സ്ത്രീപക്ഷം കാമ്പെയ്ന്‍ ലിംഗതുല്യതയുടെ പ്രശ്നങ്ങള്‍ കേരളത്തില്‍

വൃന്ദ കാരാട്ട്

കേരളത്തിലെ സിപിഐ എം സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ "സ്ത്രീപക്ഷ കേരളം" എന്നപേരില്‍ ഒരു കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. നിരവധി യുവതികള്‍ ഗാര്‍ഹികാതിക്രമങ്ങള്‍ക്കും സ്ത്രീധനം ആവശ്യപ്പെട്ടുള്ളതായ പ്രശ്നങ്ങള്‍ക്കും ഇരയായതിന്‍റെ പശ്ചാത്തലത്തിലാണിത്. ഇത് സ്ത്രീകളുടെ സാമൂഹ്യപദവിയും ലിംഗതുല്യതയും സംബന്ധിച്ച പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിലേക്ക് നയിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍, ഈ വിഷയം ഉയര്‍ത്തുകയും ദുരിതത്തിലായ സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുന്നത് ഉറപ്പാക്കുകയും ചെയ്തത് ഒരുപക്ഷേ പിണറായി വിജയനും അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റുമായിരിക്കും. 

സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള അക്രമമോ പീഡനമോ സംബന്ധിച്ച പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സ്ത്രീകളെ സഹായിക്കുന്നതിനായി "അപരാജിത" എന്നപേരില്‍ ഓണ്‍ലെന്‍ പോര്‍ട്ടല്‍ സംസ്ഥാന ഗവണ്‍മെന്‍റ് ഉടന്‍തന്നെ ആരംഭിച്ചു. ഒറ്റ ദിവസത്തിനുള്ളില്‍ത്തന്നെ ഗാര്‍ഹികാതിക്രമവും സ്ത്രീധന പീഡനവും ആയി ബന്ധപ്പെട്ട 117 പരാതികളാണ് ലഭിച്ചത്. തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിനുള്ള ആത്മവിശ്വാസം സ്ത്രീകള്‍ക്ക് നല്‍കുന്നതിന് മികച്ചതും കൂടുതല്‍ സംവേദനക്ഷമവുമായ സംവിധാനങ്ങള്‍ ആവശ്യമാണെന്ന് തിരിച്ചറിയേണ്ടതിന്‍റെ അനിവാര്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. കേരളത്തിലെ ഗവണ്‍മെന്‍റിന്‍റെ ഈ സമീപനം ഇന്ത്യയില്‍ മറ്റെവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്നതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. പുരുഷാധിപത്യനിയമങ്ങളും കീഴ്വഴക്കങ്ങളും ചിലപ്പോള്‍ ദൃശ്യമാണ്; എന്നാല്‍ മിക്കപ്പോഴും അത് അദൃശ്യമാണ്, അത് അനുഭവിക്കുന്ന സ്ത്രീകള്‍ക്കൊഴികെ. സാമൂഹ്യമായ കരിമ്പടം, വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളിലോ കിടപ്പറയിലോ നടക്കുന്ന അക്രമങ്ങളെ മൂടിവെയ്ക്കുന്നു. എന്തായാലും,  പുരുഷനും സ്ത്രീയ്ക്കുമിടയിലെ തുല്യതയ്ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ തീര്‍ച്ചയായും കിടപ്പറ വാതില്‍ക്കല്‍ അവസാനിക്കുന്നതല്ല. സ്ത്രീപക്ഷം കാമ്പെയ്ന്‍ വ്യവസ്ഥാപിതമായ ഈ ആചാരങ്ങളെയെല്ലാം കീഴ്മേല്‍ മറിക്കുന്നതാണ്; അത് അംഗീകൃത സാമൂഹ്യബന്ധങ്ങളെ ഭേദിക്കുന്നതാണ്; അത് "സ്വകാര്യമോ" "ഗാര്‍ഹികമോ" എന്നൊക്കെ പറയപ്പെടുന്ന മണ്ഡലങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. ഇത് അനവധി നിശബ്ദതകളെ ഭഞ്ജിക്കുന്നു.

