പെട്രോള്‍ കൊള്ളയുടെ കഥ

ഡോ. ടി എം തോമസ് ഐസക്

മുന്‍പ് ചുരുങ്ങിയത് രണ്ടാഴ്ച കൂടുമ്പോഴേ പെട്രോള്‍ വില വര്‍ദ്ധിക്കാറുള്ളൂ. പക്ഷേ, ഇപ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് എല്ലാ ദിവസവും വേണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ്. എല്ലാ ദിവസവും ഏതാനും പൈസ വില വര്‍ദ്ധിപ്പിച്ചാല്‍ ആരും ഞെട്ടില്ലായെന്നുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മനഃശാസ്ത്രം. തിരഞ്ഞെടുപ്പിനുശേഷം 15 തവണയാണ് പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചത്. മെയ് 28ന് പെട്രോളിന്‍റെ വില ലിറ്ററിന് 95.66 രൂപയായി. തിരഞ്ഞെടുപ്പു തീരുന്നദിവസം വില 92.57 രൂപയായിരുന്നു. ഒരു ലിറ്ററിന് 3.09 രൂപയുടെ വര്‍ദ്ധനവ്. മെയ് 28ന് ഡീസലിന്‍റെ വില 88.33 രൂപയായിരുന്നത് തിരഞ്ഞെടുപ്പു തീരുന്ന ദിവസം വില 84.48 രൂപയായിരുന്നു. ഒരു ലിറ്ററിന് 3.88 രൂപയുടെ വര്‍ദ്ധനവ്. 
രണ്ടാം യുപിഎയുടെ കാലത്ത് പെട്രോളിനു വില വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡി പ്രതിഷേധിക്കുകയുണ്ടായി. രാജ്യമാസകലം ബിജെപിക്കാര്‍ പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സമരം ചെയ്തു. നോട്ടുനിരോധന കാലത്ത് ബിജെപി നേതാവ് കെ സുരേന്ദ്രനെല്ലാം പാടി നടന്നിരുന്നത് ലിറ്ററിന് 50 രൂപയ്ക്ക് പെട്രോള്‍ വിതരണം ചെയ്യുമെന്നാണ്. ഇപ്പോള്‍ മുംബൈയില്‍ പെട്രോള്‍ വില 100 രൂപയ്ക്കു മുകളിലാണ്. ഒരാഴ്ച മുമ്പ് രാജസ്ഥാനും പിന്നീട് മധ്യപ്രദേശും നൂറുരൂപ എന്ന റെക്കോര്‍ഡ് മറികടന്നിരുന്നു. കമ്പനികള്‍ ഈടാക്കുന്ന വില ഇന്ത്യയിലുടനീളം ഒരേ നിരക്കാണെങ്കിലും ഓരോ സംസ്ഥാനത്തിന്‍റെയും വില്‍പ്പന നികുതിയില്‍ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് ചില സംസ്ഥാനങ്ങള്‍ ആദ്യം 100 കടന്നത്. ഇങ്ങനെ പോവുകയാണെങ്കില്‍ ഏതാനും ദിവസംകൊണ്ട് കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലെയും വില 100 രൂപ  കടക്കും. ഇന്ത്യയിലെ ജനങ്ങളെയാകെ ബിജെപി കബളിപ്പിച്ചിരിക്കുകയാണ്.

