ആറുമാസം പിന്നിടുന്ന കര്‍ഷക പ്രക്ഷോഭം

ഹന്നന്‍മൊള്ള

സ്വാതന്ത്ര്യാനന്തരം നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ, അതിവിപുലമായ, ഏറ്റവുമധികം ഐക്യത്തോടെയുള്ള സമാധാനപരമായ കര്‍ഷക പ്രക്ഷോഭം നിരന്തരം കരുത്താര്‍ജിച്ചുവരികയാണ്. തണുപ്പുകാലത്തും കോരിച്ചൊരിയുന്ന മഴയത്തും ഇപ്പോള്‍ പൊള്ളുന്ന ചൂടത്തും എല്ലാ പ്രയാസങ്ങളെയും നേരിട്ടുകൊണ്ട് കര്‍ഷകര്‍ അഭൂതപൂര്‍വമായ ഐക്യബോധവും നിശ്ചയദാര്‍ഢ്യവും കരുത്തുമാണ് പ്രകടിപ്പിച്ചത്. കര്‍ഷകവിരുദ്ധരായ മോഡി ഗവണ്‍മെന്‍റ് തലസ്ഥാനത്തേക്ക് കടക്കാന്‍ കര്‍ഷകരെ അനുവദിക്കാതിരുന്നപ്പോള്‍ അവര്‍ ഡല്‍ഹിയുടെ അതിര്‍ത്തിയിലെ 5 സ്ഥലങ്ങളിലായി സമാധാനപൂര്‍വം ഇരുപ്പുറപ്പിച്ചു-സിംഘു, തിക്രി, ഗാസിപ്പൂര്‍, പല്‍വാല്‍, ഷാജഹാന്‍പൂര്‍ എന്നിവിടങ്ങളില്‍; അവര്‍ ആയിരക്കണക്കിനാളുകളുണ്ടായിരുന്നു. പഞ്ചാബിലെ കൃഷിക്കാര്‍ ഈ പ്രക്ഷോഭത്തില്‍ ഐതിഹാസികമായ ഒരു പങ്കുവഹിക്കുകയുണ്ടായി. അവര്‍ക്കൊപ്പം ഹരിയാനയില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നും ഉത്തരാഖണ്ഡില്‍നിന്നും രാജസ്താനില്‍നിന്നും മധ്യപ്രദേശില്‍നിന്നുമെല്ലാമുള്ള കര്‍ഷകര്‍ അണിനിരന്നു. മഹാമാരിമൂലം ട്രയിന്‍ സര്‍വീസ് ഇല്ലാതിരുന്നിട്ടും രാജ്യത്തിന്‍റെ നാനാ കേന്ദ്രങ്ങളില്‍ ഒട്ടേറെ കര്‍ഷകര്‍ അണിചേര്‍ന്നു. നാനാവിധത്തിലുള്ള പ്രയാസങ്ങളാണ് അവര്‍ക്കു നേരിടേണ്ടതായിവന്നത്. ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 480 ഓളം കൃഷിക്കാര്‍ക്കാണ് ഇതിനകം തങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍, ഗവണ്‍മെന്‍റിന്‍റെ അനുകമ്പ ഇല്ലായ്മയും അടിച്ചമര്‍ത്തലും പ്രകൃതിക്ഷോഭങ്ങളും കടുത്ത കഷ്ടപ്പാടുകളുമെല്ലാമുണ്ടായിട്ടും വിജയം വരിക്കുന്നതുവരെ, മൂന്നു കരിനിയമങ്ങള്‍ റദ്ദാക്കുകയും ശരിയായ താങ്ങുവില നിയമം നടപ്പിലാക്കുകയും വൈദ്യുതി നിയമ ഭേദഗതിയും കര്‍ഷകവിരുദ്ധമായ പരിസ്ഥിതി ചട്ടങ്ങളും പിന്‍വലിക്കുകയും ചെയ്യുന്നതുവരെ പ്രക്ഷോഭത്തില്‍ ഉറച്ചുനില്‍ക്കും എന്നാണവര്‍ പ്രഖ്യാപിച്ചത്. 

നാനാ കോണുകളില്‍നിന്നും ഗവണ്‍മെന്‍റ്  പ്രക്ഷോഭത്തെ ആക്രമിച്ചു. ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. തുടക്കത്തില്‍ ഹൈവേകളില്‍ വലിയ കുഴിയുണ്ടാക്കിയും മറ്റും കടുത്ത അടിച്ചമര്‍ത്തല്‍ നടപടികള്‍ ഗവണ്‍മെന്‍റ് സ്വീകരിച്ചു. വൈദ്യുതിയും കുടിവെള്ളവും നിഷേധിച്ചും ശുചീകരണ സൗകര്യങ്ങള്‍ ചെയ്യാതെയും കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പ്രക്ഷോഭകര്‍ക്കിടയിലേക്ക് പൊലീസ് ഏജന്‍റുമാരെ അയച്ചും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഗവണ്‍മെന്‍റ്  പലവിധ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. കോര്‍പറേറ്റ് "ഗോഡി" മാധ്യമങ്ങളെ ഉപയോഗിച്ച്, ഗവണ്‍മെന്‍റും സംഘപരിവാറും പ്രക്ഷോഭത്തിനെതിരെ ദുരുപദിഷ്ടമായ നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. കര്‍ഷകരെ ഖലിസ്താനികളായും മാവോയിസ്റ്റുകളായും പാകിസ്താന്‍ ചാരന്മാരായും ചൈനീസ് ചാരന്മാരായും പട്ടാളത്തിന് എത്തിക്കേണ്ട സാധനങ്ങള്‍ തടയുന്ന രാജ്യദ്രോഹികളായും ബിജെപി വിരുദ്ധ രാഷ്ട്രീയ പാര്‍ടികള്‍ സംഘടിപ്പിച്ച പ്രക്ഷോഭമായും മറ്റുമെല്ലാം കുറ്റപ്പെടുത്തിക്കൊണ്ടുള്ള നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. റിപ്പബ്ലിക്ദിനത്തില്‍ വഞ്ചനാപരമായ ഒരു ഗൂഢാലോചനയും ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായി; സര്‍ക്കാര്‍ ഏജന്‍റുമാരെ ഉപയോഗിച്ചും ചെങ്കോട്ടയിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തെ ഉപയോഗിച്ചും കര്‍ഷക നേതാക്കളെ കുറ്റപ്പെടുത്താനും കള്ളക്കേസുകളില്‍ കുടുക്കാനും സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ ഈ എല്ലാ നീക്കങ്ങളും മോഡി-ഷാ വാഴ്ചയുടെ  കര്‍ഷകവിരുദ്ധ നയങ്ങളും നടപടികളും തുറന്നു കാണിക്കുക മാത്രമാണ് ചെയ്തത്. 

