വേറിട്ട വികസന സമീപനം: മുന്നേറുന്ന ചൈന

എ വിജയരാഘവന്‍


2021ജൂലൈ ഒന്നാം തീയതി ജനകീയ ചൈനയുടെ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണത്തിന്‍റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 147 കോടി ജനങ്ങള്‍ അധിവസിക്കുന്ന ചൈനയുടെ ഭാഗധേയം കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെയായി നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ടിയാണ്. അയ്യായിരം വര്‍ഷത്തെ ചരിത്ര പൈതൃകമുള്ള ഈ മഹാരാജ്യം കടന്നുപോയത് അര്‍ധ കൊളോണിയല്‍, അര്‍ധ ഫ്യൂഡല്‍ സമൂഹത്തിന്‍റെ പരിമിതികളിലൂടെയായിരുന്നു. കടുത്ത അപമാനത്തിന്‍റെ കഠിനവേദന സഹിച്ചാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം വരെയുള്ള ഇരുണ്ട കാലത്തെ ചൈന അതിജീവിച്ചത്. എന്നാല്‍, ദേശീയ പുനര്‍ജീവനത്തിന്‍റെ ചൈനീസ് സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം. 1840 ലെ കറുപ്പുയുദ്ധം ആണ് ചൈനയ്ക്ക് ബ്രിട്ടീഷ് കൊളോണിയലിസത്തിന്‍റെ അടിമനുകം സമ്മാനിച്ചത്. ജപ്പാനോടും റഷ്യയോടും തോറ്റ യുദ്ധങ്ങളുടെ ശേഷിപ്പുകള്‍ വലിയ നൊമ്പരമായി ചൈനീസ് ജനതയുടെ അനുഭവത്തിലുണ്ടായിരുന്നു. ബുര്‍ഷ്വാ ദേശീയ ശക്തികള്‍ 1911 ല്‍ നടത്തിയ വിപ്ലവം പരാജയമായി മാറി. 1917 ലെ റഷ്യന്‍ വിപ്ലവം ചൈനയിലേക്ക് മാര്‍ക്സിസം - ലെനിനിസത്തിന്‍റെ ശാസ്ത്രീയ അവബോധം പകര്‍ന്നു നല്‍കി. ചൈനയ്ക്ക് പുതിയ ആശയങ്ങളും പുതിയ പ്രസ്ഥാനങ്ങളും അനിവാര്യമായ മുഹൂര്‍ത്തത്തിലാണ് 1921 ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണം നടന്നത്. ഈ വസ്തുതകളെ ഇന്നു വിശകലനം ചെയ്യുമ്പോള്‍ ലോകത്തിന്‍റെ വികസന ഭൂമികയുടെ ഭാവി മാറ്റിമറിക്കാന്‍ കഴിയുന്ന അടിത്തറയില്‍ പണിത ഒരു സമരകാലം ചൈനയ്ക്കുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് വലിയ സമരങ്ങളും ത്യാഗപൂര്‍ണമായ മുന്നേറ്റങ്ങളും നടത്തിയ ചൈനീസ് ജനത സാമ്രാജ്യത്വത്തിന്‍റെയും ഫ്യൂഡലിസത്തിന്‍റെയും മുതലാളിത്തത്തിന്‍റെയും മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് 1949 ല്‍ ജനകീയ സോഷ്യലിസ്റ്റ് വിപ്ലവം വിജയിപ്പിച്ചു.


