വാക്സിന്‍ ചലഞ്ച് വിജയിപ്പിക്കാനുറച്ച് കേരളം

മൂന്നാം വരവില്‍ അതിഭീകരമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിലടക്കം ഇന്ത്യയിലാകെ കോവിഡ് മഹാമാരി. ഈയാഴ്ച കഴിയുമ്പോഴേക്ക് പ്രതിദിനം രോഗബാധിതരാകുന്നവരുടെ എണ്ണം അതിവ്യാപനത്തിന്‍റെ ഭാഗമായി നാലുലക്ഷമായി ഉയര്‍ന്നേക്കുമെന്ന ആശങ്കയാണ് പരക്കെയുള്ളത്. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, യുപി മുതലായ പല സംസ്ഥാനങ്ങളിലും ഗുരുതരമായി രോഗം ബാധിച്ചവരെ ചികിത്സിക്കാനുള്ള വെന്‍റിലേറ്ററും ഐസിയുവും അവശ്യമരുന്നുകള്‍പോലും ആവശ്യത്തിനില്ല. ഓക്സിജന്‍ സ്റ്റോക്ക് തീര്‍ന്നതുകൊണ്ട് പല ആശുപത്രികളിലുമായി ഡസന്‍കണക്കിനു രോഗികള്‍ ദാരുണമായി മരണമടഞ്ഞു. മോഡി വാഴുന്ന ഇന്ത്യയുടെ തലസ്ഥാനത്തുതന്നെ ദഹിപ്പിക്കാന്‍ ശവശരീരങ്ങള്‍ നീണ്ട ക്യൂവില്‍ കിടക്കുന്ന ഹൃദയഭേദകചിത്രങ്ങള്‍ ലോകമാകെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദുഃസ്ഥിതിക്കുമുന്നില്‍ ബിജെപി സര്‍ക്കാര്‍ നിഷ്ക്രിയമായി തുടരുന്നു.

ഇതിനിടയിലാണ് 18-45 പ്രായക്കാര്‍ക്ക് മെയ് 1 മുതല്‍ വാക്സിന്‍ നല്‍കുമെന്ന് മോഡി പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ അതിന്‍റെ ബാധ്യത വഹിക്കില്ലെന്ന് വ്യക്തമാക്കിയതോടൊപ്പം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വര്‍ധിച്ച വിലയും സ്വകാര്യ ആശുപത്രികള്‍ക്ക് അതിലും കൂടിയ വിലയും നിശ്ചയിച്ചു. ആറുമാസം മുമ്പ് ബിഹാര്‍ തിരഞ്ഞെടുപ്പുകാലത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരിനും ബിജെപി നേതൃത്വത്തിനും വേണ്ടി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ 35,000 കോടി രൂപ അതിനായി വകയിരുത്തുകയും ചെയ്തു. അത് ഒരു തിരഞ്ഞെടുപ്പുകാല തമാശ മാത്രമായിരുന്നു എന്നു വെളിവാക്കുന്നതാണ് നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ പ്രഖ്യാപനം. ഇതിനെതിരെ സുപ്രീംകോടതിയിലും ഹൈക്കോടതികളിലും കേസുകളുണ്ട്. എന്തു വിധിയുണ്ടാകും എന്നു താമസിയാതെ അറിയാം.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും വാക്സിന്‍ സൗജന്യമായി നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. മോഡി സര്‍ക്കാര്‍ വാക്കുമാറിയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് കേരള സര്‍ക്കാര്‍ വാക്കുമാറ്റില്ല എന്നാണ്. സ്വാതന്ത്ര്യലബ്ധി മുതല്‍ ഇതേവരെ കേന്ദ്ര സര്‍ക്കാര്‍ വിവിധ വാക്സിനുകള്‍ സൗജന്യമായി എല്ലാവര്‍ക്കും നല്‍കുകയായിരുന്നു, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ. കേന്ദ്ര സര്‍ക്കാര്‍ വാക്കുമാറ്റി സംസ്ഥാന സര്‍ക്കാരിനു വില കൊടുക്കേണ്ടിവന്നാലും, ജനങ്ങള്‍ക്ക് അത് സൗജന്യമായി നല്‍കും എന്നു മുഖ്യമന്ത്രി പ്രസ്താവിച്ചു. ഈ സാഹചര്യത്തിലാണ് ജനങ്ങളില്‍നിന്നു വാക്സിന്‍ ചലഞ്ച് എന്ന ആശയം ഉയര്‍ന്നുവന്നത്. അതിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. സര്‍ക്കാര്‍ അതിന്‍റെ കടമ നിര്‍വഹിക്കുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിലും തട്ടുകളിലും ഉള്ളവര്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യത്തോടെ, പലരും ആവേശത്തോടെ, മുന്നോട്ടുവരുന്ന കാഴ്ചയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ടത്. അവരില്‍ ശ്രദ്ധേയരായി മാറിയ, തന്‍റെ ആകെ സമ്പാദ്യം ഏതാണ്ട് മുഴുവനായി (രണ്ടു ലക്ഷംരൂപ) ചലഞ്ചിലേക്ക് സംഭാവന ചെയ്ത കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാര്‍ദനനും,  2008ലെ മഹാ പ്രളയത്തെ തുടര്‍ന്ന് ചെയ്തതുപോലെ തന്‍റെ ഏകസമ്പാദ്യമായ ആടിനെ വിറ്റുകിട്ടിയ തുക സംഭാവന ചെയ്ത കൊല്ലത്തെ സുബൈദുമ്മയും, ശ്രദ്ധേയമായ പല സംഭാവനകളും മുഖ്യമന്ത്രി തന്‍റെ വാര്‍ത്താസമ്മേളനങ്ങളില്‍ എടുത്തു പറഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. രാഷ്ട്രീയ-മത-ദേശ-ലിംഗ ഭേദമെന്യെ ചലഞ്ച് ഫണ്ടിലേക്ക് നിരവധി പേര്‍ സംഭാവന നല്‍കി. ആ പട്ടിക ദിവസേന നീണ്ടുവരികയാണ്. തുക കൂടി വരികയും. കേരളത്തിലെ ജനങ്ങളുടെ കൂട്ടായ്മകളില്‍ പ്രധാനപ്പെട്ട ഒന്നായ സഹകരണപ്രസ്ഥാനം 200 കോടി രൂപ ഫണ്ടിലേക്ക് വാഗ്ദാനം ചെയ്തത് ഈ ആഹ്വാനം ജനങ്ങളെ എത്ര വിപുലമായി ആവേശിച്ചിട്ടുണ്ട് എന്നു കാണിക്കുന്നു.

