ദാരിദ്ര്യവും പട്ടിണിയും ലോക്ഡൗണും

പ്രഭാത് പട്നായക്

2020മാര്‍ച്ച് 24നാണ് നരേന്ദ്രമോഡി, രാജ്യത്ത് നാലുമണിക്കൂറൂകൂടി കഴിഞ്ഞാല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചത്! ഈ രാജ്യവ്യാപക ലോക്ഡൗണ്‍ മെയ് അവസാനം വരെ തുടര്‍ന്നു; അതിനുശേഷം പ്രാദേശിക ലോക്ഡൗണുകള്‍ അവിടവിടങ്ങളില്‍ ഉണ്ടായി. 2020 മാര്‍ച്ച് 24ന് പ്രഖ്യാപിച്ച ആ ലോക്ഡൗണ്‍ ലക്ഷക്കണക്കിനു വരുന്ന പണിയെടുക്കുന്ന ദരിദ്രജനവിഭാഗങ്ങള്‍ക്ക്  അതികഠിനമായ കഷ്ടപ്പാടുകളാണ് ഉണ്ടാക്കിയത്; അതില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ദുരിതം ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ലോക്ഡൗണിനെ സംബന്ധിച്ചു പറയുമ്പോള്‍ ഞെട്ടിപ്പിക്കുന്നതെന്തെന്നാല്‍, അന്ന് ട്രംപിനു കീഴിലായിരുന്ന അമേരിക്കയടക്കമുള്ള മറ്റെല്ലാ രാജ്യങ്ങളില്‍നിന്നും ഫലത്തില്‍ വ്യത്യസ്തമായിരുന്നു ഇന്ത്യ; അതായത് ലോക്ഡൗണ്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന വരുമാനമില്ലായ്മയെ  തരണം ചെയ്യുന്നതിനുള്ള യാതൊരുവിധ നഷ്ടപരിഹാരവും (പ്രത്യേകം ടാര്‍ഗറ്റു ചെയ്ത ചുരുക്കം ചില വിഭാഗങ്ങള്‍ക്ക് നല്‍കിയ തുച്ഛമായ തുകയൊഴികെ) ഇന്ത്യ അതിന്‍റെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നില്ല. തല്‍ഫലമായി ജനങ്ങള്‍ വരുമാനമില്ലായ്മയിലേക്കും പരമദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളപ്പെട്ടു; ലോക്ഡൗണ്‍ പിന്‍വലിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്ക് ആ അവസ്ഥയില്‍നിന്നും രക്ഷപ്പെടാന്‍ സാധിച്ചിട്ടില്ല. നിരവധി പൗരസമൂഹ സംഘടനകള്‍ ചേര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ ഹംഗര്‍ വാച്ച് എന്നു വിളിക്കപ്പെടുന്ന ഒരു സര്‍വെയില്‍, ഇപ്പോഴും കരകയറിയിട്ടില്ലാത്ത ഈ അവസ്ഥാവിശേഷത്തെ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഏതെങ്കിലുമൊരു സൂചക സാമ്പിളിനെ അടിസ്ഥാനപ്പെടുത്തിയുള്ളൊരു സര്‍വെയല്ല; അത് ചെലവിന്‍റെ ഏതെങ്കിലുമൊരു സ്ഥിതിവിവര കണക്ക് രേഖപ്പെടുത്തുന്നുമില്ല. മേല്‍പ്പറഞ്ഞ പൗരസംഘടനകള്‍ ഒരു കൂട്ടം ജനങ്ങളോട് അവരുടെ അഭിപ്രായങ്ങള്‍ ആരായുക മാത്രമാണ് ഈ സര്‍വെയില്‍ ചെയ്തത്. അങ്ങനെ സര്‍വെ ജനങ്ങളുടെ അഭിപ്രായങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്നു.

