ഫാസിസത്തിന്‍റെ പേക്കൂത്തുകള്‍

ക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ട പ്രഫുല്‍ ഖോദ പട്ടേല്‍ കുറച്ചുമാസങ്ങള്‍ക്കിടയില്‍ അവിടെ ചെയ്തുകൂട്ടിയ പാതകങ്ങള്‍ നിരവധിയാണ്. ആ ദ്വീപസമൂഹം കേന്ദ്ര സര്‍ക്കാരിന്‍റെ നേരിട്ടു ഭരണത്തിന്‍കീഴിലുള്ള പ്രദേശമാണ്. മൂര്‍ക്കോത്ത്
രാമുണ്ണിയാണ് അവിടത്തെ ആദ്യത്തെ അഡ്മിനിസ്ട്രേറ്റര്‍. ആറു പതിറ്റാണ്ടുമുമ്പ് അദ്ദേഹമാണ് ദ്വീപുകാരുടെ ജീവിതത്തിലേക്ക് ആധുനിക ജീവിതത്തിന്‍റെ അവിഭാജ്യഘടകങ്ങളായ വിദ്യാഭ്യാസം, ആരോഗ്യരക്ഷ, ഭക്ഷ്യസുരക്ഷ മുതലായവ ചിട്ടയോടെ സന്നിവേശിപ്പിക്കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് അവിടെത്തന്നെ ആഫീസ് ഏര്‍പ്പെടുത്തിയ അഡ്മിനിസ്ട്രേറ്റര്‍മാര്‍ അവിടേക്ക് യാത്രാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ദ്വീപുകാരുടെ ഉല്‍പന്നങ്ങളായ നാളികേരവും മത്സ്യവും മറ്റും നല്ല വിലയ്ക്കു വന്‍കരയിലേക്കും അവിടെനിന്ന് ആവശ്യമായ ഉല്‍പന്നങ്ങള്‍ ദ്വീപിലേക്കും എത്തിച്ച് അവരുടെ ജീവിതം കൂടുതല്‍ ആധുനികവും സുഖപ്രദവുമാക്കി മാറ്റുന്നതിനും ശ്രമിച്ചു.


അഡ്മിനിസ്ട്രേറ്ററോടൊപ്പം ചെന്ന മറ്റ് ഉദ്യോഗസ്ഥര്‍ പാര്‍ലമെന്‍റിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും നിയോഗം അനുസരിച്ച് അവിടത്തെ ഭരണക്രമം വികസിപ്പിച്ചു; ജനാധിപത്യവല്‍ക്കരിച്ചു. നാട്ടില്‍ നടപ്പാക്കപ്പെട്ട ത്രിതല പഞ്ചായത്തുകളും വികസന പ്രക്രിയയും ഒക്കെ ദ്വീപുകാരുടെ ജീവിതത്തെ ജനാധിപത്യപരവും ആധുനികോന്മുഖവുമാക്കുന്നതിനു സഹായിച്ചു. ദ്വീപുകാരായ ചെറുപ്പക്കാര്‍ പലരും ഉയര്‍ന്ന വിദ്യാഭ്യാസം നേടി അവിടെ നിലകൊണ്ടും വന്‍കരയിലും വിദേശങ്ങളിലും പോയി ജോലിയെടുത്തും വളര്‍ന്നു. ദ്വീപിന്‍റെ മുന്നേറ്റത്തിന്‍റെ നാളുകളായിരുന്നു അവ.

