വിപ്ലവത്തിന്‍റെ പാട്ടുകാരിയുടെ രക്തസാക്ഷിത്വം

കെ ആര്‍ മായ

തുര്‍ക്കിയിലെ ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ സ്വസ്ഥതകെടുത്തിയ ഹെലന്‍ ബോലക് എന്ന യുവ ഗായികയുടെ ശബ്ദം നിലച്ചിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. ഇസ്താംബൂളില്‍ മഴകനത്തുനിന്ന 2020 ഏപ്രില്‍ 4ന് ഹെലന്‍ 288 ദിവസം നീണ്ട തന്‍റെ നിരാഹാര സമരം അവസാനിപ്പിച്ചത് ഭരണകൂടത്തോട് അടിയറവുപറഞ്ഞായിരുന്നില്ല, മരണത്തിലൂടെ രക്തസാക്ഷിത്വം വരിച്ചുകൊണ്ടായിരുന്നു. അവസാന ശ്വാസംവരെയും ഹെലന്‍ ഉയര്‍ത്തിപ്പിടിച്ചത്, താന്‍ ജീവവായുപോലെ കൊണ്ടുനടന്ന പാട്ടിനെ, കെട്ടകാലത്തിന്‍റെ അനീതികള്‍ക്കെതിരെയുയര്‍ത്തിയ തന്‍റെ ശബ്ദത്തെ തിരിച്ചുപിടിക്കുക എന്നതായിരുന്നു. 

ഭരണകൂടങ്ങളുടെ സ്വേച്ഛാധിപത്യത്തിനും അധീശാധിപത്യത്തിനുമെതിരായി കലയെ ആയുധമണിയിച്ചിട്ടുള്ളത് ഫാസിസത്തിനെതിരായ പോരാട്ട ചരിത്രത്തിലുടനീളം കാണാം. അതുകൊണ്ടുതന്നെ ഫാസിസം എല്ലാ കാലത്തും കലയെയും സാഹിത്യത്തെയും ഞെരിച്ചമര്‍ത്തുകയാണുണ്ടായിട്ടുള്ളത്. അതുതന്നെയാണ് തുര്‍ക്കി ഭരണത്തിന്‍കീഴില്‍ ഹെലന്‍ബോലെക്കിനും അവര്‍ പ്രതിനിധീകരിച്ച സംഗീത ബാന്‍ഡായ ഗ്രൂപ്പ് യോഗത്തിനും സംഭവിച്ചത്. 

