ലക്ഷദ്വീപ് ജനതയ്ക്ക് കേരളത്തിന്‍റെ ഐക്യദാര്‍ഢ്യം

ഡോ. വി ശിവദാസന്‍

ക്ഷദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതത്തിനുമേലും ദ്വീപസമൂഹത്തിന്‍റെയാകെ നിലനില്‍പ്പിനുമേലും കരിനിഴല്‍ വീഴ്ത്തുന്ന സമീപകാല സംഭവവികാസങ്ങള്‍ നമ്മളെല്ലാവരെയും അങ്ങേയറ്റം ദുഖത്തിലാഴ്ത്തുന്നവയാണ്. 


പ്രഫുല്‍ പട്ടേല്‍ എന്ന സംഘപരിവാര്‍ ഏജന്‍റായ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ദ്വീപില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന എല്ലാ പരിഷ്കാരങ്ങളും ദ്വീപ് നിവാസികളുടെ പരമ്പരാഗത ജീവിതത്തിനു തുരങ്കം വെക്കുന്നതും ദ്വീപിനെയാകെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കാനുദ്ദേശിച്ചുള്ളവയുമാണ്.


ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ രാജ്യം പ്രഖ്യാപിക്കുന്നത് 'നാം, ഇന്ത്യയിലെ ജനങ്ങള്‍, ആ ജനങ്ങളാണ് ഇന്ത്യന്‍ ഭരണഘടന നമുക്ക് തന്നെ നല്‍കിയിട്ടുള്ളത്' എന്നാണ്. ജനകീയ പരമാധികാരത്തിന്‍റെ മഹത്തായ തത്ത്വം എന്നത് ഭരണകൂടത്തിന്‍റെയും സര്‍ക്കാരിന്‍റെയും ഉത്തരവാദിത്വം ആത്യന്തികമായി ജനങ്ങളോടാണ് എന്നുള്ളതാണ്. അതാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ കാതല്‍.

ഇന്ത്യന്‍ ജനാധിപത്യത്തെയും നിയമവാഴ്ചയെയും വെല്ലുവിളിച്ചുകൊണ്ടുള്ള പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിന്‍ കീഴില്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി ലക്ഷദ്വീപ് സാക്ഷിയായിക്കൊണ്ടിരിക്കുന്നത് ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങളുടെ മാത്രമല്ല ജനങ്ങള്‍ക്കു ലഭിക്കേണ്ട സ്വാഭാവിക നീതിയുടെയും നഗ്നമായ ലംഘനത്തിനാണ്.


കോവിഡ് പ്രതിരോധത്തിന് ദ്വീപില്‍ നിലനിന്നിരുന്ന നടപടിക്രമങ്ങള്‍  പുതിയ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏറ്റെടുത്തയുടന്‍ ഏകപക്ഷീയമായി പിന്‍വലിക്കുകയുണ്ടായി. 2020 ഡിസംബര്‍ മാസം വരെ ഒരൊറ്റ കോവിഡ് രോഗിപോലും ഇല്ലാതിരുന്ന ദ്വീപില്‍ ഇപ്പോള്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതിന്‍റെ പ്രധാനകരണം ഇതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദ്വീപ് നിവാസികളുടെ ഉപജീവനമാഗങ്ങള്‍ ഇല്ലാതാക്കുന്ന അനവധി പരിഷ്കാരങ്ങളും നിയമ നിര്‍മാണങ്ങളുമാണ് പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയത്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തന നിയന്ത്രണ നിയമം 2021ന്‍റെ കരട് പ്രകാരം ഒരു വര്‍ഷം വരെ ആളുകളെ ഏകപക്ഷീയമായി തടങ്കലില്‍ വയ്ക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് അധികാരം ലഭിക്കുന്നു. ലക്ഷദ്വീപ് ഡവലപ്മെന്‍റ് അതോറിറ്റി റെഗുലേഷന്‍ 2021 ഡ്രാഫ്റ്റ് പ്രകാരം ദ്വീപിലെ ഭൂവിനിയോഗം സംബന്ധിച്ച മുഴുവന്‍ അധികാരങ്ങളും അഡ്മിനിസ്ട്രേറ്ററില്‍ നിക്ഷിപ്തമാകുന്നു. ലക്ഷദ്വീപിലെ ഏതൊരു ഭൂഭാഗവും, സ്വകാര്യ വ്യക്തികളുടെ ഭൂമി ഉള്‍പ്പെടെ, വികസനത്തിന്‍റെ പേരില്‍ ഏറ്റെടുക്കാന്‍ അഡ്മിനിസ്ട്രേറ്ററെ അനുവദിക്കുന്നതാണ് ഇതിലെ വ്യവസ്ഥകള്‍.


