നാസിസത്തിനും  ഫാസിസത്തിനും  മേലുള്ള വിജയത്തിന്‍റെ  75-ാം വാര്‍ഷികം

75 കമ്യൂണിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടികളുടെ സംയുക്ത പ്രസ്താവന


നാസിസത്തിനും ഫാസിസത്തിനും എതിരായ രണ്ടാം ലോക യുദ്ധത്തിലെ വിജയം ചരിത്രത്തിലെ അതിപ്രധാനമായ സംഭവമാണ്. ഈ വിജയം കൈവരിക്കുന്നതിന് സോവിയറ്റ് യൂണിയനും ലോകമൊട്ടാകെയുള്ള കമ്യൂണിസ്റ്റുകാരും ഫാസിസ്റ്റുവിരുദ്ധരും വഹിച്ച നിര്‍ണായകമായ പങ്കിനെ തമസ്കരിക്കാനും ചരിത്രത്തെ വക്രീകരിക്കാനുമുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്. 


മുതലാളിത്തത്തിന്‍റെ സൃഷ്ടിയായ നാസിസം-ഫാസിസം ആയിരുന്നു കുത്തക മുതലാളിത്തത്തിന്‍റെ ഏറ്റവും അക്രാമകവും ഭീകരവുമായ പ്രകടനം അഥവാ പ്രത്യക്ഷവത്കരണം. 7.5 കോടിയോളം ജനങ്ങളുടെ മരണത്തിനിടയാക്കിയ, (അതില്‍ 2.7 കോടിയോളവും സോവിയറ്റ് യൂണിയനിലെ പൗരരായിരുന്നു.) നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ എണ്ണമറ്റയാളുകള്‍ കൊടും ക്രൂരതകള്‍ക്കിരയാവേണ്ടിവന്ന രണ്ടാം ലോക യുദ്ധം പൊട്ടിപ്പുറപ്പെടാനിടയായതിന്‍റെ ഉത്തരവാദിത്വം നാസിസ-ഫാസിസത്തിനും കുത്തക മുതലാളിത്തത്തിനുമാണ്. സൈനികമായ യാതാരു ന്യായീകരണവുമില്ലാത്ത, സ്വന്തം അധികാരം പ്രകടിപ്പിക്കുന്നതിനും ലോക മേധാവിത്വം നേടുന്നതിനാഗ്രഹിച്ചും. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുവര്‍ഷിച്ച അമേരിക്കയുടെ  അങ്ങേയറ്റം കിരാതമായ നടപടികളെയും ജനങ്ങള്‍ക്ക് മറക്കാനാവില്ല. 


രണ്ടാം ലോക യുദ്ധ (1939-45) ത്തിന്‍റെ ഫലമായി സാമ്രാജ്യത്വശക്തികള്‍ക്കിടയിലെ ഭിന്നത രൂക്ഷമായി. എന്നാല്‍ അതേസമയംതന്നെ ആദ്യ സോഷ്യലിസ്റ്റ് ഭരണകൂടമായ സോവിയറ്റ്യൂണിയനെ തകര്‍ക്കാര്‍ ലക്ഷ്യമിട്ട്, ബ്രിട്ടന്‍റെയും ഫ്രാന്‍സിന്‍റെയും അമേരിക്കയുടെയും മൗനാനുവാദത്തോടെ നാസി ജര്‍മനി തങ്ങളുടെ അധികാരം വിപുലീകരിക്കുന്നതിന് ലക്ഷ്യമിട്ട് സൈനികമായി പുനഃസജ്ജീകരണം നടത്തി. 1945 മെയ് 9ന് ഫാസിസത്തിനുമേല്‍ നേടിയ ചരിത്ര വിജയത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേള ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാരെയും തൊഴിലാളികളെയും ബഹുജനങ്ങളെയും സംബന്ധിച്ചിടത്തോളം അഭിമാനത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും അനുസ്മരണമാണ്. 


നാസി-ഫാസിസ്റ്റ് പടയ്ക്കെതിരായ പോരാട്ടത്തില്‍ ജീവന്‍ത്യജിച്ച എല്ലാവര്‍ക്കും വിശേഷിച്ച് ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങളുടെയും ഫാസിസ്റ്റ്വിരുദ്ധ പോരാളികളുടെയും ധീരമായ പോരാട്ടത്തിനും കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ പോരാടിയ സോവിയറ്റ് ജനതയുടെയും ചെമ്പടയുടെയും പ്രവര്‍ത്തകര്‍ക്കും ഉള്ള ആദരവ് ഇവിടെ പ്രകടിപ്പിക്കുന്നു. ഫാസിസ്റ്റുകളുടെ കിരാതവാഴ്ചയ്ക്കെതിരെ മോസ്കോയിലും ലെനിന്‍ഗ്രാഡിലും സ്റ്റാലിന്‍ഗ്രാഡിലും ചെമ്പടയും സോവിയറ്റ് ജനതയും നടത്തിയ ഉജ്വല പോരാട്ടങ്ങളുടെ വീരചരിത്രം ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവ ഫാസിസത്തിനുമേല്‍ വിജയംവരിക്കാനുള്ള നിര്‍ണായക പോരാട്ടങ്ങളായിരുന്നു.