സഹസ്രാബ്ദങ്ങള്‍ നീണ്ടുനിന്ന അടിച്ചമര്‍ത്തലിന്‍റെ ഫ്യൂഡല്‍ സമ്പ്രദായത്തെ മാറ്റിമറിച്ചുകൊണ്ട് സോഷ്യലിസം സ്ഥാപിക്കുകയെന്ന മുഖ്യചുമതല ചൈനീസ് പാര്‍ടിക്ക് ഏറ്റെടുക്കേണ്ടി വന്നു. ലോകത്തിന്‍റെ കിഴക്കുഭാഗത്തെ വലിയ ജനസംഖ്യയും വലിയ ദാരിദ്ര്യവും ഉണ്ടായിരുന്ന ഒരു രാജ്യത്തിന്‍റെ പിന്നോക്കാവസ്ഥ പരിഹരിക്കുകയെന്നതും സോഷ്യലിസം സ്ഥാപിക്കുകയെന്നതുമായ വലിയ ദൗത്യം ഏറ്റെടുക്കേണ്ടിവന്ന ചൈനീസ് പാര്‍ടി ദാരിദ്ര്യം ഇല്ലാതാക്കാനാകുമെന്നും ഒരു പുതുചൈനയെ സൃഷ്ടിയ്ക്കാന്‍ കഴിയുമെന്നും തെളിയിച്ചു. സോഷ്യലിസത്തിലൂടെ മാത്രമേ ഒരു പുതിയ ചൈനയെ രൂപപ്പെടുത്തുന്നതിന് സാധിക്കുവെന്നും അത് പ്രഖ്യാപിച്ചു.


ഉല്‍പ്പാദന രംഗത്തെ പിന്നോക്കാവസ്ഥയുടെ പരിമിതിയെ ഉല്ലംഘിച്ചുകൊണ്ട് ഇന്നത്തെ ചൈന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറി. ജനങ്ങള്‍ക്ക് പ്രാഥമിക സൗകര്യം ഉറപ്പുവരുത്തകയെന്ന ലക്ഷ്യത്തില്‍ നിന്ന് ഇന്ന് ആധുനിക വളര്‍ച്ചയുടെയും സമൃദ്ധിയുടെയും സമാനതയില്ലാത്ത മാതൃക സൃഷ്ടിക്കുന്നതിലേക്കു ചൈന വളര്‍ന്നു. എല്ലാവര്‍ക്കും മികച്ച ജീവിതാവസരങ്ങള്‍ ഉറപ്പുവരുത്തുന്ന ഒരു ഭരണസംവിധാനമായി അതു മാറി. ഇത്തരം ഒരു വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള നിരവധി പരിഷ്കരണ ഘട്ടങ്ങളിലൂടെ ചൈന കടന്നുപോന്നിട്ടുണ്ട്. 1917 ലെ റഷ്യന്‍ വിപ്ലവത്തിനുശേഷം വിവിധ ഘട്ടങ്ങളില്‍ സ്വീകരിച്ച വ്യത്യസ്തങ്ങളായ മാര്‍ഗങ്ങള്‍ വിശകലന വിധേയമാക്കേണ്ടതുണ്ട്. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കു മുന്‍പുതന്നെ സാമ്പത്തികരംഗത്തെ പരിഷ്കരണത്തിലേക്ക് ചൈന നീങ്ങുകയുണ്ടായി. വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്തിന് വിപ്ലവാനന്തര കാലഘട്ടത്തില്‍ മിതമായ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് ചൈനീസ് പാര്‍ടി ശ്രമിച്ചത്. എന്നാല്‍, ജനങ്ങളുടെ മാറിയ അഭിരുചികള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കുമനുസൃതമായി ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള മൂലധനവും സാങ്കേതികവിദ്യയും ചൈനയ്ക്ക് ആവശ്യമായിരുന്നു. ഇത്തരം ഒരു തീരുമാനമെടുക്കുവാന്‍ സോവിയറ്റ് അനുഭവങ്ങള്‍, വിപ്ലവാനന്തര റഷ്യയില്‍ ലെനിന്‍ എടുത്ത മുന്‍കൈ തന്നെ മാതൃകയായി. 1917 ലെ റഷ്യന്‍ വിപ്ലവത്തിനുശേഷം സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്‍റെ പ്രാരംഭഘട്ടത്തില്‍ ലെനിന്‍ തന്നെ മുതലാളിത്ത മൂലധനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. അന്നു ലെനിന്‍ സൂചിപ്പിച്ചത് ഇങ്ങനെയായിരുന്നു:


