ക്യൂബന്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ എട്ടാം കോണ്‍ഗ്രസ് പ്രതീക്ഷയുടെ തീരത്ത് ക്യൂബന്‍ സൂര്യോദയം

ജി വിജയകുമാര്‍

"ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളംകാലം എന്നത്തെയുംകാള്‍ കൂടുതല്‍ ശക്തിയോടെ ജന്മനാടിനെയും വിപ്ലവത്തെയും സോഷ്യലിസത്തെയും സംരക്ഷിക്കാനായി ഉറച്ച കാല്‍വെയ്പുകളോടെ സദാ സന്നദ്ധനായിരിക്കും." ക്യൂബന്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ നേതൃസ്ഥാനത്തുനിന്ന്, ഒന്നാം സെക്രട്ടറി പദവിയില്‍നിന്ന് ഒഴിഞ്ഞ വേളയില്‍ റൗള്‍കാസ്ട്രോ പറഞ്ഞ വാക്കുകളാണിത്. ക്യൂബയില്‍ സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള പോരാട്ടത്തില്‍ അവസാന ശ്വാസംവരെ താനുണ്ടാകുമെന്ന വാക്കുനല്‍കിയാണ് ക്യൂബന്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ എട്ടാം കോണ്‍ഗ്രസ് പ്രതിനിധികളോട് അദ്ദേഹം വിടപറഞ്ഞത്. 

ക്യൂബന്‍ വിപ്ലവത്തിന്‍റെ ആദ്യ തലമുറയുടെ വിടവാങ്ങല്‍ വേദികൂടിയായിരുന്നു പാര്‍ടിയുടെ 8-ാം കോണ്‍ഗ്രസ്. ആദ്യ തലമുറ വിപ്ലവകാരികളായ (അതായത് 1953 ജനുവരി 26ന് സാന്തിയാഗോ ഡി ക്യൂബയിലെ മൊണ്‍കാഡ സൈനികത്താവളം ആക്രമിച്ചതില്‍ പങ്കാളികളായവര്‍) റൗള്‍ കാസ്ട്രോ കമ്യൂണിസ്റ്റുപാര്‍ടിയുടെ ഒന്നാം സെക്രട്ടറി സ്ഥാനത്തുനിന്നും, ഹോസെ റാമോണ്‍ മച്ചാഡൊ വെഞ്ച്വറ രണ്ടാം സെക്രട്ടറി സ്ഥാനത്തുനിന്നും പടിയിറങ്ങിയത് പ്രത്യയശാസ്ത്രദാര്‍ഢ്യമുള്ള പുതുതലമുറയിലെ വിപ്ലവകാരികളെ സ്ഥാനമേല്‍പിച്ചുകൊണ്ടാണ്. റൗള്‍കാസ്ട്രോ തദവസരത്തില്‍ പറഞ്ഞത് പുതിയ നേതൃത്വം പുതുമഴയില്‍ തളിരിട്ട തകരയല്ലെന്നും ഉയര്‍ന്ന പദവികളിലേക്ക് പ്രൊമോട്ടുചെയ്യപ്പെടാന്‍ വേണ്ട പക്വതയാര്‍ന്ന യുവ വിപ്ലവകാരികളെ അവധാനതയോടെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ്. ഫിദെല്‍ കാസ്ട്രോയില്‍നിന്ന്  റൗള്‍ കാസ്ട്രോ  അധികാരമേറ്റെടുത്തതിനെ, റൗളിന് ക്യൂബന്‍ വിപ്ലവത്തിലുള്ള പങ്കിനുനേരെ കണ്ണടച്ച പ്രതിവിപ്ലവകാരികളും ബൂര്‍ഷ്വാ രാഷ്ട്രീയ-മാധ്യമ പണ്ഡിറ്റുകളും കുടുംബാധിപത്യമെന്നാണ് വിശേഷിപ്പിച്ചത്. അത്തരക്കാര്‍ക്കുള്ള ശക്തമായ മറുപടികൂടിയാണ് ഒന്നാം സെക്രട്ടറിയായി ഇപ്പോഴത്തെ ക്യൂബന്‍ പ്രസിഡന്‍റ് മിഗുവേല്‍ ഡയസ് കാനലിനെയും രണ്ടാം സെക്രട്ടറിയായി സാല്‍വദോര്‍ വാല്‍ഡെസ് മെസയെയും തിരഞ്ഞെടുത്തത്. പുതിയ നേതൃനിരയെ സംബന്ധിച്ച് റൗള്‍ പറഞ്ഞതിങ്ങനെ: "രാജ്യത്തിന്‍റെ നേതൃത്വം ഞങ്ങള്‍ കൈമാറുന്നത് മികവുറ്റ ഒരു സംഘത്തിനാണ്; ദശകങ്ങളുടെ അനുഭവ സമ്പത്തുകൊണ്ട് പാകപ്പെട്ടവരാണവര്‍. വിപ്ലവത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും മൂല്യങ്ങളോടും തത്ത്വങ്ങളോടും പ്രതിബദ്ധതയുള്ള അടിത്തട്ടുമുതല്‍ പരമാവധി ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുള്ളവരുമാണവര്‍.

