എണ്ണയിട്ട് വാഴേല്‍കേറുന്ന മാധ്യമശൈലി

ഗൗരി

സുധ കൊങ്ങര സംവിധാനം ചെയ്ത "സുരറൈ പെട്രു" എന്ന തമിഴ് ചലച്ചിത്രം സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ പരിസരത്തെ ഭംഗ്യന്തരേണ വ്യക്തമാക്കുന്നു. വ്യോമയാന വ്യവസായത്തെയാകെ പരേഷ് ഗോസ്വാമി എന്ന ഒരു കുത്തക കൈയടക്കി വച്ചിരിക്കുന്നതാണ് പശ്ചാത്തലം. നെടുമാരന്‍ എന്ന യുവ വൈമാനികന്‍ (ഇദ്ദേഹം എയര്‍ഫോഴ്സില്‍ നിന്നു സ്വയം പിരിഞ്ഞതാണ്) തന്‍റെ രക്ഷിതാവിന്‍റെ മരണത്തിനുമുന്‍പ്, അത്യാസന്ന നിലയിലുള്ള അദ്ദേഹത്തെ കാണുന്നതിന് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ വിമാനക്കൂലിയായി നല്‍കാന്‍ നിശ്ചയിക്കപ്പെട്ട വന്‍തുക നല്‍കാന്‍ കഴിയുന്നില്ല. വേണ്ട തുകയിലെ ചെറിയൊരു കുറവില്‍ പോലും വിട്ടുവീഴ്ചയ്ക്കോ കടം നല്‍കാനോ വിമാനക്കമ്പനിയുടെ ജീവനക്കാരിക്കോ അവിടുണ്ടായിരുന്ന മറ്റാര്‍ക്കെങ്കിലുമോ കഴിയുന്നില്ല. തന്‍റെ മോതിരം പണയമായി നല്‍കാന്‍ പോലും അദ്ദേഹം തയ്യാറാകുന്നുണ്ട്. അടുത്ത വിമാനം ഒരാഴ്ച കഴിഞ്ഞേ ഉള്ളൂവെന്നറിഞ്ഞ മാരന്‍ ഹതാശനായി മറ്റു യാത്രാസൗകര്യങ്ങളുപയോഗിച്ച് യാത്ര തുടര്‍ന്നെങ്കിലും മരണത്തിനു മുന്‍പ് ആ വൃദ്ധനെ കാണാനായില്ല. അപ്പോഴെടുത്ത പ്രതിജ്ഞയാണ് ഏതൊരു സാധാരണക്കാരനും യാത്ര ചെയ്യാന്‍ കഴിയും വിധം തുച്ഛമായ നിരക്കില്‍ വിമാനയാത്രയ്ക്ക് അവസരമുള്ള വിമാനക്കമ്പനി നടത്തണമെന്നത്.

അതിനായുള്ള യജ്ഞത്തിനിടയില്‍ പരേഷ് ഗോസ്വാമി എന്ന വ്യോമയാന കുത്തകയുമായി ഏറ്റുമുട്ടുന്നതും മാരന്‍റെ നീക്കത്തെ മുളയിലേനുള്ളാന്‍ ശ്രമിച്ച ഗോസ്വാമി അതുപറ്റാതായപ്പോള്‍ അട്ടിമറിയിലൂടെയും അക്രമത്തിലൂടെയും നുണപ്രചരണത്തിലൂടെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതുമാണ് കഥ. എല്ലാ വൈതരണികളും തരണം ചെയ്ത് ഒടുവില്‍ നെടുമാരന്‍ വിജയിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.

