മനുഷ്യര്‍ മരിച്ചുവീഴുമ്പോഴും മോഡിയുടെ മുന്‍ഗണന രാഷ്ട്രീയക്കളിക്ക്

വി ബി പരമേശ്വരന്‍

 കോവിഡ് 19 മഹാമാരിയെ ഫലപ്രദമായി തടഞ്ഞ് ഇന്ത്യ മനുഷ്യ സമൂഹത്തെ രക്ഷിച്ചുവെന്ന് 2021 ജനുവരി 28 ന് ഡാവേസില്‍ വിളംബരം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു. ഒന്നാം തരംഗത്തെ  ഫലപ്രദമായി നേരിട്ടതിനെക്കുറിച്ചാണ് അന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചത്. എന്നാല്‍ രണ്ടാം തരംഗം ആഞ്ഞുവീശാന്‍ പോകുകയാണെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി സംസാരിച്ചത്. അതായത് രണ്ടാം തരംഗത്തെ തടയാന്‍ എല്ലാ സാവകാശവും ഇന്ത്യാ ഗവണ്‍മെന്‍റിന് ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നുപോലും മോഡി ഗവണ്‍മെന്‍റ് ഉപയോഗിച്ചില്ലെന്ന് രണ്ടാം തരംഗം രാജ്യത്തെ ബോധ്യപ്പെടുത്തി.

രണ്ടാം തരംഗത്തെ ഭയാനകമാക്കിയതിനു പിന്നില്‍ പല ഘടകങ്ങളും ഉണ്ട്. ഓക്സിജന്‍ ക്ഷാമം,(ഓക്സിജന്‍ കിട്ടാതെ ആശുപത്രികളില്‍ മാത്രം മരിച്ചത് മെയ് 16 വരെ 512 പേരാണ്) മരുന്നുകളുടെയും ആശുപത്രി കിടക്കകളുടെയും ആംബുലന്‍സുകളുടെയും ശ്മശാനങ്ങളുടെയും വെന്‍റിലേറ്ററുകളുടെയും മെഡിക്കല്‍ സ്റ്റാഫുകളുടെയും ഡോക്ടര്‍മാരുടെയും അഭാവം. ഏറ്റവും പ്രധാനമായി വാക്സിനുകളുടെ അഭാവം. ഇതെല്ലാം ഒരുപരിധിവരെ പരിഹരിക്കാന്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയ മോഡി സര്‍ക്കാരിന് കഴിയുമായിരുന്നു. മറ്റു പാര്‍ടികളില്‍ നിന്ന്څവ്യത്യസ്തമായ പാര്‍ടിയാണ്چ ബിജെപിയെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയവരും മുമ്പു ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തെറ്റുകള്‍ ആവര്‍ത്തിക്കുന്ന കാഴ്ചയാണ് കണ്ടത്. പള്ളിപൊളിച്ച് ക്ഷേത്രം പണിയാനും തിരഞ്ഞെടുപ്പുകളില്‍ ജയിക്കാനും രാജ്യം പ്രതിപക്ഷമുക്തമാക്കാനും എല്ലാ ഊര്‍ജവും ഉപയോഗിക്കുന്ന മോഡിയും ബിജെപിയും ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിന് ചെറുവിരല്‍പോലും അനക്കിയില്ലെന്നതാണ് വാസ്തവം. അതും ലോകത്തെ ഗ്രസിച്ച മഹാമാരിയുടെ കാലത്ത്. കോവിഡ്  ലോകത്തെ വിറപ്പിക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷമായി. ഇത്രയും നീണ്ട കാലയളവുണ്ടായിട്ടും ആരോഗ്യ രംഗത്ത് കാര്യമായെന്തെങ്കിലും ചെയ്യാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നേതൃഗുണം ഏറ്റവും കൂടുതല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കപ്പെടേണ്ട കാലമാണിത്. രാജ്യം നേതൃരാഹിത്യത്തെ നേരിടുകയാണെന്ന് നിസ്സംശയം പറയാം. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താനും അയല്‍രാജ്യങ്ങളില്‍ ബോംബിടാനും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉറപ്പിക്കാനും രാഷ്ട്രീയ ഉത്സാഹം കാട്ടിയ നേതൃത്വം മഹാമാരിയുടെ രണ്ടാം വരവിന്‍റെ വേളയില്‍ ഓടിയൊളിക്കുകയായിരുന്നു. രോഗത്തെ ഫലപ്രദമായി നേരിടാന്‍ സമഗ്രമായ ഒരു പദ്ധതിയും മുന്നോട്ടുവെയ്ക്കാന്‍ മോഡി സര്‍ക്കാരിനായില്ല. സംസ്ഥാനങ്ങളുമായി ആശയവിനിമിയം നടത്താനോ അവര്‍ പറയുന്നത് കേള്‍ക്കാനോ കേന്ദ്രം തയ്യാറായില്ല. ആരോഗ്യം സംസ്ഥാന വിഷയമാണെന്നും അതിനാല്‍ രണ്ടാം തരംഗത്തെ നേരിടേണ്ടത് സംസ്ഥാനങ്ങള്‍ മാത്രമാണെന്നുമുള്ള ഫെഡറല്‍ വിരുദ്ധമായ സമീപനമാണ് മോഡി സര്‍ക്കാരില്‍ നിന്നുണ്ടായത്. 