സര്‍വെയില്‍ പ്രതികരിച്ച ഏതാണ്ട് 4000 പേരില്‍ പകുതിയിലധികവും (അതായത് 53.5 ശതമാനവും) പറഞ്ഞത്, 2020 മാര്‍ച്ചുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒക്ടോബറില്‍ അരിയിലും ഗോതമ്പിലുമുള്ള അവരുടെ ഗാര്‍ഹിക ഉപഭോഗം താഴ്ന്നിരിക്കുന്നു എന്നാണ്. പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മുട്ട/ഇറച്ചി തുടങ്ങിയവയിലെ ഇപ്പോഴുള്ള ഗാര്‍ഹിക ഉപഭോഗം ഇടിഞ്ഞിരിക്കുന്നു എന്നാണ് ഈ പകുതിയിലധികം ശതമാനം പേരും പറയുന്നത്. സര്‍വെയില്‍ പ്രതികരിച്ചവരില്‍ 62 ശതമാനത്തിലധികം പേരുടെയും പ്രതിമാസ കുടുംബവരുമാനത്തില്‍  ലോക്ഡൗണിനു മുന്‍പും ഒക്ടോബറിനുമിടയില്‍ ഒരു വലിയ ഇടിവുണ്ടായിരിക്കുന്നു എന്ന സര്‍വെ കണ്ടെത്തലുമായി തട്ടിച്ചുനോക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കണ്ടെത്തല്‍ പൊരുത്തപ്പെടുന്നതാണ്. ലോക്ഡൗണിനു മുന്‍പുള്ളതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അധ്വാനശക്തിയുടെ പങ്കെടുക്കല്‍ നിരക്കില്‍ ഒരു വര്‍ധനവുണ്ടായിരിക്കുന്നതും ഇതുകൊണ്ടാണ്: വഷളായിക്കൊണ്ടിരിക്കുന്ന ഭൗതിക സാഹചര്യങ്ങള്‍മൂലം കൂടുതല്‍ ആളുകള്‍ തൊഴിലന്വേഷിച്ച് അധ്വാനശക്തിയില്‍ അണിചേരാന്‍ നിര്‍ബന്ധിതരായി.

ഇത്തരം കണ്ടെത്തലുകളില്‍നിന്നും പൊതുവായ നിഗമനങ്ങളിലേക്കെത്തിപ്പെടാന്‍ കഴിയാത്തതുകൊണ്ട്, സര്‍വെയില്‍ പ്രതികരിച്ചവരുടെ സാമ്പിള്‍ സൂചകപരമല്ല എന്ന വാദം ഉയര്‍ന്നേക്കാം; എന്തുതന്നെയായാലും ചില സവിശേഷ വിഭാഗങ്ങള്‍ക്കിടയില്‍ ലോക്ഡൗണ്‍ മൂലം പട്ടിണി വര്‍ധിച്ചിട്ടുണ്ട്, എങ്കില്‍ അതുതന്നെയാണ് ഏറ്റവും സുപ്രധാനമായ പോയിന്‍റ്. യഥാര്‍ഥത്തില്‍ ഹംഗര്‍ വാച്ച് സര്‍വെ, ഏറ്റവും ദുര്‍ബല വിഭാഗങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിച്ചത്.

ലോക്ഡൗണിനു മുന്‍പുള്ള നാളുകള്‍ക്കും ഒക്ടോബറിനും ഇടയില്‍ ഉപഭോഗത്തില്‍ ഇടിവു വന്നിട്ടുള്ള ആളുകളുടെ ശതമാനം (സര്‍വെയില്‍ പ്രതികരിച്ചവരുടെ), ഗ്രാമീണ മേഖലകളെ അപേക്ഷിച്ച് നഗരമേഖലകളില്‍ വളരെ കൂടുതലാണ് എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കണ്ടെത്തല്‍. ഇത് പ്രതീക്ഷകള്‍ക്കു വിപരീതമായിരുന്നു. സവിശേഷമായി, അതിരൂക്ഷമായ പട്ടിണിയും പോഷകാഹാരക്കുറവും നഗരമേഖലകളേക്കാള്‍ കൂടുതല്‍ ഗ്രാമീണ മേഖലകളിലാണുള്ളത്.  പോഷകാഹാരവുമായി ബന്ധപ്പെട്ട് ദാരിദ്ര്യത്തെ നിര്‍വചിക്കുമ്പോള്‍, അത് നഗരമേഖലകളേക്കാള്‍ ഗ്രാമീണ ഇന്ത്യയിലാണ് സ്ഥായിയായി ഉയര്‍ന്നുനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ, ലോക്ഡൗണ്‍ മൂലമുണ്ടായ പട്ടിണി അര്‍ബണ്‍ ഇന്ത്യയില്‍ കൂടുതലായിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ഈ പ്രഹേളികയ്ക്ക് സ്പഷ്ടമായ രണ്ട് ഉത്തരങ്ങളാണുള്ളത്. നഗരത്തിലെ ദരിദ്രജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ലായെന്നതും, അതുകൊണ്ടുതന്നെ അവര്‍ക്കു പൊതുവിതരണ സംവിധാനം നിഷേധിക്കപ്പെട്ടു എന്നതുമാണ് അതില്‍ ഒന്നാമത്തേത്. രണ്ട്, അതിയായ ദുരിതത്തിന്‍റെ ഈ നാളുകളില്‍ തൊഴിലുറപ്പു പദ്ധതി ഗ്രാമീണ ജനസംഖ്യയ്ക്കു ചെറിയൊരു ആശ്വാസം നല്‍കിയിരുന്നു, എന്നാല്‍ അര്‍ബണ്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള യാതൊരു സ്കീമും ഉണ്ടായിരുന്നില്ലാ എന്നതുകൊണ്ടു തന്നെ അവിടെ ദുരിതം അത്യധികമായി തീര്‍ന്നു.

