ജനപക്ഷമാകണം പരിഷ്കരണം

സീതാറാം യെച്ചൂരി

മുക്കുനേരെ നിരന്തരം ഉയരുന്ന ഒരു ചോദ്യമുണ്ട്. നിങ്ങള്‍ പരിഷ്കരണത്തിനനുകൂലമോ അതോ പരിഷ്കരണത്തിനെതിരോ? ഒരു പരിഷ്കരണവും മൂര്‍ത്തമായതല്ല. ഏതു പരിഷ്കരണമായാലും അതിനൊരു ഉള്ളടക്കമുണ്ടായിരിക്കും; ഒരു ലക്ഷ്യമുണ്ടായിരിക്കും. ഈ ഉള്ളടക്കത്തിനും ലക്ഷ്യത്തിനുമനുസരിച്ചായിരിക്കും ഏതെങ്കിലുമൊരു പരിഷ്കരണത്തെ പിന്തുണയ്ക്കണമോ എതിര്‍ക്കണമോ എന്ന് തീരുമാനിക്കുന്നത്. ഇവിടെ മുഖ്യ വിഷയം ഈ പരിഷ്കരണങ്ങള്‍ നമ്മുടെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കും അവരുടെ ഉപജീവനത്തിനും അനുയോജ്യമാണോ എന്നതിനെയും അവ രാജ്യത്തിന്‍റെ സാമ്പത്തികപരമാധികാരത്തെ ശക്തിപ്പെടുത്തുമോ എന്നതിനെയും ആശ്രയിച്ചായിരിക്കും എന്നതാണ്. ഇന്ത്യയില്‍ സാമ്പത്തിക പരിഷ്കരണം നടപ്പാക്കിയ ഈ ദശകങ്ങളിലുടനീളം നമ്മുടെ സമീപനം ഇതുതന്നെയായിരുന്നു. ഭാവിയിലും ഇതുതന്നെയായിരിക്കും നമ്മുടെ സമീപനം. 

പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും നിയമപരമായി താങ്ങുവില ഉറപ്പാക്കുന്നതിനുവേണ്ടിയും നമ്മുടെ കര്‍ഷകര്‍ നടത്തുന്ന അഭൂതപൂര്‍വമായ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ സാമ്പത്തിക പരിഷ്കരണങ്ങളുടെ മൂന്നു ദശകങ്ങള്‍ പിന്നിടുന്നത്. ഒരു നൂറ്റാണ്ടുമുമ്പ് നടന്ന നിര്‍ബന്ധിത നീലം തോട്ടകൃഷിക്കെതിരായ ചമ്പാരന്‍ സത്യാഗ്രഹത്തിന്‍റെയും കോര്‍പ്പറേറ്റ് കൃഷിയുടെയും ചെറുകിട ഉല്‍പാദകരെ നശിപ്പിച്ചതിന്‍റെയും (മോഡിയുടെ നോട്ട് അസാധുവാക്കല്‍) വളരെ പെട്ടെന്നുതന്നെ ക്ഷാമത്തിലേക്ക് മാറാന്‍ സാധ്യതയുള്ള ഭക്ഷ്യക്ഷാമത്തിന്‍റെയുമെല്ലാം ഓര്‍മകളാണ് ഇപ്പോഴത്തെ സാഹചര്യം നമ്മെ ഓര്‍മിപ്പിക്കുന്നത്.

പരിഷ്കരണത്തിന്‍റെ പതിറ്റാണ്ടുകള്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍ അകപ്പെടുത്തിക്കൊണ്ടും ദാരിദ്ര്യം വര്‍ധിപ്പിച്ചുകൊണ്ടും സാമ്പത്തികാസമത്വം ക്രമാതീതമായി വര്‍ധിപ്പിച്ചുകൊണ്ടും എല്ലാ രാജ്യങ്ങളിലും ആഭ്യന്തര ചോദനത്തില്‍ കുത്തനെ ഇടിവുണ്ടാക്കിക്കൊണ്ടും ലാഭം പരമാവധിയാക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായാണ് ആഗോള അനുഭവങ്ങളും ഇന്ത്യന്‍ അനുഭവങ്ങളും വ്യക്തമാക്കുന്നത്. ആഗോള സാമ്പത്തികത്തളര്‍ച്ചയും ജനങ്ങളുടെ ജീവിതത്തില്‍ അതുണ്ടാക്കിയ ആഘാതവും ഇപ്പോഴും നാശം വിതച്ചുകൊണ്ടിരിക്കുന്ന മഹാമാരിയുടെ വരവോടെ സര്‍വതും തകര്‍ക്കുന്നവിധം ഭീമാകാരമായിരിക്കുകയാണ്. മാര്‍ക്സ് ഒരിക്കല്‍ പറഞ്ഞതിനെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്: "അതി ഭീമമായ ഉല്‍പാദനോപാധികളെയും വിനിമയോപാധികളെയുമാണ് മുതലാളിത്തം ആവാഹിച്ച് സ്വായത്തമാക്കിയിരിക്കുന്നത്. മന്ത്രശക്തികൊണ്ട് വശീകരിച്ച് തന്‍റെ അധീനതയിലാക്കിയിട്ടുള്ള ശക്തികളെ നിയന്ത്രിക്കാന്‍ കെല്‍പ്പില്ലാതായ ഒരു ദുര്‍മന്ത്രവാദിയെപ്പോലെയാണത്.