കേരളത്തില്‍ സിപിഐ എം തുടങ്ങിവെച്ച ഈ കാമ്പെയ്ന്‍, പാര്‍ടിയുടെ മറ്റ് സംസ്ഥാനകമ്മിറ്റികളിലെ അംഗങ്ങള്‍ക്ക് പഠിക്കാനും പാര്‍ടിയുടെ ദൈനംദിന പ്രവര്‍ത്തനത്തിന്‍റെ ഭാഗമെന്നനിലയില്‍ സ്ത്രീ സമത്വത്തിനായുള്ള പോരാട്ടത്തെ പാര്‍ടി ധാരണയ്ക്ക് അനുസൃതമായി രാജ്യത്താകമാനമുള്ള പോരാട്ടവുമായി കണ്ണിചേര്‍ക്കാന്‍ കഴിയുമെന്നതിനും മികച്ച ഒരു ഉദാഹരണമാണ്. സ്ത്രീപക്ഷം എന്നതുകൊണ്ട് സിപിഐ എം അര്‍ഥമാക്കുന്നത്, സ്ത്രീകള്‍ക്കുനേരെയുള്ള അനീതി, ചൂഷണം, അടിച്ചമര്‍ത്തല്‍ എന്നിവയ്ക്കെതിരായ പക്ഷത്തുനില്‍ക്കുക എന്നതാണ്. ഇത് സ്ത്രീയെ തൊഴിലാളി എന്ന നിലയിലും സ്ത്രീയെ പൗര എന്ന നിലയിലും സ്ത്രീയെ സ്ത്രീ എന്ന നിലയിലും  ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാകണം. സ്ത്രീകളോടുള്ള സാമൂഹ്യസമീപനത്തില്‍ മാറ്റംവരുത്തണമെന്നും പാര്‍ടി ആഹ്വാനംചെയ്തു.

സ്ത്രീധനം എന്ന പ്രശ്നം
കേരളത്തിലെ സ്ത്രീപക്ഷം കാമ്പെയ്നില്‍ പ്രധാനമായും ഉയര്‍ത്തപ്പെട്ട വിഷയങ്ങളിലൊന്ന് സ്ത്രീധനം എന്ന ആചാരത്തിനെതിരെയുള്ളതാണ്. ഇത് യഥാര്‍ഥത്തില്‍ വര്‍ഷങ്ങളായി ഇന്ത്യയിലുടനീളം വ്യാപകമായ, "സാധാരണവല്‍ക്കരിക്കപ്പെട്ട" കവര്‍ന്നെടുക്കലിന്‍റെ ക്രിമിനല്‍ പ്രയോഗമാണ്. സ്ത്രീധനത്തിന്‍റെ ചരിത്രപരമായ പരിണാമം നന്നായി പഠിക്കപ്പെടുന്നുണ്ട്-സവര്‍ണ ജാതി കുടുംബങ്ങള്‍ക്ക് മനുസ്മൃതിയാല്‍ അനുവദിക്കപ്പെട്ട ഒരു ആചാരം എന്ന നിലയില്‍നിന്ന്, മുമ്പ് ഇത്തരം ആചാരങ്ങള്‍ നിലവിലില്ലാതിരുന്ന എല്ലാ ജാതികളിലേക്കും സമുദായങ്ങളിലേക്കും വ്യാപിച്ച, മുതലാളിത്ത സൃഷ്ടിയായ പ്രബലമായ ഉപഭോഗ സംസ്കാരത്തിന്‍റെ ഇന്നത്തെ യാഥാര്‍ഥ്യംവരെ. തുല്യരല്ലാത്ത പങ്കാളികള്‍ തമ്മിലുള്ള കച്ചവടക്കൈമാറ്റമായി വിവാഹം മാറി. ഇന്ത്യയില്‍ ഓരോ വര്‍ഷവും നടക്കുന്ന ഒരു കോടിയില്‍പരം വിവാഹങ്ങളില്‍ 90 ശതമാനത്തിലേറെയും വരനും കുടുംബവും സ്ത്രീധനം ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്ന രീതി പ്രബലമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുമായി താരതമ്യംചെയ്താല്‍ 1940കളില്‍ 35 മുതല്‍ 40 ശതമാനംവരെയുള്ള വിവാഹങ്ങളില്‍ സ്ത്രീധനം ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തിരുന്നതായി കാണാം. സവര്‍ണജാതികള്‍ പിന്തുടര്‍ന്നുവന്നിരുന്ന, ജാതിയെ അടിസ്ഥാനമാക്കിയ, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള വിവാഹങ്ങള്‍ സ്ത്രീധനത്തിന്‍റെ മൂലക്കല്ലായി വര്‍ത്തിച്ചിരുന്നതായും കാണാം. ഇന്നും ഇന്ത്യയില്‍ 5 ശതമാനം മാത്രമാണ് മിശ്രവിവാഹങ്ങള്‍; ഹിന്ദു പരിഷ്കരണ നിയമങ്ങള്‍ പാസാക്കുമ്പോഴുണ്ടായിരുന്ന സാഹചര്യത്തില്‍ ഇന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ അയിത്തത്തിനെതിരെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ പൊരുതിയിട്ടുണ്ട്; എന്നാല്‍ അതേ അര്‍ഥത്തില്‍ ലിംഗസമത്വത്തിന്‍റെ പ്രശ്നം കൈകാര്യം ചെയ്യപ്പെട്ടിട്ടില്ല. ലിംഗസമത്വത്തിന്‍റെ പ്രശ്നത്തിന്മേല്‍ ജാതിവ്യവസ്ഥയ്ക്ക് ഏറ്റവും പ്രതിലോമകരമായ സ്വാധീനമാണുള്ളത്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ജാതിവ്യവസ്ഥയ്ക്കെതിരായ പോരാട്ടം അവിഭാജ്യ ഘടകമാണ്.