കോവിഡിനെതിരായ പോരാട്ടത്തില്‍ വിജയിക്കണമെങ്കില്‍ അടിസ്ഥാന ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുക മാത്രമാണ് പോംവഴി. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ എവിടെയുണ്ടോ അവിടെ മാത്രമേ കോവിഡിനുമേല്‍ വിജയം നേടാനാകൂ. അതോടൊപ്പം ഗവേഷണത്തിനും അതീവ പ്രാധാന്യം നല്‍കണം. ഡോക്ടര്‍മാരുടെ എണ്ണം, ആശുപത്രി കിടക്കകളുടെ എണ്ണം എന്നിവ വര്‍ധിപ്പിക്കണം. ആരോഗ്യ ബജറ്റും  ഗവേഷണപ്രവര്‍ത്തനത്തിനുള്ള തുക വകയിരുത്തലും വര്‍ധിപ്പിക്കണം. 2017ല്‍ പ്രസിദ്ധീകരിച്ച ലോകബാങ്കിന്‍റെ കണക്കനുസരിച്ച് ഒരു ലക്ഷം പേര്‍ക്ക് 85.7 ഡോക്ടര്‍മാര്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. പാകിസ്ഥാനില്‍ ഇത് 98 ആണെങ്കില്‍ ശ്രീലങ്കയില്‍ ഇത് 100 ആണ്. ആശുപത്രി കിടക്കകളുടെ കാര്യത്തില്‍ സ്ഥിതി ശോചനീയമാണ്. ഒരു ലക്ഷം പേര്‍ക്ക് 53 ആശുപത്രി കിടക്കകള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. പാകിസ്ഥാനില്‍ ഇത് 63 ആണെങ്കില്‍ ശ്രീലങ്കയില്‍ ഇത് 415 ആണ്. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ പോകുന്ന രാജ്യത്തിന്‍റെ ദയനീയാവസ്ഥയാണിത്. ഇതു മാറണമെങ്കില്‍ ആരോഗ്യ ബജറ്റിന് കൂടുതല്‍ വിഹിതം നല്‍കാന്‍ കേന്ദ്രം തയ്യാറാകണം. ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്നത് ജിഡിപിയുടെ അഞ്ചു ശതമാനമെങ്കിലും ആരോഗ്യ മേഖലയ്ക്കായി നീക്കിവെയ്ക്കണമെന്നാണ്. എന്നാല്‍ ഇന്ത്യ ഇന്നുവരെയും ഇത്രയും തുക നീക്കിവെച്ചിട്ടില്ല. രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യ നീക്കിവെയ്ക്കാറുള്ളത്. മഹാമാരിയെ നേരിടുന്ന ഈ ഘട്ടത്തിലെങ്കിലും ആരോഗ്യ ബജറ്റ് അഞ്ചു ശതമാനമായി ഉയര്‍ത്തി മാതൃക കാട്ടാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകുമോ? 

അതോടൊപ്പംതന്നെ പകര്‍ച്ച വ്യാധികളും മഹാമാരികളും തടയണമെങ്കില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാകണം. വന്‍ ശക്തിയാകുക എന്നുവെച്ചാല്‍ ഈ രംഗത്തും വന്‍ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കാന്‍ രാജ്യം തയ്യാറാകണമെന്നാണര്‍ഥം. ആരോഗ്യമുള്ള പൗരര്‍ ഉള്ളിടത്തേ ആരോഗ്യമുള്ള സമ്പദ്വ്യവസ്ഥയും പുലരൂ. എന്നാല്‍  ജിഡിപിയുടെ 0.7 ശതമാനം മാത്രമാണ് ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ നീക്കിവെച്ചിട്ടുള്ളത്. ചൈന രണ്ട് ശതമാനത്തിലധികമാണ് ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. ജര്‍മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ മൂന്നു ശതമാനത്തോളമാണ് ചെലവഴിക്കുന്നത്. നിലവിലുള്ളതിന്‍റെ ഇരട്ടിയെങ്കിലും നീക്കിവെയ്ക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകുമോ? എല്ലാ മേഖലയെയുമെന്നപോലെ ഈ മേഖലയെയും സ്വകാര്യമേഖലയ്ക്ക് തീറെഴുതി കൊടുക്കുന്നത് രാജ്യസുരക്ഷയെ തന്നെ അപകടപ്പെടുത്തും. 

