയെ ജനനന്മയ്ക്കും സ്ഥാപനത്തിന്‍റെ വളര്‍ച്ചക്കുമായി അദ്ദേഹം സദാ ഉപയോഗപ്പെടുത്തി. ശാസ്ത്രീയڊആധുനിക സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി ഔഷധനിര്‍മാണത്തിന്‍റെ ഗുണവും മേന്മയും ഉറപ്പാക്കി. ആയുര്‍വേദത്തെ ഗവേഷണങ്ങളിലൂടെ പുഷ്ടിപ്പെടുത്താന്‍ നടപടികളെടുത്തു. ആയുര്‍വേദത്തിന്‍റെ സത്തയും ശാസ്ത്രീയതയും പ്രചരിപ്പിച്ചു. ചികിത്സാശാഖകളുമായി സംയോജിപ്പിച്ചും സ്വാംശീകരിച്ചും ആയുര്‍വേദത്തെ പോഷിപ്പിച്ചു. ബാല്യം തന്നില്‍ രൂപപ്പെടുത്തിയ സമത്വത്തിന്‍റെ വലിയ ആശയങ്ങളും ആകാശവും കര്‍മമണ്ഡലത്തിലെ ഓരോ ചുവടിലും പ്രാവര്‍ത്തികമാക്കാന്‍ പി കെ വാരിയര്‍ ബദ്ധശ്രദ്ധ പുലര്‍ത്തി. 

നിലപാടിലെ ആദര്‍ശപരവും മാനവികവുമായ സവിശേഷതകള്‍ കാരണം മഹത്വം ലഭിച്ച വ്യക്തിത്വമാണ് പി കെ വാരിയരുടേത്. തീര്‍ച്ചയായും ദേശീയ ജനാധിപത്യസംസ്കാരം സംഭാവനചെയ്ത മനോഭാവമാണത്. അദ്ദേഹത്തിനു ലഭിച്ച സാര്‍വത്രിക അംഗീകാരം ആ നിലപാടുകള്‍ക്കുള്ള സാക്ഷ്യപത്രം കൂടിയാണ്. 

ഈ ലേഖകന് വ്യക്തിപരമായി അദ്ദേഹവുമായി സാര്‍ഥകമായ അടുപ്പം സൂക്ഷിക്കാനായി. ആര്യവൈദ്യശാല വര്‍ക്കേഴ്സ് ഫെഡറേഷന്‍റെ ചുമതലയില്‍ മൂന്ന് പതിറ്റാണ്ടിലേറെ ഞാന്‍ പ്രവര്‍ത്തിച്ച കാലത്ത് ആ മഹത് വ്യക്തിത്വത്തെ അടുത്തറിഞ്ഞു. തീര്‍ത്തും നികത്താനാവാത്ത നഷ്ടമാണ് അദേഹത്തിന്‍റെ വിയോഗം. ആ ജീവിതം കൊളുത്തിയ കെടാത്ത നാളം കൂടുതല്‍ പ്രകാശിപ്പിക്കാന്‍ ഓര്‍മകള്‍ തുണയാകുമെന്ന് തീര്‍ച്ച.•