ഹംഗര്‍ വാച്ച് റിപ്പോര്‍ട്ടില്‍നിന്നും നമുക്ക് ഒട്ടേറെ സുപ്രധാനമായ നിഗമനങ്ങളില്‍, കണ്ടെത്തലുകളില്‍ എത്തിച്ചേരാനാകും. ലോക്ഡൗണ്‍ കാലത്ത് യാതൊരുവിധ ആശ്വാസവും നല്‍കിയിരുന്നില്ല, എന്നതുകൊണ്ടുതന്നെ, അക്കാലത്ത് ദുരിതവും പരമദാരിദ്ര്യവും സംഭവിക്കുമെന്നുറപ്പാണ്. എന്നാല്‍ ഇപ്പോള്‍ ഞെട്ടിപ്പിക്കുന്നതെന്തെന്നാല്‍, ലോക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷവും ഈ ദുരിതം തുടരുകയും അതിപ്പോഴും രൂക്ഷമായി ത്തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു എന്നതാണ്. ലോക്ഡൗണ്‍ ഉല്‍പാദനത്തെ തടസ്സപ്പെടുത്തും, പിന്നീട് അത് പിന്‍വലിച്ചതിനുശേഷം ഉല്‍പാദനം സാധാരണനില കൈവരിക്കും എന്നതാണ് പരക്കെയുള്ള വിശ്വാസം. എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് ധനപരമായ കൈമാറ്റങ്ങളിലൂടെ അധ്വാനിക്കുന്ന ജനങ്ങളുടെ വരുമാനം നിലനിര്‍ത്തിപ്പോയാല്‍ മാത്രമേ ഈ വിശ്വാസത്തിന് സാധുതയുള്ളൂ; അങ്ങനെ ചെയ്തില്ലെങ്കില്‍ ഈ വിശ്വാസം പാടേ തെറ്റായി മാറും, ഇന്ത്യയില്‍ സംഭവിച്ചതുപോലെ.

ലോക്ഡൗണ്‍ കാലത്ത് അധ്വാനിക്കുന്ന ജനങ്ങളുടെ വരുമാനം രാജ്യം നിലനിര്‍ത്തിപ്പോയിരുന്നു എന്നു സങ്കല്‍പിക്കുക. അങ്ങനെയായിരുന്നുവെങ്കില്‍, ഭക്ഷ്യധാന്യങ്ങള്‍ക്കും മറ്റ് ഉപഭോഗവസ്തുക്കള്‍ക്കുമുള്ള അവരുടെ ഡിമാന്‍റ് ഇടിയുമായിരുന്നില്ല; ഈ ചോദനം നിലനിര്‍ത്തുന്നതിനുവേണ്ടി ജനങ്ങള്‍ക്ക്  കടം വാങ്ങേണ്ടതായും വരില്ലായിരുന്നു. ഉല്‍പാദനം നിലവില്‍ നിര്‍ത്തിവെയ്ക്കപ്പെട്ടിരിക്കുന്നതിനാല്‍ കച്ചവടക്കാര്‍ക്ക് അവരുടെ കൈയിലുള്ള ചരക്കുകൂമ്പാരംവെച്ച് ഈ ആവശ്യകതകളെ മറികടക്കുകയും ചെയ്യാമായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ പിന്നീട് ലോക്ഡൗണ്‍ പിന്‍വലിക്കുകയും ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍നിന്നും തൊഴിലാളികളിലേക്ക് വരുമാനം ഒഴുകുകയും ചെയ്യുമ്പോള്‍ (അതുവഴി ധനപരമായ കൈമാറ്റത്തിന്‍റെ ആവശ്യകത ഇല്ലാതെയാകുന്നു), ഉപഭോഗത്തിന്‍റെ ചോദനം മുന്‍പത്തേതുപോലെ തന്നെ നിലനില്‍ക്കുമായിരുന്നു; കൂടാതെ ചരക്കു കൂമ്പാരം വീണ്ടും സമ്പൂര്‍ണമാക്കുന്നത് ചോദനത്തിന്‍റെ സാധാരണ നില പിന്നെയും കൂട്ടുകയും ചെയ്യും; ഉല്‍പാദനം മുന്‍പത്തേക്കാള്‍ വര്‍ധിക്കുകയും ചെയ്യുമായിരുന്നു.