രണ്ടാം തരംഗത്തിന്‍റെ മറ്റൊരു പ്രത്യേകത ഗ്രാമങ്ങളെയും രോഗം കാര്യമായി ബാധിച്ചുവെന്നതാണ്. ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലാണ് രോഗം ഗ്രാമീണ മേഖലയെ ഗ്രസിച്ചിട്ടുള്ളത്. നഗരങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യന്‍ ഗ്രാമീണ മേഖലയില്‍ ആരോഗ്യ സംവിധാനങ്ങള്‍ ഒന്നുംതന്നെയില്ല എന്നു പറയേണ്ടിവരും. ഒരുദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം. 20 കോടിയോളം ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇതില്‍ 15 കോടിയും ഗ്രാമങ്ങളിലാണ് വസിക്കുന്നത്. രാജ്യത്തെ ഗ്രാമീണ ജനതയുടെ 18.62 ശതമാനം വരുമിത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ആകെയുള്ളത് 2936 പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളാണ്. അര ലക്ഷം പേര്‍ക്ക് ഒരു പിഎച്ച്സി മാത്രം. 2005 ല്‍ 3660 പിഎച്ച്സികള്‍ ഉണ്ടയിരുന്നിടത്താണ് ഇപ്പോള്‍ 2936 എണ്ണമുള്ളത്. അതായത് ആരോഗ്യ സംവിധാനം കൂടുകയല്ല മറിച്ച് കുറയുകയാണ്! ബിജെപിയുടെ മാതൃകാ സംസ്ഥാനത്തിലെ യാഥാര്‍ഥ്യമാണിത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാലേ മഹാമാരിയില്‍ നിന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയൂ എന്ന യാഥാര്‍ത്ഥ്യം  ഇനി എന്നാണ് ഇവര്‍ക്ക് മനസ്സിലാകുക. 

ജനങ്ങളുടെ ജീവന്‍റെ വിലയേക്കാള്‍ മോഡിക്കും ബിജെപിക്കും പ്രധാനം അടുത്ത തിരഞ്ഞെടുപ്പുകളില്‍ എങ്ങനെ ജയിക്കാന്‍ കഴിയുമെന്ന ആകുലതയാണ്. ബംഗാളില്‍ മമത ബാനര്‍ജിയുമായി കലഹിച്ചുകൊണ്ടേയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം.  യാസ് ചുഴലിക്കാറ്റ് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച യോഗത്തില്‍ പങ്കെടുക്കാതെ മമത ബാനര്‍ജി  വിട്ടുനിന്നുവെന്നാരോപിച്ച് അവിടുത്തെ ചീഫ് സെക്രട്ടറിയെ ഡല്‍ഹിയിലേക്ക് തിരിച്ചുവിളിപ്പിക്കുകയെന്ന അസാധാരണ നടപടി മോഡി കൈക്കൊണ്ടു. പശ്ചിമബംഗാളില്‍ ദയനീയമായി തോറ്റതിന് മമതയോട് പ്രതികാരം വീട്ടാന്‍ ഉഴറി നടക്കുകയാണ് മോഡിയും ഷായും. അതോടൊപ്പം 99 ശതമാനം മുസ്ലീങ്ങള്‍ താമസിക്കുന്ന ലക്ഷദ്വീപില്‍ ഹിന്ദുത്വ അജന്‍ഡ അടിച്ചേല്‍പ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ് അമിത്ഷായുടെ ആഭ്യന്തരമന്ത്രാലയം. അതോടൊപ്പം പൗരത്വ ഭേദഗതി നിയമം വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാനും നടപടി തുടങ്ങിക്കഴിഞ്ഞു. അഞ്ചു സംസ്ഥാനങ്ങളില്‍ വസിക്കുന്ന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നെത്തി മുസ്ലീങ്ങളല്ലാത്ത ന്യൂനപക്ഷ ങ്ങ ള്‍ക്ക് പൗരത്വം നല്‍കാനാണ് സര്‍ക്കാരിന് തിടുക്കം. കോവിഡിനെ നേരിടുക അവരുടെ അജന്‍ഡയിലേ ഇല്ല. മനുഷ്യര്‍ മരിച്ചാലെന്താ ബിജെപി രാഷ്ട്രീയം ജയിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ സമീപനം. അതിനാലാണ് രോഗത്തില്‍ നിന്നും ജനങ്ങള്‍ക്കുള്ള എക മുക്തി വാക്സിന്‍ ആണെന്നറിഞ്ഞിട്ടും അത് സാര്‍വത്രികമായി നല്‍കാന്‍ ഒരു നടപടിയും കൈക്കൊള്ളാത്തത്. മെയ് 23 വരെയുള്ള കണക്കനുസരിച്ച് 10.9 ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് ഒരു ഡോസ് വാക്സിന്‍ നല്‍കിയിട്ടുള്ളത്. 4 ശതമാനം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിന്‍ നല്‍കിയിട്ടുള്ളത്. 200 കോടി ഡോസ് വാക്സിന്‍ ആഗസ്ത്ڊ-ഡിസംബര്‍ മാസങ്ങളില്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സെപ്തംബര്‍ - ഒക്ടോബറില്‍ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രവചനം. ആ സമയത്തും ജനങ്ങള്‍ക്ക് വാക്സിന്‍ ലഭിക്കില്ലെന്നര്‍ഥം. സര്‍ക്കാരിന്‍റെ ഈ നിസ്സംഗ സമീപനത്തെയാണ് സുപ്രീം കോടതി ആവര്‍ത്തിച്ച് ചോദ്യം ചെയ്യുന്നത്. ജനങ്ങളും അതേറ്റെടുക്കുന്ന കാലം വിദൂരമല്ല.•