"ചെറുകിട ഉല്‍പ്പാദനത്തിനും സോഷ്യലിസത്തിനുമിടയിലുള്ള കണ്ണി എന്ന നിലയില്‍ ഉല്‍പ്പാദനശക്തികളെ വര്‍ധിപ്പിക്കാനുള്ള ഒരു രീതിയും ഒരു മാര്‍ഗവും ഒരു ഉപാധിയും എന്ന നിലയില്‍ മുതലാളിത്തത്തെ (വിശേഷിച്ചും സ്റ്റേറ്റ് മുതലാളിത്തത്തിന്‍റെ മാര്‍ഗങ്ങളിലൂടെ തിരിച്ചുവിട്ടുകൊണ്ട്) നാം ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു". റഷ്യന്‍ വിപ്ലവം കഴിഞ്ഞ് ഏഴു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍ ചൈന ഉല്‍പ്പാദന ശക്തികളെ കെട്ടഴിച്ചു വിടുന്നതിനുവേണ്ടി സ്വീകരിച്ച സാമ്പത്തിക പരിഷ്കരണങ്ങളും അതിന്‍റെ അനുഭവങ്ങളും ഇന്ന് ലോകം മുഴുവന്‍ പഠന വിധേയമാകുന്നുണ്ട്.

ചൈന സോഷ്യലിസത്തിന്‍റെ പ്രാഥമിക ഘട്ടത്തിലാണ്. ദീര്‍ഘമായ ഒരു കാലമെടുത്തേ സോഷ്യലിസ്റ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുകയുള്ളൂ എന്ന സമീപനമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി തുടക്കം മുതല്‍ കൈക്കൊണ്ടത്. ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസ്റ്റ് നിര്‍മ്മാണം നടത്താനാണ് ചൈന ശ്രമിക്കുന്നത്. ഉല്‍പ്പാദനശക്തികളുടെ പൊതു ഉടമസ്ഥത അടിത്തറയായി നിലനിര്‍ത്തിക്കൊണ്ടു തന്നെ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിനുകീഴില്‍ ഒരു ചരക്കു വിപണി സമ്പദ്വ്യവസ്ഥ രൂപപ്പെടുത്താന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി തീരുമാനിക്കുകയുണ്ടായി. സോവിയറ്റ് സമ്പ്രദായത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഇത്. ഈ സമീപനത്തിന്‍റെ സമഗ്രതയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ഇപ്രകാരമാണ് അടയാളപ്പെടുത്തിയത്: 

"ഒന്നാമതായി മൊത്തം സമൂഹമൂലധനത്തില്‍ പൊതുമൂലധനത്തിനായിരിക്കും മേല്‍ക്കൈ. രണ്ടാമതായി സ്റ്റേറ്റ് സമ്പദ്വ്യവസ്ഥ സാമ്പത്തിക ജീവിതത്തെ നിയന്ത്രിക്കുകയും ദേശീയ സമ്പദ്വ്യവസ്ഥയില്‍ മുഖ്യപങ്കു വഹിക്കുകയും ചെയ്യും". പൊതു ഉടമസ്ഥതയ്ക്കൊപ്പം തന്നെ സേവന മേഖലയിലും വ്യവസായരംഗത്തും സ്വകാര്യ മേഖലാ സംരംഭങ്ങള്‍ അനുവദിച്ചു. നാലു ദശാബ്ദത്തിലേറെയായുള്ള പുതിയ സാമ്പത്തിക പരിഷ്കരണങ്ങളുടെ അനുഭവങ്ങളാണ് ഇന്നത്തെ ചൈനയുടേത്. 2050 ഓടുകൂടി ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ചൈന മാറുമെന്നായിരുന്നു ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുപോലുള്ള സ്ഥാപനങ്ങള്‍ വിലയിരുത്തിയത്. എന്നാല്‍, 2020 നു മുന്‍പുതന്നെ ചൈന ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറി. ചൈനയുടെ സാമ്പത്തിക വളര്‍ച്ച കുതിച്ചു മുന്നേറുകയാണ്. ചുരുങ്ങിയത് 10 ശതമാനത്തിനു മുകളില്‍ തുടര്‍ച്ചയായി ജി.ഡി.പി. വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ ചൈനയില്‍ ചില വര്‍ഷങ്ങളില്‍ 13 ശതമാനത്തിനു മുകളിലായിരുന്നു വളര്‍ച്ചാ നിരക്ക്. തുടര്‍ച്ചയായ സാമ്പത്തിക വളര്‍ച്ചയുടെ ഘട്ടത്തില്‍ 1997 ല്‍ ഐ.എം.എഫ് നടത്തിയ ഒരു പഠനത്തിന്‍റെ തലക്കെട്ട് "ചൈന ഇത്ര വേഗത്തില്‍ എന്തുകൊണ്ടു വളരുന്നു" എന്നതായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ ചൈന മികച്ച വികസന കുതിപ്പു നടത്തി. ചൈനയുടെ ഉല്‍പ്പാദനക്ഷമതയില്‍ ശരാശരി 4 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായി. ജീവിത നിലവാരത്തില്‍ നാലിരട്ടി മുന്നേറ്റം ഉണ്ടായി. 

