മഹാമാരിയെയും അമേരിക്കയെയും ചെറുത്ത് വെനസ്വേല

ആര്യ ജിനദേവന്‍

രണ്ട് ദശകത്തോളമായി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ നിരന്തരമായ ഇടപെടലുകളെയും ഉപരോധത്തെയും രാജ്യത്തിനകത്തുള്ള പ്രതിവിപ്ലവ ശക്തികളെയും നേരിട്ട് അവയെ പൊരുതി തോല്പ്പിച്ചുകൊണ്ടിരിക്കുകയാണ് വെനസ്വേല. ജനങ്ങളും സൈന്യവും ഭരണ നേതൃത്വത്തിനുപിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നുകൊണ്ടാണ് ഈ ആട്ടിമറിനീക്കങ്ങളെയെല്ലാം ചെറുക്കുന്നത്,അമേരിക്കന്‍ ഉപരോധം തീര്‍ത്ത ദാരിദ്ര്യത്തിനും ദുരിതങ്ങള്‍ക്കുമിടയിലാണ് വെനസ്വേലയിലെ ഇടതുപക്ഷ ഭരണത്തിന് കോവിഡ് എന്ന മഹാമാരിയെയും ചെറുക്കേണ്ടതായി വരുന്നത്. 


മഹാമാരിയും ഒപ്പം ആഗോളസാമ്പത്തിക തകര്‍ച്ചയും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് കരകയറുന്നതിന് വെനസ്വേല ഐഎംഎഫിന്‍റെ വായ്പയ്ക്കായി സമീപിച്ചെങ്കിലും അമേരിക്കയുടെ തടസ്സപ്പെടുത്തലിനെ തുടര്‍ന്ന് അത് നിഷേധിക്കപ്പെടുകയാണുണ്ടായത്. കോവിഡിനെ നേരിടാന്‍വേണ്ട മരുന്നുകളും സുരക്ഷാസംവിധാനങ്ങളും ഇറക്കുമതി ചെയ്യുന്നതിനുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് വെനസ്വേല ഐഎംഎഫിനെ സമീപിച്ചത്.  എന്നാല്‍ ലോകമാകെ ഒന്നിച്ചുനിന്ന് ഈ മഹാമാരിയെ ചെറുക്കണമെന്നും അതുകൊണ്ട് ഉപരോധങ്ങളും ഏറ്റുമുട്ടലുകളും തല്‍ക്കാലത്തേക്കെങ്കിലും അവസാനിപ്പിക്കണമെന്നുമുള്ള ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യസംഘടനയുടെയും അഭ്യര്‍ഥനകളെപ്പോലും അവഗണിച്ചാണ് അമേരിക്ക ഇടപ്പെട്ട് വെനസ്വേലയ്ക്ക് ഐഎംഎഫ് വായ്പ നിഷേധിച്ചത്; മാത്രമല്ല ഉപരോധം ശക്തിപ്പെടുത്തുകയുംചെയ്തു. 


