മലപ്പുറത്തെ ചെ ഗുവേര

കെ.രാജേന്ദ്രന്‍

രാഷ്ട്രീയ എതിരാളികളുടെ വെടിയുണ്ടയ്ക്ക് വിധേയനായി രക്തസാക്ഷിത്വം വരിച്ച കേരളത്തിലെ ആദ്യത്തെ ജനപ്രതിനിധിയും - എം.എല്‍.എയുമാണ് - സി.പി.ഐ എമ്മിന്‍റെ സമുന്നത നേതാവ് സ: കുഞ്ഞാലി. അദ്ദേഹത്തിന്‍റെ സംഭവബഹുലമായ ജീവചരിത്രം 'പോരാളി  സഖാവ് കുഞ്ഞാലിയുടെ ജീവിത കഥ" എന്ന ഗ്രന്ഥത്തിലൂടെ ബഷീര്‍ ചുങ്കത്തറ രേഖപ്പെടുത്തുന്നു. 

കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ടിയ്ക്കും മറ്റൊരു ഉദാഹരണം കാണിച്ചു തരാന്‍ കഴിയാത്തവിധം വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജനമനസ്സുകള്‍ കീഴടക്കിയ മഹാ വിപ്ലവകാരിയായിരുന്നു ഏറനാടിന്‍റെ വീരപുത്രനായ സ: കുഞ്ഞാലി. സ: കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന്‍റെ 50-ാം വാര്‍ഷികം പ്രമാണിച്ചാണ് അദ്ദേഹത്തിന്‍റെ ജീവചരിത്ര രചനയ്ക്ക് ബഷീര്‍ ചുങ്കത്തറ നിയോഗിക്കപ്പെടുന്നത്. സ: കുഞ്ഞാലിയെക്കുറിച്ച് 1994 ല്‍ പ്രസിദ്ധീകരിച്ച സുവനീറിന്‍റെ ഉള്ളടക്കവും സ.കുഞ്ഞാലിയുടെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനും സി.പി.ഐ. എം സംസ്ഥാന കമ്മിറ്റി അംഗവുമായ സ. സെയ്താലിയുടെയും മറ്റ് സഹപ്രവര്‍ത്തകരുടെയും അനുഭാവികളുമായ നിരവധിപേരുടെയും ഓര്‍മയില്‍ നിന്നും അടര്‍ത്തിയെടുത്ത സ്മരണകളുമാണ് ഈ ഗ്രന്ഥത്തെ ഈടുറ്റതാക്കുന്നത്. ജന്മിമാരും സംഘടിതശക്തിയ്ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തുടങ്ങിയത് കാലത്തിന്‍റെ മാറ്റംകൊണ്ട് മാത്രമായിരുന്നില്ല. അസാധാരണനായൊരു നേതാവിന്‍റെ നേതൃത്വം,

ആ തൊഴിലാളികളുടേയും കൃഷിക്കാരുടേയും സിരകളില്‍ പടര്‍ത്തിയ അഗ്നിയുടെ കരുത്തുകൊണ്ട് കൂടിയായിരുന്നു. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം അവര്‍ ഓരോരുത്തരേയും അനേകമിരട്ടി കരുത്തനാക്കി. 

ഇന്നത്തെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് 1924  ല്‍ കുഞ്ഞാലി  ജനിക്കുന്നത്. 1969 ജൂലൈ 28 ന് നിലമ്പൂരില്‍ വച്ച് ഐ.എന്‍.ടി.യു.സി ഗുണ്ടകളുടെ വെടിയുണ്ടയ്ക്ക് വിധേയനായി അദ്ദേഹം കൊലചെയ്യപ്പെട്ടു. ഈ നാല്പത്തിയഞ്ചു വര്‍ഷത്തെ സംഭവബഹുലമായ ജീവിതമാണ് ബഷീര്‍ ചുങ്കത്തറ വികാര തീക്ഷ്ണമായും അതോടൊപ്പം ലളിതമായും പ്രതിപാദിച്ചിരിക്കുന്നത്. അതാകട്ടെ ഒരു വ്യക്തിയുടെ ജീവിതകഥ എന്നതിലുപരിയായി ഒരു പ്രദേശത്തിന്‍റെ വികസനത്തിന്‍റെ, ജനങ്ങളുടെ വിമോചനത്തിന്‍റെ,  അവരുടെ പോരാട്ടത്തിന്‍റെ ചിത്രീകരണമാണ്. 

