വിദേശ ഇന്ത്യക്കാര്‍ക്കിടയിലെ ജാതീയത

സുഭാഷിണി അലി

ജാതി നിര്‍മാര്‍ജനം' എന്ന തന്‍റെ പ്രധാനപ്പെട്ടതും വിജ്ഞാനപ്രദവുമായ കൃതിയില്‍ ഡോ. അംബേദ്കര്‍ പറയുന്നു. "ആഗ്രഹിക്കുന്ന ഏതു ദിശയിലേക്ക് നിങ്ങള്‍ തിരിഞ്ഞാലും നിങ്ങളെ വിടാതെ പിന്തുടരുന്ന ഭീകരസത്ത്വമാണ് ജാതി". ലജ്ജാകരമായ ഈ സത്യത്തിന് പകരംവെയ്ക്കാന്‍ മറ്റൊന്നില്ല; ഇത് ഇന്ത്യയിലെ മാത്രം സ്ഥിതിയല്ല. ഹിന്ദുക്കള്‍ എവിടെയെല്ലാം കാണപ്പെടുന്നുവോ അവിടെയെല്ലാം ജാതിയും ജാതിവിവേചനവുമുണ്ട്.

അമേരിക്കയിലെ ന്യൂജെഴ്സി   റോബിന്‍ വില്ലെയിലെ സ്വാമിനാരായണ്‍ മതശാഖ പണിത കൂറ്റന്‍ ക്ഷേത്രത്തിന്‍റെ പരിസരം ഫെഡറല്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ റെയ്ഡുചെയ്തപ്പോള്‍ ജാതീയ വിവേചനത്തിന്‍റെ പുതിയ തെളിവ് വെളിവായി. ന്യൂജെഴ്സി  സംസ്ഥാനത്ത് പ്രാക്ടീസ്ചെയ്യുന്ന ദളിതയായ സ്വാതി സാവന്തിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം അഭിഭാഷകര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. അമ്പലം പണിക്കുവേണ്ടി ഇന്ത്യയില്‍നിന്ന് കോണ്‍ട്രാക്ടര്‍മാര്‍ വ്യാജ പ്രസ്താവനകള്‍ നല്‍കിയും കപട വാഗ്ദാനങ്ങള്‍ നല്‍കിയും കൂട്ടിക്കൊണ്ടുവന്ന തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്ന വിവരം ഒരുവര്‍ഷംമുമ്പ് അഡ്വ. സ്വാതി സാവന്തിന് ലഭിച്ചു. അവര്‍ രഹസ്യമായി തൊഴിലാളികളെ സംഘടിപ്പിക്കാനാരംഭിച്ചു. യഥാര്‍ഥ വേതനവും ഇമിഗ്രേഷന്‍ ആനുകൂല്യങ്ങളും ഈ തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ അവര്‍ക്ക് നിയമസഹായം നല്‍കാന്‍ ഒരു സംഘത്തെയും സ്വാതി നിയോഗിച്ചു. സ്വാതി പറയുന്നു: "അമേരിക്കയില്‍ തങ്ങള്‍ക്ക് നല്ല ജോലി ലഭിച്ചു; അമേരിക്ക കാണുകയും ചെയ്യാം എന്ന് തൊഴിലാളികള്‍ വിചാരിച്ചു. തങ്ങള്‍ മൃഗസമാനരായി പരിഗണിക്കപ്പെടുമെന്ന് അവര്‍ ഒരിക്കലും കരുതിയില്ല. അസുഖം ബാധിക്കാത്ത യന്ത്രങ്ങളായി തങ്ങളെ കോണ്‍ട്രാക്ടര്‍മാര്‍ കരുതുമെന്നും അവര്‍ ഒരിക്കലും വിചാരിച്ചതല്ല."

