കച്ചവട താല്‍പര്യങ്ങള്‍ക്കുവേണ്ടി ജനങ്ങളെ കൊലയ്ക്കുകൊടുക്കുന്ന മോഡി സര്‍ക്കാര്‍

കെ ജെ ജേക്കബ്

ന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ നേരിടുന്നത് ഇരട്ട മഹാമാരിയാണ്: കോവിഡ്19 എന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാമാരി; അതോടൊപ്പം ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ ഏറ്റവും വലിയ കെടുകാര്യസ്ഥതയും കൊള്ളയും.

ഔദ്യോഗിക കണക്കനുസരിച്ച് ഇത് എഴുതുന്നതുവരെ ഒരുകോടി 80 ലക്ഷം  മനുഷ്യര്‍ക്ക് ഈ രോഗം ബാധിച്ചു. അതില്‍ 2 ലക്ഷം പേര്‍ മരിച്ചു. സമ്പദ്ഘടന ഒരു വര്‍ഷമായി മരവിപ്പിലാണ്. കഴിഞ്ഞ വര്‍ഷം രണ്ടു പാദവാര്‍ഷികങ്ങളില്‍ നെഗറ്റീവ് വളര്‍ച്ചയാണ് കാണിച്ചത്. കോടിക്കണക്കിനു തൊഴിലുകള്‍ ഇല്ലാതായി; കുടുംബങ്ങളുടെ വരുമാനം നിലച്ചു. ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ് നഗരങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു മടങ്ങിയത്.  

അതുകൊണ്ടുതന്നെ ഈ മഹാമാരിയെ നിലയ്ക്കുനിര്‍ത്തുക എന്നത് ഏതൊരു ഭരണകൂടത്തിന്‍റെയും പ്രാഥമിക പരിഗണനയില്‍ ഉണ്ടാവേണ്ടതാണ്. പക്ഷേ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിച്ച കെടുകാര്യസ്ഥത, അവസ്ഥ അങ്ങേയറ്റം വഷളാക്കുന്നതില്‍ എത്തിച്ചിരിക്കുകയാണ്; അതിനൊപ്പമാണ് മഹാമാരിക്കെതിരെയുള്ള ഏറ്റവുംനല്ല പ്രതിരോധമായി കരുതപ്പെടുന്ന വാക്സിന്‍ വച്ച് നടത്താന്‍ തയ്യാറെടുക്കുന്ന പതിനായിരക്കണക്കിന് കോടി രൂപയുടെ കൊള്ള.

ഓക്സിജനെവിടെ?മരുന്നെവിടെ? വാക്സിനെവിടെ?
ഇക്കഴിഞ്ഞ സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളിലാണ് ഒന്നാം തരംഗത്തില്‍ ഏറ്റവുമധികം ആളുകള്‍ രോഗബാധിതരായത്. ഏറ്റവും കൂടുതല്‍ രോഗവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 16നാണ്: 97,860 പേര്‍. പിന്നീടിങ്ങോട്ട് രോഗവ്യാപനം കുറയുകയും ഫെബ്രുവരി രണ്ടാം വാരത്തില്‍ പതിനായിരത്തിലും താഴെയാവുകയും ചെയ്തു. അവിടെനിന്നാണ് ഇപ്പോള്‍, ഏപ്രില്‍ അവസാനം ആകുമ്പോഴേക്കും ഒരു ദിവസം മൂന്നുലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയില്‍ എത്തിയത്. ഇതെഴുതുന്ന ദിവസം രാജ്യമൊട്ടാകെ റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടത് 3.6 ലക്ഷം കേസുകളാണ്. ഏറ്റവുമധികം കൊറോണ ബാധിതര്‍ ഉള്ള അമേരിക്കന്‍ ഐക്യനാടുകളില്‍പ്പോലും ദിവസേനയുള്ള കേസുകള്‍ മൂന്നുലക്ഷം കവിഞ്ഞിട്ടില്ല.

ലോകത്ത് ഇതിനോടകം പതിനഞ്ചു കോടിയിലേറെപ്പേര്‍ക്ക് അസുഖം വന്നിട്ടുണ്ട്, അതില്‍ മുപ്പത്തൊന്നു ലക്ഷത്തോളം ആളുകള്‍ മരിച്ചിട്ടുണ്ട്. അതില്‍ ഏറിയ പങ്കും രോഗം വന്ന ആദ്യഘട്ടത്തില്‍, ഈ മഹാമാരിയെക്കുറിച്ച് അറിയാനോ തയ്യാറെടുക്കാനോ ഉള്ള സാവകാശം ലഭിക്കാത്ത സമയത്തായിരുന്നു. മരുന്നുകള്‍ ഉണ്ടോ, ഉള്ളവ എങ്ങനെ പ്രവര്‍ത്തിക്കും, ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ നടത്തേണ്ട അടിയന്തിര ഇടപെടലുകള്‍ എന്താണ്, രോഗം മൂര്‍ച്ഛിക്കുന്നതിന്‍റെ ലക്ഷണങ്ങള്‍ എന്താണ്, പകരുന്നത് എങ്ങിനെയാണ് എന്നൊക്കെയുള്ള പ്രാഥമികമായ അറിവുകള്‍ പോലും ഇല്ലാതിരുന്ന കാലം. വാക്സിന്‍ ഒരു സാധ്യതയായി മാത്രം നിന്ന കാലം. വളരെപ്പെട്ടെന്നു വന്ന ചുഴലിക്കാറ്റില്‍ പെട്ടതുപോലെ രാജ്യങ്ങള്‍ പതറിപ്പോയി. ആശുപത്രികള്‍, കിടക്കകള്‍, വെന്‍റിലേറ്ററുകള്‍, മരുന്നുകള്‍ ഒന്നും ആവശ്യത്തിന് ഇല്ലാതായി. മരിച്ചവരെ ആദരവോടെ അടക്കം ചെയ്യുന്നതിനുള്ള സൗകര്യംപോലുമില്ലാത്തതിന്‍റെ റിപ്പോര്‍ട്ടുകള്‍ വികസിത രാജ്യങ്ങളില്‍നിന്ന് നമ്മള്‍ കേട്ടു.  

എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയായിരുന്നില്ല സ്ഥിതി. ആദ്യഘട്ടം നമ്മള്‍ ഒരുവിധം വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു. മഹാമാരികള്‍ക്കു ഒരു രണ്ടാം വരവ് ഉണ്ടെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് തര്‍ക്കമില്ല. എന്നാല്‍ വേണ്ടത്ര തയ്യാറെടുപ്പു നടത്തുന്ന കാര്യത്തില്‍ കേന്ദ്രഭരണകൂടം കുറ്റകരമായ നിസ്സംഗതയാണ് കാണിച്ചത്. അതിന്‍റെ ഫലമാണ് ഇപ്പോള്‍ നാം അനുഭവിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ കാണുന്നത്, ലോകം കാണുന്നത്, ചികിത്സ കിട്ടാതെ, ശ്വാസം കിട്ടാതെ രോഗികള്‍ പിടഞ്ഞു മരിക്കുന്നതാണ്. പ്രധാനമായും ശ്വാസകോശത്തെ ആക്രമിക്കുന്ന ഒരു രോഗമാണ് കോവിഡ്. അവിടെ രോഗാണുകയറിയാല്‍ ശരീരത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ പ്രാണവായു അഥവാ ഓക്സിജന്‍ ലഭ്യമല്ലാതാകും. പിന്നെ അവയവങ്ങളോരോന്നായി, തലച്ചോറും ഹൃദയവും കിഡ്നിയും കരളുമുള്‍പ്പെടെപണിമുടക്കും; രോഗി മരണത്തിലേക്ക് നീങ്ങും. എന്നാല്‍ താല്‍ക്കാലികമായി ശ്വാസകോശത്തിന്‍റെ ജോലി ചെയ്യാനും ശരീരത്തിനാവശ്യമായ ഓക്സിജന്‍ എത്തിക്കാനും കഴിയുന്ന വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ പിടിച്ചു നിര്‍ത്താം. ആ യന്ത്രത്തിലേക്കു പക്ഷേ എത്തിക്കാന്‍ ഓക്സിജന്‍ വേണം.

ആദ്യ തരംഗ സമയത്തുതന്നെ സിലിണ്ടറുകളില്‍ എത്തുന്ന മെഡിക്കല്‍ ഓക്സിജന്‍റെ ലഭ്യതക്കുറവുണ്ടായിട്ടുണ്ട്, അതിനാല്‍ അവയുടെ ലഭ്യതയും വിലയും ഉറപ്പുവരുത്തണമെന്ന് ഒക്ടോബറില്‍ത്തന്നെ ആരോഗ്യവകുപ്പിനായുള്ള പാര്‍ലമെന്‍ററി കാര്യസമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കഴിഞ്ഞ ഏപ്രിലില്‍ത്തന്നെ നിതി ആയോഗിന്‍റെയും ശ്രദ്ധയിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, ഒരു വര്‍ഷത്തിനുശേഷം തങ്ങളുടെ രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാന്‍ ആശുപത്രി മാനേജ്മെന്‍റുകള്‍ കോടതി കയറിയിറങ്ങുന്ന അവസ്ഥയാണ്. അടുത്ത ലോഡു വരുന്നതുവരെ പിടിച്ചുനിര്‍ത്താന്‍ കൊടുത്തുകൊണ്ടിരുന്ന ഓക്സിജന്‍റെ അളവ് കുറച്ചപ്പോഴാണ് ഡല്‍ഹിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലെ 20 രോഗികള്‍ വെന്‍റിലേറ്ററില്‍ കിടന്നു ശ്വാസം മുട്ടി മരിച്ചത്. ഡല്‍ഹിയില്‍ മാത്രമല്ല, മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും അവസ്ഥ ഇതുതന്നെയാണ്.

അതിലും അമ്പരപ്പിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ടെടുത്ത നടപടികള്‍. അന്തരീക്ഷത്തില്‍നിന്ന് ഓക്സിജന്‍ വലിച്ചെടുക്കാവുന്ന 162 പ്ലാന്‍റുകള്‍ക്ക് പ്രധാനമന്ത്രി കെയേഴ്സ് ഫണ്ട് ജനുവരിയില്‍ പണമനുവദിച്ചു. ഏപ്രില്‍ അവസാനമാകുമ്പോഴേക്കും അതില്‍ 32 എണ്ണം മാത്രമാണ് സ്ഥാപിച്ചത്. കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ കീഴിലുള്ള സ്ഥാപനത്തിനായിരുന്നു ഇതിന്‍റെ ചുമതല എന്നുകൂടി ഓര്‍ക്കണം.    

മനുഷ്യര്‍ ശ്വാസം മുട്ടി മരിക്കുമ്പോഴും ഓക്സിജന് ക്ഷാമമില്ല എന്ന നിലപാടിലാണ് ബി ജെ പി നേതാക്കളായ ഭരണാധികാരികള്‍. ഓക്സിജന്‍ ക്ഷാമം ഉണ്ടെന്നു പറയുന്നവരെ ദേശീയ സുരക്ഷാ നിയമത്തിന്‍റെ കടുത്ത വകുപ്പുകള്‍ ഉപയോഗിച്ച് ജയിലില്‍ അടയ്ക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യുമെന്നാണ് ഉത്തര്‍പ്രദേശിന്‍റെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. ഹരിയാനയിലെ പ്ലാന്‍റില്‍നിന്നും ഓക്സിജന്‍ എടുക്കാന്‍ പോയ ഡല്‍ഹി ഭരണകൂടത്തിന്‍റെ ടാങ്കര്‍ ലോറി അവിടത്തെ പോലീസുകാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് തങ്ങള്‍ ആരോടാണ് സംസാരിക്കേണ്ടത് എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പരസ്യമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ചോദിക്കേണ്ടിവന്നു. ടാങ്കര്‍ ലോറികള്‍ക്ക് തടസ്സമുണ്ടാക്കിയാല്‍ അവരെ തൂക്കിലേറ്റുമെന്ന് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പു നല്‍കുന്നതുവരെയെത്തി കാര്യങ്ങള്‍.    