പരേഷ് ഗോസ്വാമിയും നെടുമാരനും തമ്മിലുള്ള ആദ്യ കണ്ടുമുട്ടല്‍ വിമാന യാത്രയ്ക്കിടയിലായിരുന്നു. അവിടെത്തന്നെ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലും തുടങ്ങുന്നു. തന്‍റെ വാക്കുകള്‍ക്ക് തിരുവായ്ക്ക് എതിര്‍വായ് ഇല്ലായെന്ന ധാര്‍ഷ്ട്യമുള്ള ഗോസ്വാമി, മാരനെ സീറ്റുമാറ്റാന്‍ നോക്കുമ്പോള്‍ പണം കൊടുത്ത് വാങ്ങിയ ടിക്കറ്റിന്‍റെ ബലത്തില്‍ അതിനു വിസമ്മതിക്കുന്ന മാരനെ, വിമാനം തിരിച്ചിടത്തുതന്നെ ഇറക്കി ഗോസ്വാമി പുറത്താക്കുന്നു. അപ്പോള്‍ പറയുന്ന ഒരു വാക്കുണ്ട്- നിന്‍റെ കൈയില്‍ ടിക്കറ്റുണ്ടെങ്കില്‍, എനിക്ക് സ്വന്തമായി വിമാനം തന്നെയുണ്ട്," സാധാരണക്കാരെ, തൊഴിലാളികളെയും കൃഷിക്കാരെയുമൊന്നും, വിമാനക്കമ്പനി നടത്തുന്നവരായി കാണാന്‍ മാത്രമല്ല, വിമാനയാത്ര നടത്താന്‍ പോലും അര്‍ഹതയുള്ളവരായി ഗോസ്വാമി കാണുന്നില്ല. മാരനെപ്പോലെയുള്ള സാധാരണക്കാരന് വിമാനക്കമ്പനി നടത്താനുള്ള അനുവാദം കൊടുക്കുന്നത് ഭ്രാന്തന്‍റെ കൈയില്‍ സ്ഫോടക വസ്തുക്കള്‍ ഏല്‍പ്പിക്കുന്നതു പോലെയാണെന്നതാണ് പരേഷ് ഗോസ്വാമിയുടെ തത്ത്വശാസ്ത്രം. ഭരണകൂടത്തിന്‍റെയാകെ പിന്തുണയോടെ അയാള്‍ നടത്തുന്ന കള്ളക്കളികളെ ജനങ്ങളുടെയാകെ പിന്തുണയോടെ മാരന്‍ പൊളിച്ചടുക്കുമ്പോള്‍ അധികാരശക്തിക്കു മേല്‍ ജനതയുടെ സംഘടിതശക്തിയുടെ വിജയക്കൊടി നാട്ടുന്നതാണ് നാം കാണുന്നത്. സൂര്യയും (നെടുമാരന്‍), ഉര്‍വശിയും (മാരന്‍റെ അമ്മ), അപര്‍ണ ബാലമുരളിയും (മാരന്‍റെ ഭാര്യ) തകര്‍ത്തഭിനയിച്ച ഈ ചിത്രം കൃത്യമായ ഒരു രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്.

ഈ ചിത്രത്തില്‍ ഒരു ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ പരിഹാസ്യമായ ഇടങ്കോലിടലും പക്ഷപാതിത്വവും അവതരിപ്പിക്കുന്നുണ്ട്. പരേഷ് ഗോസ്വാമിയുടെ അട്ടിമറിയെത്തുടര്‍ന്ന് തിരിച്ചടിയേറ്റ മാരനെ വളഞ്ഞുനിന്ന് ബൈറ്റെടുക്കാന്‍ നോക്കുന്ന മാധ്യമപ്രവര്‍ത്തകരെ വകഞ്ഞുമാറ്റി ഗര്‍ഭിണിയായ, പ്രസവവേദന അനുഭവിക്കുന്ന ഭാര്യയുടെ അടുത്തെത്താന്‍ ശ്രമിക്കുന്നതും അവര്‍ അതനുവദിക്കാതെ തടയുന്നതും സുന്ദരി (ഭാര്യ) ബന്ധുവിനൊപ്പം ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ബന്ധിതയാകുന്നതുമായ രംഗം ഏറെ പ്രസക്തമാണ്. ശ്രദ്ധിക്കപ്പെടേണ്ട കാര്യം വ്യോമയാനകുത്തകയെ തടഞ്ഞുനിര്‍ത്താനോ ചോദ്യം ചെയ്യാനോ പോയിട്ട് അയാളോട് സംശയം ചോദിക്കാന്‍ പോലും ആ മാധ്യമശിങ്കങ്ങള്‍ തയ്യാറുമല്ല. അതിനുള്ള ചങ്കുറപ്പോ ധാര്‍മികതയോ അവര്‍ക്കില്ല എന്നതാണ് സത്യം.

