ജനകീയ പ്രക്ഷോഭമായി മാറുന്ന കര്‍ഷകസമരം

വിജൂ കൃഷ്ണന്‍

ഴിഞ്ഞ പത്ത് മാസമായി നടന്നുവരുന്ന ഇന്ത്യയിലെ കര്‍ഷകസമരം തൊഴിലാളിവര്‍ഗത്തിന്‍റെ സജീവ പിന്തുണയോടെ ഐതിഹാസികമായ ഒരു സംയുക്ത സമരമായിരിക്കുകയാണ്. വിഷയാധിഷ്ഠിതമായി രൂപം കൊണ്ട 500ല്‍ ഏറെ കര്‍ഷക സംഘടനകളുടെ വിപുലമായ ഐക്യം, കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നതിന് സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ വലതുപക്ഷ ബിജെപി ഗവണ്‍മെന്‍റ് കൊണ്ടുവന്ന കര്‍ഷകവിരുദ്ധമായ മൂന്ന് നിയമങ്ങള്‍ക്കും നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കുമെതിരെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ചെറുത്തുനില്‍പ്പ് ഉയര്‍ത്തിയിരിക്കുകയാണ്. കാര്‍ഷിക വിപണികളെ നിയന്ത്രണരഹിതമാക്കല്‍, പൊതുസംഭരണത്തിന്‍റെ സ്വകാര്യവല്‍ക്കരണം, വന്‍കിട അഗ്രിബിസിനസുകാര്‍ അവശ്യസാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കല്‍, ലോക വ്യാപാര സംഘടനയുടെ തീട്ടൂരവും ബിജെപി ഗവണ്‍മെന്‍റിന്‍റെ ശിങ്കിടികളായ കോര്‍പറേറ്റുകളുടെ ആവശ്യവും പ്രകാരം അസമമായ കരാര്‍ കൃഷിക്ക് കോര്‍പറേറ്റുകളെ അനുവദിക്കല്‍ എന്നിവയെല്ലാം ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുകയും ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം വിലവര്‍ധനയ്ക്കിടയാക്കുകയും ചെയ്യുന്നു. ഈ നീക്കങ്ങള്‍ കര്‍ഷകരെ തങ്ങളുടെ ഭൂമിയില്‍ നിന്നും കുടിയിറക്കുന്നതിനും കര്‍ഷകത്തൊഴിലാളികളെ നാട്ടില്‍ നിന്ന് ആട്ടിയോടിക്കാനും ഒപ്പം കര്‍ഷകരെ അവരുടെ തന്നെ ഭൂമിയില്‍ തൊഴിലാളികളാക്കി മാറ്റാനും ഇടയാക്കുന്നു. തൊഴിലാളിവര്‍ഗം പൊരുതി നേടിയ അവകാശങ്ങള്‍ ഇതിനൊപ്പം തന്നെ പിന്‍വലിക്കപ്പെട്ടു; എട്ട് മണിക്കൂര്‍ തൊഴില്‍ സമയം പോലും ഇതിലൂടെ നഷ്ടപ്പെടുകയാണ്.

