മന്‍ കീ ബാത്ത് അല്ല വേണ്ടത്, കാം കീ ബാത്ത്

കെ പി ജയേന്ദ്രന്‍

പ്രില്‍ 16ന് രാത്രി എട്ടുമണിക്ക്  ലക്നൗ സ്വദേശിയും ഫ്രീ ലാന്‍ഡ് ജേര്‍ണലിസ്റ്റും ആയ വിനയ് ശ്രീവാസ്തവ, കോവിഡ് ബാധിതനായ തന്‍റെ ഓക്സിജന്‍ ലെവല്‍ അപകടകരമാം വിധത്തില്‍ താഴ്ന്ന് 52 ല്‍ എത്തിയിരിക്കുകയാണ് എന്നും ലക്നോവിലെ ഒരു ആശുപത്രിയും ഫോണ്‍കോളുകളോട് പ്രതികരിക്കുന്നില്ല എന്നും ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് വൈറല്‍ ആവുകയും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയരുകയും ചെയ്തപ്പോള്‍ പിറ്റേന്ന് ഉച്ചകഴിഞ്ഞ് ഏതാണ്ട് മൂന്നുമണിയോടെ  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ  മാധ്യമ ഉപദേഷ്ടാവ്, അദ്ദേഹത്തിന്‍റെ മുഴുവന്‍ വിവരങ്ങളും അറിയിക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും അദ്ദേഹത്തിന്‍റെ ഓക്സിജന്‍ ലെവല്‍  31 ലേക്ക് എത്തിയിരുന്നു. ഏതാണ്ട് 4 മണിയോടെ അദ്ദേഹത്തിന്‍റെ പുത്രന്‍ ഹര്‍ഷിത് ശ്രീവാസ്തവ തന്‍റെ പിതാവിന്‍റെ മരണം അറിയിച്ചു കൊണ്ടും, മൃതശരീരം കൊണ്ടുപോകാന്‍ ആവശ്യമായ ആംബുലന്‍സിന് കാത്തിരിക്കുകയാണെന്ന് കാണിച്ചു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ സന്ദേശമയച്ചു. സാമാന്യേന നല്ല സാമ്പത്തിക ഭദ്രതയും സ്വാധീനവുമുള്ള ഒരാളുടെ പോലും അവസ്ഥ ഇന്ത്യാ രാജ്യത്ത് ഇതാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തമായ ഓണ്‍ലൈന്‍ പോര്‍ട്ടലായ ക്വാര്‍ട്സ് മീഡിയയുടെ ഇന്ത്യന്‍ എഡിഷന്‍ ആയ ക്വാര്‍ട്സ് ഇന്ത്യ, കേന്ദ്ര ഗവണ്‍മെന്‍റ് കോവിഡ് പ്രതിരോധത്തില്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയേയും അലംഭാവത്തേയും നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കുന്നു.

ശ്രീവാസ്തവയുടെ വീട്ടില്‍നിന്നും കേവലം ഏഴു കിലോമീറ്റര്‍ ദൂരം മാത്രമാണ് ശ്യാമപ്രസാദ് മുഖര്‍ജി സിവില്‍ ഹോസ്പിറ്റലിലേക്കുള്ളത്. ജില്ലാ ആശുപത്രിയാണ് അത്. കോവിഡ് ഇന്ത്യയില്‍ പടര്‍ന്നു പിടിക്കവെ രാജ്യത്തെ 150 പ്രധാന ജില്ലാ ആസ്പത്രികളില്‍ തുടങ്ങാന്‍ പദ്ധതിയിട്ടതും 8 മാസം കഴിഞ്ഞ് ഒക്ടോബറില്‍ മാത്രം ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതുമായ ഓക്സിജന്‍ ജനറേഷന്‍ പ്ലാന്‍റുകളില്‍ ഒന്ന് ഈ ആശുപത്രിയിലാണ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ടെന്‍ഡര്‍ ക്ഷണിച്ച് ആറുമാസം കഴിഞ്ഞിട്ടും എവിടെയുമെത്താതെ നില്‍ക്കുകയാണ് മറ്റു മഹാഭൂരിപക്ഷം പ്ലാന്‍റുകളുമെന്നപോലെ ഇവിടുത്തെ ഓക്സിജന്‍ പ്ലാന്‍റും.