അച്ചടക്കത്തോടുകൂടിയതും സമാധാനപരമായതും സംഘടിതവുമായ കര്‍ഷക പ്രക്ഷോഭം ഇന്ത്യയിലെയും വിദേശങ്ങളിലെയും ജനങ്ങളുടെയാകെ ശ്രദ്ധയാകര്‍ഷിച്ചു. നമ്മുടെ രാജ്യത്തെ വിവിധവിഭാഗം ജനങ്ങളില്‍നിന്നും കര്‍ഷകര്‍ക്ക് പിന്തുണയും പ്രശംസയും ലഭിച്ചു. ലോകത്തെ നൂറിലേറെ രാജ്യങ്ങളില്‍ പണിയെടുക്കുന്ന ഇന്ത്യക്കാരില്‍നിന്നും കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ ലഭിച്ചു. ഇന്ത്യയിലെ ഈ കര്‍ഷക സമരത്തിന് ലോകത്താകെയുള്ള ജനാധിപത്യ വിശ്വാസികളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയുംപോലും അനുഭാവവും പിന്തുണയും ലഭിക്കുകയുണ്ടായി. ഏറ്റവും പ്രധാനപ്പെട്ട പിന്തുണ ലഭിച്ചത്, ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തില്‍നിന്നാണ്. ആദ്യദിവസംമുതല്‍തന്നെ സിഐടിയുവും മറ്റു കേന്ദ്ര ട്രേഡ്യൂണിയനുകളും കര്‍ഷകസമരത്തിനു പിന്തുണ നല്‍കിയിരുന്നു; കര്‍ഷകര്‍ക്കൊപ്പം തൊഴിലാളികളും തോളോടുതോളുരുമ്മി അണിനിരന്നു. 10 ദേശീയ ട്രേഡ്യൂണിയനുകളുടെ കേന്ദ്രസമിതി വഴിതടയല്‍, റെയില്‍ തടയല്‍, ഭാരത്ബന്ദ്, റാലികള്‍  എന്നിവയുള്‍പ്പെടെ കര്‍ഷകരുടെ എല്ലാ സമരങ്ങളിലും സജീവമായി പങ്കെടുത്തു. നിരവധി തൊഴിലാളി യൂണിയനുകളും ഫെഡറേഷനുകളും കര്‍ഷക പ്രസ്ഥാനത്തിന് സാമ്പത്തിക സഹായവും നല്‍കി. തൊഴിലാളികള്‍തന്നെ മോഡി ഗവണ്‍മെന്‍റിന്‍റെ കടുത്ത ആക്രമണം നേരിടുകയാണ്. എല്ലാ തൊഴില്‍ നിയമങ്ങളും റദ്ദാക്കപ്പെടുകയും പകരം തൊഴിലാളികളെ കോര്‍പറേറ്റുകളുടെ/ബഹുരാഷ്ട്ര കുത്തകകളുടെ അടിമകളാക്കി മാറ്റുന്നതിനായി 4 ലേബര്‍ കോഡുകള്‍ പാസാക്കപ്പെടുകയുമുണ്ടായി. ഈ കോഡുകളിലൂടെ തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും കവര്‍ന്നെടുക്കപ്പെട്ടിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വ്യാപകമായി സ്വകാര്യവല്‍ക്കരിക്കപ്പെടുകയാണ്; ഗവണ്‍മെന്‍റ് എല്ലാ ദേശീയ ആസ്തികളും നാടനും മറുനാടനുമായ സ്വകാര്യ കമ്പനികള്‍ക്ക് വിറ്റുതുലയ്ക്കുകയാണ്. തൊഴിലാളികള്‍ ഈ ആക്രമണങ്ങള്‍ക്കെതിരെ പൊരുതുന്നതിനൊപ്പം കര്‍ഷകസമരത്തിന് പിന്തുണ നല്‍കുകയുമാണ്. കര്‍ഷക സമര സംഘടനാ നേതാക്കളുടെയും ട്രേഡ് യൂണിയന്‍ നേതാക്കളുടെയും സംയുക്ത യോഗംചേര്‍ന്ന് മോഡി സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ കൂട്ടായി പൊരുതാന്‍ തീരുമാനിക്കുകയുണ്ടായി. തൊഴിലാളി-കര്‍ഷക ഐക്യത്തിന്‍റെ പുതിയൊരു ചക്രവാളം ഉദയംചെയ്തു; ഇത് നിശ്ചയമായും നമ്മുടെ ജനാധിപത്യ പ്രസ്ഥാനത്തിന് കരുത്ത് നല്‍കും. 