ഇന്ത്യയിലെ പരിഷ്കരണ പ്രക്രിയ അന്താരാഷ്ട്ര ധനമൂലധനം ആധിപത്യം പുലര്‍ത്തുന്ന നവലിബറലിസത്തിന്‍റെ പ്രത്യയശാസ്ത്ര നിര്‍മിതിയുടെ അവിഭാജ്യഭാഗമാണ്. ഇവിടെ ഇതിന്‍റെ ലക്ഷ്യം അനിയന്ത്രിതമായവിധം ലാഭം പരമാവധിയാക്കലാണ്; ഇത് മുതലാളിത്തത്തിന്‍റെ ഏറ്റവും ഹീനമായ ഇരപിടിയന്‍ സ്വഭാവത്തെയാണ് അഴിച്ചുവിട്ടിരിക്കുന്നത്-"മൃഗീയമായ മനോഭാവ"ത്തെയാണ് അഴിച്ചുവിട്ടിരിക്കുന്നത്. എല്ലാ പൊതു ആസ്തികളുടെയും എല്ലാ പൊതു സേവനത്തുറകളുടെയും എല്ലാ ധാതുവിഭവങ്ങളുടെയും വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണവും ജനങ്ങള്‍ക്കുമേല്‍ "യൂസര്‍ ചാര്‍ജുകള്‍" അടിച്ചേല്‍പ്പിക്കലുമാണ് അത്. ആഗോളതലത്തിലെന്നപോലെ ഇന്ത്യയിലും കോര്‍പ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം അത് ലോട്ടറിയടിക്കല്‍ തന്നെയാണ്.

നവലിബറലിസം ആധിപത്യം സ്ഥാപിച്ചതുമുതല്‍ ആഗോളതലത്തില്‍തന്നെ സമ്പന്നര്‍ക്കുമേലുള്ള നികുതിയില്‍ 79 ശതമാനമാണ് കുറവുവന്നത്. 2008ലെ ധനകാര്യ തകര്‍ച്ചയെ തുടര്‍ന്ന് മൂന്നുവര്‍ഷത്തിനുള്ളില്‍ മിക്കവാറും എല്ലാ ശതകോടീശ്വരന്മാരും അവരുടെ സ്വത്ത് പൂര്‍വസ്ഥിതിയില്‍ എത്തിക്കുകയും 2018 ഓടുകൂടി അത് ഇരട്ടിപ്പിക്കുകയും ചെയ്തു. ഇങ്ങനെ സ്വത്തുവളര്‍ന്നത് ഉല്‍പാദനവര്‍ധനവിലൂടെയല്ല, മറിച്ച് ഊഹക്കച്ചവടത്തിലൂടെയാണ്; ഇത്രമാത്രം ആഴത്തിലുള്ള ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായിട്ടും ഓഹരി വിപണികളില്‍ അത് പ്രതികൂലമായ സ്വാധീനം സൃഷ്ടിക്കാത്തതെന്തുകൊണ്ടെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു. 

