അമേരിക്കന്‍ സേന പടിയിറങ്ങുമ്പോള്‍

ജി വിജയകുമാര്‍

2021മെയ് ഒന്നിന് അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കയുടെയും നാറ്റോയുടെയും സൈന്യത്തിന്‍റെ അവസാനഘട്ട പിന്‍വാങ്ങല്‍ ആരംഭിച്ചു. 2021 സെപ്തംബറാകുമ്പോള്‍, അതായത് ന്യൂയോര്‍ക്കിലും വാഷിങ്ടണിലും ഭീകരാക്രമണം നടന്നതിന്‍റെ 20-ാം വാര്‍ഷികമാകുമ്പോള്‍ (പിന്നെയും ഒരു മാസം കഴിഞ്ഞപ്പോഴാണ് അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ ആക്രമിച്ചത്), അവസാനത്തെ അമേരിക്കന്‍ സൈനികനും കാബൂളില്‍നിന്ന് വിമാനം കയറുമെന്നാണ് ഏപ്രില്‍ 14ന് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രസ്താവിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ (20 വര്‍ഷത്തെ) സൈനികാക്രമണത്തിന് അങ്ങനെ അറുതിയാവുകയാണ്.

ഇത് ബൈഡന്‍റെ പെട്ടെന്നുള്ള ഉള്‍വിളിയില്‍നിന്നുണ്ടായ തീരുമാനമോ ഡെമോക്രാറ്റിക് രാഷ്ട്രീയത്തിലേക്കുള്ള ഭരണമാറ്റത്തിന്‍റെ പ്രതിഫലനമോ അല്ല. മറിച്ച് 2020 ഫെബ്രുവരിയില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപും താലിബാന്‍ നേതൃത്വവും തമ്മില്‍ ഖത്തറിന്‍റെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരമുള്ള സേനാപിന്മാറ്റമാണ് മെയ് ഒന്നിന് ആരംഭിച്ചത്. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ ശിങ്കിടിയായ പ്രസിഡന്‍റ് അഷ്റഫ് ഗനിയെ ഒഴിവാക്കിയാണ് അമേരിക്ക താലിബാനുമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പ് കരാറുണ്ടാക്കിയത് എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട കാര്യം. അല്‍ഖ്വയ്ദയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്‍റെയും അഫ്ഗാന്‍ ഘടകങ്ങളുമായി താലിബാന്‍ ബന്ധപ്പെടുകയില്ലെന്നും അഫ്ഗാനിസ്താനിലെ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ആക്രമിക്കില്ലെന്നും അഫ്ഗാനിസ്താനിലെ ഗനി ഗവണ്‍മെന്‍റുമായി ചര്‍ച്ച ചെയ്ത് സമാധാനം സ്ഥാപിക്കുമെന്നുമെല്ലാമാണ് ആ കരാറിലെ വ്യവസ്ഥ. പകരമായി അഫ്ഗാന്‍ സര്‍ക്കാരിന്‍റെ തടവറകളിലുള്ള അയ്യായിരത്തിലധികം താലിബാന്‍ തടവുകാരെ വിട്ടയക്കാന്‍ ട്രംപിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അഷ്റഫ് ഗനി ഗവണ്‍മെന്‍റ് തയ്യാറായി.