നരേന്ദ്രമോഡി സര്‍ക്കാര്‍ 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ജനങ്ങളെ ഏകോദരസഹോദരങ്ങളെപ്പോലെ കഴിയാനല്ല പ്രേരിപ്പിച്ചത്. ജനങ്ങളെ മതം, ജാതി, ഭാഷ, ജീവിതരീതി മുതലായവയുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനാണ് മോഡി സര്‍ക്കാര്‍ ആദ്യം മുതല്‍ ശ്രമിച്ചത്. ആര്‍എസ്എസ് മുസ്ലീങ്ങളെ ശത്രുക്കളായാണ് കാണുന്നത്. മതമൈത്രി നൂറ്റാണ്ടുകളായി, അല്ല ബുദ്ധ - ജൈന - ഹിന്ദു മതങ്ങളുടെ ആവിര്‍ഭാവ കാലം മുതല്‍ സഹസ്രാബ്ദങ്ങളായി ഇന്ത്യന്‍ ജീവിതരീതിയുടെയും സംസ്കാരത്തിന്‍റെയും മുഖമുദ്രയായിരുന്നു. അതിനെയാണ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഭാരതത്തിന്‍റെ മതനിരപേക്ഷതയായി വളര്‍ത്തിയത്. അങ്ങനെ മതനിരപേക്ഷത ഇന്ത്യന്‍ സംസ്കാരത്തിന്‍റെ അവിഭാജ്യഘടകമായി. ആര്‍എസ്എസ് രൂപം കൊണ്ടത് അതിനെ തകര്‍ത്ത് ഇവിടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാം എന്ന ലക്ഷ്യത്തോടെയായിരുന്നു.

അതുകൊണ്ട് ബീഫ് കഴിക്കുന്നതിനെ അവര്‍ എതിര്‍ത്തു. മോഡി ഭരണത്തിന്‍കീഴില്‍ ബീഫ് വീട്ടില്‍ വെച്ചതിന്‍റെ പേരില്‍, ബീഫ് തിന്നതിന്‍റെ പേരില്‍, അല്ലെങ്കില്‍ അങ്ങനെയൊക്കെ ആരോപിച്ച് ആളുകളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ ആക്രമിക്കുന്നതും കൊല്ലുന്നതും പതിവായി. തുടര്‍ന്നാണ് ജമ്മു - കാശ്മീരിന്‍റെ സംസ്ഥാന പദവി അവിടത്തെ ജനങ്ങളുടെ അഭിപ്രായം ആരായാതെ നിഷേധിച്ച് അതിനെ വിഭജിച്ചത്. മാത്രമല്ല, അവിടത്തെ ജനങ്ങള്‍ക്ക് രണ്ടു വര്‍ഷത്തോളമായി പൗരാവകാശം ഫലത്തില്‍ നിഷേധിച്ചിരിക്കുകയാണ് മോഡി സര്‍ക്കാര്‍.

അതോടൊപ്പം അസമില്‍ പൗരരുടെ മുന്‍കാല ചരിത്രം പരിശോധിച്ച് ലക്ഷക്കണക്കിനാളുകള്‍ക്ക് പൗരത്വം നിഷേധിച്ചു. മുസ്ലീങ്ങളെ ബംഗ്ലാദേശികള്‍ അഥവാ പാകിസ്താനികള്‍ എന്നാരോപിച്ച് പൗരത്വം നിഷേധിക്കലായിരുന്നു ലക്ഷ്യം. പക്ഷേ, അക്കൂട്ടത്തില്‍ 5 ലക്ഷത്തിലധികം ഹിന്ദുക്കളുംപെട്ടതോടെ, മോഡി സര്‍ക്കാരിന്‍റെ ലക്ഷ്യം തെറ്റി. അത്തരത്തില്‍ മൂല പൗരത്വ പരിശോധന എല്ലാ സംസ്ഥാനങ്ങളിലും നടത്താന്‍ നിയമമുണ്ടാക്കി. കോവിഡ് മഹാമാരി പിടിപെട്ടില്ലായിരുന്നെങ്കില്‍, അത് മറ്റു സംസ്ഥാനങ്ങളിലൂം നടപ്പാക്കാന്‍ മോഡി സര്‍ക്കാര്‍ മുതിരുമായിരുന്നു. അടുത്തയിടെ ആ നീക്കം ശക്തിപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ ജീവനാഡിയാണ്. അടിയന്തരാവസ്ഥക്കാലത്ത് അത് നിഷേധിക്കാനും ജനങ്ങളുടെ വായ്മൂടിക്കെട്ടാനും സര്‍ക്കാര്‍ ഉത്തരവിട്ടു. പക്ഷേ, ജനങ്ങള്‍ ശക്തമായി എതിര്‍ക്കുകയും കോടതി അതിനെ മൗലികാവകാശമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ആ സ്വേച്ഛാധിപത്യനീക്കം പരാജയപ്പെട്ടു. മോഡി സര്‍ക്കാര്‍ ആ വഴിക്കാണ് നീങ്ങുന്നത്. അക്കാലത്ത് ഇല്ലാതിരുന്ന സാമൂഹ്യമാധ്യമങ്ങള്‍ ഇന്ന് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ജൈവാംശമാണ്. വാട്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ മുതലായ മാധ്യമങ്ങളിലൂടെയുള്ള സന്ദേശക്കൈമാറ്റത്തിന്‍റെ സ്വകാര്യത നിഷേധിക്കാനാണ് മോഡി സര്‍ക്കാര്‍ നീക്കം. നിരവധി അച്ചടി, വാര്‍ത്താ ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ മേല്‍ പലതരത്തിലുള്ള വായ്മൂടിക്കെട്ടലുകള്‍ മോഡി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കോടതി തന്നെ ഇക്കാര്യത്തില്‍ ഇടപെടുന്നുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെയെല്ലാം രാജ്യദ്രോഹക്കുറ്റം ചുമത്തി അമര്‍ച്ച ചെയ്യാനാണ് മോഡി സര്‍ക്കാരിന്‍റെ നീക്കം.

