ഫാസിസവും വി ഡി സതീശനും

കെ എ വേണുഗോപാലന്‍

വി ഡി സതീശന്‍ പ്രതിപക്ഷനേതാവായതിനെ വന്‍തോതിലാണ് കുത്തക മാധ്യമങ്ങള്‍ ആഘോഷിച്ചത്. 64 വയസ്സുകാരനില്‍ നിന്ന് 56 വയസുകാരനിലേക്ക് എത്തുന്നത് തലമുറ മാറ്റമായി ആഘോഷിക്കപ്പെട്ടു. സതീശന്‍റെ ബിരുദാനന്തര ബിരുദം, പരന്നവായന ഇതൊക്കെ പ്രചാരണോപാധികളായി മാറി. മിക്കവാറും എല്ലാ മാധ്യമങ്ങളും പ്രതിപക്ഷനേതാവിന്‍റെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ചു. അതിലൊക്കെ ആവര്‍ത്തിക്കപ്പെട്ട ഒരു പൊതു ആശയം ഉണ്ടായിരുന്നു. സിപിഐഎം ഫാസിസ്റ്റ് രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്നതായിരുന്നു അത്. അതോടെ രണ്ടു കാര്യങ്ങളെക്കുറിച്ച് സതീശന് വ്യക്തതയില്ലെന്ന് ബോധ്യമായി. ഒന്ന് അദ്ദേഹത്തിന് ഫാസിസം എന്നാല്‍ എന്താണ് എന്ന് അറിയില്ല. രണ്ട്, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാതത്ത്വമായ ജനാധിപത്യകേന്ദ്രീകരണം എന്ത് എന്നതിനെക്കുറിച്ചും അദ്ദേഹത്തിന് യാതൊരു ധാരണയുമില്ല.

സിപിഐ എം ഫാസിസ്റ്റ് രീതിയിലേക്കു മാറുന്നു എന്നതിനു തെളിവായി അദ്ദേഹം പറയുന്നത് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഒച്ചപ്പാടും ബഹളവും വിവാദങ്ങളും ഇല്ലാതെ മന്ത്രിസഭാ രൂപീകരണം നടന്നതാണ് ഫാസിസ്റ്റ് രീതിയുടെ ലക്ഷണമായി സതീശന്‍ കാണുന്നത്.

എല്‍ഡിഎഫില്‍ പുതിയ രണ്ട് ഘടകകക്ഷികള്‍ ഉണ്ടായിട്ടും തര്‍ക്കങ്ങളോ ഇറങ്ങിപ്പോക്കുകളോ ഇല്ലാതെ സീറ്റു വിഭജനം നടത്താനും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനും കഴിഞ്ഞു. രണ്ടുവട്ടം മന്ത്രിമാരായ പ്രഗത്ഭരെ ഒഴിവാക്കി നിര്‍ത്തിക്കൊണ്ട് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനായി. എംഎല്‍എമാരെ നിശ്ചയിക്കുമ്പോഴും ഈ മാനദണ്ഡം പൂര്‍ണമായി പാലിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിച്ചു വന്ന മുന്‍ മന്ത്രിമാരെ ഒഴിവാക്കിക്കൊണ്ട് പുതിയ തലമുറയെ മന്ത്രിമാരാക്കാന്‍ സിപിഐ എം തീരുമാനിച്ചു. ആരൊക്കെയായിരിക്കും മന്ത്രിമാര്‍ എന്ന് മാധ്യമങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും കഴിഞ്ഞില്ല.

മന്ത്രിമാര്‍ക്കായി ജാതി - മത ശക്തികള്‍ അവകാശവാദം ഉന്നയിച്ചില്ല.

ഒഴിവാക്കപ്പെട്ട ചിലരുടെ പേരു പറഞ്ഞുകൊണ്ട് മാധ്യമകോലാഹലം നടന്നെങ്കിലും പാര്‍ട്ടി തീരുമാനത്തില്‍ അണുവിട മാറ്റമുണ്ടായില്ല. ഇതിനെയൊക്കെയാണ് ഫാസിസ്റ്റ് പ്രവണതയായി സതീശന്‍ വ്യാഖ്യാനിക്കുന്നത്. ഇതില്‍നിന്നു വ്യക്തമാകുന്ന കാര്യം എന്താണ്? ഫാസിസം എന്നതു സംബന്ധിച്ച്  ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന് യാതൊരു ധാരണയുമില്ല എന്നാണ്.

