ജനവിരുദ്ധതയുടെ അനിവാര്യമായ പ്രത്യാഘാതങ്ങള്‍

സി പി നാരായണന്‍

കോവിഡ് വൈറസ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ കടന്നുകയറി ആക്രമണം ആരംഭിച്ചിട്ട് 16 മാസം കഴിഞ്ഞു. വൈറസ് വ്യാപനത്തിന്‍റെ ഒന്നാം ഘട്ടത്തില്‍ വലിയ ആഘാതവും ജീവനാശവും ഉണ്ടായില്ല. പശ്ചിമ യൂറോപ്പിലെയും അമേരിക്കന്‍  വന്‍കരകളിലെയും രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ വ്യാപനവും മരണവും വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ രാജ്യമാകെ അടച്ചിട്ടതൊഴിച്ചാല്‍ മറ്റു നിയന്ത്രണങ്ങള്‍ കുറവായിരുന്നു. അടച്ചിട്ടത് മുന്നറിയിപ്പു നല്‍കാതെയും കോടിക്കണക്കിനു വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാനോ അതാതിടത്ത് സ്വൈരമായി പാര്‍ക്കാനോ സര്‍ക്കാര്‍ സൗകര്യം ചെയ്യാതെയുമായിരുന്നു. അതിനാല്‍ അവയ്ക്ക് പലവിധത്തില്‍ നരകയാതന അനുഭവിക്കേണ്ടിവന്നു.

കോവിഡിന്‍റെ ആക്രമണം കടലിലെ അലകള്‍പോലെ ഇടവിട്ടിടവിട്ട് ഉണ്ടാകും എന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കി. അതനുസരിച്ച് പുതിയ ആക്രമണം വരുമ്പോഴേക്ക് ആശുപത്രി സൗകര്യങ്ങള്‍ (ഐസിയു, വെന്‍റിലേറ്റര്‍, അവശ്യമരുന്നുകള്‍ ഉള്‍പ്പെടെ), വാക്സിന്‍ നിര്‍മാണം എന്നിവയ്ക്ക് ദ്രുതഗതിയിലുള്ള തീരുമാനങ്ങളും തുടര്‍നടപടികളും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായില്ല. വിവിധ വിദഗ്ദ്ധ സമിതികളും ഔദ്യോഗിക സ്ഥാപനങ്ങളും മുന്നറിയിപ്പ് നല്‍കാഞ്ഞിട്ടല്ല. ഗോമൂത്രപാനവും ചാണകം തേച്ചു കുളിയും ആയാല്‍ കോവിഡ് വൈറസിനെ അകറ്റിനിര്‍ത്താം എന്നായിരുന്നു മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ ഉറച്ച ധാരണ. അതുകൊണ്ട്  മുന്നൊരുക്കങ്ങളൊന്നും ഉണ്ടായില്ല. വാക്സിന്‍ ഉള്‍പ്പെടെയുള്ള ഔഷധനിര്‍മാണത്തിനു പേരുകേട്ട രാജ്യമാണ് ഇന്ത്യ. നിരവധി സ്ഥാപനങ്ങള്‍ പൊതു - സ്വകാര്യ മേഖലകളിലുണ്ട്. പൊതുമേഖലയിലുള്ളവ മിക്കതും അടച്ചുപൂട്ടിയിരിക്കുകയാണ്. സ്വകാര്യ മേഖലയില്‍ ഉള്ളവയെ വിദേശകുത്തകകള്‍ കത്രികപ്പൂട്ടിലാക്കിയിരിക്കുന്നു.