അതേസമയം, ആഗോളതലത്തില്‍ വരുമാനം സൃഷ്ടിക്കുന്നവരില്‍ 80 ശതമാനംപേരും 2008നുമുമ്പുള്ള അവസ്ഥയില്‍ ഇതേവരെ എത്തിയിട്ടില്ല. സംഘടിത വ്യവസായത്തിനുമേലും തൊഴിലാളിവര്‍ഗത്തിന്‍റെ അവകാശങ്ങള്‍ക്കുമേലുമുള്ള ഈ ആക്രമണങ്ങള്‍, അമേരിക്കയില്‍ 1979ല്‍ നാലില്‍ ഒരു തൊഴിലാളിയെയാണ് ട്രേഡ് യൂണിയനുകള്‍ പ്രതിനിധീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പത്തില്‍ ഒരു തൊഴിലാളിയെ മാത്രമാണ് പ്രതിനിധീകരിക്കുന്നത് എന്ന അവസ്ഥ സംജാതമാക്കി. 

ഇന്ത്യ: അസമത്വത്തിന്‍റെ നാണംകെട്ട വളര്‍ച്ച

ഇതിന്‍റെ അനന്തരഫലമാണ് കുതിച്ചുയരുന്ന അസമത്വങ്ങള്‍. 'തിളങ്ങുന്ന ഇന്ത്യ' എപ്പോഴും 'ദുരിതമനുഭവിക്കുന്ന ഇന്ത്യ'യുടെ ചുമലിലിരുന്നാണ് സവാരിചെയ്യുന്നത്. 'തിളങ്ങുന്ന ഇന്ത്യ'യുടെ തിളക്കം  'ദുരിതമനുഭവിക്കുന്ന ഇന്ത്യ'യുടെ കഷ്ടപ്പാടുകളോട് വിപരീതമായിട്ടാണ് ആനുപാതികമായിരിക്കുന്നത്.

2020 മാര്‍ച്ചിനുശേഷം ഇന്ത്യയിലെ 100 ശതകോടീശ്വരന്മാര്‍ തങ്ങളുടെ സമ്പത്തില്‍ 12,97,822 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടാക്കിയത്; ഇന്ത്യയിലെ 138 കോടി വരുന്ന പരമദരിദ്ര ജനതയില്‍ ഓരോരുത്തര്‍ക്കും 94,045 രൂപയുടെ ചെക്ക് വീതം നല്‍കാന്‍ വേണ്ടത്രയുള്ളതാണ് ഈ തുക.

മഹാമാരിയുടെ കാലത്ത് ഒരു മണിക്കൂറിനുള്ളില്‍ മുകേഷ് അംബാനി ഉണ്ടാക്കിയ അത്രയും പണം ഉണ്ടാക്കാന്‍ ഒരു അവിദഗ്ധ തൊഴിലാളിക്ക് 10,000 വര്‍ഷം വേണ്ടിവരും; ഒരു സെക്കന്‍ഡിനകം അംബാനി ഉണ്ടാക്കുന്ന അത്ര പണമുണ്ടാക്കാന്‍ അവിദഗ്ധ തൊഴിലാളിക്ക് മൂന്നുവര്‍ഷം വേണ്ടിവരും; "അസമത്വ വൈറസ്" എന്നപേരില്‍ ഓക്സ്ഫാം പ്രസിദ്ധീകരിച്ച ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടിലെ ഇന്ത്യ സപ്ലിമെന്‍റില്‍ കാണുന്നതാണീ വിവരങ്ങള്‍.

അതേസമയം 2020 ഏപ്രില്‍ മാസത്തില്‍ ഓരോമണിക്കൂറിലും 1,70,000 ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ഡാറ്റ വെളിപ്പെടുത്തുന്നു. ലോക്ഡൗണ്‍കാലത്ത് ഇന്ത്യന്‍ ശതകോടീശ്വരന്‍മാരുടെ സ്വത്ത് 35 ശതമാനം കണ്ട് വര്‍ധിച്ചു; 2009നുശഷം മൊത്തത്തില്‍ ഇവരുടെ സ്വത്തില്‍ 90 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായി-42,290 കോടി ഡോളറിന്‍റെ വര്‍ധനവ്! വാസ്തവത്തില്‍, മഹാമാരിയുടെകാലത്ത് ഇന്ത്യയിലെ ഏറ്റവും മുകള്‍ത്തട്ടിലുള്ള 11 ശതകോടീശ്വരന്മാരുടെ സ്വത്തിലുണ്ടായ വര്‍ധനവ് ഉപയോഗിച്ചാല്‍ എന്‍ആര്‍ഇജിഎസ് പദ്ധതി 10 വര്‍ഷം നിലനിര്‍ത്താന്‍വേണ്ട തുക വരും അഥവാ 10 വര്‍ഷത്തേക്ക് ആരോഗ്യമന്ത്രാലയത്തിന് വേണ്ടത്ര തുകയുണ്ടത്.