മഹാമാരിയുടെയും കടുത്ത സാമ്പത്തികമാന്ദ്യത്തിന്‍റെയും വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകളുടെയും ബഹുജനങ്ങള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന ഭീമമായ വരുമാന നഷ്ടത്തിന്‍റെയും 20 കോടിയിലേറെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതിന്‍റെയും ദശലക്ഷക്കണക്കിനാളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിനീക്കപ്പെട്ടതിന്‍റെയും ഇടയ്ക്ക് ബിജെപിയുടെ നരേന്ദ്രമോഡി ഗവണ്‍മെന്‍റു ഈ നിയമങ്ങള്‍ കൊണ്ടുവന്ന നികൃഷ്ടമായ രീതി ജനങ്ങളുടെ ദുരിതങ്ങളോടുള്ള ഈ ഗവണ്‍മെന്‍റിന്‍റെ ഉദാസീന മനോഭാവത്തെ തുറന്നു കാണിക്കുന്നു. ലോക്ഡൗണ്‍ കാലത്ത് തങ്ങളുടെ കോര്‍പറേറ്റ് ശിങ്കിടികള്‍ക്ക് ഭാരിച്ച ആനുകൂല്യങ്ങള്‍ നല്‍കിയപ്പോള്‍പോലും ദുരിതത്തില്‍പെട്ടിരുന്ന ജനങ്ങള്‍ക്ക് എന്തെങ്കിലും ആശ്വാസം നല്‍കാനുള്ള നീക്കം ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായില്ല എന്ന വസ്തുത, തങ്ങളെ ലോക്ഡൗണില്‍പെടുത്തി പൂട്ടിയിരിക്കുന്നത് കോര്‍പറേറ്റ് കൊള്ളയ്ക്ക് അവസരമൊരുക്കാനാണ് എന്ന ശക്തമായ ധാരണ ജനങ്ങളില്‍ രൂഢമൂലമായി. അദാനിമാരുടെയും അംബാനിമാരുടെയും മറ്റും കൈകളിലെ പാവയെപ്പോലെ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റിന്‍റെ നടപടികളെ ജനങ്ങള്‍ തങ്ങളോടുള്ള അവഹേളനമായാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയിലെ കാര്‍ഷികരംഗത്തെയും ഭക്ഷ്യസുരക്ഷയെയും തൊഴിലവസരങ്ങളെയും എന്ന പോലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും ഭാവിയെത്തന്നെ ഈ നിയമങ്ങള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന ബോധ്യം അവരെ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത കടുത്ത ചെറുത്തുനില്‍പ്പിലേക്ക് നയിച്ചു. സര്‍ക്കാരിന്‍റെ പാരിതോഷികങ്ങളുടെ ഏറ്റവും വലിയ നിയമവിരുദ്ധ ഗുണഭോക്താക്കള്‍ അദാനിമാരും അംബാനിമാരുമാണെന്ന് അംഗീകരിക്കപ്പെട്ടു. കോര്‍പറേറ്റ് കൊള്ളയുടെ മൂര്‍ത്തീഭാവമായി അദാനിയും അംബാനിയും മാറി. ഇത് അദാനിയുടെയും അംബാനിയുടെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ജനകീയ ആഹ്വാനത്തിനിടയാക്കി; ഇത് വലിയ തോതില്‍ വിജയകരമായി നടപ്പാക്കപ്പെട്ടു-പ്രത്യേകിച്ചും പഞ്ചാബിലും ഹരിയാനയിലും.

നരേന്ദ്രമോഡി നയിക്കുന്ന ബിജെപി ഗവണ്‍മെന്‍റിനെതിരായി ജനങ്ങളുടെ കടുത്ത രോഷവും വെറുപ്പും പ്രകടിപ്പിക്കുന്നത്, കൃഷിക്കാരോടുള്ള കടുത്ത അനീതിക്കെതിരെ പെട്ടെന്നുയര്‍ന്ന പൊട്ടിത്തെറിയൊന്നുമില്ല. കഴിഞ്ഞ ഏഴ് വര്‍ഷമായി കൃഷിക്കാരുടെ വിപുലമായ വിഷയാധിഷ്ഠിത ഐക്യം കെട്ടിപ്പടുക്കാനുള്ള അവിശ്രമമായ പരിശ്രമങ്ങളുടെ കൂടിഫലമാണത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ നിരവധി വിഷയാധിഷ്ഠിത ഐക്യങ്ങള്‍ കെട്ടിപ്പടുക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷങ്ങളിലെ സംയുക്ത സമരങ്ങളില്‍ ഘടക സംഘടനകള്‍ യോജിപ്പിലെത്തിയ വിഷയങ്ങള്‍ വര്‍ധിക്കുകയും നവലിബറല്‍ സാമ്പത്തിക നയങ്ങള്‍, ഫാസിസ്റ്റ് ശക്തികളുടെയും വര്‍ഗീയ -ജാതീയ ശക്തികളുടെയും ആക്രമണങ്ങള്‍, ഭരണഘടനയ്ക്കു നേരെയുള്ള ആക്രമണങ്ങള്‍, ജനാധിപത്യ അവകാശങ്ങള്‍ തടയുന്നത് എന്നിവ ഉള്‍പ്പെടെയുള്ള വിപുലമായ വിഷയങ്ങളില്‍ സമവായത്തിലെത്തുകയും ചെയ്തു. തൊഴിലാളിവര്‍ഗത്തിന്‍റെ സംഘടനകള്‍ക്കും മുന്‍പ് വിഷയാധിഷ്ഠിത ഐക്യത്തിന്‍റേതായ ഒരു പാരമ്പര്യമുണ്ടായിരുന്നു; അന്ന് നിരവധി യൂണിയനുകള്‍ സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളുടെ കൊടിക്കീഴില്‍ യോജിച്ചണിനിരക്കുകയും സാമ്പത്തികാവശ്യങ്ങളുന്നയിച്ചുള്ള നിരവധി ദേശവ്യാപകപണിമുടക്കുകള്‍ ഉള്‍പ്പെടെ ഒട്ടേറെ സംയുക്ത പ്രക്ഷോഭങ്ങള്‍ നടത്തുകയുമുണ്ടായി. കഴിഞ്ഞ ഏഴ് വര്‍ഷമായുള്ള ഈ സംഭവവികാസങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ വശം, കര്‍ഷകജനസാമാന്യത്തെ പ്രതിനിധീകരിക്കുന്ന സംഘടനകളും തൊഴിലാളിവര്‍ഗത്തെയും മറ്റു മര്‍ദിത വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടനകളും തമ്മില്‍ ഉയര്‍ന്നുവരുന്ന വലിയ തോതിലുള്ള ഐക്യദാര്‍ഢ്യമാണ്. റിട്ടയര്‍ ചെയ്ത പട്ടാളക്കാരും ചിട്ടി ഫണ്ട് കുംഭകോണത്തിന്‍റെ ഇരകളും ഈ സമരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. തൊഴിലാളിവര്‍ഗത്തോടും മറ്റ് മര്‍ദിത വിഭാഗങ്ങളോടും ഒത്തുചേര്‍ന്ന് കര്‍ഷകജനത പാര്‍ലമെന്‍റിലേക്കു നടത്തിയ വമ്പിച്ച മാര്‍ച്ചുകള്‍ 2014-19 കാലത്തിന്‍റെ മുഖമുദ്രയാണ്. ഈ പോരാട്ടങ്ങളുടെ അനുഭവമാണ് ഇന്നത്തെ സമരത്തിന്‍റെ അടിത്തറ ശക്തമാക്കിയത്. 