തൊഴിലാളികള്‍, അവരില്‍ കൂടുതല്‍പേരും ദളിതര്‍, അമേരിക്കയിലേക്ക് കൊണ്ടുവരപ്പെട്ടത് മത വിസകളിലാണ്. സന്ന്യാസിമാരും മിഷണറിമാരുമാണ് ഈ വിസയില്‍ അമേരിക്കയിലെത്തുന്നത്. വളന്‍റിയര്‍മാരാണെന്ന വ്യാജേനയാണ് അവരെ കോണ്‍ട്രാക്ടര്‍മാര്‍ കൊണ്ടുവന്നത്. നല്ല വേതനവും നല്ല തൊഴില്‍ സാഹചര്യവും ആണ് തൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്. ഇംഗ്ലീഷിലുള്ള നിരവധി പ്രമാണങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ഒപ്പിടുവിച്ചു. ക്ഷേത്ര നിര്‍മാണത്തില്‍ നൈപുണ്യമുള്ള വിദഗ്ധ തൊഴിലാളികളാണ് തങ്ങള്‍ എന്ന് അമേരിക്കന്‍ എംബസി അധികൃതരോട് പറയണമെന്നും നിര്‍ദേശിക്കപ്പെട്ടു. 

ഒരുവര്‍ഷംമുമ്പ് മോഹന്‍ലാല്‍ എന്ന തൊഴിലാളി മരിച്ചു. അയാളുടെ മരണത്തില്‍ തൊഴിലാളികളാകെ രോഷാകുലരായി. ഇന്ത്യയിലേക്ക് മടങ്ങിവന്ന മുകേഷ്കുമാര്‍ എന്ന തൊഴിലാളി സ്വാതി സാവന്തിനെ ബന്ധപ്പെട്ടു. ഫെഡറല്‍ നിയമസ്യൂട്ടില്‍ പേരുനല്‍കപ്പെട്ട ഒരാള്‍ മുകേഷ്കുമാറാണ്. മോഹന്‍ലാലിന്‍റെ മരണത്തില്‍ ക്ഷേത്ര അധികാരികള്‍ സ്വീകരിച്ച മനുഷ്യത്വവിരുദ്ധമായ നിലപാടാണ് തങ്ങളെ ക്ഷേത്ര അധികാരികള്‍ക്കെതിരെ നിലകൊള്ളാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം 'ന്യൂയോര്‍ക്ക് ടൈംസി'നോടു പറഞ്ഞു. മോഹന്‍ലാലിനെപ്പോലെ മരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല"- മുകേഷ് പറഞ്ഞു. 

സ്വാമിനാരായണ്‍ വിഭാഗത്തെ ന്യായീകരിച്ചുകൊണ്ട് ആര്‍എസ്എസിന്‍റെ മുഖവാരികയായ ഓര്‍ഗനൈസര്‍ വളരെ വേഗം രംഗത്തുവന്നു. ഹിന്ദുവിദ്വേഷികളാണ് അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സി അമേരിക്കന്‍ കമ്പനിയായ കുന്‍ഹ കണ്‍സ്ട്രക്ഷന് എതിരെ കേസെടുത്തതിന്‍റെപിന്നില്‍ ഇതേ ഹിന്ദുവിദ്വേഷികളാണെന്നും ഓര്‍ഗനൈസര്‍ ആരോപിച്ചു. എന്നാല്‍ ആ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ക്ഷേത്ര അധികാരികള്‍ കരാറുകൊടുത്തതാണെന്നും അവിടെ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ നിയമവിരുദ്ധമായ ചൂഷണങ്ങള്‍ നേരിടുന്ന കാര്യം ക്ഷേത്ര അധികൃതര്‍ക്ക് പൂര്‍ണമായി അറിയാം എന്നുമുള്ള കാര്യം ആര്‍എസ്എസ് മുഖവാരിക മറച്ചുവെയ്ക്കുന്നു. കൂലി വളരെ കുറച്ചതും ജീവിത സാഹചര്യങ്ങള്‍ വളരെയേറെ പരിതാപകരമാക്കിയതും ഓര്‍ഗനൈസര്‍ അറിഞ്ഞമട്ടേയില്ല. ക്ഷേത്ര അധികൃതര്‍ തന്നെയാണ് തൊഴിലാളികളുടെ കാര്യത്തില്‍ നിയമവിരുദ്ധമായ എല്ലാ കാര്യങ്ങളും നേരിട്ടു ചെയ്തത് (റിക്രൂട്ട്മെന്‍റ്, ഡോക്യുമെന്‍റേഷന്‍, പാസ്പോര്‍ട്ടുകള്‍ വാങ്ങിവെയ്ക്കുക തുടങ്ങിയവ). അതിനുനേരെയും ഓര്‍ഗനൈസര്‍ കണ്ണടച്ചിരിക്കുകയാണ്. 