കുഞ്ഞാലിയുടെ ബാല്യത്തില്‍ തന്നെ പിതാവ് മരണപ്പെട്ടിരുന്നു. മാതാവ് അയിഷ വളരെ യാതനാപൂര്‍ണമായ ജീവിതം നയിച്ചാണ് കുഞ്ഞാലിയെ പോറ്റിയത്. അങ്ങാടിയില്‍ നെല്ലിക്ക, വിറക്, വാളന്‍പുളി തുടങ്ങിയവ വാങ്ങി വില്പന നടത്തിയാണ് ജീവിതവൃത്തി നടത്തിയിരുന്നത്. കൊണ്ടോട്ടിയിലെ സര്‍ക്കാര്‍ യു.പി.എസില്‍ പഠിക്കുമ്പോള്‍ തന്നെ അദ്ദേഹം ബാലസമാജത്തിന്‍റെ പ്രവര്‍ത്തകനായി, സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. സ്കൂള്‍ സമയം കഴിയുമ്പോള്‍ വീടിന് സമീപത്തെ ബീഡി തെറുപ്പ് കമ്പനിയില്‍ 'പത്രം വായന' ജോലി ഏറ്റെടുത്ത കുഞ്ഞാലി അറിവിന്‍റെ പുതിയ വാതായനങ്ങള്‍ തുറക്കുകയായിരുന്നു. ഇരുപത് കിലോമീറ്റര്‍ അകലെയുള്ള മലപ്പുറം ഹൈസ്കൂളില്‍ കാല്‍നട യാത്രയായിട്ടാണ് അദ്ദേഹം ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇതിനോടകം ഒരു കമ്യൂണിസ്റ്റ് അനുഭാവിയായി അദ്ദേഹം വളര്‍ന്നിരുന്നു. കുടുംബം പുലര്‍ത്താനായി ഒരു തൊഴില്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായി രണ്ടാം ലോകയുദ്ധകാലഘട്ടത്തില്‍ അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. 

എന്നാല്‍ അദ്ദേഹത്തില്‍ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് ആഭിമുഖ്യം മൂലം കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ സൈന്യത്തില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത ആ യുവാവ് പാര്‍ടിയുടെ ഉശിരന്‍ പ്രവര്‍ത്തകനായി രൂപാന്തരപ്പെട്ടു. ആത്മത്യാഗത്തിന്‍റെയും പോരാട്ട വീര്യത്തിന്‍റെയും തല്‍ഫലമായി കള്ളക്കേസുകള്‍, പൊലീസ് മര്‍ദനം, ജയില്‍ ജീവിതം എന്നിവ നിത്യസംഭവങ്ങളായി. ബീഡിത്തൊഴിലാളി യൂണിയന്‍, തോട്ടം തൊഴിലാളി യൂണിയന്‍, കര്‍ഷകസംഘം തുടങ്ങിയവയുടെ നേതൃത്വം അദ്ദേഹത്തില്‍ വന്നു ചേര്‍ന്നു. ട്രേഡ് യൂണിയന്‍  രാഷ്ട്രീയ രംഗത്ത് മാത്രമല്ല കലാ  സാംസ്കാരിക നാടക രംഗങ്ങളിലും മികച്ച സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. ഇതിനോടകം അദ്ദേഹം പാര്‍ടിയുടേയും ടേഡ് യൂണിയന്‍റേയും ജില്ലാനേതൃത്വത്തിലേയ്ക്ക് ഉയര്‍ന്നു. 