ഈ കരാറില്‍ തന്നെയുള്ള വിചിത്രമായ ഒരു കാര്യം അല്‍ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും അമേരിക്കന്‍ ചാരസംഘടനയുടെയും സൈന്യത്തിന്‍റെയും തന്നെ സൃഷ്ടിയാണെന്നതാണ്. അഫ്ഗാനിസ്താനില്‍ പുരോഗമനപരമായ നയങ്ങളും നടപടികളും (ഭൂപരിഷ്കരണം, സ്ത്രീ സ്വാതന്ത്ര്യം, സാര്‍വത്രിക വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ) സ്വീകരിച്ച നജീബുള്ളയുടെ പുരോഗമന ഗവണ്‍മെന്‍റിനെ അട്ടിമറിക്കാനും സോവിയറ്റ് മധ്യേഷ്യയിലേക്ക് നുഴഞ്ഞുകയറി അട്ടിമറികള്‍ സംഘടിപ്പിക്കാനുമുള്ള ചാവേറുകളായാണ് ഒസാമ ബിന്‍ ലാദന്‍റെ അല്‍-ഖ്വയ്ദയെ അമേരിക്ക മെനഞ്ഞെടുത്തത്. അതുപോലെ അമേരിക്കന്‍ ചൊല്‍പ്പടിക്കു നില്‍ക്കാന്‍ തയ്യാറാകാത്ത സിറിയയിലെ അസ്സദ് ഗവണ്‍മെന്‍റിനെ അട്ടിമറിക്കാനും അവിടെ അരാജകത്വം സൃഷ്ടിക്കാനുമുള്ള അമേരിക്കയുടെ തന്നെ മറ്റൊരു നിര്‍മിതിയാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഐ എസ്. ഈ രണ്ട് സംഘടനകളും ചൈനയിലെ സിന്‍ജിയാങ്ങില്‍ അട്ടിമറികളില്‍ ഏര്‍പ്പെടുമ്പോള്‍ അമേരിക്ക അവര്‍ക്കൊപ്പമാണെന്നതും വിരോധാഭാസമായി തോന്നാം. ഇപ്പോള്‍ അഫ്ഗാനിസ്താനില്‍ ഈ രണ്ടു സംഘടനകളെയും അകറ്റിനിര്‍ത്തണമെന്ന വ്യവസ്ഥ പറഞ്ഞ് കരാറുണ്ടാക്കാനുള്ള ഗതികേടിലാണ് ഈ സാമ്രാജ്യത്വ ഭീമന്‍ ഇന്ന് നില്‍ക്കുന്നത്.

എന്നാല്‍ അക്രമവും അരാജകത്വവും ഉപേക്ഷിക്കാന്‍ താലിബാന്‍ ഒരു ഘട്ടത്തിലും തയ്യാറല്ല. അമേരിക്കന്‍ സേനാപിന്മാറ്റം തുടങ്ങുന്നതിന്‍റെ തൊട്ടുതലേന്ന്, ഏപ്രില്‍ 30ന് കാബൂളില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 21 ആളുകള്‍ കൊല്ലപ്പെടുകയും 90ഓളം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയുമുണ്ടായി. 2020 ഫെബ്രുവരിയിലെ കരാറിനുശേഷം താലിബാന്‍റെ ഭാഗത്തുനിന്നുള്ള ഭീകരാക്രമണങ്ങള്‍ അടിക്കടി വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സേനാ പിന്മാറ്റത്തിനുള്ള ഒരുക്കം നടക്കുന്ന വേളയില്‍ ഏപ്രില്‍ 28ന് താലിബാന്‍ സൈനിക വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞത് അമേരിക്കന്‍ സേനാ പിന്മാറ്റത്തോടെ ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താന്‍ സ്ഥാപിക്കുന്നതിന് മുജാഹിദിനുകള്‍ക്ക് വഴി തുറന്നു കിട്ടിയിരിക്കുന്നുവെന്നാണ്; കരാര്‍ പ്രകാരം മെയ് ഒന്നിന് സേനാപിന്മാറ്റം നടന്നില്ലെങ്കില്‍ പ്രത്യാക്രമണം രൂക്ഷമായിരിക്കുമെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കുകയുണ്ടായി. ഏപ്രില്‍ 30ന്‍റെ സ്ഫോടനം ഒരു ചൂണ്ടുപലകയായി കണക്കാക്കാം. അങ്ങനെ അമേരിക്ക അഫ്ഗാന്‍ ജനതയെ വറചട്ടിയില്‍നിന്നും എരിതീയിലേക്ക് തള്ളിനീക്കിയിരിക്കുന്നുവെന്നു കരുതാം.