കഴിഞ്ഞ മൂന്നര ദശകമായി ചൈനയുടെ വളര്‍ച്ചാനിരക്ക് സിംഗപ്പൂര്‍, കൊറിയ, തായ്വാന്‍ തുടങ്ങിയ (ഏഷ്യന്‍ പുലികള്‍) രാജ്യങ്ങളേക്കാള്‍ എല്ലായ്പ്പോഴും മുകളിലായിരുന്നു. ജി.ഏഴ് രാജ്യങ്ങളൊന്നും വളര്‍ച്ചാ നിരക്കില്‍ ചൈനയുടെ സമീപത്തുപോലും എത്തിയില്ല. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ചൈനയുടെ വളര്‍ച്ചാനിരക്ക് 8.5 ശതമാനമാണ്. എല്ലാ വികസിത മുതലാളിത്ത രാജ്യങ്ങളിലും വിപരീത വളര്‍ച്ചയുണ്ടായ കാലത്താണ് ചൈനയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചൈനയുടെ പതിനാലാം പഞ്ചവത്സര പദ്ധതി ഉല്‍പ്പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനും ഉപഭോഗ ആവശ്യങ്ങള്‍ മികച്ച നിലയില്‍ നിറവേറ്റാനും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് വളര്‍ച്ച ഉറപ്പുവരുത്തുവാനുമാണ് ലക്ഷ്യമിടുന്നത്. ഇന്ന് ലോകത്തിലെ വ്യവസായ ഉല്‍പ്പന്നങ്ങളുടെ അന്‍പതുശതമാനവും കല്‍ക്കരിയുടെ 60 ശതമാനവും സിമന്‍റിന്‍റെ 60 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് ചൈനയിലാണ്. 

