ജനാര്‍ദനനും സുബൈദുമ്മയും മനുഷ്യസ്നേഹത്തിന്‍റെ ഉദാത്ത മാതൃകകള്‍

പി വി അഖിലേഷ്

"ഞാനൊരു യഥാര്‍ഥ കമ്യൂണിസ്റ്റുകാരനാണ്; കമ്യൂണിസ്റ്റ്കാരനെന്നു പറഞ്ഞാല്‍ നൂറുശതമാനം കമ്യൂണിസ്റ്റ് ആയിട്ടില്ല. ഒരയ്മ്പതു ശതമാനം. യഥാര്‍ഥ കമ്യൂണിസ്റ്റുകാരന്‍ എന്നു പറഞ്ഞാല്‍ സ്വന്തം ജീവന്‍ തന്നെ പാര്‍ടിക്കുവേണ്ടി ദാനം ചെയ്യണം എന്നുള്ളതാണ് കാഴ്ചപ്പാട്". കേരളം ഏറ്റെടുത്ത വാക്സിന്‍ ചലഞ്ചിന് തന്‍റെ ജീവിതസമ്പാദ്യമൊന്നാകെ നല്‍കിയ ജനാര്‍ദനന്‍ എന്ന മനുഷ്യസ്നേഹിയുടെ വാക്കുകളാണിത്. ബാങ്കില്‍ വന്ന് തന്‍റെ മൊത്തം ഡെപ്പോസിറ്റ് തുകയെത്രയെന്നന്വേഷിച്ച് ആ രണ്ടു ലക്ഷത്തിഎണ്ണൂറ്റിഅന്‍പത് രൂപയില്‍ രണ്ടുലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു മാറ്റി നടന്നു മറഞ്ഞ ആ മനുഷ്യനെപ്പറ്റി പിന്നീട് കേരളം അന്വേഷിക്കുകയായിരുന്നു. ക്യാമറയ്ക്കുമുന്നില്‍ വരാന്‍ മടിച്ച അദ്ദേഹം ഒടുവില്‍ മനസ്സുതുറന്നു:

"മുഖ്യമന്ത്രി ഒരു വാക്കുപറഞ്ഞിരുന്നു. വാക്സിനേഷന്‍ സൗജന്യമായി കൊടുക്കുമെന്ന്. എന്നാല്‍ നമ്മുടെ കേരളത്തിനു താങ്ങാന്‍ പറ്റാത്ത വെല കേന്ദ്ര ഗവണ്‍മെന്‍റ് നിശ്ചയിച്ചൂലോ. അന്നു രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. ബാങ്കില്‍ പോയി ദാനം ചെയ്തേനുശേഷമാണ് എനിക്ക് സമാധാനമായത്." എന്തുവന്നാലും എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഒരു വശത്ത്. മറുവശത്ത് വാക്സിനു കൊള്ളവില നല്‍കണമെന്ന മോഡി ഗവണ്‍മെന്‍റിന്‍റെ പ്രഖ്യാപനം. മുഖ്യമന്ത്രി മുന്നോട്ടുവച്ച, എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ കിട്ടണം എന്ന ഉറച്ച തീരുമാനത്തിനു മുന്നില്‍ പിന്നെ ഒന്നും ഇദ്ദേഹത്തിനു തടസ്സമായില്ല. പിന്നെ നേരെ കേരള ബാങ്കിലേക്കുചെന്ന് തന്‍റെ ഏകസമ്പാദ്യം, വാക്സിന്‍ ചലഞ്ചിലേക്ക് നല്‍കി. ചികിത്സയ്ക്കു പണമില്ലാത്തവരുടെ വേദന അദ്ദേഹത്തിനറിയാം. ഒരു വര്‍ഷം മുമ്പ് ഭാര്യ രജനി തലച്ചോറില്‍ ക്യാന്‍സര്‍ വന്ന് ഒന്നരമാസം വെന്‍റിലേറ്ററില്‍ കിടന്നപ്പോള്‍ അതനുഭവിച്ചറിഞ്ഞതാണ്. ആ വേദന മറ്റൊരാളും നേരിടാന്‍ ഇടവരരുത്. 36 വര്‍ഷമായി ബീഡിത്തൊഴില്‍ ചെയ്യുന്ന അദ്ദേഹത്തോട് ഇനി എങ്ങനെ ജീവിക്കും എന്നു ചോദിച്ചാല്‍ ഇങ്ങനെപറയും: "ആഴ്ചയില്‍ 3500 ബീഡിതെറുത്താല്‍ 1000 രൂപ കിട്ടും. പിന്നെ ക്ഷേമപെന്‍ഷനുണ്ട്"- ജീവിക്കാന്‍ അതുമതി ഈ മനുഷ്യസ്നേഹിക്ക്. ഉള്ളത് ഇല്ലാത്തവര്‍ക്കുകൂടി പങ്കുവച്ച്, ഇനി തനിക്കുകിട്ടുന്നതുകൊണ്ട് ഇനിയുള്ള കാലം കഴിയാം എന്ന ഉദാത്ത മനുഷ്യസ്നേഹത്തിന്‍റെ മാതൃകയായ കണ്ണൂര്‍ കുറവ ചാലാടന്‍ വീട്ടിലെ ജനാര്‍ദനന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ മാനവികതയാണ് ഇന്ന് കേരളത്തിനാകെ കരുത്തും പ്രചോദനമാകുന്നത്.

