അമേരിക്കന്‍ സാമ്രാജ്യത്വ മോഹങ്ങള്‍ക്കേറ്റ തിരിച്ചടി

ജി വിജയകുമാര്‍

ഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശ സൈന്യത്തിന്‍റെ മേധാവി ജനറല്‍ സ്ക്കോട്ട്മില്ലര്‍ ജൂലൈ 12ന് തന്‍റെ പദവി ഒഴിഞ്ഞതോടെ 20 വര്‍ഷം നീണ്ട അഫ്ഗാന്‍ അധിനിവേശം അന്ത്യത്തോട് അടുക്കുകയാണ്. 2018 മുതല്‍ അഫ്ഗാനിസ്ഥാനില്‍ സേനാമേധാവിയായി കഴിയുന്ന സ്കോട്ട്മില്ലര്‍ അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡിന്‍റെ മേധാവി ജനറല്‍ ഫ്രാങ്ക് മക്കെന്‍സിയെയാണ് ചുമതല ഏല്‍പ്പിച്ചത്. ഫ്ളോറിഡയിലാണ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ ആസ്ഥാനം. ജനറല്‍ മക്കെന്‍സി അവിടെ നിന്നായിരിക്കും അവശേഷിക്കുന്ന ദിനങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ സൈനികനീക്കങ്ങള്‍ നിയന്ത്രിക്കുന്നത്. ആഗസ്ത് 31ന് അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന് ഇതിനിടയില്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാനിലുടനീളം താലിബാന്‍ മുന്നേറ്റം നടക്കുന്നതിനിടെയാണ് അമേരിക്കന്‍ സൈന്യം പിന്മാറുന്നത്. അഫ്ഗാനിസ്ഥാനിലെ 421 ജില്ലകളുടെയും ജില്ലാ കേന്ദ്രങ്ങളുടെയും മൂന്നിലൊന്നിലധികവും താലിബാന്‍ ഭീകരരുടെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞുവെന്നാണ് കാബൂളില്‍ നിന്ന് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍ രാജ്യത്തിന്‍റെ 85 ശതമാനത്തിന്‍റെയും നിയന്ത്രണം തങ്ങള്‍ക്ക് ലഭിച്ചുവെന്ന താലിബാന്‍റെ അവകാശവാദം അടിസ്ഥാനമില്ലാത്തതാണെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു. ഇറാന്‍റെയും ഉസ്ബെക്കിസ്ഥാന്‍റെയും താജിക്കിസ്ഥാന്‍റെയും അതിര്‍ത്തി പ്രദേശങ്ങളിലെ തന്ത്രപ്രധാനമായ പല ജില്ലകളും സ്ഥലങ്ങളും താലിബാന്‍ നിയന്ത്രണത്തിലായി എന്നത് വസ്തുതയാണ്. 2001ല്‍ അമേരിക്കന്‍ അധിനിവേശത്തിനു മുന്‍പ് ഇത്രയേറെ പ്രദേശങ്ങളുടെ നിയന്ത്രണം താലിബാന് ലഭിച്ചിരുന്നില്ല എന്നും വടക്കന്‍ സഖ്യമുള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളും പല ശക്തികളുടെയും നിയന്ത്രണത്തിലായിരുന്നു  എന്നുമുള്ള കാര്യമാണ് ശ്രദ്ധിക്കപ്പെടേണ്ടത്.

താലിബാന്‍, അല്‍ഖ്വയ്ദ തുടങ്ങിയ മതഭീകര സംഘങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയാണ് 2001 ഒക്ടോബറില്‍ അമേരിക്കന്‍ പടയോട്ടം ആരംഭിച്ചത്. 2020 ഫെബ്രുവരിയില്‍ അമേരിക്കയില്‍ ട്രംപ് ഭരണകാലത്ത് ദോഹയില്‍ താലിബാനുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഇപ്പോള്‍ അമേരിക്കന്‍ സേനയുടെ പിന്മാറ്റം നടക്കുന്നത്. ഈ കരാര്‍പ്രകാരം അമേരിക്കന്‍ സൈന്യം പിന്മാറുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍ സമാധാനം നിലനിര്‍ത്താനുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക്  മുന്‍കൈയെടുക്കാന്‍ താലിബാന്‍ ബാധ്യസ്ഥമാണ്. എന്നാല്‍ അങ്ങനെ നിലവിലുള്ള അഫ്ഗാന്‍ ഗവണ്‍മെന്‍റുമായി ചര്‍ച്ച ചെയ്യാനോ അവരോട് പൊരുത്തപ്പെടാനോ താലിബാന്‍ തയ്യാറല്ലെന്നു മാത്രമല്ല, കരാറിനു വിരുദ്ധമായി കൂടുതല്‍ ആക്രമണങ്ങള്‍ തുടരുകയുമാണ്. ആ നിലയില്‍ നോക്കുമ്പോള്‍ അമേരിക്കയുടേത് താലിബാനു മുന്നില്‍ അടിയറവ് പറഞ്ഞുള്ള പിന്മാറ്റമാണ്. ഇതേ വരെ അമേരിക്കയ്ക്കൊപ്പം വിശ്വസ്ത വിധേയരായി നിന്ന അഷ്റഫ്ഗനിയുടെ സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിയായിരുന്നു അമേരിക്കയുടെ താലിബാനുമായുള്ള കരാറുറപ്പിക്കലും തുടര്‍ന്നുള്ള നടപടികളും എന്നതും ശ്രദ്ധേയമാണ്.