നേരെമറിച്ച്, ലോക്ഡൗണ്‍ കാലത്ത് അധ്വാനിക്കുന്ന ജനങ്ങളുടെ വരുമാനം പൂജ്യമായാല്‍, അവര്‍ക്ക് തങ്ങളുടെ ഉപഭോഗം വെട്ടിച്ചുരുക്കേണ്ടതായും ഒപ്പം തന്നെ ഈ വെട്ടിച്ചുരുക്കപ്പെട്ട ഉപഭോഗം നടത്തുന്നതിനുവേണ്ടി കടം വാങ്ങേണ്ടതായും വരും. അങ്ങനെയാകുമ്പോള്‍, ലോക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം ഉല്‍പാദനം പഴയനിലയിലാകുമെന്ന് നമ്മള്‍ കരുതിയാലും, അതിന്‍റെ ഡിമാന്‍റ് എന്നു പറയുന്നത് കുറയ്ക്കുക തന്നെ ചെയ്യും; കാരണം അധ്വാനിക്കുന്ന ജനങ്ങള്‍ വാങ്ങിയ കടം അവര്‍ക്ക് പലിശസഹിതം തങ്ങളുടെ ശമ്പളത്തില്‍നിന്നും തിരിച്ചുനല്‍കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഡിമാന്‍റ് മുന്‍പത്തെ നിലയിലേക്കെത്തുകയില്ല (ജനങ്ങള്‍ കടം തിരിച്ചടയ്ക്കാത്തിടത്തോളം).

ഈ കാരണം കൊണ്ടുതന്നെ ഡിമാന്‍റിനോടു ബന്ധപ്പെട്ടു കിടക്കുന്ന ഉത്പാദനം, ലോക്ഡൗണ്‍ പൂര്‍വകാലത്ത് ഉണ്ടായിരുന്ന നിലയിലേക്ക് ഒരിക്കലും എത്തുകയില്ല. അങ്ങനെ വരുമ്പോള്‍  സമ്പദ്വ്യവസ്ഥ ഒരിക്കലും ഉല്‍പാദനത്തിന്‍റെയും ഉപഭോഗത്തിന്‍റെയും പഴയ നിലയിലേക്ക് പൂര്‍ണമായി വീണ്ടെടുക്കപ്പെടുകയില്ല. ലോക്ഡൗണിനു മുന്‍പുണ്ടായിരുന്ന നിലയില്‍നിന്ന് ജനങ്ങളുടെ ഉപഭോഗം താഴ്ന്നിരിക്കുമ്പോള്‍ തന്നെ അവരുടെ വരുമാനം സ്ഥായിയായി കുറയുകയും കടബാധ്യത വര്‍ധിക്കുകയും ചെയ്യുകയും തന്മൂലം ജനങ്ങള്‍ ദുരിതം പേറുകയും മാത്രമല്ല ഉണ്ടാകുന്നത്, മറിച്ച്, സമ്പദ്വ്യവസ്ഥയുടെ തന്നെ വീണ്ടെടുപ്പ് തലയറ്റ നിലയിലാകുകയും ചെയ്യുന്നു.