പരമദരിദ്രരായ 20 ശതമാനം ജനങ്ങളിലെ ആറ് ശതമാനം പേര്‍ക്കു മാത്രമാണ് മെച്ചപ്പെട്ട ശുചീകരണ സൗകര്യം സ്വന്തമായി ലഭ്യമായിട്ടുള്ളത്. അതേസമയം അതിസമ്പന്നരായ 20 ശതമാനംപേരില്‍ 93.4 ശതമാനംപേര്‍ക്കും ഈ സൗകര്യം ലഭ്യമാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ 59.6 ശതമാനത്തോളംപേരും ജീവിക്കുന്നത് ഒറ്റമുറിയിലോ അതിലും കുറഞ്ഞ സൗകര്യത്തിലോ ആണ്. 
സര്‍ക്കാര്‍ ചെലവ് വിഹിതത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ ആരോഗ്യ ബജറ്റുള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും വലിയ 11 ശതകോടീശ്വരന്മാര്‍ക്ക് മഹാമാരിയുടെ കാലത്ത് അവരുണ്ടാക്കിയ സ്വത്ത് വര്‍ധനവിന്മേല്‍ വെറും ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍പോലും ദരിദ്രര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും താങ്ങാവുന്ന വിലയ്ക്ക് മരുന്നുകള്‍ നല്‍കുന്നതിനുള്ള ജന്‍ ഔഷധി സ്കീമിനുവേണ്ടിയുള്ള വകയിരുത്തലില്‍ 140 ഇരട്ടി വര്‍ധിപ്പിക്കാന്‍ വേണ്ടത്ര തുകയുണ്ടാകും. 

ഇന്ത്യയിലെ പരിഷ്കരണത്തിന്‍റെ പതിറ്റാണ്ടുകള്‍ സാമ്പത്തിക അസമത്വം കുത്തനെ വര്‍ധിച്ച കാലമാണ്; പരിഷ്കരണം ജനപക്ഷമാകുന്നതിനു പകരം ലാഭ കേന്ദ്രിതമായതുകൊണ്ടാണത്. സ്വത്ത് സ്രഷ്ടാക്കളെ ബഹുമാനിക്കാനാണ് പ്രധാനമന്ത്രി മോഡി നമ്മെ ഉദ്ബോധിപ്പിക്കുന്നത്. സ്വത്ത് എന്നാല്‍ മൂല്യത്തിന്‍റെ പണവല്‍ക്കരണമല്ലാതെ മറ്റൊന്നുമല്ല; അതാകട്ടെ അധ്വാനിക്കുന്ന ജനങ്ങളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. നമ്മുടെ ജനതയുടെ മൊത്തത്തിലുള്ള സ്വത്തിന്‍റെപേരില്‍  ബഹുമാനിക്കേണ്ടതായിട്ടുള്ളത് ഇങ്ങനെ മൂല്യം സൃഷ്ടിക്കുന്നവരെയാണ്. 