ഈ  പ്ലാന്‍റുകളില്‍ ഒന്ന് ലഭിച്ച ജില്ലാ ആശുപത്രിയാണ് ഗുജറാത്തിലെ നവസാരിയിലെ എംജിജി ജനറല്‍ ഹോസ്പിറ്റല്‍. 175 കിടക്കകളുള്ള ഒരു ആശുപത്രിയാണിത്.  നവസാരി ജില്ലയില്‍ ആകെ 500 ല്‍ താഴെ കോവിഡ് രോഗികളേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അവിടത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കഴിഞ്ഞ ആഴ്ച അഞ്ചു പേര്‍ മരിച്ചു. ഇവിടേക്ക് അനുവദിച്ച ഓക്സിജന്‍ പ്ലാന്‍റ് പൂര്‍ത്തിയാക്കി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു. മാത്രമല്ല ഗുജറാത്തില്‍ ഏറ്റവും അധികം കോവിഡ് രോഗികള്‍ ഉള്ള നഗരമായ സൂറത്തില്‍ നിന്ന് ഇവിടേയ്ക്ക് അര മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താം. എന്നാല്‍ സൂറത്തിലെ വിവിധ ആശുപത്രികളില്‍ നിന്നും വിളി വരുമ്പോള്‍ രോഗികളെ അയക്കേണ്ട എന്നു പറയേണ്ടി വരികയാണ് ഈ ആശുപത്രി അധികൃതര്‍ക്ക്.

ഓര്‍ക്കണം, 2020 മാര്‍ച്ച് 14ന് കോവിഡിനെ ഒരു ദേശീയദുരന്തമായി പ്രഖ്യാപിച്ച രാജ്യമാണ് നമ്മുടേത്.  കടുത്ത കോവിഡ് ബാധിതന് ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും അത്യന്താപേക്ഷിതം ഓക്സിജനാണ്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചതാണ് 150 ജില്ലാ ആശുപത്രികളോടു ചേര്‍ന്നുള്ള പ്രഷര്‍ സ്വിംഗ് അഡ്സോര്‍പ്ഷന്‍ പ്ലാന്‍റുകള്‍. അന്തരീക്ഷവായുവില്‍ നിന്ന് ഓക്സിജന്‍ മാത്രം വേര്‍തിരിച്ചെടുത്ത് രോഗികളുടെ കട്ടിലിന് സമീപം വരെ കുഴലുകള്‍ വഴി ഓക്സിജന്‍ എത്തിക്കുന്ന പദ്ധതിയാണിത്. ആദ്യം 150 എണ്ണത്തിന് ആയിരുന്നു അനുമതി എങ്കിലും പിന്നീട് പന്ത്രണ്ട് എണ്ണം കൂടി വര്‍ധിപ്പിച്ച് 162 ആക്കി. ഇതില്‍ 14 എണ്ണം യുപി ക്കും 10 എണ്ണം മഹാരാഷ്ട്രയ്ക്കും 8 എണ്ണം ഡല്‍ഹിക്കും ആണ് അനുവദിച്ചത്.  കേരളത്തിന് അനുവദിച്ചത് 5 എണ്ണം മാത്രം. ഈ 162 പ്ലാന്‍റുകള്‍ക്കും കൂടി ആകെ ചെലവ് വെറും 251.58 കോടി രൂപ മാത്രം. പ്രധാനമന്ത്രിയുടെ കെയര്‍ കോര്‍പ്പസ് ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കാന്‍ തീരുമാനിച്ചിരുന്നത്. ഈ 200 കോടി നല്‍കുവാനാണ് 8 മാസം സമയം എടുത്തത്. കോവിഡിനെ ഫലപ്രദമായി നേരിടാനുള്ള ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ ആവശ്യമായ സമയം ലഭിക്കുവാനായി 2020 മാര്‍ച്ച് 24 മുതല്‍ 120 കോടിയിലേറെ ജനങ്ങളെ ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ ലോക്ക്ഡൗണില്‍ അടച്ചിട്ട രാജ്യമാണ് നമ്മുടേത് എന്നുകൂടി ഓര്‍ക്കണം. എന്നിട്ടാണ് വെറും 200 കോടി രൂപ ചെലവു വരുന്ന പദ്ധതിക്ക് ടെന്‍ഡര്‍ വിളിക്കാന്‍ മാത്രം 8 മാസം എടുത്തത്. 56 ഇഞ്ച് നെഞ്ചളവുള്ളവരുടെ കാര്യക്ഷമത നോക്കൂ. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള സ്വാശ്രയ സ്ഥാപനമായ സെന്‍ട്രല്‍ മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി ആണ് ടെന്‍ഡര്‍ വിളിച്ചത്.  ഒക്ടോബറില്‍ ടെന്‍ഡര്‍ വിളിച്ച് പണി തുടങ്ങിയതിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏപ്രില്‍ ആദ്യവാരം പറഞ്ഞതു പ്രകാരം ആണെങ്കില്‍ 33 എണ്ണമാണ് പൂര്‍ത്തിയായത്. ഇത് ഏപ്രില്‍ അവസാനത്തോടെ 59 എണ്ണം ആവും. മെയ് അവസാനമാകുമ്പോഴേക്കും 80 എണ്ണം പൂര്‍ത്തിയാകുമത്രെ. എന്നുവെച്ചാല്‍ 162 ന്‍റെ ഏതാണ്ട് പകുതി എണ്ണം. എങ്ങനെയുണ്ട് ശുഷ്കാന്തി? കാലതാമസത്തെപ്പറ്റി ചോദിക്കുമ്പോള്‍ പണി ഏറ്റെടുത്ത പ്രധാനപ്പെട്ട മൂന്നു കമ്പനികളായ ഉത്തം എയര്‍ പ്രോഡക്ട്സ്, എയറോക്സ് ടെക്നോളജീസ്, അബ്സ്റ്റെം ടെക്നോളജീസ് എന്നിവരും ഹോസ്പിറ്റല്‍ അധികൃതരും അന്യോന്യം  പഴിചാരുകയാണ് ചെയ്യുന്നത്.