2021 ഏപ്രില്‍ 16 മുതല്‍ 19 വരെയാണ് ഹവാനയിലെ കണ്‍വെന്‍ഷന്‍സ് പാലസില്‍ ക്യൂബന്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ 8-ാം കോണ്‍ഗ്രസ് ചേര്‍ന്നത്. കോവിഡ് 19 മഹാമാരി മൂലമുള്ള മുന്‍കരുതലുകള്‍ കാരണം 7 ലക്ഷം പാര്‍ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 300 പ്രതിനിധികള്‍ മാത്രമാണ് പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്. 2016ല്‍ 7-ാം കോണ്‍ഗ്രസില്‍ 1000 പ്രതിനിധികളാണ് പങ്കെടുത്തിരുന്നത്. 

അമേരിക്കന്‍ ചാര സംഘടനയും സൈന്യവും ചേര്‍ന്ന് ക്യൂബന്‍ പ്രതിവിപ്ലവകാരികളെ കൂട്ടുപിടിച്ച് നടത്തിയ ബേ ഓഫ് പിഗ്സ് ആക്രമണത്തിന്‍റെയും ആക്രമണകാരികളെ തുരത്തിയോടിച്ചശേഷം, ക്യൂബന്‍ വിപ്ലവം സോഷ്യലിസ്റ്റ് വിപ്ലവമാണെന്ന് ഫിദെല്‍ കാസ്ട്രോ പ്രഖ്യാപിച്ചതിന്‍റെയും (1961 ഏപ്രില്‍) 60-ാം വാര്‍ഷികവേളയിലാണ് ക്യൂബന്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ 8-ാം കോണ്‍ഗ്രസ് ചേര്‍ന്നത്. ഈ കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ 2021 മാര്‍ച്ച് 4ന് പ്രവിശ്യാ പാര്‍ടി കമ്മിറ്റികള്‍ ചേര്‍ന്നു. മാര്‍ച്ച് 15 മുതല്‍ 20 വരെ ഈ പ്രതിനിധികള്‍ അതാതിടത്ത് യോഗം ചേര്‍ന്ന് പാര്‍ടി കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യേണ്ട രേഖകളെക്കുറിച്ച് ചര്‍ച്ചചെയ്യുകയും ശ്രദ്ധേയമായ പല ഭേദഗതികളും കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്കായി അയയ്ക്കുകയും ചെയ്തു. 


