ജനങ്ങളെ രക്ഷിക്കലല്ല കുത്തകകളെ കൊഴുപ്പിക്കലാണ് കേന്ദ്രനയം

സി പി നാരായണന്‍

കോവിഡ് മഹാമാരിയെ നേരിടുന്ന കാര്യത്തില്‍ ലോകത്തിലെ ചെറുതും വലുതുമായ രാജ്യങ്ങള്‍ തമ്മില്‍ തമ്മിലും ചില അപൂര്‍വ അപസ്വരങ്ങള്‍ ഒഴിച്ചാല്‍, അവയ്ക്കുള്ളിലും വലിയ കൂട്ടായ്മയാണ്, പ്രദര്‍ശിപ്പിച്ചുവരുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഇന്ത്യയിലും ഇത്തരത്തിലുള്ള സഹകരണം വലിയൊരു അളവില്‍ നിലനിന്നുവന്നു, ഏപ്രില്‍ 19 വരെ. അന്നാണ് പ്രധാനമന്ത്രി മെയ് 1 മുതല്‍ 18-45 വയസ്സുകാര്‍ക്കും വാക്സിന്‍ കുത്തിവെപ്പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. അപ്പോഴേക്ക് കോവിഡ് വൈറസിന്‍റെ വര്‍ധീതവിര്യത്തോടെയുള്ള മൂന്നാം വരവ് പ്രകടമായിരുന്നു. മാര്‍ച്ചില്‍ ഏതാണ്ട് 20,000 പേരെ ദിവസേന ബാധിച്ചിരുന്ന അത് ഏപ്രില്‍ 19 ആയപ്പോഴേക്ക് 3 ലക്ഷത്തോളമായി ഉയര്‍ന്നിരുന്നു. ആ പ്രവണത കണ്ടാണ് 18-45 വയസ്സുകാര്‍ക്ക് പ്രധാനമന്ത്രി മെയ് 1 മുതല്‍ സാര്‍വത്രിക വാക്സിന്‍ കുത്തിവെപ്പ് പ്രഖ്യാപിച്ചത്.

18 വയസ്സ് വരെ പ്രായമുള്ളവര്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 30 ശതമാനമാണ്. ജനസംഖ്യ ഇപ്പോള്‍ ഏതാണ്ട് 138 കോടി. അതില്‍ ആ പ്രായക്കാര്‍ 41.8 കോടി. ബാക്കി 96.2 കോടി. അതില്‍ 45 വയസ്സിനുമേല്‍ ഉള്ളവര്‍ 36-37 കോടി വരും. അതിനാല്‍ 18-45 പ്രായക്കാര്‍ ഏതാണ്ട് 60 കോടി. ഇന്ത്യയില്‍ ഇതുവരെ 45 വയസ്സിനു മേല്‍ പ്രായക്കാര്‍ക്ക് 12 കോടിയോളം വാക്സിനാണ് കുത്തിവെച്ചത്. അവര്‍ക്ക് മൊത്തം 72 കോടി ഡോസ് വേണ്ടതില്‍ ഇതേവരെ നല്‍കിയത് 12 കോടി. ബാക്കി 60 കോടി ഡോസ് അവര്‍ക്ക് വേണം. 18-45 വയസ്സുകാര്‍ക്ക് 120 കോടിയും. മൊത്തം 180 കോടി.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും കൂടി ഇപ്പോള്‍ ഏതാണ്ട് 7-8 കോടി ഡോസാണ് പ്രതിമാസം ഉല്‍പ്പാദനം. ജൂണ്‍-ജൂലൈ ആകുമ്പോള്‍ അത് 12-13 കോടി ആയി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അങ്ങനെ കണക്കാക്കിയാല്‍ 16-17 മാസം കഴിയുമ്പോഴാണ് 18 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കാകെ വാക്സിന്‍ കൊടുത്തുതീര്‍ക്കാനാവുക. അതായത് 2022 ഒക്ടോബര്‍-നവംബറോടെ. അതിനിടെ കോവിഡിന്‍റെ മൂന്നു പുതിയ തരംഗങ്ങള്‍ കൂടി രാജ്യത്തെ ആക്രമിച്ചിട്ടുണ്ടാവും, കഴിഞ്ഞ വര്‍ഷത്തെ അനുഭവം വച്ചുനോക്കുമ്പോള്‍. അത് തടയാന്‍, അല്ലെങ്കില്‍ അതിന്‍റെ ആഘാതം പരമാവധി കുറയ്ക്കാന്‍ ഏകമാര്‍ഗം കുറഞ്ഞ കാലത്തിനുള്ളില്‍ വ്യാപകമായി വാക്സിന്‍ കുത്തിവെക്കലാണ്. അതാണ് വികസിത-വികസ്വര രാജ്യങ്ങള്‍ ചെയ്തുവരുന്നത്.

