ശ്മശാനത്തിലേക്കു പോകുന്ന ഇന്ത്യയും മാധ്യമങ്ങളുടെ ശ്മശാന മൂകതയും

ജോണ്‍ ബ്രിട്ടാസ്

കൊറോണ മഹാമാരി സുനാമിയായി ഇന്ത്യയില്‍ വീശിയടിക്കുമ്പോള്‍ തൊണ്ണൂറുകളിലെ പാര്‍ലമെന്‍റ് ചര്‍ച്ചകളിലേക്കാണ് എന്‍റെ മനസ്സ് പോകുന്നത്. ലോകവ്യാപാരസംഘടന, അന്താരാഷ്ട്ര ഉടമ്പടികള്‍, പേറ്റന്‍റ് കരാറുകള്‍, ബൗദ്ധികസ്വത്തവകാശം തുടങ്ങി എളുപ്പത്തില്‍ കടിച്ചുപൊട്ടിക്കാന്‍ കഴിയാത്ത വിഷയങ്ങളാണ് അന്ന് പാര്‍ലമെന്‍റിലെ ഇരുസഭകളിലും ശബ്ദായമാനമായ ചര്‍ച്ചകള്‍ക്കു വഴിവെച്ചത്. ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ആഗോളവല്‍ക്കരണവും മുദ്രാവാക്യങ്ങളായി ഭരണകൂടം അംഗീകരിച്ച വേളയില്‍ ഇടതുപക്ഷ അംഗങ്ങളാണ് വേറിട്ടൊരു ശബ്ദവിന്യാസം പാര്‍ലമെന്‍റിലും പുറത്തും സൃഷ്ടിച്ചത്.

 ഇരുസഭകളും സാകൂതം റിപ്പോര്‍ട്ട് ചെയ്തിരുന്ന എന്‍റെ മനസ്സില്‍ അവശേഷിക്കുന്ന പല ശകലങ്ങളും ഇന്നത്തെ രൗദ്രതയാര്‍ന്ന അന്തരീക്ഷത്തോട് ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്നവയാണ്. വാക്സിനുകള്‍ ജനങ്ങള്‍ക്ക് അപ്രാപ്യമാവുകയും ജീവിതത്തിന്‍റെ സ്പന്ദനങ്ങള്‍ക്കുമേല്‍ ഔഷധ കമ്പനികള്‍ കോടാനുകോടി വാരിക്കൂട്ടുകയും ചെയ്യുമ്പോള്‍ രണ്ടര പതിറ്റാണ്ടു മുമ്പ് ഇടതുപക്ഷം നല്‍കിയ മുന്നറിയിപ്പുകള്‍ പ്രസക്തമായി ഭവിച്ചിരിക്കുകയാണ്. പൊതുനിക്ഷേപത്തെ മുന്‍നിര്‍ത്തി നടന്ന ഗവേഷണങ്ങളുടെ ഫലമായി കണ്ടുപിടിക്കപ്പെട്ട വാക്സിനുകളും ഔഷധങ്ങളും കുത്തക കമ്പനികളുടെ അത്യാര്‍ത്തിക്കാണ് ഇന്ന് ഉലയൂതിക്കൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ അതിദയനീയമായ നിഷ്ക്രിയത്വവും നിസ്സംഗതയും കഴിവുകേടും നടുക്കുന്ന സാഹചര്യമാണ് ഇന്ത്യയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ജീവനും സ്വത്തിനും സംരക്ഷണം എന്നത് ഓരോ ഇന്ത്യക്കാരന്‍റെയും മൗലികാവകാശമാണ്. എന്നാല്‍ പ്രാണനുവേണ്ടി പിടയുന്ന പതിനായിരങ്ങള്‍ക്കു മുന്നില്‍ ഭരണഘടനാ ശില്പികള്‍ എഴുതിവെച്ച ലിഖിതങ്ങള്‍ ജലരേഖകളാവുകയാണ്.