2019ലെ എന്‍സിആര്‍ബി റിപ്പോര്‍ട്ടുപ്രകാരം ഇന്ത്യയിലുടനീളം ഓരോ മണിക്കൂറിലും ശരാശരി ഒരു സ്ത്രീ വീതം സ്ത്രീധന പ്രശ്നത്തിന്‍റെപേരില്‍ മരണപ്പെടുന്നു. കൂടാതെ ഓരോ നാലു മിനിറ്റിലും ഭര്‍ത്താവില്‍നിന്നോ ഭര്‍തൃബന്ധുക്കളില്‍നിന്നോ ഗാര്‍ഹികാതിക്രമവും സ്ത്രീക്ക് നേരിടേണ്ടിവരുന്നു. എന്നാല്‍ രാജ്യത്തെ ബഹുഭൂരിപക്ഷം ഇടങ്ങളിലും ഗവണ്‍മെന്‍റുകളും രാഷ്ട്രീയ പാര്‍ടികളും ഈ സാമൂഹ്യ യാഥാര്‍ഥ്യത്തെ അവഗണിക്കുകയാണ്. 1961ലെ സ്ത്രീധനനിരോധന നിയമവും തുടര്‍ന്ന് 1983ല്‍ വരുത്തിയ എല്ലാ ഭേദഗതികളും ഇന്നും അല്‍പവും ഉപയോഗിക്കാത്ത നിയമമായി തുടരുകയാണ്; നിയമംമൂലം നിരോധിച്ചതെന്നു കരുതപ്പെടുന്ന ഒരു ആചാരം മുമ്പില്ലാതിരുന്ന സമുദായങ്ങള്‍ക്കിടയില്‍പോലും പ്രബലമാകുകയും വ്യാപിക്കുകയും ചെയ്തു. ഇവിടെ കുറ്റകൃത്യം, സ്ത്രീധനം ആവശ്യപ്പെടുന്നു എന്ന കുറ്റമാണ്. എന്നാല്‍, സ്ത്രീധനവിരുദ്ധനിയമം സ്ത്രീധനം ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്യുന്നവരെയും അതോടൊപ്പം അത് നല്‍കുന്നവരെയും തുല്യമായി തെറ്റായരീതിയില്‍ കാണുന്നു. ഇതാണ് കേരളത്തിലും സംഭവിക്കുന്നത്. അതുകൊണ്ട് വളരെ കുറച്ചു സംഭവങ്ങള്‍ മാത്രമേ റിപ്പോര്‍ട്ടുചെയ്യപ്പെടാറുള്ളൂ. 98.4 ശതമാനം എന്ന നിലയില്‍ ഉയര്‍ന്ന സാക്ഷരതയുള്ള കേരളത്തില്‍ സാമൂഹികമായ സങ്കുചിതത്വത്തിന്‍റെയും, പെണ്‍കുട്ടിയുടെ കുടുംബത്തില്‍നിന്നും കൂടുതല്‍ സ്ത്രീധനം കൈക്കലാക്കുന്നതുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ നിശബ്ദമായി സഹിക്കുകയെന്നത് സ്ത്രീയുടെ കടമയാണെന്ന് കരുതുന്ന മനോഭാവത്തിന്‍റെയും കോട്ടകള്‍ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ത്രീപക്ഷ കാമ്പെയ്ന്‍ സ്ത്രീകള്‍ക്ക് ഈ മൗനം ഭഞ്ജിക്കാനുള്ള പ്രേരണ നല്‍കുന്നു. 