ഈയൊരവസ്ഥയിലാണ്, അഫ്ഗാന്‍ ജനതയെ താലിബാന്‍ ഭീകരരുടെ കൈകളിലേക്ക് പൂര്‍ണമായും എറിഞ്ഞുകൊടുത്തുകൊണ്ടാണ് അമേരിക്കയുടെ "വിജയകരമായ" സൈനിക പിന്മാറ്റം എന്നിരിക്കെയാണ് അഫ്ഗാനിസ്താനിലേക്കുള്ള അമേരിക്കന്‍ കടന്നാക്രമണം എന്തിനായിരുന്നുവെന്ന കാര്യം പരിശോധിക്കേണ്ടതായി വരുന്നത്. 2001 സെപ്തംബര്‍ 11ന്‍റെ ഭീകരാക്രമണം നടത്തിയത് (ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ ഇരട്ട ടവറുകള്‍ക്കും വാഷിങ്ടണിലെ പെന്‍റഗണിനും - അമേരിക്കന്‍ സൈനികാസ്ഥാനം - മറ്റും നേരെ അമേരിക്കയില്‍നിന്നു തന്നെ റാഞ്ചിയെടുത്ത വിമാനങ്ങളുപയോഗിച്ച് നടത്തിയ ചാവേറാക്രമണം; തന്മൂലമുണ്ടായ ആള്‍നാശത്തെയും മറ്റു നാശനഷ്ടങ്ങളെയുംകാള്‍ ഉപരി അത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ അഹന്തയുടെ തലമണ്ട പിളര്‍ക്കുന്നതായിരുന്നുവെന്നതാണ് അമേരിക്കന്‍ ഭരണാധികാരികളെ വെറിപിടിപ്പിച്ചത്) ബിന്‍ - ലാദനും അല്‍ - ഖ്വയ്ദയും ആണെന്നാരോപിച്ചും, ലാദനും അല്‍ - ഖ്വയ്ദയ്ക്കും താവളമൊരുക്കുന്നത് അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണാധികാരികളാണെന്ന് ആരോപിച്ചുമായിരുന്നു 2001 ഒക്ടോബര്‍ 7ന് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്താനെ ആക്രമിച്ചത്. ഈ താലിബാനും അല്‍ഖ്വയ്ദയും സോവിയറ്റ് യൂണിയനെതിരായ അമേരിക്കയുടെ ശീതയുദ്ധകാല ആക്രമണ പദ്ധതിയുടെ ഫലമായി, അമേരിക്ക പണവും പരിശീലനവും നല്‍കി സംഘടിപ്പിച്ച മതമൗലികവാദ ഭീകരസംഘങ്ങളാണെന്നതും സൗദി അറേബ്യയും പാകിസ്താനുമായിരുന്നു ഇതിന് അമേരിക്കയെ സഹായിച്ചതെന്നും നാം ഓര്‍ക്കണം. പക്ഷേ, സോവിയറ്റ് യൂണിയന്‍ തകര്‍ക്കപ്പെട്ടതോടെ അവയുടെ ദൗത്യം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാഗികമായി അവസാനിച്ചുകഴിഞ്ഞുവെന്നു മാത്രമല്ല (ഭാഗികമായി എന്നു പറഞ്ഞത് ശീതയുദ്ധാനന്തരം ഇതേ ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളെയാണ് അമേരിക്ക യുഗോസ്ലാവിയയിലും റഷ്യയിലെ ചെച്നിയയിലും കരുവാക്കിയത്), ഭസ്മാസുരന് വരം കൊടുത്തതുപോലെയുള്ള അവസ്ഥയുമായി. അതാണ് 2001 ഒക്ടോബറിലെ അഫ്ഗാന്‍ ആക്രമണത്തിന്‍റെ പശ്ചാത്തലം.

അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം അമേരിക്കന്‍ ആക്രമണത്തിനുമുന്നില്‍ തകര്‍ന്നു വീഴുമെന്നായപ്പോള്‍ ബിന്‍ ലാദനും അല്‍- ഖ്വയ്ദയും അമേരിക്കയുടെ ഉത്തമ രാഷ്ട്ര പട്ടികയിലുള്ള പാകിസ്താനിലേക്ക് ചേക്കേറി. ലാദനെ പിടിക്കുകയും അല്‍ഖ്വയ്ദയെ തകര്‍ക്കുകയുമായിരുന്നു അമേരിക്കയുടെയും ജോര്‍ജ് ബുഷിന്‍റെയും ലക്ഷ്യമെങ്കില്‍ സ്വാഭാവികമായും അമേരിക്കന്‍ സൈനികാക്രമണം അങ്ങോട്ടേക്ക് തിരിയണമായിരുന്നു. അങ്ങനെ തിരിഞ്ഞില്ലെന്നു മാത്രമല്ല, 2011 മെയ് രണ്ടിന് രാത്രിയുടെ മറവില്‍ പാകിസ്താനിലെ അബോട്ടാബാദിലെ സൈനികമേഖലയില്‍ ഒളിച്ചു കഴിയുകയായിരുന്ന ലാദനെ ഭീരുക്കളെപ്പോലെ നുഴഞ്ഞുകയറ്റം നടത്തി നിരായുധനായിരിക്കെ കൊന്ന് കടലില്‍ തള്ളിയെന്നാണ് പിന്നീട് നാം അറിയുന്നത്. അതിനകം ആ ഭീകര പ്രസ്ഥാനം പിന്നെയും ഏറെ പ്രദേശങ്ങളില്‍ വേരാഴ്ത്തിയെന്നതും ചരിത്രം. പക്ഷേ അമേരിക്ക അഫ്ഗാനില്‍നിന്ന് പടിയിറങ്ങാതെ സൈനിക അധിനിവേശം തുടര്‍ന്നത് അവിടെ താലിബാന്‍ മതമൗലികവാദി ഭീകരരുടെ വേരറുക്കാനാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍ അതിലും പ്രധാനമായ മറ്റൊരു ലക്ഷ്യം കൂടി അമേരിക്കയ്ക്കുണ്ടായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അതായത് മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളിലേക്കുള്ള ഒരു ഇടനാഴിയായാണ്, ഒപ്പം ചൈനയിലേക്കുമുള്ള വഴിയായാണ് അമേരിക്ക അഫ്ഗാനെ കണ്ടത്. അതിന് മറയായിട്ടായിരുന്നു ബുഷ് ഭരണകൂടം ഭീകരാക്രമണത്തെ ഉപയോഗിച്ച് അഫ്ഗാനെ ആക്രമിച്ചത്.

ഇന്ന് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍നിന്ന് പിന്‍വാങ്ങുമ്പോള്‍ അമേരിക്ക പ്രത്യക്ഷത്തില്‍ പറഞ്ഞതുപോലെ അഫ്ഗാനിസ്താനെ ഇസ്ലാമിക ഭീകരതയില്‍നിന്നു മോചിപ്പിക്കുകയല്ല ചെയ്തത് എന്നു മാത്രമല്ല, ആ രാജ്യത്തെ സമ്പൂര്‍ണമായും താലിബാന് കൈമാറുകയാണുണ്ടായത്. ബുഷും ഒബാമയും ട്രംപും പയറ്റി പരാജയപ്പെട്ട ഇടത്താണ് ഇനിയും പിടിച്ചു നില്‍ക്കാനാവില്ലെന്ന്, അഫ്ഗാനില്‍ അമേരിക്കന്‍ വിജയം അസാധ്യമാണെന്ന് കണ്ടാണ്, അവിടെ തുടരുന്നിടത്തോളം അത് നഷ്ടങ്ങളുടെ പട്ടിക വര്‍ധിപ്പിക്കുകയേയുള്ളൂവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ പിന്‍മാറ്റം. മധ്യേഷ്യന്‍ മേഖലയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള മോഹവും പൊലിഞ്ഞാണ് അമേരിക്കന്‍ സേനാ പിന്മാറ്റം എന്നാണ് നാം കാണേണ്ടത്.

2019 ഡിസംബറില്‍ വാഷിങ്ടണ്‍ പോസ്റ്റ് പത്രം പരമ്പരയായി പ്രസിദ്ധീകരിച്ച "ദ അഫ്ഗാന്‍ പേപ്പേഴ്സ്" ഉള്‍പ്പെടുത്തിയിട്ടുള്ള രേഖകളില്‍നിന്ന് വെളിപ്പെടുന്നത് അഫ്ഗാനില്‍ അമേരിക്കയ്ക്ക് ലക്ഷ്യം കാണാനാവില്ലെന്ന് അമേരിക്കന്‍ സൈനിക മേധാവികള്‍ വിലയിരുത്തിയതായിട്ടാണ്. ഇതേ സമയത്ത് വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച അഭിപ്രായ സര്‍വെകള്‍ വ്യക്തമാക്കുന്നത്, അഫ്ഗാനിസ്താനില്‍ അമേരിക്ക വന്‍ പരാജയമാണ് നേരിട്ടത് എന്നാണ് അമേരിക്കന്‍ പൊതുജനാഭിപ്രായം എന്നുമാണ്.