രാജ്യം വാസ്തവത്തില്‍ പ്രാണവായുവി നായി പിടയുകയാണ്. രാജ്യതലസ്ഥാനത്ത് തന്നെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളില്‍ ഓക്സിജന്‍ ഇല്ലാതെ രോഗികള്‍ നിത്യേന ശ്വാസംമുട്ടി മരിക്കുന്നു. ദില്ലിയിലെ ഗംഗാറാം ഹോസ്പിറ്റലില്‍ ഏപ്രില്‍ 23ന് മാത്രം 25 പേര്‍ പ്രാണവായു കിട്ടാതെ മരിച്ചു.60 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആയി. ഗോള്‍ഡന്‍ ഹോസ്പിറ്റലില്‍ ഇരുപത്തിനാലാം തീയതി 20 പേര്‍ മരിച്ചു. 200 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന രാജ്യതലസ്ഥാനത്ത് ഇതാണ് അവസ്ഥയെങ്കില്‍ ഇത്രയധികം ആസ്പത്രികളോ ആരോഗ്യ സംവിധാനങ്ങളോ ഒന്നും ഇല്ലാത്ത ഇടങ്ങളില്‍ അവസ്ഥ എന്തായിരിക്കും? യുപിയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും എല്ലാം പ്രാണവായു ലഭിക്കാതെ രോഗികള്‍ നിത്യേന പിടഞ്ഞു മരിക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. മൈതാനങ്ങള്‍ എല്ലാം ശ്മശാനങ്ങള്‍ ആകുന്ന ഡ്രോണ്‍ കാഴ്ചകള്‍ കൊണ്ട് നിറയുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍. വാസ്തവത്തില്‍ ഇന്ത്യയുടെ ആവശ്യത്തിനു തീരെ മതിയാവില്ല എങ്കിലും പ്രഖ്യാപിച്ച 162 ഓക്സിജന്‍ പ്ലാന്‍റുകള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നുവെങ്കില്‍ ഈ കോവിഡ് രണ്ടാം തരംഗത്തില്‍ ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ട നിരവധി പേരെ രക്ഷിച്ചെടുക്കാന്‍ കഴിയുമായിരുന്നു.