വാക്സിന്‍ നിര്‍മാണം പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലും ഹൈദരാബാദിലെ ഭാരത് ബയോടെക്കിലുമായി ഒതുക്കപ്പെട്ടു. അവ രണ്ടും കൂടിയാല്‍ പ്രതിമാസം 10 കോടി ഡോസ് പോലും ഉല്‍പാദിപ്പിക്കാനാവാത്ത സ്ഥിതിയായിരുന്നു. കോവിഡിന്‍റെ രണ്ടാം വരവോടെ വ്യാപനവും മരണങ്ങളും രൂക്ഷമായതിനെ ത്തുടര്‍ന്നു മാത്രമാണ് ഇവയുടെ തന്നെ ഉല്‍പാദനം വര്‍ധിപ്പിക്കാനും മറ്റു ചില കമ്പനികളെക്കൊണ്ടു കൂടി ഉല്‍പാദനം ചെയ്യിക്കാനും സര്‍ക്കാര്‍ മുതിര്‍ന്നത്. മറ്റു പല രാജ്യങ്ങളും ജനങ്ങളില്‍ മൂന്നിലൊന്നോ അതിലും കൂടുതലോ പേര്‍ക്ക് രണ്ടു ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞപ്പോള്‍, ഈ വര്‍ഷാവസാനത്തോടെ എല്ലാവര്‍ക്കും അത് നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ ഇന്ത്യയില്‍ ആ ലക്ഷ്യം വിദൂരമാണ് ഇപ്പോഴും. ഈ വര്‍ഷാവസാനം ആകുമ്പോഴേക്ക് 18 വയസ്സിനു മേലുള്ളവര്‍ക്കെല്ലാം വാക്സിന്‍ രണ്ടു ഡോസ് വീതം നല്‍കണമെങ്കില്‍ ഇനി ദിവസേന ഒരു കോടി പേര്‍ക്ക് വാക്സിന്‍ കുത്തിവെപ്പ് നടത്തണം. ആ ലക്ഷ്യത്തിലെത്താനും മാസങ്ങള്‍ കഴിയേണ്ടിവരും. അതിനിടെ കോവിഡിന്‍റെ മൂന്നാം വരവുണ്ടാകും എന്ന ആശങ്കയിലാണ് ജനങ്ങള്‍.

ഇന്ത്യയില്‍ കേരളം പോലെ അപൂര്‍വം ചില സംസ്ഥാനങ്ങള്‍ ഒഴിച്ചാല്‍ ഗ്രാമതലം വരെ ചെന്നെത്തുന്ന ആരോഗ്യസംവിധാനമില്ല. രാജ്യത്ത് ഭരണത്തിലിരുന്ന ഒരു സര്‍ക്കാരും ആ കാഴ്ചപ്പാടോടെ പ്രവര്‍ത്തിച്ചില്ല എന്നതാണ് വസ്തുത. അതുപറയുമ്പോള്‍ സ്വാതന്ത്ര്യാനന്തര ദശകങ്ങളില്‍ പല സാംക്രമികരോഗങ്ങളെയും ഉന്മൂലനം ചെയ്യാനായി വ്യാപകമായ പ്രചാരണ - പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വിജയം നേടിയത് വിസ്മരിക്കാനാവില്ല. എങ്കിലും, പഞ്ചായത്തുതലത്തില്‍ രോഗശുശ്രൂഷയ്ക്കോ പ്രതിരോധത്തിനോ ഉതകുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആ തലത്തില്‍ ഇല്ല, ഇന്നും മിക്ക സംസ്ഥാനങ്ങളിലും.

ഇതിന്‍റെ ഫലമായി രോഗവ്യാപനം തടയാനോ എത്ര പേര്‍ക്ക് രോഗം പിടിപെട്ടു, എത്രപേര്‍ മരണമടഞ്ഞു, എത്രപേര്‍ വിമുക്തി നേടി എന്നൊന്നും കൃത്യമായി പറയാനാവില്ല.  ന്യൂയോര്‍ക്ക് ടൈംസ് പത്രം മെയ് 24 വരെയായി ഇന്ത്യയില്‍ 40 ലക്ഷത്തിലധികം പേര്‍ കോവിഡ് മൂലം മരിച്ചിരിക്കാം എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്. മെയ് 31 വരെ 3.31 ലക്ഷം പേര്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞു എന്നാണ് സര്‍ക്കാര്‍ കണക്ക്. ന്യുയോര്‍ക്ക് ടൈംസ് പത്രം ഇന്ത്യയെ കുറ്റപ്പെടുത്താനല്ല ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ കോവിഡ് രോഗ പ്രതിരോധത്തിനാവശ്യമായ മരുന്നും സംവിധാനങ്ങളുമില്ല, ഗ്രാമപ്രദേശങ്ങളില്‍ രോഗം ബാധിച്ചവരുടെയും അതുമൂലം മരണമടഞ്ഞവരുടെയും കൃത്യമായ കണക്കില്ല എന്ന വസ്തുത പുറത്തുകൊണ്ടുവരികയാണ് ആ പത്രം യഥാര്‍ഥത്തില്‍ ചെയ്തത്.