1970കളിലാണ് ലോകത്ത് മറ്റെല്ലായിടത്തും ഉയര്‍ന്നുവന്നതുപോലെ തുര്‍ക്കിയിലും സോഷ്യലിസ്റ്റുകളുടെയും കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെയും നേതൃത്വത്തില്‍ ശക്തമായ യുവജന മുന്നേറ്റം ഉയര്‍ന്നുവന്നത്. മുതലാളിത്തത്തിന്‍റെ നീരാളിപ്പിടുത്തത്തില്‍നിന്നും മാനവികതയെ മോചിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പതിനായിരങ്ങളാണ് അന്ന് ചെങ്കൊടിയ്ക്കു കീഴില്‍ അണിനിരന്നത്. ആ ഘട്ടത്തിലാണ് പട്ടാളവാഴ്ചയുടെ അനീതിയ്ക്കും അക്രമത്തിനുമെതിരായ പ്രതിഷേധ കൂട്ടായ്മ എന്ന നിലയില്‍ 1985ല്‍ "ഗ്രൂപ്പ് യോറം" എന്ന ജനകീയ സംഗീത ബാന്‍ഡ് രൂപംകൊള്ളുന്നത്. സോഷ്യലിസ്റ്റുകളുടെയും ഇടതുപക്ഷ പ്രവര്‍ത്തകരുടെയും ഈ കൂട്ടായ്മ അന്നുമുതല്‍തന്നെ പലവിധത്തിലുള്ള വേട്ടയാടലുകളും നേരിട്ടു. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുകയായിരുന്നു ഗ്രൂപ്പ് യോറം ലക്ഷ്യംവെച്ചത്. സംഗീതോപകരണങ്ങളുടെയും സൗന്ദര്യബോധത്തിന്‍റെയും കാര്യത്തില്‍ തനി യൂറോപ്യന്‍ ആയിരുന്നെങ്കിലും അവരുടെ ലളിതവും സംക്ഷിപ്തവുമായ മെലഡികള്‍ അനറ്റോളിയന്‍ നാടോടി സംഗീതാസ്വാദകരെ പ്രചോദിപ്പിച്ചു. വരികളിലെ അര്‍ഥഗര്‍ഭമായ സന്ദേശങ്ങള്‍ കേള്‍വിക്കാരുടെ കാതുകളിലേക്കും ഹൃദയത്തിലേക്കും നേരിട്ടു ചെന്നെത്തുന്നതായിരുന്നു. ആത്മവീര്യം പകരുന്ന മുദ്രാഗീതങ്ങളും എവിടെയും തിങ്ങിനിറഞ്ഞ അനീതിയ്ക്കെതിരായി സര്‍ഗാത്മക പ്രതിരോധം തീര്‍ക്കുന്ന ഗാനങ്ങളും പോരാട്ടത്തിലണിചേരാനുള്ള ആഹ്വാനമെന്ന നിലയില്‍ ജനകീയങ്ങളുടെയാകെ ശ്രദ്ധനേടി. ഗ്രൂപ്പിന്‍റെ വിപ്ലവപരമായ സ്വാധീനം ഭരണകൂടത്തെ പരിഭ്രാന്തരാക്കി. 

പട്ടാളവാഴ്ചയിലും അതിനുശേഷവും നിരവധിപേര്‍ ജയിലിലടയ്ക്കപ്പെട്ടു. ക്രൂരമായി പീഡിപ്പിക്കപ്പെടുകയും പിന്നീട് കണ്ടെത്താനാകാത്തവിധം നിരവധിപേര്‍ അപ്രത്യക്ഷരായിപ്പോവുകയും ചെയ്തു. ഇതില്‍ ഗ്രൂപ്പ് യോറത്തിന്‍റെ അംഗങ്ങളുമുണ്ടായിരുന്നു. തുര്‍ക്കികളും കുര്‍ദുകളുമായ വിപ്ലവകാരികള്‍ക്ക് ഗ്രൂപ്പ് യോറം പ്രത്യാശയുടെ ശബ്ദമായിരുന്നു. സ്വന്തം രാജ്യത്തിനായും മെച്ചപ്പെട്ട ഒരു ലോകത്തിനായുമുള്ള ജനതയുടെ ആശയാഭിലാഷങ്ങളുടെ പ്രകാശനമായിരുന്നു, ഗ്രൂപ്പ് യോഗത്തിന്‍റെ കലാകാരരുടെ ലക്ഷ്യം. ഒട്ടനവധി അമച്വര്‍ ഗായകര്‍ ഗ്രൂപ്പ് യോറത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഗാനാര്‍ച്ചന നടത്തിയിരുന്നു. അവരോടൊപ്പം കാണികളും ഏറ്റുപാടി. അങ്ങനെ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായ തുര്‍ക്കി ജനതയുടെ പൊതുവായ പോരാട്ടത്തിന് യോറത്തിന്‍റെ ഗാനങ്ങള്‍ കരുത്തും പ്രചോദനവുമേകി. 