പിഎം കെയര്‍ ഫണ്ടില്‍ ആദ്യ മൂന്നു ദിവസങ്ങള്‍ കൊണ്ട് 3000 കോടി രൂപയാണത്രെ സമാഹരിക്കപ്പെട്ടത്. പതിനായിരക്കണക്കിന് കോടി രൂപ ഇതിനോടകം തന്നെ ശേഖരിക്കപ്പെട്ടു കഴിഞ്ഞെന്ന് അനുമാനിക്കപ്പെടുന്ന ഈ ഫണ്ടില്‍ നിന്ന് കേവലം 201.58 കോടി രൂപ എടുത്തു ചെലവഴിച്ച് ,പ്രഖ്യാപിച്ച 162 പ്ലാന്‍റുകളും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരാണ് രാജ്യം ഭരിക്കുന്നത്. എന്നാല്‍ നമ്മുടെ ടിവി ചാനലുകളുടെ പ്രൈംടൈം ചര്‍ച്ചകളില്‍ ചെന്നിരുന്ന് കേന്ദ്ര ഗവണ്‍മെന്‍റിനെ നിര്‍ലജ്ജം ന്യായീകരിക്കുകയാണ് ബിജെപിയുടെ നേതാക്കള്‍. കേരളത്തില്‍ ഓക്സിജന്‍ ക്ഷാമമില്ലാത്തത് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 162 പ്ലാന്‍റുകളില്‍ കേരളത്തിന് ലഭിച്ച അഞ്ച് എണ്ണത്തില്‍ നിന്നുള്ള ഓക്സിജന്‍ ഉല്‍പ്പാദനം കാരണമാണെന്ന് ഒരു ഉളുപ്പുമില്ലാതെ തട്ടിവിടുകയാണവര്‍. 

വസ്തുത എന്താണെന്ന് രാജ്യം കാണുന്നുണ്ട്. സോളിസിറ്റര്‍ ജനറലിനുപോലും കോടതിയില്‍ കേരളം ഓക്സിജന്‍ ഉല്‍പ്പാദന രംഗത്ത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കൈവരിച്ച നേട്ടങ്ങളെ മുക്തകണ്ഠം പ്രശംസിക്കേണ്ടി വന്നു. രണ്ടു വര്‍ഷത്തിനു മുമ്പുവരെ സംസ്ഥാനത്തിന്‍റെ ഓക്സിജന്‍ ആവശ്യങ്ങള്‍ക്കായി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുകയായിരുന്നു കേരളം. കേരള ആരോഗ്യ വകുപ്പും പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനും (ജഋടഛ)ചേര്‍ന്ന് സമയബന്ധിതമായി ആവിഷ്കരിച്ച് പൂര്‍ത്തിയാക്കിയ പദ്ധതികള്‍ വഴി മെഡിക്കല്‍ ആവശ്യത്തിനടക്കമുള്ള ഓക്സിജന്‍ ലഭ്യതയില്‍ മിച്ച സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ആവശ്യമുള്ളത്ര പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനത്തിന് ആയിരിക്കുന്നു. 2019ല്‍ പാലക്കാട്ട് സ്ഥാപിച്ച ഇനോക്സ് എയര്‍ പ്രോഡക്ട്സ് എന്ന സ്വകാര്യ കമ്പനി ദിവസേന ഉല്‍പാദിപ്പിക്കുന്ന 147 ടണ്‍ ലിക്വിഡ് ഓക്സിജന്‍ ഇന്ന് കേരളത്തിനു ലഭ്യമാണ്. പൊതുമേഖലാ സ്ഥാപനമായ കെ എം എം എല്ലില്‍ കഴിഞ്ഞ സെപ്തംബറില്‍ ഏഴു ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ പ്രതിദിനം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു പുതിയ പ്ലാന്‍റ് കേരള സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്നു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ പ്രതിദിനം ഉല്പാദിപ്പിക്കുന്ന 0.322 ടണ്‍ ഓക്സിജനും, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഉല്‍പ്പാദിപ്പിക്കുന്ന 5.45 ടണ്‍ ഓക്സിജനും, അതോടൊപ്പം 11 എയര്‍ സെപ്പറേഷന്‍ യൂണിറ്റുകള്‍ വഴി പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്ന 44 ടണ്‍ ഓക്സിജനും ചേര്‍ന്ന് ആകെ 204 ടണ്‍ ഓക്സിജന്‍ പ്രതിദിനം ഉല്‍പ്പാദിപ്പിക്കാന്‍ കേരളത്തിന് കഴിയുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്‍റ് തന്ന അഞ്ചു പ്രഷര്‍ സ്വിങ് അഡ്സോര്‍പ്ഷന്‍ യൂണിറ്റുകളില്‍ 3എണ്ണം ഇതിനോടകം കോട്ടയം,തൃശൂര്‍, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇവ കൂടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടും. കേരളത്തിന് ഈ മാസം ഏപ്രില്‍ 25ന്‍റെ കണക്കനുസരിച്ച് 98.6 ടണ്‍ ഓക്സിജനേ പ്രതിദിനം ആവശ്യമുള്ളൂ. കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്‍റുകളുടെ യോജിച്ച പ്രവര്‍ത്തനം വഴി കേരളത്തിന് ആവശ്യമായ ഓക്സിജന്‍ ചുരുങ്ങിയ കാലംകൊണ്ട് ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് നമ്മള്‍ക്ക് പ്രാണവായുവിനുവേണ്ടി നെട്ടോട്ടമോടേണ്ടി വരാതിരുന്നത്. 

