ഒരു തരം സ്ഥലജലവിഭ്രാന്തി!

ഗൗരി

ജൂണ്‍ ഒന്നിന്‍റെ മലയാള മനോരമയുടെ 8-ാം പേജില്‍ ഇടതുവശത്ത് താഴെയറ്റത്ത് ഒരു 4 കോളം വാര്‍ത്തയുണ്ട്: "കുഴല്‍പ്പണ കവര്‍ച്ചക്കേസ്: ബിജെപിയില്‍ പൊട്ടിത്തെറി. കുറ്റവാളികളെ സംരക്ഷിക്കുന്ന ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്‍റ് ഋഷി പല്‍പ്പു: പല്‍പ്പുവിനെ സസ്പെന്‍ഡ് ചെയ്തതായി ബിജെപി സംസ്ഥാന പ്രസിഡന്‍റ്" ഏപ്രില്‍ മാസം മുതല്‍ കേരളത്തില്‍ കേട്ടു തുടങ്ങിയതാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി കര്‍ണാടകത്തില്‍ നിന്നുവന്ന മൂന്നരക്കോടി രൂപ തൃശ്ശൂര്‍ ജില്ലയിലെ കൊടകരയില്‍ വച്ച് സൃഷ്ടിക്കപ്പെട്ട അപകടത്തെത്തുടര്‍ന്ന് ആവിയായി പോയത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നുള്ള ധര്‍മരാജന്‍ എന്ന ബിജെപിക്കാരന്‍ നല്‍കിയ ഒരു പരാതിയെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് ഇതിനകം തന്നെ ഒരു കോടി രൂപയിലേറെയാണ്. തൃശ്ശൂര്‍ ജില്ലയിലെ ബിജെപി ജില്ലാ നേതാക്കളെയും ആലപ്പുഴ ജില്ലാ നേതാക്കളെയും സംസ്ഥാന ഓഫീസ് സെക്രട്ടറിയെയും ചോദ്യം ചെയ്തതിനു പുറമേ ബിജെപിയെ നിയന്ത്രിക്കുന്നതിന് ആര്‍എസ്എസ് ചുമതലപ്പെടുത്തിയ സംഘടനാ ജനറല്‍ സെക്രട്ടറിയെയും ചോദ്യം ചെയ്തുകഴിഞ്ഞപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഒമ്പതു കോടിയിലേറെ രൂപ കര്‍ണാടകത്തില്‍ നിന്നു വന്നതായാണ് ഒരു വിവരം. അതില്‍ കോഴിക്കോട്ടും തൃശ്ശൂരുമായി 6 കോടിയോളം രൂപ ലോഡെറക്കിയശേഷം ആലപ്പുഴ വിഹിതവുമായി പോയ വണ്ടിയെയാണ് അപകടത്തില്‍പ്പെടുത്തി പണം തട്ടിയെടുത്തതെന്നും ഈ തട്ടിയെടുക്കലിനു പിന്നില്‍ പ്രമുഖരായ ചില ബിജെപി നേതാക്കളുണ്ടെന്നുംവരെ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് മനോരമ ഇങ്ങനെ 9-ാം പേജില്‍ സങ്കതികള് ഒതുക്കീരിക്കണത്.

ക്രൈംബ്രാഞ്ച് അന്വേഷണവും ബിജെപി നേതാക്കളെ ചോദ്യം ചെയ്യലും തകൃതിയായി നടന്നുവരവെ മനോരമ അത് കവര്‍ ചെയ്തതെങ്ങനെ, അതിനെന്തോരം പ്രാധാന്യം നല്‍കി എന്നൊക്കെയുള്ള വിവരങ്ങള്‍ നമുക്കൊന്ന് മനോരമയുടെ താളുകള്‍ പരതിനോക്കാം. മെയ് 30-ാം തീയതി 6-ാം പേജില്‍ ഇങ്ങനൊരൈറ്റം കാണാം. "കുഴല്‍പ്പണം കേസ്: ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്തു. വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്." 29-ാം തീയതിയും 6-ാം പേജില്‍തന്നെ മനോരമ സങ്കതി തുറന്നിടുന്നു: "കുഴല്‍പ്പണം: ബിജെപി സംഘടനാ സെക്രട്ടറിയെ ചോദ്യം ചെയ്തു. ധര്‍മരാജനെ ഫോണില്‍ വിളിച്ചത് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ എത്തിക്കാനെന്ന് ഗണേഷ്. ഓഫീസ് സെക്രട്ടറി ഗിരീഷിനെ ഇന്നു ചോദ്യം ചെയ്യും." അതിനുള്ളില്‍ ഒരു ബോക്സ് ഐറ്റം കൂടി ഇന്‍സെര്‍ട്ട് ചെയ്തിട്ടുണ്ട്: "സംസ്ഥാനാനന്തര മാഫിയബന്ധമെന്ന് പൊലീസ് കോടതിയില്‍. പ്രതികളുടെ ജാമ്യാപേക്ഷ തള്ളി."