കോമിന്‍റേണ്‍ വിരുദ്ധ സഖ്യത്തിന്‍റെ നാസി ജര്‍മനിക്കുമേലുള്ള വിജയത്തിലെ നിര്‍ണായകമായ സംഭാവന സോവിയറ്റ് യൂണിയന്‍റേതാണ്. കമ്യൂണിസ്റ്റ്പാര്‍ടിയുടെ നേതൃത്വത്തിന്‍കീഴില്‍, സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അപ്രമാദിത്വത്തിന്‍കീഴില്‍, സോവിയറ്റ് ഭരണകൂടത്തിന്‍റെ തൊഴിലാളിവര്‍ഗ സ്വഭാവത്തിന്‍കീഴില്‍ ബഹുജനങ്ങളുടെ വമ്പിച്ച പിന്തുണയോടെ നേടിയ വിജയത്തിന്‍റെ തിളക്കം സമാനതകളില്ലാത്തതാണ്. വിപ്ലവപ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും തിളങ്ങുന്ന മുഹൂര്‍ത്തം.


യൂറോപ്പിലെയും ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും രാജ്യങ്ങളില്‍ സോഷ്യലിസം വ്യാപകമാക്കുന്നതിനും അവിടങ്ങളില്‍ സാമൂഹിക പുരോഗതിയും സമാധാനവും സ്ഥാപിക്കുന്നതിനും മുതലാളിത്തത്തിനെതിരെ തൊഴിലാളിവര്‍ഗത്തിന്‍റെ വിമോചന പോരാട്ടം ശക്തമാക്കുന്നതിനുമാവശ്യമായ ഊര്‍ജവും ആവേശവും പകര്‍ന്നുനല്‍കിയത് ഫാസിസത്തിനെതിരായ വിജയമായിരുന്നു. സാമ്രാജ്യത്വശക്തികളുടെ കോളനി രാഷ്ട്രങ്ങളില്‍ വിജയംവരിച്ച വിമോചന പോരാട്ടങ്ങള്‍ക്ക്, സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് കരുത്തുപകര്‍ന്നതും ഫാസിസത്തിനുമേലുള്ള നിര്‍ണായക വിജയമായിരുന്നു; അങ്ങനെ പല രാജ്യങ്ങളെയും സ്വാതന്ത്ര്യത്തിലേക്കു നയിച്ചതിനുപിന്നില്‍ ഈ നിര്‍ണായക വി ജയത്തിന്‍റെ പ്രചോദനം ഉണ്ടായിരുന്നു. 


നാസി-ഫാസിസത്തെ പരാജയപ്പെടുത്തുന്നതില്‍ സോവിയറ്റുയൂണിയനും കമ്യൂണിസ്റ്റുകാരും വഹിച്ച പങ്കിനെ കൊച്ചാക്കി കാണിക്കുന്നതിനും വക്രീകരിക്കുന്നതിനും ലക്ഷ്യമിട്ട് സാമ്രാജ്യത്വ-മുതലാളിത്ത ശക്തികള്‍ നടത്തുന്ന പ്രചാരണങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഫാസിസത്തിന്‍റെ ആവിര്‍ഭാവത്തിനും ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും ഉത്തരവാദികളായ വന്‍കിട മുതലാളിത്തവും മുതലാളിത്ത ഗവണ്‍മെന്‍റുകളുമാണ് രണ്ടാം ലോകയുദ്ധത്തിനു കാരണക്കാര്‍. എന്നാല്‍ ആ ചരിത്ര വസ്തുതയെ തമസ്കരിച്ചും വക്രീകരിച്ചും ആണ് അവര്‍ യുദ്ധത്തിന്‍റെ ഉത്തരവാദിത്വം സോവിയറ്റുയൂണിയനുമേല്‍ കെട്ടിവെയ്ക്കാന്‍ കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍ നടത്തിവരുന്നത്. ഫാസിസത്തെ വെള്ളപൂശുന്നതിനും പുനരധിവസിപ്പിക്കുന്നതിനും കമ്യൂണിസ്റ്റ്വിരുദ്ധത പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് സോവിയറ്റ് സേനയുടെ വിമോചന പോരാട്ടത്തെ തമസ്കരിക്കാനും തള്ളിപ്പറയാനും സാമ്രാജ്യത്വശക്തികള്‍ നിരന്തരം ശ്രമിക്കുന്നത്.