ഈ സാഹചര്യത്തില്‍ അമേരിക്കന്‍ സൈന്യം പിന്‍മാറുമ്പോള്‍ അഫ്ഗാനിസ്താനും അമേരിക്കയും നേരിട്ട നഷ്ടമെന്താണെന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. അഫ്ഗാന്‍ അധിനിവേശം മൂലമുള്ള നഷ്ടങ്ങളെക്കുറിച്ച് അമേരിക്കയിലും ആഗോളാടിസ്ഥാനത്തിലും നിരവധി പഠനങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. അവയിലൂടെ പുറത്തുവന്നിട്ടുള്ള വസ്തുതകളും ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

2001 മുതലുള്ള അമേരിക്കന്‍ ആക്രമണത്തില്‍ ഏറ്റവും വലിയ നഷ്ടമുണ്ടായത് അഫ്ഗാന്‍ ജനതയ്ക്കു തന്നെയാണ്. അഫ്ഗാന്‍ സൈന്യത്തിലെ 60,000 ത്തിലധികം മനുഷ്യരാണ് കൊല്ലപ്പെട്ടത്. അതിനു പുറമെ സ്ത്രീകളും കുട്ടികളുമടക്കം ലക്ഷക്കണക്കിനു സാധാരണ മനുഷ്യരും അമേരിക്കന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിനാളുകള്‍ക്കാണ് വീടും നാടുമുപേക്ഷിച്ച് അഭയാര്‍ഥികളായി അലയേണ്ടതായി വന്നിട്ടുള്ളത്. മറുവശത്ത് 2500ഓളം അമേരിക്കന്‍ സൈനികര്‍ക്കും അഫ്ഗാനിസ്താനില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇരുപതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയോ അംഗഭംഗം നേരിടുകയോ ചെയ്തിട്ടുണ്ട്. ഈ ആക്രമണത്തിനായി അമേരിക്കന്‍ ഖജനാവില്‍നിന്ന്, സാധാരണ അമേരിക്കക്കാരുടെ നികുതിപ്പണത്തില്‍നിന്ന് ചെലവഴിച്ചതാകട്ടെ രണ്ട് ലക്ഷം കോടിയോളം ഡോളറും!

ആക്രമണത്തിലൂടെ താലിബാന്‍ ഗവണ്‍മെന്‍റിനെ പുറത്താക്കിയശേഷം അമേരിക്കയും നാറ്റോയും ഏറ്റെടുത്ത "അഫ്ഗാനിസ്താന്‍ പുനര്‍നിര്‍മാണ"ത്തിന് ഇതിനു പുറമെ ശതകോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചു. 8,800 കോടി ഡോളറാണ് അഫ്ഗാന്‍ സൈന്യത്തെയും പൊലീസിനെയും പരിശീലിപ്പിക്കാനും ആയുധമണിയിക്കാനുമായി ഇക്കഴിഞ്ഞ കാലമത്രയും അമേരിക്ക ചെലവഴിച്ചത്. ആ സൈന്യത്തെയും പൊലീസിനെയുമാണ് അമേരിക്ക ഇപ്പോള്‍ താലിബാന്‍റെ ദയാദാക്ഷിണ്യത്തിനായി എറിഞ്ഞുകൊടുക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹൈവേകളും ഡാമുകളുമുള്‍പ്പെടെ പശ്ചാത്തല വികസനത്തിനായി 3600 കോടി ഡോളറും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും അഭയാര്‍ഥി ക്യാമ്പുകളുടെ നടത്തിപ്പിനും മറ്റുമായി 410 കോടി ഡോളറും ചെലവഴിച്ചതായും അമേരിക്കന്‍ ഗവണ്‍മെന്‍റ് കണക്കാക്കുന്നുണ്ട്. ഇതിന്‍റെയെല്ലാം ഏറിയ പങ്കും അമേരിക്കന്‍ കരാറുകാരുടെയും അഫ്ഗാനിലെ അമേരിക്കന്‍ ശിങ്കിടികളായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും കീശയിലേക്ക് പോയതല്ലാതെ അഫ്ഗാന്‍ ജനതയുടെ ജീവിതത്തില്‍ നേരിയ തോതില്‍ പോലും പ്രതിഫലിച്ചിട്ടില്ലെന്നതാണ് വസ്തുത.