സമീപകാല ചരിത്രത്തില്‍ 
മുന്നനുഭവമില്ലാത്ത സമരം

കര്‍ഷകജനത ഇപ്പോള്‍ നടത്തുന്ന സംയുക്ത സമരം സമീപകാല ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. പ്രതിഷേധങ്ങളുടെ വൈപുല്യം തന്നെ ശ്രദ്ധേയമാണ്. കര്‍ഷകവിരുദ്ധ നിയമനിര്‍മാണങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം ആദ്യമുയര്‍ന്ന പ്രതിഷേധം ഡല്‍ഹി ചലോ പ്രക്ഷോഭത്തോടെ വലിയ കരുത്താര്‍ജിച്ചു; ആ റാലിയില്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ലക്ഷക്കണക്കിനാളുകള്‍ സമാധാനപരമായി മാര്‍ച്ച് ചെയ്തെത്തി; പിന്നീട് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മാര്‍ച്ച് ചെയ്തെത്തി. സിംഘു, തിക്രി, ഘാസിപ്പൂര്‍, പല്‍വാല്‍, ഷാജഹാന്‍പൂര്‍, മേവാട് എന്നീ ഡല്‍ഹിയിലെ അതിര്‍ത്തി കേന്ദ്രങ്ങള്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ കുടുംബസമേതം കൈവശപ്പെടുത്തി; ഈ ദേശീയപാതകളില്‍ വളരെ ദൂരം വരെ വൃദ്ധരും ചെറുപ്പക്കാരും ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ ടെന്‍റുകള്‍ കെട്ടി താമസമാക്കി. കിടങ്ങുകള്‍ കുഴിച്ചും ഭീമന്‍ കണ്ടയ്നറുകള്‍ കൊണ്ടിട്ടും മുള്ളുവേലികളും ബാരിക്കേഡുകളും സ്ഥാപിച്ചും ജലപീരങ്കികളും ടിയര്‍ ഗ്യാസും പ്രയോഗിച്ചും ലാത്തിച്ചാര്‍ജു നടത്തിയും കിരാതമായ മര്‍ദന നടപടികളിലൂടെ അവര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും ഗവണ്‍മെന്‍റിന് അതിനു കഴിഞ്ഞില്ല.