എണ്ണക്കമ്പനികള്‍ക്കു 
വില നിര്‍ണയാധികാരം

ബിജെപി പറയുന്നതില്‍ ഒരു സത്യമുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരാണ് എണ്ണക്കമ്പനികള്‍ക്കു യഥേഷ്ടം വില നിശ്ചയിക്കാനുള്ള അധികാരം നല്‍കിയത്. നെഹ്റുവിന്‍റെയും ഇന്ദിരയുടെയും കാലത്ത് എണ്ണക്കമ്പനികളെ ദേശസാല്‍ക്കരിച്ചു. അടിസ്ഥാന അസംസ്കൃതവസ്തുവായ ഇന്ധനത്തിന്‍റെ വില സുസ്ഥിരമായി നിലനിര്‍ത്തണമെന്നായിരുന്നു നയം. പക്ഷേ, ക്രൂഡോയില്‍ സംസ്കരിച്ചുവേണമല്ലോ പെട്രോളും ഡീസലും ഉല്‍പ്പാദിപ്പിക്കാന്‍. ക്രൂഡോയില്‍ ഏകദേശം പൂര്‍ണമായും വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ക്രൂഡോയില്‍ വില കൂടുമ്പോള്‍ പെട്രോള്‍ വില ഉയര്‍ത്താന്‍ അനുവാദം നല്‍കിയില്ലെങ്കില്‍ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാകും. ഇതിനു പരിഹാരമായിട്ടാണ് ഓയില്‍ പൂള്‍ അക്കൗണ്ട് എന്നൊരു ഫണ്ടിനു രൂപം നല്‍കിയത്. എണ്ണക്കമ്പനികളുടെയും എണ്ണഖനന കമ്പനികളുടെയും ലാഭത്തില്‍നിന്നൊരു ഭാഗവും കേന്ദ്രസര്‍ക്കാര്‍ വര്‍ഷംതോറും നല്‍കുന്ന സബ്സിഡിയുമായിരുന്നു ഈ ഫണ്ടിന്‍റെ വരുമാനം. ക്രൂഡോയില്‍ വില ഉയര്‍ന്ന് എണ്ണക്കമ്പനികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം ഈ ഫണ്ടില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നികത്തിക്കൊടുക്കും. 

അങ്ങനെ കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരുന്നപ്പോള്‍ ഒരു പുതിയ സംഭവവികാസമുണ്ടായി. റിലയന്‍സ് എണ്ണ മേഖലയില്‍ പ്രവേശിച്ചു. പക്ഷേ പൊതുമേഖലാ കമ്പനികള്‍ക്കല്ലാതെ സ്വകാര്യ കമ്പനികള്‍ക്ക് ഓയില്‍ പൂള്‍ അക്കൗണ്ടില്‍ നിന്നും സബ്സിഡി ലഭിക്കില്ല. അതുകൊണ്ട് റിലയന്‍സ് തുടങ്ങിയ പെട്രോള്‍ പമ്പുകളൊക്കെ അവര്‍ക്കു പൂട്ടേണ്ടിവന്നു. ഇന്ത്യാ സര്‍ക്കാര്‍ സ്വകാര്യ മേഖലയോടു വിവേചനം കാണിക്കുന്നുവെന്ന പരാതിയുമായി റിലയന്‍സും മറ്റും അന്തര്‍ദേശീയ എനര്‍ജി കമ്മീഷനില്‍ പോയി.

ഈ പശ്ചാത്തലത്തിലാണ് 2010നും 2014നും ഇടയ്ക്ക് യുപിഎ സര്‍ക്കാര്‍ പടിപടിയായി എണ്ണവില നിയന്ത്രണങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞത്. ക്രൂഡോയിലിന്‍റെ വില കൂടിയാല്‍ എണ്ണക്കമ്പനികള്‍ക്ക് ചില്ലറ വില കൂട്ടാം. മറിച്ചാണെങ്കില്‍ വില കുറയ്ക്കണം. 
ചിത്രം 1ല്‍ കാണുന്നതുപോലെ ഇറാഖ് യുദ്ധത്തിനുശേഷം എണ്ണവില കുത്തനെ ഉയരാന്‍ തുടങ്ങി. 2009ലെ ആഗോള കുഴപ്പത്തെത്തുടര്‍ന്ന് എണ്ണവില കുത്തനെ ഇടിഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ ഭരണകാലത്ത് ആഗോള പ്രതിസന്ധി ശമിച്ചപ്പോള്‍ എണ്ണ വില ഉയരാന്‍ തുടങ്ങി. പുതിയ നയത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും ചില്ലറവിലയും ഉയര്‍ന്നു. നേരത്തെ പറഞ്ഞതുപോലെ ബിജെപി വലിയ പ്രക്ഷോഭം ഉയര്‍ത്തി. ബിജെപിയുടെ 2014ലെ വിജയത്തിന് യുപിഎ കാലത്തെ പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയും സഹായിക്കുകയുണ്ടായി. 