ഏറെ രസകരമായ ഒരു കാര്യം 900 കോടി ഡോളര്‍ മയക്കുമരുന്നുകള്‍ക്കെതിരായ (ഹിറോയിന്‍) പ്രചാരണത്തിനായി അഫ്ഗാനിസ്താനില്‍ ചെലവഴിച്ചുവെന്നതാണ്. ഇതേ അമേരിക്കന്‍ ഭരണകൂടമാണ് നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗയുടെ ഇടതുപക്ഷ - സര്‍ക്കാരിനെതിരെ അട്ടിമറിപ്രവര്‍ത്തനം നടത്താന്‍ 1985-87 കാലത്ത് (റീഗന്‍ ഭരണകാലത്ത്) കോണ്‍ട്രാകളെന്ന സായുധ ഗുണ്ടാസംഘത്തിന് നിയമവിരുദ്ധമായി പണമെത്തിക്കാന്‍ മയക്കുമരുന്നും തങ്ങള്‍ തന്നെ ഉപരോധമേര്‍പ്പെടുത്തിയ ഇറാനിലേക്ക് ആയുധങ്ങളും കള്ളക്കടത്ത് നടത്തിയത് (ഇറാന്‍ - കോണ്‍ട്രാകേസ്) എന്ന കാര്യമാണ് അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ഇരട്ടത്താപ്പ് നമ്മെ ഓര്‍മിപ്പിക്കുന്നത്. ഇത്രയും തുക ചെലവഴിച്ച് പ്രചരണം നടത്തിയിട്ടും അഫ്ഗാനിസ്താനില്‍  പോപ്പി ചെടിയുടെ കൃഷി മുന്‍പത്തേക്കാള്‍ വ്യാപകമായി നടക്കുന്നുമുണ്ട്.

അഫ്ഗാന്‍ ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഖജനാവിനുണ്ടായ ചെലവ് ഇവിടെയും നില്‍ക്കുന്നില്ല. 53,000 കോടി ഡോളറാണ് പലിശ ഇനത്തില്‍ നല്‍കേണ്ടി വന്നത്; പരിക്കേറ്റ് അമേരിക്കയില്‍ മടങ്ങിയെത്തിയ സൈനികരുടെ ചികിത്സാ ചെലവിനത്തില്‍ 29,600 കോടി ഡോളര്‍ വേറെയും ചെലവുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അഫ്ഗാനിസ്താനെ ആക്രമിക്കുന്നതിന് ബുഷ് ഭരണകൂടം സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തെ നിമിത്തമായെടുത്തെങ്കില്‍ അധിനിവേശം തുടരുന്നതിന് നിരന്തരം നുണക്കഥകള്‍ പ്രചരിപ്പിച്ച് അമേരിക്കന്‍ ജനതയില്‍ ഭീതി പടര്‍ത്തുകയാണുണ്ടായത്. 2002 ജനുവരി 29ന് ബുഷ് നടത്തിയ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗത്തില്‍ അമേരിക്കയിലെ ആണവ വൈദ്യുതി നിലയങ്ങളും ജലവിതരണ സംവിധാനങ്ങളും ആക്രമിക്കാന്‍ അല്‍ ഖ്വയ്ദ - താലിബന്‍ ഭീകരര്‍ പരിപാടിയിടുന്നുയെന്നവിവരം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് അഫ്ഗാനിസ്താനില്‍നിന്ന് തെളിവ് സഹിതം ലഭിച്ചുവെന്നാണ്. ഇതിന് ശരിവെച്ചുകൊണ്ട് സിഐഎയുടെയും എഫ്ബിഐയുടെയും സീനിയര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം, ബുഷ് അധികാരത്തിലിരിക്കവെതന്നെ പ്രസിഡന്‍റ് പറഞ്ഞതാകെ പച്ചക്കള്ളമാണെന്ന് വ്യക്തമാക്കുകയുണ്ടായി.