സ്ത്രീധനം ആവശ്യപ്പെടുക എന്ന ആചാരം നമ്മുടെ സമൂഹത്തിലെ സ്ത്രീയുടെ അസമമായ നിലയുടെ പ്രതിഫലനമാണ്. നിലവിലെ സാമൂഹ്യമായ അളവുകോലാല്‍ അളന്നുനോക്കിയാല്‍ എത്ര സമര്‍ത്ഥകളായ പെണ്‍കുട്ടികളായാല്‍പോലും ഇക്കാര്യത്തില്‍ പെണ്‍കുട്ടികളേക്കാള്‍ തൂക്കം ആണ്‍കുട്ടികള്‍ക്കാണ്. അത് പുരുഷന്‍റെ വ്യക്തിഗതമായ സ്വഭാവഗുണംകൊണ്ടല്ല; മറിച്ച് ഇപ്പോഴും പുതിയ ജീവിതശൈലിയും രൂപങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കുന്ന, നൂറ്റാണ്ടുകളായുള്ള പുരുഷാധിപത്യപരമായ ആചാരങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ഭാരമാണത്. അതിനാല്‍ സ്ത്രീവിരുദ്ധ കാമ്പെയ്ന്‍ മുഖ്യമായും കേന്ദ്രീകരിക്കേണ്ടത് യുവാക്കളെയും അവരുടെ രക്ഷിതാക്കളെയുമാണ്. അവരോടുള്ള ചോദ്യമിതാണ്: "നിങ്ങളുടെ ആണ്‍മക്കള്‍ വില്‍പനയ്ക്കുള്ളതാണോ?" "ഞാന്‍ ഒരിക്കലും സ്ത്രീധനം ആവശ്യപ്പെടുകയില്ലെന്ന്" പ്രതിജ്ഞയെടുക്കേണ്ടത് യുവാക്കളാണ്. സ്ത്രീധനം ആവശ്യപ്പെടുന്നവരെ തെറ്റുകാരെന്ന് പരസ്യമായി മുദ്രകുത്തണം. ഭൂരിപക്ഷം കാമ്പെയ്നുകളും പെണ്‍കുട്ടിയെയും അവളുടെ കുടുംബത്തെയുമാണ് തെറ്റായ രീതിയില്‍ കേന്ദ്രീകരിക്കുന്നത്. പെണ്‍കുട്ടികളോടു പറയണം: "സ്ത്രീധനം ആവശ്യപ്പെടുകയാണെങ്കില്‍ നിങ്ങള്‍ ആ വിവാഹം വേണ്ടെന്നു പറയണം. വിവാഹസമയത്ത് നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ രക്ഷിതാക്കളില്‍നിന്ന് സമ്മാനങ്ങള്‍ വാങ്ങുന്നത്". ഇനി പെണ്‍കുട്ടികളുടെ മാതാപിതാക്കളോടാണ്. "സ്ത്രീധനം നല്‍കി എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ പെണ്‍കുട്ടികളെ അപമാനിക്കുന്നത്. നിങ്ങള്‍ ആ വിവാഹം വേണ്ടെന്നുവെയ്ക്കണം". ഇത് കാര്യങ്ങളെ കീഴ്മേല്‍ മറിക്കും. തീര്‍ച്ചയായും, സ്ത്രീകളെ സംസാരിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ശരിയായ കാര്യം. എന്നാല്‍, വിദ്യാസമ്പന്നരായ യുവാക്കള്‍ അവരുടെ രക്ഷിതാക്കള്‍ സ്ത്രീധനം ആവശ്യപ്പെടുന്നത് വിനയാന്വിതനായി അംഗീകരിക്കുന്ന കീഴ്വഴക്കത്തിന് മാറ്റം വരണം. അത് അവരുടെ ഉത്തരവാദിത്വമാണ്. പൂര്‍വികരുടെയോ മാതാപിതാക്കളുടെയോ സ്വത്തില്‍ സ്ത്രീക്ക് തുല്യ അവകാശം ലഭിക്കുന്നതിനായി നിയമങ്ങളില്‍ മാറ്റം വരുത്തുകയുണ്ടായി. എന്നാല്‍ തുല്യാവകാശത്തിന് സ്ത്രീധനം പകരമാവുന്നില്ലെന്നത് നാം ഓര്‍ക്കണം. സ്വത്തില്‍ സ്ത്രീക്ക് തുല്യാവകാശം ലഭിക്കുന്നതിനുവേണ്ടിയും നമ്മുടെ കാമ്പെയ്ന്‍ പ്രേരകമാകണം. 