നമുക്കിനി സിനിമയില്‍ നിന്ന് ജീവിതത്തിലേക്കു വരാം. മുഖ്യധാരാ പത്രങ്ങളുടെ ലോകത്തിലേക്ക്. കോവിഡ് മഹാമാരി ദുരിതം വിതയ്ക്കുമ്പോള്‍ മുതലാളിമാരെ സംബന്ധിച്ച്, മൂലധനത്തെ സംബന്ധിച്ച് മനുഷ്യജീവനെക്കാള്‍ പ്രധാനം ലാഭമാണ്; വെറും ലാഭമല്ല, കൊള്ളലാഭമാണ്. കോവിഡ് മഹാമാരി ജനങ്ങളുടെ ജീവനും ജീവിതമാര്‍ഗങ്ങളും കവര്‍ന്നെടുക്കുമ്പോള്‍ ലോകത്തെല്ലായിടത്തും വന്‍കിട കോര്‍പറേറ്റുകളുടെ ആസ്തിപെരുകി വരുകയാണ്; കുന്നുകൂടുകയാണ്. മനുഷ്യജീവന്‍ വച്ച് വിലപേശുന്ന മുതലാളിത്തത്തിന്‍റെ ഇരപിടിയന്‍ സ്വഭാവം ഇന്ന് ഇന്ത്യയില്‍ വാക്സിന്‍ വിലനിര്‍ണയത്തില്‍ കാണാനാവും. സംഘപരിവാര്‍ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്‍റ് ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് തങ്ങളുടെ പിണിയാളുകളായി നില്‍ക്കുന്ന ശിങ്കിടി മുതലാളിമാരുടെ അണ്ണാക്കിലേക്ക് തള്ളിക്കൊടുക്കുകയാണ് വീണ്ടും വീണ്ടും! ഏറ്റവും ഒടുവിലിതാ മനുഷ്യന്‍റെ ജീവന്‍ വച്ചുള്ള കളിക്കുതന്നെ മോഡി ഗവണ്‍മെന്‍റ് തയ്യാറായിരിക്കുകയാണ്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഉടമ അഡാര്‍ പൂനാവാല തന്നെ പറയുന്നത് കമ്പനി കോവിഷീല്‍ഡ് വാക്സിന്‍ ഇന്ത്യാ ഗവണ്‍മെന്‍റിന് നല്‍കുന്ന ഡോസ്ഒന്നിന് 150 രൂപയില്‍ നിന്നുതന്നെ ഉല്‍പ്പാദനച്ചെലവും ലാഭവും ലഭിക്കുന്നുണ്ടെന്നാണ്. എന്നാല്‍ തങ്ങള്‍ക്ക് കൂടുതല്‍ മൂലധന നിക്ഷേപം നടത്താന്‍ വേണ്ട സൂപ്പര്‍പ്രോഫിറ്റ് (കൊള്ളലാഭം) ലഭിക്കില്ലെന്നുമാണ്. എന്നാല്‍ മോഡിക്കും സംഘപരിവാറുകാര്‍ക്കും പൂനാവാലയ്ക്ക് കൊള്ളലാഭം തരപ്പെടുത്തിക്കൊടുക്കാതെ ഇരിപ്പുറയ്ക്കുന്നില്ല. അതാണ് കോവിഷീല്‍ഡ് വാക്സിന്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന വാഗ്ദാനവും ബാധ്യതയും കാറ്റില്‍ പറത്തി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണമെങ്കില്‍ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കാമെന്ന പുതിയ നിര്‍ദേശത്തിനുപിന്നിലുള്ളത്. പൂനാവാലയുടെ കോവിഷീല്‍ഡ് വാക്സിന് സംസ്ഥാനങ്ങളില്‍നിന്ന് 400 രൂപയും (പ്രതിഷേധമുയര്‍ന്നപ്പോള്‍ ഇത് 300 രൂപയാക്കി) സ്വകാര്യആശുപത്രികളില്‍നിന്ന് 600 രൂപയും ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഈ വാക്സിനാകട്ടെ പൂനാവാലമാര്‍ പണം ചെലവിട്ട് ഗവേഷണം നടത്തി വികസിപ്പിച്ചതല്ല, മറിച്ച് ബ്രിട്ടന്‍, അമേരിക്ക, ഐക്യരാഷ്ട്ര സഭ ലോകാരോഗ്യസംഘടന, നിരവധി എന്‍ജിഒകള്‍ എന്നിവയുടെ ഫണ്ടുപയോഗിച്ച് പൊതുമേഖലയിലെ വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ സ്ഥാപനമായ ഓക്സ്ഫെഡ് സര്‍വകലാശാലയുടെ ഗവേഷണവിഭാഗം വികസിപ്പിച്ചതാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വാക്സിന്‍ നിര്‍മാണത്തിനുവേണ്ട സൗകര്യങ്ങളൊരുക്കാന്‍ ഇന്ത്യയുടെ ഖജനാവില്‍നിന്ന്, ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന്, 3000 കോടി രൂപ നല്‍കിയിട്ടുമുണ്ട്. എന്നിട്ടാണ് പൂനാവാല മുതലാളിക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വിട്ടുനല്‍കുന്നത്.