"ദേശീയ ഐക്യത്തിന്‍റെയും, ദേശസ്നേഹികളുടെ പല തലമുറകളും ഉയര്‍ത്തിപ്പിടിച്ച സ്വാതന്ത്ര്യത്തിന്‍റെയും സാമൂഹ്യനീതിയുടെയും ആത്മാഭിമാനത്തിന്‍റെയും ആശയങ്ങളുടെ സംയോജനത്തിന്‍റെയും ഗ്യാരന്‍റിയാണ് പാര്‍ടി". 8-ാം കോണ്‍ഗ്രസ് പ്രതിനിധികളെ സ്വാഗതംചെയ്തുകൊണ്ട് കേന്ദ്രകമ്മിറ്റിയുടെ രണ്ടാം സെക്രട്ടറിയായിരുന്ന ഹോസെ റാമോണ്‍ മച്ചാഡൊ വെഞ്ച്വറ പറഞ്ഞ വാക്കുകളാണിത്. ഒന്നാം ദിവസം ഉദ്ഘാടന പ്രസംഗമായാണ് പാര്‍ടി ഒന്നാം സെക്രട്ടറിയെന്ന നിലയില്‍ തന്‍റെ അവസാന ദൗത്യമായ രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടിന്‍റെ അവതരണം റൗള്‍ കാസ്ട്രോ നടത്തിയത്. 

റൗള്‍ അവതരിപ്പിച്ച രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടില്‍ കോവിഡ് 19നെ തുടര്‍ന്ന് നിലനില്‍ക്കുന്ന യാത്രാ നിയന്ത്രണം ക്യൂബയിലെ ടൂറിസ്റ്റ് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചത്, സായുധസേനയുടെ സംഭാവനകള്‍, മഹാമാരി കൈെകാര്യംചെയ്യുന്നതില്‍ നേരിടുന്ന വെല്ലുവിളികള്‍, സാമ്പത്തികരംഗത്തെ പുനഃക്രമീകരണം, ഏക നാണയവ്യവസ്ഥയിലേക്കുള്ള മാറ്റം, അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം, ലാറ്റിനമേരിക്കയിലെ അമേരിക്കന്‍ ഇടപെടലുകള്‍, മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളുമായും വെനസ്വേല, നിക്കരാഗ്വ എന്നീ രാജ്യങ്ങളുമായുമുള്ള ക്യൂബയുടെ ഐക്യദാര്‍ഢ്യം എന്നിവയെല്ലാം വിശദമാക്കുന്നുണ്ട്. 2019-ല്‍ അംഗീകരിച്ച പുതിയ ക്യൂബന്‍ ഭരണഘടന, സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനവും സംഘടനാ സംവിധാനവും, മഹാമാരി കൈകാര്യംചെയ്യുന്നതിലെ വിജയം, കോവിഡിനെതിരായ 5 വാക്സിനുകള്‍ ക്യൂബ തദ്ദേശീയമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്, വര്‍ധിച്ചുവരുന്ന അമേരിക്കന്‍ ഉപരോധത്തിനെതിരായ ചെറുത്തുനില്‍പ് എന്നിവമൂലമുണ്ടായ നേട്ടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാര്‍ടി അംഗങ്ങള്‍ വര്‍ധിക്കുന്നത്, പ്രത്യേകിച്ചും ചെറുപ്പക്കാര്‍ കൂടുതലായി പാര്‍ടിയിലേക്ക് വരുന്നത്-ഇതെല്ലാം 11971 വാക്കുകളുള്ള റിപ്പോര്‍ട്ടില്‍ സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. 

അനാവശ്യവും അമിതവുമായ ഉദ്യോഗസ്ഥ മേധാവിത്വ പ്രവണത, അഴിമതി എന്ന അപകടകരമായ പ്രതിഭാസം, സ്വകാര്യമേഖലയിലേക്ക് കടക്കാനുള്ള ചില പ്രൊഫഷണലുകളുടെ വ്യഗ്രത, വിദേശ വ്യാപാരത്തില്‍ സര്‍ക്കാര്‍ കുത്തകയെന്ന സോഷ്യലിസ്റ്റ് തത്ത്വം അട്ടിമറിക്കല്‍ എന്നിവയും റൗളിന്‍റെ റിപ്പോര്‍ട്ടില്‍ അവതരിപ്പിക്കുന്നു. 

