മഹാമാരിയേയും അവസരമാക്കി മാറ്റുന്ന ശിങ്കിടി മുതലാളിത്തം

കെ എ വേണുഗോപാലന്‍

ന്ത്യന്‍ ഭരണഘടനയില്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള മൗലികാവകാശമായ ഇന്ത്യന്‍ പൗരന്‍റെ ജീവിക്കാനുള്ള അവകാശം കോവിഡ് മഹാമാരി ബാധിച്ച് നമ്മുടെ വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ കൂട്ടക്കുരുതിക്ക് ഇരയായിക്കൊണ്ടിരിക്കെ വളരെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ആരോഗ്യ സുരക്ഷ സംസ്ഥാനങ്ങളുടെ ചുമതലയിലാണ് എന്ന് പറഞ്ഞൊഴിയുകയാണ് കേന്ദ്രം ചെയ്യുന്നത്.നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നിങ്ങളുടെ ചുമതലയാണ് എന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞത്. ഈ പകര്‍ച്ചവ്യാധിയുടെ വ്യാപനം ദൈവനിശ്ചയം ആണെന്നും അതിനാല്‍ നമുക്ക് പരിമിതികളുണ്ടെന്നും കേന്ദ്ര ധനകാര്യ മന്ത്രിയും പറയുകയുണ്ടായി. ചുരുക്കിപ്പറഞ്ഞാല്‍ ഭരണഘടനയുടെ ഇരുപത്തൊന്നാം അനുഛേദപ്രകാരമുള്ള പൗരന്‍റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റിന് ബാധ്യതയില്ല എന്ന നിലപാടാണ് ബിജെപി പൊതുവില്‍ സ്വീകരിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാനമായ മൗലികാവകാശത്തെ തള്ളിപ്പറയുകയും സ്വരക്ഷയ്ക്കുവേണ്ടി സംസ്ഥാന പട്ടികയെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്ന ഇരട്ടത്താപ്പാണ് പ്രധാനമന്ത്രി അടക്കമുള്ളവര്‍ സ്വീകരിക്കുന്നത്.

ഇത് ആര്‍എസ്എസ് നിര്‍മിതമായ ബിജെപിയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. 1949 നവംബര്‍ 26 നാണ് ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടത്. അന്നുതന്നെ  ആര്‍എസ്എസ് അവരുടെ ഇംഗ്ലീഷ് മുഖപത്രമായ ഓര്‍ഗനൈസറിലൂടെ അവരുടെ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. 1949 നവംബര്‍ 30ന് ഓര്‍ഗനൈസറില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: "പൗരാണിക ഭാരതത്തില്‍ നിലവിലിരുന്ന അദ്വിതീയമായ ഭരണഘടനാപരമായ അഭിവൃദ്ധിയെ കുറിച്ച് നമ്മുടെ ഭരണഘടനയില്‍ പരാമര്‍ശിക്കുന്നതു പോലുമില്ല. സ്പാര്‍ട്ടയിലെ ലികര്‍ഗസിന്‍റെയും പേര്‍ഷ്യയിലെ സോളോണിന്‍റെയും വളരെ മുമ്പ് എഴുതപ്പെട്ടത് ആയിരുന്നു മനുവിന്‍റെ നിയമങ്ങള്‍. മനുസ്മൃതിയില്‍ എഴുതപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്‍റെ നിയമങ്ങള്‍ ഇക്കാലംവരെ ലോകത്തിന്‍റെയാകെ ആദരവ് ഉണര്‍ത്തുകയും ജനങ്ങളുടെ സ്വാഭാവികമായ അനുസരണവും യോജിപ്പും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ നമ്മുടെ ഭരണഘടനാ പണ്ഡിതന്മാര്‍ക്ക് ഇതൊന്നും വിലമതിക്കാന്‍ ആയില്ല. ആര്‍എസ്എസിന്‍റെ താത്ത്വികാചാര്യനായ സവര്‍ക്കര്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. "ഭാരതത്തിന്‍റെ പുതിയ ഭരണഘടനയുടെ ഏറ്റവും മോശപ്പെട്ട കാര്യം ഭാരതീയമായി അതില്‍ ഒന്നും തന്നെയില്ല എന്നതാണ്. പുരാതനകാലം മുതല്‍ തന്നെ നമ്മുടെ സാംസ്കാരികമായ ആചാരങ്ങളുടെ, ചിന്തയുടെ, പ്രയോഗത്തിന്‍റെ ഒക്കെ അടിസ്ഥാനമായ മനുസ്മൃതിയാണ് വേദങ്ങള്‍ കഴിഞ്ഞാല്‍ ഹിന്ദു രാഷ്ട്രത്തിന്‍റെ ഏറ്റവും ആരാധ്യമായ രേഖ. ഈ ഗ്രന്ഥമാണ് നൂറ്റാണ്ടുകളായി നമ്മുടെ രാഷ്ട്രത്തില്‍ നിലനിന്നിരുന്ന ആത്മീയവും ദൈവികവുമായ മുന്നോട്ടുപോക്കിനെ ചിട്ടപ്പെടുത്തി രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നും കോടിക്കണക്കിനുവരുന്ന ഹിന്ദുക്കള്‍ അവരുടെ ജീവിതത്തിലും പ്രയോഗത്തിലും പിന്തുടരുന്നത് മനുസ്മൃതി അടിസ്ഥാനപ്പെടുത്തിയുള്ള ചിട്ടവട്ടങ്ങളെയാണ്. ഇന്നത്തെ ഹിന്ദു നിയമം എന്നത് മനുസ്മൃതി ആണ്" എന്നാണ് സവര്‍ക്കര്‍ എഴുതിയത്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും മനുസ്മൃതി ആണ് ഞങ്ങളുടെ ഭരണഘടന എന്നും പറയാതെ പറയുകയാണ് വി ഡി സവര്‍ക്കര്‍ ചെയ്തത്. മഹാത്മാ ഗാന്ധിക്കുനേരെ  എതിര്‍ ഭാഗത്തു പാര്‍ലമെന്‍റിനകത്ത് സവര്‍ക്കറെ സ്ഥാപിച്ച നരേന്ദ്ര മോഡി ഈ നിലപാടിനെ പിന്തുടരുന്നയാളാണ് എന്നതില്‍ തര്‍ക്കമില്ല.