ആധുനികവും പുരോഗമനപരവുമായ സമൂഹത്തില്‍ സ്ഥാനമില്ലാത്ത വാര്‍പ്പുമാതൃകയിലുള്ള വിവിധ ആശയങ്ങളെ സ്ത്രീധനമെന്ന ആചാരം ഗൃഹപരിസരത്ത് തളച്ചിടുകയും പുഷ്ടിപ്പെടുത്തുകയുമാണ്. കുടുംബത്തിന്‍റെ നിലനില്‍പിനായി വീടിനകത്തും പുറത്തും സ്ത്രീകളുടെ അധ്വാനം നിര്‍ണായകമാണെന്ന് വസ്തുതകള്‍ വെളിപ്പെടുത്തുന്നു. വയസായ മാതാപിതാക്കളെ അവരുടെ ആണ്‍മക്കളേക്കാള്‍ പെണ്‍മക്കള്‍ പലപ്പോഴും നന്നായി പരിപാലിക്കുന്നു. എന്നിട്ടും നിലവിലെ സംസ്കാരങ്ങള്‍, വിവാഹശേഷം മകളെ ആശ്രയിക്കുന്ന രക്ഷിതാക്കളെ അതിന്‍റെപേരില്‍ അപമാനിക്കുന്നു. ഇപ്പറയുന്ന പാരമ്പര്യങ്ങളെ വെല്ലുവിളിക്കുകയും തുടച്ചുനീക്കുകയും ചെയ്യേണ്ടതുണ്ട്. ലളിതമായ രീതിയിലുള്ള വിവാഹചടങ്ങുകളുടേതായ പുതിയ പ്രവണതകള്‍ നാം ഉണ്ടാക്കിയെടുക്കണം. തീര്‍ച്ചയായും വിവാഹം ആഘോഷിക്കാനുള്ള വേളയാണ്. ആനന്ദത്തിനും ഉല്ലാസത്തിനുമുള്ള വേളയാണത്. എന്നാല്‍ ചെലവേറിയതും ആഡംബരപൂര്‍ണവുമായ ചടങ്ങുകള്‍ക്കായി ധനവ്യയത്തിന്‍റെ വലിയ ഭാരം ഒഴിവാക്കിക്കൊണ്ട് നൂതനവും സര്‍ഗാത്മകവുമായ മാര്‍ഗങ്ങള്‍ നാം കണ്ടെത്തണം. സമ്പന്നര്‍ കെട്ടിപ്പൊക്കിയ മാനദണ്ഡങ്ങളാണവ; മാത്രവുമല്ല, ഇത്തരം വേളകളില്‍ അതിനെ പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് പെരുപ്പിച്ചുകാട്ടുകയും നിരന്തരം മഹത്വവല്‍കരിക്കുകയും ഓരോ ഗൃഹങ്ങളിലും അത് എത്തിക്കുകയും അങ്ങനെ ഇത്തരം സംഗതികള്‍ സ്റ്റാറ്റസ് സിംബലുകളാക്കി മാറ്റുകയും ചെയ്തു. കുടുംബങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുന്ന ചെലവേറിയ ഇത്തരം ചടങ്ങുകളിലൂടെ ആ സോഷ്യല്‍ സ്റ്റാറ്റസ് നേടാനാവില്ല എന്ന യാഥാര്‍ഥ്യത്തിലേക്കാണ് നമ്മുടെ കാമ്പെയ്ന്‍ ഊന്നല്‍ നല്‍കുന്നത്. 

ഇതുമായി ചേര്‍ന്നു നില്‍ക്കുന്ന മറ്റൊരു പ്രശ്നമാണ്, ആണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി പെണ്‍ഭ്രൂണഹത്യ നടത്തുന്നത്. കേരളത്തിന്‍റെ കാര്യമെടുത്താല്‍, ലിംഗാനുപാതം രാജ്യത്തെ ഏറ്റവും മികച്ച നിലയിലാണ്. എന്നാല്‍ ഈയടുത്തയിടെ പുറത്തുവിട്ട എന്‍എഫ്എച്ച്എസ് 5 ഡാറ്റ, കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ കുട്ടികളുടെ ലിംഗാനുപാതത്തില്‍ കുത്തനെ ഇടിവുണ്ടായ സംസ്ഥാനങ്ങളിലൊന്നായാണ് കേരളത്തെ കണക്കാക്കിയിരിക്കുന്നത്. എന്തായാലും പല വിദഗ്ധരും ഈ ഡാറ്റയും നിഗമനങ്ങളും ചോദ്യംചെയ്തിട്ടുള്ളതിനാല്‍ ഈ കണക്കുകളുടെ കാര്യത്തില്‍ ഒരു പുനഃപരിശോധന ആവശ്യമാണ്. എന്നിരുന്നാലും ആണ്‍-പെണ്‍ വ്യത്യാസത്തെ അടിസ്ഥാനമാക്കിയുള്ള ലിംഗാനുപാതങ്ങള്‍ക്കെതിരെയുള്ള പ്രചാരണവും പിസിപിഎന്‍ഡിടി (ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്നു തിരിച്ചറിയുന്ന പരിശോധന നടത്തുന്നത് തടയുന്ന നിയമം) നിയമത്തിന്‍റെ നടപ്പാക്കലും നമ്മുടെ അജന്‍ഡയുടെ ഭാഗമായിരിക്കണം.
 
