രാജകുമാരി അഥവാ അനാഥശവം

അനില്‍കുമാര്‍ എ വി

ല്ലാ സംസ്ഥാനങ്ങളിലും   ബിജെപിയെ അധികാരത്തിലേറ്റുക, അല്ലെങ്കില്‍ മരണം സ്വീകരിക്കുക എന്നതാണ് കേന്ദ്ര ഗവണ്‍മെന്‍റ് ജനങ്ങള്‍ക്കു മുന്നില്‍ അടിച്ചേല്‍പ്പിക്കുന്ന നയം. ഭരണത്തില്‍നിന്ന് തങ്ങളെ അകറ്റിനിര്‍ത്തിയ സംസ്ഥാനങ്ങളെ കോവിഡ് രണ്ടാം തരംഗത്തിലും ഞെരിച്ചുകൊന്ന് പ്രതികാരംചെയ്യുകയാണ് ബിജെപി. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന കെടുതികള്‍ക്കെല്ലാം ഉത്തരവാദി അതത് സംസ്ഥാന ഭരണങ്ങളാണെന്ന് പലമട്ടില്‍ പ്രചരിപ്പിക്കുകയുമാണ് അവര്‍. അങ്ങനെ കമ്പോള നിയമങ്ങള്‍ മാത്രം പിന്തുടരുന്ന  ഇന്ത്യന്‍ ഭരണവര്‍ഗത്തിന്‍റെ  വെല്ലുവിളികള്‍ അതിരുവിടുകയാണ്. രാജ്യത്തിന്‍റെ  ഫെഡറല്‍ സംവിധാനം  തകര്‍ത്ത് കാവിപ്പടയുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് മോഡിയും പരിവാരങ്ങളും. ഓക്സിജനില്ലാതെ പതിനായിരങ്ങള്‍ പിടഞ്ഞുവീണാലും മനുഷ്യനിര്‍മിതമായ ആ ദുരന്തത്തെയും ആത്മീയമായി ന്യായീകരിക്കുന്ന തൊലിക്കട്ടി അപാരവുമാണ്. ദരിദ്രരായ കോടിക്കണക്കിന് പൗരര്‍ ശ്വാസം ലഭിക്കാതെ വീര്‍പ്പുമുട്ടുന്ന രാജ്യത്ത് പഞ്ചനക്ഷത്ര സൗകര്യങ്ങളുടെ സിംഹാസനത്തിലിരുന്ന് വീണവായിക്കുന്ന അഭിനവ നീറോ ചക്രവര്‍ത്തിയാണ് മോഡി. പാത്രം കൊട്ടലും ഗോമൂത്ര പാനവും ചാണകം പുരട്ടലും കഴിഞ്ഞപ്പോള്‍ പുതിയ ഒറ്റമൂലിയുമായാണ് കേന്ദ്ര രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തിയത്. കോവിഡ് മാറാന്‍ രാമചരിതമാനസത്തിലെ ശ്ലോകങ്ങള്‍ ഉരുവിട്ടാല്‍ മാത്രം മതിയെന്നാണ് ഉത്തര്‍ പ്രദേശിലെ ദരിദ്രരോടുള്ള രാജ്നാഥിന്‍റെ ഉപദേശം. രാമനവമി ചടങ്ങിനോടനുബന്ധിച്ചു നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ആ 'സിദ്ധൗഷധം' അവതരിപ്പിച്ചത്.

കള്ളങ്ങളുടെയും വ്യാജപ്രചാരണങ്ങളുടെയും ആത്മീയാചാര്യനാണ് ഉത്തര്‍പ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആശുപത്രികള്‍ ശ്മശാനങ്ങളാവുമ്പോള്‍ പെരുംകള്ളങ്ങള്‍ക്കൊപ്പം ഭീഷണിയും എടുത്തു ചുഴറ്റുകയാണ് അദ്ദേഹം. യുപിയില്‍ ഓക്സിജന്‍ ക്ഷാമമേയില്ലെന്ന് വീമ്പിളക്കുകയുമാണ് ആദിത്യനാഥ്. വസ്തുതകള്‍ ചൂണ്ടിക്കാണിച്ചാല്‍  ആ ആശുപത്രിക്കെതിരെ കേസെടുക്കുമെന്നും യോഗി മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി. മീററ്റിലും ആഗ്രയിലും മഥുരയിലും ഗാസിയാബാദിലും ഓക്സിജനില്ലാതെ നിരവധി രോഗികളെ മരണം റാഞ്ചുകയാണ്. അവരുടെ ഉറ്റബന്ധുക്കളും ആശുപത്രി അധികൃതരും പൊതുപ്രവര്‍ത്തകരും വിശ്രമമില്ലാതെ ഓടിനടക്കുന്നതും പതിവു കാഴ്ച. മീററ്റില്‍ നിരവധി രോഗികള്‍ ഓക്സിജന്‍റെ അഭാവത്തില്‍ പുഴുക്കളെപ്പോലെ മരിച്ചുവീണു. പല മേഖലകളിലും ശവസംസ്കാരത്തിനു ദിവസങ്ങള്‍  കാത്തുകെട്ടി നില്‍ക്കേണ്ടിയും വരുന്നു. ഉത്തരപ്രദേശില്‍ വാര്‍ത്ത ശേഖരിക്കാനെത്തി വസ്തുതകള്‍ മറച്ചുവെക്കുന്ന മാധ്യമപ്രവര്‍ത്തകരോട് കോവിഡ് രോഗിയുടെ ബന്ധുക്കള്‍ പൊട്ടിത്തെറിക്കുകയാണ്. അവര്‍ പറയുന്ന യഥാര്‍ത്ഥ്യങ്ങള്‍ കരളലിയിക്കുന്നവയാണ്."മാധ്യമപ്രവര്‍ത്തകരേ നിങ്ങളില്‍ വിശ്വാസം തീരെ ഇല്ലാതായി. എല്ലായിപ്പോഴും മോഡി, യോഗി എന്നിങ്ങനെ മാത്രം പുലമ്പുന്നു. സത്യം നിങ്ങള്‍ വിളിച്ചുപറയുന്നേയില്ല. എന്‍റെ യുവാവായ മകന്‍ മരിച്ചു. ഞാനും എപ്പോള്‍ വേണമെങ്കിലും മരിക്കാം. നിങ്ങളെക്കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അങ്ങനെയുള്ളവരോട് ഒന്നും പറയാനില്ല. രാജ്യസ്നേഹം എന്നാല്‍ എന്താണ്?" എന്നിങ്ങനെയാണ് ഒരച്ഛന്‍ പ്രതികരിച്ചത്.