തുടര്‍ന്ന് എര്‍ദൊഗാന്‍റെ നേതൃത്വത്തില്‍ ഭരണമേറ്റെടുത്തശേഷം സാഹചര്യങ്ങള്‍ മുന്‍പത്തേതിനേക്കാള്‍ മോശമായി. ലോകത്തെ മറ്റ് പല സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളെയുംപോലെ തുര്‍ക്കിയിലും മതത്തിന്‍റെ പിന്‍ബലത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്ന രീതിയാണ് എര്‍ദൊഗാന്‍ ഭരണത്തിന്‍കീഴില്‍ നടപ്പാക്കപ്പെട്ടത്. ഇസ്ലാം മതത്തിന് പ്രാമുഖ്യമുള്ള തര്‍ക്കി മുമ്പ് മതനിരപേക്ഷ നിലപാടാണ് കൈക്കൊണ്ടിരുന്നത്. മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിച്ചുകണ്ട മുസ്തഫ കെമാല്‍ അറ്റാതുര്‍ക്കിന്‍റെ ഭരണവാഴ്ചയില്‍ അസംതൃപ്തരായ തുര്‍ക്കി ജനതയ്ക്ക് മതസ്വാതന്ത്ര്യത്തിന്‍റെ പുതിയ ആകാശം വാഗ്ദാനംചെയ്താണ് എര്‍ദൊഗാന്‍ അധികാരത്തിലേറിയത്. എന്നാല്‍ ദേശീയബോധവും മതവിശ്വാസവും ഒന്നായി കണ്ടിരുന്ന തുര്‍ക്കി ജനതയില്‍ തീവ്ര ഇസ്ലാമികവാദ വികാരമിളക്കിവിടുകയാണ് എര്‍ദൊഗാന്‍ ഭരണകൂടം. ഫലത്തില്‍ ഇസ്ലാമിക ഭീകരവാദവുമായി സന്ധിചെയ്യുകയാണുണ്ടായത്. തികഞ്ഞ ഫാസിസ്റ്റ് നടപടികളിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ, ഒരു ചെറുവിരലെങ്കിലുമനക്കുന്നവരെ ഇല്ലായ്മചെയ്യുന്ന രീതിയാണ് അവലംബിക്കപ്പെട്ടത്. ഇതിന്‍റെ ഭാഗമായാണ് ഹെലന്‍ ബോലെക്ക് അംഗമായിരുന്ന സംഗീത ബാന്‍ഡായ ഗ്രൂപ്പ്  യോറത്തെ 2016ല്‍ നിരോധിച്ചത്. 

എര്‍ദൊഗാന്‍റെ ഇസ്ലാമിസ്റ്റ് തീവ്രവാദ ഭരണത്തിന്‍കീഴില്‍ 2015നുശേഷം ജനാധിപത്യത്തിത്തിന്‍റെ തകര്‍ച്ച അതിന്‍റെ പാരമ്യത്തിലെത്തുന്നതിനാണ് തുര്‍ക്കി സാക്ഷ്യംവഹിച്ചത്. തെക്കുകിഴക്കന്‍ പ്രവിശ്യയായ അനറ്റോളിയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവണ്‍മെന്‍റിന് അക്കാദമിക്കുകളും ബുദ്ധിജീവികളും ഒപ്പുവെച്ച ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. എര്‍ദൊഗാന്‍ അത് ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല അതിന് നേതൃത്വം നല്‍കിയവരെ പ്രതികാര നടപടിയെന്നോണം അറസ്റ്റുചെയ്യുകയുമുണ്ടായി. അതിന്‍റെ തുടര്‍ച്ചയായാണ്, ഭരണകൂടത്തിന്‍റെ സ്വേച്ഛാധിപത്യത്തെയും ജനാധിപത്യവിരുദ്ധ പ്രവൃത്തികളെയും പരസ്യമായി സംഗീതപരിപാടികളിലൂടെ വിമര്‍ശിക്കുന്ന ഗ്രൂപ്പുയോറത്തെ നിരോധിക്കുന്നതും. 