ദാ പിന്നേം വരണ് കുഴല്‍പ്പണം മെയ് 27ന്. മനോരമയുടെ 8-ാം പേജില്‍ സങ്കതികള് കിടക്കണ നോക്കിയേ! "കുഴല്‍പ്പണക്കേസ്: ആര്‍എസ്എസിന് അതൃപ്തി. ആശങ്കയില്‍ ബിജെപി സംസ്ഥാന നേതൃത്വം: പകപോക്കല്‍ അവസരമായി സര്‍ക്കാര്‍ കാണുമെന്ന് ആശങ്ക". ഇങ്ങനെ പിറകോട്ട് നോക്കിയാല്‍ കുഴല്‍വഴി വന്ന പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഏപ്രില്‍ ആദ്യം വന്ന വാര്‍ത്തയില്‍ നമ്മളെത്തും. അവിടെ തുടങ്ങുന്നു മനോരമേടേം മുഖ്യധാരക്കാരുടേം കള്ളക്കളികള്! എന്താന്നല്ലേ, ദേശീയ രാഷ്ട്രീയ പാര്‍ടിക്ക് കര്‍ണാടകത്തില്‍നിന്നു വന്ന പണം" എന്നാണ് അന്നു ടാഗ് ചെയ്തിരിക്കുന്നത്. ദേശാഭിമാനി പത്രവും കൈരളി ചാനലും ആവര്‍ത്തിച്ച് കര്‍ണാടകത്തില്‍ നിന്നു കുഴല്‍ വഴി പണം വന്നത് ബിജെപിക്കാണെന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ഒടുവില്‍ മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെയുള്ള നമ്മുടെ മുഖ്യധാരക്കാര്‍ അതേറ്റെടുത്തത്. ഈ ഇടതുപക്ഷ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഉള്ളതുകൊണ്ട് മ്മളും കൊടുത്തേ ബിജെപിക്കെതിരേം വാര്‍ത്തയെന്ന് വരുത്തേണ്ടതായി വന്നു!

എന്നാല്‍ വാര്‍ത്ത തങ്ങളും കൊടുത്തുവെന്ന് ആണയിടാന്‍ വേണ്ടിയല്ലാതെ ഇന്ത്യ ഭരിക്കുന്ന പാര്‍ടിയുടെ സംസ്ഥാന നേതൃത്വത്തിന് നേരിട്ട് ബന്ധമുള്ളതായി കണ്ട ഒരു വിഷയത്തിന് അതും സംസ്ഥാനാന്തര ബന്ധമുള്ള കേസായതുകൊണ്ട് ദേശീയ നേതൃത്വത്തിനു തന്നെ, അത്രയൊന്നും പോയില്ലെങ്കിലും കേരളത്തീന്നുള്ള കേന്ദ്രമന്ത്രി വരെയെങ്കിലും ബന്ധമുണ്ടാകാന്‍ ഇടയുള്ള ഒരു കേസില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പുലര്‍ത്തിയ നിസ്സംഗതയെങ്കിലും തിരിച്ചറിയപ്പെടാതിരുന്നുകൂടാ. ഇപ്പോള്‍ ഉള്‍പ്പേജുകളില്‍ അനുബന്ധ സ്റ്റോറികളുടെ അകമ്പടിയില്ലാതെയെങ്കിലും വാര്‍ത്ത നല്‍കേണ്ടി വരുന്നത് പൊലീസ് അന്വേഷണം മുറുകിവരുന്നതിനുസരിച്ച് സുരേന്ദ്രനും മുരളീധരനും വരെ തലയില്‍ തപ്പി "എന്നെക്കണ്ടാല്‍ കോഴിയെ കട്ട വിവരം അറിയുമോന്ന്" ചോദിക്കുന്നിടം വരെ എത്തിയപ്പോഴാണ്. അപ്പോഴും ഇതൊന്നും തന്നെ ചാനലുകളിലെ പ്രൈം ടൈം ചര്‍ച്ചാവിഷയമാകുന്നില്ലെന്നതും മ്മടെ മുഖ്യധാരക്കാരുടെ പക്ഷപാതിത്വവും പക്ഷാഘാതത്വവും വെളിപ്പെടുത്തുന്നു.