ഐതിഹാസികമായ ഈ സമരത്തിനുപിന്നില്‍ എല്ലാവിഭാഗം ജനങ്ങളും അണിനിരന്നു. എല്ലാ വനിതാ സംഘടനകളും കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കുകയും വനിതാദിനത്തിനുള്‍പ്പെടെ ഡല്‍ഹി അതിര്‍ത്തികളിലെ പ്രതിഷേധ പ്രക്ഷോഭങ്ങളില്‍ വന്‍തോതില്‍ സ്ത്രീകളെ അണിനിരത്തുകയും ചെയ്തു. വിദ്യാര്‍ഥികളും യുവജനങ്ങളും ഈ പ്രക്ഷോഭത്തിന് പിന്തുണ നല്‍കുകയും സമരപരിപാടികളില്‍ അണിനിരക്കുകയും ചെയ്തു. പ്രക്ഷോഭത്തിലുടനീളം അതിനെ സഹായിക്കാന്‍ വിദ്യാര്‍ഥികളും യുവജനങ്ങളും വളന്‍റിയര്‍മാരായി പ്രവര്‍ത്തിച്ചു. സോഷ്യല്‍മീഡിയയില്‍ കര്‍ഷക സമരത്തിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുകയും നിരവധി ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങളില്‍ പങ്കാളികളാകുകയും ചെയ്യുന്നു. അധ്വാനിക്കുന്നവരായ മറ്റു ജനവിഭാഗങ്ങളും-മര്‍ദിതരായ ആദിവാസികളും ദളിതരും അവരെ പ്രതിനിധാനംചെയ്യുന്ന വിവിധ സംഘടനകളും കര്‍ഷക പ്രക്ഷോഭത്തിനൊപ്പം നിന്നു. ബുദ്ധിജീവികള്‍, എഴുത്തുകാര്‍, കലാകാരന്മാരും കലാകാരികളും, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, ജേണലിസ്റ്റുകള്‍ എന്നീ വിഭാഗങ്ങളെല്ലാം ഈ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കുന്നു. ഈ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ സമരരംഗത്തുള്ള കര്‍ഷകരുടെ സമരവീര്യം സുദൃഢമാക്കുന്നു. അങ്ങനെ പ്രക്ഷോഭം കരുത്തും ധൈര്യവും ആര്‍ജിച്ച് മുന്നേറുകയാണ്. സമരത്തിനെതിരെ വ്യാജ പ്രചരണത്തിന് മോഡി ഗവണ്‍മെന്‍റ് കോര്‍പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള "ഗോഡി" മാധ്യമങ്ങളെയാണ് ഉപയോഗിക്കുന്നത്; എന്നാല്‍ നല്ലൊരു വിഭാഗം മാധ്യമങ്ങള്‍, പ്രത്യേകിച്ചും അച്ചടി മാധ്യമങ്ങള്‍, സമരത്തിന് പ്രാധാന്യം നല്‍കുകയും ബിജെപി ഗവണ്‍മെന്‍റിന്‍റെ കര്‍ഷകവിരുദ്ധവും അയവില്ലാത്തതുമായ സമീപനത്തെ വിമര്‍ശിക്കുകയും ചെയ്യുന്നു. 

ആദ്യ നൂറുദിനങ്ങളില്‍ കേന്ദ്രത്തിലും രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലും കര്‍ഷകരുടെ സജീവവും വന്‍തോതിലുള്ളതുമായ പങ്കാളിത്തത്തോടുകൂടിയ പ്രവര്‍ത്തന പരിപാടികള്‍ നിരന്തരം നടന്നിരുന്നു. ആ കാലത്താണ് രണ്ട് ഭാരത ബന്ദുകള്‍ സംഘടിപ്പിക്കപ്പെട്ടത്. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ 30-35 കോടിയോളം ആളുകള്‍ ഈ പ്രക്ഷോഭത്തില്‍ പങ്കാളികളായി. രാജ്യമാസകലമുള്ള നൂറുകണക്കിന് സ്ഥലങ്ങളില്‍ നടന്ന റെയില്‍ രോക്കോ പരിപാടിയില്‍ ട്രെയിന്‍ തടയാന്‍ നിശ്ചയിച്ചിരുന്ന ഓരോ സ്ഥലത്തും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു; പിന്നീട് സംഘടിപ്പിച്ച റോഡ് ഉപരോധത്തിന്‍റെ ഭാഗമായി എല്ലാ നാഷണല്‍  ഹൈവേകളിലും കര്‍ഷകരും ജനങ്ങളാകെയും അണിനിരന്ന് ഉപരോധമേര്‍പ്പെടുത്തി. ബ്ലോക്ക്-വില്ലേജ് തലങ്ങളില്‍ അസംഖ്യം പ്രതിഷേധ യോഗങ്ങളും ജില്ലാ-സംസ്ഥാനതലങ്ങളില്‍ റാലികളും ഈ കാലഘട്ടത്തില്‍ സംഘടിപ്പിച്ചു. 

മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റ് സ്വഭാവമുള്ളതുമായ ഗവണ്‍മെന്‍റ് ഈ പ്രതിഷേധങ്ങള്‍ക്കൊന്നും ചെവികൊടുക്കാന്‍ തയ്യാറായില്ല. ആ സാഹചര്യത്തില്‍ പ്രക്ഷോഭത്തിന്‍റെ 100-ാം ദിനത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനും അതിന്‍റെ ഭാഗമായി സംയുക്ത കിസാന്‍മോര്‍ച്ച കുണ്ടലി-മനേസര്‍-പല്‍വാല്‍ ഔട്ടര്‍ റിങ് റോഡ് ഉപരോധിക്കാനും തീരുമാനിക്കുകയുമുണ്ടായി. ഗവണ്‍മെന്‍റിന്‍റെ ഉദാസീന സമീപനത്തിനെതിരായ ഈ പ്രതിഷേധവും ചെറുത്തുനില്‍പും വമ്പിച്ച വിജയമായി. ഈ ഘട്ടത്തിലാണ് ഗവണ്‍മെന്‍റ് കര്‍ഷക നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്; 11 വട്ടം ചര്‍ച്ച നടന്നു; എന്നാല്‍ നിയമങ്ങളിലെ ചില വകുപ്പുകളില്‍ ചെറിയ ചല ഭേദഗതികള്‍വരുത്താനുള്ള ഗവണ്‍മെന്‍റ് തീരുമാനം അടിച്ചേല്‍പിക്കാനാണ് ശ്രമം നടന്നത്. ഗവണ്‍മെന്‍റിന്‍റെ വഞ്ചനാപരമായ നിര്‍ദേശത്തെ സംയുക്ത കിസാന്‍മോര്‍ച്ച തള്ളിക്കളഞ്ഞു. ഈ നിയമങ്ങള്‍ അപ്പാടെ കര്‍ഷകവിരുദ്ധമായതുകൊണ്ട് തൊലിപ്പുറമെയുള്ള മാറ്റങ്ങള്‍ യാതൊരു ഗുണവും ചെയ്യില്ല. ഗംഗാനദിയുടെ ഉറവിടമായ ഗംഗോത്രിതന്നെ മലിനമായിരിക്കുമ്പോള്‍ പിന്നെങ്ങനെയാണ് ഗംഗ മലിനമാകാതിരിക്കുന്നത്! ഈ നിയമങ്ങള്‍ പാടെ റദ്ദുചെയ്തേ പറ്റൂവെന്ന ആവശ്യം ഞങ്ങള്‍ മുന്നോട്ടുവെച്ചു. ഗവണ്‍മെന്‍റ് ചര്‍ച്ചകള്‍ അവസാനിപ്പിച്ചു; ജനുവരിക്കുശേഷം പിന്നൊരു കൂടിയാലോചനയും നടന്നില്ല. വ്യാജ പ്രചാരണത്തില്‍ മാത്രമാണ് ഗവണ്‍മെന്‍റ് മുഴുകിയത്. പ്രധാനമന്ത്രി അവകാശപ്പെട്ടത് അദ്ദേഹം കര്‍ഷകരില്‍നിന്ന് ഒരു ഫോണ്‍വിളിയിലൂടെ ബന്ധപ്പെടാവുന്ന അകലത്തില്‍ മാത്രമാണുള്ളത് എന്നാണ്. പക്ഷേ ഒരിക്കലും അത്തരമൊരു ഫോണ്‍വിളി കര്‍ഷകര്‍ക്ക് ലഭിച്ചില്ല. ഗവണ്‍മെന്‍റിന്‍റെ യഥാര്‍ഥ ലക്ഷ്യം പ്രക്ഷോഭത്തെ ക്ഷീണിപ്പിക്കുകയും നിരാശരായി സമരമുന്നണി വിട്ടുപോകാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുകയുമാണ്. ആത്മാര്‍ഥമായ ചര്‍ച്ചയിലൂടെ മാത്രമെ പ്രശ്നം പരിഹരിക്കാനാകൂവെന്നാണ് സംയുക്ത കിസാന്‍മോര്‍ച്ച വിശ്വസിക്കുന്നത്. സമരസമിതി സദാ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നിട്ടും വ്യാജ പ്രചാരണങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കാന്‍ മാത്രമാണ് ഗവണ്‍മെന്‍റ് ശ്രമിക്കുന്നത്. ഗവണ്‍മെന്‍റിന്‍റെ ഗൂഢാലോചനയെ എതിരിടുന്നതിന് കര്‍ഷകര്‍ വന്‍തോതിലുള്ള പ്രചരണത്തിലേര്‍പ്പെടുകയും ആവശ്യങ്ങള്‍ നേടുംവരെ സമരം തുടരാന്‍ തീരുമാനിക്കുകയുമുണ്ടായി. 

ബിജെപി ഗവണ്‍മെന്‍റിന്‍റെ ഗൂഢാലോചനമൂലം പ്രക്ഷോഭം നീണ്ടുപോയതോടെ സമരത്തെ സജീവമായി നിലനിര്‍ത്താന്‍ സംയുക്ത കിസാന്‍മോര്‍ച്ച നിരവധി പരിപാടികള്‍ക്ക് രൂപംനല്‍കി. ഇത്തരത്തില്‍ സുദീര്‍ഘമായ വമ്പിച്ച ഒരു സംയുക്ത പ്രക്ഷോഭത്തിന്‍റെ മുന്‍ അനുഭവങ്ങളൊന്നുംതന്നെയില്ല. അതിനാല്‍ അത് തുടരാന്‍ വേണ്ട അടവുകള്‍ നാംതന്നെ രൂപപ്പെടുത്തിയെടുത്തേ പറ്റൂ; അത് ഫലപ്രദമായി നടപ്പാക്കുകയും വേണം. വിളവെടുപ്പും വിത്തുവിതയ്ക്കലും ഉള്‍പ്പെടെയുള്ള കൃഷിപ്പണി തുടങ്ങുന്ന കാലത്ത് ചില കൃഷിക്കാര്‍ക്ക് ഗ്രാമങ്ങളിലേക്ക് മടങ്ങേണ്ടതുണ്ടായിരുന്നു. ഇത് ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക കൂട്ടായ്മയുടെ എണ്ണം കുറച്ചിരുന്നു; ഈ അവസരം മുതലെടുത്ത് കോര്‍പറേറ്റ് മാധ്യമങ്ങള്‍ പ്രക്ഷോഭത്തിന്‍റെ കാറ്റുപോയി എന്ന് അവകാശപ്പെടുന്ന കൊണ്ടുപിടിച്ച പ്രചാരണം ആരംഭിച്ചു. ഈകാലത്ത് വിദ്യാര്‍ഥികളെയും യുവജനങ്ങളെയും തൊഴിലാളികളെയും സ്ത്രീകളെയും വൃദ്ധരെയും വന്‍തോതില്‍ എത്തിച്ചാണ് ഈ പ്രചാരണത്തെ നേരിട്ടത്; കൃഷിപ്പണികളുടെ കാലം കഴിഞ്ഞപ്പോള്‍ കര്‍ഷകര്‍ വീണ്ടും വന്‍തോതില്‍ സമരരംഗത്ത് മടങ്ങിയെത്തി. എണ്ണത്തിലുണ്ടായ ചില വ്യത്യാസങ്ങള്‍ പ്രക്ഷോഭം ദുര്‍ബലമാകുന്നതിന്‍റെ സൂചനയല്ല, മറിച്ച് കര്‍ഷക ജനതയുടെ കൃഷി ആവശ്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള അടവുപരമായ ഒരു സമീപനം മാത്രമാണത്; നീണ്ടകാലത്തേക്ക് അവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍വേണ്ട തയ്യാറെടുപ്പിനുള്ള ക്രമീകരണമാണത്.  ഈ ധാരണയാണ് പ്രക്ഷോഭത്തെ യാതൊരു ഇടവേളയും കൂടാതെ മുന്നോട്ടുപോകാനും കരുത്താര്‍ജിക്കാനും സഹായിച്ചത്.