ഇസ്താംബൂളിലെ ദിയാര്‍ബക്കിര്‍ കുടുംബത്തില്‍ 1991ല്‍ പിറന്ന ഹെലന്‍ബോലെക്ക് തന്‍റെ ചെറു പ്രായത്തില്‍തന്നെ കലാരംഗത്ത് പ്രവര്‍ത്തിച്ചുവന്നു. തന്‍റെ രാജ്യത്തെക്കുറിച്ച് ഹെലന് ഒരു സ്വപ്നമുണ്ടായിരുന്നു, നീതിപുലരുന്ന രാജ്യമെന്ന സ്വപ്നം. അതായിരുന്നു അവളുടെ പാട്ടില്‍ നിറഞ്ഞുനിന്നത്. "എല്ലാവര്‍ക്കും നീതി" എന്ന ഹെലന്‍ എഴുതിയഗാനം ഏറെ ജനപ്രീതി നേടി. സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള മനുഷ്യന്‍റെ അവകാശത്തിന്‍റെയും സാധാരണക്കാരായ തൊഴിലാളികളുടെയും ശബ്ദമാണ് ഹെലന്‍റെ വരികളില്‍ ഉയര്‍ന്നുകേട്ടത്. ലോകം കണ്ട എക്കാലത്തെയും സാമ്രാജ്യത്വവിരുദ്ധ പോരാളിയായ ചെ ഹെലനെ എന്നും പ്രചോദിപ്പിച്ചിരുന്നു. ചെയെക്കുറിച്ചുള്ള അവരുടെ ഗാനങ്ങള്‍ക്ക് ആരാധകര്‍ ഏറെയായിരുന്നു. 
"ഓരോദിനവും തരുന്നത്
അടിച്ചമര്‍ത്തലും ക്രൂരതയും ചോരയുമാണ്
എന്നാലിത് എന്നും തുടരാനാവില്ല
ചൂഷണം ഇനിയും തുടരാനാവില്ല.
ഒരു പുതിയ ജീവിതമുണ്ടാകും
ഇവിടെയും എല്ലായിടത്തും"

"രാഷ്ട്രങ്ങളുടെ ഉറച്ച ശബ്ദം
മണ്ണും വിണ്ണും ഉടച്ചുതകര്‍ക്കുന്നു,
തഴമ്പാര്‍ന്ന മുഷ്ടികള്‍ വന്‍ ചുറ്റികപോല്‍
പതിക്കുന്നു,
വിപ്ലവത്തിന്‍റെ തിളങ്ങുന്നതിരകള്‍
നമ്മുടെയുലകത്തിന്മേല്‍ ചുഴലുന്നു.
സ്വേച്ഛാധിപതികള്‍ ഇല്ലാതെയാകുന്ന,
വിപ്ലവത്തിന്‍റെ വഴികളില്‍
കടലാസുപോലെ എരിഞ്ഞമരുന്ന,
ഒരുനാള്‍ വരും"

ഇങ്ങനെ, വിപ്ലവത്തിന്‍റെ ചൂടും ചൂരും ഉശിരും പകര്‍ന്നുനല്‍കുന്ന, ഇസ്താംബൂളിലെയും അങ്കാറയിലെയുമെല്ലാം തെരുവീഥികളില്‍ മുഴങ്ങിക്കേട്ട ശബ്ദം തുര്‍ക്കി ഭരണകൂടത്തിന്‍റെ സ്വസ്ഥത കെടുത്തുകതന്നെ ചെയ്തു. 