പശുക്കള്‍ക്ക്ആംബുലന്‍സ് സൗകര്യമുള്ള ഉത്തര്‍പ്രദേശില്‍ അമര്‍പുരി ഗ്രാമത്തിലെ തിലക് ധാരി സിങ് എന്ന വയോധികന്‍, കോവിഡ് ബാധിച്ചു മരിച്ച ഭാര്യയുടെ ജഡം സൈക്കിളില്‍ ചുമന്ന് ഒറ്റയ്ക്ക് അലയുകയായിരുന്നു. ആ പഴഞ്ചന്‍ ഇരുചക്ര വാഹനത്തില്‍നിന്നു വീണ രാജകുമാരിദേവിയുടെ മൃതശരീരത്തിനരികില്‍ അയാള്‍ കുത്തിയിരിക്കുന്ന കാഴ്ച ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടമാവുകയാണ്. ശവപ്പറമ്പായി മാറുന്ന രാജ്യത്തിന്‍റെ നേര്‍ക്കാഴ്ച. രാജ്കുമാരിയുടെ ജഡവുമായി അയാള്‍ സൈക്കിളില്‍ ശ്മശാനങ്ങള്‍ കയറിയിറങ്ങി, ആംബുലന്‍സില്‍ കയറ്റിയില്ല; അയാളെ ജനങ്ങളും ശ്മശാന അധികൃതരും ആട്ടിപ്പായിക്കുക കൂടി ചെയ്തു. അപ്പോഴും ഭരണാധികാരികള്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞു രസിക്കുകയും ആളുകളെ പറ്റിക്കുകയുമാണ്. ആ ദരിദ്ര സ്ത്രീയുടെ ശവം  അനാഥമായി കിടന്ന ഉത്തര്‍പ്രദേശില്‍ ഇന്ത്യക്കാരുടെ ജീവല്‍പ്രശ്നങ്ങള്‍ക്കെല്ലാമുള്ള പ്രതിവിധിയായി രാമക്ഷേത്ര നിര്‍മാണമായിരുന്നു അവരുടെ പ്രധാന വാഗ്ദാനം. അനിവാര്യമായ അജണ്ട ആ ക്ഷേത്രമാണെന്ന് വിശ്വസിപ്പിച്ച്  ശിലാന്യാസം നടത്തുകയും ചെയ്തു. എന്നാല്‍ ക്ഷേത്രത്തില്‍ തൊഴാന്‍ പോകേണ്ട വിശ്വാസികള്‍ ബാക്കിയാവുമോ എന്നത് സംശയമാണ്. അലിഗഡിനടുത്ത് കോവിഡ് ബാധിച്ചു മരിച്ച സഞ്ജയ് കുമാറിന്‍റെ  മൃതദേഹം നാലു പെണ്‍ മക്കള്‍ തോളിലേറ്റിയാണ് കൊണ്ടുപോയത്. ആ രംഗം കണ്ടുനിന്നവരാരും അടുക്കാന്‍ തയ്യാറായില്ല. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ പ്രകാരം ജഡം രണ്ടു മൂന്നു ലെയറുകളുള്ള പ്ലാസ്റ്റിക് കവചം കൊണ്ട് ചുറ്റിക്കെട്ടി, പ്രത്യേകം പരിശീലനമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ദഹിപ്പിക്കേണ്ടത്. അല്ലെങ്കില്‍ പത്തടി ആഴമുള്ള കുഴിയില്‍ അടക്കണം. അവിടെ ആ പെണ്‍കുട്ടികള്‍ മാസ്ക് പോലും ധരിച്ചിട്ടില്ല. ഇന്ത്യ എത്തിക്കൊണ്ടിരിക്കുന്ന അപകടത്തിന്‍റെ ആഴം തെളിയിക്കുന്ന കാഴ്ചയാണത്.