2016ലെ ഏഴാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച സമ്പദ്ഘടനയെ സംബന്ധിച്ച മാര്‍ഗരേഖയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും റൗളിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മാര്‍ഗനിര്‍ദേശങ്ങളിലെ 17 എണ്ണത്തെ അതേപടി നിലനിര്‍ത്തണമെന്നും 165 എണ്ണത്തില്‍ ഭേദഗതി വേണമെന്നും 92 എണ്ണം ഒഴിവാക്കണമെന്നും 18 പുതിയ നിര്‍ദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കണമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. "ഏതു തരത്തിലുള്ള ഭീഷണിയെയും ആക്രമണത്തെയും വിജയകരമായി നേരിടുന്നതിനുള്ള നമ്മുടെ അടിസ്ഥാനപരവും തന്ത്രപരവുമായ ആയുധമാണ് വിപ്ലവാശയങ്ങളും മഹാഭൂരിപക്ഷം വരുന്ന ക്യുബക്കാരുടെ ഒത്തൊരുമയോടുകൂടിയ പ്രവര്‍ത്തനവും" എന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ ബഹുജന സംഘടനകളുടെയും  കമ്യൂണിസ്റ്റുപാര്‍ടിയുടെയും പ്രവര്‍ത്തനത്തെ പുനരുജ്ജീവിപ്പിക്കേണ്ടതിനെക്കുറിച്ചും തുടര്‍ന്ന് പറയുന്നു. "വിപ്ലവത്തിന്‍റെ സംരക്ഷണം അടിത്തട്ടിലാണ് നടപ്പാക്കേണ്ടത്. പാടങ്ങളില്‍, പണിശാലകളില്‍, അയല്‍പക്കങ്ങളില്‍ എല്ലാം; കുറ്റകൃത്യങ്ങള്‍ക്കെതിരായും സാമൂഹിക അച്ചടക്കത്തിന്‍റെ അഭാവത്തിനെതിരായുമുള്ള പോരാട്ടങ്ങളിലാണ് അത് കാക്കേണ്ടത്." എന്നും റൗള്‍ കാസ്ട്രോ റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചശേഷം ഒന്നാം ദിവസം പിന്നിട്ടുള്ള സമയവും അടുത്ത ദിവസം മുഴുവനും പ്രതിനിധികള്‍ മൂന്ന് കമ്മിഷനുകളായി തിരിഞ്ഞ് പ്രവിശ്യാ പാര്‍ടികളുടെ പരിശോധനയ്ക്ക് വിധേയമായ കരട് പ്രമേയങ്ങള്‍ ചര്‍ച്ചചെയ്യുകയും ഭേദഗതികള്‍ നിര്‍ദേശിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഒന്നാമത്തെ കമ്മീഷന്‍റെ അധ്യക്ഷന്‍ പ്രധാനമന്ത്രി മാന്വല്‍ മൊറേറൊ ക്രൂസ് ആയിരുന്നു. ഏഴാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച സാമ്പത്തിക-രാഷ്ട്രീയ പരിഷ്കരണങ്ങള്‍ക്കായുള്ള മാര്‍ഗരേഖ നടപ്പാക്കല്‍ തുടരുന്നതു സംബന്ധിച്ച കരട് പ്രമേയം പരിശോധിക്കലാണ് ഈ ഒന്നാം കമ്മീഷനു മുന്നിലുള്ള ദൗത്യം. ഈ കമ്മീഷന്‍ മൂന്ന് ദൗത്യസംഘങ്ങളായി തിരിഞ്ഞാണ് സമഗ്രമായ പരിശോധന നടത്തിയത്.

രണ്ടാമത്തെ കമ്മീഷന്‍ പാര്‍ടി പ്രവര്‍ത്തനം സംബന്ധിച്ചും പ്രത്യയശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്യൂബന്‍ ജനതയുമായുള്ള പാര്‍ടിയുടെ ബന്ധം സംബന്ധിച്ചുമുള്ള പ്രമേയമാണ് പരിഗണിച്ചത്. ഈ കമ്മീഷന്‍റെ അധ്യക്ഷന്‍ കേന്ദ്ര കമ്മിറ്റിയുടെ രണ്ടാം സെക്രട്ടറി ഹോസെ റാമോണ്‍ മച്ചാഡൊ വെഞ്ച്വറയാണ്. മൂന്നാമത്തെ കമ്മീഷന്‍ കൈകാര്യം ചെയ്തത് പാര്‍ടി അംഗങ്ങളുടെ കാഡര്‍മാരെന്ന നിലയിലുള്ള പ്രവര്‍ത്തനമാണ്. ഇതിന്‍റെ അധ്യക്ഷന്‍ ക്യൂബന്‍ പ്രസിഡന്‍റ് മിഗ്വേല്‍ ഡയസ് കാനലാണ്.