ഭരണാധികാരികള്‍ കൈയൊഴിഞ്ഞതോടെ കരിഞ്ചന്തയില്‍ ഓക്സിജന്‍ ഏറ്റവും വിലപിടിപ്പുള്ള ചരക്കായി. പതിനായിരമോ ഇരുപതിനായിരമോ ഒക്കെ വിലയുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ക്കു അഞ്ചും ആറും ഇരട്ടി വില നല്‍കി ആളുകള്‍ വാങ്ങി: കൊള്ളവിലയ്ക്കു പ്രാണവായു വാങ്ങി ജീവന്‍ നിലനിര്‍ത്തുക എന്നത് ഇന്ത്യക്കാരന്‍റെ മുന്‍പിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായി ഈ കാലത്തു മാറി.

എന്നാല്‍ ഈ നിലപാടല്ല ലോകത്തിനുള്ളത്. വാക്സിന്‍ നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചിരുന്ന അമേരിക്ക നിലപാട് മാറ്റി. ആദ്യം അമേരിക്കക്കാരെ വാക്സിനേറ്റ് ചെയ്യുക, അതിനുശേഷം ബാക്കി എന്ന നിലപാടിലായിരുന്നു ഏപ്രില്‍ മൂന്നാം വാരം വരെ ബൈഡന്‍ ഭരണകൂടം; എന്നാല്‍ ശ്വാസം മുട്ടിയുള്ള ഇവിടത്തെ മരണങ്ങള്‍ അവിടെ വന്‍തോതില്‍ ഭരണകൂടത്തിന്മേല്‍ സമ്മര്‍ദ്ദമുണ്ടാക്കി. 'എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരല്ല' എന്ന മഹാമാരിയുടെ പ്രാഥമിക നിയമം അവിടത്തെ പൊതുസമൂഹം ഭരണകൂടത്തെ ഓര്‍മ്മിപ്പിച്ചു. അവര്‍ പെട്ടെന്നുതന്നെ നയം മാറ്റി. ഓക്സിജന്‍ ലഭ്യമാക്കാനുള്ള ഉപകരണങ്ങളും പ്ലാന്‍റുകളും അതോടൊപ്പം വാക്സിന്‍ നിര്‍മാണത്തിനുള്ള വസ്തുക്കളും ഉടന്‍ കയറ്റി അയക്കാന്‍ അമേരിക്ക തീരുമാനിച്ചു. അമേരിക്കയിലെ നാല്പതോളം കമ്പനികളുടെ മേലുദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇന്ത്യയ്ക്ക് എങ്ങനെ സഹായം എത്തിക്കാം എന്നാലോചിക്കുകയാണ് ഇപ്പോള്‍. റഷ്യ, ഫ്രാന്‍സ്, യു എഇ, സൗദി അറേബ്യ, ചൈന, പാകിസ്ഥാന്‍ തുടങ്ങി പല രാജ്യങ്ങളും ഇന്ത്യയ്ക്ക് സഹായവുമായി എത്തിയിരിക്കുകയാണ്. ഈ നാട്ടില്‍ എന്താണ് നടക്കുന്നത് എന്ന് ഇന്ത്യന്‍ ഭരണാധികാരികളേക്കാള്‍  അവര്‍ക്കു ധാരണയുണ്ട് എന്ന് തോന്നിപ്പോകും പ്രതികരണങ്ങള്‍ കണ്ടാല്‍.  
   
വൈറസ് മൂലമുണ്ടാകുന്ന കോവിഡിനുള്ള കൃത്യമായ ചികിത്സ ഇപ്പോഴും ലഭ്യമല്ല. ചില ആന്‍റിവൈറല്‍ മരുന്നുകളും സ്റ്റീറോയിഡുകളുമൊക്കെയാണ് പരക്കെ ഉപയോഗിക്കപ്പെടുന്നത്. ഇതില്‍ റേംഡിസിവര്‍ എന്ന മരുന്നിനു ഇപ്പോള്‍ ഇന്ത്യയില്‍ പരക്കെ ക്ഷാമമാണ്. എന്തുകൊണ്ട് ഇങ്ങനെ വരുന്നു എന്ന് പല കോടതികളും ചോദിയ്ക്കാന്‍ തുടങ്ങി.

ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ യജ്ഞം എന്നവകാശപ്പെട്ടാണ് നരേന്ദ്ര മോഡി വാക്സിനേഷന്‍റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. മൂന്നുകോടി വരുന്ന ആരോഗ്യപ്രവര്‍ത്തകരെയും കോവിഡ് മുന്നണിപ്പോരാളികളേയും വാക്സിനേറ്റ് ചെയ്യുക എന്നതായിരുന്നു ആദ്യഘട്ടം. അടുത്ത ഘട്ടത്തില്‍ അറുപതു വയസിനു മുകളിലുള്ളവരെയും 45നു  മുകളില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവരെയും വാക്സിനേറ്റ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ആകെ മുപ്പതുകോടി ആളുകള്‍. പദ്ധതി ഇപ്പോള്‍ നാലുമാസം പിന്നിടാന്‍ പോകുന്നു. ലക്ഷ്യത്തിന്‍റെ പകുതി പോലും ആകുന്നതിനു മുന്‍പ് രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും വാക്സിന്‍ ക്ഷാമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നു.