ലോകത്താകെ വിതരണം ചെയ്യുന്ന വാഹനങ്ങളുടെ 25 ശതമാനം ചൈനീസ് നിര്‍മ്മിതമാണ്. ഏറ്റവും കൂടുതല്‍ കപ്പലുകളും വേഗതയേറിയ തീവണ്ടികളും റോബോട്ടുകളും ദേശീയപാതകളും ടണലുകളും കെമിക്കല്‍ ഫൈബറുകളും യന്ത്ര ഉപകരണങ്ങളും സെല്‍ഫോണുകളും കമ്പ്യൂട്ടറുകളും ചൈനയിലാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. എഴുപതുകളില്‍ റിച്ചാര്‍ഡ് നിക്സണ്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ അമേരിക്കയെ അപേക്ഷിച്ച് പരിമിതമായ ഉല്‍പ്പാദനം മാത്രം നടന്നിരുന്ന ചൈനയാണ് ഇന്നത്തെ ഈ ഉല്‍പ്പാദന നിലവാരത്തിലേക്കു വളര്‍ന്നത്. ചൈന ഈ കാലയളവില്‍ 26 ലക്ഷം മൈല്‍ പബ്ലിക് റോഡുകള്‍ നിര്‍മ്മിക്കുകയുണ്ടായി. 1 ലക്ഷം കി.മീറ്റര്‍ അതിവേഗ ദേശീയപാത ചൈനയിലുണ്ട്. ഇത് അമേരിക്കയെക്കാള്‍ 46 ശതമാനം അധികമാണ്. ചൈന വേഗതയേറിയ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയുന്ന പതിനയ്യായിരം കിലോമീറ്റര്‍ റെയില്‍വെ പാതകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ഇത് ലോകത്താകെയുള്ള അതിവേഗ റെയില്‍പാതയുടെ പകുതിയാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നതും ചൈനയാണ്. ചൈനയുടെ അഭൂതപൂര്‍വമായ വളര്‍ച്ച സാമ്രാജ്യത്വ ശക്തികളെ അലോസരപ്പെടുത്തുകയാണ്. ഡൊണാള്‍ഡ് ട്രംപിന്‍റെ തീവ്ര നിലപാടുകളിലും ബൈഡന്‍റെ മൃദു ഭാഷയിലും തീവ്ര ചൈനീസ് വിരുദ്ധ നിലപാടുണ്ട്. ചൈനയ്ക്കെതിരെ അപ്രഖ്യാപിത ശീതയുദ്ധത്തിന് മുതിരുകയാണ് അമേരിക്ക. തന്ത്രപരമായ നിലപാടെടുത്തുകൊണ്ട് അമേരിക്ക, ജപ്പാന്‍, ആസ്ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ ഉണ്ടാക്കിയ സൈനികസംഖ്യം ഈ ഉദ്ദേശ്യത്തോടെയുള്ളതാണ്. ഹോങ്കോങ്ങിലും ടിബറ്റിലും തായ്വാനിലും പ്രശ്നങ്ങള്‍ ഉയര്‍ത്തിയും ഷിങ്ജിയാങ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിനുമേല്‍ പ്രശ്നങ്ങള്‍ ഉന്നയിച്ചും സ്വയംഭരണ അവകാശത്തിന്‍റെ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നും മനുഷ്യാവകാശ ലംഘനം എന്ന പതിവു പല്ലവി ആവര്‍ത്തിച്ചും കോവിഡ് മഹാമാരി അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ അടിത്തറ ഇളക്കുമ്പോള്‍ ചൈനയെ തന്ത്രപരമായ ശത്രുവായി പ്രഖ്യാപിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ടെലികോം മേഖലയിലുള്‍പ്പെടെയുള്ള ചൈനീസ് കമ്പനികളില്‍ ധനനിക്ഷേപം നടത്തുന്നതിന് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തുകയാണ്. അഞ്ചാംതലമുറ സാങ്കേതികവിദ്യ ഇന്ത്യയില്‍ കൊണ്ടുവരുന്നതിനുവേണ്ടിയുള്ള ചൈനീസ് ടെലികോം. ഭീമന്‍ 'വാവെ'യുടെ നിര്‍ദ്ദേശങ്ങളെ ഇന്ത്യ നിരാകരിക്കുകയാണുണ്ടായത്. ഏറ്റവും ചുരുങ്ങിയ വിലയ്ക്ക് ഈ സാങ്കേതികവിദ്യ ലഭ്യമാക്കുന്നത് ചൈനീസ് കമ്പനികളാണ്.