ഹിന്ദു നിയമം ഇന്നും മനുസ്മൃതിയാണ് എന്നു പറയുന്ന മോഡിയോട് ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുഛേദത്തെക്കുറിച്ചോ പൊതുജനാരോഗ്യ സംരക്ഷണത്തെക്കുറിച്ചോ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? എല്ലാ കാലത്തേക്കും പ്രസക്തമായ വിശിഷ്ട നിയമഗ്രന്ഥം എന്ന് പ്രഖ്യാപിക്കുന്ന മനുസ്മൃതിയില്‍ പൊതുജനാരോഗ്യത്തെക്കുറിച്ചോ ജീവിക്കാനുള്ള പൗരന്‍റെ മൗലികാ വകാശത്തെക്കുറിച്ചോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?

പന്ത്രണ്ട് അധ്യായങ്ങളുള്ള ഒരു ബൃഹത് ഗ്രന്ഥമാണ് മനുസ്മൃതി. അതില്‍ ഭരണാധികാരി എന്നാല്‍ രാജാവാണ്. ജനാധിപത്യത്തെക്കുറിച്ച് അതില്‍ യാതൊരു പരാമര്‍ശവുമില്ല. പൗരന്‍ എന്ന പദം പോലും പ്രയോഗിക്കപ്പെട്ടിട്ടില്ല. ഉള്ളത് നാലു വര്‍ണ്ണങ്ങളും അന്ത്യജരും മാത്രമാണ്. അവിടെ പൗരനില്ല, പ്രജ മാത്രമാണുള്ളത്. അതില്‍ അഞ്ചാം അധ്യായത്തിലാണ് ആരോഗ്യ പ്രശ്നം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ചോദ്യോത്തരത്തിന്‍റെ രീതിയിലാണ് മനുസ്മൃതി എഴുതപ്പെട്ടിട്ടുള്ളത്. ധര്‍മ്മ സംസ്ഥാപനത്തിനായി സര്‍വജ്ഞത്വാദി ധര്‍മ്മങ്ങളോടുകൂടി സര്‍വേശ്വരന്‍ തന്നെ ആവിര്‍ഭവിച്ചതാണ് സ്വയം ഭൂവമനു എന്നാണ് മനുസ്മൃതിയുടെ കര്‍ത്താവ് അവകാശപ്പെടുന്നത്.  അദ്ദേഹത്തിനോട് മഹാന്മാരായ ഋഷികള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് മനു ഉത്തരം നല്‍കുകയും ചെയ്യുന്നു. അഞ്ചാം അധ്യായത്തിലെ ആദ്യത്തെ ചോദ്യം 'ശാസ്ത്രോക്തമായ സ്വധര്‍മ്മം വഴിപോലെ അനുഷ്ഠിക്കുന്നവരും ശാസ്ത്രവേത്താക്കളുമായ വിപ്രന്മാര്‍ക്ക്, പ്രഭോ, മരണം ഏര്‍പ്പെടുന്നതെങ്ങനെ?" എന്നാണ്. ഉത്തരം ഇതാണ് 'വേദാഭ്യസനമില്ലായ്കകൊണ്ടും ആചാരവര്‍ജനം കൊണ്ടും കഴിവുണ്ടായിട്ടും കര്‍ത്തവ്യാനുഷ്ഠാനത്തില്‍ ഉത്സാഹമില്ലായ്കകൊണ്ടും ആഹാര ദോഷം കൊണ്ടും മൃത്യു വിപ്രന്മാരെ ഹനിക്കാന്‍ ആഗ്രഹിക്കുന്നു. ഈ വക ദോഷങ്ങള്‍ കൊണ്ട് അധര്‍മ്മം ഏര്‍പ്പെടുന്നതിനാല്‍ ആയുസിന് ക്ഷയം സംഭവിക്കുന്നു എന്നാണ് മറുപടി. പിന്നെ വിശദീകരിക്കുന്നത് വെളുത്തുള്ളി, സവാള , ചുവന്നുള്ളി, കൂണ്, മലിന സ്ഥലങ്ങളില്‍ ഉണ്ടായ സസ്യങ്ങള്‍ എന്നിവ ദ്വിജന്മാര്‍ കഴിക്കാതിരിക്കണം എന്നാണ്. എന്തൊക്കെയായാലും ബ്രാഹ്മണര്‍ മരിക്കുന്നതിന് കാരണം വേദം പഠിക്കാതിരിക്കുന്നതും ആചാരം