 എന്താണ് ഫാസിസം എന്ന് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. "ഫൈനാന്‍സ് മൂലധനക്കാരില്‍വച്ച് ഏറ്റവും പിന്തിരിപ്പനും അങ്ങേയറ്റത്തെ സങ്കുചിത ദേശീയവാദികളും കടുത്ത സാമ്രാജ്യത്വ വാദികളുമായ ശക്തികളുടെ പരസ്യവും ഭീകരവുമായ സ്വേഛാധിപത്യമാണ് അധികാരത്തിലേറിയ ഫാസിസം" എന്നാണ് കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പതിമൂന്നാം പ്ലീനം ഫാസിസത്തെ നിര്‍വചിച്ചത്.  ഫിനാന്‍സ് മൂലധന ശക്തികളുടെ താല്‍പര്യാനുസരണം ഭരിക്കുന്ന സ്വേച്ഛാധിപത്യ ശക്തികളാണ് ഫാസിസ്റ്റുകള്‍ ആയി വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം ഫിനാന്‍സ് മൂലധനശക്തികളുടെ താല്പര്യാനുസരണം ഭരിച്ചു വന്നിരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു. അതുകൊണ്ടാണ് അവര്‍ പുത്തന്‍ സാമ്പത്തിക നയം എന്ന പേരില്‍ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ഈ നയങ്ങള്‍ നടപ്പിലാക്കുന്നതിന് കോണ്‍ഗ്രസിനേക്കാള്‍ ഭേദം ഭാരതീയ ജനതാ പാര്‍ട്ടിയാണെന്ന് ബോധ്യപ്പെട്ട ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസി പിന്നീട് അവരെ പിന്തുണയ്ക്കാന്‍ തുടങ്ങി. മുസോളിനിയുടെ കാലം മുതല്‍  ഫാസിസത്തിന്‍റെ ആരാധകരായിരുന്ന ആര്‍എസ്എസിന്‍റെ രാഷ്ട്രീയ ഉപകരണമായ ബിജെപി ഇന്ത്യന്‍ ജനാധിപത്യത്തെ ഞെരിച്ചു കൊല്ലാനും ഫാസിസ്റ്റ് വല്‍ക്കരിക്കാനും ആരംഭിച്ചു. അത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അതിനെതിരെ നിരന്തരമായി പോരാട്ടം നടത്തുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ മാത്രമാണ്. കോണ്‍ഗ്രസ്, ബിജെപിയുടെ ഹിന്ദുത്വ നയത്തിനെതിരായി മൃദുഹിന്ദുത്വം പ്രയോഗിക്കുന്നതിനാണ് ശ്രമിച്ചു വന്നിട്ടുള്ളത്. ആ ആശയൈക്യത്തിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിരവധി മണ്ഡലങ്ങളില്‍ ബിജെപിക്കാര്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്തത്. അങ്ങനെ ജയിച്ചുവന്ന കോണ്‍ഗ്രസ് എംഎല്‍എ മാരുടെ കൂടി നേതാവാണ് സതീശന്‍. ആ സതീശന് ഫാസിസ്റ്റുകള്‍ ആയ ബിജെപിക്കാരെ വെള്ളപൂശുകയും സിപിഐ എം ഫാസിസ്റ്റ് പാതയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നു പറയുകയും ചെയ്യേണ്ടത് രാഷ്ട്രീയമായ നിലനില്‍പ്പിന് ആവശ്യമാണ്. പക്ഷേ അതിന് വസ്തുതകളുമായി യാതൊരു ബന്ധവുമില്ല എന്നെങ്കിലും സതീശന്‍ മനസ്സിലാക്കണം.