കുതിച്ചുയരുന്ന 
ദാരിദ്ര്യ വര്‍ധനവ്

ആസൂത്രണകമ്മീഷനെ നിര്‍മാര്‍ജനം ചെയ്തതിനൊപ്പം മോഡി ഗവണ്‍മെന്‍റ് സ്വാതന്ത്ര്യാനന്തരകാലത്ത് ഇന്ത്യ പിന്തുടര്‍ന്നുവന്ന ദാരിദ്ര്യനില അളക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡമായിരുന്ന പോഷക ലഭ്യതയെയും ഉപേക്ഷിച്ചു. ഗ്രാമീണ ഇന്ത്യയില്‍ ഓരോ ആള്‍ക്കും പ്രതിദിനം 2,200 കലോറിയും നഗരപ്രദേശങ്ങളില്‍ ഇത് 2,100 കലോറിയും എന്നതായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്ന പോഷക ലഭ്യതാ മാനദണ്ഡം. ദേശീയ സാമ്പിള്‍ സര്‍വെയുടെ വിശാലമായ സാമ്പിള്‍സര്‍വെ വെളിപ്പെടുത്തുന്നത് ഈ മാനദണ്ഡപ്രകാരം 1993-94ല്‍ ഗ്രാമീണമേഖലയിലെ 58 ശതമാനം പേരും നഗരപ്രദേശങ്ങളിലെ 57 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ്. സമാനമായവിധം നടത്തിയ 2011-12 കാലത്തെ എന്‍എസ്എസ് സര്‍വെ വെളിപ്പെടുത്തുന്നത് ഈ ശതമാനങ്ങള്‍ യഥാക്രമം 68ഉം 65ഉം ആണെന്നാണ്. പിന്നീട് സമാനമായവിധം വിശാലമായ സാമ്പിള്‍സര്‍വെ നടത്തിയത് 2017-18ലാണ്. എന്നാല്‍ ഈ എന്‍എസ്എസ് കണ്ടെത്തലുകളെ മോഡി ഗവണ്‍മെന്‍റ് സത്യം മൂടിവയ്ക്കാനായി ഇതേവരെ പുറത്തുവിട്ടിട്ടില്ല. ലോകത്തിന്‍റെയാകെ അംഗീകാരം നേടിയിട്ടുള്ള നമ്മുടെ ഡാറ്റാബേസ് സ്ഥാപനങ്ങളെയും മോഡി ഗവണ്‍മെന്‍റ് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു ലഭിച്ച ഡാറ്റ വെളിപ്പെടുത്തുന്നത് ഗ്രാമീണ ഇന്ത്യയില്‍ പ്രതിശീര്‍ഷ യഥാര്‍ഥ ഉപഭോക്തൃ ചെലവില്‍ (ഭക്ഷണച്ചെലവില്‍ മാത്രം) 9 ശതമാനത്തിന്‍റെ ഇടിവുണ്ടായതായാണ്. മഹാമാരി ബാധിക്കുന്നതിനും മുമ്പുതന്നെ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ഒരേപോലെ സമ്പൂര്‍ണ ദാരിദ്ര്യത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവ് ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. അതിനുശേഷം സാഹചര്യം കൂടുതല്‍ വഷളായി. 

കോവിഡ് മഹാമാരിയും, ജനങ്ങളുടെ ജീവനും ഉപജീവനമാര്‍ഗങ്ങളും സംരക്ഷിക്കാന്‍ തീര്‍ത്തും അപര്യാപ്തമായ നമ്മുടെ ആരോഗ്യ പരിചരണ സംവിധാനത്തിന്‍റെ ദുര്‍ഗതിയും ഇതിനെയെല്ലാം ശ്രദ്ധേയമായവിധം തുറന്നുകാണിച്ചു. ഇന്ന് നാം അനുഭവിക്കുന്ന അതിരൂക്ഷമായ സാമ്പത്തികമാന്ദ്യം ആഗോള നവലിബറല്‍ പരിപ്രേക്ഷ്യത്തിന്‍റെ ഭാഗമാണ്; ചെലവ്ചുരുക്കല്‍ നടപടികള്‍മുതല്‍ കൂലി വെട്ടിക്കുറയ്ക്കലും തൊഴിലുകള്‍ ലേ ഓഫ് ചെയ്യുന്നതുമടക്കം സാധ്യമായ സര്‍വവിധത്തിലും ജനങ്ങളെ ചൂഷണം ചെയ്യുന്നത് തീവ്രമാക്കുന്നതിലൂടെ ലാഭം പരമാവധിയാക്കുന്നു എന്നതാണ് ഈ പരിപ്രേക്ഷ്യത്തിന്‍റെ സവിശേഷത; പ്രത്യേകിച്ചും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതിനെല്ലാം പുറമെ, 'നോട്ട് അസാധുവാക്കലി'ലൂടെ ചെറുകിട ഉല്‍പാദകരെയാകെ നശിപ്പിച്ചിരിക്കുകയുമാണ്. സാമ്പത്തിക പ്രവര്‍ത്തനത്തിന്‍റെ സമസ്ത മേഖലകളിലും നടത്തിയ കൈയേറ്റത്തിനുപുറമെ ഇപ്പോള്‍ കോര്‍പ്പറേറ്റുകളുടെ ലാഭത്തിനായി ഇന്ത്യന്‍ കാര്‍ഷികമേഖലയെയാകെ നശിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്; കരാര്‍ കൃഷിയും തുടര്‍ന്നുള്ള ഭക്ഷ്യ ദൗര്‍ലഭ്യവും ശ്രദ്ധേയമായവിധം ഇതാണ് പ്രകടമാക്കുന്നത്.