രണ്ടു വാക്സിനുകള്‍ക്കു കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ഡ്രഗ്സ് കണ്‍ട്രോളര്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കുന്നത് ജനുവരി ആദ്യ ദിവസങ്ങളിലാണ്. അതിനും രണ്ടാഴ്ച കഴിഞ്ഞാണ് വാക്സിനേഷന്‍ യജ്ഞം ആരംഭിക്കുന്നത്. ഒരു വാക്സിന്‍ സൈക്കിളിനു മൂന്നുമാസത്തോളം വേണ്ടിവരും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ നാലുമാസമായി. വാക്സിന്‍റെ ഉല്‍പ്പാദനം ഇതുവരെ ഒരു ഡോസുപോലും കൂട്ടിയിട്ടില്ല.
നമ്മുടെ ഒരുമാസത്തെ പരമാവധി ഉത്പാദനം 12 കോടി ഡോസാണ്. അതില്‍ കയറ്റുമതിക്കുള്ള ബാധ്യതകള്‍ ഒഴിച്ചാല്‍ പരമാവധി പത്തുകോടി ഡോസാണ് ആഭ്യന്തര ഉപഭോഗത്തിനു ലഭിക്കുക. ഇപ്പോഴത്തെ ഉല്‍പ്പാദനശേഷി മാത്രമേയുള്ളൂ എങ്കില്‍ ഒന്നരവര്‍ഷം കൊണ്ടുമാത്രമാണ് നമുക്കാവശ്യമായ വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുക എന്നറിയുമ്പോഴാണ് എന്തു കണക്കുകൂട്ടലാണ് നമ്മുടെ ഭരണാധികാരികള്‍ നടത്തിയത് എന്നോര്‍ത്തു നമ്മള്‍ അമ്പരക്കുക.

ലോകത്തില്‍ ഏറ്റവും ആദ്യം പത്തുകോടി ആളുകളെ വാക്സിനേറ്റ് ചെയ്ത  രാജ്യം ഇന്ത്യയാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ട്. എന്നാല്‍  ഇതില്‍ കാര്യമില്ലെന്നും എത്ര ശതമാനം അധികം  വാക്സിനേറ്റ് ചെയ്തു എന്നാണ് കണക്കാക്കേണ്ടതെന്നു പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ പരിഹസിക്കാനാണ് കേന്ദ്ര ആരോഗ്യവകുപ്പുമന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍  തയാറായത്. വാക്സിന്‍ ഉല്‍പ്പാദനം  വര്‍ധിപ്പിക്കാനുള്ള വഴികള്‍  ഡോ മന്‍മോഹന്‍ സിങ് അദ്ദേഹത്തിന്‍റെ കത്തില്‍ വിശദമാക്കിയിരുന്നു. അതിലൊന്ന് നിര്‍ബന്ധിത ലൈസന്‍സിങ് എന്ന നിയമ വ്യവസ്ഥയാണ്. ഏതെങ്കിലും അടിയന്തിര ഘട്ടത്തില്‍ പൊതുജനാരോഗ്യസംരക്ഷണത്തിനാവശ്യമാണ് എന്നു കണ്ടാല്‍ ഏതുമരുന്നു നിര്‍മ്മിക്കാനും ഏതു കമ്പനിയ്ക്കും ലൈസന്‍സ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അനുവാദം നല്‍കുന്ന വ്യവസ്ഥയാണ് ഇത്. ഇതുപയോഗിച്ച് മറ്റു കമ്പനികളോട് വാക്സിന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ആവശ്യപ്പെടാവുന്നതാണ്.

ജനങ്ങളുടെ ആരോഗ്യ കാര്യത്തില്‍, അതില്‍ വാക്സിന്‍റെ പ്രാധാന്യത്തെക്കുറിച്ച്, കേന്ദ്ര സര്‍ക്കാരിന് ധാരണയുണ്ടായിരുന്നെങ്കില്‍ വാക്സിന് അനുമതി കൊടുക്കുന്നതോടൊപ്പം ഉല്‍പ്പാദനം കൂട്ടുന്നതിന് നടപടികളെടുക്കാവുന്നതായിരുന്നു. എന്നാല്‍ നാലുമാസം കഴിഞ്ഞു വന്‍തോതില്‍ വാക്സിന്‍ ക്ഷാമം ഉണ്ടാവുകയും സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിടുകയും ചെയ്യുമ്പോഴാണ് അത്തരമൊരു കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുക കൂടി ചെയ്തത് എന്നത് ഈ സര്‍ക്കാരിന് ജനങ്ങളോട് എന്തു പ്രതിബദ്ധതയാണുള്ളത് എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.

വാക്സിന്‍ കൊള്ള  
മഹാമാരിക്കെതിരെയുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം വാക്സിനേഷന്‍ തന്നെയാണ്. പതിനെട്ടുമുതലുള്ളവര്‍ക്കുള്ള വാക്സിനുകളാണ് ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ഈ പ്രായത്തിലുള്ളവര്‍ നൂറുകോടിയോളം വരുമെന്നാണ് കണക്ക്. (2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവരുടെ എണ്ണം 92കോടിയോളമായിരുന്നു). അങ്ങനെ വന്നാല്‍ ഒരാള്‍ക്ക് രണ്ടു ഡോസ് വച്ച് പരമാവധി ഇരുനൂറുകോടി ഡോസ് നമുക്ക് ആവശ്യമായി വരും.

ഇന്ത്യയില്‍ ഇപ്പോള്‍ രണ്ടു വാക്സിനുകളാണ് അനുമതി ലഭിച്ചിട്ടുള്ളത്. ലോകപ്രശസ്തമായ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടീഷ് സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചു പൂനാ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്പനിയായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ്, പിന്നെ ഇന്ത്യ സര്‍ക്കാരിന്‍റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും ഇന്ത്യന്‍ വൈറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോട്ടെക്ക് ഇന്‍റര്‍നാഷണലും ചേര്‍ന്ന് വികസിപ്പിക്കുകയും ഭാരത് ബയോട്ടെക്ക് നിര്‍മ്മിക്കുകയും ചെയ്യുന്ന കോവാക്സിനും.

ഇതില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ സംബന്ധിച്ചിടത്തോളം അവര്‍ക്കു ഗവേഷണത്തിനായി പണമൊന്നും ചെലവാക്കേണ്ടതില്ല. എന്നാല്‍ അവര്‍ക്കു കുറെയേറെ ഡോസുകള്‍ കയറ്റുമതിക്കായി നല്‍കേണ്ടതുണ്ട്. വാക്സിന്‍റെ ഫോര്‍മുല സൗജന്യമായി കൈമാറുമ്പോള്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വച്ച നിബന്ധനയ്ക്കനുസരിച്ചാണ് അത്. ചെലവുമാത്രം ഈടാക്കി ദരിദ്രരാജ്യങ്ങളിലെ ആളുകള്‍ക്ക് വാക്സിനെത്തിക്കാനുള്ള സര്‍വകലാശാലയുടെ നിര്‍ദ്ദേഹം അനുസരിച്ചായിരുന്നു അത്.    