കോവിഡിന്‍റെ വ്യാപനം തടയാന്‍ വാക്സിനേഷനും അത് ബാധിക്കുന്നവരെ രക്ഷിക്കാന്‍ ചില അവശ്യമരുന്നുകളും ഓക്സിജനും അത് പ്രയോഗിക്കാന്‍ വേണ്ട വെന്‍റിലേറ്ററും ഐസിയുവും ആണ് അത്യാവശ്യം എന്നു പാശ്ചാത്യരാജ്യങ്ങളിലെ അനുഭവം കഴിഞ്ഞ ആഗസ്ത് ആകുമ്പോഴേക്ക് സപ്ഷ്ടമാക്കി. എന്നിട്ടും പാട്ടകൊട്ടലും ഗോമൂത്രം കുടിപ്പിക്കലും പശു ഓക്സിജന്‍ നിശ്വസിക്കുമെന്നും, അങ്ങനെ നമുക്ക് ഓക്സിജന്‍ ലഭിക്കും എന്നുമെല്ലാമുള്ള അശാസ്ത്രീയ അന്ധവിശ്വാസ പ്രലപനങ്ങളല്ലാതെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള കേന്ദ്ര ഭരണാധികാരികള്‍ ഒന്നും ചെയ്തില്ല.

20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ പദ്ധതി പ്രഖ്യാപിച്ചപ്പോഴും അതില്‍ ഇത്തരം ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയില്ല. അത് വന്‍ വ്യവസായികള്‍ക്ക് സര്‍ക്കാര്‍ പണം വിതരണം ചെയ്യാനുള്ള പദ്ധതിയായിരുന്നു. അതിന്‍റെ ഭാഗമായിപോലും വന്‍തോതില്‍ വാക്സിന്‍ നിര്‍മാണത്തിനും ഓക്സിജന്‍ ഉള്‍പ്പെടെ മറ്റു അവശ്യമരുന്ന് - വസ്തു നിര്‍മാണത്തിനും അടിയന്തര പദ്ധതികള്‍ ഉള്‍പ്പെടുത്തപ്പെട്ടില്ല.

ഓരോ രംഗത്തും കുത്തകകളെ തെഴുത്തുവളര്‍ത്തലാണ് മോഡി സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. അതുകൊണ്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും മതി വാക്സിന്‍ ലഭ്യതയ്ക്ക് എന്നും തീരുമാനിക്കപ്പെട്ടു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും വാക്സിന്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യത ഉണ്ടായിട്ടും അതൊന്നും സ്വന്തം ആവശ്യത്തിനോ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാനോ ആയി ഉപയോഗപ്പെടുത്തിയില്ല. 