കോവിഡ് ബാധ ഉണ്ടായപ്പോള്‍ ഒരുവര്‍ഷം മുമ്പ് അമേരിക്ക ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും കോവിഡിനെ ചെറുക്കാനായി പ്രത്യേക പദ്ധതി പ്രഖ്യാപിക്കുകയും അതിനായി വലിയ തുക നീക്കിവെക്കുകയും ചെയ്തിരുന്നു. വാക്സിന്‍, വെന്‍റിലേറ്റര്‍, ഓക്സിജന്‍ മുതലായവയുടെ വന്‍തോതിലുള്ള നിര്‍മാണത്തിനും ജനങ്ങള്‍ക്ക് ആശ്വാസം പകരാനും വന്‍ തുകകള്‍ വകയിരുത്തി അവ. ഇന്ത്യയും 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍ അതിലെ മുക്കാല്‍പങ്കും വന്‍കിട വ്യവസായങ്ങള്‍ക്കുള്ള സഹായ പദ്ധതികളായിരുന്നു. അതിനാല്‍ അടച്ചുപൂട്ടല്‍ കാലയളവില്‍ പോലും വന്‍കിട സ്ഥാപനങ്ങള്‍ വന്‍ലാഭം നേടി. പാവപ്പെട്ട ജനങ്ങളാകട്ടെ, ഭക്ഷണത്തിനും മറ്റ് അത്യാവശ്യങ്ങള്‍ക്കും വകയില്ലാതെ പെടാപ്പാടുപെട്ടു. ആത്മനിര്‍ഭര്‍ പാക്കേജ് കൊണ്ട് കോവിഡ് രോഗികള്‍ക്ക് ഒരു ആശ്വാസവും ലഭിച്ചില്ല എന്നതിനു തെളിവാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളില്‍പോലും നൂറുകണക്കിനാളുകള്‍ ഓക്സിജന്‍ ലഭിക്കാതെ ചക്രശ്വാസം വലിച്ചു മരിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ ഇത്തരം മരണങ്ങള്‍ എത്ര ഉണ്ടായി എന്നതിനു കൃത്യമായ കണക്കുകളില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരങ്ങള്‍ മറവു ചെയ്യാനോ ദഹിപ്പിക്കാനോ കഴിയാത്ത ബന്ധുക്കളോ അധികൃതരോ ആണ് അവരുടെ മൃതശരീരം ഗംഗയിലും മറ്റും ഒഴുക്കിയത്.

ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ വാക്സിനു നല്‍കാനായി 35,000 കോടി രൂപയുടെ അടങ്കലുണ്ട്. പക്ഷേ, അത് കേന്ദ്രത്തിന്‍റെ ചെലവിനത്തിലല്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഗ്രാന്‍റോ വായ്പയോ ആയി നല്‍കുമെന്നാണ് വിവക്ഷ. കേന്ദ്രം ഇക്കാര്യത്തില്‍ ചുമതലയെല്ലാം സംസ്ഥാനങ്ങള്‍ക്കു നല്‍കി ബൈബിളിലെ രാജാവായ പിലാത്തോസിനെപ്പോലെ കൈകഴുകി നില്‍ക്കുകയാണ്. ലോകത്ത് മറ്റൊരു രാജ്യവും ഇങ്ങനെ ചെയ്തിട്ടില്ല. അതാണ് മോഡി നയിക്കുന്ന ബിജെപി സര്‍ക്കാരിന്‍റെ വാക്കും പ്രവൃത്തിയും. മറ്റൊരു സര്‍ക്കാരും കാണിക്കാത്ത ഒരു സമീപനം മോഡി സര്‍ക്കാരിനു കോവിഡ് വാക്സിന്‍ വിഷയത്തിലുണ്ട്. മറ്റു രാജ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരാണ് വാക്സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇന്ത്യയില്‍, ജനങ്ങളില്‍ ഏതാണ്ട് 30 ശതമാനം വരുന്ന 45 വയസ്സിനുമേല്‍ ഉള്ളവര്‍ക്കു മാത്രമാണ് കേന്ദ്രം വാക്സിന്‍ സ്വന്തം ചെലവില്‍ നല്‍കുക. അതിന്‍റെ ഒന്നര ഇരട്ടി വരുന്ന 18 - 45 പ്രായക്കാര്‍ക്ക് വാക്സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ വാങ്ങി നല്‍കണം. വാക്സിന്‍റെ വില കേന്ദ്രം നിശ്ചയിക്കാതെ സംസ്ഥാനങ്ങളുമായി വിലപേശി നല്‍കാന്‍ സ്വകാര്യകുത്തകകളെ മോഡി സര്‍ക്കാര്‍ അനുവദിക്കുന്നു.

