ബിജെപിയുടെ ദേശസ്നേഹവും കള്ളപ്പണവും

റഷീദ് ആനപ്പുറം

ബിജെപിയുടെ കള്ളപ്പണം ഇടപാട് ഇന്ന് കൈയോടെ പിടിക്കപ്പെട്ടിരിക്കുകയാണല്ലൊ. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ പണാധിപത്യംകൊണ്ട്  നേരിടാനാണ് ബിജെപി ശ്രമിച്ചത്. ഇതിനായി കര്‍ണാടകയില്‍നിന്നും മറ്റും കോടികള്‍ കേരളത്തിലേക്ക് അവര്‍ ഒഴുക്കി. അതും ബ്ലാക് മണിയായി. അക്കാര്യം വെളിപ്പെടുന്നത് കഴിഞ്ഞ ദിവസം തൃശൂര്‍ കൊടകരയില്‍ കുഴല്‍പ്പണം കൊള്ളയടിക്കപ്പെട്ടപ്പോഴാണ്. ബിജെപിക്കായി എത്തിയ പണമായിരുന്നു അത്. കൊള്ള സംഘത്തിന് പിറകില്‍ ആസൂത്രകരായും പ്രവര്‍ത്തിച്ചത് ബിജെപി നേതാക്കള്‍തന്നെ ആണ് എന്ന വിവരവും പുറത്തുവന്നു. ഉത്തരേന്ത്യന്‍ മോഡലില്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള  ശ്രമമാണ് ബിജെപി കേരളത്തില്‍ നടത്തിയതെന്ന് ഇതോടെ വ്യക്തം. ബിജെപിയുടെ പണമൊഴുക്കല്‍ എല്‍ഡിഎഫ് ചൂണ്ടിക്കാട്ടിയതാണ്.  

 രാജ്യത്ത് രാഷ്ട്രീയ പാര്‍ടികളുടെ കള്ളപ്പണത്തെക്കുറിച്ച് ആദ്യമായി വലിയ ചര്‍ച്ച നടന്നത് 1991ലാണ്. ജയിന്‍ ഹവാല കേസില്‍. ഹവാല (കള്ളപ്പണം)യുമായി അറസ്റ്റിലായ ജെയിന്‍ സഹോദരന്‍മാരുടെ വീട്ടില്‍ സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെടുത്ത ഡയറിയിലെ പേരുകള്‍ കണ്ട് സിബിഐതന്നെ ഞെട്ടി. എല്‍കെ അദ്വാനിയും വി സി ശുക്ലയും ദേവിലാലും...അങ്ങനെ പലരും. രാജ്യത്ത് ഇതു വലിയ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. ഒടുവില്‍ അന്വേഷണം ആവിയായി. സിപിഐഎം ഉള്‍പ്പെടെ ഇടത് പാര്‍ടികളുടെ നേതാക്കളുടെ പേര് മാത്രമേ അതിലില്ലാത്തതായുള്ളു. അന്ന് ഇന്ത്യ ഭരിച്ച കോണ്‍ഗ്രസും ബിജെപിയും എല്ലാം ഡയറിയിലുണ്ട്. കൊടുത്ത പണത്തിന്‍റെ കണക്കുമുണ്ട്. ഈ കള്ളപ്പണമിടപാട് പിന്നെയും തുടര്‍ന്നുകൊണ്ടേയിരുന്നു. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ മൂന്നിന് കൊടകരയില്‍ കൊള്ളയടിക്കപ്പെട്ട കോടികള്‍.

മെയ് ആറിനു നടന്ന തിരഞ്ഞെടുപ്പില്‍ ചെലവഴിക്കാനായി ബിജെപിക്ക് കര്‍ണാടകയില്‍നിന്ന് കള്ളപ്പണമായി കൊണ്ടുവന്ന മൂന്നരക്കോടിരൂപ മൂന്നാം തീയതി കൊടകരയില്‍വെച്ച് ക്വട്ടേഷന്‍ സംഘം കൊള്ളയടിക്കുന്നു. ഇവര്‍ ഒറ്റുകൊടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പണം കൊണ്ടുവന്നത് ബിജെപിക്കാണെന്ന് വ്യക്തമായത്. മൂന്നു ജില്ലകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫണ്ടായിരുന്നു അത്. ഈ പണം കൊള്ളയടിക്കാന്‍ ക്വട്ടേഷന്‍സംഘത്തെ ചുമതലപ്പെടുത്തിയതും ബിജെപി നേതാക്കളാണെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. എന്നാല്‍ ബിജെപി ബന്ധം സംബന്ധിച്ച് എല്ലാ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവമോര്‍ച്ച മുന്‍ നേതാവിനെ ചോദ്യം ചെയ്തു. അറസ്റ്റിലായ പല പ്രതികളും ബിജെപിക്കാരാണ്.