ഇന്ന് ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം "ഗുരുതരാവസ്ഥയിലുള്ള വിഭാഗ"ത്തിന്‍റെ കൂട്ടത്തിലാണ്. അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വെ (എന്‍എഫ്എച്ച്എസ്-5) വെളിപ്പെടുത്തുന്നത് പോഷകാഹാരക്കുറവ് (പ്രത്യേകിച്ചും കുട്ടികളില്‍), ശിശുമരണനിരക്ക് എന്നിവയും മറ്റു സൂചകങ്ങളും ഭയാനകമായവിധം വളര്‍ന്നുകൊണ്ടിരിക്കുന്നതായാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) സംബന്ധിച്ച ആഗോള സൂചികയില്‍ കഴിഞ്ഞ മാസമാണ് (2021 ജൂണ്‍) ഇന്ത്യ 'രണ്ട്' റാങ്ക് താഴേക്ക് തരംതാഴ്ത്തപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകളുടെ എണ്ണം 6 കോടിയില്‍നിന്ന് 13.4 കോടിയായി വളര്‍ന്നിരിക്കുന്നതായാണ് പ്യൂ റിസര്‍ച്ച് സെന്‍റര്‍ കണക്കാക്കുന്നത്. കഴിഞ്ഞവര്‍ഷം ആഗോള ദാരിദ്ര്യത്തിന്‍റെ വളര്‍ച്ചയില്‍ ഇന്ത്യയുടെ സംഭാവന 57.3 ശതമാനമാണ്. നമ്മുടെ ഇടത്തരക്കാരിലെ 59.3 ശതമാനം പേര്‍കൂടി ദാരിദ്ര്യത്തിലേക്ക് വഴുതിവീണിരിക്കുകയാണ്. 
 

വര്‍ഗീയ-കോര്‍പ്പറേറ്റ് 
അവിശുദ്ധ സഖ്യം

2014നുശേഷം ഇന്ത്യയില്‍ ഉയര്‍ന്നുവന്നിരിക്കുന്നത് കോര്‍പ്പറേറ്റ്-വര്‍ഗീയ അവിശുദ്ധ സഖ്യത്തിന്‍റെ വിഷലിപ്തവും കാപട്യം നിറഞ്ഞതുമായ സംയോജനമാണ്. ദേശീയ ആസ്തികളുടെ കൊള്ളയിലൂടെയും, പൊതുമേഖലയുടെയും പൊതു സേവനങ്ങളുടെയും ധാതു വിഭവങ്ങളുടെയും വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണത്തിലൂടെയും ലാഭം പരമാവധിയാക്കുന്ന നടപടികളാണ് അക്രാമകമായവിധം ഇത് പിന്തുടരുന്നത്. ശിങ്കിടി മുതലാളിത്തത്തിന്‍റെയും രാഷ്ട്രീയ അഴിമതിയുടെയും അഭൂതപൂര്‍വമായ തലത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് ഇത് ഇടയാക്കിയിരിക്കുന്നു. ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ക്കുമേലും പൗരസ്വാതന്ത്ര്യങ്ങള്‍ക്കുമേലും മനുഷ്യാവകാശങ്ങള്‍ക്കുമേലുമുള്ള നിഷ്ഠുരമായ ആക്രമണങ്ങളും ഇതിനെ പിന്തുടര്‍ന്നുവരുന്നു. എല്ലാ ഭിന്നാഭിപ്രായങ്ങളെയും ദേശവിരുദ്ധമായി പരിഗണിക്കുന്നതും യുഎപിഎയെയും രാജ്യദ്രോഹ നിയമം  പോലെയുള്ള കിരാത നിയമങ്ങളുപയോഗിച്ച് ആളുകളെ വിവേചനരഹിതമായി അറസ്റ്റ്ചെയ്യുന്നത് സാര്‍വത്രികമായിരിക്കുകയാണ്-ഇന്ത്യന്‍ ഭരണഘടനയെയും അത് ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പുകളെയും തകര്‍ക്കുന്ന പ്രക്രിയയാണിവയെല്ലാം. 