എഐകെഎസിന്‍റെ സെന്‍ട്രല്‍ കിസാന്‍ കമ്മിറ്റി (സികെസി) സാഹചര്യം വിലയിരുത്തുകയും മോഡി സര്‍ക്കാരിന്‍റെ കോര്‍പറേറ്റനുകൂലവും ജനവിരുദ്ധവുമായ നയങ്ങള്‍ തുറന്നുകാണിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സംയുക്ത കര്‍ഷകപ്രക്ഷോഭം എന്‍ഡിഎയില്‍ ഭിന്നിപ്പുണ്ടാക്കിയെന്നും അകാലിദളിനെപോലെ അതിലെ ചില ഘടകകക്ഷികള്‍ എന്‍ഡിഎയില്‍നിന്നും പുറത്തുപോയിയെന്നും മറ്റു ചിലവ ഗവണ്‍മെന്‍റ് നയങ്ങളെ പരസ്യമായി വിമര്‍ശിച്ചുവെന്നും സികെസി വ്യക്തമാക്കി. എല്ലാ ജനാധിപത്യ-മതനിരപേക്ഷ ജനവിഭാഗങ്ങളിലും കര്‍ഷക പ്രക്ഷോഭം വലിയതോതില്‍ ആവേശം ജനിപ്പിച്ചിരിക്കുകയാണെന്നും ഇത് രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് പ്രചോദനമായിയെന്നും സികെസി വ്യക്തമാക്കി. ഈ സാഹചര്യത്തെ ബലപ്പെടുത്താന്‍, എഐകെഎസിന്‍റെ  പ്രവര്‍ത്തനം ശക്തിപ്പെടുത്താനും എല്ലാ വര്‍ഗ-ബഹുജന സംഘടനകളുടെയും ഐക്യവും ഇടതുപക്ഷ ജനാധിപത്യ കര്‍ഷക സംഘടനകളുടെ ഐക്യവും ശക്തിപ്പെടുത്താനും അഖിലേന്ത്യാടിസ്ഥാനത്തില്‍ ഈ പ്രക്ഷോഭത്തെ വ്യാപിപ്പിക്കാനും തീരുമാനിക്കുകയുണ്ടായി. സംയുക്ത കിസാന്‍മോര്‍ച്ച ഒരുകൂട്ടം പരിപാടികള്‍ക്ക് രൂപംനല്‍കി. മാര്‍ച്ച് 8ന് മഹിളാ കിസാന്‍ ദിനമായി ആചരിക്കപ്പെട്ടു; ആയിരക്കണക്കിന് സ്ത്രീകള്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് പ്രകടനം നടത്തി. മാര്‍ച്ച് 15ന് സംയുക്ത കിസാന്‍മോര്‍ച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും കൂട്ടായി സ്വകാര്യവല്‍ക്കരണവിരുദ്ധ - കോര്‍പറേറ്റുവിരുദ്ധ ദിനമായി ആചരിച്ചു. നമ്മുടെ പ്രശ്നങ്ങള്‍ ജനങ്ങളോടാകെ വിശദീകരിക്കുന്നതിനായി നിരവധി സംസ്ഥാനങ്ങളില്‍ കിസാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിച്ചു; അവയില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്തു. ഓണ്‍ലൈനായും നിരവധി യോഗങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. എഐകെഎസ് മഥുരയില്‍നിന്നും പല്‍വാലിലേക്കും ഹാന്‍സിയില്‍നിന്നും തിക്രിയിലേക്കും കാത്കാര്‍ കലാനില്‍നിന്നും സിംഘുവിലേക്കും മൂന്ന് പദയാത്രകള്‍ സംഘടിപ്പിച്ചു; അവയില്‍ നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. അടുത്തകാലത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ "കര്‍ഷകവിരുദ്ധരായ ബിജെപിയെ പരാജയപ്പെടുത്തുക" എന്ന മുദ്രാവാക്യമുയര്‍ത്തി സംയുക്ത കിസാന്‍മോര്‍ച്ച ബിജെപിക്കെതിരെ പ്രചാരണം സംഘടിപ്പിച്ചു. 4 ലേബര്‍ കോഡുകള്‍ക്കും മൂന്ന് കര്‍ഷക നിയമങ്ങള്‍ക്കും എതിരെ പ്രതിഷേധിക്കുന്നതിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്തു. കര്‍ഷക സംഘടനകളും ആ കാംപെയ്നില്‍ അണിനിരന്നു. മാര്‍ച്ച് 26ന് വീണ്ടും ഒരു ഭാരത ബന്ദ് നടത്താന്‍ കേന്ദ്ര ട്രേഡ്യൂണിയനുകളും സംയുക്ത കിസാന്‍മോര്‍ച്ചയും സംയുക്തമായി ആഹ്വാനംചെയ്തു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊഴികെ ഇത് വ്യാപകമായി നടന്നു. മെയ് 8ന് ഒരു ഓണ്‍ലൈന്‍ പൊതുയോഗം സംഘടിപ്പിക്കുകയുണ്ടായി. അതില്‍ എഐകെഎസിന്‍റെയും സിഐടിയുവിന്‍റെയും കര്‍ഷകത്തൊഴിലാളി യൂണിയന്‍റെയും ദേശീയ നേതാക്കള്‍ സംസാരിച്ചു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വലിയതോതില്‍ ലോക്ഡൗണ്‍ നടപ്പാക്കപ്പെടുകയും അഭൂതപൂര്‍വമായവിധം കോവിഡ് 19 പടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്തപ്പോഴും നമ്മള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. 

