മുഖം വികൃതമായതിന് കണ്ണാടി എന്തു പിഴച്ചു?

ഗിരീഷ് ചേനപ്പാടി

രാജ്യത്തെ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ കുത്തിവെയ്പ് നല്‍കില്ലെന്നാണല്ലോ മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ആ പ്രായക്കാര്‍ 60 കോടിയോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നുപറഞ്ഞാല്‍ ജനസംഖ്യയില്‍ പകുതിയോളം വരുന്നവര്‍ ഒന്നുകില്‍ സ്വന്തം ചെലവില്‍ കുത്തിവെയ്പ് എടുക്കണം അതല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആ ചെലവ് വഹിക്കണം.

കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയാണല്ലോ ഇന്ത്യയില്‍ പ്രതിരോധ കുത്തിവെയ്പിന് നല്‍കുന്ന രണ്ടു മരുന്നുകള്‍. സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് ഉല്‍പാദിപ്പിക്കുന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത ഈ മരുന്നിന് പേറ്റന്‍റിനത്തില്‍ പണം ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിക്ക് നല്‍കേണ്ടതില്ല എന്ന് അവര്‍ വ്യക്തമാക്കിയതാണ്. കോവിഷീല്‍ഡ് നിര്‍മിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതിചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ തീരുവകളും ഇളവുചെയ്തു. എന്നു മാത്രമല്ല 4500 കോടി രൂപയുടെ സാമ്പത്തിക സഹായം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍മാണാവശ്യത്തിനായി നല്‍കുകയും ചെയ്തു. 160 രൂപയ്ക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന ഈ വാക്സിന്‍ 300 രൂപയ്ക്കേ സംസ്ഥാനങ്ങള്‍ക്ക് നല്‍കു എന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്. 400 രൂപ എന്നാണ് അവര്‍ ആദ്യം പറഞ്ഞത്. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് 300 ആക്കിയത്. 600 രൂപയ്ക്കേ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കൂ. 160 രൂപയ്ക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കുമ്പോഴും തങ്ങള്‍ക്ക് ന്യായമായ ലാഭം ലഭിക്കുന്നുണ്ടെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സിഇഒ തന്നെ തുറന്നുപറഞ്ഞത്. 


സ്വകാര്യ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്തതാണ് കോവാക്സിന്‍. ഒരു ഡോസിന് 150 രൂപയ്ക്കാണ് കമ്പനി കേന്ദ്രസര്‍ക്കാരിന് അത് വില്‍ക്കുന്നത്. അതേ സാധനം സംസ്ഥാന സര്‍ക്കാരിനു ലഭിക്കണമെങ്കില്‍ 600 രൂപ കൊടുക്കണം. സ്വകാര്യ ആശുപത്രികള്‍ക്ക് ലഭ്യമാകണമെങ്കില്‍ 1200 രൂപ കൊടുക്കണം. ഇങ്ങനെ വില നിശ്ചയിക്കാനുള്ള മാനദണ്ഡം എന്താണെന്ന് ആരും ചോദിക്കരുത്. മോഡി ഭരണം അങ്ങനെയാണ്. കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ ഇഷ്ടത്തിന് വില നിശ്ചയിക്കും. അതിന്‍റെ ഭാരം ജനങ്ങള്‍ ചുമന്നുകൊള്ളണം. മനുഷ്യത്വമില്ലായ്മയുടെയും അഹന്തയുടെയും ധിക്കാരത്തിന്‍റെയും വക്താക്കള്‍ ഇന്ത്യ ഭരിച്ചാല്‍ ഉണ്ടാകുന്ന അവസ്ഥയാണിത്.


അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ എങ്ങനെയും അവിടുത്തെ ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ പ്രതിരോധ കുത്തിവെയ്പുകള്‍ ഊര്‍ജിതമായി നടത്തിവരികയാണ്. എന്നാല്‍ ഇന്ത്യയില്‍ മോഡിയും കൂട്ടരും കമ്പോളശക്തികള്‍ക്ക് മനുഷ്യജീവനുകളെ എറിഞ്ഞുകൊടുക്കുകയാണ്. അതും ചെറുപ്പക്കാരെ.