അതേസമയം ആ സര്‍ക്കാര്‍ പൊതുപ്പണത്തിന്‍റെ കൈകാര്യത്തെവരെ ജനശ്രദ്ധയില്‍ നിന്നു മറച്ചുപിടിക്കുന്നു. പല രീതികളിലും നിലവാരങ്ങളിലുമുണ്ട് അത്. ഏറ്റവും പ്രകടമായ ഉദാഹരണം പി എം കെയേഴ്സ് എന്ന പേരില്‍ പ്രധാനമന്ത്രി കോവിഡ് ബാധയെ തുടര്‍ന്നു സൃഷ്ടിച്ച പുതിയ ഫണ്ടാണ്. ജനങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമൊക്കെ അത് സംഭാവന സ്വീകരിക്കുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരാണ് ആ നിധിയുടെ ഭാരവാഹികള്‍. എന്നിട്ടും ആ ഫണ്ടിനെ സ്വകാര്യഫണ്ടായാണ് രൂപവല്‍ക്കരിച്ചിട്ടുള്ളത്. അതുകൊണ്ട് അത് സുതാര്യമല്ല. സംഭാവന ചെയ്തവര്‍ ഉള്‍പ്പെടെ ആരു ചോദിച്ചാലും അതിന്‍റെ കണക്കുകള്‍ നല്‍കില്ല. സര്‍ക്കാര്‍ സംവിധാനത്തിന് അതിന്‍റെ മേല്‍  ഒരു നിയന്ത്രണവുമില്ല.

ഇത് ഒരു പുതിയ രീതിയാണ്. സര്‍ക്കാരിന്‍റെ എല്ലാ സംരക്ഷണവുമുണ്ട്. എന്നാല്‍, ആ നിലയ്ക്കുള്ള  ഒരു ഉത്തരവാദിത്വവുമില്ല. പ്രധാനമന്ത്രി മോഡിയുടെ നിര്‍ദ്ദേശാനുസരണം നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാ ഔദ്യോഗിക - പാര്‍ലമെന്‍റ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി - വിഭാഗങ്ങളുടെയും നിയന്ത്രണങ്ങള്‍ക്കും പരിശോധനകള്‍ക്കും അപ്പുറമാണ്. അതിനുഫലത്തില്‍ അതിന്‍റേതായ നിയമവും ചട്ടവുമാണുള്ളത്. അത് ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും നോക്കുകുത്തിയാക്കുന്നു. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട, ഭരണകക്ഷിയുമായി ബന്ധപ്പെട്ട, ഏതു വ്യക്തിക്കും സംഘത്തിനും നിയമവും ചട്ടവും ബാധകമല്ല എന്ന സ്ഥിതി ഇത് സംജാതമാക്കുന്നു.