ഇപ്പോള്‍ ആരുടെ കഴുത്തിലും കുരുക്ക് മുറുക്കാന്‍ ഒരു മുഖ്യധാരക്കാരും തയ്യാറാകാത്തതെന്തേ? "അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്ക്: കേന്ദ്രമന്ത്രിയുംപെടുമെന്നു സൂചന" എന്ന മട്ടിലുള്ള കടിതങ്ങള്‍ എന്തേ വരുന്നില്ല? കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നുണക്കഥകള്‍ മെനഞ്ഞു കൊണ്ടിരുന്ന, അതിലൂടെ സ്വന്തം വിശ്വാസ്യത പോലും കളഞ്ഞുകുളിച്ച മുഖ്യധാരക്കാര്‍ എന്തേ ഇപ്പോള്‍ ഒട്ടക്കപ്പക്ഷിനയം സ്വീകരിക്കുന്നുവെന്ന ചോദ്യം പ്രസക്തമാണ്.

കേരളത്തില്‍ എല്‍ഡിഎഫിനെതിരെ കര്‍ക്കിടത്തിലെ കൂരിരുട്ടില്‍ കോരിച്ചൊരിയുന്ന മഴയത്ത് കളഞ്ഞുപോയ സൂചി തപ്പാന്‍ പെടാപ്പാടുപെട്ട് തോറ്റുപിന്‍വാങ്ങിയ ഇ ഡിയും മറ്റു കേന്ദ്ര ഏജന്‍സികളും പട്ടാപ്പകല്‍ കള്ളപ്പണം പിടികൂടിയിട്ടും അത് തിരഞ്ഞെടുപ്പ് അട്ടിമറിക്ക് ഉപയോഗിക്കാനാണ് (വോട്ട് വിലയ്ക്കു വാങ്ങാന്‍) എന്നു വെളിപ്പെട്ടിട്ടും തിരിഞ്ഞു നോക്കുന്നില്ല എന്ന ചര്‍ച്ചയും മുഖ്യധാരക്കാര്‍ക്ക് ഉയര്‍ത്താവുന്നതാണ്. അവിടെയും കണ്ണടച്ചിരുട്ടാക്കാനാണ് മുഖ്യധാരക്കാര്‍ ശ്രമിക്കുന്നത്. പക്ഷേ, കൂട്ടരേ ഇപ്പം ങ്ങള് കണ്ണടച്ചാല്‍ അങ്ങനെ ഇരുട്ടാകുന്ന കാലമല്ല, പൂച്ചേനെപോലെ ങ്ങള് കണ്ണടച്ച് പാല് കുടിച്ചാലും അത് നാട്ടാരറിയണ കാലമാണെന്നെങ്കിലും ചിന്തിക്കണത് ങ്ങക്ക് നല്ലത്.