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ വാക്സിനുകള്‍ക്കു ഒരു ഡോസിന് 150 രൂപ വിലവച്ചുവാങ്ങാനായിരുന്നു കേന്ദ്ര സര്‍ക്കാരും ഈ കമ്പനികളുമായുണ്ടാക്കിയ ധാരണ. അതില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ കുത്തിവയ്പ്പെടുക്കുന്നവര്‍ക്കു സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍നിന്നും കുത്തിവയ്പ്പെടുക്കുന്നവര്‍ക്ക് 250 രൂപ നിരക്കിലും  വാക്സിന്‍ ലഭ്യമാക്കാനായിരുന്നു തീരുമാനം. അതനുസരിച്ച് ഏകദേശം പതിനഞ്ചുകോടിയോളം ഡോസുകള്‍ ഇതിനകം വിതരണം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.  


ദേശീയ മാധ്യമമായ എന്‍ ഡി ടി വി യുമായി ഏപ്രില്‍ ആറിന് നടത്തിയ ഒരു അഭിമുഖത്തില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായ അഡാര്‍ പൂനവാല വിലയെക്കുറിച്ചുള്ള അഭിപ്രായം പറയുന്നുണ്ട്: "ലോകത്തില്‍ ഒരു കമ്പനിയും ഇത്ര വിലകുറച്ച് ഒരു സര്‍ക്കാരിന് വാക്സിന്‍ കൊടുക്കില്ല" എന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മോഡി സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് തങ്ങള്‍ ആദ്യഘട്ടത്തില്‍ ചെറിയ വിലയ്ക്ക് വാക്സിന്‍ ലഭ്യമാക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. വന്‍ലാഭം ഉണ്ടാക്കേണ്ട ഉല്പന്നമാണ് ഇതെന്നും അങ്ങനെ ലാഭമുണ്ടാക്കിയാല്‍മാത്രമേ പുനര്‍നിക്ഷേപം നടത്താന്‍ കമ്പനിയ്ക്ക് പണമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്‍റെ അവസ്ഥ പരിഗണിച്ച് 'വന്‍ലാഭം' എന്ന സങ്കല്പം കമ്പനി താല്‍ക്കാലികമായി ഉപേക്ഷിച്ചു എന്നും ആദ്യം രാജ്യത്തിന്‍റെ ആവശ്യം നടക്കട്ടെ എന്നും പറയുകയുണ്ടായി. ഏതാനും മാസങ്ങള്‍ക്കുശേഷം വിലകൂട്ടി വില്‍ക്കാമെന്നും അപ്പോള്‍ വന്‍ലാഭം കിട്ടും എന്നും അദ്ദേഹം പറഞ്ഞു.


അഭിമുഖത്തില്‍ ഒരു കാര്യം പത്രപ്രവര്‍ത്തകനായ വിഷ്ണു ഷോം ശ്രീ പൂനവാലയോടു ചോദിക്കുന്നുണ്ട്: 150 രൂപയ്ക്കു വില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ലാഭമുണ്ടോ, അതോ ചെലവുകള്‍ കണക്കാക്കുമ്പോള്‍ നഷ്ടമാണോ?  

അതിനുള്ള മറുപടിയായി പറയുന്നത് ഇതാണ്: "തീര്‍ച്ചയായും ഞങ്ങള്‍ക്ക് ലാഭമുണ്ട്. എന്നാല്‍ വന്‍ലാഭമില്ല".

എന്നുവച്ചാല്‍ 150 രൂപയ്ക്കു വാക്സിന്‍ ലഭ്യമാക്കിയാല്‍പോലും കമ്പനിക്ക് ലാഭമാണ്. കൂടുതല്‍ വിറ്റാല്‍ കൂടുതല്‍ ലാഭം. വന്‍ലാഭം  പിന്നാലെ എടുത്തുകൊള്ളാം. ഇതാണ് കമ്പനി അന്നുപറഞ്ഞ നയം.

ഈ കണക്കനുസരിച്ചാണ് എങ്കില്‍ നൂറുകോടിയോളം വരുന്ന  അര്‍ഹരായ എല്ലാ ഇന്ത്യക്കാരെയും രണ്ടു ഡോസ് വെച്ച് വാക്സിനേറ്റ് ചെയ്യണമെങ്കില്‍ ഇരുനൂറു കോടി ഡോസ് ആവശ്യമായി വരും. ഒരു ഡോസിന് 150 രൂപവച്ചു ആകെ ചെലവ് 30,000 കോടി രൂപ.

ബജറ്റില്‍ പറഞ്ഞതെന്ത്?
കേന്ദ്ര സര്‍ക്കാരിന്‍റെ 2021 - 22 വര്‍ഷത്തെ ബജറ്റവതരിപ്പിച്ചുകൊണ്ട് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ഇങ്ങനെ പറഞ്ഞു: "കോവിഡിനെതിരയുള്ള പ്രതിരോധത്തിന്‍റെ ഭാഗമായി വാക്സിനേഷന്‍ നടത്താന്‍ മാത്രമായി 35,000 കോടി രൂപ വകയിരുത്തുന്നു. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ അതും ലഭ്യമാക്കുന്നതാണ്". ഈ തുകയടക്കം കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിനുള്ള ബജറ്റ് വിഹിതം 94,452 കോടി  രൂപയില്‍നിന്നും 2.23 ലക്ഷംകോടി രൂപയാക്കി വന്‍ വര്‍ധനയാണ് ധനമന്ത്രി നിര്‍ദ്ദേശിച്ചത്.