മൂന്നാം ദിവസം ഈ മൂന്ന് കമ്മീഷനുകളുടെയും അധ്യക്ഷന്മാര്‍ തങ്ങളുടെ യോഗത്തിലെ ചര്‍ച്ചകളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന നിഗമനങ്ങള്‍ സമ്മേളനവേദിയില്‍ അവതരിപ്പിച്ചു. ഈ മൂന്ന് കമ്മീഷനുകളും അതത് പ്രമേയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ അന്തിമ അംഗീകാരത്തിനായി കമ്മീഷന്‍ അധ്യക്ഷന്മാര്‍ ഇത് അവതരിപ്പിക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഒന്നാമത്തെ കമ്മീഷന്‍ സാമ്പത്തിക-രാഷ്ട്രീയ പരിഷ്കരണത്തിനായുള്ള മാര്‍ഗരേഖ സംബന്ധിച്ച പ്രമേയത്തിലെ സാമ്പത്തിക മാനേജ്മെന്‍റിന്‍റെ ശാക്തീകരണത്തിനായുള്ള ശുപാര്‍ശകള്‍, പ്രത്യേകിച്ചും പൊതുമേഖലയുടെ പ്രവര്‍ത്തനം; ഘടനാപരമായ സാമ്പത്തികപ്രശ്നങ്ങള്‍ പരിഹരിക്കല്‍; സമീപകാലത്ത് നടപ്പാക്കിയ നാണയനയത്തിന്‍റെ ശാക്തീകരണം; ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ വികസനവും ആധുനികവല്‍ക്കരണവും തുടരല്‍; പുതിയ സാഹചര്യത്തില്‍ സാമൂഹിക നീതി തകരാതെ നോക്കുക, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തല്‍, ഉപഭോക്തൃസാധനങ്ങള്‍ വ്യാപകമായി ലഭ്യമാക്കല്‍ എന്നിവയിയെല്ലാം വ്യക്തത വരുത്തി അവതരിപ്പിച്ച് പാര്‍ടി കോണ്‍ഗ്രസ് പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു.

രണ്ടാം കമ്മീഷന്‍റെ അധ്യക്ഷനായ കേന്ദ്ര കമ്മിറ്റിയുടെ രണ്ടാം സെക്രട്ടറിയും തന്‍റെ കമ്മീഷനില്‍ നടന്ന ചര്‍ച്ചകളിലെ കണ്ടെത്തലുകള്‍ പാര്‍ടി കോണ്‍ഗ്രസിനു മുന്നില്‍ അവതരിപ്പിക്കുകയും പ്രമേയം അംഗീകരിക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയുമുണ്ടായി. പ്രത്യയശാസ്ത്രപരമായ ധാരണകള്‍ ശക്തിപ്പെടുത്തല്‍, എല്ലാ തലങ്ങളിലും ബഹുജനങ്ങളുമായുള്ള പാര്‍ടിയുടെ ബന്ധം, പുതിയ തലമുറയിലേക്ക് എത്തിച്ചേരല്‍, ഏറ്റവും പുരോഗതി പ്രാപിച്ച വിപ്ലവ ചിന്തയെ ആശ്രയിക്കല്‍, യുവ കമ്യൂണിസ്റ്റ് യൂണിയനുമായും പൊതുവില്‍ യുവജനങ്ങളുമായുമുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവയാണ് ഈ കമ്മീഷന്‍ അവതരിപ്പിച്ച പ്രമേയത്തിലെ വിഷയങ്ങള്‍. പാര്‍ടി കോണ്‍ഗ്രസ് പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു.

