ഇറാനില്‍ ഇബ്രാഹിം റെയ്സിയുടെ വരവും ആണവ കരാറിന്‍റെ പുനരുജ്ജീവനവും

ടി എം ജോര്‍ജ് തുപ്പലഞ്ഞിയില്‍

റാനില്‍ കഴിഞ്ഞ ജൂണ്‍ 18 -ന് നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഇറാന്‍ ജുഡീഷ്യറിയുടെ തലവനും പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ വിശ്വസ്തനുമായ ഇബ്രാഹിം റെയ്സി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. യാഥാസ്ഥിതിക മത നേതൃത്വത്തിന്‍റെ സ്ഥാനാര്‍ത്ഥിയായാണ് റെയ്സി മത്സരിച്ചത്. 12 അംഗ ഗാര്‍ഡിയന്‍ കൗണ്‍സിലിനെ ഉപയോഗിച്ച് യാഥാസ്ഥിതിക വിഭാഗത്തെ എതിര്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് റെയ്സിയുടെ വിജയം മത നേതൃത്വം ഉറപ്പാക്കിയത്. 1979 - ലെ ഇസ്ലാമിക വിപ്ളവത്തിനു ശേഷം ഇറാന്‍റെ ഭരണം ഇസ്ലാമിക പൗരോഹിത്യത്തിനു കീഴിലാണ്. പ്രസിഡന്‍റിനും ജനപ്രതിനിധി സഭയ്ക്കും മേലെയാണ് ഇറാനില്‍ മത നേതൃത്വത്തിന്‍റെ സ്ഥാനം. 82 പിന്നിട്ട പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ പിന്‍തുടര്‍ച്ചക്കാരനായാണ് റെയ്സിയെ രാഷ്ട്രീയ നിരീക്ഷകര്‍കാണുന്നത്.

1997 മുതല്‍ ഇറാനില്‍ തിരഞ്ഞെടുപ്പു മത്സരം പ്രധാനമായും പരിഷ്കരണവാദികളും തീവ്ര യാഥാസ്ഥിതിക നിലപാടുകാരും തമ്മിലായിരുന്നു. കഴിഞ്ഞ 8 വര്‍ഷമായി പരിഷ്കരണ വാദിയായി അറിയപ്പെടുന്ന ഹസന്‍ റുഹാനിയാണ് ഇറാന്‍ പ്രസിഡന്‍റ്. റുഹാനിയുടെ പിന്‍തുടര്‍ച്ചക്കാരനായി ഇബ്രാഹിം റെയ്സിയെ തിരഞ്ഞെടുത്തതോടെ മത നേതൃത്വം ഭരണത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. കഴിഞ്ഞ 4 വര്‍ഷം മുന്‍പു നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ഹസന്‍ റുഹാനിയോട് മത്സരിച്ച് പരാജയപ്പെട്ട റെയ്സിക്ക് ഇത്തവണ പ്രസിഡന്‍റാകാന്‍ കഴിഞ്ഞത് മതനേതൃത്വത്തിന്‍റെ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രമാണ്. യാഥാസ്ഥിതിക മതനേതൃത്വത്തിനെതിരെ ഇറാനിലെങ്ങും പരിഷ്കരണവാദികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് യാഥാസ്ഥിതിക വിഭാഗം ഭരണം കൈക്കലാക്കിയത്. 