കേരളത്തിലെ ആളുകള്‍ക്ക് സാര്‍വത്രികമായി വാക്സിന്‍ നല്‍കുന്നതിന് ആയിരത്തില്‍പരം കോടി രൂപ വേണ്ടി വരും എന്നാണ് ഇപ്പോഴത്തെ കണക്ക്. കോടതിയുടെയും ജനങ്ങളുടെയും ഇടപെടലിനെ തുടര്‍ന്ന് മോഡി സര്‍ക്കാര്‍ തന്നെ വാക്സിന്‍ സൗജന്യമായി എല്ലാവര്‍ക്കും നല്‍കാന്‍ നിര്‍ബന്ധിതമായി എന്നു വരാം. അതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അത് ഉണ്ടായില്ലെങ്കില്‍ എത്രയും വേഗം വാക്സിന്‍ വാങ്ങി ഇവിടെ സൗജന്യമായി കൊടുക്കും. അതാണ് മുഖ്യമന്ത്രി പറഞ്ഞതിനര്‍ഥം. വാക്സിന്‍ വാങ്ങാന്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടല്ലൊ, പിന്നെ എന്തിനു ചലഞ്ച് ഫണ്ട് എന്നാണ് ഷൈലോക്കിന്‍റെ പിന്‍മുറക്കാരനെപ്പോലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിക്കുന്നത്. ഖജനാവില്‍ ഫണ്ട് എടുത്തുവച്ചിട്ടല്ല ആ പ്രഖ്യാപനം. ഒരു ജനാധിപത്യ സര്‍ക്കാരിന്‍റെ കടമ നിര്‍വഹിക്കും എന്നാണ് ആ പ്രഖ്യാപനത്തിന്‍റെ അര്‍ഥം. അത് അറിഞ്ഞ ജനസാമാന്യമാണ് വാക്സിന്‍ ചലഞ്ച് ആശയം ഉയര്‍ത്തിയത്.

കേരളത്തില്‍ മാത്രമേ ഇങ്ങനെയൊരു നീക്കം ജനങ്ങളില്‍നിന്ന് ഉണ്ടായിട്ടുള്ളൂ. ഇവിടെ മാത്രമേ ഇടതുപക്ഷ സമീപനമുള്ള സര്‍ക്കാര്‍ ഉള്ളൂ എന്നതു മാത്രമല്ല അതിനുകാരണം. 1956 നവംബര്‍ 1നു കേരളം രൂപീകരിക്കപ്പെട്ടശേഷം നിലവില്‍വന്ന ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട (കമ്യൂണിസ്റ്റ്) സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ ഭരണനയങ്ങളില്‍ കാര്യമായ പൊളിച്ചെഴുത്ത് നടത്തി. ഭൂപരിഷ്കരണം, വ്യവസായവല്‍ക്കരണം മുതലായ സാമ്പത്തികനടപടികള്‍ മാത്രമല്ല, സംവരണം, തൊഴില്‍നിയമം ആദിയായി വിവിധ ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം മുതലായ സേവനകാര്യങ്ങളുടെ ഗുണനിലവാരം സാര്‍വത്രികമാക്കാനും മെച്ചപ്പെടുത്താനും ആ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടു. ആ അടിത്തറ മേലാണ് പിന്നീടു നിലവില്‍ വന്ന വിവിധ സര്‍ക്കാരുകള്‍ തുടര്‍ നടപടികള്‍ കൈക്കൊണ്ടത്. ഈ സമീപനത്തിന്‍റെ ഫലമായാണ് 73, 74 ഭരണഘടനാ ഭേദഗതികളെ തുടര്‍ന്ന് രൂപംകൊണ്ട ത്രിതല പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും (പിഎച്ച്സി), പ്രാദേശികസാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളും (സിഎച്ച്സി) നിലവില്‍വന്നത്. കേരളത്തില്‍ ഇപ്പോള്‍ ഈ പിഎച്ച്സികളെയെല്ലാം സൗകര്യങ്ങള്‍ വികസിപ്പിച്ച് കുടുംബ ആരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുമുണ്ട്. അതുകൊണ്ടുള്ള പ്രയോജനം ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. പ്രളയമുണ്ടായപ്പോഴും മഹാമാരി ബാധിച്ചപ്പോഴും ഈ ആരോഗ്യകേന്ദ്രങ്ങള്‍ അവയെ പിടിച്ചുനിര്‍ത്തുന്നതിലും അതിനിരയായവരെ ശുശ്രൂഷിക്കുന്നതിലും ഒക്കെ വഹിച്ച മാതൃകാപരമായ പങ്ക് പൊതുവില്‍ ശ്രദ്ധിക്കപ്പെട്ടു.