എന്നാല്‍ പ്രതിവിപ്ലവകാരികളെയും സാമ്രാജ്യത്വശക്തികളെയും നേരിടുന്ന അതേ ആവേശത്തില്‍ ഈ മഹാമരിയെ ചെറുക്കാനും, അതിന്‍റെ  ചങ്ങല പൊട്ടിക്കാനും ജനങ്ങള്‍ മദുറൊ ഗവണ്‍മെന്‍റിനൊപ്പം ഉറച്ചുനിന്നു. ചൈനയില്‍നിന്നും ക്യൂബയില്‍നിന്നും റഷ്യയില്‍നിന്നും ഔഷധങ്ങളും ഉപകരണങ്ങളും വിദഗ്ദ്ധ ആരോഗ്യപ്രവര്‍ത്തകരുടെ സൗജന്യ സഹായവും ലഭിച്ചതും ഈ മഹാമരിയെ ചെറുക്കാന്‍  വെനസ്വേലയ്ക്ക് കരുത്ത് നല്കി. ലോകാരോഗ്യസംഘടനയുടെ പിന്തുണയും സഹായവും വെനസ്വേലയ്ക്കൊപ്പമുണ്ടായി, നവലിബറല്‍ നയങ്ങള്‍ക്ക് പിന്നാലെ പായുന്ന ബ്രസീലിനെയും പെറുവിനെയും കൊളംബിയെയും ഇക്വഡോറിനെയും പോലുള്ള ലാറ്റിനമേരിക്കയിലെ രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി രോഗവ്യാപനത്തെ തടയാനും മരണം പരമാവധി ഒഴിവാക്കാനും വെനസ്വേലയ്ക്ക് കഴിയുന്നു. ബ്രസീലില്‍ രോഗവ്യാപനം 1,70,000 കടക്കുകയും 12,000ത്തോളം പേര്‍ മരണമടയുകയും ചെയ്തപ്പോള്‍ വെനസ്വേലയില്‍ രോഗം ബാധിച്ചത് 4156 പേര്‍ക്കുമാത്രമാണ്. അതില്‍തന്നെ ഇരുന്നൂറോളംപേര്‍ രോഗമുക്തി നേടുകയുമുണ്ടായി, മരണം 10 ല്‍ ഒതുങ്ങി.തൊട്ടടുത്ത ചിലിയിലും പെറുവിലും കൊളംബിയയിലും രോഗം പടര്‍ന്നുപിടിക്കുകയും മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്യുമ്പോഴാണിത്.


എന്നാല്‍ സ്വന്തം ജനതയെ മഹാമാരിയില്‍നിന്നും തന്മൂലമുള്ള മരണത്തില്‍നിന്നും കരകയറ്റാന്‍ തീവ്രപരിശ്രമം നടത്തേണ്ട അമേരിക്കന്‍ ഗവണ്‍മെന്‍റ്അത് ചെയ്യാതെ വെനസ്വേലയിലെ മദുറോ ഗവണ്‍മെന്‍റിനെ അട്ടിമറിക്കാനുള്ള തീവ്രപരിശ്രമത്തിലാണ്. അതില്‍ ഏറ്റവും പുതിയ നീക്കമാണ് മെയ് മൂന്നിന് നടന്നത്. മെയ് മൂന്നിന് അതിരാവിലെ കൊളംബിയയുടെ തീരത്തുനിന്നു ഏതാനും സ്പീഡ്ബോട്ടുകളിലായി ആയുധധാരികളായ ഒരു സംഘം വെനസ്വേലയുടെ തീരത്തേക്ക് തിരിച്ചു.