ജീവന്‍ രക്ഷാ ഔഷധത്തിന്‍റെ കാര്യത്തില്‍ പോലും പഴയ ഷേക്സ്പിയര്‍ കഥയിലെ മുറിച്ചേടത്ത് ഉപ്പ് തേക്കാത്ത കച്ചവടക്കാരന്‍ ഷൈലോക്കിനെപ്പോലെയാണ് മോഡി സര്‍ക്കാരും ഔഷധനിര്‍മാതാക്കളുമെന്ന് പറയാതെ വയ്യ. മഹാമാരി വരുമ്പോള്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിലാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. എന്നാല്‍ ഇവിടെ മോഡി സര്‍ക്കാരിന്‍റെ കണ്ണ് കേന്ദ്രത്തിനും കുത്തകകള്‍ക്കും കൊള്ളലാഭം ഉണ്ടാക്കാന്‍ കഴിയുംവിധം വാക്സിന്‍ വിതരണം കൈകാര്യം ചെയ്യാനാണ്. സുപ്രീംകോടതി പോലും സര്‍ക്കാരിന്‍റെ ഈ അന്യായ നിലപാടിനെതിരെ നിലപാട് കൈക്കൊള്ളുന്ന സ്ഥിതി സംജാതമായി.

മോഡി സര്‍ക്കാരിന്‍റെ നോട്ട് റദ്ദാക്കല്‍ നടപടിയും ജിഎസ്ടിയും അതുപോലുള്ള വിവേകമോ വീണ്ടുവിചാരമോ ഇല്ലാത്ത നടപടികള്‍മൂലം രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയുടെ ഗതി കീഴോട്ടായിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം സമ്പദ്വ്യവസ്ഥയില്‍ 7.3 ശതമാനത്തിന്‍റെ ചുരുങ്ങല്‍ ഉണ്ടായി. കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ ശരാശരി 7 ശതമാനത്തിന്‍റെ വര്‍ധന ഉണ്ടായിരുന്നു. അന്താരാഷ്ട്രതലത്തില്‍ ഉണ്ടാകുന്ന ഗതിവിഗതികള്‍ ഇവിടെയും പ്രതിഫലിക്കുമെങ്കിലും, വികസിത രാജ്യങ്ങളിലെ വളര്‍ച്ചാതോതിലും ഉയര്‍ന്നതായിരുന്നു ഇന്ത്യ, ചൈന മുതലായ വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച. 2008ലെ മാന്ദ്യം ഇന്ത്യയെയും വല്ലാതെ ബാധിച്ചു. എങ്കിലും 2013 ആയപ്പോഴേക്ക് വളര്‍ച്ചാതോത് വീണ്ടും 7 ശതമാനത്തിലെത്തി.

എന്നാല്‍, പിറ്റേക്കൊല്ലം, 2014 മുതല്‍ അത് തുടര്‍ച്ചയായി ഇടിയാന്‍ തുടങ്ങി. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലമായിരുന്നു അത്. മോഡി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഓരോന്നും സമ്പദ്വ്യവസ്ഥയെ കൂടുതല്‍ കൂടുതല്‍ ക്ഷീണിപ്പിച്ചു. ജിഡിപി തുടര്‍ച്ചയായി ഇടിയാനും തുടങ്ങി. നോട്ട് റദ്ദാക്കലും ജിഎസ്ടിയും തുടര്‍ന്നുള്ള നടപടികളും തുടര്‍ച്ചയായി തൊഴിലില്ലായ്മ രൂക്ഷമാക്കി. അത് ജിഡിപി വളര്‍ച്ചാനിരക്ക് വീണ്ടും കുറയാന്‍ ഇടയാക്കി. ആളോഹരി ജിഡിപിയില്‍ ഇത് കൂടുതല്‍ രൂക്ഷമായി പ്രതിഫലിച്ചു. പണപ്പെരുപ്പം തുടര്‍ച്ചയായി വര്‍ധിച്ചുവന്നു. അത് വിലക്കയറ്റത്തിനു ഇടയാക്കി. ഇതെല്ലാം ചേര്‍ന്ന് സര്‍ക്കാരിന്‍റെ ധനക്കമ്മി വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. ആകെയുള്ള ആശ്വാസം ഈ കാലയളവിലെല്ലാം കാര്‍ഷികോല്‍പാദനം താരതമ്യേന ഉയര്‍ന്ന തോതില്‍ നിലനില്‍ക്കുകയായിരുന്നു എന്നതാണ്.