ഇറാന്‍ ആണവ കരാറിന് പുതുജീവന്‍
ആണവ സാങ്കേതികവിദ്യയില്‍ ഇറാന്‍ കൈവരിച്ച നേട്ടങ്ങള്‍ അമേരിക്കയുടെയും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും ഉറക്കം കെടുത്തുന്നതാണ്.. സമാധാനപരമായ ആവശ്യങ്ങള്‍ക്കേ ആണവോര്‍ജം ഉപയോഗപ്പെടുത്തൂവെന്ന് ഇറാന്‍ ആണയിട്ടു പറയുന്നുണ്ടെങ്കിലും അമേരിക്കയും, യൂറോപ്യന്‍ രാജ്യങ്ങളും സംശയിക്കുന്നത് ഇറാന്‍ ബോംബു നിര്‍മ്മാണത്തിനൊരുങ്ങുകയാണെന്നാണ്. ഈ സാഹചര്യത്തിലാണ് 2015-ല്‍ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ബരാക് ഒബാമ മുന്‍കൈയെടുത്ത് ഇറാനുമായി  ഒരു ആണവനിര്‍വ്യാപന കരാറിന് ഒരുമ്പെട്ടത്. റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയ്ക്കൊപ്പം ജര്‍മ്മനിയും ഈ കരാറില്‍ പങ്കാളിയാണ്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി വന്നതോടെ 2018-ല്‍  ഒരു പ്രകോപനവുമില്ലാതെ ആ കരാറില്‍ നിന്നും പിന്‍വലിയുകയും ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന മറ്റു രാഷ്ട്രങ്ങളടക്കം ഈ ഉപരോധം ബാധകമാക്കി. ഉപരോധത്തിലൂടെ ഇറാക്കിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കാനാണ് ട്രംപ് ശ്രമിച്ചത്. ഈ വിഷയത്തില്‍ ന്യൂയോര്‍ക്കില്‍ വെച്ചു നടന്ന യു.എന്‍ പൊതു സഭയില്‍ വെച്ച് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനിയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ട്രംപ് റുഹാനിയെ മരണത്തിന്‍റെ വ്യാപാരിയെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. തങ്ങളുടെ മേല്‍ ചുമത്തപ്പെട്ട സാമ്പത്തിക ഉപരോധം പിന്‍വലിക്കുന്നതിന് സഹായകരമാവുമെന്ന് കരുതിയാണ് ഇറാന്‍ ആണവ കരാറിന് തയ്യാറായത്. എന്നാല്‍ ഉപരോധമൊട്ടു നീക്കിയുമില്ല രാജ്യത്തിന്‍റെ പ്രതിരോധം പ്രതിസന്ധിയിലാകുകയും ചെയ്തത് ഇറാനെ ചൊടിപ്പിച്ചു.യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുകയും കരാര്‍ വ്യവസ്ഥകള്‍ ഓരോന്നായി ലംഘിച്ചുമാണ് ഇറാന്‍  ഇതിനോട് പ്രതികരിച്ചത്. ആണവ കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര ആണവ ഏജന്‍സി നടത്തിവരുന്ന പരിശോധനകള്‍ക്ക് ഇറാന്‍ അനുമതി നിഷേധിക്കുവാന്‍ ഒരുമ്പെട്ടു. എന്നാല്‍ അവസാന നിമിഷം ഇറാന്‍ നിലപാടുമയപ്പെടുത്തി പരിശോധന അനുവദിച്ചു. 3 മാസത്തിനുള്ളില്‍ ആണവകരാറില്‍ തീരുമാനമായില്ലെങ്കില്‍ അന്താരാഷ്ട്ര ആണവ ഏജന്‍സി - ആണവ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകള്‍ നീക്കം ചെയ്യുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ജോബൈഡന്‍ കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്‍റായി വന്നതോടെ ഇറാന്‍ ആണവ കരാറിന് പുതുജീവന്‍വെച്ചുതുടങ്ങി. ഉപരോധം നീക്കുവാനും കരാറില്‍ തിരിച്ചെത്തുവാനും പ്രസിഡന്‍റ് ജോബൈഡന്‍ സന്നദ്ധത അറിയിച്ചതോടെ വിയന്നയില്‍ വെച്ച് ചര്‍ച്ചയ്ക്ക് കളമൊരുങ്ങി.  അമേരിക്കയുടെ ഇറാന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക ദൂതന്‍ റോബ്മാലിയുടെ നേതൃത്വത്തില്‍ ഒരു ദൗത്യ സംഘം കഴിഞ്ഞ ഏപ്രില്‍ 6നും 10 നും വിയന്നയില്‍ വെച്ച് ആണവ പ്രശ്നം സംബന്ധിച്ച സംഭാഷത്തില്‍ പങ്കെടുത്തു. കാര്യങ്ങള്‍ ഇത്തരത്തില്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇറാനില്‍ ഭരണമാറ്റമുണ്ടായത്.

ഇറാനെ മറ്റൊരു 
ഇറാക്കാക്കാന്‍ ശ്രമം

ഇറാന്‍ ആണവകരാര്‍ പുനര്‍ ജീവിപ്പിക്കുന്നതിന് അനുകൂലമല്ലാത്ത സമീപനമാണ് ഇസ്രേയലിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. സ്ഥാനമൊഴിഞ്ഞ ഇസ്രയേല്‍ പ്രധാന മന്ത്രി-ബെഞ്ചമിന്‍ നെതന്യാഹു ജോബൈഡനെ രൂക്ഷമായി വിമര്‍ശിക്കുകയും ഇറാനോട് മൃദുസമീപനം സ്വീകരിച്ച് ബൈഡന്‍ ഇസ്രായേലിന്‍റെ സുരക്ഷ അപകടത്തിലാക്കുകയാണന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പ്രധാനമന്ത്രിയായി ചുമതലയേറ്റ നഫ്താലി ബെന്നറ്റ് ആകട്ടെ ഇബ്രാഹിം റെയ്സിയെ തെഹ്റാനിലെ കശാപ്പുകാരന്‍ എന്നു വിളിച്ച് ആക്ഷേപിക്കുകയും ഭരണകൂടത്തിന്‍റെ നിഷ്ഠൂരനായ ആരാച്ചാരുടെ കയ്യില്‍ കൂട്ടനശീകരണത്തിനു സാധിക്കുന്ന ആയുധങ്ങള്‍ എത്തുന്നത് അനുവദിക്കാന്‍ കഴിയുകയില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. പ്രകോപനപരമായ പ്രസ്താവനയിലൂടെ ഇറാനെ ചൊടിപ്പിക്കുകയും അമേരിക്ക മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഇബ്രാഹിം റെയ്സിയുടെ മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ചൂണ്ടിക്കാണിച്ച് അമേരിക്കയെ സമ്മര്‍ദത്തിലാക്കുവാനുമാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. 

