വാക്സിന്‍ പാറ്റന്‍റ് പാടില്ല

ലോകത്തെ 33 കമ്യൂണിസ്റ്റ് -വര്‍ക്കേഴ്സ് പാര്‍ടികളുടെ സംയുക്ത പ്രസ്താവന

ഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കോവിഡ് -19 മഹാമാരി മഹാദുരന്തത്തിന് കാരണമായിരിക്കുകയാണ്. ഈ കാലഘട്ടത്തില്‍ പല രാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് തൊഴിലാളികളെയാണ് ഈ രോഗം ബാധിച്ചത്; അവരുടെ ആരോഗ്യവും തൊഴിലും മാത്രമല്ല ജീവന്‍ പോലും നഷ്ടപ്പെടുകയുണ്ടായി. അതേസമയം തന്നെ, ഇതേ കാലഘട്ടത്തില്‍ അവശ്യം ആവശ്യമായ ഭക്ഷണസാധനങ്ങള്‍, ശുചിത്വമുള്ള  പദാര്‍ത്ഥങ്ങള്‍, മാസ്ക്, സര്‍വോപരി വാക്സിന്‍ എന്നിവ ചരക്കുകള്‍ എന്ന നിലയില്‍ വിറ്റഴിച്ചിരുന്ന ചില കമ്പനികള്‍ ലോകത്തിലെ തന്നെ അതിസമ്പന്നരായി. കൊള്ളലാഭമടിക്കുന്നതിനു വേണ്ടി മുതലാളിവര്‍ഗം ഈ മഹാമാരിയെ, തൊഴിലാളികളെ കൂടുതല്‍ കൂടുതല്‍ ചൂഷണം ചെയ്യുന്നതിനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ്.

2020 അവസാനം മുതല്‍ പ്രയോഗിച്ചു വരുന്ന പല വാക്സിനുകളും വികസിപ്പിച്ചത് ഔഷധ നിര്‍മാണ രംഗത്തെ കുത്തകകളാണ്. ഈ വാക്സിനുകളുടെ ക്ലിനിക്കല്‍  ഫലപ്രാപ്തിയെയും ഡോസുകളുടെ ഇടവേളയെയും സംബന്ധിച്ച് വൈവിധ്യമാര്‍ന്ന തലത്തിലുള്ള വിവരങ്ങളാണുള്ളത്. പ്രതികൂലമായ ചില കാരണങ്ങളാല്‍ അവയില്‍ ചിലത് ജാഗ്രതയോടെയാണ് പ്രയോഗിക്കേണ്ടതെങ്കിലും ഈ മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ അവയ്ക്ക് ഫലപ്രദമായ സംഭാവന നല്‍കാന്‍ കഴിയും. എന്നിരുന്നാലും ആദ്യത്തെ ഡോസ് കുത്തിവയ്പ്പ് എടുത്തശേഷം ഇതേവരെ ലോകജനസംഖ്യയിലെ 2.16 ശതമാനത്തോളം ആളുകള്‍ക്ക് മാത്രമാണ് പൂര്‍ണമായും വാക്സിന്‍ ലഭിച്ചത്.