പൂനവാല പറഞ്ഞതും നിര്‍മല സീതാരാമന്‍ പറഞ്ഞതും ചേര്‍ത്തുവായിച്ചാല്‍ എല്ലാ ഇന്ത്യക്കാരെയും വാക്സിനേറ്റ് ചെയ്യാന്‍ ആവശ്യമായി വരുന്ന തുക ഏകദേശം 30,000 കോടി രൂപയാണ്; അതിലധികം, 35,000 കോടി രൂപ, ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്; തുക കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ അനുവദിക്കാന്‍ പാര്‍ലമെന്‍റ് അധികാരപ്പെടുത്തിയിട്ടുണ്ട്.  

എന്നുവച്ചാല്‍ ഒരു ഇന്ത്യക്കാരനും ഒരു രൂപ പോലും ചെലവാക്കാതെയും കമ്പനികള്‍ക്ക് ന്യായമായ ലാഭം നല്‍കിയും വാക്സിനേഷന്‍ നടത്താന്‍ ആവശ്യമായ പണം ഇന്ത്യന്‍ ഖജനാവില്‍ ഉണ്ട്.

ഇനിയാണ് വാക്സിന്‍ കൊള്ളയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.
ഇപ്പോള്‍ തങ്ങള്‍ ചെറിയ ലാഭം മാത്രമേ ലക്ഷ്യമിടുന്നുള്ളൂ എന്നും ഏതാനും മാസങ്ങള്‍ക്കുശേഷം വില വര്‍ധിപ്പിക്കുമെന്നും പറഞ്ഞ രണ്ടാഴ്ച തികയുമ്പോഴേക്കും 'ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പരിപാടി' ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നയം മാറ്റവുമായി വന്നു: 45 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷന്‍റെ ചെലവ് മാത്രമേ സര്‍ക്കാര്‍ വഹിക്കൂ എന്നും 18 മുതല്‍ 45 വരെയുള്ളവരുടെ വാക്സിനേഷന്‍ സംസ്ഥാന സര്‍ക്കാരോ സ്വകാര്യസ്ഥാപനങ്ങളോ വഴി വേണം നടത്താന്‍ എന്നും നയംമാറ്റി. മാത്രമല്ല, ഇങ്ങിനെ നല്‍കുന്ന വാക്സിന് വിലനിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് നല്‍കുക കൂടി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍.


വിലനിയന്ത്രണാധികാരം ലഭിച്ച കമ്പനികള്‍ അതുപയോഗിക്കാന്‍ തീരുമാനിച്ചു: മാസങ്ങള്‍ക്കുശേഷം 'വന്‍ലാഭ'മുണ്ടാക്കാന്‍ നിശ്ചയിച്ചിരുന്ന സീറം ഇന്‍സ്റ്റിട്ട്യൂട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വിലകൂട്ടി: സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില്‍ക്കുന്ന വാക്സിന്‍ ഡോസ് ഒന്നിന് 400 രൂപയും സ്വകാര്യമേഖലയില്‍ വില്‍ക്കുന്ന ഡോസിന് 600 രൂപയും ആയി കമ്പനി വില നിശ്ചയിച്ചു. രണ്ടാഴ്ച മുന്‍പ് 150 രൂപയ്ക്കു  വിറ്റാലും  ലാഭമുണ്ടെന്നു പറഞ്ഞ അതേ മരുന്നിനാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം അതേ കമ്പനി മൂന്നും നാലും ഇരട്ടി വിലയിട്ടത്.


തൊട്ടുപിന്നാലെ ഭാരത് ബയോട്ടെക് അവരുടെ വിലയും നിശ്ചയിച്ചു: സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില്‍ക്കുന്ന വാക്സിന്‍ ഡോസ് ഒന്നിന് 600 രൂപയും സ്വകാര്യമേഖലയില്‍ വില്‍ക്കുന്ന ഡോസിന് 1200 രൂപയും. ഇന്ത്യസര്‍ക്കാരിന്‍റെ സഹായം നിര്‍ലോഭം ലഭിച്ചു വളര്‍ന്ന ഒരു കമ്പനിയാണ് ഭാരത് ബയോട്ടെക്. സര്‍ക്കാര്‍ സംവിധാനങ്ങളായ ഐസിഎംആറും വൈറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് വാക്സിന്‍ ഗവേഷണത്തിനു കമ്പനിക്കു ഒപ്പമുണ്ടായിരുന്നത്. എന്നിട്ടും വില നിശ്ചയിച്ചപ്പോള്‍ നാലും എട്ടും ഇരട്ടി!  


വാക്സിന്‍ കൊള്ള നടത്താനുള്ള ബാക്കി കാര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. 18-45 പ്രായമുള്ളവരുടെ വാക്സിനേഷനുള്ള മാര്‍ഗ്ഗരേഖയനുസരിച്ച് അവര്‍ക്കു സ്വകാര്യമേഖലയില്‍ മാത്രമേ ഈ സൗകര്യം ലാഭ്യമാകൂ. എന്നുവച്ചാല്‍ നാലുപേരുള്ള ഒരു കുടുംബം രണ്ടു ഡോസ് വച്ച് വാസ്കിന്‍ എടുക്കണമെങ്കില്‍  4800 രൂപ  മുതല്‍ 9600 രൂപ വരെ ചെലവാക്കണം.

ഏതു സാഹചര്യത്തിലാണ് ഇതുനടക്കുന്നത്?
ന്യായമായ ലാഭം കമ്പനിക്ക് നല്‍കി എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യമായി വാക്സിനേഷന്‍ നടത്താനുള്ള പണം ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ സാഹചര്യത്തിലാണ് രണ്ടു കമ്പനികള്‍ക്ക് ഇന്ത്യക്കാരെ കൊള്ളയടിക്കാനുള്ള വഴി കേന്ദ്ര സര്‍ക്കാര്‍ തുറന്നുവച്ചിരിക്കുന്നത്.