കൊളംബിയ ലാറ്റിനമേരിക്കയിലെ അമേരിക്കന്‍ താവളങ്ങളിലൊന്നാണ്, അമേരിക്ക വെനസ്വേലയ്ക്കെതിരെ നടത്തുന്ന കരുനീക്കങ്ങളുടെ കേന്ദ്രവുമാണ് കൊളംബിയ; വെനസ്വേലയിലെ പിന്തിരിപ്പന്‍ പ്രമാണിമാരും കേന്ദ്രീകരിച്ചിട്ടുള്ളത് ഇവിടെയാണ്.
മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ വെനസ്വേലയുടെയെന്നല്ല ഏതു രാജ്യത്തിന്‍റെ സമുദ്രാതിര്‍ത്തി കടന്നാലും അത് ആക്രമണമായിട്ടേ കാണാനാവൂ;അതുകൊണ്ടുതന്നെ തിരിച്ചടി നേരിടേണ്ടതായുംവരും. അതുതന്നെ ഇവിടെയും സംഭവിച്ചു. വെനസ്വേലയുടെ അതിര്‍ത്തി കടന്നെത്തിയ സായുധരായ അക്രമിസംഘത്തെ വെനസ്വേലയുടെ സൈന്യവും ജനകീയ മിലിഷ്യയും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കടലില്‍വെച്ച് നേരിട്ട് കീഴ്പ്പെടുത്തി. ഏറ്റുമുട്ടലില്‍ 8 അക്രമികള്‍ കൊല്ലപ്പെട്ടു. ആ 8 പേരും, വെനസ്വേലയിലെ സൈന്യത്തില്‍ മുന്‍പുണ്ടായിരുന്നവരും ഒളിച്ചോടി കൊളംബിയയിലും അമേരിക്കയിലുമായി പ്രതിവിപ്ലവത്തിനായി തക്കംനോക്കിയിരുന്നവരുമാണ്. രണ്ട് അമേരിക്കകാര്‍ ഉള്‍പ്പെടെ 13 പേര്‍ പ്രതിരോധസേനയുടെ പിടിയില്‍പ്പെട്ടു. ആരോണ്‍ ബാരിയും ലൂക്ക് ഡെന്‍മാനുമാണ് ആ രണ്ട് അമേരിക്കക്കാര്‍. ഇവര്‍ രണ്ടുപേരും അഫ്ഗാനിസ്ഥാന്‍,ഇറാഖ് ആക്രമണങ്ങളില്‍ പങ്കെടുത്തിട്ടുള്ള അമേരിക്കന്‍ പട്ടാളക്കാരാണ്.മറ്റുള്ളവര്‍ വെനസ്വേലയുടെ സമുദ്രാതിര്‍ത്തികടന്ന് രക്ഷപ്പെട്ടു. മൊത്തം 60 പേര്‍ സംഘത്തിലുണ്ടായിരുന്നെന്നാണ് പിടിക്കപ്പെട്ടവരില്‍നിന്ന് വെനസ്വേലയ്ക്ക് ലഭിച്ച വിവരം, അവരില്‍ കൊളംബിയന്‍ പട്ടാളക്കാരും വെനസ്വേലക്കാരും ഉണ്ടെന്നാണ്.