വിവിധ വിഭാഗം അധ്വാനിക്കുന്നവര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട ഐക്യദാര്‍ഢ്യത്തിന്‍റെ തോത് അഭൂതപൂര്‍വമാണ്. കടുത്ത തണുപ്പത്ത് ആയിരക്കണക്കിനു കര്‍ഷകര്‍ ന്യൂഡല്‍ഹിയിലെ വിവിധ അതിര്‍ത്തി പ്രദേശങ്ങളിലെ തെരുവീഥികളില്‍ ഇരിക്കുകയായിരുന്നു. 2020 നവംബര്‍ 26 മുതലുള്ള സമരത്തിനിടയില്‍ മുന്നൂറിലേറെ കൃഷിക്കാര്‍ മരണപ്പെട്ടു. ഡല്‍ഹിയിലെ ഡിസംബര്‍, ജനുവരി മാസങ്ങളിലെ കൊടുംതണുപ്പ് കര്‍ഷകര്‍ ധീരമായി നേരിട്ട രീതിയാണ് ഒട്ടേറെപ്പേരുടെ ഹൃദയം കവര്‍ന്നത്. ധാര മുറിയാതെയുള്ള മഴയിലും കാറ്റിലും പലപ്പോഴും അവരുടെ ടെന്‍റുകള്‍ തകര്‍ക്കപ്പടുകപോലുമുണ്ടായി; എന്നാല്‍ ഇതൊന്നും തന്നെ കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യം തകര്‍ത്തില്ല. മറ്റു തൊഴിലാളിവിഭാഗങ്ങള്‍ക്കു പുറമെ, ഡല്‍ഹിയിലെ വിവിധ സംഘടനകളില്‍നിന്നും പിന്തുണ ഒഴുകിയെത്തി. ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും അയല്‍പ്രദേശങ്ങളിലെ ഗ്രാമങ്ങളില്‍നിന്നുള്ളവര്‍ ഈ സ്ഥലങ്ങളിലൊന്നും ഭക്ഷ്യക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തി. കര്‍ഷകര്‍ സ്വയമേവ തന്നെ അവിശ്വസനീയമായ സംഘടനാശേഷിയാണ് ട്രാക്ടര്‍ ട്രോളികളെ വീടുകളും ക്യാമ്പ്സൈറ്റുകളും ആക്കി മാറ്റുന്നതിലും കൂട്ടുലാങ്കറുകള്‍ (സൗജന്യ സമൂഹ അടുക്കളകള്‍) നിര്‍മിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പ്രകടിപ്പിച്ച മികവിലും പ്രകടമാകുന്നത്.

കര്‍ഷകജനത ഭരണവര്‍ഗത്തെ പിടിച്ചുലച്ചതിന്‍റെ കരുത്ത് ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു. ജനുവരി 26ന് ദശലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്തുടനീളം നടന്ന ഐതിഹാസികമായ തൊഴിലാളി-കര്‍ഷക ട്രാക്ടര്‍ പരേഡില്‍ പങ്കാളികളായത്. ദേശീയ തലസ്ഥാന മേഖലയ്ക്കു ചുറ്റും രണ്ടുലക്ഷത്തിലേറെ ട്രാക്ടറുകളും മറ്റു വാഹനങ്ങളുമാണ് പരേഡില്‍ പങ്കെടുത്തത്. 1947 ആഗസ്ത് 15നു ശേഷം ഇത്രയേറെ ഇന്ത്യന്‍ പൗരര്‍ പങ്കെടുത്ത കര്‍ഷകര്‍ നടത്തിയ റിപ്പബ്ലിക് ദിന പരേഡ് പോലെ ഒന്ന് കണ്ടിട്ടുണ്ടാവില്ല. ഈ പരേഡ് വടക്ക് ജമ്മു-കാശ്മീര്‍ മുതല്‍ തെക്ക് കേരളം വരെയും പടിഞ്ഞാറ് ഗുജറാത്ത് മുതല്‍ കിഴക്ക് ത്രിപുര വരെയും എല്ലാ സംസ്ഥാനങ്ങളിലും നടന്നു. കോര്‍പറേറ്റ് കൊള്ളയ്ക്ക് അവസരമൊരുക്കാനും ബിജെപി ഗവണ്‍മെന്‍റ് കൊണ്ടുവന്ന കര്‍ഷക വിരുദ്ധ തൊഴിലാളി വിരുദ്ധ നിയമങ്ങളെ പരാജയപ്പെടുത്താനും ഗവണ്‍മെന്‍റിന് വ്യക്തമായ സന്ദേശങ്ങള്‍ നല്‍കാനുമുള്ള ജനങ്ങളുടെ ദൃഢനിശ്ചയം ആവര്‍ത്തിച്ചുറപ്പിക്കുന്നതാണത്. കൃഷിക്കാരുടെ പ്രക്ഷോഭമെന്ന നിലയില്‍ തുടങ്ങിയത് ഇപ്പോള്‍ തൊഴിലാളിവര്‍ഗവും സ്ത്രീകളും വിദ്യാര്‍ഥികളും യുവജനങ്ങളും മര്‍ദിത ജനവിഭാഗങ്ങളാകെയും സജീവമായി ഏറ്റെടുത്തു.