സിപിഐ എമ്മില്‍ എല്ലാം ഒരാള്‍ തീരുമാനിക്കുന്നു എന്നാണ് അദ്ദേഹത്തിന്‍റെ വ്യാഖ്യാനം. പിണറായി വിജയനെ സിപിഐ എമ്മിലെ ഏകാധിപതിയായി ചിത്രീകരിക്കുന്നതിനാണ് ഈ വ്യാഖ്യാനം കൊണ്ടുവരുന്നത്. സിപിഐഎം പിന്തുടരുന്ന ജനാധിപത്യകേന്ദ്രീകരണം എന്ന സംഘടനാതത്ത്വത്തെ ക്കുറിച്ച് അറിയാത്തതുകൊണ്ടോ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നതു കൊണ്ടോ ആണ് ഈ പ്രചാരണം അദ്ദേഹം നടത്തുന്നത്. വ്യക്തി ഘടകത്തിനും ഘടകത്തിലെ ന്യൂനപക്ഷം ഭൂരിപക്ഷത്തിനും ഘടകം മേല്‍ ഘടകത്തിനും കീഴ്പ്പെട്ടു പ്രവര്‍ത്തിക്കണം എന്നതാണ് ജനാധിപത്യകേന്ദ്രീകരണത്തിന്‍റെ അടിസ്ഥാനതത്ത്വം. തീരുമാനങ്ങള്‍ എടുക്കുന്നത് പൂര്‍ണമായും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുസരിച്ചായിരിക്കണം. കമ്യൂണിസ്റ്റ് പാര്‍ട്ടി ഘടകങ്ങള്‍ക്കകത്ത് തീരുമാനമെടുക്കുന്നത് വിശദമായ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. ആ ഘടകത്തിലെ അംഗങ്ങള്‍ക്ക് വിമര്‍ശന - സ്വയം വിമര്‍ശനപരമായി ഏതൊരു കാര്യത്തെയും സംബന്ധിച്ചുള്ള തങ്ങളുടെ നിലപാട് ഘടകത്തിനകത്ത് വ്യക്തമാക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ചര്‍ച്ച നടത്തി തീരുമാനം എടുത്തു കഴിഞ്ഞാല്‍ ആ തീരുമാനം അംഗീകരിക്കാന്‍ ആ ഘടകത്തിലെ അംഗങ്ങള്‍ എല്ലാവരും ബാധ്യസ്ഥരാണ്. അതില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ മേല്‍ ഘടകത്തെ സമീപിക്കാവുന്നതാണ്. പരാതിയോ വ്യത്യസ്ത അഭിപ്രായമോ പരസ്യപ്പെടുത്താന്‍ ഒരു പാര്‍ട്ടി അംഗത്തിനും അവകാശമില്ല. ഈ സംഘടനാ തത്ത്വം അംഗീകരിക്കുന്നവര്‍ക്കു മാത്രമേ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അവകാശം ഉള്ളൂ. ഇത് സതീശന്‍റെ പാര്‍ട്ടിക്ക് ബാധകമായ കാര്യമല്ല. അവിടെ ആര്‍ക്കും എന്തും പറയാനുള്ള  അവകാശം ഉണ്ട്. ജനാധിപത്യം എന്നാല്‍ അരാജകത്വമാണ് എന്നാണ് അവര്‍ ധരിച്ചു വെച്ചിട്ടുള്ളത്. ഇതേ അരാജകവാദികള്‍ തന്നെ ഹൈക്കമാന്‍ഡിന്‍റെ പേരില്‍ ഒന്നോ രണ്ടോ പേര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശിരസാവഹിക്കുകയും ചെയ്യും. ദശകങ്ങളായി സംഘടനാ തിരഞ്ഞെടുപ്പുപോലും നടത്താന്‍ പ്രാപ്തിയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. അവിടെ എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. ഈ ധാരണ വെച്ചാണ് സതീശന്‍ ഇവിടെയും കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഒരു വ്യക്തിയാണ് എന്നു പറയുന്നത്. അത് സതീശന് സംഭവിച്ച സ്ഥലജല വിഭ്രാന്തി മൂലമാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ചെന്നിത്തലയുടെ പരിഷ്കൃതരൂപം മാത്രമാണ് സതീശന്‍ എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. •