പൂനാവാലമാര്‍ പ്രധാനമായും വാക്സിന്‍ കച്ചവടത്തിലൂടെയാണ് ശതകോടീശ്വരന്മാരായത്. അഡാറിന്‍റെ അച്ഛന്‍ സൈറസ് പൂനാവാല ലോകത്തെ തന്നെ അതിസമ്പന്നരില്‍ ഒരാളാണ് (സൈറസ് പൂനാവാലയുടെ 2020 സെപ്തംബര്‍ മാസത്തെ ആസ്തി 1150 കോടി ഡോളര്‍ (75,675 കോടി രൂപയാണ്) കാലാകാലങ്ങളില്‍ സര്‍ക്കാരിന്‍റെ കൈയയച്ചുള്ള സഹായമാണ് പൂനാവാലമാര്‍ക്ക് ഇതിന് അവസരമൊരുക്കിയത്. പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വാക്സിന്‍ നിര്‍മാണകമ്പനികളാകെ അടച്ചുപൂട്ടിയാണ് പൂനാവാലമാരെ ഈ രംഗത്തെ കുത്തകയാക്കിയത്- കോണ്‍ഗ്രസിനും ബിജെപിക്കും ഇതില്‍ പങ്കുണ്ട്. മോഡി ഭരണത്തില്‍ ഇത് നഗ്നമായ പകല്‍ക്കൊള്ളയായി മാറിയിരിക്കുകയാണ്.

കോവിഡ് വ്യാപനത്തിന്‍റെ ഈ കാലത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡുമായി ബന്ധപ്പെട്ട് മലയാള മനോരമ അഞ്ച് മുഖപ്രസംഗങ്ങളാണ് അവതരിപ്പിച്ചത്- ഏപ്രില്‍ 23, 24, 26, 27, 28 തീയതികളില്‍. നല്ലത്. ഇതില്‍ ചിലതെല്ലാം സൂചിപ്പിക്കുന്നുമുണ്ട്. 23ന്‍റെ മുഖപ്രസംഗം ഇങ്ങനെ: "വാക്സിന്‍ നീതി നടപ്പാക്കണം. കേന്ദ്രനയം സംസ്ഥാനങ്ങള്‍ക്ക് ദ്രോഹമാകരുത്." പക്കാ ഉപദേശി പ്രസംഗം എന്നു പറയാം. എന്നാല്‍ ഇതിനു പിന്നിലെ കൊള്ളയെ തുറന്നു കാണിക്കാന്‍ മനോരമയ്ക്കാവില്ല. മാത്രമല്ല ലോകത്താകെ- അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, റഷ്യ, ഫ്രാന്‍സ്, ഗള്‍ഫ് രാജ്യങ്ങള്‍, ചൈന, ക്യൂബ എന്നിങ്ങനെ ഏറെക്കുറെ എല്ലായിടവും- വാക്സിന്‍ സൗജന്യമായാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നോ ഇന്ത്യയില്‍ ഇന്നേവരെ വിവിധ വാക്സിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കുകയായിരുന്നുവെന്നോ മുഖപ്രസംഗത്തില്‍ പരാമര്‍ശമില്ല. അങ്ങനെ ആയാല്‍ അത് മോഡിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന ആശങ്കയിലാണ് പത്രം!