ബിജെപിയെന്ന കേന്ദ്ര ഭരണകക്ഷിയുടെ/അതിനെ നയിക്കുന്ന ആര്‍എസ്എസിന്‍റെ ക്രിമിനല്‍ ഫാസിസ്റ്റ് മുഖമാണ് ഈ കുഴല്‍പ്പണക്കേസിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ബിജെപിക്കുള്ളില്‍ തന്നെയുള്ള, നേതൃത്വത്തിന്‍റെ ഇത്തരം കൊള്ളരുതായ്മകളെ എതിര്‍ക്കുന്നവരെ കത്തിമുനയില്‍ തീര്‍ക്കുകയെന്ന ശൈലിയും കുഴല്‍പ്പണക്കേസില്‍ പുറത്തുവന്നു. ആക്രമിക്കപ്പെട്ടയാള്‍ യമലോകം കണ്ടില്ലെന്നേയുള്ളൂ. മുന്‍പ് ആലപ്പുഴയില്‍ ചില ബിജെപി/ആര്‍എസ്എസ് നേതാക്കളുടെ അപഥസഞ്ചാരങ്ങള്‍ക്കെതിരെ പ്രതികരിച്ച് ശാഖയില്‍ നിന്നു വിട്ടുനിന്ന ഒരു പതിനാറുകാരനെ തേടിപ്പിടിച്ച് സംഘപരിവാര്‍ സംഘം കത്തിമുനയില്‍ ഒതുക്കിയ സംഭവം മുഖ്യധാരക്കാര്‍ കാണാമറയത്ത് തള്ളിയെങ്കിലും ജനങ്ങളുടെ മുന്നില്‍ ഇന്നും നില്‍ക്കുന്നുണ്ട്. കണ്ണൂരില്‍ ജില്ലാ നേതാവിന്‍റെ നിശാ വിനോദങ്ങള്‍ക്കും സംഘം ഫണ്ട് വെട്ടുന്നതിനുമെതിരെ പ്രതികരിച്ച പ്രമുഖരെ പുറത്താക്കിയപോലെയാണ് ഇപ്പോള്‍ തൃശ്ശൂരില്‍ കുഴല്‍പ്പണ ഇടപാടുകാരായ നേതൃത്വത്തെകുറിച്ച് അന്വേഷണം ആവശ്യപ്പെട്ട പിന്നോക്ക വിഭാഗമോര്‍ച്ച നേതാവിനെ സംസ്ഥാന പ്രസിഡന്‍റ് സസ്പെന്‍ഡ് ചെയ്തത്. ഇതേ തൃശ്ശൂരില്‍ തന്നെയാണ് ബിജെപി നേതൃത്വം ഉള്‍പ്പെടുന്ന കള്ളനോട്ടടി സംഘം പൊലീസിന്‍റെ പിടിയില്‍പെടുന്നത്. അതിലും പല സംസ്ഥാന ഭാരം താങ്ങികള്‍ക്കും പങ്കുണ്ടെന്ന് കണ്ടതാണ്. ഇപ്പോഴത്തെ കുഴല്‍ ഇടപാട് സംബന്ധിച്ച ചര്‍ച്ചയ്ക്കു തുനിഞ്ഞ ചില ചാനലുകാര്‍ക്കെതിരെയും സംഘപരിവാറിന്‍റെ വധഭീഷണിയും തെറിവിളി കലാപരിപാടിയും നടന്നതായി ഒരു ശ്രുതിയുണ്ട്.

