സോഷ്യലിസ്റ്റ് ക്യൂബയ്ക്ക് ഐക്യദാര്‍ഢ്യം

ക്യൂബ കേരളത്തിന്‍റെ ഏതാണ്ട് മൂന്നിരട്ടി വിസ്തീര്‍ണവും (ഏതാണ്ട് 1.10 ലക്ഷം ച.കി.മീ) മൂന്നിലൊന്നോളം (1.2 കോടി) ജനസംഖ്യയുമുള്ള രാജ്യമാണ്. ലോകരാജ്യങ്ങള്‍ക്കിടയില്‍ 104-ാമത് വരുന്ന രാജ്യമാണ് വിസ്തീര്‍ണത്തിന്‍റെ കാര്യത്തില്‍ ക്യൂബ.

എന്നാല്‍, പശ്ചിമാര്‍ധ ഗോളത്തിലെ സമാനതകളില്ലാത്ത രാജ്യമാണ് അമേരിക്കയില്‍ നിന്ന് ഏതാണ്ട് 90 മൈല്‍ (144 കി.മീ) അകലെ കിടക്കുന്ന ക്യൂബ. ഈ പ്രാധാന്യം അതിനു കൈവന്നത് 1959ല്‍ അത് ബാത്തിസ്ത എന്ന സ്വേച്ഛാധിപതിയുടെ വാഴ്ചയെ ബഹുജന നേതൃത്വത്തില്‍ തൂത്തെറിഞ്ഞ് ജനാധിപത്യവാഴ്ച സ്ഥാപിച്ചതോടെയാണ്. അധികം താമസിയാതെ  അമേരിക്കന്‍ തോട്ടം മുതലാളിമാരുടെയും തദ്ദേശീയരായ ഭൂപ്രഭുക്കളുടെയും കൊള്ളയ്ക്ക് അറുതി വരുത്താനുള്ള നടപടി സ്വീകരിച്ചതോടെയാണ് അത് അമേരിക്കയുടെയും സാമ്രാജ്യത്വത്തിന്‍റെയും കുത്തകമുതലാളിത്തത്തിന്‍റെയും കണ്ണിലെ കരടായത്. എന്നാല്‍ ഫിദല്‍ കാസ്ട്രൊയുടെയും ചെഗുവേരയുടെയും നേതൃത്വത്തില്‍ ക്യൂബയിലെ വിപ്ലവഭരണകൂടം കെട്ടിപ്പടുത്ത പുതിയ ക്യൂബന്‍ സമൂഹവും അതിന്‍റെ നേട്ടങ്ങളും സംഭാവനകളും അതിനെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ നിതാന്തശത്രുവാക്കി. 1962ല്‍ കെന്നഡി അമേരിക്കന്‍ പ്രസിഡന്‍റായിരിക്കെ ബേ ഓഫ് പിഗ്സിലെ ഇടപെടലോടെ ക്യൂബയിലെ വിപ്ലവഭരണകൂടത്തെ ആക്രമിച്ചുഞെരിച്ചു കൊല്ലാന്‍ അമേരിക്ക ശ്രമിച്ചു. ആ ആക്രമണത്തെ ക്യൂബ ചെറുത്തു തോല്‍പ്പിച്ചു. തുടര്‍ന്നാണ് ക്യൂബ സോഷ്യലിസ്റ്റായി സ്വയം പ്രഖ്യാപിച്ചത്. സോവിയറ്റ് യൂണിയന്‍ ക്യൂബയ്ക്കു പിന്നില്‍ അണിനിരന്നതോടെ അമേരിക്കക്ക് ഒരു വലിയ യുദ്ധത്തിനു തയ്യാറാകാതെ ക്യൂബയില്‍ ഇടപെടാനാവില്ല എന്നു വ്യക്തമായി. അങ്ങനെ ക്യൂബ തനതായ സോഷ്യലിസ്റ്റ് മാതൃകയില്‍ വളര്‍ന്നു, അമേരിക്കയുടെ ഭീഷണമായ ഇടപെടലിനെ ചെറുത്തുകൊണ്ടുതന്നെ.