ഇതിന്‍റെ മറ്റൊരപകടം കൂടി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 60 ശതമാനം ആളുകള്‍ക്കെങ്കിലും വാക്സിനേഷന്‍ നടത്തിയാല്‍ മാത്രമേ അതിന്‍റെ മെച്ചമുണ്ടാകൂ. ഇത്ര വലിയ വിലകൊടുത്തു വാക്സിനേഷന്‍ നടത്താന്‍ ഇന്ത്യയിലെ വലിയൊരു വിഭാഗം മനുഷ്യര്‍ക്ക് കഴിവില്ല. അവര്‍ സ്വാഭാവികമായുംഈ പരിപാടിക്കു പുറത്താകും. പതിനായിരക്കണക്കിന് കോടി രൂപ സര്‍ക്കാരും ജനങ്ങളും ചെലവിട്ടു നടത്തുന്ന ഈ പരിപാടിയുടെ മെച്ചം ഏതാനും കമ്പനികള്‍ക്ക് മാത്രമായി ചുരുങ്ങും; രാജ്യം അപകടാവസ്ഥയില്‍നിന്നു കരകയറുകയുമില്ല. ഇതാണ്ഇപ്പോള്‍ സര്‍ക്കാര്‍ പിന്തുടരുന്ന നയത്തിന്‍റെ ഫലമായി ഉണ്ടാകാന്‍ പോകുന്നത്.        


ഇതില്‍നിന്നു മാറ്റമുണ്ടാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഭാരം ഏല്‍ക്കണം. കഴിഞ്ഞ ഒന്നര വര്‍ഷത്തെ കോവിഡ് പ്രതിരോധംകൊണ്ട് അടിയിളകി നില്‍ക്കുകയാണ്  മിക്കവാറും സംസ്ഥാനങ്ങള്‍. ജി എസ് ടി വകുപ്പില്‍ തങ്ങള്‍ക്ക് അര്‍ഹമായ തുകകള്‍ പിടിച്ചുവാങ്ങാന്‍ സംസ്ഥാനങ്ങള്‍ വലിയ പെടാപ്പാടു പെടേണ്ടി വന്നു എന്നതാണ് ചരിത്രം. നിയമവും ഭരണഘടനയും സ്വന്തംനാട്ടിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തവും മറന്നു പ്രവര്‍ത്തിച്ച കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ആ പണംകൊടുവിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കോടതി കയറേണ്ടി വരുന്നു എന്നതാണ്  ചരിത്രം. ആ സംസ്ഥാനങ്ങളുടെ തലയിലേക്കാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയുടെ ചെലവുകൂടി വെച്ചുകൊടുക്കുന്നത്.    

 
ലോകത്തൊരു ജനാധിപത്യ സര്‍ക്കാരും ചെയ്യാന്‍ മടിക്കുന്ന മറ്റൊരു കാര്യവും കൂടി ഈ വിഷയത്തില്‍കേന്ദ്ര സര്‍ക്കാര്‍ ചെയ്തു. പുതുക്കിയ നയമനുസരിച്ച് വാക്സിനുകള്‍ക്കു രണ്ടു ചാനലുകളാണ് ഉള്ളത്: ഒന്ന് കേന്ദ്ര സര്‍ക്കാര്‍ ചാനല്‍; രണ്ട്: സംസ്ഥാനസര്‍ക്കാരുകളും സ്വകാര്യമേഖലയും ചേര്‍ന്നുള്ള ചാനല്‍. എന്നുവച്ചാല്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ സ്വകാര്യ  സ്ഥാപങ്ങള്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. മഹാമാരിക്കെതിരെ സ്വന്തം ജനങ്ങള്‍ക്കു പ്രതിരോധമുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കൊപ്പം വാക്സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്കും മുന്‍പില്‍ മത്സരിക്കണം!  കുറഞ്ഞ വില മാത്രം നല്‍കുന്ന സംസ്ഥാനങ്ങള്‍ക്കു വാക്സിന്‍ നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് എന്ത് ബാധ്യത? എന്തൊക്കെ കടമ്പകളാണ് സംസ്ഥാനങ്ങള്‍ക്കുമുമ്പില്‍ കേന്ദ്രം സൃഷ്ടിക്കുന്നത് എന്നോര്‍ത്തുനോക്കുക.

ഇതിനു പരിഹാരമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഒരു ചാനല്‍ എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശം ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല എന്നതില്‍നിന്നും സംസ്ഥാനങ്ങളെ ബിജെപി എങ്ങനെ വിലവയ്ക്കുന്നു എന്നതു വ്യക്തമാണ്.          
ഇപ്പോള്‍ സുപ്രീം കോടതി വാക്സിന്‍ വിലയില്‍ ഇത്ര ഭീമമായ വ്യത്യാസം വരുന്നതിന്‍റെ വിശദീകരണം കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരിക്കുകയാണ്. ഒപ്പം വാക്സിനും മരുന്നും ഓക്സിജനുമടക്കം മനുഷ്യരുടെ ജീവരക്ഷയ്ക്കാവശ്യമായ എന്തു നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നതിന്‍റെ ഒരു രൂപരേഖ നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വലിയ എതിര്‍പ്പുണ്ടാകേണ്ടതുണ്ട്
ജീവിക്കാനുള്ള അവകാശം നല്‍കുന്ന 21-ാം അനുച്ഛേദം  നമ്മുടെ ഭരണഘടനയുടെ ഏറ്റവും പ്രധാനമായ അവകാശമാണ്. ഈ മഹാമാരി നിഷേധിക്കാന്‍ ശ്രമിക്കുന്നത് അതാണ്. സാധാരണ പോലെയുള്ള ജീവിതം മഹാമാരി അസാധ്യമാക്കിയിരിക്കുന്നു.ഇതിനെതിരെ പൗരനെ സംരക്ഷിക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. അതിനുവേണ്ട കാര്യങ്ങളൊരുക്കാനും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും വേണ്ടതു ചെയ്യുക എന്നത് സര്‍ക്കാരിന്‍റെ ഏറ്റവും പ്രഥമികമായ കടമയാണ്.