24ന് "നിസ്സഹായതയുടെ നിലവിളികള്‍. കോവിഡ് ആശുപത്രികളിലെ മനുഷ്യനിര്‍മിത ദുരന്തങ്ങള്‍" എന്ന മുഖപ്രസംഗം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: "ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്കുണ്ട്. പ്രാണവായുകിട്ടാതെ പിടഞ്ഞും തീപ്പൊള്ളലേറ്റും മരണത്തിലേക്ക് മുങ്ങിത്താണ കോവിഡ് ബാധിതര്‍ മാപ്പില്ലാത്ത വീഴ്ചയുടെ ദുഃഖസാക്ഷ്യങ്ങളായി എന്നും രാജ്യത്തിന്‍റെ ഉറക്കം കെടുത്തുമെന്ന് തീര്‍ച്ച". തന്നെ തന്നെ! പക്ഷേല് ആരാ ഈ ഉറക്കം കെടുത്തലിന് ഉത്തരവാദികള്‍? അതുമാത്രം മനോരമയെ കെട്ടിയിട്ടടിച്ചാലും പറയില്ല. സംഘികള്‍ക്ക് നോവരുതല്ലോ ! 

കേരളത്തിലെ ചെന്നി-ചാണ്ടി കോണ്‍ഗ്രസിന്‍റെ നയവും അതാണല്ലോ!

പക്ഷേ, മനോരമേ യുപിയിലെ ലഖ്നൗവില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന (മറ്റ് എഡിഷനുകളുമുണ്ട്) 'അമര്‍ ഉജ്വല' എന്ന ഹിന്ദിപത്രം ഒരാഴ്ച മുന്‍പ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ആരെയും ഞെട്ടിക്കും. കാണ്‍പൂരില്‍ ഒരു ദിവസം 123 കോവിഡ് രോഗികളെ ഒരു പുരയിടത്തില്‍ കത്തിക്കുന്നതിന്‍റെ ദൃശ്യം നേരിട്ട് അതിന്‍റെ ലേഖകന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഒരു പട്ടണത്തിലെ മാത്രം കാര്യമാണ്. അന്നേ ദിവസം യുപിയില്‍ കോവിഡ് ബാധിച്ച് മൂന്നുപേരേ മരിച്ചുള്ളൂവെന്നാണ് യോഗിയുടെ കണക്ക്? യുപിയില്‍ മാത്രമല്ല, ഇന്ത്യയില്‍ കേരളമൊഴികെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും അവസ്ഥ ഇതുതന്നെ! കേരളത്തിലെ ഏതെങ്കിലുമൊരു പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഏറ്റവും താഴ്ന്ന തലത്തിലെ ഒരു ജീവനക്കാരന് സംഭവിക്കുന്ന വീഴ്ച (ചിലപ്പോള്‍ ഇല്ലാത്ത വീഴ്ച സ്ഥാപിക്കാന്‍ മനോരമ നുണരമ തന്നെയാകാറുമുണ്ട്) പര്‍വതീകരിച്ച് പിണറായി വിജയന്‍റെയും ശൈലജ ടീച്ചറുടെയും മെക്കിട്ടുകയറാന്‍ മടിക്കാത്ത പത്രമാണ് ഇങ്ങനെ കണ്ണടച്ചിരുട്ടാക്കുന്നത്!