നമ്മുടെ ആവശ്യം കഴിഞ്ഞ് 74 ടണ്‍ തമിഴ്നാടിനും 30 ടണ്‍ കര്‍ണാടകയ്ക്കും പ്രതിദിനം നല്‍കുവാന്‍ കേരളത്തിന് ഇന്ന് ആവുന്നു എന്നത് ഈ കോവിഡ് കാലത്ത് നിസ്സാരകാര്യമല്ല. ഒരിക്കല്‍ റോഡില്‍ കുറുകെ മണ്ണിട്ട് കേരളത്തില്‍ നിന്നും ചികിത്സ തേടിയെത്തുന്നവരെ അതിര്‍ത്തിയില്‍ തടഞ്ഞ യദ്യൂരപ്പയുടെ കര്‍ണാടകയ്ക്ക്  ഉള്ള പ്രാണവായു അതേ റോഡുവഴി കൊണ്ടുപോകുന്നതിനുള്ള ചരിത്രനിയോഗം കേരളത്തിനു സിദ്ധിച്ചത് പ്രകൃതിയുടെ ഒരു കാവ്യനീതി കൂടിയാണ് എന്ന് ഈ വേളയില്‍ നാം അഭിമാനത്തോടെ തിരിച്ചറിയുകയാണ്. കേന്ദ്ര ഗവണ്‍മെന്‍റ് അനുവദിച്ചതും പൂര്‍ത്തീകരിച്ച് പ്രവൃത്തി തുടങ്ങാത്ത തുമായ 5 പ്ലാന്‍റുകളാണ് കേരളം ഓക്സിജന്‍ മിച്ച സംസ്ഥാനമായി മാറാനുള്ള കാരണമെന്ന് വിടുവായത്തം പറഞ്ഞ് നാട്ടുകാരെ പറ്റിക്കാന്‍ നടക്കുന്ന സംഘികള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ എത്ര വ്യത്യസ്ത സമീപനങ്ങളാണ് ജനങ്ങളോട് സ്വീകരിച്ചത് എന്ന് ജനങ്ങള്‍ സ്വാനുഭവങ്ങളിലൂടെ ഇന്ന് തിരിച്ചറിയുന്നുണ്ട് കൂടി മനസ്സിലാക്കുന്നത് നല്ലതാണ്. •