ഈ തിരിച്ചറിവുള്ളവരാണ് ചലഞ്ച് ഫണ്ടിന് ആഹ്വാനം നല്‍കിയതും അതിലേക്ക് ഉദാരമായും വ്യാപകമായും സംഭാവന ചെയ്യുന്നതും. വാക്സിന്‍ വ്യാപകമായി നല്‍കപ്പെട്ടാല്‍ കോവിഡ് മഹാമാരിയുടെ വ്യാപനത്തെ കാര്യമായി നിയന്ത്രിക്കാം എന്നതാണ് ലോകമാസകലമുള്ള അനുഭവം. ഈ മഹാമാരിയെ പിടിച്ചുകെട്ടാതെ ഒരു വികസനവും സാധ്യമല്ല. സാധാരണ ജീവിതം പോലും അസാധ്യമാണ്. അത് പുനഃസ്ഥാപിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് സ്വൈരജീവിതം നയിക്കാനും തൊഴില്‍ ചെയ്ത് വരുമാനം ഉണ്ടാക്കാനും അങ്ങനെ സമൂഹത്തിനാകെ മുന്നോട്ടു പോകാനും കഴിയൂ. അതുകൊണ്ടാണ് വാക്സിന്‍ വേണ്ടവര്‍ക്കെല്ലാം സൗജന്യമായി നല്‍കും എന്നു കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ ബോധമില്ലാഞ്ഞിട്ടോ, എല്ലാവരും അങ്ങനെ രോഗമുക്തി നേടി സുഖിക്കേണ്ട എന്നു കരുതിയിട്ടോ ആണ് മോഡി സര്‍ക്കാര്‍ ഈ കടമയില്‍നിന്ന് ഒഴിഞ്ഞുമാറുന്നത്.

കേരളത്തിലെ ജനങ്ങള്‍ പൊതുവില്‍ ഈ സാമൂഹ്യബോധം ഉള്‍ക്കൊണ്ടവര്‍ ആണെങ്കിലും, കോണ്‍ഗ്രസ്, ബിജെപി എന്നീ കക്ഷിനേതാക്കളില്‍ കുറേപ്പേര്‍ അങ്ങനെയല്ല ചിന്തിക്കുന്നത്. ജനങ്ങള്‍ക്കു കൂട്ടമരണം സംഭവിച്ചിട്ടായാലും, എല്‍ഡിഎഫ് അധികാരത്തില്‍ തുടരരുത് എന്നതാണ് ആ നേതാക്കളുടെ ചിന്താഗതി. അതുകൊണ്ടാണ് രമേശ് ചെന്നിത്തലയെപ്പോലുള്ള കോണ്‍ഗ്രസ്സുകാരും വി മുരളീധരനെയും കെ സുരേന്ദ്രനെയും പോലുള്ള ബിജെപിക്കാരും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ സകല നടപടികളെയും അപഹാസ്യമാംവിധം ചോദ്യംചെയ്തും തള്ളിപ്പറഞ്ഞുംകൊണ്ടിരിക്കുന്നത്. എന്നാല്‍ അവരുടെ പാര്‍ടികളിലെ വിവേകമുള്ളവര്‍ ഇന്നത്തെ സ്ഥിതിവിശേഷത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ് കേരള സര്‍ക്കാരിന്‍റെ നടപടികളെ പിന്താങ്ങുന്നു.

ഈ സ്ഥിതിവിശേഷത്തിലാണ് എല്ലാ മേഖലകളിലുമുള്ള കേരളീയര്‍ വാക്സിന്‍ ചലഞ്ചിനെ തങ്ങള്‍ നേരിടുന്ന ചലഞ്ചായി കണ്ട് അതിനെ വിജയിപ്പിക്കാന്‍ സര്‍വാത്മനാ മുന്നോട്ടുവരുന്നത്.•