ഇസ്താംബൂളിലെ ഐഡില്‍ കള്‍ച്ചറല്‍ സെന്‍ററിലായിരുന്നു ഗ്രൂപ്പ് യോറം പ്രവര്‍ത്തിച്ചിരുന്നത്. 2016 നവംബറില്‍ യെര്‍ദൊഗാന്‍റെ പൊലീസ് നടത്തിയ റെയ്ഡില്‍ ഹെലനെയും മറ്റ് ഏഴുപേരെയും അറസ്റ്റുചെയ്തു. പൊലീസിനെ തടഞ്ഞുവെന്നും അപമാനിച്ചുവെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ പിന്നീട്, ഗ്രൂപ്പ് യോഗത്തിന് തുര്‍ക്കിയിലെ ഭീകര സംഘടനയായി മുദ്രകുത്തപ്പെട്ട റവല്യൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ടി ഫ്രന്‍റുമായി ബന്ധമുണ്ടെന്നാരോപിച്ച് ഗ്രൂപ്പ് യോറത്തെ ഗവണ്‍മെന്‍റ് നിരോധിച്ചു. ഐഡില്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നിരന്തരം കയറിയിറങ്ങിയ എര്‍ദൊഗാന്‍റെ പൊലീസ് സംഗീതോപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. അറസ്റ്റുചെയ്യപ്പെട്ട ബാന്‍ഡംഗങ്ങളെ "ഗ്രേ ലിസ്റ്റി'ല്‍ പെടുത്തി. 

"ജയിലിലെ തന്‍റെ അനുഭവങ്ങളെക്കുറിച്ച് ഒരിക്കല്‍ ഹെലന്‍ ഒരു അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്. "ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍, എണ്ണിയാല്‍ തീരാത്തത്ര മര്‍ദനമുറകള്‍ ഇവയ്ക്കെല്ലാം വിധേയമാക്കപ്പെട്ടെങ്കിലും തലയുയര്‍ത്തിപ്പിടിച്ചുതന്നെയാണ് ജയിലില്‍നിന്നുമിറങ്ങിയത്." ജയില്‍ മോചിതയാകുമ്പോള്‍ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നുംതന്നെ നിറവേറ്റപ്പെട്ടിരുന്നില്ല. ഹെലന്‍ തുടര്‍ന്നു പറയുന്നു, "പിന്നെ ഞങ്ങള്‍ ഞങ്ങളുടെ ശരീരത്തെതന്നെ മൈക്രോഫോണുകളാക്കി. കലാപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുക, വിപ്ലവകരമായ ഇടതുപക്ഷ സോഷ്യലിസ്റ്റ് വീക്ഷണം പുലര്‍ത്തുക-ഇതിന്‍റെ അടിസ്ഥാനത്തില്‍ കലാപരവും സാംസ്കാരികവുമായ പ്രവര്‍ത്തനം നടത്താന്‍ കഴിയണം. അതാണ് നമ്മുടെ ലക്ഷ്യം".