1992ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ അമേരിക്ക ഏതാനും നാള്‍ക്കകം ക്യൂബയെ ആക്രമിച്ച് അവിടത്തെ സോഷ്യലിസ്റ്റ് വ്യവസ്ഥയെ ഞെരിച്ചുകൊല്ലുമെന്ന ഭീഷണി ഉയര്‍ന്നിരുന്നു. എന്നാല്‍, സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ആ രാജ്യത്തെ നിരന്തരം ശ്വാസംമുട്ടിച്ചു കൊണ്ടിരിക്കുന്നു. സാര്‍വദേശീയ പ്രതിഷേധത്തെയും ക്യൂബക്കാരുടെ ചെറുത്തുനില്‍പ്പിനെയും ഭയന്ന് അമേരിക്ക ഇടപെടുകയുണ്ടായില്ല. എന്നാല്‍, ഇപ്പോള്‍ അമേരിക്ക വീണ്ടും ഭീഷണി മുഴക്കിയിരിക്കുകയാണ്. ഒബാമ പ്രസിഡന്‍റ് ആയിരിക്കെ ക്യൂബയുമായുള്ള ശത്രുതാബന്ധങ്ങള്‍ ലഘൂകരിക്കുന്നതിന് അമേരിക്ക ചില നടപടികള്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍, അതിനു തീര്‍ത്തും എതിരായിരുന്നു അമേരിക്കയിലെ വലതുപക്ഷ ശക്തികളും ക്യൂബന്‍ അഭയാര്‍ഥികളും. അവരുടെ സമ്മര്‍ദത്തിനു വഴങ്ങി മുന്‍ പ്രസിഡന്‍റ് ട്രംപ് ക്യൂബയുമായി ഒബാമയുടെ കാലത്ത് അമേരിക്ക സ്ഥാപിച്ചിരുന്ന നയതന്ത്രബന്ധം റദ്ദാക്കുകയും ക്യൂബക്കെതിരെ ശത്രുതാപരമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. ബൈഡന്‍ പ്രസിഡന്‍റായപ്പോള്‍ ട്രംപിന്‍റെ കാലത്തെ നടപടികള്‍ റദ്ദുചെയ്ത് ഒബാമയുടെ കാലത്ത് ഡെമോക്രാറ്റിക് പാര്‍ടി കൈക്കൊണ്ട അതേ സൗഹാര്‍ദപരമായ സമീപനം കൈക്കൊണ്ടില്ല. പകരം ക്യൂബയുടെ നേരെ മുമ്പ് ശീതസമരകാലത്ത് കൈക്കൊണ്ടിരുന്നതു പോലെയുള്ള ശത്രുതാപരമായ സമീപനം കൈക്കൊണ്ടിരിക്കുകയാണ്.


ക്യൂബയില്‍ ഇടപെടാന്‍ തുടങ്ങിയ കാലത്ത്, അമേരിക്ക പുതുതായി സ്വാതന്ത്ര്യം നേടിയതും പുരോഗമന സ്വഭാവമുള്ളതുമായ രാജ്യങ്ങളില്‍ ഇടപെട്ട് അവിടങ്ങളില്‍ തങ്ങളോടു കൂറുള്ള പിന്തിരിപ്പന്‍ വാഴ്ചകളെ വാഴിക്കാനുള്ള തിരക്കിലായിരുന്നു. മധ്യ ആഫ്രിക്കയിലെ കോംഗൊ 1950കളില്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ പാട്രിസ് ലുമുംബയുടെ നേതൃത്വത്തില്‍ അവിടെ പുരോഗമന സര്‍ക്കാര്‍ സ്ഥാപിക്കപ്പെട്ടിരുന്നു. യൂറോപ്യന്‍ സാമ്രാജ്യശക്തികളുടെ പിന്‍ബലത്തോടെ അമേരിക്ക ലുംമുംബയെ വധിക്കുകയും ആ രാജ്യത്തെത്തന്നെ ഇല്ലായ്മ ചെയ്യുകയുമുണ്ടായി. വിയത്നാമില്‍ സോഷ്യലിസ്റ്റ് സര്‍ക്കാരിന്‍റെ നേരെ അമേരിക്ക ഘോരയുദ്ധം നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്; അവസാനം 1975ല്‍ അമേരിക്കക്ക് കൊച്ചുവിയത്നാമിനോട് യുദ്ധത്തില്‍ പരാജയപ്പെട്ട് പിന്തിരിയേണ്ടി വന്നു. അങ്ങനെയുള്ള ഇടപെടലുകള്‍ക്കെതിരെ ലോകജനാഭിപ്രായം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ക്യൂബയുടെ മേല്‍ കൈവയ്ക്കാതിരിക്കാന്‍ ഇത്തരം അനുഭവങ്ങള്‍ അമേരിക്കയെ പാഠം പഠിപ്പിച്ചിട്ടുണ്ട്, ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.


ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങളും ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തിലുമായി അമേരിക്ക പശ്ചിമേഷ്യയിലാണ് ഇടപെട്ടത്. ഇറാഖ്, ലിബിയ എന്നീ താരതമ്യേന മതനിരപേക്ഷ ഭരണം നടത്തിയിരുന്ന രാജ്യങ്ങളിലെ ഭരണങ്ങളെ അമേരിക്ക സായുധമായി അട്ടിമറിച്ചു. സിറിയ മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെയുള്ള രാജ്യങ്ങളില്‍ സൈനികമായും അല്ലാതെയും ഇടപെട്ടു. എല്ലാ ഇടങ്ങളിലും നിന്ന് ജനങ്ങളുടെ സംഘടിതമായ എതിര്‍പ്പുമൂലം അമേരിക്കക്ക് പിന്‍വാങ്ങേണ്ടി വന്നു. കാരണം, ഏതു രാജ്യത്തെയും ജനങ്ങള്‍ സാമ്രാജ്യത്വത്തിന് എതിരാണ്. ദേശീയ കാഴ്ചപ്പാടുള്ള ശക്തികളുടെ ഭരണത്തിനാണ് അവരുടെ പിന്തുണ. പശ്ചിമേഷ്യയില്‍ സൈനികമായി ഇടപെട്ട് ആ മേഖലയിലെ വിവിധ രാജ്യങ്ങളുടെ എണ്ണക്കിണറുകളുടെ നിയന്ത്രണം തങ്ങളുടെ ആഗോളകമ്പനികളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനായിരുന്നു അമേരിക്കന്‍ നീക്കം. അതില്‍ ഒരു പരിധിവരെ വിജയിച്ചെങ്കിലും, അറബ് രാജ്യങ്ങളിലെ ജനങ്ങളെ അമേരിക്കയ്ക്ക് എതിരാക്കാന്‍ അവരുടെ ഇടപെടല്‍ ഇടയാക്കി.


നവലിബറല്‍ ശക്തികളുടെ നേതൃത്വം അമേരിക്കയ്ക്കാണ്. എന്നാല്‍, ആ രാജ്യത്തെ ജനങ്ങളെ വരെ അവ കൊടുംചൂഷണത്തിനു വിധേയരാക്കിയതുകൊണ്ട് അവരുടെ എതിര്‍പ്പ് ആ ശക്തികള്‍ക്ക് നേരിടേണ്ടിവന്നു. നൂറിലധികം രാജ്യങ്ങളില്‍ അമേരിക്കന്‍ പടയുടെ സാന്നിധ്യമുണ്ട് അല്ലെങ്കില്‍ അതിന്‍റെ ആയുധ സജ്ജീകരണങ്ങളുണ്ട്. പക്ഷേ, അവയെ കൂസാതെ സാമ്രാജ്യത്വ-നവലിബറല്‍ ശക്തികള്‍ക്കെതിരായി വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ ചെറുത്തുനില്‍ക്കുന്ന കാഴ്ചയാണ് എവിടേക്ക് കണ്ണോടിച്ചാലും കാണാന്‍ കഴിയുക.