പ്രസിഡന്‍റ് മിഗുവേല്‍ ഡയസ് കാനല്‍ അധ്യക്ഷത വഹിച്ച പാര്‍ടി കേഡര്‍മാരെ സംബന്ധിച്ച പ്രമേയം ചര്‍ച്ചചെയ്ത് കമ്മീഷന്‍ എത്തിച്ചേര്‍ന്ന ധാരണകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പാര്‍ടി കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ടുചെയ്തു. പാര്‍ടിയുടെ അടിത്തട്ടിലെ കാഡര്‍മാരില്‍ നേതൃത്വശേഷി വളര്‍ത്തേണ്ടതിനെയും സംഘടനയെയും പ്രത്യയശാസ്ത്രപരമായ ദൃഢത വരുത്തുന്നതിനെയും കാഡര്‍മാരെ കണ്ടെത്തുന്നതിനും വളര്‍ത്തുന്നതിനുമായുള്ള പ്രക്രിയയെയും അഴിമതിക്കെതിരായ പോരാട്ടത്തെയും കാഡര്‍മാരും നേതൃത്വവും തമ്മിലുണ്ടാകേണ്ട ആശയവിനിമയത്തെയും സംബന്ധിച്ചെല്ലാമാണ് ഈ കമ്മീഷന്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. ഈ പ്രമേയവും പാര്‍ടി കോണ്‍ഗ്രസ് ഏകകണ്ഠമായി അംഗീകരിച്ചു.

കോവിഡ് മഹാമാരി രാജ്യത്തിനുമേല്‍ സൃഷ്ടിക്കുന്ന കടുത്ത ബുദ്ധിമുട്ടുകള്‍ക്കും അതുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും ലാറ്റിനമേരിക്കയിലാകെ കോവിഡിന്‍റെ രണ്ടാം തരംഗം ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനുമിടയിലാണ് ക്യൂബന്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ 8-ാം കോണ്‍ഗ്രസ് വിജയകരമായി പൂര്‍ത്തിയായത്. മാത്രമല്ല, ട്രംപ് ഭരണകാലത്ത് ക്യൂബയ്ക്കുമേല്‍ അടിച്ചേല്‍പിച്ച ഉപരോധങ്ങളില്‍ ചില്ലറ ഇളവുകള്‍ വരുത്തുമെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനത്തിനപ്പുറം നടപടികള്‍ക്കൊന്നും തയ്യാറാകാതെ തുടരുന്ന പ്രയാസമേറിയ സാഹചര്യവും ക്യൂബ നേരിടുന്നുണ്ട്. ട്രംപിന്‍റെ ക്യൂബ നയം ബൈഡനും നിഷ്ക്രിയമായി പിന്തുടരാനാണ് സാധ്യത. മാര്‍ക്കൊ റൂബിയൊ, റിക്ക് സ്കോട്ട്, റ്റെഡ് ക്രൂസ് തുടങ്ങിയ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെയും റോബര്‍ട്ട് മെനന്‍ഡെസിനെപ്പോലെയുള്ള ക്യൂബാവിരുദ്ധരായ ഡെമോക്രാറ്റിക് സെനറ്റര്‍മാരുടെയും സ്വാധീനവലയത്തില്‍നിന്ന് അകന്നുമാറാന്‍ ബൈഡന്‍ തയ്യാറാകില്ലെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. 