തല്‍ക്കാലം നമുക്കത് ഇവിടെ നിര്‍ത്താം. മറ്റൊരു കഥയിലേക്കു നോക്കാം. അല്‍പ്പം മുന്‍പാണ്, മെയ് 22നാണ് കഥ അവതരിപ്പിക്കപ്പെട്ടത്. മെയ് 22ന്‍റെ മനോരമയുടെ 7-ാം പേജില്‍ ഇങ്ങനൊരൈറ്റം കാണാം: "സിപിഎം മന്ത്രിമാര്‍: ഓഫീസുകളില്‍ പാര്‍ടി പിടിമുറുക്കുന്നു. പ്രൈവറ്റ് സെക്രട്ടറിമാരായി പാര്‍ടി നോമിനികള്‍ മാത്രം." മനോരമ തുടക്കത്തിലേ ചൊറിയാന്‍ തുടങ്ങിയിരിക്കുന്നൂന്ന് വ്യക്തമാക്കുകയാണിതിലൂടെ. കമ്യൂണിസ്റ്റു പാര്‍ടി ഭരണത്തില്‍ ആദ്യമെത്തിയ 1957 മുതല്‍ പ്രൈവറ്റ് സെക്രട്ടറിമാരായി അഥവാ പൊളിറ്റിക്കല്‍ സെക്രട്ടറിമാരായി പാര്‍ടിയില്‍നിന്നുള്ള നോമിനികള്‍ തന്നെയാണ് പതിവ്. ചിലപ്പോള്‍ ചില മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി പാര്‍ടി അനുഭാവിയായവരെ ഉദ്യോഗസ്ഥരില്‍ നിന്നും നിയമിക്കാറുണ്ട്. സുബ്രഹ്മണ്യശര്‍മയും വര്‍ക്കല രാധാകൃഷ്ണനും എ പി കുര്യനും പി ശശിയും യു പി ജോസഫും കെ സോമപ്രസാദുമെല്ലാം ഇങ്ങനെ മുഖ്യമന്ത്രിമാരുടെയോ മറ്റു മന്ത്രിമാരുടെയോ പ്രൈവറ്റ് സെക്രട്ടറിമാരായിരുന്നവരാണ്. 2006ലെയും 2016ലെയും എല്‍ഡിഎഫ് മന്ത്രിസഭകളുടെ കാലത്തും പല മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാരായി ഉദ്യോഗസ്ഥതലത്തിനു പുറത്തു പാര്‍ടികമ്മിറ്റികളില്‍ നിന്നുള്ളവരെ നിയമിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്തും ഇത്തരം സമാനതകള്‍ കാണാവുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഒരസാധാരണത്വം റബറ് പത്രത്തിനു കാണാന്‍ കഴിയുന്നത് ഈ ഭരണകാലത്ത് ചൊറിയാന്‍ മറ്റൊന്നും കിട്ടില്ലെന്നുറപ്പായതിനാലായിരിക്കണം. ഒന്നുമില്ലേലും മനോരമ ചൊറിഞ്ഞു കൊണ്ടു തന്നെയിരിക്കുമെന്നുറപ്പാക്കുകയാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്ത് മനോരമയും കൂട്ടരും പൊക്കിക്കൊണ്ടുവന്ന ആഴക്കടലിലെ മത്സ്യബന്ധനത്തിന്‍റെ കഥ എട്ടുനിലയില്‍ പൊട്ടിപ്പൊളിഞ്ഞു പാളീസായീന്നു മാത്രമല്ല, അതിനായി മനോരമയ്ക്കും യുഡിഎഫിനും ചൂട്ടും പിടിച്ച് മുന്നില്‍നിന്ന 'അമേരിക്കന്‍' കമ്പനിയുടമ ഇപ്പോള്‍ ഉണ്ട തിന്നുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. സ്വന്തം കാറിനു നേരെ ആസിഡ് ബോംബെറിയാന്‍ സ്വയം വാടക ഗുണ്ടകളെ ഏര്‍പ്പെടുത്തിയ അതിയാനുപിന്നില്‍ ചില കൊങ്ങി നേതാക്കളും ഉണ്ടെന്നത് അരമന രഹസ്യമല്ല. ചെന്നിത്തലയുടെ പഴയ പ്രൈവറ്റ് സെക്രട്ടറിയായ ഐഎഎസ് കുട്ടി ദൈവവും കേസില്‍ കുടുങ്ങുമെന്നുറപ്പായതോടെ വലതുരാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേര്‍ന്ന് അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഉടായിപ്പ് പരിപാടികള്‍ക്ക് നിന്നുകൊടുക്കാന്‍ അധികമാരെയും കിട്ടില്ലെന്ന അങ്കലാപ്പിലാണ് മനോരമേടെ ഇപ്പഴത്തെ കുട്ടികുട്ടി ചൊറിച്ചിലുകള്‍ വരുന്നത്!

22ന്‍റെ തന്നെ മനോരമേലെ ചില തലവാചകങ്ങളും ഇതേ ചൊറിച്ചിലിന്‍റെ ഭാഗമാണെന്നു കാണാം. നോക്കൂ: "കായികവും യുവജനകാര്യവും വിഭജിച്ചു; ആശയക്കുഴപ്പം". ഇല്ലേലും മനോരമയ്ക്കാകപ്പാടെയൊരു ആശയക്കുഴപ്പമാണ്- ഒരുതരം സ്ഥല ജലവിഭ്രാന്തി! വകുപ്പുകള്‍ വ്യത്യസ്ത മന്ത്രിമാര്‍ക്കായി വിഭജിക്കുന്നതും ഭാവിയില്‍ അവ തനിമയോടെ സ്വതന്ത്ര വകുപ്പുകളാകുന്നതും പുതുമയൊന്നുമല്ല.