ഇതേസമയം ബിജെപി ഗവണ്‍മെന്‍റ് പുതിയൊരു ഗൂഢാലോചനയില്‍ ഏര്‍പ്പെടുകയായിരുന്നു; ബിജെപി നേതാക്കളില്‍ ചിലര്‍ സമരവേദികളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് കോടതികളെ സമീപിക്കുകയുണ്ടായി. ബിജെപി/ആര്‍എസ്എസുകാരായ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ട് ഡല്‍ഹി അതിര്‍ത്തികളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമുണ്ടായി. ഉത്തര്‍പ്രദേശിലെ യോഗി ഗവണ്‍മെന്‍റ് ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ വലിയതോതിലുള്ള പൊലീസ് നടപടി ആസൂത്രണംചെയ്തു. ചില ആര്‍എസ്എസ് ഗുണ്ടകളും ബിജെപി എംഎല്‍എമാരും കൃഷിക്കാരെ ഭീഷണിപ്പെടുത്താനും ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു വിടാനുമായി എത്തി. എന്നാല്‍ ഏതുതരം ആക്രമണത്തെയും നേരിടാനുള്ള ദൃഢ നിശ്ചയത്തിലായിരുന്നു കൃഷിക്കാര്‍. അവര്‍ ശക്തിയായി ചെറുത്തുനിന്നു; രോഷാകുലരായ ആയിരക്കണക്കിന് കര്‍ഷകര്‍ ഗാസിപ്പൂരിലേക്കും സിംഘുവിലേക്കും അതിര്‍ത്തിയിലെ മറ്റു സമര കേന്ദ്രങ്ങളിലേക്കും പാഞ്ഞെത്തി വലിയ ചെറുത്തുനില്‍പ് സംഘടിപ്പിച്ചു; ഇത് സംഘി ഗുണ്ടകളെയും പൊലീസിനെയും പിന്തിരിപ്പിച്ചു,  പ്രക്ഷോഭത്തിന് പുതിയൊരു കരുത്തുപകര്‍ന്നു. 

രാജ്യത്താകെ കൊറോണ മഹാമാരി വന്‍തോതില്‍ പടര്‍ന്ന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. കോവിഡ്-19ന്‍റെ രണ്ടാം തരംഗത്തെ നേരിടുന്നതിനു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന കാര്യത്തില്‍ ബിജെപി ഗവണ്‍മെന്‍റിനുണ്ടായ വീഴ്ച ഗ്രാമങ്ങളില്‍ അപകടകരമായ പുതിയൊരു സാഹചര്യം സൃഷ്ടിച്ചു. ലക്ഷക്കണക്കിനാളുകള്‍ കോവിഡിന് ഇരയാക്കപ്പെട്ടു; എന്നാല്‍ വിപുലമായ ടെസ്റ്റിങ്ങൊന്നും ഉണ്ടായില്ല; ആശുപത്രി കിടക്കകളുടെയും ഐസിയുവിന്‍റെയും ഓക്സിജന്‍റെയും ക്ഷാമം മരണനിരക്ക് വന്‍തോതില്‍ വര്‍ധിക്കുന്നതിനിടയാക്കി. മഹാമാരിയെ ചെറുക്കുന്നതിന് വാക്സിനേഷന്‍ പ്രധാനപ്പെട്ട ഒരു നടപടിയാണ്; പക്ഷേ, ബിജെപി സര്‍ക്കാരിന്‍റെ ഹൃദയശൂന്യമായ സമീപനംമൂലം ആവശ്യമായ വാക്സിനുകള്‍ ലഭ്യമാക്കിയില്ല. മിക്ക സംസ്ഥാനങ്ങളിലെയും ഗ്രാമീണ ജനത ഉപജീവനത്തിനു വകതേടുന്നതിനായി ഗ്രാമങ്ങള്‍ ഉപേക്ഷിച്ചു. രണ്ടാംതരംഗം ഗ്രാമീണ മേഖലയെയും ദരിദ്രരായ ഗ്രാമീണ ജനതയെയുമാണ് വലിയതോതില്‍ ബാധിച്ചത്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൈത്തൊഴിലുകാരുമാണ് പ്രധാന ഇരകള്‍. വര്‍ധിച്ചുവരുന്ന മരണങ്ങള്‍ ആകുലത പടര്‍ത്തി; മരണങ്ങളില്‍ പലതും റിപ്പോര്‍ട്ടുചെയ്യപ്പെട്ടതുപോലുമില്ല. വന്‍തോതിലുള്ള സാര്‍വത്രിക സൗജന്യ വാക്സിനേഷന്‍ അടിയന്തിരാവശ്യമാണ്. മെഡിക്കല്‍ സൗകര്യങ്ങള്‍ അടിയന്തരമായും വികസിപ്പിക്കേണ്ടതുണ്ട്. മഹാമാരിയും ലോക്ഡൗണുംമൂലം ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. അവര്‍ക്ക് വാങ്ങല്‍ശേഷിതന്നെ ഇല്ലാതായി; ജനങ്ങള്‍ക്ക് അതിജീവിക്കുന്നതിന് സൗജന്യ റേഷനുപുറമെ, നികുതി കൊടുക്കേണ്ടതില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500  രൂപ വീതം ഗവണ്‍മെന്‍റ് നല്‍കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. കൃഷിക്കാരുമായി ചര്‍ച്ചചെയ്യാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഗവണ്‍മെന്‍റ് മുന്നോട്ടു വരണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. 