 ഒരു വര്‍ഷം മുമ്പ് കോവിഡിന്‍റെ ഒന്നാം തരംഗം വന്നപ്പോള്‍ തന്നെ അതു നമുക്കുള്ള മുന്നറിയിപ്പായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ കടന്നുപോയ ഭീതിജനകമായ വഴിത്താരയില്‍ നിന്ന് ഒട്ടേറെ പാഠങ്ങള്‍ പഠിക്കാന്‍ കഴിയുമായിരുന്നു. 2020 ജനുവരി മുതല്‍ ലോകത്ത് കോവിഡ് കവര്‍ന്നത് 30 ലക്ഷം പേരുടെ ജീവനാണ്. ഇതൊക്കെ ഏതൊരു ഭരണാധികാരിക്കും വിലപ്പെട്ട തിരിച്ചറിവുകള്‍ നല്‍കണമായിരുന്നു. കോവിഡ് സുനാമിയാണെന്നും നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് മനുഷ്യരാശിയെ അത് തള്ളിവിടുമെന്നും ഒരു വര്‍ഷം മുമ്പ് ലോകാരോഗ്യസംഘടന വിവിധ രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 ഒന്നാം തരംഗത്തില്‍തന്നെ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. അഞ്ചു കോടിയിലേറെ കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്‍റെ തലങ്ങും വിലങ്ങും പലായനത്തില്‍ ഏര്‍പ്പെട്ടത്. ഭക്ഷ്യസുരക്ഷിതത്വം തകിടംമറിഞ്ഞു. കേരളം മാത്രമാണ് സാമൂഹിക അടുക്കളയിലൂടെയും ഭക്ഷ്യകിറ്റിലൂടെയും വിശപ്പിനെ പ്രതിരോധിച്ചത്. ഏഴര കോടി ജനങ്ങള്‍ പുതുതായി പട്ടിണിയിലേക്ക് ആഴ്ന്നിറങ്ങിയെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സംഘടിത മേഖലയില്‍ തന്നെ അഞ്ചു കോടിയോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കണക്കുകള്‍ പെരുപ്പിച്ചുള്ള പാക്കേജുകളും വായ്പാ തിരിച്ചടവ് ദീര്‍ഘിപ്പിക്കലും ഒഴിച്ചുനിര്‍ത്തിയാല്‍ പാത്രം കൊട്ടിയും ടോര്‍ച്ച് തെളിയിച്ചും സമയം പാഴാക്കാനാണ് മോഡി സര്‍ക്കാര്‍ തയ്യാറായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ ലോക്ക്ഡൗണ്‍ എത്രകണ്ട്  ദുരിതം സമ്മാനിച്ചുവെന്ന് സര്‍ക്കാരിന് അറിയാത്തതല്ല. മറ്റൊരു തരംഗം വരുന്നതിനുമുമ്പ് വാക്സിനേഷന്‍ പ്രക്രിയകള്‍ക്ക് അലകും പിടിയും സമ്മാനിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുറവിളി കൂട്ടിയിട്ടും കേന്ദ്രം നിസ്സംഗതയിലാഴ്ന്നു. നാലുമാസം മുമ്പ് ആരംഭിച്ച വാക്സിനേഷന്‍റെ ബാലാരിഷ്ടത പോലും തീര്‍ക്കാന്‍ കേന്ദ്രത്തിനുകഴിഞ്ഞില്ല. രാജ്യത്തെ രണ്ടു ശതമാനം ജനങ്ങള്‍ക്ക് പോലും രണ്ടു ഡോസ് വാക്സിന്‍ നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വാക്സിനേഷന്‍റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശും മുന്നില്‍ നില്‍ക്കുന്നത് കേരളവുമാണെന്നത് ശ്രദ്ധേയം. ആസൂത്രണം എന്ന പദം മനസ്സിലാകുന്ന ഭരണാധികാരി ആയിരുന്നു മോഡി എങ്കില്‍ രണ്ടാം തരംഗത്തിന് മുന്‍പ് സാര്‍വത്രിക വാക്സിനേഷനുള്ള സമഗ്ര പദ്ധതിയും വാക്സിന്‍ ലഭ്യതയും ഉറപ്പുവരുത്തുമായിരുന്നു. മൂന്നും നാലും തരംഗങ്ങള്‍ കോവിഡിന്‍റെ  കാര്യത്തില്‍ അനിവാര്യമാണെന്ന മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും പ്രധാനമന്ത്രിയുടെ മുന്‍ഗണനകള്‍ മറ്റു ചിലതിനായിരുന്നു.