ഇനി മറ്റൊരു തലവാചകം കൂടി, അതേ ദിവസം അതേ പേജില്‍, നോക്കാം. "മന്ത്രിമാര്‍ക്ക് വസതികളായി. ക്ലിഫ് ഹൗസ് വകുപ്പില്‍ റിയാസടക്കം 7 മന്ത്രിമാര്‍." എന്തിനാ ഹേ ക്ലിഫ് ഹൗസ് വളപ്പില്‍ 7 മന്ത്രിമാര്‍ എന്നതിനു പകരം "റിയാസടക്കം" എന്ന് ടാഗ് ചെയ്യണത്? ഇനി അങ്ങനെ ആരേങ്കിലും ഒന്ന് ഉള്‍പ്പെടുത്തിയേ പറ്റൂന്നാണെങ്കില്‍ തദ്ദേശഭരണ വകുപ്പുമന്ത്രി എം വി ഗോവിന്ദനും ദേവസ്വംമന്ത്രി കെ രാധാകൃഷ്ണനും ധനമന്ത്രി കെ എന്‍ ബാലഗോപാലും അടക്കമുള്ളവര്‍ ആ 7 പേരുടെ കൂട്ടത്തിലുണ്ടല്ലോ? അപ്പോ അതൊക്കെ വിട്ട് റിയാസിനിട്ട് ചൊറിയാന്‍ നോക്കണത് നിങ്ങളെ ചുമലില്‍ പടര്‍ന്നുപിടിക്കണ വട്ടച്ചൊറിയുടെ അസഹനീയതകൊണ്ടല്ലേ മനോരമ കൊച്ചമ്മേ! നിങ്ങടെ അസുഖത്തിന്‍റെ ഹിക്കുമത്തെന്താണെന്ന് നല്ലോണം നാട്ടാര്‍ക്കറിയാം. ങ്ങള് ങ്ങനെ ചൊറിഞ്ഞോണ്ടിരിക്കണേലും നല്ലത് മാമ്മന്‍ മാപ്പിള അറേല്‍ സൂക്ഷിച്ചിട്ടുള്ള സയനേഡ് എടുത്തൊന്ന് പ്രയോഗിക്കണതാണ്.

പോട്ടെ പിന്നേം വിഷയങ്ങള് കിടക്കണല്ലോ. പുതുക്കപ്പെടേണ്ട പഴേ സങ്കതികള്? എന്താമ്മക്കതൊന്ന് തുറന്നു നോക്കണ്ടേ മാധ്യമശിങ്കങ്ങളേ?

അപ്പോ മ്മളെ പഴേ കേസുണ്ടല്ലോ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് എന്നിവയൊക്കെ. ഇപ്പം ഇങ്ങള് സ്വപ്നേടേം സംഘത്തിന്‍റേം ജയിലിലെ മെനുവൊക്കെ തേടി ഒലിപ്പിച്ചോണ്ട് നടക്കണേനെടേല്‍ ആ കേസു കെട്ടുകളൊക്കെയെടുത്ത് കുരുക്ക് മുറുക്കിയത് എവിടെവരെയായീന്ന് നോക്കണ്ടേ? ഒന്നുമല്ലേലും വ്യാജരേഖ ചമച്ചതിനും മുഖ്യമന്ത്രിയെ കുടുക്കാന്‍ കള്ള സാക്ഷികളെയുണ്ടാക്കാന്‍ ശ്രമിച്ചതിനും ജില്ലാ കോടതി ഇ ഡി അണ്ണന്മാര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചപ്പോഴെങ്കിലും ആ പഴേ ഏടൊക്കെയൊന്ന് പൊടിതട്ടിയെടുക്കേണ്ടതല്ലേ? അതുംപോട്ടെ, കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ സമഗ്രാന്വേഷണത്തിനു നിയോഗിച്ച ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍ പണി തുടങ്ങിയ സാഹചര്യത്തിലെങ്കിലും ഒരു തിരിഞ്ഞു നോട്ടം വേണ്ടതല്ലേ!