കോവിഡ് പ്രതിരോധ കുത്തിവെയ്പിനുവേണ്ടി കേന്ദ്ര ബജറ്റില്‍ 35,000 കോടി രൂപ വകയിരുത്തിയിരുന്നു. പതിനെട്ടുവയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇപ്പോള്‍ പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നില്ല. അതിന് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. ഇന്ത്യയില്‍ 18ഉം അതില്‍ കൂടുതലും പ്രായമുള്ളവര്‍ 100 കോടി വരും. ഒരു ഡോസിന് 150 രൂപയേ കേന്ദ്രസര്‍ക്കാരിന് ചെലവുള്ളൂ. രണ്ടു ഡോസിനും കൂടി 300 രൂപ. എല്ലാവരും കുത്തിവെയ്പ് എടുത്താല്‍തന്നെ 30,000 കോടി രൂപയ്ക്ക് തീരാവുന്നതേയുള്ളു പ്രതിരോധ കുത്തിവെയ്പിന്‍റെ ചെലവ്. 

ഈ സ്ഥാനത്ത് 60 കോടി വരുന്ന യുവജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയ്പിന് ഒരു ഡോസിന് 600 രൂപയ്ക്ക് വിലയ്ക്കു വാങ്ങേണ്ടിവരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ചുമക്കേണ്ടിവരുന്ന ഭാരം എത്ര വലുതാണ്? സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസിന് 1,200 രൂപയ്ക്ക് വാങ്ങുന്ന ഒരു ഡോസ് അവരുടെ സര്‍വീസ് ചാര്‍ജും ചേര്‍ത്ത് കുത്തിവെയ്പ് എടുക്കുന്ന വ്യക്തികള്‍ എത്ര രൂപ നല്‍കിയാലാണ്? മാത്രമല്ല 18 - 45 പ്രായക്കാര്‍ക്ക് ഗവണ്‍മെന്‍റ് സംവിധാനത്തിലൂടെ കുത്തിവെയ്പ് എടുക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല. അവര്‍ സ്വകാര്യമേഖലയെ ആശ്രയിച്ചുകൊള്ളണമത്രേ? സ്വകാര്യമേഖലയെ ആശ്രയിക്കുന്നവര്‍ വന്‍ കൊള്ളയ്ക്ക് ഇരയാകും. 

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പല ഘട്ടങ്ങളിലായി മഹാമാരികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രോഗത്തിനു മരുന്നോ രോഗം വരാതിരിക്കാന്‍ പ്രതിരോധ മരുന്നുകളോ കണ്ടെത്താത്ത സമയത്തും രോഗത്തെ മെരുക്കാന്‍ കേന്ദ്രസര്‍ക്കാരാണ് നേതൃത്വം നല്‍കിയത്. പ്രതിരോധ കുത്തിവെയ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുകയായിരുന്നു ഇതുവരെയുള്ള പതിവ്. 1961 മുതല്‍ 1975 വരെ ഇന്ത്യയുടെ സ്വസ്ഥത കെടുത്തുകയും നിരവധി ജീവനുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്ത കോളറ,  1968-69 കാലത്ത് നാടിനെ നടുക്കിയ ഫ്ളൂ എന്നിവയെ മെരുക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളുടെമേല്‍ ഉത്തരവാദിത്വം കെട്ടിവയ്ക്കുകയായിരുന്നില്ല. അതുപോലെ 1974ല്‍ പടര്‍ന്നുപിടിച്ച സ്മോള്‍പോക്സ് ഇന്ത്യയ്ക്കുണ്ടാക്കിയ ദുരിതങ്ങള്‍ ചില്ലറയല്ല. കേന്ദ്രസര്‍ക്കാര്‍ അന്ന് നാഷണല്‍ സ്മോള്‍പോക്സ് ഇറാഡിക്കേഷന്‍ പ്രോഗ്രാം ആരംഭിച്ചു. ലോകത്തെ മൊത്തം സ്മോള്‍പോക്സ് രോഗികളില്‍ 60 ശതമാനവും ഇന്ത്യയിലായിരുന്നു. ലോകാരോഗ്യ സംഘടനയും സോവിയറ്റ് യൂണിയനും നിര്‍ണായകമായ സഹായം ഇന്ത്യയ്ക്കു നല്‍കി. അങ്ങനെയാണ് 1977ല്‍ സ്മോള്‍പോക്സിനെ തളയ്ക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചത്. 