നരേന്ദ്ര മോഡി സര്‍ക്കാര്‍ ആ കടമ ചെയ്യുന്നില്ല എന്നുമാത്രമല്ല ഈ അവസരം ഉപയോഗിച്ച് കോര്‍പറേറ്റുകളുമായി ചേര്‍ന്ന് പൗരരെ കൊള്ളചെയ്യാനുള്ള ശ്രമത്തിലാണ്. ഒരു വേള കോര്‍പറേറ്റുകള്‍ കാണിക്കുന്ന പ്രതിബദ്ധത പോലുമില്ലാതെയാണ് മോഡി സര്‍ക്കാരിന്‍റെ നീക്കങ്ങള്‍.


മനുഷ്യര്‍ പ്രാണവായു കിട്ടാതെ മരിച്ചു വീഴുമ്പോള്‍, അത് ലോകമെങ്ങുമുള്ള നാട്ടിലും മനുഷ്യസ്നേഹികളുടെ ഉള്ളുപൊള്ളിക്കുമ്പോള്‍, ഓരോമനുഷ്യനും തങ്ങള്‍ക്കാവുന്നതുപോലെ സഹായമെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍, കേരളം പോലുള്ള ഭരണകൂടങ്ങള്‍ അവസാനത്തെ മനുഷ്യനെയും രക്ഷപ്പെടുത്താനുള്ള പ്രയത്നത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യത്തെ  ഭരണകൂടം അതിന്‍റെ ജനങ്ങളെ കൊള്ളയടിക്കാന്‍ കോപ്പുകൂട്ടുന്നത്. അതും അവരുടെ സര്‍ക്കാര്‍ തന്നെ നിര്‍ദ്ദേശിച്ച ബജറ്റില്‍ ആവശ്യത്തിന് പണം വകയിരുത്തിയിട്ടും അതിനെ അവഗണിച്ചുകൊണ്ട് മനുഷ്യരെ കുരുതികൊടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.  

ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ മനുഷ്യജീവന് വിലയിടുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍. സ്വന്തം ബജറ്റിനെ അവഗണച്ച്, മനുഷ്യ ജീവന്‍ രക്ഷപ്പെടുത്താന്‍ തങ്ങള്‍ക്കുള്ള ഭരണഘടനാപരമായ ബാധ്യതയേയും നിയമപരമായുള്ള അവകാശങ്ങളെയും അവഗണിച്ച്, ഒരു മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഉപയോഗിക്കേണ്ട പ്രാഥമിക ആയുധങ്ങള്‍ പോലും വിഫലമാക്കി മനുഷ്യരെ മരണത്തിനു വിട്ടുകൊടുക്കുകയാണ് ഈ സര്‍ക്കാര്‍. വര്‍ഗീയത ഇളക്കിവിട്ടാല്‍ അധികാരം നിലനിര്‍ത്താമെന്നുള്ള ഹുങ്ക് മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിനെ നയിക്കുന്നത്.  

അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. മിക്കവാറും വലതുപക്ഷ മാധ്യമങ്ങള്‍പോലും കേന്ദ്ര സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയെയും പ്ലാനിങ്ങിന്‍റെ അഭാവത്തെയും ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് മഹാമാരിയുടെ കണക്കുകള്‍ ഭയപ്പെടുത്തുന്ന വിധത്തില്‍ ഉയര്‍ന്നുപോയ ഏപ്രില്‍മാസത്തെ ആദ്യത്തെ 18 ദിവസങ്ങളില്‍ 12 ദിവസവും രാജ്യത്തിന്‍റെ ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു എന്ന് 'ദി ഇക്കണോമിസ്റ്റ്' വാരിക ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോകത്തിന്‍റെ മരുന്ന് ഫാക്ടറി എന്നഭിമാനിച്ചിരുന്ന ഇന്ത്യ ഇന്ന് ജീവന്‍രക്ഷാ മരുന്നുകളും വാക്സിനുംകിട്ടാന്‍ ലോകത്തിനു മുന്‍പില്‍ കൈനീട്ടി നില്‍ക്കുകയാണ്. ആവശ്യമുണ്ടായിട്ടല്ല, ഒന്നും പ്ലാന്‍ ചെയ്യാതിരുന്നതിനാല്‍, ജനങ്ങളോടുള്ള പ്രതിബദ്ധത ഭരണാധികാരികളുടെ അജന്‍ഡയില്‍ ഒരിടത്തും ഇല്ലാതിരുന്നതിനാല്‍ മാത്രം.

ചില ചോദ്യങ്ങള്‍ നമ്മള്‍ ചോദിക്കേണ്ടതുണ്ട്
150 രൂപയ്ക്കു ലാഭമാണ് എന്ന് നിര്‍മാതാക്കള്‍ പറഞ്ഞ വാക്സിന് മൂന്നും നാലും ആറും ഇരട്ടി വില നിശ്ചയിക്കാന്‍ എന്തിനു കമ്പനികള്‍ക്ക് അധികാരം നല്‍കി?

പാര്‍ലമെന്‍റ് പാസാക്കിയ ബജറ്റനുസരിച്ച് എന്തുകൊണ്ട് വാക്സിനേഷന്‍ നടത്തുന്നില്ല? ആ പണം എവിടെ?    


ഈ ചോദ്യങ്ങള്‍ ഉയരണം. ഭരിക്കാന്‍ തങ്ങള്‍ തിരഞ്ഞെടുത്തുവിട്ടവര്‍ തങ്ങളെ കടിച്ചുകൊല്ലുന്ന വിഷസര്‍പ്പങ്ങളായിരുന്നു എന്ന് ഇന്ത്യന്‍ ജനത മനസിലാക്കണം. തങ്ങളുടെ ജീവനേക്കാള്‍ കച്ചവടതാല്‍പ്പര്യങ്ങളാണ് അവര്‍ക്കു പഥ്യം എന്ന് അവര്‍ തിരിച്ചറിയണം. അതുവരെ ഈ ഇരട്ട മഹാമാരിയില്‍നിന്നും അവര്‍ക്കു മോചനമില്ല.
(ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തിന്‍റെ ചെന്നൈയിലെ എക്സിക്യൂട്ടിവ് എഡിറ്ററാണ് ലേഖകന്‍ - അഭിപ്രായങ്ങള്‍ വ്യക്തിപരം)