നിയമം നടപ്പാക്കുന്നതിനുള്ള ഏജന്‍സിയുടെ ഇടപെടല്‍മൂലം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സൈറ്റിലെ ജോലി  നിര്‍ത്തിവയ്പിക്കുകയും 90ല്‍ ഏറെ ആളുകളെ അവിടെനിന്ന് ഒഴിപ്പിക്കുകയും ചെയ്തു. ബോച്ചാ സന്ന്യാസി അക്ഷന്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത (ബിഎപിഎസ്) ലോകമൊട്ടാകെ ക്ഷേത്രങ്ങള്‍ പണിയുന്നുണ്ട്. അവിടങ്ങളിലെല്ലാം നൂറുകണക്കിന് പാവപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളെ (അവരില്‍ കൂടുതലും ദളിതരാണ്) ചൂഷണംചെയ്യുകയാണെന്നുള്ളതിന് എല്ലാ സാധ്യതകളുമുണ്ട്. ന്യൂജെഴ്സിയില്‍ പണിതുകൊണ്ടിരിക്കുന്ന ക്ഷേത്രം ബിഎപിഎസ് പണിയുന്ന ഏറ്റവും വലുതും പ്രൗഢിയുള്ളതുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരാണ് ബിഎപിഎസ് അധികൃതര്‍. 2016ല്‍ അന്തരിച്ച ബിഎപിഎസിന്‍റെ ആധ്യാത്മിക തലവന്‍ പ്രമുഖ്സ്വാമി മഹാരാജിനെ മോഡി വിശേഷിപ്പിച്ചത് തന്‍റെ മാര്‍ഗദര്‍ശി എന്നാണ്. അദ്ദേഹത്തിന്‍റെ ശവസംസ്കാരവേളയില്‍ മോഡി വളരെ വികാരവിവശനായാണ് സംസാരിച്ചത്. അബുദാബിയില്‍ ബിഎപിഎസ് നിര്‍മിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രത്തിന് തറക്കല്ലിട്ടതും മോഡിയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് കോടിക്കണക്കിനു രൂപ ആദ്യംതന്നെ സംഭാവന നല്‍കിയവരാണ് ബിഎപിഎസ്. 

ബിഎപിഎസിനെ ന്യായീകരിക്കാന്‍ സംഘപരിവാര്‍ രംഗത്തുവന്നതില്‍ അതിശയമില്ല. അസ്പൃശ്യതയ്ക്കെതിരെ പോരാടുന്നവരാണ് തങ്ങളെന്നും എല്ലാ വിഭാഗം ഹിന്ദുക്കളുടെയും അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണ് തങ്ങള്‍ എന്നുമുള്ള സംഘപരിവാറിന്‍റെ അവകാശവാദങ്ങളുടെ പൊള്ളത്തരം ഒരിക്കല്‍കൂടി തുറന്നുകാട്ടുന്നതാണ് ഈ നടപടി. 

അസ്പൃശ്യതയുടെയും ജാതീയമായ വിവേചനത്തിന്‍റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. വിദേശത്തു പണിയെടുക്കുന്ന ദളിതര്‍ക്ക് തങ്ങള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും എതിരെ പോരാടാനുള്ള ധൈര്യം ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. 