പകര്‍ച്ചവ്യാധികളെ ചെറുക്കുന്നതിനുള്ള മുഖ്യമാര്‍ഗം വ്യാപകവും ദ്രുതഗതിയിലുള്ളതും ഫലപ്രദവുമായ ഇമ്യൂണൈസേഷനാണ്. ദൗര്‍ഭാഗ്യവശാല്‍ 21-ാം നൂറ്റാണ്ടിലെ മുതലാളിത്തത്തിന് കോവിഡ് -19 മഹാമാരിയില്‍ ഇതിനകം കണ്ടതുപോലെ ലോകവ്യാപകമായ ഒരു പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഈ അടിസ്ഥാന ഫോര്‍മുല നടപ്പിലാക്കാനുള്ള ശേഷിയില്ല. ഈ സാഹചര്യം സംജാതമാവാനുള്ള കാരണം വ്യക്തമാണ്: പൊതുഫണ്ട് ഉപയോഗിച്ചും ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെ കൂട്ടായ പരിശ്രമങ്ങളും കൊണ്ടാണ് വാക്സിന്‍ വികസിപ്പിക്കാനുള്ള ഈ പഠനങ്ങളെല്ലാം നടത്തപ്പെടുന്നതെങ്കിലും ബൗദ്ധിക സ്വത്തവകാശത്തിന്‍റെ പേരില്‍ അഥവാ പാറ്റന്‍റ് എന്ന് വിളിക്കപ്പെടുന്നതിന്‍റെ പേരില്‍ വലിയ മുതലാളിത്ത രാജ്യങ്ങളിലെ ഔഷധ നിര്‍മാണകുത്തകകള്‍ ആ പഠനം ഉപയോഗിച്ചുള്ള അന്തിമഉല്‍പ്പന്നം കൈയടക്കിയിരിക്കുകയാണ്. ഇന്ന് വളരെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമേ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുകയുള്ളൂ. അതിശക്തരായ സാമ്രാജ്യത്വരാജ്യങ്ങള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളതിലും അധികം വാക്സിന്‍ ഡോസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കൊണ്ടിരിക്കുന്നു; ഇപ്പോഴും ഭാവിയിലും ലഭ്യമാകുന്ന വാക്സിന്‍ സ്റ്റോക്കിന്‍റെ വലിയൊരു ഭാഗം കൈയടക്കുകയുമാണ്; തന്മൂലം നിരവധി രാജ്യങ്ങള്‍ക്ക്, മുഖ്യമായും സാമ്പത്തികമായി അല്‍പ്പംമാത്രം വികസിച്ച രാജ്യങ്ങള്‍ക്ക് തങ്ങളുടെ ജനസംഖ്യയില്‍ ചെറിയൊരു വിഭാഗത്തിനു മാത്രമേ വാക്സിനേഷന്‍ നല്‍കാന്‍ കഴിയുകയുള്ളൂ; അതെന്ന് എന്നതുപോലും അനിശ്ചിതാവസ്ഥയിലാണ്. തടയാനാവുന്ന മരണങ്ങള്‍പോലും തടയാന്‍ കഴിയാതിരുന്ന ആ രാജ്യങ്ങളിലെ പൗരരുടെ മരണത്തെക്കുറിച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണ് അവ.

പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍, ഏറ്റവും അപകടകരമായ അവസ്ഥ, സ്വന്തം ജനസംഖ്യയിലെ പരിമിതമായ ഒരു വിഭാഗത്തിനു മാത്രമേ വാക്സിനേഷന്‍ നല്‍കാന്‍ കഴിയൂവെന്നതാണ്. ഇത് വൈറസിന്‍റെ രൂപ പരിണാമത്തിന് സൗകര്യമൊരുക്കും; അങ്ങനെ ജനിതകമാറ്റം സംഭവിക്കുന്ന വൈറസുകള്‍ കൂടുതല്‍ മാരകമായിരിക്കും. ഇപ്പോള്‍ ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കോവിഡ് -19 മഹാമാരി അത്രപെട്ടെന്നൊന്നും ലോകത്തുനിന്ന് അപ്രത്യക്ഷമാകില്ല. സര്‍വോപരി, മുതലാളിത്തം സൃഷ്ടിച്ച സാമൂഹികവും പാരിസ്ഥിതികവുമായ സാഹചര്യങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് മറ്റു രീതികളിലൂടെയെങ്കിലും ഇത്തരം പകര്‍ച്ചവ്യാധികളെ മാനവരാശിക്ക് വീണ്ടും നേരിടേണ്ടതായി വരുമെന്നാണ്. ഈ വൈറസിനെ ഇല്ലാതാക്കാന്‍ ഫലപ്രദമായ ചികിത്സ ഉണ്ടാകുന്നതുവരെയോ വന്‍തോതിലും ദ്രുതഗതിയിലും വാക്സിനേഷന്‍ നടത്തുന്നതുവരെയോ കോവിഡ് -19 മഹാമാരി തുടരുന്നതാണ്; രോഗാതുരതയും മരണസാധ്യതയും പരമാവധി കുറച്ച് മാനവരാശിക്ക് കൊറോണ വൈറസിനൊപ്പം തുടര്‍ന്നും ജീവിക്കേണ്ടതായി വരുമെന്നതാണ് ഏറ്റവും മികച്ച സാഹചര്യം. അതിനാല്‍, പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള വാക്സിനുകള്‍ക്കും ചികിത്സയ്ക്കും മുന്‍ഗണന ലഭിക്കുന്നതിനുള്ള പോരാട്ടത്തിലേര്‍പ്പെടേണ്ടത് തൊഴിലാളിവര്‍ഗത്തിന്‍റെയും ജനസാമാന്യത്തിന്‍റെയും പൊതുതാല്‍പ്പര്യമാണ്.