ക്യൂബയെ ആക്രമിച്ച് കീഴ്പ്പെടുത്താന്‍ കഴിയാത്തതിന്‍റെ രോഷം ആ കൊച്ചു ദ്വീപിനുമേല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി തീര്‍ക്കുന്ന അമേരിക്ക, സോവിയറ്റ് യൂണിയന്‍ തകര്‍ക്കപ്പെട്ടശേഷം അത് കൂടുതല്‍ കടുപ്പിച്ചത് ഇന്നും തുടരുന്നു. 2019 ഏപ്രില്‍ മാസത്തിനും 2020 മാര്‍ച്ചിനുമിടയില്‍ മാത്രം ഈ ഉപരോധംമൂലം ക്യൂബയ്ക്ക് 500 കോടി ഡോളറിന്‍റെ വ്യാപാര നഷ്ടമാണുണ്ടായത്. കഴിഞ്ഞ 6 ദശകക്കാലമായി തുടരുന്ന ഉപരോധം 14,400 കോടിയിലേറെ ഡോളറിന്‍റെ നഷ്ടം ക്യൂബയ്ക്കുണ്ടാക്കി. ഇപ്പോള്‍ ക്യൂബയിലേക്ക് എണ്ണ എത്തിക്കുന്ന ഷിപ്പിങ് കമ്പനികള്‍ക്കെതിരായി അമേരിക്ക ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നത് ക്യൂബയെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയാണ്. എന്നാല്‍ ഇതിനെയെല്ലാം നേരിട്ടുകൊണ്ട് ക്യൂബ സോഷ്യലിസത്തിന്‍റെ പാതയില്‍ ഉറച്ചുനില്‍ക്കുകയും മുന്നോട്ടുപോവുകയും ചെയ്യുന്നതായാണ് 8-ാം പാര്‍ടി കോണ്‍ഗ്രസ് നമ്മെ ഓര്‍മപ്പെടുത്തുന്നത്.

കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ ക്യൂബ പ്രകടിപ്പിക്കുന്ന മികവുതന്നെ ക്യൂബന്‍ വ്യവസ്ഥയുടെ മേന്മ വിളിച്ചോതുന്നു. 10 ലക്ഷം അമേരിക്കക്കാരില്‍ കോവിഡ് മൂലം 1,724 പേര്‍ മരിക്കുമ്പോള്‍ 10 ലക്ഷം ക്യൂബക്കാരില്‍ 47 മരണം മാത്രമാണ് കോവിഡ് മൂലം സംഭവിക്കുന്നത്. രോഗവ്യാപനവും ക്യൂബയില്‍ തുലോം കുറവാണ്. അമേരിക്ക വാക്സിന്‍ ദേശീയതയില്‍ ഊന്നുമ്പോള്‍ ക്യൂബയിലെ ഡോക്ടര്‍മാരുടെ ഹെന്‍റി റീവ് ബ്രിഗേഡ് ലോകത്തിലെ ദരിദ്രരാജ്യങ്ങളെ കോവിഡ് പ്രതിരോധത്തിനു സഹായിച്ചുകൊണ്ടിരിക്കുകയാണ്. ക്യൂബ വികസിപ്പിച്ച കൊറോണയ്ക്കെതിരായ വാക്സിന്‍ ലാറ്റിനമേരിക്കയിലെ ഇതരരാജ്യങ്ങള്‍ക്കും ലഭ്യമാക്കി സാര്‍വദേശീയ സാഹോദര്യം ഉറപ്പിക്കുകയാണ് ക്യൂബ.

തങ്ങളുടെ ചുറ്റുപാടുമുള്ള സമൂഹത്തില്‍ സോഷ്യലിസം കെട്ടിപ്പടുക്കാനും അതിനെ സംരക്ഷിക്കാനും പാര്‍ടി അംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നാണ് ക്യൂബയുടെ ഉപപ്രധാനമന്ത്രി ഇനെസ് മറിയ ചാപ്മാന്‍ ചര്‍ച്ചയില്‍ ഇടപെട്ട് പ്രസ്താവിച്ചത്. ലഭ്യമായ വിഭവങ്ങളുപയോഗിച്ച് കൂടുതല്‍ ഉല്‍പ്പാദനം നടത്താന്‍ അധ്വാനിക്കുന്ന ജനങ്ങള്‍ ജാഗ്രത പ്രകടിപ്പിക്കണമെന്ന് ചെറുകിട കര്‍ഷകരുടെ ദേശീയ അസോസിയേഷന്‍ പ്രസിഡന്‍റ് റാഫേല്‍ സാന്തിസ്റ്റബെന്‍ പൊസോ പ്രസ്താവിച്ചു. പൊതുമേഖലാ സംരംഭങ്ങളില്‍ കൂടുതല്‍ കാര്യക്ഷമതയുടെയും സ്വയം തൊഴില്‍ സംരംഭങ്ങളും സഹകരണസംഘങ്ങളും കൂടുതല്‍ വിപുലപ്പെടുത്തേണ്ടതിന്‍റെയും ആവശ്യകതയിലേക്കാണ് സാമ്പത്തിക-ആസൂത്രണകാര്യ മന്ത്രി അലെജാന്‍ഡ്രോഗില്‍ വിരല്‍ചൂണ്ടിയത്.