'സിലിക്കണ്‍വാലിയിലെ ജാതിഭൂതം' എന്നപേരില്‍ യാഷികാ ദത്ത് 2020 ജൂലൈ 14ന് എഴുതിയ ലേഖനത്തില്‍ സിലിക്കണ്‍വാലിയിലെ വന്‍കിട കമ്പനിയായ സിസ്കോ സിസ്റ്റം നടത്തുന്ന ജാതീയമായ വിവേചനങ്ങളെക്കുറിച്ച് കാലിഫോര്‍ണിയയിലെ തൊഴില്‍-ഭവനനിര്‍മാണ അധികൃതര്‍ പുറത്തുകൊണ്ടുവന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച് വിശദമായി വിവരിക്കുന്നുണ്ട്. ഒരു ദളിത് എഞ്ചിനീയര്‍ പരാതിപ്പെട്ടത് ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ മാനേജര്‍മാര്‍ (സവര്‍ണര്‍) തന്നോട് ജാതീയമായ വിവേചനം കാട്ടുന്നു എന്നാണ്. അതേ തുടര്‍ന്ന് മാനേജര്‍മാരില്‍ ഒരാളായ അയ്യര്‍, പരാതിക്കാരന്‍ സംവരണത്തിന്‍റെ ആനുകൂല്യം ലഭിച്ചയാളാണെന്ന് സഹപ്രവര്‍ത്തകരോട് വെളിപ്പെടുത്തുകയും, പരാതിക്കാരനെ അപമാനിക്കുകയും അദ്ദേഹത്തിന് ബോണസ് നിഷേധിക്കുകയും മറ്റും ചെയ്തു.  സിസ്കോയുടെ മാനവവിഭവശേഷി വകുപ്പ്, ഇരയാക്കപ്പെട്ട ദളിത് എഞ്ചിനീയറുടെ പരാതി കേള്‍ക്കാന്‍ തയ്യാറായില്ല. ജാതീയമായ വിവേചനം വിവേചനത്തിന്‍റെ വിഭാഗത്തില്‍ വരില്ല എന്ന ന്യായമാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്. 

2016-ല്‍ എസ് ചക്രവര്‍ത്തിയും ഡിഎന്‍സിങ്ങും ചേര്‍ന്നു നടത്തിയ പഠനം വെളിവാക്കുന്നത് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരില്‍ 90 ശതമാനവും സവര്‍ണരോ പ്രബല സമുദായത്തില്‍പെട്ടവരോ ആണ് എന്നാണ്. 2018ല്‍ ഒരു ദളിത് - അമേരിക്കന്‍റെ നേതൃത്വത്തിലുള്ള പൗരാവകാശസംഘടനയായ ഇക്വാളിറ്റിലാബ്സ് നടത്തിയ സര്‍വെ അനുസരിച്ച് അമേരിക്കയില്‍ അധിവസിക്കുന്ന ഇന്ത്യന്‍ വംശജരായ ദളിതരില്‍ 67 ശതമാനവും തൊഴില്‍ സ്ഥലങ്ങളില്‍ ജാതിയടിസ്ഥാനത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ്. അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ 'മാതൃകാ ന്യൂനപക്ഷം' എന്നും 'ജാതിയനന്തര വിഭാഗം' എന്നുമൊക്കെ സ്വയം വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ അത്തരം അവകാശവാദങ്ങളൊക്കെ സത്യത്തില്‍നിന്ന് ബഹുദൂരം അകലെയാണ്. സിസ്കോ കേസിലൂടെ ഇപ്പോള്‍ വെളിവായത് ദളിതര്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന വിവേചനത്തിന്‍റെ ഒരംശം മാത്രമാണ്; മഞ്ഞുമലയുടെ ഒരറ്റം മാത്രം.

തൊഴിലും സുരക്ഷിതത്വവും നഷ്ടപ്പെടും എന്ന ഭയംമൂലം വര്‍ഷങ്ങളായി ജാതീയമായ വിവേചനം നേരിടുന്ന ദളിതര്‍ പുറത്തു പറയാതെ അവര്‍ സഹിക്കുകയാണ്; ഇപ്പോള്‍ അവര്‍ കുറച്ചൊക്കെ പുറത്തുപറയാന്‍ തയ്യാറാകുന്നുണ്ട്. ബ്ലാക് ലൈവ്സ്മാറ്റര്‍ മൂവ്മെന്‍റ്എന്ന പ്രസ്ഥാനം അതിനുള്ള ധൈര്യം അവര്‍ക്കു നല്‍കുന്നുണ്ട്. സിസ്കോ കമ്പനിക്കെതിരായ കേസില്‍ ജാതീയമായ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് വെളിപ്പെടുകയും അതിന്‍റെപേരില്‍ കമ്പനി അധികൃതര്‍ ശിക്ഷിക്കപ്പെടുകയും  ചെയ്താല്‍ അത്തരം നിരവധി പരാതികള്‍ നല്‍കാന്‍ ഇരകള്‍ തയ്യാറാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