ഒന്നരവര്‍ഷത്തിലേറെ നീണ്ടുനിന്ന കോടതി വിചാരണയ്ക്കുശേഷം മുന്നിലുള്ള വഴി നിരാഹാര സമരമല്ലാതെ മറ്റൊന്നുമില്ല എന്ന് ഹെലന്‍ മനസ്സിലാക്കി. മറ്റു മാര്‍ഗങ്ങളൊന്നുമില്ലേ എന്ന് പലരും ചോദിച്ചു. 5 വര്‍ഷത്തെ തങ്ങളുടെ അനുഭവമാണ് അതിനുള്ള മറുപടി എന്നാണ് ഹെലന്‍ പറഞ്ഞത്. സംഗീതവേദികള്‍ നിരോധിച്ചപ്പോള്‍ അതിനെ മറികടക്കാന്‍ പല രീതികളും പരീക്ഷിച്ചു. ഒരുപക്ഷേ ചരിത്രത്തില്‍തന്നെ ഇത്തരമൊരു അനുഭവമുള്ള ഒരു സംഗീതഗ്രൂപ്പും കാണില്ല. നിരോധനത്തിനെതിരെ കുത്തിയിരുപ്പു സമരം നടത്തി. അതും തടഞ്ഞപ്പോള്‍ മറ്റ് രീതികള്‍ നോക്കി. സ്റ്റേഡിയങ്ങള്‍, പിക്ക് അപ്പ് ട്രക്കുകള്‍ അങ്ങനെ പലതും വേദിയാക്കി.  എന്നാല്‍ അതൊന്നും ഭരണകൂടം അനുവദിച്ചില്ല. ഏറ്റവും ഒടുവിലാണ് ഈ മാര്‍ഗം തെരഞ്ഞെടുത്തത്. ഗ്രൂപ്പ് യോറത്തിന്‍റെ നിരോധനവും അംഗങ്ങളുടെ മോചനവുമെന്നതില്‍കവിഞ്ഞൊന്നും അവര്‍ ആവശ്യപ്പെട്ടില്ല. അതൊട്ടു ചെവിക്കൊള്ളാന്‍ എര്‍ദൊഗാന്‍ ഭരണകൂടം ഒരടിപോലും മുന്നോട്ടുവന്നുമില്ല. ഭരണകൂടം തങ്ങളുടെ ആക്രണ ലക്ഷ്യം നിറവേറ്റുന്നത് തോക്കിന്‍ കുഴലിലൂടെയും കലയെ നിരോധിക്കുന്നതിലൂടെയുമെന്നത് ചരിത്രം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ കലാകാരരുടെ അസ്തിത്വം എക്കാലവും സാമ്രാജ്യത്വത്തിന് ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. സാമ്രാജ്യത്വം ഒരുപിടി ചൂഷകരെ പ്രതിനിധീകരിക്കുമ്പോള്‍ കല, ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ പക്ഷത്തുനിന്നും പോരാടുന്നു-ഇതാണ് ഹെലന്‍ കലയെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടായി പങ്കുവെച്ചത്. 

ഗ്രൂപ്പ് യോറത്തിനുമേലുള്ള നിരോധനം നീക്കണമെന്നും അന്യായമായി തുറുങ്കിലടച്ചിരിക്കുന്നവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട. 2019 മെയ്മാസത്തില്‍ സംഗീതജ്ഞരായ ബഹര്‍കുര്‍ട്ട്, ബാര്‍യെലെക്സല്‍, അലി അരോക്കെ എന്നിവര്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. സംഗീത പരിപാടികള്‍ തടയുന്നതും സാംസ്കാരിക കേന്ദ്രങ്ങള്‍ റെയ്ഡുചെയ്യുന്നതും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി, 2019 ജൂണിലാണ് ഹെലനും സഹപ്രവര്‍ത്തകനായ ഇബ്രാഹിം ഗോക്സെക്കും ഇവര്‍ക്കൊപ്പം നിരാഹാര സമരം ആരംഭിച്ചത്. സമരം ഒന്‍പത് മാസം പിന്നിട്ടശേഷം മാര്‍ച്ച് 11ന് ഹെലനെയും ഗോക്സെക്കിനെയും നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇരുവരും ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു. 

ദീര്‍ഘകാലത്തെ നിരാഹാരം ഹെലനെ ആളാകെ മാറ്റിയിരുന്നു. ചുറുചുറുക്കോടെ, തളരാതെ കാണികളില്‍ ആവേശമുണര്‍ത്തിപ്പാടിയ ഹെലന്‍ നിരാഹാര സമരത്തിന്‍റെ 250-ാം ദിനത്തില്‍ അറസ്റ്റുചെയ്യപ്പെടുമ്പോഴേക്കും മജ്ജയും മാംസവും നഷ്ടപ്പെട്ട് ജീവച്ഛവമായി കഴിഞ്ഞിരുന്നു. അറസ്റ്റുചെയ്ത് ആശുപത്രിയിലാക്കിയിട്ടും ജലപാനംപോലും ഉപേക്ഷിച്ചു. ജീവന്‍റെ ചെറിയ തുടിപ്പുമാത്രം അവശേഷിച്ചു. ഒടുവില്‍ ഏപ്രില്‍ 3ന്, നിരാഹാരത്തിന്‍റെ 288-ാം ദിനം അതും നിലച്ചു. മരിക്കുമ്പോള്‍ ഹെലന് 28 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഒപ്പം നിരാഹാരംകിടന്ന ഇബ്രാഹിം ഗോക്ചെക്കും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തിനു കീഴടങ്ങി. യഥാര്‍ഥത്തില്‍ ഭരണകൂടം നടത്തിയ ഈ കൊലയിലൂടെ ഹെലന്‍ രക്തസാക്ഷിയാവുകയായിരുന്നു. 