ഇത് ഇന്ത്യയെ "തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യ" (ഋഹലരീൃമേഹ മൗീരേൃമര്യ) രാജ്യമായി ലോകം പ്രഖ്യാപിക്കുന്നതിന് ഇടയാക്കിയിരിക്കുന്നു. ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഇപ്പോള്‍ 105 ആണ്. കഴിഞ്ഞവര്‍ഷം 79 ആയിരുന്നതാണ് ഇങ്ങനെ ഇപ്പോള്‍ ഇടിഞ്ഞത്. ഇന്ത്യയുടെ മാനവ സ്വാതന്ത്ര്യസൂചികയും 94ല്‍നിന്ന് 111 ആയി ഇടിഞ്ഞിരിക്കുന്നു. യുഎന്‍ഡിപി മാനവ വികസന സൂചികയിലും ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞവര്‍ഷത്തെ 129ല്‍നിന്ന് 131ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 

നമ്മുടെ ജനങ്ങളില്‍ മഹാഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം വര്‍ധിച്ചുവരുന്ന ദുരിതങ്ങള്‍ക്കൊപ്പം വളര്‍ന്നുവരുന്ന ഈ സ്വേച്ഛാധിപത്യം, "ഭരണ നടപടികളും കോര്‍പ്പറേറ്റുകളും തമ്മിലുള്ള സംയോജനം" എന്ന ഫാസിസത്തെ സംബന്ധിച്ച മുസോളിനിയുടെ ആപത്സൂചകമായ നിര്‍വചനത്തിനടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 

സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിന് നവലിബറല്‍ പരിഷ്കരണങ്ങള്‍കൊണ്ട് സാധിക്കില്ല എന്ന് ആഗോളതലത്തില്‍ത്തന്നെ അധികമധികം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അപകടകരമായവിധം വളര്‍ന്നുവരുന്ന അസമത്വങ്ങളെക്കുറിച്ച് അവലോകനം ചെയ്തുകൊണ്ട് 'ദ ഇക്കണോമിസ്റ്റ്' വാരിക ഇങ്ങനെയൊരു നിഗമനത്തിലെത്തുന്നു: "വളര്‍ച്ചയെ സംബന്ധിച്ചിടത്തോളം കൊള്ളരുതാത്തതും കാര്യക്ഷമത ഇല്ലാത്തതും ആകാവുന്ന ഒരു ഘട്ടത്തിലാണ് അസമത്വം എത്തിനില്‍ക്കുന്നത്." 

നവലിബറല്‍ പരിഷ്കരണങ്ങളുടെ
പാപ്പരത്തം

"അസമത്വത്തിന്‍റെ വില" എന്ന തന്‍റെ പുസ്തകത്തില്‍ ഏറ്റവും മുകള്‍തട്ടിലുള്ള ഒരു ശതമാനത്തെയും ജനങ്ങളില്‍ അവശേഷിക്കുന്ന 99 ശതമാനത്തെയുംകുറിച്ചു പറയവെ ജോസഫ് സ്റ്റിഗ്ലിറ്റ്സ് ഇങ്ങനെയൊരു നിഗമനത്തിലാണ് എത്തുന്നത്: "നമ്മുടെ സാമ്പത്തികവളര്‍ച്ചയെ കൃത്യമായി അളക്കുകയാണെങ്കില്‍, നമ്മുടെ സമൂഹം അതിരൂക്ഷമായി ഭിന്നിച്ചുനില്‍ക്കുമ്പോള്‍ നമുക്ക് കൈവരിക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരെ കൂടുതലായി അങ്ങനെയല്ലാത്തപ്പോള്‍ കൈവരിക്കാനാകും."

എല്ലാ വികസിതരാജ്യങ്ങളും ഇപ്പോള്‍ വന്‍തോതിലുള്ള സര്‍ക്കാര്‍ ചെലവഴിക്കലുകളുടേതായ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്; ഇതാകട്ടെ നവലിബറലിസത്തിനു വിരുദ്ധവുമാണ്. ആഭ്യന്തര ചോദനത്തെയും സാമ്പത്തിക പ്രവര്‍ത്തനത്തെയും പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികളാണിവ. ബ്രിട്ടനിലെ പ്രധാനമന്ത്രി അടുത്തകാലത്ത് നടത്തിയ ഒരു പ്രസംഗത്തില്‍ ഗവണ്‍മെന്‍റ് ചെലവഴിക്കലുകള്‍ വര്‍ധിപ്പിക്കുന്നതിനായി വാദിക്കുന്ന ഒരു പ്രസംഗത്തില്‍ ആമുഖമായി പ്രസ്താവിച്ചത്. "ഞാനൊരു കമ്യൂണിസ്റ്റുകാരനല്ല, പക്ഷേ..." എന്നാണ്.