അമേരിക്കയും ബ്രിട്ടനും റഷ്യയും ഉള്‍പ്പെടെ വാക്സിന്‍ നിര്‍മിക്കുന്ന രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്ന് കഴിഞ്ഞ മാസങ്ങളില്‍ വാക്സിന്‍ വാങ്ങി, അവിടങ്ങളിലെ ജനങ്ങള്‍ക്ക് നല്‍കാന്‍. എന്നാല്‍, ഇപ്പോഴും വിദേശങ്ങളില്‍ വിജയകരമെന്നു പ്രയോഗത്തില്‍ കണ്ട വാക്സിനുകള്‍ വാങ്ങിക്കാന്‍ മോഡി സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ഏപ്രില്‍ 19 കഴിഞ്ഞപ്പോള്‍ അതേവരെ അത് പിന്തുടര്‍ന്നുവന്ന നയം മാറ്റുക മാത്രമാണ് ചെയ്തത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ ഇതുവരെ പിന്തുടര്‍ന്നുവന്ന നയം, വാക്സിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഉല്‍പ്പാദിപ്പിച്ചോ വാങ്ങിയോ സംസ്ഥാന സര്‍ക്കാരുകളെ സഹകരിപ്പിച്ച് ജനങ്ങള്‍ക്ക് സാര്‍വത്രികമായി നല്‍കുക എന്നതാണ്. അവയുടെ ഉല്‍പ്പാദനം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍. അല്ലെങ്കില്‍ വിദേശങ്ങളില്‍നിന്ന് അവ വാങ്ങും. ഏറ്റവും അവസാനം പോളിയോ വാക്സിന്‍ വരെ പ്രയോഗിക്കപ്പെട്ടത് ഇത്തരത്തിലായിരുന്നു.

ആ വാക്സിനുകളേക്കാള്‍ ഉല്‍പ്പാദനച്ചെലവും വിലയും കൂടുതലാണ് കോവിഡ് വാക്സിനുകള്‍ക്ക് ഇപ്പോള്‍. എങ്കിലും, കോവിഷീല്‍ഡ് വാക്സിനു രണ്ടു ഡോസ് വീതം 100 കോടി പേര്‍ക്ക് ഇപ്പോഴത്തെ വിലയ്ക്കു വാങ്ങാന്‍ 30,000 കോടി രൂപ മതി. വാക്സിനായി ഈ വര്‍ഷത്തെ ബജറ്റില്‍ 35,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതിനാല്‍ കോ വാക്സിനുകളും വാങ്ങാന്‍ കഴിയും. ആകെയുള്ള പ്രശ്നം ഇത്രയും വാക്സിന്‍ കുറഞ്ഞ കാലത്തിനുള്ളില്‍ ലഭ്യമാക്കുന്നതാണ്. പ്രശ്നത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് എത്രയുംവേഗം 60-70 ശതമാനം പേര്‍ക്കെങ്കിലും വാക്സിന്‍ കുത്തിവെക്കലാണ് പ്രധാനം. അതാണ് ലോകമാകെ ഇന്നു അംഗീകരിച്ചിട്ടുള്ള സമീപനം.

പക്ഷേ, പ്രധാനമന്ത്രി മോഡിയും കൂട്ടരും ഇക്കാര്യത്തില്‍ ആത്മനിര്‍ഭര്‍ എന്ന സ്വാവലംബനയം മുറുകെപ്പിടിക്കുന്നു. ഇന്ത്യയില്‍ സമൃദ്ധമായി ഉല്‍പ്പാദിപ്പിക്കുന്ന ധാന്യങ്ങളും പഴങ്ങളും പോലുള്ള ഉല്‍പ്പന്നങ്ങള്‍ വരെ ഇഷ്ടം പോലെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്ന മോഡി സര്‍ക്കാര്‍, ഈ വാക്സിനുകള്‍ മാത്രം ഇറക്കുമതി ചെയ്യില്ലെന്ന് എന്തിനാണ് ഇങ്ങനെ ബലം പിടിക്കുന്നത്?