ഇവര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളൊന്നും ഗവണ്‍മെന്‍റ് അംഗീകരിച്ചില്ല. അംഗീകരിക്കുകയില്ലെന്നുതന്നെ ഹെലനും ബോധ്യമായിരുന്നു. നിലവിലെ ഭരണകൂടത്തിനെതിരെ, തന്‍റെ എക്കാലത്തെയും പ്രതിഷേധ രൂപമായിരുന്ന ശബ്ദത്തെ നിരോധിച്ചപ്പോഴാണ് ഹെലന്‍ തന്‍റെ ശരീരത്തെത്തന്നെ പ്രതിഷേധ രൂപമാക്കിയത്. ഒരാഴ്ചയല്ല, ഒരു മാസമല്ല, 288 ദിനരാത്രങ്ങളാണ് നിരാഹാരമനുഷ്ഠിച്ചത്. അത് ഹെലന്‍റെ അന്ത്യഗാനമായി. ഹെലന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ സംഘടനകളും നിരവധി പ്രവര്‍ത്തകരും എര്‍ദൊഗാന്‍ ഗവണ്‍മെന്‍റിനെതിരെ പ്രക്ഷോഭവുമായി വലിയതെരുവിലിറങ്ങി. 

ഇപ്പോഴുംതുര്‍ക്കിയില്‍ എര്‍ദൊഗാന്‍റെ  നേതൃത്വത്തില്‍ ഫാസിസ്റ്റ് ഭരണം തുടരുകയാണ്. തീവ്രവാദ വിരുദ്ധ നിയമത്തിന്‍റെപേരില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ വീടുകള്‍ റെയ്ഡ്ചെയ്യുക, അവരെ അറസ്റ്റ്ചെയ്യുക, അനധികൃതമായി കസ്റ്റഡിയില്‍വെച്ച് പീഡിപ്പിക്കുക, പത്രവാര്‍ത്തകള്‍ തടയുക, സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നവരെ നിയമനടപടിക്ക് വിധേയമാക്കുക എന്നിങ്ങനെ സമഗ്രാധിപത്യവാഴ്ചയുടെ ക്രൂരതകള്‍ തുര്‍ക്കിയിലെ ജനത അനുഭവിച്ചുവരികയാണ്. കോടതിയും നിയമസംവിധാനവുമെല്ലാം സര്‍ക്കാരിന്‍റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നത്. കോടതികള്‍ക്ക് സ്വാതന്ത്ര്യമില്ല; അവ സര്‍ക്കാരിന്‍റെ പൂര്‍ണ നിയന്ത്രണത്തിലാണ്. ജനാധിപത്യം, നിയമവാഴ്ച, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം ഇവയെല്ലാം അവിടെ അന്യമായിക്കൊണ്ടിരിക്കുകയാണ്. അതിനെതിരായ പോരാട്ടങ്ങളിലൂടെയാണ് തുര്‍ക്കി ജനത കടന്നുപോകുന്നത്. ഈ പോരാട്ടങ്ങള്‍ക്ക് കരുത്തും ഊര്‍ജവുമാണ് ഹെലന്‍റെ രക്തസാക്ഷിത്വം. ഹെലന്‍റെ പാട്ടും വരികളും സംഗീതവും ഇപ്പോഴും തെരുവുകളില്‍, പോരാട്ടവേദികളില്‍ മുഴങ്ങികേള്‍ക്കുന്നു. •