എന്നാല്‍, ഇന്ത്യയില്‍ മോഡി തന്‍റെ ശിങ്കിടികള്‍ എടുത്ത തിരിച്ചടയ്ക്കാത്ത ഭീമമായ തുകയുടെ വായ്പകള്‍ എഴുതിത്തള്ളുമ്പോള്‍പോലും ഗവണ്‍മെന്‍റ് ചെലവഴിക്കല്‍ വര്‍ധിപ്പിക്കാന്‍ വിസമ്മതിക്കുകയാണ്. നിത്യേന പെട്രോളിയം വില വര്‍ധിപ്പിക്കുന്നതിലൂടെയും തല്‍ഫലമായി മൊത്തത്തിലുണ്ടാകുന്ന വിലവര്‍ധനവിലൂടെയും ജനങ്ങള്‍ക്കുമേല്‍ ഭാരിച്ച ബാധ്യത അടിച്ചേല്‍പ്പിക്കുകയുമാണ്. ഇതുമൂലം ആഭ്യന്തര ചോദനം പിന്നെയും കൂടുതല്‍ ഇടിയുകയും സാമ്പത്തികമാന്ദ്യം രൂക്ഷമാവുകയും ചെയ്യുന്നു. 

ഇന്ത്യയില്‍ നാം ഈ പരിഷ്കരണ നടപടികളെക്കുറിച്ച് ഗൗരവമായി ആത്മപരിശോധന നടത്തുകയും നമ്മുടെ മുന്‍ഗണനകളെ പുനഃക്രമീകരിക്കുകയും ചെയ്യണം: കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തല്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍, ആരോഗ്യ-വിദ്യാഭ്യാസമേഖലകളില്‍ കൂടുതല്‍ നിക്ഷേപം, നമുക്ക് ഏറെ ആവശ്യമായ സാമ്പത്തികവും സാമൂഹികവുമായ പശ്ചാത്തല സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് പൊതു നിക്ഷേപം കുത്തനെ വര്‍ധിപ്പിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ആഭ്യന്തര ചോദനം വര്‍ധിപ്പിക്കുകയും ചെയ്യല്‍. കേവലം മാനുഷികമായ പരിഗണനകള്‍മാത്രം കണക്കിലെടുത്തല്ല ഇതെല്ലാം ചെയ്യുന്നത്. തുല്യതയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക പുനരുജ്ജീവനം സാധ്യമാക്കുന്നതിനുള്ള ഒരേയൊരു വഴിയാണിത്. പാരിസ്ഥിതികമായ പരിഗണനകള്‍, അനുയോജ്യമായ സാങ്കേതികവിദ്യ, എല്ലാത്തിനും പുറമെ പരമപ്രധാനമായും നമ്മുടെ സമൂഹത്തെ മനുഷ്യത്വരഹിതമാക്കുന്നതിനും അന്ധവിശ്വാസങ്ങള്‍ക്കും യുക്തിരാഹിത്യത്തിനും വളംവയ്ക്കുന്ന, നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ ശിഥിലമാക്കാന്‍ ഇടയുള്ള വിഭാഗീയമായ എല്ലാ ധ്രുവീകരണ പ്രവണതകളെയും തിരസ്കരിക്കല്‍- ഇത്തരത്തിലുള്ളതാവണം ഇന്ന് ഇന്ത്യയ്ക്ക് ആവശ്യമായ ജനപക്ഷ പരിഷ്കരണങ്ങള്‍; അല്ലാതെ ലാഭാധിഷ്ഠിത പരിഷ്കരണങ്ങളല്ല നമുക്കുവേണ്ടത്. 

ഇത്തരമൊരു പരിഷ്കരണം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ദിശയുടെ അച്ചുതണ്ട് ജനകീയ സമരങ്ങളുടെ കരുത്താണ്. നമ്മുടെ ജനങ്ങള്‍ക്ക് കടുത്ത ദുരിതങ്ങളും നാശനഷ്ടങ്ങളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ദിശയില്‍നിന്ന് പിന്തിരിയാന്‍ ഇന്ത്യന്‍ ഭരണവര്‍ഗങ്ങളെ നിര്‍ബന്ധിതമാക്കുന്നതിനുവേണ്ട കരുത്താര്‍ജിക്കാനുള്ള പരിഷ്കരണ പരിപ്രേക്ഷ്യത്തിന്‍റേതായ ബദല്‍ മുന്നോട്ടുവെച്ച് ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമാക്കണം. ഇന്ത്യയിലെ മൂന്നു പതിറ്റാണ്ടുകാലത്തെ പരിഷ്കരണ പ്രക്രിയയില്‍ ഇത്തരമൊരു ഗതിമാറ്റം വരുത്തുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്.•