അതിനാല്‍, ലോക്ഡൗണ്‍ കാലത്ത് ധനപരമായ കൈമാറ്റങ്ങളിലൂടെ അധ്വാനിക്കുന്ന ജനങ്ങളുടെ വരുമാനം നിലനിര്‍ത്തിപ്പോകുക എന്നത് സാമ്പത്തികമായ വീണ്ടെടുപ്പിനും സാമ്പത്തിക ദുരിതത്തിന്‍റെ ദുരീകരണത്തിനും അനിവാര്യമാകുന്നു. മോഡി ഗവണ്‍മെന്‍റിന്‍റെ അങ്ങേയറ്റത്തെ ഹൃദയശൂന്യതമൂലം അവര്‍ ഇതു ചെയ്തില്ലാ എന്നുമാത്രമല്ല, അങ്ങനെ അധ്വാനിക്കുന്ന ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്‍റെയും വരുമാനം പൂജ്യത്തിലെത്തിക്കുകയും ചെയ്തു. അതിന്‍റെ അനന്തരഫലങ്ങള്‍ കൃത്യമായി സ്ഥാപിക്കുന്നു എന്നതിനാലാണ് ഹംഗര്‍ വാച്ച് സര്‍വെയുടെ കണ്ടെത്തലുകള്‍ പ്രധാനപ്പെട്ടതാകുന്നത്.

പൂര്‍ത്തീകരിക്കാതെ കിടക്കുന്ന അടിസ്ഥാന സൗകര്യ പ്രോജക്ടുകളിലുള്ള കേന്ദ്രത്തിന്‍റെ ചെലവഴിക്കലിലൂടെ സാമ്പത്തിക വീണ്ടെടുപ്പ് ഉത്തേജിപ്പിക്കപ്പെടും എന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നത്. ഇവിടെ വരുന്ന യഥാര്‍ഥ ചോദ്യം ഇതാണ്: എത്രയാണ് ചെലവഴിക്കുന്നത്? ലോക്ഡൗണിനു മുന്‍പുണ്ടായിരുന്നതിനു തുല്യമാണ് ഇപ്പോഴത്തെ ചെലവഴിക്കല്‍ എങ്കില്‍, ലോക്ഡൗണ്‍ പൂര്‍വകാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോക്ഡൗണ്‍ അനന്തരകാലത്ത് അധ്വാനിക്കുന്ന ജനങ്ങളുടെ ഉപഭോഗം കുറഞ്ഞതുകൊണ്ട് (കടം അവര്‍ക്ക് തിരിച്ചടയ്ക്കേണ്ടതുണ്ട്) സമ്പദ്വ്യവസ്ഥയിലെ മൊത്തം ഡിമാന്‍റ് മുന്‍പത്തേക്കാള്‍ കുറവായിരിക്കും. അതുകൊണ്ടുതന്നെ ഉല്‍പാദനവും ലോക്ഡൗണിനുമുന്‍പുണ്ടായിരുന്നതിനേക്കാള്‍ കുറവായിരിക്കും. എന്നുവെച്ചാല്‍ സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പ് നിശ്ചലമായിരിക്കും. അതുകൊണ്ടുതന്നെ, അടിസ്ഥാനസൗകര്യത്തിലും അത്തരം മറ്റു പ്രോജക്ടുകളിലുമുള്ള ചെലവഴിക്കല്‍ ലോക്ഡൗണിനു മുന്‍പുണ്ടായിരുന്നതിനേക്കാള്‍ വളരെ കൂടുതലായിരിക്കണം; അതായത് അധ്വാനിക്കുന്ന ജനങ്ങളിലുണ്ടായ കുറഞ്ഞ ഡിമാന്‍റിനെ നികത്തുന്നതിനുതകുന്ന വിധത്തില്‍ അത്രയേറെ കൂടുതലായിരിക്കണം അത്; എങ്കില്‍ മാത്രമേ പൂര്‍ണമായ സാമ്പത്തിക വീണ്ടെടുപ്പ് സാധ്യമാകുകയുള്ളൂ.


എന്തുതന്നെയായാലും സമ്പദ്വ്യവസ്ഥയെ വീണ്ടെടുക്കണമെങ്കില്‍, അടിസ്ഥാന സൗകര്യ പ്രൊജക്ടുകളിലൂടെയല്ല, മറിച്ച് ലോക്ഡൗണിനുശേഷമാണെങ്കിലും അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് നേരിട്ട് പണം കൈമാറ്റം നടത്തുന്നതിലൂടെയാണ് അത് നിര്‍വഹിക്കേണ്ടത്. പഴയ തോതിലുള്ള ഉല്‍പാദനനിലയില്‍ ഉല്‍പാദനപരമായ പ്രവര്‍ത്തനത്തില്‍നിന്നും അധ്വാനിക്കുന്ന ജനങ്ങള്‍ക്കു ലഭിക്കുന്ന വരുമാനത്തോടൊപ്പം അവര്‍ക്കുള്ള ധനപരമായ കൈമാറ്റവും കൂടി ചേര്‍ന്നതായിരിക്കണം ആ തുക; അതായത് രണ്ടും കൂടി ചേര്‍ന്നാല്‍ പഴയ നിലയിലുള്ള ഉപഭോഗ ചെലവിനോടൊപ്പം കടം - പലിശ അടവിനും കൂടി തികയണം. അത്തരമൊരു നടപടിയിലൂടെ മാത്രമേ സമ്പദ്വ്യവസ്ഥയെ പഴയ ഉല്‍പാദന നിലയിലേക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളൂ. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ലോക്ഡൗണ്‍ കാലത്ത് അത്തരം കൈമാറ്റങ്ങള്‍ നടത്താതിരുന്നതിന്‍റെ അടയാളങ്ങള്‍ ഇപ്പോള്‍ കാണുന്നു; വീണ്ടെടുപ്പ് ഉത്തേജിപ്പിക്കണമെന്നുണ്ടെങ്കില്‍ ലോക്ഡൗണിനുശേഷമെങ്കിലും കൈമാറ്റങ്ങള്‍ നടത്തപ്പെടണം.