കോവിഡ് മഹാമാരി ലോകമെങ്ങുമുള്ള ഉല്‍പ്പാദനശക്തികളെ സ്തംഭിപ്പിച്ചിരിക്കുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളിലും ഉല്‍പ്പാദനമേഖല പ്രവര്‍ത്തനരഹിതമാണ്. ജനങ്ങള്‍ പട്ടിണിയിലാണ് അതു മൂലം. അതിനുപുറമെ രോഗാതുരത അവരെ വലിയ കഷ്ടപ്പാടിലാക്കിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ എല്ലാ രാജ്യങ്ങളും അവിടങ്ങളിലെ ജനങ്ങളും പരസ്പര സഹകരണത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്-രോഗവ്യാപനം തടയാനും ചികിത്സ നല്‍കാനും അതോടൊപ്പം പരമാവധി ഉല്‍പ്പാദനം നടത്താനും. അതോടൊപ്പം എല്ലാ കാര്യങ്ങളിലും പരമാവധി പരസ്പരം സഹായിക്കുകയും വേണം.

ഇത്തരമൊരു സമീപനമാണ് സോഷ്യലിസ്റ്റ് -പുരോഗമനശക്തികള്‍ ഭരിക്കുന്ന രാജ്യങ്ങള്‍ കൈക്കൊള്ളുന്നത്. എന്നാല്‍ "ചോര തന്നെ കൊതുകിനു കൗതുകം" എന്നു പറഞ്ഞതുപോലെ, ചൂഷകശക്തികളുടെ ലക്ഷ്യം, ഈ പരിതഃസ്ഥിതിയിലും, കടന്നാക്രമണവും കൊടുംചൂഷണവും നടത്താനാണ്. ഈ രണ്ടു സമീപനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പല രാജ്യങ്ങളുടെയും വ്യവസായ-വ്യാപാര മണ്ഡലങ്ങളുടെയും നേരെ അവ നടത്തുന്നു. ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും പ്രതിരോധിക്കുന്നതിന്‍റെ പേരിലാണ് ഇത്തരം കാടത്ത പ്രവര്‍ത്തനങ്ങള്‍ അമേരിക്കയും സഖ്യകക്ഷികളും അന്താരാഷ്ട്രരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. അവയുടെ ആക്രമണലക്ഷ്യങ്ങളിലൊന്ന് ക്യൂബയാണ് ഇപ്പോള്‍.

അവിടെ നിലനില്‍ക്കുന്ന സോഷ്യലിസ്റ്റ് ജനാധിപത്യ ഭരണകൂടത്തിനും ഭരണക്രമത്തിനും എതിരായി ജനങ്ങളില്‍ ചെറിയ വിഭാഗം അമേരിക്കയുടെ ഒത്താശയോടെ പ്രക്ഷോഭസമരങ്ങള്‍ നടത്തുന്നു. അതിനെതിരെ അവിടത്തെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും സോഷ്യലിസ്റ്റ് സര്‍ക്കാരിനും കമ്യൂണിസ്റ്റ് പാര്‍ടിക്കും പിന്നില്‍ അണിനിരന്നിട്ടുണ്ട്. ലോകജനതയ്ക്കു തന്നെ ഭീഷണിയായി കോവിഡ് മഹാമാരി നിലകൊള്ളുമ്പോള്‍, അതിനെ ചെറുക്കുന്നതിന് നിരവധി രാജ്യങ്ങള്‍ക്ക് നാനാരൂപങ്ങളിലുള്ള സഹായം നല്‍കിവരുന്ന ഒരു സര്‍ക്കാരിനും ജനതയ്ക്കും എതിരെയാണ് ഈ സാമ്രാജ്യത്വ ഇടപെടല്‍. ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് പുരോഗമന ശക്തികളുടെ ആവശ്യമാണ്. രോഗപ്രതിരോധത്തിനും വിപുലമായ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും സ്വൈരജീവിതത്തിനും ഇത് ആവശ്യമാണ്.•