വന്‍കുത്തകകളുടെ ലാഭം കൂട്ടാനായി മോഡി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ തൊഴില്‍ ലഭ്യത വലിയ തോതില്‍ ഇടിയാന്‍ ഇടയാക്കി. അത് കാര്‍ഷികോല്‍പന്നങ്ങള്‍ ഉള്‍പ്പെടെ ചരക്കുകളെല്ലാം വിറ്റഴിയാതിരിക്കുന്നതിലേക്ക് നയിച്ചു. ആളുകള്‍ക്ക് തൊഴിലുണ്ടാവുക, വേതനം വര്‍ധിച്ചുകൊണ്ടിരിക്കുക എന്നത് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ ഇതല്ല മുതലാളിമാര്‍ ആഗ്രഹിച്ചത്. അവരുടെ താല്‍പര്യത്തിനും സമ്മര്‍ദ്ദത്തിനും കീഴടങ്ങിയാണ് മോഡി സര്‍ക്കാര്‍ തൊഴിലാളികള്‍ സമരം ചെയ്ത് നേടിയിരുന്ന പല അവകാശങ്ങളും നിഷേധിച്ചത്. കൃഷിക്കാര്‍ക്ക് ഉല്‍പാദനച്ചെലവും അതിന്‍റെ 50 ശതമാനവും ചേരുന്ന തുക ഉല്‍പന്ന വിലയായി നല്‍കാം എന്നു വാഗ്ദാനം ചെയ്ത് ഭരണത്തില്‍ കയറിയ മോഡി അടുത്ത കാലത്ത് കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്തത് ഇപ്പോള്‍ നിലവിലുള്ള വിലകള്‍ കുറയ്ക്കാന്‍ മാത്രമല്ല, കൃഷി ഭൂമി കുത്തകകള്‍ക്ക് വന്‍തോതില്‍ വാങ്ങാന്‍ അന്തരീക്ഷം ഒരുക്കാന്‍ വേണ്ടി കൂടിയാണ്.

ചുരുക്കത്തില്‍, ഉല്‍പാദനമേഖലയില്‍ മുതലാളിമാര്‍ക്കും തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും സ്വീകാര്യമായ വികസനനയം സ്വീകരിക്കുന്നതിനുപകരം കുത്തകപ്രീണനത്തിനായി ഉല്‍പാദന മേഖലയെ ആകെ മോഡി സര്‍ക്കാര്‍ കീഴ്മേല്‍ മറിച്ചതിന്‍റെ അനിവാര്യഫലം കൂടിയാണ് സാമ്പത്തികരംഗത്തെ ഇപ്പോഴത്തെ ഇടിവും അതുണ്ടാക്കുന്ന മറ്റു ഫലങ്ങളും.

എന്നാല്‍, തൊഴിലാളികളെയും കൃഷിക്കാരെയും ജനങ്ങളില്‍ മഹാഭൂരിപക്ഷം വരുന്ന അവരുള്‍പ്പെടെയുള്ള അധ്വാനിക്കുന്ന ജനങ്ങളെയും പട്ടിണിക്കും പാപ്പരത്തത്തിനും ഇരയാക്കി കുത്തക മുതലാളിമാരെ പ്രീണിപ്പിക്കാനുള്ള മോഡി സര്‍ക്കാരിന്‍റെ നീക്കങ്ങളുടെ അനിവാര്യഫലങ്ങളാണ് ഇപ്പോള്‍ സമ്പദ്വ്യവസ്ഥയിലും സാമൂഹ്യ - രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളിലും കാണപ്പെടുന്ന പ്രത്യാഘാതങ്ങള്‍. സ്വന്തം തെറ്റ് മനസ്സിലാക്കി തിരുത്താനല്ല, ജനങ്ങളില്‍ ഒന്നു രണ്ടു ശതമാനം മാത്രം വരുന്ന വന്‍മുതലാളിമാരെ പ്രീതിപ്പെടുത്താനായി 98 ശതമാനം പേരെയും നാനാതരത്തില്‍ ദ്രോഹിക്കാനും നശിപ്പിക്കാനുമുള്ള മോഡി സര്‍ക്കാരിന്‍റെ നീക്കങ്ങളാണ് സാമ്പത്തികരംഗത്തെന്നപോലെ മറ്റ് രംഗങ്ങളിലെയും തകര്‍ച്ചയ്ക്കും പ്രത്യാഘാതങ്ങള്‍ക്കും നിദാനം. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ മോഡി സര്‍ക്കാര്‍ കാണിക്കുന്ന ജനവിരുദ്ധത പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കാന്‍ ഇടയാക്കിയിരിക്കുന്നു.•