കമ്യൂണിസ്റ്റ് പാര്‍ടി നിലപാടുകളോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത അദ്ദേഹം പാര്‍ട്ടി പിളര്‍പ്പ് വേളയില്‍ സിപിഐ എം പക്ഷത്ത് നിലയുറപ്പിച്ചു. അദ്ദേഹം കാളികാവ് പഞ്ചായത്തില്‍ ദീര്‍ഘകാലം പ്രസിഡന്‍റായിരുന്നു. 1964 ല്‍ ചൈനാ ചാരത്വം ആരോപിച്ച് ജയിലിലടച്ച കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളില്‍ സ. കുഞ്ഞാലിയും ഉണ്ടായിരുന്നു. ജയിലില്‍ കിടന്നുകൊണ്ടാണ് 1965  ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചതും വിജയിച്ചതും. 1967  ലെ തിരഞ്ഞെടുപ്പിലും നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ അദ്ദേഹം മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 

എല്ലാ വിഭാഗം ജനങ്ങളുടേയും പ്രശ്നങ്ങളില്‍ ഇടപെട്ടിരുന്ന സഖാവ് രാഷ്ട്രീയ എതിരാളികളുടെ ന്യായമായ കാര്യങ്ങള്‍ക്ക് എതിര് നില്ക്കില്ലായിരുന്നു. ഇക്കാര്യം നിരവധി വ്യത്യസ്ത സംഭവങ്ങളിലൂടെ സഹപ്രവര്‍ത്തകരും രാഷ്ട്രീയ എതിരാളികളും ചൂണ്ടിക്കാട്ടുന്നു.
 
സഖാവിനെ മലപ്പുറത്തിന്‍റെ ചെഗുവേര ആയിട്ടാണ് ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നത്. വിശ്വവിപ്ലവകാരി ചെഗുവേരയുടെ പ്രവര്‍ത്തന മണ്ഡലം ഭൂഖണ്ഡങ്ങള്‍ക്കപ്പുറം ലോകത്തോളം വ്യാപിച്ചപ്പോള്‍ കുഞ്ഞാലി തന്‍റെ മണ്ഡലം മലപ്പുറം ജില്ലയിലെ പ്രദേശങ്ങളില്‍ ഒതുക്കി നിര്‍ത്തിയിരുന്നു. 

കുഞ്ഞാലി ജനിച്ച് നാല് വര്‍ഷങ്ങള്‍ക്കുശേഷം 1928 ലാണ് അര്‍ജന്‍റീനയില്‍ ചെഗുവേര ജനിച്ചത്. 1967 ഒക്ടോബറില്‍ അമേരിക്കന്‍ പട്ടാളത്താല്‍ പിടിക്കപ്പെട്ട് ചെഗുവേര എന്ന ലോകം കണ്ട ഏറ്റവും സാഹസികനായ വിപ്ലവകാരി വധിക്കപ്പെട്ടു. 1969 ജൂലൈയില്‍ രാഷ്ട്രീയ ശത്രുക്കളുടെ വെടിയുണ്ടയേറ്റ് മലപ്പുറത്തെ ചെഗുവേര കൊലചെയ്യപ്പെട്ടു. ലോകത്തെ അവസാന മനുഷ്യനും സ്വതന്ത്രനാകുന്നതുവരെ തനിക്ക് വിശ്രമിക്കാനാവില്ലെന്ന് മന്ത്രിച്ചുകൊണ്ടിരുന്ന മനസ്സിന്‍റെ ഉടമയായിരുന്നു ചെഗുവേരയെങ്കില്‍ അതില്‍ നിന്നും ഒട്ടും വ്യത്യസ്തനായിരുന്നില്ല സഖാവ് കുഞ്ഞാലിയെന്ന ഗ്രന്ഥകാരന്‍റെ നിരീക്ഷണം നൂറുശതമാനവും അര്‍ത്ഥവത്താണ്.•