ദക്ഷിണ ചൈനാ കടലില്‍ അമേരിക്ക നടത്തുന്ന പ്രകോപനപരമായ സൈനികാഭ്യാസങ്ങളിലേയ്ക്ക് നാറ്റോ സൈനിക സഖ്യത്തിന്‍റെ യുദ്ധകപ്പലുകളെ ഉപയോഗപ്പെടുത്തുന്നു. ഏറ്റവും ആധുനിക യുദ്ധവാഹിനി കപ്പലുകളായ എച്ച്.എം.എസ്. ക്വീന്‍ എലിസബത്ത് ഉള്‍പ്പെടെ ഈ മേഖലയിലേക്ക് നീങ്ങിക്കഴിഞ്ഞു. അറുപത്തിയഞ്ചു യുദ്ധവിമാനങ്ങള്‍ നിരീക്ഷണത്തിനായി അമേരിക്ക ഈ മേഖലയിലേക്ക് അയച്ചിരിക്കുന്നു. ഫ്രഞ്ച് നാവികസേനയും നാവികാഭ്യാസത്തിന് ഇതിനൊപ്പം ചേരുന്നു. വളരെ പ്രകോപനപരമായാണ് തായ്വാനെ ഇപ്പോള്‍ അവര്‍ ഉപയോഗപ്പെടുത്തുന്നത്. ജി.ഏഴ് രാജ്യങ്ങളുടെ യോഗം കഴിഞ്ഞ് പത്രക്കാരെ കണ്ട അമേരിക്കയുടെ സ്റ്റ്റ്റ്േ സെക്രട്ടറി ആന്‍റണി ബ്ലിങ്കിന്‍ വ്യക്തമാക്കിയത്, ഒരു ശീതയുദ്ധം ചൈനയ്ക്കെതിരെ പ്രഖ്യാപിക്കുമെന്നും ലോക ഘടനയില്‍ ചൈന ഒരു മേധാവിത്വ ശക്തിയായി മാറുന്നത് അനുവദിക്കില്ലെന്നുമാണ്. 
ഈ സന്ദര്‍ഭത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ മാത്രമല്ല സൈനികമായും ചൈന മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ മികച്ച സൈനികശേഷിയുള്ള ഒന്നാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി.ലോകത്തെ ഏറ്റവും വലിയ നാവികസേനയും ചൈനയുടേതാണ്. തീവ്ര വലതുപക്ഷ ശക്തികള്‍ ലോക രാഷ്ട്രീയ ഘടനയില്‍ മേധാവിത്വം പുലര്‍ത്തുന്ന സന്ദര്‍ഭമാണിത്. ചൈനയുടെ വളര്‍ച്ചയുടെയും സമൃദ്ധിയുടെയും സൂചകങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറയെ ബലപ്പെടുത്തി കൂടുതല്‍ വളര്‍ച്ചാ സാധ്യതകള്‍ തുറക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതാണ്. എന്നാല്‍ ഇതിനൊപ്പം സാമൂഹ്യ പ്രശ്നങ്ങളും ഉണ്ടായി വരുന്നുണ്ട്. ഈ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നതിലൂടെ മാത്രമേ തുല്യതയും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന വികസന ലക്ഷ്യം പൂര്‍ണ്ണമായും സാധ്യമാകുകയുള്ളൂ.

ചൈനയുടെ വളര്‍ച്ചാ ചര്‍ച്ചകളില്‍ പല ഘട്ടത്തിലും സാമൂഹ്യമായ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ചിലവ പരാമര്‍ശിക്കേണ്ടവയാണ്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരവും അസമത്വത്തിന്‍റെ പ്രശ്നങ്ങളും ചൈനയുടെ വികസന സംവാദങ്ങളില്‍ പ്രധാനമാണ്.

2018 ലെ ഒരു കണക്കു സൂചിപ്പിക്കുന്നതും ചൈനയിലെ ജനങ്ങളില്‍ 1.7 ശതമാനവും ദരിദ്രരാണെന്നാണ്. പരമ്പരാഗതമായ സമീപനം ദാരിദ്ര്യം ഗ്രാമീണ പ്രതിഭാസമാണെന്നാണ്. ഗവണ്‍മെന്‍റ് ഈ സമീപനമാണ് ദാരിദ്ര്യ ലഘൂകരണ നയങ്ങള്‍ കൈക്കൊള്ളുന്നതിലും സ്വീകരിച്ചു പോന്നത്. എന്നാല്‍ ചൈനയില്‍ നഗരങ്ങളിലെ ദാരിദ്ര്യത്തിന്‍റെ തോത് ഗ്രാമങ്ങളുടെ അനുപാതത്തേക്കാള്‍ കൂടുതലാണ്. 1980 ല്‍ നഗരങ്ങളില്‍ 5.50 ഡോളര്‍ പി.പി.പി. (ജൗൃരവമശെിഴ ുമൃശ്യേ ുലൃ റമ്യ) 20 ശതമാനമായിരുന്നത് 2018 ല്‍ 35 ശതമാനമായി വര്‍ധിച്ചു. വളര്‍ച്ചാ നേട്ടങ്ങള്‍ ദാരിദ്ര്യ ലഘൂകരണത്തില്‍ പ്രതിഫലിക്കണം. എന്നാല്‍ ഉയര്‍ന്നു വരുന്ന അസമത്വത്തിന്‍റെ പ്രശ്നങ്ങളെ ഫലപ്രദമായി പരിഹരിച്ചുകൊണ്ടു മാത്രമേ ദാരിദ്ര്യത്തിന്‍റെ തോതു കുറയ്ക്കാനാകുവെന്നതും പ്രധാനമാണ്. വിദ്യാഭ്യാസ രംഗമെടുത്താലും ഗ്രാമനഗര അന്തരമുണ്ട്. യുവജനങ്ങള്‍ക്കിടയിലുള്ള തൊഴിലില്ലായ്മ 10.6 ശതമാനമാണ്. തൊഴിലില്ലായ്മ, ലിംഗനീതിയുടെ പ്രശ്നങ്ങള്‍ തുടങ്ങി ഓരോ പ്രശ്നത്തേയും എങ്ങനെ ചൈന പരിഹരിക്കുന്നുവെന്നത് മുന്നോട്ടുള്ള പാതയില്‍ പ്രധാനമാണ്. ഇത്തരം വൈരുധ്യങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കുതകുന്ന പരിഷ്കരണ നയങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം തന്നെ വിശകലനം ചെയ്തും പരിഹരിച്ചും പോകേണ്ടതാണ്. ഇത്തരം പ്രശ്നങ്ങളെ മുന്‍പേ തന്നെ വിലയിരുത്തിക്കൊണ്ടാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് രേഖ ഇങ്ങനെ സംഗ്രഹിച്ചത്: 