2021 മെയ് 26ന് പ്രക്ഷോഭം ആറുമാസം പൂര്‍ത്തിയാക്കി. ഈ ദിവസമാണ് ഡല്‍ഹി ചലോ പ്രക്ഷോഭത്തിന്‍റെയും പൊതു പണിമുടക്കിന്‍റെയും ഗ്രാമീണ ഹര്‍ത്താലിന്‍റെയും (2020 നവംബര്‍ 26) ആറുമാസം പൂര്‍ത്തിയാകുന്നത്; ഇതേദിവസംതന്നെയാണ് മോഡി ഗവണ്‍മെന്‍റിന്‍റെ ദുര്‍ഭരണത്തിന്‍റെ 7 വര്‍ഷം പൂര്‍ത്തിയാകുന്നതും. അതിനാല്‍  രാജ്യമാസകലം മെയ് 26ന് കരിദിനമായാചരിക്കാന്‍ സംയുക്ത കിസാന്‍മോര്‍ച്ച ആഹ്വാനംചെയ്തു. സംയുക്ത കിസാന്‍മോര്‍ച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും ആഹ്വാനംചെയ്തതും വനിതാ സംഘടനകളും വിദ്യാര്‍ഥി-യുവജന സംഘടനകളും വിവിധ വര്‍ഗ ബഹുജന സംഘടനകളും ഒപ്പം രാജ്യത്തെ 12 പ്രമുഖ രാഷ്ട്രീയപാര്‍ടികളും പിന്തുണയ്ക്കുകയും ചെയ്തു. ഈ പ്രതിഷേധ ദിനാചരണത്തില്‍ കോടിക്കണക്കിന് ഇന്ത്യക്കാര്‍ പങ്കെടുത്തു. ജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളിലുമുള്ള മോഡി ഗവണ്‍മെന്‍റിന്‍റെ പരാജയത്തിനെതിരെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും ആളുകള്‍ വീടുകളിലും ഓഫീസുകളിലും വാഹനങ്ങളിലും കരിങ്കൊടികള്‍ ഉയര്‍ത്തി. നരേന്ദ്രമോഡിയുടെ കോലങ്ങള്‍ കത്തിക്കുകയും ബിജെപി ഗവണ്‍മെന്‍റിന്‍റെ നയങ്ങള്‍ക്കെതിരെ വ്യാപകമായ കാംപെയ്ന്‍ സംഘടിപ്പിക്കുകയുമുണ്ടായി. മഹാമാരിയും ലോക്ഡൗണും മൂലമുള്ള പ്രയാസങ്ങള്‍ ഉണ്ടായിട്ടും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് കോടിക്കണക്കിനാളുകള്‍ ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ 6 മാസക്കാലത്തെ സംയുക്ത കര്‍ഷക പ്രക്ഷോഭം  നമുക്ക് നിരവധി പാഠങ്ങള്‍ നല്‍കുന്നുണ്ട്. സമീപകാല ചരിത്രത്തില്‍ കര്‍ഷക ജനത നടത്തിയ ഏറ്റവും നീണ്ടതും വലുതുമായ പ്രക്ഷോഭമാണിതെന്നാണ് ആഗോളമായി വിവരിക്കപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതിന് സമാനതകളൊന്നുമില്ല. പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്നായി ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിക്കു ചുറ്റുമുള്ള എല്ലാ അതിര്‍ത്തികളിലുമായി പ്രക്ഷോഭത്തില്‍ അണിനിരന്നത്. തലസ്ഥാനനഗരിയിലേക്കുള്ള 5 പ്രവേശന സ്ഥലങ്ങളില്‍ അവര്‍ ധര്‍ണയിരുന്നു. കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍, ആസാം, ജമ്മു-കാശ്മീര്‍, ഗുജറാത്ത്, ഛത്തീസ്ഗഢ് തുടങ്ങിയ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ആയിരങ്ങള്‍ അണിചേര്‍ന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇതിനുപുറമെ വമ്പിച്ച പ്രതിഷേധങ്ങള്‍ക്കും സാക്ഷ്യംവഹിച്ചു. വലിയൊരു സംഖ്യവരുന്ന കര്‍ഷക സംഘടനകള്‍ക്ക് രാജ്യത്ത് ഇന്നേവരെ ഉണ്ടായതില്‍വച്ച് ഏറ്റവും വിശാലമായ ഒരു ഐക്യമുന്നണി വിജയകരമായി കെട്ടിപ്പടുക്കാന്‍ കഴിഞ്ഞു; 500ല്‍ അധികം സംഘടനകളാണ് ഇങ്ങനെ അഭൂതപൂര്‍വമായ ഒരു വിഷയാധിഷ്ഠിത ഐക്യം സൃഷ്ടിക്കാനായി ഒത്തുചേര്‍ന്നത്. അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും (എഐകെഎസ്സിസി) സംയുക്ത കിസാന്‍മോര്‍ച്ചയുമാണ് ഈ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നത്. വിഷയങ്ങളെയും പ്രക്ഷോഭത്തെയും സംബന്ധിച്ച് വിവിധ സംഘടനകള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഒന്നുമില്ല. ഈ പ്രക്ഷോഭം കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി-എന്‍ഡിഎ ഗവണ്‍മെന്‍റുകളുടെ കടുത്ത മര്‍ദന നടപടികളാണ് നേരിട്ടത്; എന്നിട്ടും അത് തികച്ചും സമാധാനപരമായിത്തന്നെ നിലനിന്നു. ഇത്തരത്തില്‍ ദൈര്‍ഘ്യമേറിയതും വലുതുമായ ഒരു സംയുക്ത പ്രക്ഷോഭം എന്തു വിലകൊടുത്തും സമാധാനം നിലനിര്‍ത്തുന്നതും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരനുഭവമാണ്. ഒട്ടേറെ പ്രകോപനങ്ങളുടെയും ആക്രമണങ്ങളുടെയും ഗൂഢാലോചനകളുടെയും മുന്നില്‍ കൃഷിക്കാര്‍ അച്ചടക്കത്തോടെയും ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും ഉറച്ചുനിന്നു. ഈ സമരകാലത്തു കണ്ട, മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തൊഴിലാളി-കര്‍ഷക ഐക്യവും അനുപമമാണ്. ശരിക്കുമൊരു ജനകീയ പ്രക്ഷോഭമായി ഈ സമരത്തെ മാറ്റിയത് എല്ലാവിഭാഗം ജനങ്ങളും ഇതിന് പിന്തുണയുമായി എത്തിയതിനാലാണ്. ബിജെപി ഗവണ്‍മെന്‍റിന്‍റെ അഹന്തനിറഞ്ഞ കര്‍ഷകവിരുദ്ധ സമീപനംമൂലമാണ് ഈ പ്രക്ഷോഭം നീണ്ടുപോകുന്നത്. ഏതൊരു ജനാധിപത്യ ഗവണ്‍മെന്‍റും തങ്ങളുടെ പൗരരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുമായിരുന്നു; പക്ഷേ, ഇപ്പോള്‍ ഇവിടെ അത് സംഭവിക്കാതിരുന്നത് പ്രധാനമന്ത്രിയുടെയും ബിജെപി ഗവണ്‍മെന്‍റിന്‍റെയും ഫാസിസ്റ്റ് സംഘപരിവാറിന്‍റെയും കോര്‍പറേറ്റനുകൂല, സ്വേച്ഛാധിപത്യ സ്വഭാവംമൂലമാണ്. ഒരു പരിഹാരത്തില്‍ എത്തിച്ചേരുന്നതിനുള്ള ഒരേയൊരു  വഴി ചര്‍ച്ചയാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിട്ടും 2021 ജനുവരി 22നുശേഷം സംഭാഷണമൊന്നും നടന്നതേയില്ല. 