ജനങ്ങള്‍ക്കുമുമ്പില്‍ ഫാസിസത്തിന്‍റെ പ്രകടമായ വശം അമിതാധികാര പ്രയോഗമാണ്, ജനങ്ങളില്‍ ഏതെങ്കിലും വിഭാഗത്തോടോ വിഭാഗങ്ങളോടോ ഉള്ള അന്ധമായ, ഹിംസാത്മകമായ വിരോധമാണ്; അതിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളാണ്. എന്നാല്‍, അതൊരു മൂടുപടമാണ്. ഒരു പിടി വരുന്ന കുത്തക മുതലാളിമാര്‍ ജനങ്ങളെ ഭീകരമായി കൊള്ള ചെയ്യുന്നത് മറച്ചുവെയ്ക്കാനുള്ള മൂടുപടം. മോഡിവാഴ്ചക്കുകീഴില്‍ കുത്തകകള്‍ക്കനുവദിച്ച ആനുകൂല്യങ്ങള്‍ ലക്ഷക്കണക്കിനു കോടി രൂപയാണ്. നികുതി കുറച്ചതിന്‍റെയും ഇളവിന്‍റെയും ബാങ്കുകടങ്ങള്‍ റദ്ദാക്കിയതിന്‍റെയും ഭൂമി, പുതിയ ധനപരമായ അവകാശങ്ങള്‍, കോവിഡ് മഹാമാരി പാക്കേജ് എന്നിങ്ങനെ പല രൂപങ്ങളില്‍ നല്‍കിയ ആനുകൂല്യങ്ങളുടെയും തുക ലക്ഷക്കണക്കിനു കോടി രൂപ വരും. ലിറ്ററിനു നൂറു രൂപയോളമാക്കി ഉയര്‍ത്തിയ പെട്രോള്‍ - ഡീസല്‍ വിലകളിലും അവര്‍ക്ക് കൊള്ള ലാഭത്തിന്‍റെ പങ്കുണ്ട്. ഇതൊക്കെ നഗ്നമായി ചെയ്യാന്‍ മോഡി സര്‍ക്കാരിന് ഒരുളുപ്പുമില്ല; ആരെയും ഭയവുമില്ല.

ഈ ആസുര നയപരമ്പരയുടെ ഇങ്ങേയറ്റം മാത്രമാണ് ലക്ഷദ്വീപില്‍ ഏതാനും മാസങ്ങളായി ഇപ്പോഴത്തെ അസ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേല്‍ നടത്തുന്ന ജനവിരുദ്ധ നടപടികള്‍. അവിടത്തെ ജനങ്ങള്‍ നെടുനാളായി അനുഭവിച്ചുവരുന്ന ഭൂമിയുടെയും വീടിന്‍റെയും ഉടമാവകാശം, മത്സ്യം പിടിച്ചും തെങ്ങുകൃഷി ചെയ്തും ഉണ്ടാക്കുന്ന വരുമാനം, അവരുടെ യാത്രയ്ക്കും വിവരവിനിമയത്തിനും തദ്ദേശ ഭരണത്തിനും മറ്റുമുള്ള അവകാശാധികാരങ്ങള്‍, ഭക്ഷണം ഉള്‍പ്പെടെയുള്ള ജീവിതരീതി, ഉല്‍പന്നങ്ങള്‍ ക്രയവിക്രയം ചെയ്യാനുള്ള അവകാശം എന്നിവയെയെല്ലാം ആക്രമിച്ചു തകര്‍ക്കുകയും നിഷേധിക്കുകയുമാണ് വിദേശ ഭരണാധികാരിയുടെ കിങ്കരനെപ്പോലെ പ്രവര്‍ത്തിക്കുന്ന അസ്മിനിസ്ട്രേറ്റര്‍ പട്ടേല്‍. ലക്ഷദ്വീപുകാര്‍ സ്വാതന്ത്ര്യസമരത്തിനു സമാനമായ സമരമാണ് അതിനെതിരെ നടത്തുന്നത്.എക്കാലത്തും അവരുമായി സാഹോദര്യം പുലര്‍ത്തുന്ന കേരള ജനത ഏകകണ്ഠമായ നിയമസഭാ പ്രമേയത്തില്‍ ആ ഐക്യം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്, ഫാസിസത്തിനെതിരായ ഐക്യദാര്‍ഢ്യം.•