1999ല്‍ ഹ്യൂഗോ ഷാവേസ് അധികാരത്തില്‍ വന്നതുമുതല്‍ അമേരിക്കയും അവരുടെ പിന്തുണയോടെ വെനസ്വേലയിലെ വലതുപക്ഷവും നടത്തുന്ന അട്ടിമറിനീക്കത്തിലെ ഒടുവിലത്തെ സംഭവമാണ് മെയ് മൂന്നിലേത്. ഷാവേസ് അന്തരിച്ചുകഴിഞ്ഞാല്‍ അനായാസം അധികാരം തങ്ങള്‍ക്ക് കൈക്കലാക്കാം എന്നാണ് പ്രതിവിപ്ലവശക്തികള്‍ കരുതിയത്; എന്നാല്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് നിക്കോളസ് മദുറോയുടെ നേതൃത്വത്തില്‍ വെനസ്വേലയിലെ ഇടതുപക്ഷം ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതോടെ കൂടുതല്‍ അക്രമാസക്തമായ നടപടിയിലേക്ക് നീങ്ങുകയാണ് അമേരിക്കന്‍ സാമ്രാജ്യത്വവും ശിങ്കിടികളും.


2017 ആഗസ്റ്റില്‍ പ്രസിഡന്‍റ്ട്രംപ്, അമേരിക്കയും കാനഡയും കൊളംബിയയും ചേര്‍ന്ന് വെനസ്വേലയ്ക്കെതിരെ സൈനിക നടപടിയെടുക്കുന്നതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ലാറ്റിനമേരിക്കയിലെ വലതുപക്ഷ ഗവണ്‍മെന്‍റുകളെയെല്ലാം ചേര്‍ത്ത് പെറുവിന്‍റെ തലസ്ഥാനമായ ലിമയില്‍ രാഷ്ട്രതലവന്‍മാരുടെ യോഗം ചേര്‍ന്ന് ലിമ ഗ്രൂപ് എന്ന സംവിധാനത്തിന് അമേരിക്ക രൂപംനല്‍കുകയുണ്ടായി. 'ജനാധിപത്യം പുന:സ്ഥാപിക്കുന്നതി'ന് കൂടിയാലോചനകളിലൂടെ ശ്രമിക്കുമെന്നാണ് ലിമാ ഗ്രൂപ്പിന്‍റെ പ്രസ്താവനയെങ്കിലും ട്രംപ് സൈനിക അട്ടിമറിയോ പുറത്തുനിന്നുള്ള സൈനിക ഇടപെടലോ വേണമെന്ന പക്ഷത്താണ്. അതിനൊപ്പംനില്‍ക്കുകയാണ് കൊളംബിയയിലെ പ്രസിഡന്‍റ്ഐവാന്‍ ദുഖെ, ഈ പശ്ചാത്തലത്തിലാണ് മെയ് മൂന്നിനെ അട്ടിമറിനീക്കമായി കാണേണ്ടത്

 
മുതലാളിത്തശക്തികളെ സംബന്ധിച്ച് ജനാധിപത്യമെന്നാല്‍ മഹാഭൂരിപക്ഷംവരുന്ന ജനങ്ങളുടെ താത്പര്യം സംരക്ഷിക്കലോ അവര്‍ തിരഞ്ഞെടുക്കുന്ന ഭരണമോ അല്ല, മറിച്ച് മുതലാളിമാര്‍ക്ക് കൊളളലാഭമടിക്കാനും ജനങ്ങളെ ചൂഷണം ചെയ്യാനുമുള്ള സ്വാതന്ത്ര്യമെന്നാണര്‍ഥം.ആ സ്വാതന്ത്ര്യമില്ലെങ്കില്‍ ഭൂരിപക്ഷ വോട്ടുനേടി ജയിച്ചതാണെങ്കില്‍പോലും സ്വേച്ഛാധിപതി എന്ന പേര് ചാര്‍ത്തപ്പെടും. അതാണ് വെനസ്വേലയെക്കുറിച്ച്  കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കേള്‍ക്കുന്നത്. ഇതേ സാമ്രാജ്യത്വ ശക്തികളാണ് 1973 ല്‍ ചിലിയില്‍ തിരഞ്ഞെടുക്കപ്പെട്ട അലന്‍ഡെയുടെ ഗവണ്‍മെന്‍റിനെ അട്ടിമറിച്ച് പട്ടാളഭരണം സ്ഥാപിച്ചത് ; അതിനുമുന്‍പ് 1954 ല്‍ ഗ്വാട്ടിമാലയില്‍ ജനാധിപത്യപരമായി അധികാരത്തില്‍ വന്ന ജേക്കബ് അര്‍ബന്‍സിനെ അട്ടിമറിച്ച് പട്ടാളഭരണം സ്ഥാപിച്ചത്. അമേരിക്ക പറയുന്ന ജനാധിപത്യത്തിന്‍റെ  ചിലമാതൃകകള്‍ മാത്രമാണിവ.


ഇപ്പോള്‍ വെനസ്വേലയില്‍ അമേരിക്കന്‍ ഭരണകൂടം നടപ്പാക്കാന്‍ നോക്കുന്നത് 1983 ല്‍  ഗ്രനഡയില്‍ ചെയ്തതുപോലെ നേരിട്ട് സൈന്യത്തെ ഇറക്കി നിക്കോളസ് മദുറോയെ അധികാരത്തില്‍നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കാനാണ്; അദ്ദേഹത്തെ തടവിലാക്കാനോ വധിക്കുവാനോ ആണ്; അങ്ങനെ കഴിഞ്ഞ 20 വര്‍ഷത്തെ ബൊളിവേറിയന്‍ വിപ്ലവത്തിന്‍റെ നേട്ടങ്ങളെ നശിപ്പിക്കാനാണ്. 2019 ഫെബ്രുവരിയില്‍ ചേര്‍ന്ന ലിമാ ഗ്രൂപ്പിന്‍റെ  യോഗത്തില്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് അത്തരമൊരു നിര്‍ദേശമുണ്ടായെങ്കിലും അന്നത്തെ യോഗത്തില്‍ പങ്കെടുത്ത ബ്രസീലിന്‍റെ വൈസ് പ്രസിഡന്‍റ്ഹാമില്‍ട്ടന്‍ മുറോ സൈനിക ഇടപെടലിനെതിരെ ശക്തമായി പ്രതികരിച്ചതുകൊണ്ടാണ് അതില്‍നിന്നും പിന്തിരിഞ്ഞത്.