"ഈ വൈരുധ്യങ്ങളെ എത്രമാത്രം വിജയകരമായാണ് കൈകാര്യം ചെയ്യുന്നത്. അവയെ എങ്ങനെയാണ് പരിഹരിക്കുന്നത് എന്നതായിരിക്കും ചൈനയുടെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്. സോഷ്യലിസത്തെ ശക്തിപ്പെടുത്താനും അരക്കിട്ടുറപ്പിക്കാനുമുള്ള യത്നങ്ങള്‍ക്ക് നമ്മുടെയും ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകാരുടെയും ഐക്യദാര്‍ഢ്യം ലഭിക്കുന്നതായിരിക്കും. " 

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി അടിസ്ഥാന പ്രത്യയശാസ്ത്രപരമായ മാര്‍ക്സിസം ലെനിനിസത്തിന്‍റെ ആശയധാരയിലൂടെയാണ് മുന്നോട്ടു പോകുന്നത്. വസ്തുതകളില്‍ നിന്നും സത്യം കണ്ടെത്താന്‍ മാര്‍ക്സിസത്തിന്‍റെ അടിത്തറ ഉയര്‍ത്തി പ്പിടിക്കുമെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി പറയുന്നു. ചൈനയുടെ ഭൗതിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുകൊണ്ട് ഇന്നത്തെ കാലത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ചൈനീസ് ജനതയെ നയിക്കുകയുമാണ് കമ്യൂണിസ്റ്റ് പര്‍ടി. ചൈന മഹത്തായ സോഷ്യലിസ്റ്റ് വിപ്ലവത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിന് പ്രതിജ്ഞാബദ്ധമാണ് ചൈനയെന്ന് നൂറാം വാര്‍ഷികത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയും ചൈനീസ് പ്രസിഡന്‍റുമായ ഷി ജിന്‍പിങ് വ്യക്തമാക്കിയിരിക്കുകയാണ്.

ടിയാനെന്‍മെന്‍ സ്ക്വയറില്‍ ലോകത്തെ അഭിസംബോധന ചെയ്തുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കഴിവും സോഷ്യലിസത്തിന്‍റെ കരുത്തും ചൈനീസ് സവിശേഷതകളനുസരിച്ച് മാര്‍ക്സിസത്തിന്‍റെ പ്രയോഗവും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും എന്ന് പാര്‍ടി പ്രഖ്യാപിച്ചിരിക്കുകയാണ്. മൗ സേദൂങ് മുതലുള്ള മുന്‍കാല നേതാക്കളുടെ പാതയിലൂടെ മുന്നോട്ടു പോകുമെന്നാണ് ചൈനീസ് പാര്‍ടി പ്രഖ്യാപിക്കുന്നത്. മുതലാളിത്തത്തിനു ബദല്‍ സോഷ്യലിസമെന്ന നിലപാട് മുന്‍നിര്‍ത്തി പോരാടുന്ന ലോകമെമ്പാടുമുള്ള പുരോഗമനവാദികള്‍ക്ക് നൂറു വര്‍ഷത്തെ ചൈനീസ് പാര്‍ടിയുടെ അനുഭവങ്ങള്‍ ആവേശം പകരുകയാണ്.  •