അഭൂതപൂര്‍വമായ വിധം സമാധാനപരമായ ഈ പ്രതിഷേധം ബിജെപി ഗവണ്‍മെന്‍റിനെയും ഭരണവര്‍ഗങ്ങളെയും പിടിച്ചുലച്ചു; കഴിഞ്ഞ രണ്ടുമാസത്തിലേറെയായി, ഭരണാധികളും കോര്‍പറേറ്റ് മാധ്യമങ്ങളും നിരന്തരമായ പ്രകോപനങ്ങളെയും നുണപ്രചരണത്തെയുമാണ് ആശ്രയിക്കുന്നത്. സമരം നടന്ന കഴിഞ്ഞ 5 മാസക്കാലത്ത് 300 ലേറെ കര്‍ഷകരുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് മൗനം പാലിക്കുകയും ബിജെപിക്കുവേണ്ടി കര്‍ഷക പ്രക്ഷോഭത്തിനെതിരെ ദുരുപദിഷ്ടമായ പ്രചാരണം നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉള്‍പ്പെടെ പൊലീസിന്‍റെ ഏജന്‍റുമാരെ കര്‍ഷകര്‍ പൊലീസിനു കൈമാറിയ നിരവധി ഉദാഹരണങ്ങളുണ്ട്; പലപ്പോഴും ഈ ഏജന്‍റുമാരെ അയക്കുന്നതു പൊലീസ് തന്നെയാണ്. ജനുവരി 26നു നടന്ന ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കു ശേഷം (അവയെ സംയുക്ത കര്‍ഷകസമിതി അപലപിക്കുകയും ചെയ്തിരുന്നു) ബിജെപി ഗവണ്‍മെന്‍റും കോര്‍പറേറ്റ് മാധ്യമങ്ങളും ഈ പ്രക്ഷോഭത്തെ ക്രമരഹിതമായതും അക്രമാസക്തവുമെന്ന് ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ഗവണ്‍മെന്‍റിന്‍റെ കൈയിലെ പാവകളായി കളിച്ച ഗ്രൂപ്പിനെയും അവരുടെ പദ്ധതിയെയും ഫലപ്രദമായി ഒറ്റപ്പെടുത്താന്‍ കഴിഞ്ഞു; അതുപോലെ തന്നെ ശിഥിലീകരണ ശക്തികളുമായുള്ള ബിജെപി ഗവണ്‍മെന്‍റിന്‍റെ ഒത്തുകളിയും തുറന്നുകാണിക്കപ്പെട്ടു.

തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രതിഷേധിക്കുന്ന കര്‍ഷകരെ വളയാനും പ്രതിഷേധ പ്രദേശങ്ങളെ തുറന്ന ജയിലുകളാക്കി മാറ്റാനും ഡല്‍ഹിയിലെ വിവിധ അതിര്‍ത്തി പ്രദേശങ്ങളെ പരസ്പരം പോരടിക്കുന്ന രാഷ്ട്രങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ പോലെ വേലിക്കെട്ടുകള്‍ ആക്കി മാറ്റുവാനാണ് ബിജെപി ഗവണ്‍മെന്‍റ് ശ്രമിച്ചത്. ഇസ്രായേലിന്‍റെ വംശീയ മതിലിനെയോ മെക്സിക്കോയില്‍നിന്ന് പ്രവാസികള്‍ വരുന്നത് തടയുന്നതിനുള്ള ട്രംപിന്‍റെ മതിലിനെയോ ആണ് ഗവണ്‍മെന്‍റിന്‍റെ നടപടികള്‍ ഓര്‍മിപ്പിക്കുന്നത്. കിടങ്ങുകള്‍ കുഴിക്കല്‍, റോഡുകളില്‍ ഇരുമ്പ് ദണ്ഡുകള്‍ നിരത്തല്‍, കമ്പിവേലികെട്ടല്‍, കുടിവെള്ളവും വൈദ്യുതിയും ഇന്‍റര്‍നെറ്റും മുടക്കല്‍, കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കല്‍, മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യല്‍, പൊലീസ് സഹായത്തോടെ സംഘടിത ഗുണ്ടാസംഘങ്ങളെ സമരവേദികളിലേക്ക് കടത്തിവിടല്‍- എന്നിങ്ങനെ എന്തെന്ത് കാര്യങ്ങളാണ് സര്‍ക്കാര്‍ ഈ പ്രക്ഷോഭത്തിനെതിരെ പ്രയോഗിക്കുന്നത്?