ബിജെപിയുടെ 
തലതിരിഞ്ഞ യുക്തി

എന്നാല്‍ ബിജെപി അധികാരത്തില്‍വന്നതിനുശേഷം ക്രൂഡോയില്‍ വില കുറയാന്‍ തുടങ്ങി. അമേരിക്ക ധ്രുവപ്രദേശത്തെ എണ്ണയടങ്ങുന്ന പാറകള്‍ പൊടിച്ച് സംസ്കരിച്ചെടുക്കുന്ന 'ഷെല്‍ ഓയില്‍' ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയതോടെ എണ്ണ ആവശ്യത്തിലധികമായി. വില പിടിച്ചുനിര്‍ത്താന്‍ അറബ് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ തയ്യാറായില്ല. ഫലമോ? ഒരു ബാരല്‍ ക്രൂഡോയിലിന്‍റെ വില 2014നെ അപേക്ഷിച്ച് പകുതിയില്‍ താഴെയായി ചുരുങ്ങി. (ചിത്രം 1 കാണുക). സ്വാഭാവികമായും സ്വതന്ത്ര കമ്പോള വ്യവസ്ഥ പ്രകാരം ഇന്ത്യയിലെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ആനുപാതികമായി താഴേണ്ടതായിരുന്നു. ലോകം മുഴുവന്‍ സംഭവിച്ചത് ഇതാണ്. പക്ഷേ, ഇന്ത്യയില്‍ മറിച്ചും.

എന്‍ഡിഎ സര്‍ക്കാര്‍ ഇതൊരു അവസരമാക്കി. എണ്ണവില കുറയുന്നതനുസരിച്ച് അവര്‍ എക്സൈസ് നികുതി കൂട്ടിക്കൊണ്ടിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2014 മെയ് മാസത്തില്‍ പെട്രോളിന്‍റെ കേന്ദ്ര നികുതി ലിറ്ററൊന്നിന് 9.48 രൂപയായിരുന്നത് 2020 ജൂണ്‍ ആയപ്പോഴേയ്ക്കും 32.89 രൂപയായി ഉയര്‍ത്തി. മൂന്നരമടങ്ങ് വര്‍ദ്ധന! ഡീസലിന്‍റെ കേന്ദ്ര നികുതി ലിറ്ററൊന്നിന് 3.56 രൂപയായിരുന്നത് 31.83 രൂപയായി ഉയര്‍ത്തി. ഒന്‍പതരമടങ്ങ് വര്‍ദ്ധന! അഞ്ചുലക്ഷം കോടിയില്‍പ്പരം രൂപ ഇങ്ങനെ ജനങ്ങളില്‍ നിന്ന് അധികമായി പിരിച്ചെടുത്തു.

എന്തിനും ഒരു ന്യായം പറയണമല്ലോ. ഈ കൊള്ളയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ന്യായം ഇതായിരുന്നു. എക്സൈസ് നികുതി വര്‍ദ്ധിപ്പിച്ചതുകൊണ്ട് ഡീസലിന്‍റെയും പെട്രോളിന്‍റെയും ചില്ലറ വില്‍പ്പന വില ഉയരില്ല. കാരണം ക്രൂഡോയിലിന്‍റെ വില ഇടിയുമ്പോള്‍ എണ്ണക്കമ്പനികള്‍ക്കു വലിയ ലാഭം കിട്ടും. ഈ ലാഭം നികുതിയായി ഈടാക്കുന്നതേയുള്ളൂ. കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി പറഞ്ഞതുപോലെ കക്കൂസൊക്കെ നിര്‍മ്മിക്കുന്നതിനു കേന്ദ്രസര്‍ക്കാരിനു വരുമാനം വര്‍ദ്ധിക്കണ്ടേ? ജനങ്ങളുടെമേല്‍ പുതിയതായി അധികഭാരമൊന്നും അടിച്ചേല്‍പ്പിക്കാതെ വിഭവസമാഹരണം നടത്താന്‍ പറ്റിയൊരു മാര്‍ഗ്ഗമാണിത്. ചില്ലറ വരുമാനമൊന്നുമല്ല ഇന്ത്യാ സര്‍ക്കാര്‍ ഇങ്ങനെ കൊള്ളയടിച്ച് ഈടാക്കിയത്. അഞ്ചുലക്ഷം കോടി രൂപയെങ്കിലും ഇങ്ങനെ അധിക നികുതി അടിച്ചേല്‍പ്പിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ അധികമായി സമാഹരിക്കുകയുണ്ടായി.