സാമ്പത്തികമായ വീണ്ടെടുപ്പ് ശക്തിപ്പെടുത്തുന്നതിന് പണം കൈമാറ്റങ്ങള്‍ നടത്തുകയെന്നത് ഒരു ഉചിതമായ മാര്‍ഗമാണ്; കാരണം ദുരിതം ദുരീകരിക്കുക എന്നതിനുപുറമെ,  ഇറക്കുമതി ചെയ്ത ചരക്കുകളേക്കാള്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിച്ച ചരക്കുകള്‍ക്കുവേണ്ടിയാണ് ഇത്തരം കൈമാറ്റങ്ങള്‍ ചെലവഴിക്കപ്പെടുക; ഇത് ഗവണ്‍മെന്‍റ് ചെലവിടുന്ന ഓരോ യൂണിറ്റിനും കൂടുതല്‍ ആഭ്യന്തര ഡിമാന്‍റും അതുകൊണ്ടുതന്നെ കൂടുതല്‍ ഉല്‍പാദനവും തൊഴിലവസരവും ഉണ്ടാക്കും.

ഈ പശ്ചാത്തലത്തില്‍, തൊഴിലാളികള്‍ക്കു നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യത്തെ ഗവണ്‍മെന്‍റ് ചെലവഴിക്കല്‍ എന്നത് അര്‍ഥമാക്കേണ്ടതില്ല. സൗജന്യ ഭക്ഷ്യധാന്യ വിതരണം ഗുണകരമാണെങ്കിലും അത് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയില്ല; ഈ വിതരണം കൊണ്ട് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കുന്നുകൂടികിടക്കുന്ന ശേഖരം ഫലപ്രദമായി പ്രയോജനപ്പെടുത്താനാകുന്നു എന്നതാണ്. ഇതിനെല്ലാത്തിനും പുറമെയുള്ള പണം കൈമാറ്റങ്ങള്‍ക്കു മാത്രമാണ് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാവുക. തൊഴില്‍രഹിതരുള്ള എല്ലാ കുടുംബത്തിനും പ്രതിമാസം 6000 രൂപ എന്ന നിലയ്ക്ക് പണം കൈമാറ്റം നടത്തണമെന്ന് പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും മൂന്നുമാസക്കാലത്തേക്ക് ഈ തുക നല്‍കിയാല്‍ പോലും മൊത്തം ചെലവഴിക്കല്‍ ജിഡിപിയുടെ രണ്ടു ശതമാനത്തില്‍ താഴെയേ വരുകയുള്ളൂ; എന്നുവെച്ചാല്‍ അത് പരിപൂര്‍ണമായും നടപ്പാക്കാനാകുന്നതാണ്.

ഹൃദയശൂന്യത പോലെ തന്നെ മോഡി ഗവണ്‍മെന്‍റിന്‍റെ മുഖമുദ്രയാണ് നിഷ്ക്രിയത്വവും. സമ്പദ്വ്യവസ്ഥ അതിരൂക്ഷമായ പ്രതിസന്ധിയിലും ജനങ്ങള്‍ അത്രയേറെ ഭയാനകമായ ദുരിതത്തിലും ആയിരിക്കുന്ന ഈ അവസ്ഥയിലും മോഡി ഗവണ്‍മെന്‍റ് അതിന്‍റെ ധനപരമായ യാഥാസ്ഥിതികത്വത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുകയാണ്.•