മോഡി സര്‍ക്കാരും സംഘപരിവാരവും ഒരൊറ്റ ഇന്ത്യാ ഒരൊറ്റ നികുതി, ഒരൊറ്റ ഭാഷ, ഒരൊറ്റ വിദ്യാഭ്യാസ നയം എന്നിങ്ങനെ "ദേശീയ ഏകോപന"നയത്തിനായി വാശിപിടിക്കുമ്പോള്‍, അതൊക്കെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അതിന്‍റെ നേതൃത്വത്തില്‍ വേണമെന്നു ശഠിക്കുമ്പോള്‍, എന്തിനാണ് ഒരേ കോവിഡ് വാക്സിനു കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ജനങ്ങള്‍ക്കും വ്യത്യസ്ത വിലകള്‍ വേണമെന്നു നിര്‍ബന്ധം പിടിക്കുന്നത്? എന്തിനാണ് ഇതേവരെ പിന്തുടര്‍്‌്ന്നുവന്ന വാക്സിന്‍ നയം-കേന്ദ്ര സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ വാങ്ങുകയോ ഉല്‍പാദിപ്പിക്കുകയോ ചെയ്യുന്ന വാക്സിന്‍  സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ  വേണ്ടവര്‍ക്ക് നല്‍കുക എന്ന നയം- ഇപ്പോള്‍ തിരുത്തുന്നത്? എന്തുകൊണ്ടാണ് 45 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് മാത്രം സൗജന്യമായി വാക്സിന്‍ നല്‍കും, 18-45 വയസ്സുകാര്‍ വില കൊടുത്ത് അത് വാങ്ങി ഉപയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നത്? എന്തുകൊണ്ടാണ് അതിന്‍റെ ചുമതല സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന് പറയുന്നത്? എന്താ, 18-45 വയസ്സുകാര്‍ ഇന്ത്യയിലെ പൗരരല്ലേ? അവരാണ് ജനങ്ങളിലെ ഏറ്റവും കൂടുതല്‍ അധ്വാനിക്കുന്ന, ഉല്‍പ്പാദനക്ഷമത ഏറ്റവും കൂടുതലുള്ള വിഭാഗം എന്നല്ലേ പൊതുവെ പറയാറുള്ളത്? എന്തുകൊണ്ടാണ് അവരുടെ കാര്യത്തില്‍ പിലാത്തോസിനെപ്പോലെ മോഡി സര്‍ക്കാര്‍ കൈകഴുകുന്നത്?

രാജ്യവും, ലോകവും നേരിടുന്ന ഏറ്റവും വലിയ ആരോഗ്യഭീഷണിയാണ് ഇന്ന് കോവിഡ് മഹാമാരി. അതിനെ നേരിടുന്നതില്‍ രാജ്യത്തിന്‍റെ എല്ലാ ശേഷിയും സമ്പത്തും താല്‍പ്പര്യവും കാഴ്ചപ്പാടുകളും ഒറ്റക്കെട്ടായി പ്രയോഗിക്കപ്പെടുക പ്രധാനമാണ്. അങ്ങനെയൊരു സമീപനം എല്ലാ സംസ്ഥാനങ്ങളും കൈക്കൊള്ളുന്നു. അതിനുള്ള ഒരുക്കങ്ങളുടെ, അര്‍പ്പണബോധത്തിന്‍റെ, സന്നദ്ധ പ്രവര്‍ത്തനത്തിന്‍റെ, ഒത്തൊരുമയുടെ മേലാണ് മോഡി സര്‍ക്കാര്‍ ഇപ്പോള്‍ നിറയൊഴിച്ചത്. അതിന്‍റെ സങ്കുചിതമായ വീക്ഷണവും മനോഭാവവും ലക്ഷ്യവും വച്ച്, അല്ലെങ്കില്‍ ഭരണകക്ഷിയുടെ മാത്രം ആര്‍ജിതസമ്പത്തായ വിജ്ഞാന വിരോധത്തിന്‍റെയും വിലക്ഷണ ദേശീയതയുടെയും വികലമതബോധത്തിന്‍റെയും അടിസ്ഥാനത്തില്‍, ദേശീയ ഐക്യത്തിനു പ്രഹരം ഏല്‍പ്പിക്കുന്ന തരത്തില്‍ ഇടപെടുകയാണ് മോഡി സര്‍ക്കാര്‍.