ദ്വീപിലെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ആളുകള്‍ ഇനിമുതല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യരല്ല. സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുകളില്‍ നിന്ന് മാംസാഹാരം നീക്കംചെയ്തു. നൂറുകണക്കിന് കരാര്‍ ജീവനക്കാരെ ഒരറിയിപ്പും കൂടാതെ ജോലിയില്‍ നിന്നു പുറത്താക്കി. മത്സ്യത്തൊഴിലാളികള്‍ അവരുടെ മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡുകള്‍ പൊളിച്ചു നീക്കി. ഇതെല്ലാം വികസനത്തിന് വേണ്ടിയാണ് പോലും! എന്തൊരു വിരോധാഭാസം...


ഭൂമി പിടിച്ചെടുക്കല്‍
 പട്ടേല്‍ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്ന ലക്ഷദ്വീപ് ഡെവലപ്മെന്‍റ് അതോറിറ്റി റെഗുലേഷന്‍ 2021 കരട് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും ജനങ്ങളുടെ മൗലികാവകാശങ്ങളും സ്വാഭാവിക നീതിയും ലംഘിക്കുന്നതുമാണ്.

കരട് നടപ്പിലാക്കിയാല്‍ ജനങ്ങള്‍ക്ക് ശരിയായ നഷ്ടപരിഹാരം നല്‍കാതെ ഏതു ഭൂമി വേണമെങ്കിലും ഏറ്റെടുക്കാന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് അനിയന്ത്രിതമായ അധികാരം ലഭിക്കും.


ഭൂമി ഏറ്റെടുക്കലില്‍ സുതാര്യതയും ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കൃത്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുനല്‍കുന്ന 2013ലെ നിയമത്തിലെ 11ാം വകുപ്പ് ഇല്ലാതാക്കി പുതിയൊരു സംവിധാനത്തിനു രൂപം നല്‍കപ്പെട്ടിരിക്കുകയാണ്. ആസൂത്രണവികസന അതോറിറ്റി എന്ന ഈ സംവിധാനം രൂപീകരിക്കുന്ന കമ്മിറ്റിക്ക് മുന്നിലാണ് കരട് വികസന പദ്ധതികളെക്കുറിച്ചുള്ള പരാതികള്‍ ഉന്നയിക്കേണ്ടത്. ജനങ്ങളുടെ സ്വാഭാവിക നീതിയുടെ നഗ്നമായ ലാംഘനമാണിത്.


ഭരണഘടന പ്രകാരം സ്ഥാപിതമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഗ്രാമസഭകളുമായി കൂടിയാലോചിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് മാനുഷികവും സുതാര്യവുമായ പ്രക്രിയ പിന്തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് ഭൂമി ഏറ്റെടുക്കല്‍ നിയമം 2013 നടപ്പിലാക്കിയത്. എന്നാല്‍ പട്ടേല്‍ തയ്യാറാക്കിയ കരട് നിയമനിര്‍മാണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് അനിയന്ത്രിതമായ അധികാരങ്ങള്‍ സ്വന്തം കൈകളിലേക്ക് കേന്ദ്രീകരിപ്പിക്കാനും ഭരണഘടനയ്ക്കും രാജ്യത്തെ നിയമങ്ങള്‍ക്കും മുകളില്‍ സ്വയം പ്രതിഷ്ഠിക്കപ്പെടാനുമാണ്.

ഈ നീക്കങ്ങള്‍ ലക്ഷദ്വീപിലെ ജനങ്ങളെ അവരുടെ സ്വന്തം ദേശത്ത് 'വികസന അഭയാര്‍ത്ഥികളാക്കാന്‍' വഴിവെക്കുന്നതും സാമൂഹികവും പാരിസ്ഥിതികവുമായി വളരെ പ്രാധാന്യമുള്ള ലക്ഷദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ഉദ്ദേശിച്ചുള്ളവയുമാണ്. പുതിയ നിയന്ത്രണങ്ങളനുസരിച്ച്, ഏതെങ്കിലും ഘട്ടത്തില്‍ വികസന പദ്ധതികളെ കോടതികളില്‍ പോലും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല.

വ്യക്തി സ്വാതന്ത്ര്യത്തെ 
ഹനിക്കല്‍ 

ദ്വീപിന്‍റെ അഡ്മിനിസ്ട്രേറ്റര്‍ക്ക് ഏകപക്ഷീയമായ അധികാരങ്ങള്‍ നല്‍കുന്ന ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്‍റി സോഷ്യല്‍ ആക്റ്റിവിറ്റീസ് 2021 എന്ന് പേരിട്ടിരിക്കുന്ന കരട് നിയമമാണ് അടുത്തത്. ഒരു വ്യക്തിയെ കോടതിയില്‍ ഹാജരാക്കാതെ ഏഴു ദിവസം വരെ തടങ്കലില്‍ വയ്ക്കാന്‍ ഇത് പോലീസിന് അധികാരം നല്‍കുന്നു.