പരാജയമെന്നത് ക്യൂബയിലെ കമ്യൂണിസ്റ്റുകാരുടെ നിഘണ്ടുവില്‍ ഇല്ലാത്ത ഒരു പദമാണ്. അവര്‍ക്ക് ജയിച്ചേ പറ്റൂ; സോഷ്യലിസം നിലനിര്‍ത്തിയേപറ്റൂ. 145 കിലോമീറ്റര്‍ മാത്രം അകലെ സദാഅട്ടിമറിക്കും ആക്രമണത്തിനും സന്നദ്ധരായി ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയായ അമേരിക്കന്‍ സാമ്രാജ്യത്വം കൊമ്പുകുലുക്കി നില്‍ക്കുമ്പോള്‍ അവര്‍ക്ക് തങ്ങളുടെ വ്യവസ്ഥയും പരമാധികാരവും സംരക്ഷിക്കാന്‍ ഓരോ പോരാട്ടത്തിലും വിജയിച്ചേ പറ്റൂ. കഴിഞ്ഞ ആറിലേറെ ദശകങ്ങളായി ക്യൂബന്‍ കമ്യൂണിസ്റ്റുകാര്‍ നിതാന്ത ജാഗ്രതയോടെ ഈ പോരാട്ടത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

റൗള്‍ കാസ്ട്രോ തന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍ പ്രഖ്യാപിച്ചതിങ്ങനെ: "അമേരിക്ക അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന തീവ്രമായ സാമ്പത്തിക, വാണിജ്യ, ധനകാര്യ ഉപരോധങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ ചെറുക്കുന്നതിനുള്ള ശേഷിയുണ്ടെന്ന് ക്യൂബന്‍ സമ്പദ്ഘടന കഴിഞ്ഞ 5 വര്‍ഷവും ലോകത്തെ ബോധ്യപ്പെടുത്തി. മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും അവരോടുള്ള ഐക്യദാര്‍ഢ്യവും കൈവെടിയാതെതന്നെ, വികസനലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉറച്ച മനസ്സോടെ നിന്നുകൊണ്ടുതന്നെ, പൊതുജനാരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യസുരക്ഷയുമായി ബന്ധപ്പെട്ട വിപ്ലവത്തിന്‍റെ പ്രാഥമിക കടമകള്‍ നിറവേറ്റിക്കൊണ്ടുതന്നെ ക്യൂബ മുന്നേറുകയാണ്... ഈ മേഖലയിലെ ജനങ്ങളുടെ സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നവലിബറലിസത്തിനു കഴിയില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കെയാണ് ക്യൂബയുടെ ഈ നേട്ടം എന്നത് സംശയാതീതമായ വസ്തുതയാണ്."

പുതുതായി പാര്‍ടിയുടെ ഒന്നാം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട, പ്രസിഡന്‍റ് മിഗുവേല്‍ ഡയസ് കാനേല്‍ പറഞ്ഞത് 2020 ക്യൂബ സാധ്യതകള്‍ക്കപ്പുറം മുന്നേറിയ വര്‍ഷമായിരുന്നെങ്കില്‍, ഈ വര്‍ഷം കടമകള്‍ പൂര്‍ത്തീകരിക്കാനുള്ള മുന്നേറ്റമായിരിക്കും കാണാനാവുന്നത് എന്നാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സോഷ്യലിസത്തിലേക്കുള്ള പാതയിലെ വഴിവിളക്കുകളിലൊന്നായി ക്യൂബ ഉയര്‍ന്നുതന്നെ നില്‍ക്കും. •