ഉത്തരേന്ത്യന്‍ മോഡലില്‍  തിരഞ്ഞെടുപ്പ് ഓപ്പറേഷനാണ് ബിജെപി കേരളത്തില്‍ നടത്തിയത്. ആദ്യം മതവും വിശ്വാസവും പറഞ്ഞു. ശബരിമലയെ അതിനായി വലിച്ചിഴച്ചു. എന്നാല്‍ മതനിരപേക്ഷതയുടെ ഈ മണ്ണില്‍ അത് വിജയിക്കില്ലെന്ന് ബിജെപിക്ക് ബോധ്യമായി. അതോടെ പിന്നെ പണം ഒഴുക്കി വോട്ട് നേടാനാകുമോ എന്നായി നോട്ടം. ചാക്കിട്ട് എംഎല്‍എമാരേയും എംപിമാരെയും സ്വന്തം ക്യാമ്പിലെത്തിച്ച് നല്ല പരിചയമുള്ള ബിജെപി അക്കാര്യം ഇവിടെയും പയറ്റാന്‍ നോക്കി. അതിനായി ചില 'പ്രഗത്ഭരെ' റിക്രൂട്ട് ചെയ്തു. അവര്‍ തലസ്ഥാനത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ തമ്പടിച്ചു. ഇവര്‍ വഴിയാണ് കള്ളപ്പണം കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. എല്ലാ മണ്ഡലങ്ങളിലേക്കും ഇങ്ങനെ പണം  എത്തിയിട്ടുണ്ട്. ഇതിന്‍റെ ഒരഗ്രം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്.  മാത്രമല്ല, 37 സീറ്റ് കിട്ടിയാല്‍ കേരളം തങ്ങള്‍ ഭരിക്കുമെന്ന് ബിജെപി പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചതും പണച്ചാക്കിന്‍റെ ബലത്തിലാണ്. കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്നു അവരുടെ മനസ്സില്‍.

 കേരളത്തില്‍ ആദ്യമായല്ല  തിരഞ്ഞെടുപ്പ് ഫണ്ടായി കള്ളപ്പണം എത്തുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണമുള്ള കാലത്ത് എല്ലാ തിരഞ്ഞെടുപ്പുകളിലും എഐസിസി പണം എത്തിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തില്‍ ഒരു കോടിരൂപവരെ ഇങ്ങനെ എത്തിയിട്ടുണ്ട്. മുമ്പ് വടകര പാര്‍ലമെന്‍റ് മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് കൊണ്ടുവന്ന ഒരു കോടിരൂപ അടങ്ങിയ പെട്ടി തീവണ്ടിയില്‍ 'കൊള്ളയടിക്ക'പ്പെട്ട സംഭവം ഓര്‍ക്കുകയാണ്. കോണ്‍ഗ്രസിലെ ഒരു വിഭാഗം ആസൂത്രണം ചെയ്തതായിരുന്നു ആ കൊള്ള എന്ന് അന്ന് പ്രചാരണമുണ്ടായിരുന്നു. സംഭവം അന്വേഷിക്കാന്‍ കെപിസിസിയും എഐസിസിയും സമിതിയെ നിയോഗിച്ചെങ്കിലും ഒന്നും നടന്നില്ല. അതുകൊണ്ടാകാം ബിജെപിയുടെ കുഴല്‍പ്പണം ഇടപാടിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ കാര്യമായി പ്രതികരിക്കാത്തത്.

 രാജ്യത്തെ ഏറെ പിടിച്ചുലച്ചതാണ് നോട്ട് നിരോധനം. അതിനായി മോഡിയും ബിജെപിയും പ്രധാനമായി പറഞ്ഞ കാരണം കള്ളപ്പണം കണ്ടെത്തലായിരുന്നു. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ അതുവഴി ശുദ്ധീകരിക്കാമെന്നും അവര്‍ പറഞ്ഞു. ആ ബിജെപിയാണ് ഇവിടെ കള്ളപ്പണത്തിന്‍റെ കൈകാര്യ കര്‍ത്താക്കള്‍ എന്നത് ഏറെ രസകരമാണ്. ബിജെപി അങ്ങനെയാണ്.

കൊടകര കള്ളപ്പണം കേസ് വരും നാളുകളില്‍ ബിജെപിയുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യും. പല പ്രമുഖരും അകത്താകും. ആര്‍എസ്എസിനും ഇതില്‍നിന്ന് ഒഴിഞ്ഞു മാറാനാകില്ല. തിരഞ്ഞെടുപ്പു ഫലംകൂടി പുറത്തുവരുന്നതോടെ കോടികളുടെ പണമിടപാട് സംബന്ധിച്ച അടി ബിജെപിയില്‍ ശക്തിപ്പെടും. •