 കരട് നിയമമനുസരിച്ച്, "അപകടകാരികളായ, അല്ലെങ്കില്‍ ക്രൂരരായ" വ്യക്തികളെ കരുതല്‍ തടങ്കലിലാക്കാം. മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയും നിയമത്തില്‍ കരുതല്‍ തടങ്കലില്‍ ഇടാനുള്ള ക്രൂരതയായി നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ഒരു കുറ്റകൃത്യവും ചെയ്യാത്ത യാളെ അയാള്‍ കുറ്റം ചെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തി അറസ്റ്റ് ചെയ്യാനും തടങ്കലില്‍ പാര്‍പ്പിക്കാനും നിയമം പോലീസിന് അധികാരം നല്‍കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 
അധികാരങ്ങള്‍ കവര്‍ന്നെടുക്കല്‍

94.8 ശതമാനം ആദിവാസി ജനസംഖ്യയുള്ള കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ ജനങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 244 പ്രകാരം പ്രത്യേക സംരക്ഷണം അര്‍ഹിക്കുന്നവരാണ്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളും 1994 ലെ പെസ നിയമവും പ്രകാരം ഷെഡ്യൂള്‍ഡ് ഏരിയയായി പ്രഖ്യാപിക്കപ്പെട്ട പ്രദേശമാണ് ലക്ഷദ്വീപ്. 

2021 മെയ് 5 ന് അഡ്മിന്സ്ട്രേറ്റര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവന്‍ അധികാരങ്ങളും അഡ്മിനിസ്ട്രേറ്ററില്‍ നിക്ഷിപ്തമാകുന്നു. ഇതോടൊപ്പം കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥാപനങ്ങളും അഡ്മിനിസ്ട്രേറ്ററുടെ കീഴിലേക്കു മാറ്റപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്ര അധികാരം നല്‍കുന്ന ഭരണഘടനയുടെ 73, 74 ഭേദഗതികളുടെയും അനുഛേദം 40ലെ നിദ്ദേശക തത്ത്വങ്ങളുടെയും ലംഘനമാണ്.

ഭൂമി പിടിച്ചെടുക്കാനും ജനങ്ങളുടെ ഉപജീവനമാര്‍ഗവും വ്യക്തിസ്വാതന്ത്ര്യവും കവര്‍ന്നെടുക്കാനുമുള്ള ശ്രമത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പും ശത്രുതയും ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള പരിഷ്കാരങ്ങളും പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കുന്നുണ്ട്. ഗോവധ നിരോധനം, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നു മാംസം ഒഴിവാക്കല്‍, ടൂറിസത്തിന്‍റെ പേരില്‍ മദ്യത്തിനുമേല്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളയല്‍ തുടങ്ങിയ പരിഷ്കാരങ്ങള്‍ ഇതില്‍പ്പെടുന്നു.

തന്‍റെ ജനാധിപത്യപരമായ നീക്കങ്ങള്‍ക്കെതിരെ ഉയരുന്ന ജനകീയ പ്രതിഷേധങ്ങളെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദ്വീപ് ജനതയുടെ പറമ്പരാഗത ജീവിതരീതിയെ അട്ടിമറിക്കുന്ന ഇത്തരം പരിഷ്കാരങ്ങളുമായി പ്രഫുല്‍ പട്ടേല്‍ രംഗത്തുവരുന്നത്. അദ്ദേഹം ദീര്‍ഘകാലം ആഭ്യന്തര മന്ത്രിയായിരുന്ന ഗുജറാത്തില്‍ ഇപ്പോഴും മദ്യ നിരോധനം നിലവിലുണ്ട്. ബിജെപി ഭരിക്കുന്ന ഗോവയില്‍ ഗോവധ നിരോധനമില്ല. ഇതെല്ലാം സംഘപരിവാരത്തിന്‍റെ ഇരട്ടത്താപ്പിന്‍റെ ഉത്തമ ഉദാഹരണങ്ങളാണ്. ദ്വീപിലെ ജനങ്ങളുടെ സംസ്കാരത്തിനും പറമ്പരാഗത ജീവിതത്തിനും മേലുള്ള ഈ കടന്നുകയറ്റം ജനാധിപത്യ വിശ്വാസികള്‍ക്കാര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്നതല്ല.

ലക്ഷദ്വീപിലെ ജനങ്ങളെ മുഴുവന്‍ ബന്ദികളാക്കി തന്‍റെ അജണ്ടകള്‍ നടപ്പിലാക്കുന്ന ഒരു സ്വേച്ഛാധിപതിയായി അഡ്മിനിസ്ട്രേറ്റര്‍ മാറിയിരിക്കുന്നു. ഇതിനെതിരെ രാജ്യത്തിന്‍റെ നാനാ കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുവരുന്നു.

ലക്ഷദ്വീപിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് കേരളം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ നിയമസഭ അഭ്യര്‍ത്ഥിച്ചു.

ഈ വിഷയം കേന്ദ്രസര്‍ക്കാരിന്‍റെ അടിയന്തര ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍ രാജ്ഭവനു മുന്നില്‍ പ്രതിഷേധ സമരം നടത്തി.

നമ്മുടെ ഭരണഘടനയെയും ജനാധിപത്യമൂല്യങ്ങളെയും കുറിച്ച് പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജനങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസം പുനഃസ്ഥാപിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. •