26ന് നല്‍കിയ മുഖപ്രസംഗത്തിന്‍റെ ശീര്‍ഷകം "ജീവവായു തേടി വിലാപങ്ങള്‍. ഓക്സിജന്‍ ക്ഷാമം അടിയന്തരമായി പരിഹരിക്കണം." എന്നാണ്. നിങ്ങളിതുവായിക്കുന്ന നേരത്തും രാജ്യത്തെ ചില ആശുപത്രികളില്‍നിന്ന് ജീവവായുവിനു വേണ്ടിയുള്ള നിസ്സഹായ വിലാപങ്ങള്‍ ഉയരുകയാവണം." എന്നു തുടങ്ങുന്ന ഈ മുഖപ്രസംഗത്തിന്‍റെയും ശൈലി എണ്ണയിട്ട് വാഴയില്‍ കേറുന്നതുപോലെ തന്നെയാണ്. ഒരു വര്‍ഷത്തിനു മുന്‍പ് കോവിഡ് മഹാമാരിയുടെ ഒന്നാം വരവിന്‍റെ കാലത്ത്, രാജ്യമാകെ അടച്ചിടപ്പെട്ടിരുന്നപ്പോള്‍തന്നെ ആരോഗ്യ വിദഗ്ധര്‍ രണ്ടാം വരവുണ്ടാകുമെന്ന് തറപ്പിച്ചുപറഞ്ഞതാണ്. പോരെങ്കില്‍, ബ്രിട്ടനും അമേരിക്കയും ഉള്‍പ്പെടെ പല രാജ്യങ്ങളിലും ഇതിനകം തന്നെ അത് സംഭവിച്ചതായി കണ്ടതാണ്. അപ്പോള്‍ വിവരവും വിവേകവുമുള്ള ഭരണാധികാരികളാണ് നാട് ഭരിച്ചിരുന്നതെങ്കില്‍ രണ്ടാം വരവിനെ നേരിടാന്‍, മനുഷ്യജീവനുകള്‍ രക്ഷിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യ ഭരിക്കുന്നത് ശാസ്ത്രബോധമോ വിവരമോ വിവേകമോ ഇല്ലാത്ത മോഡി-ഷായാദി സംഘി മങ്കികളായതിന്‍റെ ദുരന്തമാണ് ഇന്ന് ഇന്ത്യ കാണുന്നത്. കൊറോണയെ പിടിച്ചുകെട്ടി പടിക്കുപുറത്താക്കി. ഇനി ലോകത്ത് എവിടെങ്കിലും കൊറോണയുണ്ടെങ്കില്‍ അവനെ പിടിച്ചുകെട്ടാന്‍ മ്മളുണ്ടേന്നും പറഞ്ഞ് മപ്പടിച്ച് നിന്ന സംഘി ഭരണാധികാരികളുടെ നിഷ്ക്രിയത്വത്തിന്‍റെയും വിവരക്കേടിന്‍റെയും വിലയാണ് ഇന്ന് ഇന്ത്യ നല്‍കേണ്ടി വരുന്ന മനുഷ്യജീവനുകള്‍. ഇന്ന് ഡല്‍ഹിയിലും പഞ്ചാബിലും യുപിയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലുമെല്ലാം കാണുന്നത് കൂട്ടക്കൊലപാതകമാണ്- ഭരണകൂടം നടത്തിയ കൊലപാതകം? എന്നാല്‍ അതു പറയാന്‍ മനോരമയുടെ നാവനങ്ങില്ല; പേന ചലിക്കില്ല!

27ന്‍റെ മുഖപ്രസംഗം "യുവതയോട് അനീതി പാടില്ല. 18-45 പ്രായപരിധിയിലുള്ളവര്‍ക്കും കേന്ദ്രം സൗജന്യവാക്സിന്‍ ഒരുക്കണം" എന്ന ശീര്‍ഷകത്തിലാണ് അവതരിപ്പിക്കുന്നത്. സൗമ്യമായ ഭാഷയിലാണെങ്കിലും വിഷയം അവതരിപ്പിക്കാനെങ്കിലും മനോരമ തയ്യാറായല്ലോന്ന് മ്മക്ക് സമാധാനിക്കാം. അതിനപ്പുറം മോഡി ഭരണം മനോരമയെപ്പോലും ഇങ്ങനെയൊരു മുഖപ്രസംഗം എഴുതാന്‍ നിര്‍ബന്ധിതമാക്കിയെന്നതാണ്.