ഇതേപോലെ, 2004 മെയ് ഒന്നിന് വൈറ്റ് ഹൗസില്‍ ചേര്‍ന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ ബുഷ് ഇങ്ങനെ പറയുകയുണ്ടായി - "കഴിഞ്ഞയാഴ്ച അഫ്ഗാനിസ്താനില്‍ നമ്മുടെ സൈനികന്‍ പാട്രിക് ടില്‍മാന്‍ കൊല്ലപ്പെടുകയുണ്ടായി. നമുക്കു വേണ്ടി പൊരുതുന്നവരുടെ രാജ്യസ്നേഹത്തെയാണ് ഈ സംഭവം നമ്മെ ഓര്‍മിപ്പിക്കുന്നത്. മരിച്ച സൈനികന്‍റെ സുഹൃത്തുക്കള്‍ അറിയിച്ചത് ഈ ചെറുപ്പക്കാരന്‍ സെപ്തംബര്‍ 11ന്‍റെ ഭീകരാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ട് അമേരിക്കയുടെ രക്ഷയ്ക്കായി സൈന്യത്തില്‍ ചേര്‍ന്നതായാണ്. "നമ്മുടെ അഭിമാനഭാജനങ്ങളായ യുവതലമുറയില്‍ ഒരാളാണ് ഈ ചെറുപ്പക്കാരന്‍". എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതും ബുഷിന്‍റെ മറ്റൊരു നുണയാണെന്ന് തെളിയിക്കപ്പെട്ടു. അമേരിക്കന്‍ മാധ്യമങ്ങളും ടിമാന്‍റെ കുടുംബാംഗങ്ങളും ഗവണ്‍മെന്‍റിനെതിരെ രംഗത്തുവന്നു. യഥാര്‍ഥത്തില്‍ ഈ ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത് എതിരാളികളുടെ വെടിയുണ്ടയേറ്റല്ല, മറിച്ച് അമേരിക്കന്‍ സൈനികര്‍ തന്നെയാണ് ഇയാളെ വെടിവെച്ചു കൊന്നത്. ഇതിനെക്കുറിച്ച് ഗൗരവമുള്ള ഒരന്വേഷണമോ കുറ്റവാളികള്‍ക്കെതിരെ നടപടിയോ പോലും പിന്നീടുണ്ടായില്ല.

ബുഷ് പ്രചരിപ്പിച്ചുകൊണ്ടിരുന്ന മറ്റൊരു കൊടും നുണ അഫ്ഗാന്‍ വനിതകള്‍ക്ക് മോചനം നേടുന്ന കാര്യത്തില്‍ തനിക്ക് വിജയിക്കാനായി എന്നാണ്. നജീബുള്ളയുടെ ഭരണകാലത്ത്  സ്ത്രീകള്‍ക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യവും പൗരാവകാശങ്ങളും അമേരിക്കന്‍ പിന്തുണയോടെ അധികാരത്തിലെത്തിയ താലിബാന്‍ വാഴ്ചയില്‍ നഷ്ടപ്പെടുകയാണുണ്ടായത്; അവരെ വീട്ടടിമകളാക്കി മാറ്റുകയായിരുന്നു താലിബാന്‍ കാലത്ത്. അത് അമേരിക്കന്‍ അധിനിവേശാനന്തരം നിലവില്‍ വന്ന അമേരിക്കന്‍ പാവ ഭരണത്തിലും തുടരുകയാണുണ്ടായത്. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടുകളും ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള അമേരിക്കന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍പോലും ബുഷിന്‍റെ നുണകള്‍ തുറന്നുകാണിക്കുന്നുണ്ട്.

താലിബാന്‍ ഭീകരതയെ ഉന്മൂലനം ചെയ്യാന്‍ ആക്രമണത്തിനും അധിനിവേശത്തിനും തുനിഞ്ഞ അമേരിക്കന്‍ ഭരണാധികാരികള്‍ ഇപ്പോള്‍ അതേ താലിബാനെ അഫ്ഗാന്‍ ജനതയുടെ ഭാഗധേയം നിര്‍ണയിക്കാന്‍ ഏല്‍പിച്ചാണ് പിന്‍മടക്കം. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭീകരതയോ മതമൗലികവാദമോ അല്ല ശത്രു, അതേപോലെ മതമൗലികവാദ ഭീകരസംഘങ്ങള്‍ക്ക് അമേരിക്കന്‍ സാമ്രാജ്യത്വത്തോടുമല്ല ശത്രുത. ഈ രണ്ടുകൂട്ടരുടെയും ശത്രുത കമ്യൂണിസത്തോടും തൊഴിലാളിവര്‍ഗ ഭരണത്തോടുമാണ്. അതാണ് അഫ്ഗാന്‍ അനുഭവത്തിന്‍റെയും കാതലായ വശം. •