18-45 വയസ്സുകാര്‍ക്ക് മെയ് 1 മുതല്‍ വാക്സിന്‍ നല്‍കുമെന്ന് ഒരു ദിവസം പ്രഖ്യാപിക്കുന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അതിന്‍റെ-വാക്സിന്‍ വാങ്ങി വിതരണം ചെയ്യുന്നതിന്‍റെ-ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുന്നു.  സ്വകാര്യ ഉല്‍പ്പാദകരുമായി ചേര്‍ന്നു വാക്സിന്‍റെ വില നിശ്ചയിക്കുന്നു. ഉല്‍പ്പാദകകമ്പനികളുമായി ഓരോ സംസ്ഥാനവും ബന്ധപ്പെട്ട് വാക്സിന്‍ വാങ്ങണമെന്ന് നിഷ്കര്‍ഷിക്കുന്നു. ചികിത്സാരംഗത്ത്, ഔഷധ വിതരണരംഗത്ത് ഒരുമ്മറത്ത് മൂന്നുകച്ചവടം നടത്തുന്നതിലും വലിയ തോതില്‍ അരാജകത്വം ആര്‍ക്കും കെട്ടിയേല്‍പ്പിക്കാനാവില്ല. പ്രധാനമന്ത്രി മോഡി ഒറ്റശ്വാസത്തിലാണ് ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന്‍റെ ദേശീയോദ്ഗ്രഥനത്തിനുമേല്‍ ഇത്ര കനത്ത പ്രഹരം ഏല്‍പ്പിച്ചത്. ദേശീയ ബോധം ഇല്ലാത്തവര്‍ക്ക്, അത് കെട്ടിപ്പടുക്കുന്ന മഹാപ്രയത്നത്തില്‍ അശേഷം പങ്കെടുക്കാത്തവര്‍ക്ക് അതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല.

തിരഞ്ഞെടുപ്പു കാലത്തോ മറ്റു സമയത്തോ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ളതാണ് എന്ന ബോധം മോഡി പ്രഭൃതികള്‍ക്കില്ല. അവരെ സംബന്ധിച്ചിടത്തോളം ജനങ്ങളെ മയക്കി പാട്ടിലാക്കി വോട്ട് തേടി അധികാരത്തില്‍ വരാനുള്ള കുറുക്കുവഴിയാണ്. പാലിക്കേണ്ട വാഗ്ദാനം അങ്ങ് നാഗ്പൂരില്‍ സംഘനേതൃത്വത്തിനു നല്‍കുന്നതുമാത്രമാണ്. അതാണ് അവരുടെ ബോധം, വിശ്വാസം. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോളവിലയുടെ ഒന്നരയിരട്ടി താങ്ങുവിലയായി നല്‍കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ എത്തിയവര്‍, പിന്നീട് ചെയ്തതിനു ഇരകളായ കര്‍ഷകര്‍ മാസങ്ങളായി സമരരംഗത്താണല്ലൊ. കോവിഡ് മഹാമാരി വന്നപ്പോള്‍ എന്തെല്ലാമായിരുന്നു മോഡി പ്രഭൃതികളുടെ വാഗ്ദാനങ്ങള്‍? എല്ലാം തകര്‍ത്തിരിക്കുകയല്ലേ'വിരലിലെണ്ണാവുന്ന വന്‍കോര്‍പറേറ്റുകള്‍ക്കായി? 

ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, യുപി, കര്‍ണാടക മുതലായ സംസ്ഥാനങ്ങളിലെ വന്‍ കോവിഡ് വ്യാപനവും കുത്തനെ വര്‍ധിച്ചുവരുന്ന മരണങ്ങളും ഗുരുതരാവസ്ഥയിലുള്ളവരെ ചികിത്സിക്കാന്‍ ആവശ്യമായ മരുന്നുകളും ഓക്സിജന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ആശുപത്രികളില്‍ ഇല്ലാത്തതും കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ നേതൃത്വം നല്‍കുന്നതില്‍ മോഡി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ് എന്നതിനു തെളിവാണ്. ഇത്രയൊക്കെയായിട്ടും മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും മറ്റുമായി ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്താനല്ലാതെ ഫലപ്രദമായ ഒരു നടപടിയും കൈക്കൊള്ളാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഈ സാമ്പത്തികവര്‍ഷം 12 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കടമെടുക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. അതില്‍ ഏതാനും ലക്ഷം കോടി രൂപ ചെലവഴിച്ചാല്‍ വാക്സിന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യാനും അവശ്യമരുന്നുകള്‍ ലഭ്യമാക്കാനും മറ്റു വരുമാനമില്ലാത്തവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി നല്‍കാനും ഉള്‍പ്പെടെ കോവിഡ് വ്യാപനകാലത്ത് ചെയ്യേണ്ടതെല്ലാം ചെയ്യാനാകും. ആ വഴിക്കല്ല മോഡി സര്‍ക്കാര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും എന്നാണ് കഴിഞ്ഞ രണ്ടാഴ്ചയോളമായി ഉണ്ടാകുന്ന സംഭവവികാസങ്ങളും മോഡി സര്‍ക്കാരിന്‍റെ പ്രഖ്യാപനങ്ങളും വെളിവാക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യണം, ഈ സന്ദിഗ്ധഘട്ടത്തില്‍ രാജ്യത്തെയും സമ്പദ്വ്യവസ്ഥയെയും എങ്ങനെ നയിക്കണം എന്നതുസംബന്ധിച്ച് ഇന്ത്യയിലെ പ്രതിപക്ഷങ്ങളും അനുഭവസമ്പന്നരായ വ്യക്തികളും പല രാജ്യങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്കാരായ പ്രഗത്ഭമതികളും പല നിര്‍ദേശങ്ങളും ഉന്നയിച്ചിരുന്നു. അവയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഒന്നിനോടും മോഡി സര്‍ക്കാര്‍ പ്രതികരിച്ചതുപോലുമില്ല.

ആരോഗ്യപരമായി മാത്രമല്ല, സാമ്പത്തികമായും ദേശീയമായും വലിയൊരു തകര്‍ച്ചയിലേക്കാണ്, അനൈക്യത്തിലേക്കാണ് ഇത്തരം നയങ്ങളിലൂടെ മോഡി സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നത്. സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് വാക്സിന്‍ നല്‍കണമെന്നു നിര്‍ബന്ധമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ വിദേശങ്ങളില്‍ നിന്നു വാക്സിന്‍ വാങ്ങാന്‍ കരാറുണ്ടാക്കട്ടെ, തങ്ങള്‍ അതിനു അംഗീകാരം നല്‍കാം എന്ന ദേശീയമായി തികച്ചും നിരുത്തരവാദപരമായ നിലപാടാണ് മോഡി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. വേണമെന്നുണ്ടെങ്കില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന കോവിഡ് വാക്സിന്‍ പ്രശ്നത്തെ ദേശീയ ഐക്യത്തില്‍ വിള്ളലുണ്ടാക്കുന്നതിലേക്ക് നയിക്കുന്ന ഒന്നായി വളര്‍ത്തുന്ന സമീപനമാണ് മോഡി സര്‍ക്കാരില്‍ നിന്നു ഉണ്ടാകുന്നത്. ഇതാണ് ആര്‍എസ്എസ് -ബിജെപി നയസമീപനം എന്നതുകൊണ്ടാണത്. അത്യാപല്‍ക്കരമായ ദിശയിലേക്കാണ് അത് രാജ്യത്തെ നയിക്കുന്നത്. അതുകൊണ്ടാണ് ഈ സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളില്‍നിന്ന് സാമൂഹ്യവീക്ഷണത്തില്‍ വ്യത്യസ്തമായ ഒന്നാണെന്ന് മോഡി ഗവണ്‍മെന്‍റ് നിലവില്‍ വന്നപ്പോള്‍ തന്നെ സിപിഐ എം വിലയിരുത്തിയത്.•