സോഷ്യലിസത്തെയും ഫാസിസ്റ്റ് ബീഭത്സതയെയും തുല്യതപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള യൂറോപ്യന്‍ യൂണിയന്‍റെ കമ്യൂണിസ്റ്റ്വിരുദ്ധ പ്രമേയങ്ങളെയും ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുള്ള പ്രചാരണത്തെയും ഞങ്ങള്‍ ശക്തിയായി അപലപിക്കുന്നു. 


സാമ്രാജ്യത്വത്തിന്‍റെ ഏറ്റവും പിന്തിരിപ്പനും ആക്രമണോത്സുകവുമായ മേഖലകള്‍, മുതലാളിത്തവ്യവസ്ഥയുടെ അഗാധമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള മാര്‍ഗമായി ഫാസിസത്തെയും യുദ്ധത്തെയും കാണുന്ന പ്രവണത ശക്തമായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 എന്ന മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ വേളയില്‍പോലും സാമ്രാജ്യത്വത്തിന്‍റെ മനുഷ്യത്വവിരുദ്ധ സ്വഭാവം പ്രകടമാകുകയാണ്. സാമ്രാജ്യത്വശക്തികളായ അമേരിക്കയും നാറ്റോയും യൂറോപ്യന്‍ യൂണിയനും അവയുടെ കൂട്ടാളികളായ മൂലധനശക്തികളും ചേര്‍ന്ന് രാജ്യങ്ങള്‍ക്കും അവിടങ്ങളിലെ ജനങ്ങള്‍ക്കും എതിരെ ക്രിമിനല്‍ നയങ്ങളാലും ഉപരോധങ്ങളാലും ആക്രമണങ്ങളും അധിനിവേശങ്ങളും നടത്തിവരുന്നു. അതിനെതിരെ ഞങ്ങള്‍ അതിശക്തമായ മുന്നറിയിപ്പു നല്‍കുന്നു.


സമാധാനത്തിനും സാമൂഹിക പുരോഗതിക്കും സോഷ്യലിസത്തിനുംവേണ്ടിയുള്ള പോരാട്ടങ്ങള്‍ ഭിന്നമോ വേര്‍പെടുത്തത്തക്കതോ അല്ല; അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ലോകമൊട്ടാകെയുള്ള ബഹുജനങ്ങളും യോജിച്ച് ഫാസിസത്തിനും സാമ്രാജ്യത്വത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനും എതിരെ അതിശക്തമായ പോരാട്ടം നടത്തണം. 


ജനങ്ങളുടെ സ്വാതന്ത്ര്യവും ഭരണകൂടങ്ങളുടെ പരമാധികാരവും സംരക്ഷിക്കുന്നതിനുവേണ്ടി തൊഴിലാളികളുടെയും ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഫാസിസത്തെയും യുദ്ധത്തെയും അനീതികളെയും അപകടങ്ങളെയും വര്‍ത്തമാനകാലത്തെ മറ്റ് വൈരുദ്ധ്യങ്ങളെയും പരിപോഷിപ്പിക്കുന്ന മുതലാളിത്ത വ്യവസ്ഥയെ വിപ്ലവത്തിലൂടെ മാറ്റിമറിക്കുന്നതിനുവേണ്ടി ലോകമെങ്ങുമുള്ള തൊഴിലാളികളും ജനങ്ങളും വര്‍ധിത വീര്യത്തോടെ പോരാടേണ്ടതിന്‍റെ അനിവാര്യതയാണ് നിലവിലെ സാഹചര്യം അടിവരയിട്ട് നമ്മെ ഓര്‍മിപ്പിക്കുന്നത്. 


75 വര്‍ഷത്തിനു മുന്‍പെന്നപോലെ ഇന്നും കമ്യൂണിസ്റ്റുകാരുടെയും മുതലാളിത്ത ചൂഷണത്തിന്‍റെയും അടിച്ചമര്‍ത്തലിന്‍റെയും ദുരിതങ്ങള്‍ അനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും പോരാട്ടം ഭാവിയില്‍ മാനവികതയിലേക്കുള്ള വഴി തുറക്കുന്നതാണ്.