തുല്യതയും 
സ്വയംനിര്‍ണയാവകാശവും

സ്വന്തമായി ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുള്‍പ്പെടെ സ്ത്രീയുടെ സ്വയംനിര്‍ണയാവകാശം അംഗീകരിക്കാതെ ഒരു തരത്തിലും നമുക്ക് സ്ത്രീ-പുരുഷ തുല്യത നേടിയെടുക്കാനാവില്ല. സമുദായവും ജാതിയും മറികടന്ന് സ്വയം തിരഞ്ഞെടുക്കപ്പെടുന്ന വിവാഹങ്ങള്‍ക്കെതിരായ അക്രമമെന്ന അപകടകരമായ പ്രതിഭാസം, മിശ്രവിവാഹങ്ങള്‍ പുരോഗമന പാരമ്പര്യത്തിന്‍റെ ഭാഗമായിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒരു പ്രശ്നമായിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ലൈംഗികാവകാശമോ സ്വന്തം ശരീരത്തിനുമേല്‍ സ്വയംനിര്‍ണയാവകാശമോ ഇല്ല എന്നു വിശ്വസിക്കുന്ന സംസ്കാരങ്ങളുടെ പ്രതിഫലനമാണിത്. സ്ത്രീകള്‍ പുരുഷന്മാരുടെ- അതായത് സംരക്ഷരുടെ അത് പിതാവോ സഹോദരങ്ങളോ ഭര്‍ത്താവോ ആണ്‍മക്കളോ ആവാം- സ്വത്താണ്. മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവാണ് എങ്കിലും ഇപ്പറയുന്ന ദുരഭിമാന കുറ്റകൃത്യങ്ങള്‍ കേരളത്തിലും നടക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം സമുദായേതര, ജാതിയേതര വിവാഹങ്ങളെ വ്യത്യസ്ത സമുദായങ്ങളിലെ മൗലികവാദശക്തികള്‍, വിഭാഗീയവും ചിലപ്പോഴൊക്കെ വര്‍ഗീയവുമായ അജന്‍ഡ നടപ്പാക്കാന്‍ ഉപയോഗിക്കുന്നു. ചെറുപ്പക്കാരായ സ്ത്രീകള്‍ക്ക് അവരുടേതായ തിരഞ്ഞെടുക്കലുകള്‍ നടത്താനുള്ള അവകാശത്തെ സ്ത്രീപക്ഷം ക്യാമ്പയ്ന്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.

പരസ്പരസമ്മതത്തോടെയുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന പ്രായപൂര്‍ത്തിയായവര്‍ക്കെതിരായ ഒളിഞ്ഞുനോട്ട നടപടികളെ അനുകൂലിക്കുന്ന യാഥാസ്ഥിതിക സമീപനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം. ഒന്നിച്ചു യാത്ര ചെയ്യുകയോ പാര്‍ക്കുകളില്‍ ഒരുമിച്ചിരിക്കുകയോ ചെയ്യുന്ന യുവദമ്പതികളെ അപമാനിക്കുന്നതിനും ശല്യപ്പെടുത്തുന്നതിനും വേണ്ടി ഇറങ്ങി നടക്കുന്ന തെമ്മാടിക്കൂട്ടങ്ങളെ നമ്മള്‍ കാണാറുണ്ട്; വലതുപക്ഷ ശക്തികളുടെ കുപ്രസിദ്ധരായ സദാചാര പൊലീസുകാരാണവര്‍. എങ്ങനെയാണവര്‍ ഹോട്ടലുകളിലേക്കും റെസ്റ്റോറന്‍റുകളിലേക്കും അതിക്രമിച്ചു കയറി ചെറുപ്പക്കാരായ സ്ത്രീകളെ വലിച്ചിഴച്ച് അധിക്ഷേപിക്കുന്നതെന്നുംڈ'ഭാരതീയ സംസ്കാര'ത്തിനെതിരാണവരെന്നു ശപിക്കുന്നതെന്നും നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഞങ്ങള്‍ ഇത്തരം എല്ലാ 'സദാചാര'പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നു. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധം വ്യക്തിപരമായ വ്യവഹാരവും വ്യക്തിപരമായ തിരഞ്ഞെടുക്കലുമാണ്. ഇതര ലൈംഗികതയും ഇതില്‍ ഉള്‍പ്പെടുന്നു. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികബന്ധവും ഇതര ലൈംഗികതയും കുറ്റകരമാക്കുന്ന ഐപിസിയിലെ സെക്ഷന്‍ 377 പോലെയുള്ള പീനല്‍- നിയമനടപടികളെ ശക്തമായി എതിര്‍ത്ത ആദ്യത്തെ രാഷ്ട്രീയപാര്‍ടി സിപിഐ എം ആണെന്നത് ഓര്‍ക്കേണ്ടതുണ്ട്.

പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു ദശകങ്ങളായി ഉണ്ടായിട്ടുള്ള സ്ത്രീയുടെ ചരക്കുവത്കരണവും സ്ത്രീ ശരീരത്തിന്‍റെ ലൈംഗികവത്കരണവും, സ്ത്രീകള്‍ക്കും ചെറിയ പെണ്‍കുട്ടികള്‍ക്കും (അത്യന്തം അസഹനീയവും അമ്പരപ്പിക്കുന്നതുമാണവ) എതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇന്ത്യയിലുടനീളം വന്‍വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ ക്രിമിനലുകളുടെ രക്ഷയ്ക്ക് രാഷ്ട്രീയ പാര്‍ടികളും നേതാക്കളുംവരെ എത്തുന്നു. നമ്മളിത് വളരെ കൃത്യമായി കണ്ടത് ഹത്രാസ് കേസിലും കത്വാ കേസിലുമാണ്; ബിജെപിയുടെ നേതാക്കള്‍ യാതൊരു നാണവുമില്ലാതെ ആ ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ പരസ്യമായി എത്തിയത് നാം കണ്ടു. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം, സ്ത്രീകള്‍ക്കു നേരെ ലൈംഗിക പീഡനമോ ലൈംഗിക അതിക്രമമോ നടത്തുന്ന കുറ്റവാളികള്‍ക്കെതിരായി ശക്തമായ നടപടി കൈക്കൊള്ളുന്നതില്‍ യാതൊരുവിധ വിട്ടുവീഴ്ചയോ ന്യായീകരണമോ പ്രതിരോധമോ ഉണ്ടാവരുത് എന്ന നിലപാടാണുള്ളത്. ഗുരുതരമായ വിഷയം 'സമ്മത'ത്തിന്‍റേതാണ്- ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവര്‍ക്കു നേരെയുണ്ടാകുന്ന ഏതൊരു ലൈംഗിക നടപടിയും, ലൈംഗിക അക്രമത്തിനെതിരായ പുതിയ നിയമങ്ങളില്‍ കൃത്യമായി നിര്‍വചിച്ചിട്ടുള്ള കുറ്റകൃത്യമാണ്. ലൈംഗിക അക്രമത്തിനെതിരായി പുരുഷന്മാരെയും സ്ത്രീകളെയും ഒന്നിച്ചണിനിരത്തേണ്ടത് ഒരു സ്ത്രീപക്ഷ ക്യാമ്പയ്ന് അനിവാര്യമാണ്. 