കോവിഡും എണ്ണ വിലയും
അങ്ങനെയിരിക്കെ 2020 ആദ്യം കോവിഡ് പൊട്ടിപ്പുറപ്പെടുന്നു. അതോടെ ഉയര്‍ന്നുതുടങ്ങിയ എണ്ണവിലകള്‍ താഴേയ്ക്കു പതിച്ചു. പട്ടിക 1ല്‍ കാണാവുന്നതുപോലെ ജനുവരി 2020ന് ഒരു ലിറ്റര്‍ ക്രൂഡോയിലിന് 28.84 രൂപ വിലയുണ്ടായിരുന്നത് ഏപ്രില്‍ മാസമായപ്പോഴേയ്ക്കും 9.54 രൂപയായി താഴ്ന്നു. കോവിഡ് പകര്‍ച്ചവ്യാധി കാലമായിരുന്നിട്ടും ഒരിളവും ജനങ്ങള്‍ക്കു നല്‍കാന്‍ ബിജെപി തയ്യാറല്ലായിരുന്നു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി പെട്രോളിനു 13 രൂപയും ഡീസലിനു 16 രൂപയും ലിറ്ററിനു നികുതി വര്‍ദ്ധിപ്പിച്ചു. ഇതിന്‍റെ ഫലമായി കോവിഡ് കാലത്ത് ഇന്ത്യയില്‍ നാമമാത്രമായേ വില താഴ്ന്നുള്ളൂ. 2020 ജനുവരിയില്‍ ലിറ്ററിന് 78 രൂപയുണ്ടായിരുന്ന പെട്രോള്‍ വില 73 രൂപയായി താഴ്ന്നു. കോവിഡിനു മുമ്പ് പെട്രോള്‍ വില ലിറ്റര്‍ ഒന്നിന് ക്രൂഡോയിലിന്‍റെ മൂന്നുമടങ്ങായിരുന്നെങ്കില്‍ ഏപ്രില്‍ മാസത്തില്‍ അത് എട്ടുമടങ്ങായി ഉയര്‍ന്നു.

ജൂണ്‍ മാസത്തോടെ ക്രൂഡോയില്‍ വില പതുക്കെ ഉയരാന്‍ തുടങ്ങി. 2020 ജൂണില്‍ ലിറ്ററിന് 20 രൂപയായിരുന്ന ക്രൂഡോയില്‍ വില 2021 ജനുവരിയില്‍ 25 രൂപയായി ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച നികുതി കുറയ്ക്കാന്‍ തയ്യാറായില്ല. ഫലമോ നഷ്ടം നികത്താന്‍ എണ്ണക്കമ്പനികള്‍ വില കൂട്ടിക്കൊണ്ടിരുന്നു. അങ്ങനെ പെട്രോളിന്‍റെ വില 2021 ഫെബ്രുവരി ആയപ്പോഴേയ്ക്കും 93 രൂപയായി. കോവിഡിനു ശമനമുണ്ടാകുമെന്നും, ആഗോള പ്രതിസന്ധി മാറി സമ്പദ് വ്യവസ്ഥ വളരുമെന്നും പ്രതീക്ഷയുണ്ടായതോടെ ക്രൂഡോയില്‍ വില പിന്നെയും ഉയരാന്‍ തുടങ്ങി. 2021 മെയ് മാസത്തില്‍ ലിറ്ററിന് 30 രൂപയായി. എന്നാല്‍ തിരഞ്ഞെടുപ്പല്ലേ. എണ്ണക്കമ്പനികളുടെ അവകാശത്തിനുമേല്‍ കൈവയ്ക്കാന്‍ പറ്റില്ലായെന്നു പറയുന്ന കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം വില വര്‍ദ്ധനവ് നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞു. അങ്ങനെ ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പെട്രോള്‍ വില വര്‍ദ്ധനവ് ഉണ്ടായില്ല. എന്നാല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ തിരഞ്ഞെടുപ്പുകാലത്തെ നഷ്ടവുംകൂടി നികത്താനാവുംവിധം എണ്ണക്കമ്പനികള്‍ ദിവസേന വില വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ ഇന്ത്യയിലെ പെട്രോള്‍ വില സെഞ്ചുറി കടക്കുകയാണ്.