കാരുണ്യവുമായി വീണ്ടും സുബൈദുമ്മ
സുബൈദുമ്മ ഇതാദ്യമായല്ല, മനുഷ്യസ്നേഹത്തിന്‍റെ മഹനീയ മാതൃകയാകുന്നത്. പ്രളയത്തില്‍ കേരളം തകര്‍ന്നപ്പോള്‍ തന്‍റെ ഉപജീവനമാര്‍ഗമായ ആടിനെ വിറ്റ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവര്‍ നല്‍കിയിരുന്നു. ഇന്നു വീണ്ടും സുബൈദുമ്മയുടെ നന്മയുടെ കരങ്ങള്‍ നീളുകയാണ്. എല്ലുമുറിയെ, ചായക്കടയില്‍ പണിയെടുത്തുണ്ടാക്കി വാങ്ങിയ ആടിനെ വിറ്റ്, ആ പണം സുബൈദുമ്മ വാക്സിന്‍ ചലഞ്ചിലേക്കു നല്‍കി. എല്ലാവരും വാക്സിന് വില നല്‍കണമെന്ന് വാര്‍ത്തയില്‍ കേട്ട ഉടനെതന്നെ തന്‍റെ അധ്വാനത്തിന്‍റെ ഒരു പങ്ക് വാക്സിന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് ആ ഉമ്മ തീരുമാനിച്ചു. പണമായി വലിയ തുകയൊന്നും കയ്യിലില്ലാത്തതുകൊണ്ട് പോറ്റിവളര്‍ത്തിയ ആടിനെ വിറ്റ് ആ തുക കൈമാറി. അങ്ങനെ സുബൈദുമ്മ വീണ്ടും തന്‍റെ കാരുണ്യത്തിന്‍റെ കരങ്ങള്‍ നീട്ടുകയാണ്.

ഇങ്ങനെ, ഏതു പ്രളയത്തിലും മഹാമാരിയിലും ജനാര്‍ദനനെയും സുബൈദുമ്മയെയും പോലുള്ള മനുഷ്യസ്നേഹികള്‍ കേരളത്തിനു കരുത്താകുകയാണ്. അപരസ്നേഹത്തിന്‍റെ ഈ മനുഷ്യമാതൃകകളാണ് ഏത് ആപത്ഘട്ടത്തിലും ഏതു പ്രതിസന്ധിയിലും കേരളത്തിനു പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കുന്നത്. •