2001 ഒക്ടോബറില്‍ അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചത് മതഭീകരതയെ തുടച്ചുനീക്കുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ചാണ്. അന്ന് ബുഷ് ഭരണകൂടം ലോകരാജ്യങ്ങളോട് ധിക്കാരപൂര്‍വം പറഞ്ഞത് നിങ്ങള്‍ ഭീകരതയെ എതിര്‍ക്കുന്നുവെങ്കില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം അതല്ലെങ്കില്‍ നിങ്ങള്‍ ഭീകരര്‍ക്കൊപ്പമാണെന്ന നിലയില്‍ ഞങ്ങള്‍ നേരിടും എന്നാണല്ലോ. എന്നിട്ടിപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് തുടച്ചുനീക്കാന്‍ വന്ന അതേ താലിബാനുമുന്നില്‍ ആ രാജ്യത്തെ അടിയറ വെച്ചുകൊണ്ടാണ് അമേരിക്കയുടെ പിന്തിരിഞ്ഞോട്ടം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ സംബന്ധിച്ചിടത്തോളം അതിന്‍റെ അഫ്ഗാന്‍ അധിനിവേശം ഭീകരതയോടുള്ള എതിര്‍പ്പുകൊണ്ടായിരുന്നില്ല; മറിച്ച് ലോകാധിപത്യം സ്ഥാപിക്കാനുള്ള പടയോട്ടത്തിന്‍റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതായിരുന്നുവെന്ന് ചരിത്രബോധമുള്ള ഒരാള്‍ക്കും സംശയമുണ്ടാവില്ല. അഫ്ഗാനിസ്ഥാന്‍റെ ഭൂമിശാസ്ത്രപരമായ കിടപ്പുതന്നെ അമേരിക്കയെ അങ്ങോട്ടേക്ക് ആകര്‍ഷിച്ചിരുന്നുവെന്ന് വ്യക്തം. ഇറാനുമായും ചൈനയുമായും ഉസ്ബെക്കിസ്ഥാനെപ്പോലെയുള്ള മധ്യേഷന്‍ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന ഒരു പ്രദേശത്ത് ആധിപത്യം സ്ഥാപിക്കുകയെന്നത് അമേരിക്കയുടെ ഭൗമരാഷ്ട്രീയ താല്‍പ്പര്യമായിരുന്നു.

മറ്റൊരു കാര്യം. അഫ്ഗാന്‍ അധിനിവേശത്തിന് അമേരിക്ക നല്‍കിയ ന്യായീകരണം ജനാധിപത്യവും മതനിരപേക്ഷതയും സ്ത്രീ സ്വാതന്ത്ര്യവുമെല്ലാം ഉറപ്പാക്കാനാണ് അഫ്ഗാനിസ്ഥാനില്‍ സൈനികാക്രമണം നടത്തിയത് എന്നാണ്. എന്നാല്‍ മതഭീകരരായ താലിബാനെയും അല്‍ഖ്വയ്ദയെയും പരിശീലിപ്പിക്കുകയും ആയുധങ്ങളും പണവും നല്‍കി വളര്‍ത്തുകയും ചെയ്തതും അമേരിക്ക തന്നെയാണെന്ന സത്യം ലോകത്തിനു മുന്നിലുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഭൂപരിഷ്കരണം നടപ്പാക്കുകയും ആധുനിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുകയും ഭരണകൂടത്തില്‍ നിന്ന് മതത്തെ അകറ്റിനിര്‍ത്തുകയും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും സ്വാതന്ത്ര്യവും അനുവദിക്കുകയും ചെയ്ത ഡോ. മുഹമ്മദ് നജീബുള്ളയുടെ പുരോഗമന സര്‍ക്കാരിനെ അട്ടിമറിക്കാനായിരുന്നു അമേരിക്ക മതഭീകരതയെ പാലൂട്ടി വളര്‍ത്തിയത്. ഒപ്പം സോവിയറ്റ് യൂണിയനെ തകര്‍ക്കുന്നതിനുള്ള ഒരു പോര്‍മുഖമായും ഇസ്ലാമിക ഭീകരതയെ അമേരിക്ക ഉപയോഗിച്ചു. ഒരു കാലത്തും അമേരിക്ക മതഭീകരതയ്ക്ക് എതിരായിരുന്നില്ല എന്നതാണ് സത്യം. മതഭീകതയുടെ വളര്‍ത്തുകേന്ദ്രങ്ങളായ സൗദി അറേബ്യയിലെ രാജവാഴ്ചയ്ക്കും ഗള്‍ഫ് ഷേക്കുമാര്‍ക്കും പാകിസ്ഥാന്‍ സൈനികവാഴ്ചയ്ക്കും ഒപ്പം എക്കാലവും നിന്നിട്ടുള്ള അമേരിക്ക എങ്ങനെയാണ് ഭീകരതയുടെ എതിര്‍പക്ഷത്തും ജനാധിപത്യത്തിന്‍റെയും മതനിരപേക്ഷതയുടെയും പക്ഷത്തും നിലയുറപ്പിച്ച രാജ്യമാകുന്നത്. യുഗോസ്ലാവിയയെ തകര്‍ക്കാന്‍, സോവിയറ്റ് യൂണിയനെ തകര്‍ക്കാന്‍, പിന്നീട് റഷ്യയെ ശിഥിലീകരിക്കാന്‍, ചെച്നിയയില്‍, ഇപ്പോള്‍ ചൈനയ്ക്കെതിരെ സിന്‍ജിയാങ്ങില്‍ എല്ലാം അമേരിക്ക ഇസ്ലാമിക ഭീകരതയെ കൂട്ടുപിടിക്കുന്നുവെന്നതാണ് വസ്തുത.