വിലക്കയറ്റവും മാന്ദ്യവും
കോവിഡുകാലത്ത് ഡീസലിന്‍റെയും പെട്രോളിന്‍റെയും വില വര്‍ദ്ധനവ് ഒഴിവാക്കുന്നതിനുവേണ്ടി തങ്ങള്‍ നടത്തിയ നികുതി വര്‍ദ്ധനവിന്‍റെ ചെറിയൊരു ഭാഗംപോലും വേണ്ടെന്നുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. ഇതിന്‍റെ ഫലം തുടക്കത്തില്‍ത്തന്നെ പറഞ്ഞു. ഈ മാന്ദ്യകാലത്തും വിലക്കയറ്റം രൂക്ഷമാവുകയാണ്. മാന്ദ്യത്തിനു സാമ്പത്തികശാസ്ത്രത്തിലുള്ള പ്രതിവിധി സര്‍ക്കാര്‍ ചെലവ് ഉയര്‍ത്തുകയെന്നുള്ളതാണ്. എന്നാല്‍ വിലക്കയറ്റത്തിനുള്ള പ്രതിവിധി സര്‍ക്കാര്‍ ചെലവ് കുറയ്ക്കുകയെന്നുള്ളതാണ്. മാന്ദ്യവും വിലക്കയറ്റവുംകൂടി വന്നാലോ? സര്‍ക്കാര്‍ നയങ്ങള്‍ സ്തംഭനത്തിലേക്കെത്തും. 

2010 ഏപ്രിലിനു ശേഷമുള്ള  ഏറ്റവും വലിയ പ്രതിമാസ വില വര്‍ദ്ധനയാണ് ഈ ഏപ്രില്‍ മാസത്തില്‍ മൊത്തവില സൂചിക രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ പൊതുവിലക്കയറ്റം 7.39 ശതമാനമായിരുന്നത് ഏപ്രിലില്‍  10.49 ശതമാനമായി ഉയര്‍ന്നു. ഇതിനു കാരണമറിയാന്‍ വലിയ ഗവേഷണമൊന്നും വേണ്ട. കേന്ദ്രസര്‍ക്കാര്‍ തന്നെ ഓരോ സാമ്പത്തിക മേഖലയുടെയും വിലക്കയറ്റം പ്രത്യേകമായി നല്‍കാറുണ്ട്. ഏപ്രിലില്‍ ഇന്ധന മേഖലയിലെ വിലക്കയറ്റ നിരക്കാണ് ഏറ്റവും ഉയര്‍ന്നു നിന്നത് ڊ 20.9 ശതമാനം. അഥവാ പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ വില വര്‍ദ്ധനവാണ് മൊത്തവില സൂചികയില്‍ റെക്കോര്‍ഡ് ഉയര്‍ച്ച സൃഷ്ടിച്ചത്.

വിലക്കയറ്റം പേടിച്ച് റിസര്‍വ് ബാങ്ക് കഴിഞ്ഞ ആറുമാസമായി പലിശനിരക്ക് കുറയ്ക്കാന്‍ വിസമ്മതിക്കുകയാണ്. ഏതാണ്ട് എല്ലാവരും അഭിപ്രായപ്പെടുന്നത് സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ത്തണമെന്നാണ്. ജനങ്ങളുടെ കയ്യില്‍ പണം എത്തിക്കണമെന്നാണ്. സര്‍ക്കാരിന്‍റെ ചെലവ് കുറയ്ക്കാന്‍വേണ്ടിയാണ് വാക്സിന്‍പോലും സൗജന്യമായി മുഴുവന്‍ പൗരര്‍ക്കും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതിരിക്കുന്നത്. ബജറ്റില്‍ വകയിരുത്തിയ 35,000 കോടി രൂപപോലും ചെലവഴിക്കാന്‍ മോഡി സര്‍ക്കാര്‍ മടിക്കുകയാണ്. കാരണം വിലക്കയറ്റം ചരടുപൊട്ടിച്ചാലോ? മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനകാലത്ത് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഒരു വമ്പന്‍റാലിയുടെ ആരവമുയര്‍ത്താന്‍ കോര്‍പ്പറേറ്റു നികുതിയില്‍ ഒന്നരലക്ഷം കോടി രൂപയുടെ നികുതി ഇളവ് നല്‍കിയവരാണ് ഇന്നിപ്പോള്‍ നിന്നു പരുങ്ങുന്നത്. പെട്രോളിന്‍റെയും ഡീസലിന്‍റെയും മേല്‍ വര്‍ദ്ധിപ്പിച്ച അധിക എക്സൈസ് നികുതി വെട്ടിക്കുറിച്ച് ജനങ്ങള്‍ക്കു സമാശ്വാസം നല്‍കണം. വിലക്കയറ്റം നിയന്ത്രിക്കണം.•