എന്തായിരുന്നു മുമ്പ് ഹൈക്കോടതി കേരള ക്രൈംബ്രാഞ്ച് ഇ ഡിക്കെതിരെ ഇട്ട എഫ്ഐആര്‍ റദ്ദ് ചെയ്തപ്പോള്‍ നടത്തിയ അര്‍മാദിക്കല്‍? സംസ്ഥാന സര്‍ക്കാരിന്‍റെ മുഖത്തേറ്റ അടിയെന്നുപറഞ്ഞ ങ്ങള് ഇപ്പം എന്തുപറയുന്നു? അതേ ഹൈക്കോടതി വിധീടെ പിന്‍ബലത്തിലല്ലേ ഹേ ഇപ്പോള്‍ ഇ ഡിക്കെതിരെ അന്വേഷണത്തിനും കേസെടുക്കാനും രേഖകള്‍ പരിശോധിച്ച ജില്ലാ കോടതി ഉത്തരവിട്ടത്. ജൂഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാനമന്ത്രി സഭ തീരുമാനിച്ചപ്പോള്‍ ഇ ഡിക്കെതിരെ, കേന്ദ്ര ഏജന്‍സിക്കെതിരെ കേസെടുക്കാനും ജൂഡീഷ്യല്‍ അന്വേഷണത്തിനും സംസ്ഥാന സര്‍ക്കാരിനെന്തധികാരം, ഇതെന്താ വെള്ളരിക്കാപ്പട്ടണമോ ന്നൊക്കെ മോങ്ങി നടന്ന മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്, 24 പിന്നെ 18 ആദിയായവരെല്ലാം, ചാനലുകാരും പത്രങ്ങളും ഇതുക്കൊക്കെ അപ്പുറമുള്ള സത്തിയം എന്താന്ന് ഒന്ന് നോക്കണ്ടേ? കള്ളക്കടത്തു പിടിച്ചയുടന്‍ കസ്റ്റംസിനെ വിളിച്ച ബിഎംഎസ്സുകാരനും സ്വപ്നയുമായി ബന്ധപ്പെട്ട പഴേ വ്യാജാരേഖാ ഫെയിം അനില്‍ നമ്പ്യാരുമൊക്കെ ഇവിടൊക്കെ തന്നെയുണ്ടോന്നൊരു അന്വേഷണ പരമ്പരയൊക്കെയാകാം.

യുഎഇയുടെ കോണ്‍സല്‍ ജനറലും അറ്റാഷെയും ഈജിപ്തുകാരന്‍ ഖാലിദുമെല്ലാം ഇപ്പോ എവിടെയാണെന്നും സ്വര്‍ണം കടത്തി അയച്ച വിദ്വാന്‍ ഇപ്പോള്‍ ഗള്‍ഫിലാണോ അതോ ആഫ്രിക്കേലോ എന്നൊക്കെ ഒരു പരമ്പര തുടങ്ങാന്‍ മനോരമയ്ക്ക് നല്ല സ്കോപ്പുണ്ട്. 21 തവണ ഇവിടെ കള്ളക്കടത്തിലൂടെ എത്തിച്ച സ്വര്‍ണം കൊണ്ടുപോയ വഴിയിലൂടെ ഒന്നു തിരിഞ്ഞുനോക്കിയാല്‍ വല്ലപൊട്ടും പൊടിയും കിട്ടുകേം ചെയ്യും.

ഇതൊക്കെ പോട്ടെ, ഇപ്പോ കുഴല്‍പ്പണമിടപാടില്‍പെട്ട് തല പൂഴ്ത്തി നിക്കണ ബിജെപി പ്രസിഡന്‍റിനോടെങ്കിലും ഒന്നു ചോയ്ച്ചൂടേ കൂട്ടരേ ങ്ങക്ക് എവിടെന്നാ കിട്ടിയത് മുഖ്യമന്ത്രീന്‍റെ ഓഫീസീന്ന് കസ്റ്റംസിനെ വിളിച്ചൂന്ന വിവരം? ചെന്നിയോടുമൊന്നു ചോദിക്കാം. ങ്ങള് പത്രസമ്മേളനത്തില് പറഞ്ഞ നുണകളുടെയൊക്കെ ഉറവിടം ഉള്ളിയാണോന്ന്? അതോ വീഡിയോ ചെയ്ത് എല്‍ഡിഎഫിനെ തോല്‍പ്പിച്ച വിദ്വാനോ ഐടി എക്സ്പര്‍ട്ടോ മറ്റോ ആണോന്നെങ്കിലും ഇപ്പോള്‍ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട് വീണിതല്ലോ കിടക്കുന്നു എന്ന മട്ടിലായ ചെന്നിയോട് ചോദിക്കേണ്ടതല്ലേ?

അതിനൊന്നും നിങ്ങളു മെനക്കെടില്ലാന്നറിയാത്തോണ്ടല്ല. ങ്ങള് ഇനീം ചൊറിഞ്ഞോണ്ടിരിക്കേം ചെയ്യുമെന്നുമറിയാം. ങ്ങളെ അജന്‍ഡ വേറെയാണല്ലോ. നടക്കട്ടെ, നടക്കട്ടെ!•