1994ല്‍ സൂറത്തില്‍ പ്ലേഗ്ബാധ, 2002-2004 കാലത്ത് സാര്‍സ് വൈറസുകളുടെ അലട്ടല്‍, 2006ല്‍ ഡങ്കിപ്പനി, പിന്നീട് ചിക്കുന്‍ഗുനിയ, ഹെപ്പറ്റൈറ്റിസ് ബി, ജപ്പാന്‍ജ്വരം, നിപ്പ ഇങ്ങനെ ആഗോളവത്കരണകാലത്ത് പല പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചെങ്കിലും അന്നൊന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുനിന്നില്ല; പ്രതിരോധ കുത്തിവെയ്പുകളെയോ പ്രതിരോധ മരുന്നുകളെയോ കമ്പോളത്തിന്‍റെ ദയാദാക്ഷിണ്യത്തിന് വിട്ടുകൊടുത്തില്ല. എന്നാല്‍ മോഡി സര്‍ക്കാര്‍ ആ കടുംകയ്യും ഇന്ത്യയിലെ ജനങ്ങളോട് ചെയ്തിരിക്കുകയാണ്. 

മോഡി സര്‍ക്കാര്‍ പ്രതിരോധ കുത്തിവെയ്പിനോട് ആദ്യംമുതല്‍ തികഞ്ഞ അലംഭാവം കാണിച്ചത് കുത്തക കമ്പനികള്‍ക്ക് കൊള്ളയടിക്കാന്‍ ആസൂത്രിതമായി അവസരം ഒരുക്കാനായിരുന്നു എന്ന് സംശയിക്കണം. കാരണം ലോകരാജ്യങ്ങളെല്ലാംതന്നെ പ്രതിരോധമരുന്ന് കണ്ടെത്തിയ ഉടന്‍തന്നെ വാക്സിന്‍ ഉല്‍പാദിപ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. 2020 ആഗസ്തില്‍തന്നെ അമേരിക്ക 40 കോടി ഡോസ് വാക്സിന്‍ നിര്‍മിക്കാനുള്ള ഓര്‍ഡറാണ് മുന്‍കൂറായി നല്‍കിയത്. അവിടെ മൊത്തം ജനസംഖ്യ 2019ലെ കണക്കനുസരിച്ച് 32.82 കോടിയാണെന്നോര്‍ക്കുക. യൂറോപ്യന്‍ യൂണിയനാകട്ടെ 80 കോടി വാക്സിന്‍ വാങ്ങാന്‍ മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. അങ്ങനെ മിക്ക രാജ്യങ്ങളും തങ്ങളുടെ ജനതയുടെ ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ചു.


ഇന്ത്യയ്ക്ക് ആഭ്യന്തര വിപണിയില്‍ പ്രതിമാസം 7 മുതല്‍ 10 കോടി ഡോസ്വരെ വാക്സിന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്. ഇന്ത്യ കൃത്യമായിട്ട് ഉല്‍പാദിപ്പിച്ചില്ല എന്നു മാത്രമല്ല ഉല്‍പാദിപ്പിച്ച വാക്സിനുകളില്‍ 6 കോടിയോളം കയറ്റി അയയ്ക്കുകയും ചെയ്തു. 