2010ല്‍ ഇംഗ്ലണ്ടില്‍ തുല്യതാ നിയമം പാസാക്കപ്പെട്ടതാണ്. പാസാക്കുന്നതിനുമുമ്പായി ഗവണ്‍മെന്‍റ് ജാതീയമായ വിവേചനത്തിന്‍റെയും മുന്‍വിധികളുടെയും സ്വഭാവം, അതിന്‍റെ വ്യാപ്തിയുടെ രൂക്ഷത എന്നിവയും ബ്രിട്ടനില്‍ ഗവണ്‍മെന്‍റ് നയം നടപ്പാക്കുന്നതിലുള്ള പ്രശ്നങ്ങളും പഠിച്ച് റിപ്പോര്‍ട്ടുചെയ്യാന്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും ഉള്ള നിരവധി ജാതീയമായ വിവേചനങ്ങളുടെ തെളിവ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. രവിദാസിയ സിഖ് വിഭാഗത്തില്‍പെട്ടവര്‍ ഉടമസ്ഥരായ കമ്പനിയില്‍നിന്ന് ജാട്ട്സിഖ് വിഭാഗത്തിലെ ഉടമകള്‍  വിട്ടു.  ഉടമയുടെ ജാതിസ്വത്വം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു അത്;  ദളിതയായ വൃദ്ധയെ കുളിപ്പിക്കാന്‍  വീട്ടുജോലിക്കാരി തയ്യാറായില്ല. അതുപോലെ നിരവധി ഉദാഹരണങ്ങള്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. 

പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ടിയെ കയ്യൊഴിയാന്‍ ഇന്ത്യന്‍ വംശജരെ പ്രേരിപ്പിച്ചത് തുല്യതാ നിയമം പാസാക്കിയതുകൊണ്ടാണ്. കണ്‍സര്‍വേറ്റീവ് പാര്‍ടി ഈ നിയമത്തില്‍ ജാതീയമായ വിവേചനം ഉള്‍പ്പെടുന്നില്ല എന്ന് ഉറപ്പുനല്‍കുകയും ചെയ്തു. വ്യക്തിപരമായ രീതിയില്‍ വിവേചനം നേരിട്ടവര്‍ക്ക് കോടതിയെ സമീപിക്കാന്‍ മാത്രമെ ഈ നിയമം ഇരകളെ അനുവദിക്കുന്നുള്ളൂ. അതാകട്ടെ പണച്ചെലവുള്ളതും കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുമായ പ്രക്രിയയാണ്. 

2018ല്‍   പ്രൊഫ. അശ്വനി ദേശ്പാണ്ഡെ എഴുതിയ ലേഖനത്തില്‍ എട്ടുവര്‍ഷത്തിനുശേഷവും സവര്‍ണ സമുദായ അംഗങ്ങള്‍ അവര്‍ണരോട് വിവേചനപൂര്‍വംതന്നെ പെരുമാറുന്നു എന്നാണ് പറയുന്നത്. 

സവര്‍ണ ജാതിക്കാരുടെ കൂസലില്ലാത്ത ജാതീയ അഹന്തയുടെ ഒട്ടേറെ ദൃഷ്ടാന്തങ്ങള്‍ മാത്രമല്ല, തങ്ങളുടെ മതവിശ്വാസത്തില്‍ ഉള്‍ച്ചേര്‍ന്നതാണ് ജാതീയത എന്നുറപ്പിച്ചു പറയാനും അവര്‍ക്കു മടിയുമില്ല എന്നതിന്‍റെ ഉദാഹരണമാണിവയെല്ലാം; എന്നാല്‍ ഇങ്ങനെ ജാതീയത അവരുടെ മതവിശ്വാസത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നു തറപ്പിച്ചുപറയാന്‍ ധൈര്യപ്പെടുന്നവരെ അവര്‍ കര്‍ശനമായി നേരിടുകയും ചെയ്യും.

"ജാതീയതയുടെ ഭീകരസത്ത്വത്തെ വധിക്കാതെ നിങ്ങള്‍ക്ക് രാഷ്ട്രീയ പരിഷ്കാരം നടത്താനാവില്ല, നിങ്ങള്‍ക്ക് സാമ്പത്തിക പരിഷ്കാരവും സാധ്യമല്ല" എന്ന് അംബേദ്കര്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് ചൂണ്ടിക്കാട്ടിയത് ഇന്നും സത്യമായി തുടരുന്നു.  •