 കര്‍ഷകസമരം അടിച്ചമര്‍ത്തുക, പ്രക്ഷോഭകാരികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുക, ഭീഷണിയും പ്രീണനവും ഉപയോഗിച്ച് സിനിമ - ക്രിക്കറ്റ് താരങ്ങളെ കര്‍ഷക സമരത്തിനെതിരെ അണിനിരത്തുക, പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കുക, ജമ്മുകാശ്മീരിനെ കീറിമുറിക്കുക, തീവ്രദേശീയതയ്ക്കു മേല്‍ ധ്രുവീകരണം സൃഷ്ടിക്കുക, പൗരത്വനിയമം നടപ്പിലാക്കുവാന്‍ കരുക്കള്‍ നീക്കുക, കൗമാരക്കാരായ പെണ്‍കുട്ടികളെ പോലും രാജ്യദ്രോഹികളായിക്കണ്ട് തുറുങ്കില്‍ അടയ്ക്കുക, തിരഞ്ഞെടുപ്പുകളെ പണാധിപത്യവും പേശീബലവും കൊണ്ട് വീര്‍പ്പു മുട്ടിക്കുക എന്നിങ്ങനെയുള്ള കലാപരിപാടികളിലായിരുന്നു മോഡി അഭിരമിച്ചിരുന്നത്.

 ജനാധിപത്യത്തിന്‍റെ നാലാം നെടുംതൂണ്‍ എന്ന് സ്വയം അവകാശപ്പെടുന്നവരാണ് നമ്മുടെ മാധ്യമങ്ങള്‍. പ്രാണവായു കിട്ടാതെയുള്ള മരണം കൊലപാതകമാണെന്ന് ഡല്‍ഹി ഹൈക്കോടതി പോലും പറഞ്ഞിട്ടും നരേന്ദ്രമോഡി നഗ്നനാണെന്ന് പറയാനുള്ള തന്‍റേടം ഒരു മാധ്യമവും കാണിച്ചില്ല. ഇന്ത്യയിലെ പുകള്‍പെറ്റ അച്ചടി മാധ്യമങ്ങളുടെ മുഖപ്രസംഗവും മുഖ്യധാരാ ടെലിവിഷനുകളുടെ സംവാദ പരിപാടികളും അരിച്ചുപെറുക്കുന്നവര്‍ക്ക് ഒരു കാര്യം മനസ്സിലായി: ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കൊറോണയേക്കാള്‍ ഭയം നരേന്ദ്രമോഡിയെയാണെന്ന്. മാധ്യമങ്ങളുടെ ഭയപ്പാടില്‍ അടിവരയിട്ട് കൊണ്ടുതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഭീഷണി ഉപയോഗിച്ച് വിമര്‍ശന ശകലങ്ങളെ നിര്‍മാര്‍ജനം ചെയ്തത്. തന്‍റെ രാജിക്കുവേണ്ടിയുള്ള ഹാഷ് ടാഗിനെ പ്പോലും വെച്ച് പൊറുപ്പിക്കാന്‍ മോഡി ഇന്ന് ഒരുക്കമല്ല.

ആശുപത്രി കിടക്ക, ഓക്സിജന്‍ സിലിണ്ടര്‍, ഐസിയു ബെഡ്, വെന്‍റിലേറ്റര്‍ എന്നിങ്ങനെയുള്ള ഉല്‍ക്കണ്ഠകളായിരുന്നു ഒന്നാം തരംഗത്തില്‍ നമുക്കുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സുനാമിയില്‍ ശ്മശാനത്തില്‍ ഒരിടം എന്ന ആകുലത പേറിയാണ് ആയിരങ്ങള്‍ ഉഴറി നടക്കുന്നത്. 56 ഇഞ്ചിന്‍റെ നെഞ്ചളവ് അവകാശപ്പെടുന്ന ഭരണാധികാരിയുടെ മഹാരാജ്യത്തിന്‍റെ തലസ്ഥാനത്തെ കുറിച്ച് ലോക മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ പരിശോധിച്ചാല്‍ അപമാനഭാരം കൊണ്ട് തലകുനിക്കേണ്ടി വരും. ശ്മശാനങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ പാര്‍ക്കിംഗ് ഇടങ്ങളിലേക്കും പാര്‍ക്കുകളിലേക്കും എടുത്തെറിയപ്പെടുന്ന ദാരുണമായ കാഴ്ചകളാണ് ഈ മാധ്യമങ്ങളിലൂടെ നമ്മള്‍ കാണുന്നത്. ബിജെപി അവകാശപ്പെടുന്ന പോലെ ഇന്ത്യയോടോ ഇന്ത്യ ഭരിക്കുന്നവരോടോ പ്രത്യേകിച്ച് എന്തെങ്കിലും വിവേചനം ഇവര്‍ക്ക് ഉണ്ടായിട്ടല്ല. കോവിഡ് പ്രതിരോധത്തില്‍ പാളിയ ഡൊണാള്‍ഡ് ട്രംപിനെയും ബോറിസ് ജോണ്‍സണെയും ഇതിനേക്കാള്‍ നിശിതമായ ഭാഷയില്‍ ഈ മാധ്യമങ്ങള്‍ വലിച്ചുകീറി ഒട്ടിച്ചിട്ടുണ്ട്. 

ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും പരിപൂര്‍ണ്ണ പിന്‍ബലമില്ലാതെ ഒരു മഹാമാരിയെയും ലോകം തളച്ചിട്ടില്ല. എന്നാല്‍ ബിജെപിയും ആര്‍എസ്എസും നമ്മുടെ സമൂഹത്തില്‍ കുത്തിവെക്കുന്ന സംസ്കാരത്തിന്‍റെ ആകെത്തുക അശാസ്ത്രീയതയുടേതാണ്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച ഭരണകൂടവും ചങ്ങാത്ത മാധ്യമങ്ങളും കുംഭമേളയില്‍ 35 ലക്ഷംപേര്‍ വൈറസില്‍ കുളിച്ച് കയറുന്നത് നിര്‍വൃതിയോടെ കണ്ടുനിന്നു. യോഗിആദിത്യനാഥിന്‍റെ ഉത്തര്‍പ്രദേശില്‍ സാനിറ്റൈസറും ഇന്‍ഹേലറും ഒന്നും ആവശ്യമില്ല. ഗംഗാ ജലമാണ് സാനിറ്റൈസര്‍, ഗോമൂത്രം  സിദ്ധ ഔഷധവും. അപൂര്‍വ്വമായി മാത്രമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഈ പ്രാകൃതങ്ങളെ വിമര്‍ശിക്കാന്‍ സജ്ജമാകുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങളും നവമാധ്യമങ്ങളുമാണ് ഒരുപരിധിവരെയെങ്കിലും അശാസ്ത്രീയതയുടെ അസംബന്ധ നാടകങ്ങള്‍ തുറന്നുകാട്ടാന്‍ മുന്നോട്ടു വരുന്നത്.

 തൊണ്ണൂറുകളുടെ തുടക്കത്തിലെ പാര്‍ലമെന്‍റ് സമ്മേളനങ്ങളെ അനുസ്മരിച്ചായിരുന്നു ഈ ലേഖനം തുടങ്ങിയത്. പൊതുമുതല്‍ കൊണ്ടുള്ള ഗവേഷണങ്ങളുടെ ആകെത്തുകയെ ബൗദ്ധികസ്വത്തവകാശത്തിന്‍റെ പേരില്‍ സങ്കുചിത വ്യാപാര താല്പര്യങ്ങള്‍ക്ക് അടിയറവ് വയ്ക്കുമ്പോള്‍ ഭാവിയില്‍ ജനങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലായേക്കാമെന്ന് അക്കാലത്ത് ഇടതുപക്ഷം പാര്‍ലമെന്‍റില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കോവിഡ് വാക്സിന്‍  ഔഷധ നയങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ മുന്നറിയിപ്പുകള്‍ എത്രകണ്ട് ശരിയായിരുന്നു എന്ന് തെളിയുന്നു. ഇന്ത്യ സ്വദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്‍റെ വാക്സിനു പിന്നില്‍ പൊതു ഗവേഷണങ്ങളും പരീക്ഷണങ്ങളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കോവാക്സിന്‍ സംബന്ധിച്ച് ആറ് അന്താരാഷ്ട്ര പിയര്‍ റിവ്യൂ പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ടെന്ന് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് തന്നെ പറയുന്നുണ്ട്. ഈ ആറ് പഠനങ്ങളിലും ഭാഗഭാക്കായത് ഇന്ത്യയുടെ പൊതു ആരോഗ്യ ഗവേഷണ രംഗത്തുള്ള ശാസ്ത്രജ്ഞരാണ്. ഐസിഎംആര്‍ പോലുള്ള സ്ഥാപനങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണം ഈ സ്ഥാപനത്തിന് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പു തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും എന്തേ കോവാക്സിന്‍ ബൗദ്ധികസ്വത്തവകാശത്തിന്‍റെ പേരില്‍ ഇവര്‍ക്ക് മാത്രം ചാര്‍ത്തിക്കൊടുത്തു?