കോവിഡിന്‍റെ രണ്ടാം തരംഗം ശക്തമാകുമെന്ന് ലോകാരോഗ്യ സംഘടന പലവട്ടം മുന്നറിയിപ്പു നല്‍കിയതാണ്. ഐഐടി കാണ്‍പൂരിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ 2021 മെയ് പകുതിയോടെ രണ്ടാം തരംഗം രൂക്ഷമാകുമെന്ന് മുന്നറിയിപ്പു നല്‍കിയതാണ്. അതൊന്നും പരിഗണിക്കാതെ നിഷ്ഠൂരമായ നിസ്സംഗത പുലര്‍ത്തിയ മോഡി സര്‍ക്കാര്‍ ഇപ്പോള്‍ വാക്സിന്‍ കൊള്ളയ്ക്ക് രാജ്യത്തെ ജനങ്ങളെ എറിഞ്ഞുകൊടുക്കുകയാണ്. 

രാജ്യത്തെ ജനങ്ങള്‍ പ്രാണവായുവിനുവേണ്ടി പിടയുന്നതിന്‍റെയും ദാരുണമായി മരിക്കുകയും  ചെയ്യുന്നതിന്‍റെ അനുഭവങ്ങളാണ് നിത്യവും റിപ്പോര്‍ട്ടുകളായി വരുന്നത്. രാജ്യത്തെ ഓക്സിജന്‍ ഉല്‍പാദനവും ആശുപത്രികളില്‍ കിടക്കകളുടെ എണ്ണവും കൂട്ടാന്‍ 2020 നവംബറില്‍തന്നെ പാര്‍ലമെന്‍റിന്‍റെ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചതാണ്. ഇതേ ആവശ്യംതന്നെ അതിനുംമുമ്പേ ആരോഗ്യരംഗത്തെ നിരവധി വിദഗ്ധര്‍ ആവശ്യപ്പെട്ടതാണ്; ലോകാരോഗ്യ സംഘടന മുന്നറിയിപ്പുനല്‍കിയതാണ്. അതിനോടെല്ലാം കുറ്റകരമായ അനാസ്ഥ കാണിക്കുകയും അങ്ങേയറ്റം ശാസ്ത്രവിരുദ്ധ സമീപനം സ്വീകരിക്കുകയുമാണ് മോഡി സര്‍ക്കാര്‍ ചെയ്തത്. അതിന്‍റെ വിലയാണിപ്പോള്‍ ഇന്ത്യന്‍ ജനത നല്‍കേണ്ടിവരുന്നത്. 

ദില്ലി-മദ്രാസ് ഹൈക്കോടതികള്‍ക്കും സുപ്രീം കോടതിക്കും കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിക്കേണ്ടിവന്നതിന്‍റെ കാരണവും മറ്റൊന്നല്ല. 

കോവിഡ് വാക്സിന് പല വില നിശ്ചയിക്കുന്നതില്‍ എന്താണ് ന്യായമെന്ന് സുപ്രീംകോടതിക്ക് മോഡി സര്‍ക്കാരിനോട് ചോദിക്കേണ്ടി വന്നു. വാക്സിന്‍ ജനങ്ങള്‍ക്ക് ആവശ്യത്തിന് ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ട ബിജെപി സര്‍ക്കാരിന്‍റെ കരണത്തേറ്റ അടിയാണത്. കേന്ദ്രസര്‍ക്കാര്‍ ഇഛാശക്തി കാട്ടിയാല്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെയോ ഭാരത് ബയോ ടെക്കിനെയോ നിലയ്ക്കുനിര്‍ത്താന്‍ ഒരു പ്രയാസവുമില്ല. 1897ലെ എപ്പീഡമിക് ഡിസീസസ് ആക്ടും 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക്സ് ആക്ടും ഇന്ത്യന്‍ പേറ്റന്‍റ് ആക്ടും കേന്ദ്രസര്‍ക്കാരിന് അതിനുള്ള അനുമതി നല്‍കുന്നുണ്ട്. അടിയന്തിര സാഹചര്യത്തില്‍ വാക്സിന്‍റെ നിര്‍മാണ-വിതരണങ്ങള്‍ ഏറ്റെടുത്ത് സര്‍ക്കാരിനുതന്നെ നിര്‍വഹിക്കാം; പുതിയ നിര്‍മാണ കമ്പനികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ ഉല്‍പാദിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കാം. 