വര്‍ജിക്കുന്നതുകൊണ്ടും കഴിവുണ്ടായിട്ടും കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കാതിരിക്കുന്നതുകൊണ്ടും ആഹാര ദോഷംകൊണ്ടും ആണ് എന്നാണ് മനുസ്മൃതി പറയുന്നത്. വേദാധ്യയനം പാടില്ലാത്ത, ആചാരങ്ങള്‍ ബാധകമല്ലാത്ത, കര്‍ത്തവ്യനിഷ്ഠ ബാധകമല്ലാത്ത അവര്‍ണന്‍ ഏതു സമയത്തും എങ്ങനെ വേണമെങ്കിലും മരണത്തിന് അര്‍ഹനാണ് എന്ന് ഇതില്‍നിന്നുവ്യക്തമാണ്. അവരുടെ ആരോഗ്യമോ ജീവനോ രക്ഷിക്കാന്‍ രാജാവിനോ ഭരണാധികാരികള്‍ക്കോ എന്തെങ്കിലും ബാധ്യത ഉള്ളതായി മനുസ്മൃതിയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ബ്രാഹ്മണന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് തുടര്‍ന്ന് വിശദീകരിച്ചിരിക്കുന്നത്. ബ്രാഹ്മണനും ക്ഷത്രിയനും ഒക്കെ മരിച്ചാല്‍ അനുഷ്ഠിക്കേണ്ട ആചാരങ്ങളെ കുറിച്ചും ശുദ്ധാശുദ്ധങ്ങളെ കുറിച്ചും ഒക്കെ  വിശദമായി മനുസ്മൃതിയില്‍ പറയുന്നുണ്ട്. അവര്‍ണരുടെ ഭക്ഷണം അവിടെയും ചര്‍ച്ചാ വിഷയമല്ല.

ഭരണകാര്യത്തില്‍ ചാതുര്‍വര്‍ണ്യ കാലത്തെ മനുസ്മൃതി മാതൃകയാക്കുകയും എന്നാല്‍ ആധുനിക കാലത്തെ മൂലധനശക്തികള്‍ക്ക് നേട്ടം കൊയ്യാന്‍ ആവശ്യമായ എന്തും ചെയ്യുകയും ചെയ്യുന്ന ഒരു വിചിത്ര ജന്മമാണ് ബിജെപി. അതുകൊണ്ടാണ് മഹാമാരിക്കാലത്ത് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം ഇരട്ടിയിലധികം ആയി വര്‍ദ്ധിച്ചത്. ഒരു ദിവസം 2 ഡോളറില്‍ കുറഞ്ഞ വരുമാനം ഉള്ളവരുടെ എണ്ണം 6 കോടിയില്‍നിന്ന് 13.4 കോടി ആയാണ് വര്‍ധിച്ചത്. ഇതിനൊരു മറുഭാഗം കൂടിയുണ്ട്. കോവിഡ് വ്യാപനത്തെ ചെറുക്കാനായി 2020 മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുകള്‍ത്തട്ടിലുള്ള 100 ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ 12.98 ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 35 ശതമാനമാണ് ഈ വര്‍ദ്ധനവ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് ഉണ്ടാക്കിയത് ബി.ജെ.പിക്കാരുടെ പ്രിയങ്കരനായ ഗൗതം അദാനിയാണ്.

 കൊവാക്സിനും കോവിഷീല്‍ഡും ഉല്പാദിപ്പിക്കുന്നത് സ്വകാര്യ കമ്പനികളാണ്. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിക്കൂട്ടുന്നത് ഇക്കൂട്ടരായിരിക്കും. തിരഞ്ഞെടുപ്പു ബോണ്ടായി ബിജെപിക്കും നല്ല തുക കിട്ടും. ശിങ്കിടി മുതലാളിത്തം മഹാമാരിയേയും അവസരമാക്കി മാറ്റുകയാണ്. •