2020 ഫെബ്രുവരിയില്‍ ചേര്‍ന്ന മ്യൂണിച്ച് സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പൊംപിയോ പറഞ്ഞത് വെനസ്വേലയിലെ മദുറോയെ പുറത്താക്കാന്‍ അമേരിക്ക ശ്രമിക്കുമെന്നാണ്. ആ നീക്കത്തിന്‍റെ ഭാഗമായാണ് മദുറൊയ്ക്കും വെനസ്വേലയിലെ ഇടതുപക്ഷ നേതാക്കള്‍ക്കുമെതിരെ അമേരിക്ക മയക്കുമരുന്ന് കള്ളക്കടത്ത് ആരോപണം ഉന്നയിച്ചത്; ഇപ്പോള്‍ അട്ടിമറിസംഘത്തെ അയച്ചതും അതിന്‍റെ ഭാഗം തന്നെയാണ്.


ഈ ആക്രമണ നീക്കത്തിനുപിന്നില്‍ അമേരിക്കയാണെന്ന് വ്യക്തമാക്കുന്നതാണ് വെനസ്വേലന്‍ സൈന്യത്തിന്‍റെ പിടിയില്‍പ്പെട്ട രണ്ട് അമേരിക്കന്‍ പട്ടാളക്കാരുടെ സാന്നിധ്യം. ഇവരെ രണ്ടുപേരെയും തങ്ങള്‍ക്കുവിട്ടുതരണമെന്ന ആവശ്യവുമായി പ്രസിഡന്‍റ്ട്രംപും വിദേശകാര്യ സെക്രട്ടറി  പോംപിയോയും രംഗത്ത് വന്നതോടെ അമേരിക്കന്‍ ഗവണ്‍മെന്‍റിന് ഈ ആക്രമണത്തിലുള്ള പങ്കാളിത്തമാണ് വെളിപ്പെട്ടിരിക്കുന്നത്. 
സമാനമായ ഒരു ആക്രമണ നീക്കം 2019 ല്‍ അമേരിക്ക നടത്തിയതിനെ സംബന്ധിച്ച വിവരങ്ങള്‍ പ്രമുഖ വാര്‍ത്താ എജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിന്‍റെ ലേഖകന്‍ ജ്വോഷാ ഗുഡ്മാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് ആ നീക്കത്തിന് നേതൃത്വം നല്കിയത് അഫ്ഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും ആക്രമണത്തില്‍ പങ്കാളിയായിരുന്ന ജോര്‍ഡാന്‍ഗുദ്രെ  എന്ന അമേരിക്കന്‍ പട്ടാള ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ അയാള്‍ ഒരു സ്വകാര്യ സെക്യൂരിറ്റി ഏജന്‍സി നടത്തുകയാണ്. വെനസ്വേലയിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനായ ക്ലിവര്‍ ആല്‍ക്കലയുമായി ചേര്‍ന്നാണ് ഗുദ്രെ അട്ടിമറി ആസൂത്രണം ചെയ്തത്. എന്നാല്‍ അന്നും അതു തടയാന്‍ വെനസ്വേലയിലെ ജനങ്ങളുടെയും സൈന്യത്തിന്‍റെയും ജാഗ്രതയ്ക്ക് കഴിഞ്ഞു. ഇതേ ക്ലിവര്‍ ആല്‍ക്കല  ഇപ്പോള്‍ മയക്കുമരുന്ന് കള്ളകടത്ത് കേസ്സില്‍പ്പെട്ട് അമേരിക്കയില്‍ ജയിലിലാണ്. ഇയാളെ മാപ്പുസാക്ഷിയാക്കി മദുറൊയെയും സഖാക്കളെയും മയക്കുമരുന്ന് കള്ളകടത്തുകാരാക്കാനാണ് അമേരിക്കന്‍ ഗവണ്‍മെന്‍റ്ശ്രമിച്ചത്.ഇതേ ആല്‍ക്കലയുടെ അടുത്ത സുഹൃത്താണ് 2019 ഏപ്രില് 30ന് സ്വയം പ്രഖ്യാപിത വെനസ്വേലന്‍ പ്രസിഡന്‍റായ ഇവാന്‍ ഗ്വായ്ഡൊയുമായി ചേര്‍ന്ന് വെനസ്വേലയില്‍ സൈനിക അട്ടിമറിനീക്കത്തിന് നേതൃത്വം നല്കിയ ക്യാപ്റ്റന്‍ റോബെര്‍ട് ലെവിഡ് കൊളീന; ഇദ്ദേഹവും ഇപ്പോഴത്തെ അട്ടിമറിനീക്കത്തില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.