പാറ്റന്‍റുകള്‍ അഥവാ ബൗദ്ധിക സ്വത്തവകാശം ആവശ്യാനുസരണം വാക്സിനുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നതല്ല; നേരെമറിച്ച് അത് ബഹുജനങ്ങളുടെ ഇമ്യൂണൈസേഷന്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയേയുള്ളൂ. 

എന്നാല്‍, കൊള്ളലാഭക്കൊതിയരായ കുത്തകകളുടെ "നേട്ട"ത്തിനായും അവര്‍ക്കിടയിലെ കിടമത്സരത്തിനായും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഒരു വിഷയത്തെയും നമുക്ക് വിട്ടുകൊടുക്കാനാവില്ല.

ലോകത്തിലെ കമ്യൂണിസ്റ്റ്- വര്‍ക്കേഴ്സ് പാര്‍ടികളെന്ന നിലയില്‍ ചില രാജ്യങ്ങള്‍ നടത്തിയ ഐക്യദാര്‍ഢ്യവും സഹകരണവും മുന്‍കൈയും പരിശ്രമങ്ങളും കണക്കിലെടുക്കുകയും വിലമതിക്കുകയും ചെയ്തുകൊണ്ട് ഞങ്ങള്‍ സംയുക്തമായി ചുവടെ ചേര്‍ക്കുന്ന ആഹ്വാനം നടത്തുന്നു:

പാറ്റന്‍റുകള്‍ എന്ന പേരിലുള്ള ബൗദ്ധിക സ്വത്തവകാശം എല്ലാ കോവിഡ് -19 വാക്സിനുകളുടെയും ഉപയോഗത്തിലുള്ളതോ വികസിപ്പിച്ചുവരുന്നതോ ആയ എല്ലാ ചികിത്സാ സംവിധാനങ്ങളുടെയും കാര്യത്തില്‍ പാറ്റന്‍റുകള്‍ എന്ന പേരിലുള്ള ബൗദ്ധിക സ്വത്തവകാശം റദ്ദു ചെയ്യുക; അതിനൊപ്പം എല്ലാ രാജ്യങ്ങളിലും ഇതിനു വേണ്ട നിയമനടപടികള്‍ക്ക് രൂപം നല്‍കുക.
വാക്സിനുകളുടെ ഉല്‍പ്പാദനവും വിതരണവും നിര്‍വഹണവും പൂര്‍ണമായും പൊതുസംവിധാനങ്ങളിലൂടെ തുടരണം; ഇതിനായി ജനകീയ ഇടപെടലുകള്‍ ശക്തിപ്പെടുത്തുകയും വേണം. പൊതു ആരോഗ്യസംവിധാനം അടിയന്തരമായും വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണം.

വാക്സിനുകള്‍ക്കുമേലുള്ള ഊഹക്കച്ചവടങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. വാക്സിനുകളെയും ചികിത്സാസംവിധാനങ്ങളെയും സംബന്ധിച്ച സര്‍വവിവരങ്ങളും അന്താരാഷ്ട്ര ശാസ്ത്ര സംഘടനകള്‍ക്ക് സുതാര്യമായ വിധം ലഭ്യമാക്കണം. സാര്‍വദേശീയ സൗഹാര്‍ദത്തിന്‍റെയും സഹകരണത്തിന്‍റെയും തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം, മത്സരാധിഷ്ഠിതമായിട്ടായിരിക്കരുത് ഈ രംഗത്തെ ഗവേഷണങ്ങളെല്ലാം.

വാക്സിന്‍ വിരുദ്ധ കാംപെയ്നുകളെയും അശാസ്ത്രീയമായ വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെയും കൃത്യമായി നേരിടണം.

തങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള പോരാട്ടത്തെ ജനങ്ങള്‍ ശക്തിപ്പെടുത്തണം. ലാഭത്തിനുമുന്നില്‍ ജനങ്ങളുടെ ജീവന്‍ ബലിയര്‍പ്പിക്കുന്ന കുത്തകകളുടെ താല്‍പ്പര്യങ്ങളുമായി നാം ഏറ്റുമുട്ടണം. •
(പ്രസ്താവനയില്‍ ഒപ്പുവെച്ച 33ലധികം കമ്യൂണിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടികളില്‍ സിപിഐ എമ്മും ഉള്‍പ്പെടുന്നു).