നരേന്ദ്രമോഡിയും ബിജെപി ഗവണ്‍മെന്‍റും കൃഷിക്കാരെ വഞ്ചിക്കുകയാണ്. കഴിഞ്ഞ 7 വര്‍ഷത്തിനിടയിലെ ദുര്‍ഭരണത്തില്‍ അവര്‍ കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കുന്നതിന് സൗകര്യമൊരുക്കാനായി ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ നടപടികളുടെ ഒരു പരമ്പരതന്നെ കൈക്കൊണ്ടു. ജനങ്ങളുടെ ആവശ്യങ്ങളോട് അവര്‍ മുഖംതിരിഞ്ഞുനിന്നു; ജനകീയ ആവശ്യങ്ങളെ അവര്‍ അവഗണിച്ചു. അവര്‍ ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തി; ഏതൊരു ഭിന്നാഭിപ്രായത്തെയും നിശ്ശബ്ദമാക്കാന്‍ അവര്‍ ഭരണകൂടത്തിന്‍റെ ശക്തിയാകെ പ്രയോഗിച്ചു. എല്ലാ ജനാധിപത്യ, മതനിരപേക്ഷ, ജനകീയ പ്രസ്ഥാനങ്ങളെയും അടിച്ചമര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും ഒരേയൊരു ഉത്ക്കണ്ഠ, വര്‍ഗീയവും ജാതീയവുമായ ചേരിതിരിവ് സൃഷ്ടിച്ചുകൊണ്ട് ഏതൊരു മാര്‍ഗത്തിലൂടെയും തിരഞ്ഞെടുപ്പ് വിജയം വരിക്കുന്നതില്‍ മാത്രമാണ്. സമീപകാലത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ വെറും "അന്നദാതാക്കള്‍" മാത്രമല്ലെന്നും "വോട്ട് ദാതാക്കള്‍" കൂടിയാണെന്നും കര്‍ഷകര്‍ തെളിയിച്ചിരിക്കുകയാണ്; ബിജെപി ഗവണ്‍മെന്‍റിന്‍റെ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ബാലറ്റിലൂടെ അവരുടെ രോഷം പ്രകടിപ്പിച്ചു. ബിജെപിക്കെതിരെ വോട്ടുചെയ്യാനും, കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെ ശിക്ഷിക്കാനും സംയുക്ത കിസാന്‍മോര്‍ച്ച  കര്‍ഷകരോട് ആഹാനംചെയ്തു. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വെളിപ്പെടുത്തുന്നത് വലിയൊരു വിഭാഗം കര്‍ഷകര്‍  ബിജെപിക്കെതിരെ വോട്ടുചെയ്തതായും മൂന്നു പ്രധാന സംസ്ഥാനങ്ങളില്‍ അവരുടെ പരാജയം ഉറപ്പാക്കിയതായുമാണ്. ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും  ഇത് വ്യക്തമായി കാണാവുന്നതാണ്. "കര്‍ഷകവിരുദ്ധ ബിജെപിയെ പരാജയപ്പെടുത്തുക" എന്ന മുദ്രാവാക്യവും അതിനായുള്ള പ്രചാരണവും പഞ്ചാബിലും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും അടുത്ത് നടക്കാന്‍പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും തുടരും. കര്‍ഷക ജന സാമാന്യം അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടാകെ ഐക്യപ്പെട്ട് ബിജെപിയുടെ പരാജയം ഉറപ്പാക്കും. സമരത്തിന്‍റെ ഡിമാന്‍ഡുകള്‍ നേടിയെടുക്കുമെന്ന് ഉറപ്പാക്കാന്‍ അതു പ്രധാനമാണ്. വിജയിക്കുന്നതുവരെ തങ്ങളുടെ സമരം തുടരാനുള്ള ദൃഢനിശ്ചയത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച. രാജ്യത്തുടനീളം ഈ കര്‍ഷക സമരത്തെ ശക്തിപ്പെടുത്താന്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും. ഈ സമരത്തിന്‍റെ സുദീര്‍ഘമായ ഒരു ഘട്ടത്തിന്‍റെ ആവേശകരമായ തുടക്കമായിരുന്നു  മെയ് 26ന്‍റെ 'കരിദിനാ'ചരണം.•