1961ല്‍ ക്യൂബയ്ക്ക് നേരെ നടന്ന പരാജയപ്പെട്ട ബേ ഓഫ് പിഗ്സ് ആക്രമണത്തെയാണ് വെനസ്വേലയ്ക്കെതിരെ മെയ് മൂന്നിന്ന് നടന്ന അട്ടിമറിനീക്കം ഓര്‍മിപ്പിക്കുന്നത്. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത ഒരു ഗവണ്‍മെന്‍റിനെയും സ്വൈരമായി ഭരിക്കാന്‍ അമേരിക്ക അനുവദിക്കില്ല എന്നതാണ് ചരിത്രം.


കഴിഞ്ഞ 20 വര്‍ഷമായി വെനസ്വേലന്‍  ജനത ഈ വെല്ലുവിളിക്കെതിരെ പൊരുതുകയാണ്. ഈ ആക്രമണത്തെയെല്ലാം പരാജയപ്പെടുത്തുവാന്‍ വെനസ്വേലയ്ക്ക് കഴിഞ്ഞത് അവിടത്തെ ജനങ്ങളും ഗവണ്‍മെന്‍റും പുലര്‍ത്തുന്ന നിതാന്ത ജാഗ്രതകൊണ്ടാണ്. മെയ് മൂന്നിന്‍റെ   ആക്രമണത്തെതുടര്ന്ന് വെനസ്വേലയുടെ പ്രതിരോധമന്ത്രി വ്ളാദിമിര്‍ പദ്രിനൊ ലോപ്പസ് പറഞ്ഞത്,'ഞങ്ങള്‍ ഒരു വിപ്ലവമാണ് നടത്തുന്നത്,അതുകൊണ്ട് നിതാന്ത ജാഗ്രതയിലുമാണ്' എന്നാണ്.


ജനങ്ങള്‍ക്കാകെ ആയുധപരിശീലനവും രാഷ്ട്രീയ ബോധവല്‍ക്കരണവും നടത്തി സംഘടിപ്പിച്ചതിനൊപ്പം, ജനകീയ സായുധ സേനയും കൃത്യമായ രാഷ്ട്രീയ ബോധ്യമുള്ള  സൈന്യവും ചേര്‍ന്ന ചെറുത്തുനില്‍പ്പ് സംവിധാനത്തിന് തുടക്കത്തില്‍ത്തന്നെ ഷാവേസ് രൂപം നല്‍കിയതിനാലാണ് നിരന്തരമുള്ള അട്ടിമറിനീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ വെനസ്വേലയിലെ ഇടതുപക്ഷത്തിന് കരുത്ത് ലഭിക്കുന്നത്.