ആ  വാര്‍ത്ത പുറംലോകമറിയാതിരിക്കാന്‍ വടക്കേ ഇന്ത്യന്‍ കാവി മാധ്യമങ്ങള്‍ ആവതു ശ്രമിക്കുകയുണ്ടായി.

സംഘപരിവാരത്തിന്‍റെ 'രാജ്യസ്നേഹ'വും  മനുഷ്യവിരുദ്ധതയും തെളിയിക്കുകയാണ് കോവിഡ് രണ്ടാം തരംഗമെന്ന സുനാമി. സുപ്രീംകോടതി വ്യക്തമായി നിരീക്ഷിച്ചിട്ടും രണ്ട് സ്വകാര്യ മരുന്നു കുത്തകകളെ നിയന്ത്രിക്കാന്‍ തയ്യാറില്ലെന്നു വന്നാല്‍ സ്ഥിതി എത്ര ഭയാനകമായിരിക്കുന്നു. ഇരു കമ്പനികള്‍ക്കും വാക്സിന്‍ നിര്‍മാണത്തിന്  4500 കോടിയുടെ സഹായം കേന്ദ്രത്തില്‍നിന്നുണ്ടായി. അപ്പോഴും വെല്ലുവിളി തുടരുകയാണ്. തിമിര്‍ത്താടുന്ന മഹാമാരിയുടെയും സര്‍വതന്ത്ര സ്വതന്ത്രമായ വിപണിയുടെയും 'വിധി'ക്ക് ദരിദ്ര ജനകോടികളെ എറിഞ്ഞു കൊടുക്കുകയാണ് മോഡി സര്‍ക്കാര്‍. തങ്ങളുടെ ഉറ്റമിത്രങ്ങളായ കോര്‍പ്പറേറ്റുകളുടെ ലാഭേച്ഛയ്ക്ക് പ്രതിരോധ കുത്തിവെപ്പ് വിതരണം അടിയറവെച്ച് പട്ടിണിപ്പാവങ്ങളുടെ ജീവന്‍കൊണ്ട് കളിക്കുകയാണ് ഹിന്ദുത്വ രാഷ്ട്രീയം.  കഴിഞ്ഞ ആറു വര്‍ഷങ്ങളിലെ ബജറ്റുകളിലൂടെയും കുറുക്കുവഴികളിലൂടെയും കോടിക്കണക്കിന് കോടികള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കാണിക്ക വെച്ചവരാണ് സൗജന്യവാക്സിനേഷന് കാശില്ലെന്ന ന്യായംനിരത്തി കൊടും കൊള്ളയ്ക്ക് സൗകര്യമൊരുക്കുന്നത്. കുത്തകകളുടെ വായ്പകള്‍ കിട്ടാക്കടമാക്കി ലക്ഷക്കണക്കിന് കോടികളാണ് എഴുതിത്തള്ളിയതും. 2020ല്‍ മാത്രം ഇന്ധന വില വര്‍ധനവിലൂടെ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ മാത്രം 2.5 ലക്ഷം കോടി രൂപയാണ് അധിക നികുതിയായി മോഡി ഊറ്റിയെടുത്തത്.  

എന്നാല്‍ കേരള മന്ത്രിസഭ ഒരു കോടി വാക്സിന്‍ വാങ്ങാന്‍ തീരുമാനമെടുക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇച്ഛാശക്തി ഇവിടെയാണ് അനുകരണീയമാകുന്നത്. അന്താരാഷ്ട്ര പ്രശസ്തനായ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യ തനിക്കു കിട്ടിയ സന്ദേശത്തെ പറ്റി കൗതുകത്തോടെ പങ്കുവെച്ചത് ശ്രദ്ധേയമാണ്. യുപി, ഗുജറാത്ത് തുടങ്ങിയ 'മാതൃകകള്‍' മുന്‍നിര്‍ത്തി വാചാടോപം നടത്തുമെങ്കിലും മുരത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു പോലുമറിയാം താന്‍ പിറന്ന കേരളം തന്നെയാണ് ഏത് അളവുകോല്‍ വെച്ചുനോക്കിയാലും ജീവിക്കാന്‍ നല്ലതെന്ന്. ഇവിടെയായതുകൊണ്ടും ഇവിടുത്തെ ഭരണസംവിധാനം ഒരുക്കിയ സൗകര്യങ്ങളില്‍ ഇരുന്നതും കൊണ്ടും മാത്രമാണ് ഇപ്പോഴും പലര്‍ക്കും ജീവന്‍ ബാക്കി നില്‍ക്കുന്നത് എന്നും അവരില്‍ പലര്‍ക്കുമറിയാം. തന്നോട് സ്ഥിരമായി സംവദിച്ചു കൊണ്ടിരുന്ന മലയാളിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അയച്ച സന്ദേശമാണ് സതീഷ് ആചാര്യ സ്ക്രീന്‍ ഷോര്‍ട് സഹിതം പുറത്തുവിട്ടത്.•