അങ്ങനെ വിപുലമായ അധികാരങ്ങള്‍ കയ്യിലിരിക്കുമ്പോഴാണ് വാക്സിന്‍ നിര്‍മാണ കമ്പനികള്‍ വെയ്ക്കുന്ന ഡിമാന്‍ഡുകള്‍ അംഗീകരിച്ച്  മോഡി സര്‍ക്കാര്‍ തലകുമ്പിട്ടുനില്‍ക്കുന്നത് എന്നോര്‍ക്കണം. ഡോസ് ഒന്നിന് 150-160 രൂപയ്ക്ക് കേന്ദ്രസര്‍ക്കാരിന് വില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് ന്യായമായ ലാഭം ലഭിക്കുന്നുണ്ടെന്ന് കമ്പനികള്‍തന്നെ തുറന്നുപറയുമ്പോഴാണ് മോഡി സര്‍ക്കാര്‍ ഈ മഹാമാരിക്കാലത്തും കള്ളക്കളി നത്തുന്നത്; കണ്ണില്ലാത്ത ക്രൂരത ഇന്ത്യന്‍ ജനതയോടു ചെയ്യുന്നത്. 

കോവിഡ് പ്രതിരോധത്തില്‍ വന്ന വീഴ്ചകള്‍ തിരുത്താനല്ല ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പകരം വിമര്‍ശകരുടെ വായടപ്പിക്കാനാണ് സര്‍ക്കാര്‍ ആവേശം കാണിക്കുന്നത്. മോഡി സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ നടപടികളെ വിമര്‍ശിക്കുന്ന നൂറോളം പോസ്റ്റുകള്‍ ട്വിറ്റര്‍, ഫെയ്സ്ബുക്ക് എന്നിവയുള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍നിന്ന് നീക്കംചെയ്തത് അതിനുദാഹരണമാണ്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പോസ്റ്റുകള്‍ നീക്കിയതെന്ന് ട്വിറ്റര്‍ വ്യക്തമാക്കുകയുണ്ടായി. എംപിമാര്‍, എംഎല്‍എമാര്‍, സാഹിത്യരംഗത്തെ പ്രതിഭകള്‍, മാധ്യമ പ്രവര്‍ത്തകര്‍, സിനിമാ താരങ്ങള്‍, വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ ഇവരൊക്കെയിട്ട പോസ്റ്റുകളാണ് ഇങ്ങനെ നീക്കംചെയ്യപ്പെട്ടത്. 

അച്ചടി-ദൃശ്യ മാധ്യമങ്ങളെ പലതരം സമ്മര്‍ദങ്ങളിലൂടെയും ഭീഷണിയിലൂടെയും മൂക്കുകയറിടുന്ന മോഡി സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളെയും വെറുതെ വിടുന്നില്ല. ശരിക്കും സ്വന്തം മുഖം വികൃതമാകുന്നതിന് കണ്ണാടി എറിഞ്ഞു പൊട്ടിക്കുന്ന അതേ തന്ത്രം. വിമര്‍ശനങ്ങളോടു മുഖംതിരിക്കുക എന്നത് കാപട്യക്കാരുടെ ഒന്നാംതരം ലക്ഷണമാണ്. വെറുപ്പിന്‍റെയും ജനാധിപത്യവിരുദ്ധതയുടെയും പ്രത്യയശാസ്ത്രം പ്രായോഗികമാക്കുന്ന മോഡിയില്‍നിന്ന് അതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ? കുത്തക പ്രീണനത്തിനുവേണ്ടി എല്ലാം അടിയറവുവെയ്ക്കുന്നവരില്‍നിന്ന് മനുഷ്യത്വം പ്രതീക്ഷിച്ചിട്ടെന്തുകാര്യം? •