 നമ്മള്‍ വ്യാപകമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന കോവിഷീല്‍ഡിന്‍റെ ഉല്പാദനവും പൊതുധാരയില്‍ നിന്നാണ്. ഓക്സ്ഫോര്‍ഡിന്‍റെ ആസ്ട്രാസെനക  വാക്സിന്‍ ആണല്ലോ നമ്മുടെ കോവിഷീല്‍ഡ്. ആസ്ട്രാസെനക വാക്സിന്‍റെ വികസനത്തിനുള്ള 97 ശതമാനം ചെലവും ഇംഗ്ലണ്ടിലെ വിവിധ വകുപ്പുകളുടെയും അമേരിക്കയിലെ ശാസ്ത്രസ്ഥാപനങ്ങളുടേയും യൂറോപ്യന്‍ ചാരിറ്റി സംഘടനകളുടെയും വകയായിരുന്നു എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. എങ്കിലും അവസാനം ഇത് പേറ്റന്‍റില്‍ പെടുത്തി സ്വകാര്യ ഉല്‍പ്പന്നമായി മാറി.

 ലോകത്തെ ഇരുപതോളം നൊബേല്‍ സമ്മാന ജേതാക്കള്‍ പുറപ്പെടുവിച്ച പ്രസ്താവനകളില്‍ എഴുന്നു നില്‍ക്കുന്ന ചില വസ്തുതകളുണ്ട്. പത്ത് ഫാര്‍മാ കമ്പനികളുടെ നാലോ അഞ്ചോ മാസത്തെ ലാഭമുണ്ടെങ്കില്‍ ലോകത്തെ ജനങ്ങള്‍ക്കെല്ലാം സൗജന്യമായി വാക്സിന്‍ കൊടുക്കാം. പോളിയോ വാക്സിന്‍റെ കാര്യത്തില്‍ നമ്മള്‍ സ്വീകരിച്ച സമീപനമുണ്ട്. പോളിയോ പ്രതിരോധ തുള്ളികളെ പൊതുസ്വത്തായി നമ്മള്‍ പ്രഖ്യാപിച്ചു. ഇന്ത്യ സാര്‍വത്രിക ആരോഗ്യ പദ്ധതിയിലൂടെ 2014ല്‍ പോളിയോ നിര്‍മാര്‍ജനം ചെയ്തു. നരേന്ദ്രമോഡി അധികാരമേല്‍ക്കുന്നതിന് മുമ്പുതന്നെ ഇന്ത്യ പോളിയോ വിമുക്ത രാഷ്ട്രമായി എന്നര്‍ത്ഥം.

 സ്വകാര്യ മൂലധനത്തെ നിഷേധിക്കണമെന്ന് ഈ ലേഖകന്‍ പറയില്ല. ഗവേഷണങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും നവസങ്കേതവികസനങ്ങള്‍ക്കും ഇത് ബലമേകും. സ്വകാര്യ ലാഭത്തോടുള്ള മോഡിയുടെ പ്രണയത്തെ അംഗീകരിച്ചുകൊണ്ടുതന്നെ നമ്മുടെ വാക്സിന്‍ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാനും കഴിയും. ഭാരത് ബയോടെക്കും മറ്റ് ഏജന്‍സികളും മുടക്കിയ തുകയും അതിനുള്ള ലാഭവും അവര്‍ക്കുനല്‍കി വാക്സിന്‍ സങ്കേതത്തെ പൊതുമേഖലയില്‍ കൊണ്ടുവരാന്‍ കഴിയും. എന്നിട്ട് എണ്ണമറ്റ ഔഷധ കമ്പനികളെക്കൊണ്ട് ഇവ ഉല്‍പ്പാദിപ്പിച്ച് ജനങ്ങളുടെ ജീവസ്പന്ദനങ്ങളെ നിലനിര്‍ത്താം, കോവിഡ് മഹാമാരിയെ കീഴ്പ്പെടുത്താം. ഇതിനുള്ള നിശ്ചയദാര്‍ഢ്യവും ദിശാബോധവും മോഡി പ്രകടിപ്പിക്കാത്തതുകൊണ്ടാണ് ഇറങ്ങി പ്പോകൂ എന്ന്  ജനങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങിയത്.•