എന്നാല്‍ വിചിത്രമായ വസ്തുത ഇസ്രായേല്‍ ഇന്നുവരെ ആണവായുധ വ്യാപനത്തിനെതിരെയുള്ള കരാറില്‍ ഒപ്പു വെച്ചിട്ടില്ലെന്നുള്ളതാണ്. ഇറാന്‍റെ ആണവ പരീക്ഷണങ്ങളെ അപലപിക്കുന്ന പാശ്ചാത്യ വാര്‍ത്താ മാധ്യമങ്ങള്‍ ഇസ്രായേലിന്‍റെ ആണവ ശേഖരണം കണ്ടില്ലെന്നു നടിക്കുകയാണ്. മദ്ധ്യപൂര്‍വ ദേശത്ത് ബോംബു വര്‍ഷവും ആണവായുധ ശേഖരണവും ആരംഭിച്ചത് ഇസ്രയേലാണ്.

2003 ല്‍ ജോര്‍ജ് ബുഷ് പ്രസിഡന്‍റായിരിക്കെ ഇല്ലാത്ത ആണവായുധങ്ങളുടെ പേരില്‍ ആക്ഷേപം ഉന്നയിച്ച് ഇറാക്കില്‍ കടന്നാക്രമണം നടത്തിയതു പോലെ ഇറാനിലും അമേരിക്കന്‍ അധിനിവേശത്തിന് അവസരമുണ്ടാക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന യുദ്ധ വ്യവസായികളുടെ കഴുകന്‍ കണ്ണുകളും ഇറാന്‍റെ മേല്‍ ഉണ്ട്.

കരാര്‍ പുതുക്കുവാനുള്ള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണ്, എന്നാല്‍ ദേശീയ താല്പര്യങ്ങള്‍ മറനീക്കുവാന്‍ എല്ലാ രാഷ്ട്രങ്ങളും തയ്യാറാകണം എന്ന് ആഗസ്ത് മാസത്തില്‍ ചുമതലയേല്‍ക്കുന്ന പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത് ഒരു സൂചനയാണ്. ആണവ കരാറിനൊപ്പം ഇറാന്‍റെ മിസൈല്‍ പദ്ധതി കൂടി ചര്‍ച്ച ചെയ്യണമെന്നാണ് അമേരിക്കയുടെ നിലപാട്. അത് അംഗീകരിച്ചുകൊടുക്കുവാന്‍ ഇറാന്‍ ഒരുക്കമല്ല. വിയന്നയില്‍ വെച്ച് പലവട്ടം നടന്ന ചര്‍ച്ചയില്‍ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് കഴിഞ്ഞ 20-ാം തീയതി നിര്‍ത്തിവെയ്ക്കുകയും പ്രതിനിധികള്‍ മടങ്ങുകയും ചെയ്തു. അടുത്ത ചര്‍ച്ചയ്ക്കുള്ള നീക്കം അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നാണ് ഇറാന്‍ സംഘമേധാവി അബ്ബാസ് അറാഖ്ചി വ്യക്തമാക്കിയത്. എട്ടേകാല്‍ കോടിയിലധികം ജനസംഖ്യയുള്ള ഇറാനെ വിശ്വാസത്തിലെടുക്കാതെ മദ്ധ്യ പൂര്‍വേഷ്യയില്‍ സമാധാനം സംരക്ഷിക്കുവാന്‍ കഴിയുകയില്ല.

ട്രംപ് മാറി ജോ ബൈഡന്‍ വന്നപ്പോള്‍ തുടങ്ങിവെച്ച ആണവകരാര്‍ പുനരുജ്ജീവന ചര്‍ച്ചകള്‍ ഹസന്‍ റുഹാനി മാറി ഇബ്രാഹിം റെയ്സി എത്തുമ്പോള്‍ തുടരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. •