28ന്‍റെ മുഖപ്രസംഗം ഒന്നു വേറിട്ടതുതന്നെയാണ്. ശീര്‍ഷകം ഇങ്ങനെ: "അതിജാഗ്രത കൈവിടുമ്പോള്‍. വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കോവിഡ് വ്യാപനകേന്ദ്രങ്ങളാകരുത്;" തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചപ്പോള്‍ ആദ്യ ദിവസമുണ്ടായ തിരക്കിനെയാണ് വിഷയമാക്കിയത്. തിരക്കിനു കാരണമായത് വേണ്ടത്ര വാക്സിന്‍ ലഭ്യമല്ലാത്തതും വാക്സിന്‍ തീര്‍ന്നുപോകുമെന്ന കുപ്രചാരണവുമാണെന്നതും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. വാക്സിന്‍ ലഭ്യമാക്കാന്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച സംവിധാനമാണ് കേരളത്തിലുണ്ടാക്കിയത്. നല്ല പരിശീലനം ലഭിച്ച ജീവനക്കാരെ അതിനു നിയോഗിച്ചതുകൊണ്ടു തന്നെ ഒരു തുള്ളി വാക്സിന്‍ പോലും വേസ്റ്റാകാതെ ഉപയോഗിച്ചതും (ഇന്ത്യയിലാകെ വാക്സിന്‍ 10% വേസ്റ്റാകുന്നുവെന്നാണ് കണക്ക്) ഏറ്റവുമധികം വാക്സിനേഷന്‍ നടത്തിയതും കേരളത്തിലാണെന്നതും കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ വാക്സിന്‍ ലഭ്യതയിലുണ്ടാകുന്ന കുറവും കാലേക്കൂട്ടി ആവശ്യമായത്ര വാക്സിന്‍ കേരളത്തിനു നല്‍കാതിരിക്കുന്നതുമാണ് പ്രശ്നമുണ്ടാക്കുന്നത്. മുന്‍കൂട്ടി വേണ്ടത്ര വാക്സിന്‍ ലഭിച്ചാല്‍ മാത്രമല്ലേ സംസ്ഥാനത്തിന് ആസൂത്രണം ചെയ്ത് കാര്യക്ഷമമായി നടപ്പാക്കാനാകൂ. "ഏതു മാര്‍ഗത്തിലൂടെയാണെങ്കിലും വാക്സിന്‍ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ടെ"ന്ന് ഗിരി പ്രഭാഷണം നടത്തുന്ന മനോരമ പൊട്ടന്‍ കളിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ വീഴ്ചകളെ അക്കമിട്ടു നിരത്താനോ വിമര്‍ശിക്കാനോ തയ്യാറാകാത്ത മനോരമ സംസ്ഥാന സര്‍ക്കാരിനെതിരെയാണെങ്കില്‍ അകാരണമായി പോലും ചാടി വീഴുന്നതാണ് നാം ഇവിടെ കാണുന്നത്.