പശ്ചിമേഷ്യയായാലും മധ്യപൂര്‍വ മേഖലയാകെ ആയാലും മതനിരപേക്ഷ ജനാധിപത്യപക്ഷത്ത് വരുന്നതിന് അമേരിക്ക എന്നും എതിരായിരുന്നു. ഈജിപ്തിലെ നാസറിനും ഇറാഖിലെ ബാത്തു പാര്‍ടിക്കുമെല്ലാം എതിരായി സൗദി അറേബ്യയെ മുന്നില്‍ നിര്‍ത്തി ഇസ്ലാമിക മതമൗലികവാദവും ഭീകരതയും പ്രചരിപ്പിച്ചത് അമേരിക്കന്‍ താല്‍പ്പര്യപ്രകാരമാണ്. അമേരിക്ക ജനാധിപത്യത്തെക്കുറിച്ചു പറയുന്നത്  മൂലധന താല്‍പ്പര്യത്തിന് വേണ്ടപ്പോള്‍ മാത്രമാണ്. മൂലധന താല്‍പ്പര്യത്തിന് ജനാധിപത്യം എതിരാകുമ്പോള്‍ നഗ്നമായ സ്വേച്ഛാധിപത്യത്തെ പിന്തുണയ്ക്കാന്‍ അമേരിക്ക മടിച്ചിട്ടില്ല എന്നതാണ് ചരിത്രം.

അഫ്ഗാനിസ്ഥാനില്‍ താലിബാനെ തുരത്താന്‍ വന്ന് ആ നാടിനെയും നാട്ടുകാരെയും മുച്ചൂടും മുടിച്ചാണ് ഇപ്പോള്‍ പിന്മടക്കം. 60,000ത്തോളം അഫ്ഗാന്‍ പട്ടാളക്കാരെയും സ്ത്രീകളും കുട്ടികളുമടക്കം ദശലക്ഷക്കണക്കിന് സാധാരണക്കാരെയുമാണ് അമേരിക്ക ഈ പടയോട്ടത്തിനിടയില്‍ കൊന്നൊടുക്കിയത്. അമേരിക്കന്‍ ഖജനാവില്‍ നിന്ന് രണ്ടു ലക്ഷം കോടി ഡോളര്‍ ചെലവിട്ട് നടത്തിയ ഈ അധിനിവേശശ്രമത്തില്‍ ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടു. ഇപ്പോള്‍ അഫ്ഗാന്‍ ജനതയെ താലിബാന്‍ ഭീകരരുടെ ദയാദാക്ഷിണ്യത്തിനു വിട്ടുകൊടുത്തുകൊണ്ട്  സൈനിക പിന്മാറ്റം നടത്തുമ്പോള്‍ അമേരിക്കന്‍ ജനതയോടും അഫ്ഗാന്‍ ജനതയോടും മാത്രമല്ല, ലോകത്തിനോടാകെ തന്നെ മറുപടി പറയാന്‍ അമേരിക്ക ബാധ്യസ്ഥമാണ്. അമേരിക്കന്‍ ഭരണവര്‍ഗങ്ങളുടെ സാമ്രാജ്യത്വ അതിമോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റാണ് ഈ പിന്‍മടക്കമെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ മാത്രം അത് ലോകത്ത് വരുത്തിവച്ച നാശനഷ്ടങ്ങള്‍ ചില്ലറയല്ല. ഇപ്പോള്‍ അഫ്ഗാനില്‍ താലിബാനെ കുടിയിരുത്തി അമേരിക്ക പിന്മടങ്ങുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കും മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കുമെതിരായ ഒരു മഹാവിപത്താണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചൈനയ്ക്കെതിരായ പോരില്‍ താലിബാനെയും മതഭീകരരെയും കൂട്ടുപിടിക്കലും ഈ പിന്മാറ്റത്തിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നതിലും തെറ്റില്ല. •