സ്ത്രീകളോടുള്ള സമൂഹത്തിന്‍റെ 
സമീപനം മാറ്റണം

നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ സിലബസുകളെ പുനരവലോകനം ചെയ്യേണ്ടതിന്‍റെ ആവശ്യകത കേരളത്തിന്‍റെ മുഖ്യമന്ത്രി വളരെ കൃത്യമായി ചൂണ്ടിക്കാണിച്ചു. നമ്മുടെ സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്ന സിലബസുകള്‍ ലിംഗപരമായ ഭൂതക്കണ്ണാടിവച്ച് വളരെ ഗൗരവപൂര്‍വമായി തന്നെ പരിശോധിക്കേണ്ടതുണ്ട്; എന്നാല്‍ മാത്രമേ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യപൗരരാണെന്ന് നമ്മുടെ മക്കളെ പഠിപ്പിക്കുവാനും, എല്ലാ ഘട്ടങ്ങളിലും ആത്മവിശ്വാസത്തോടെ തുറന്ന് ആശയവിനിമയം നടത്താന്‍ നമ്മുടെ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുകയുള്ളൂ. അത്തരമൊരു സിലബസില്‍ നിശ്ചയമായും മാറ്റമില്ലാതെ നില്‍ക്കുന്ന ലിംഗപരമായ പങ്കിന്‍റെ പ്രശ്നവും അതിനെ വെല്ലുവിളിക്കേണ്ടതു സംബന്ധിച്ചും ഉള്‍പ്പെട്ടിരിക്കണം. സ്ത്രീകള്‍ക്കു മേലുള്ള ആധിപത്യം സ്ഥാപിക്കലല്ല 'ആണത്ത'മെന്നു പഠിക്കുവാനും, പുരുഷനാവുക എന്നതിന്‍റെ മുഖമുദ്രയായ പുരുഷാധിപത്യ മനോഭാവം വിസ്മരിക്കുവാനും നമ്മുടെ ആണ്‍കുട്ടികളെ ഇത് സഹായിക്കും. ഈ ലക്ഷ്യത്തിനായി സിലബസുകള്‍ നവീകരിക്കുകയാണെങ്കില്‍ കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്‍റ് രാജ്യത്തിനാകെ മാതൃകയാകും.

പ്രശ്നങ്ങള്‍ അനേകവും സങ്കീര്‍ണവുമാണ്. സിപിഐ എം വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ സാമൂഹിക പരിഷ്കരണത്തിന്‍റെ പാരമ്പര്യം ഏറ്റെടുക്കുകയാണ്. ചൂഷണാധിഷ്ഠിത സാമൂഹിക-സാമ്പത്തിക, സാംസ്കാരിക ഘടനകള്‍ക്കു നേരെ സമൂലമായ വെല്ലുവിളിയുയര്‍ത്തുകയും, ബദലുകള്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമെന്നതല്ലാതെ ഇടതുപക്ഷ രാഷ്ട്രീയമെന്നാല്‍ മറ്റൊന്നുമല്ല; അങ്ങനെ ചെയ്യുമ്പോള്‍, മാമൂല്‍പ്രിയരും യാഥാസ്ഥിതികരുമായ ശക്തികളില്‍ നിന്നുള്ള തിരിച്ചടികള്‍ നേരിടാന്‍ നാം തയ്യാറായിരിക്കണം. സ്ത്രീ തുല്യതയ്ക്കും, സ്ത്രീകള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ധൈര്യവും പിന്തുണയും നല്‍കുന്നതിനും വേണ്ടിയുള്ള ബദല്‍കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷ ക്യാമ്പയ്നുകള്‍ എത്ര മേല്‍ ശക്തമാകുന്നുവോ, അത്രമേല്‍ കടുത്തതും തീവ്രവുമായിരിക്കും നമുക്കുനേരെയുള്ള തിരിച്ചടികള്‍. സ്ത്രീകള്‍ക്കു നേരെയുള്ള അറുപിന്തിരിപ്പന്‍ സമീപനത്തെ അനുവദിച്ചുകൊടുക്കുകയും അക്രാമകമാംവിധം അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശക്തികള്‍ ഇന്ത്യ ഭരിക്കുന്ന  ഈ രാഷ്ട്രീയ സാഹചര്യത്തില്‍ നമുക്കു നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്.
പൊതുജീവിതത്തിലും വീടിനുള്ളിലും രണ്ടാംതര പൗരര്‍ എന്ന നിലയില്‍ സ്ത്രീയെ കീഴ്പ്പെടുത്തുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന മാനദണ്ഡങ്ങളെയും ആചാരങ്ങളെയും പാടെ തുടച്ചുനീക്കുന്നതിനും വെല്ലുവിളിക്കുന്നതിനുമുള്ള ഒരു സുപ്രധാന നടപടിയാണ് കേരളത്തിലെ സിപിഐ എം സംഘടിപ്പിച്ചിട്ടുള്ള സ്ത്രീപക്ഷം ക്യാമ്പയ്ന്‍. സര്‍വമണ്ഡലങ്ങളിലെയും സ്ത്രീവിരുദ്ധ നടപടികളെ വെല്ലുവിളിക്കുന്നതിന് ശാശ്വതമായ ഒരു സാമൂഹിക-രാഷ്ട്രീയമുന്നേറ്റം അനിവാര്യമാണ്.•