27-ാം തീയതി മനോരമയില്‍ 7-ാം പേജില്‍ ഒരു ബോക്സ് ഐറ്റമുണ്ട്. "ജനനന്മയാണ് ജനാര്‍ദനന്‍. ജീവിക്കാന്‍ 600 രൂപ പോരേ?" എന്ന് ശീര്‍ഷകം. കമ്യൂണിസ്റ്റുകാരനായ ബീഡിത്തൊഴിലാളിയാണ് ജനാര്‍ദനന്‍. അക്കാര്യം ഹൈലൈറ്റ് ചെയ്തില്ലെങ്കിലും മനോരമ അത് വ്യക്തമാക്കുന്നുണ്ട്.  മോഡിസര്‍ക്കാരിന്‍റെ കൊള്ളയോടുള്ള പ്രതികരണമായി മുഴുവന്‍ കേരളീയര്‍ക്കും, അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുമുള്‍പ്പെടെ വാക്സിനേഷന്‍ സൗജന്യമായി നല്‍കുമെന്ന, മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെ തുടര്‍ന്ന് പൊതുസമൂഹത്തില്‍നിന്ന് ഉരുവംകൊണ്ടതാണ് വാക്സിന്‍ ചലഞ്ച്! അത് പിന്നീട് സിപിഐ എമ്മും സംസ്ഥാന സര്‍ക്കാരും ഏറ്റെടുക്കുകയാണുണ്ടായത്. അതിന്‍റെ ഭാഗമായാണ് ജനാര്‍ദനന്‍ സമ്പാദ്യമാകെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതും. തന്‍റെ ഉപജീവന മാര്‍ഗമായ ആടിനെ വിറ്റ് പണം നല്‍കിയ കൊല്ലത്തെ സുബൈദ താത്തയും ലഘു സമ്പാദ്യങ്ങളാകെ ദുരിതാശ്വാസത്തിനായി എത്തിക്കുന്ന കുട്ടികളുമെല്ലാം കേരളത്തിന്‍റെ മാതൃകകളാണ്. കേരളത്തെ മുന്നോട്ടു നയിക്കുന്ന ഇടതുപക്ഷ മനസ്സിന്‍റെ പ്രതിഫലനം. അവിടെയാണ് മനോരമയ്ക്ക് ഈ ചലഞ്ച് ഏറ്റെടുക്കണമെന്ന് ആഹ്വാനംചെയ്യാന്‍ കഴിയാത്തതിനും സ്വന്തം നിലയില്‍ അതിന് തയ്യാറാകാത്തതിനുമുള്ള ഉത്തരം തേടേണ്ടത്. എന്തിന് കോവിഡിന്‍റെ ഒന്നാം തരംഗകാലത്ത് സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് ഒരുമാസത്തെ ശമ്പളം പിന്നീട് മടക്കി നല്‍കാമെന്ന വ്യവസ്ഥയില്‍ ഈടാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ മുഖപ്രസംഗമെഴുതിയ പാരമ്പര്യവും മനോരമയ്ക്കുണ്ട്. അന്ന് സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ ഹീന മനസ്സുകള്‍ക്കുള്ള മറുപടിയാണ് ജനാര്‍ദനനെന്നെങ്കിലുംകൂടി മനോരമ കാണണം!

26ന്‍റെ മാതൃഭൂമിയില്‍ ഒന്നാംപേജില്‍ "ആ രാഷ്ട്രീയ പാര്‍ടി ഏത്?" എന്നൊരു കിടു ചോദ്യം വായനക്കാരുടെ മുന്നിലേക്ക് വലിച്ചെറിയുന്നുണ്ട്. അതിനും രണ്ടുമൂന്ന് ദിവസം മുമ്പ് മനോരമയും ഒരു "ദേശീയ പാര്‍ടിക്കു"വേണ്ടി കര്‍ണാടകത്തില്‍നിന്ന് തിരഞ്ഞെടുപ്പ് ഫണ്ടിനായി എത്തിച്ച മൂന്നരക്കോടി രൂപയാണ് (ബ്ലാക്ക് മണി) തൃശ്ശൂര്‍ജില്ലയില്‍ അപകടത്തില്‍പെട്ട വാഹനത്തിലുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ വായിക്കുന്ന ഏതൊരു പൊട്ടനും ആ ദേശീയകക്ഷി" ബിജെപിയാണെന്ന് തിരിച്ചറിയാനാകും. എന്നാല്‍ സിപിഐ എമ്മും കൈരളി ചാനലും ദേശാഭിമാനി പത്രവുമല്ലാതെ ഈ സത്യം വിളിച്ചുപറയാന്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളൊന്നും തയ്യാറാകുന്നില്ലെന്നതാണ് ഇവിടെ നാം കാണേണ്ടത്. ഇടതുപക്ഷത്തെ നുണ പ്രചരണം നടത്തിപോലും വിമര്‍ശിക്കാന്‍ മടിക്കാത്ത മുഖ്യധാരക്കാര്‍ സംഘപരിവാറിന്‍റെ കാര്യത്തില്‍ പുലര്‍ത്തുന്ന മൗനമാണ് നാം കാണേണ്ടത്. പേടിയോ അതോ കൂട്ടുകച്ചവടമോ?•