ഇന്ത്യയിലെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സംയുക്തസമരത്തിന് ലോകത്തുടനീളമുള്ള ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും അഭൂതപൂര്‍വമായ ഐക്യദാര്‍ഢ്യമാണ് ലഭിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തങ്ങളായ ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങളാണ് നടന്നത്. വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ എംബസികള്‍ക്കുമുന്നില്‍ പ്രതിഷേധിച്ചു. കാനഡ ഗവണ്‍മെന്‍റും ന്യൂസിലന്‍ഡ് ഗവണ്‍മെന്‍റും കര്‍ഷകര്‍ക്കനുകൂലമായ ഒരു നിലപാടെടുത്തു; ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഈ വിഷയം ചര്‍ച്ച ചെയ്യുകയും ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ മര്‍ദന നടപടികളെ അപലപിക്കുകയുമുണ്ടായി. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലും, നിരവധി വിദേശസര്‍വകലാശാലകളും ജര്‍മനി, സ്പെയിന്‍, നേപ്പാള്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ കര്‍ഷകസംഘടനകളും വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്‍റംഗങ്ങളും സെനറ്റര്‍മാരും ഇന്ത്യന്‍ പ്രവാസികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, ട്രേഡ് യൂണിയന്‍ ഇന്‍റര്‍നാഷണല്‍ ഇന്‍ അഗ്രികള്‍ച്ചര്‍, ലാവയ കാംപെസിന, വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍, സര്‍വകലാശാലകള്‍, പ്രക്ഷോഭകര്‍, വിവിധ ഗ്രൂപ്പുകള്‍ എന്നിവയെല്ലാം കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തി. എന്നാല്‍ ഇത്തരം ഐക്യദാര്‍ഢ്യപ്രക്ഷോഭങ്ങള്‍ക്കെല്ലാം നേരെ ബിജെപി ഗവണ്‍മെന്‍റ് കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്; സ്ഥാപനങ്ങളെയും ഗ്രേറ്റ തുന്‍ബെര്‍ഗിനെപോലെയുള്ള ആക്ടിവിസ്റ്റുകളെയും ഭീഷണിപ്പെടുത്തുകയും നവദീപ് കൗറിനെയും ദിശ രവിയെയും പോലെയുള്ള യുവപ്രക്ഷോഭകരെയും മന്‍ദീപ് പുനിയയെപോലെയുള്ള മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകപോലുമുണ്ടായി; കര്‍ഷകര്‍ക്കൊപ്പം ഉറച്ചുനിന്ന ന്യൂസ് ക്ലിക്കിനു സമ്പൂര്‍ണമായ റെയ്ഡിനെ നേരിടേണ്ടതായി പോലും വന്നു.

മഹത്തായ സമരപാരമ്പര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നു
നമ്മള്‍ സാക്ഷ്യം വഹിക്കുന്ന ഈ കര്‍ഷകപ്രക്ഷോഭം സാമ്രാജ്യത്വത്തിനും ഫ്യൂഡലിസത്തിനുമെതിരായി നടന്ന ഒട്ടേറെ പോരാട്ടങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ്; യഥാര്‍ഥത്തില്‍ ഈ കര്‍ഷകപ്രക്ഷോഭം  ആ സമരപാരമ്പര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുകയാണ്. കര്‍ഷക ജനസാമാന്യം നടത്തിയ വ്യത്യസ്ത സമരങ്ങള്‍, ചന്ദ്രശേഖര്‍ ആസാദിനെയും ഭഗത്സിംഗിനെയും രാജ്ഗുരുവിനെയും  സുഖ്ദേവിനെയും പോലുള്ള ധീരവിപ്ലവകാരികളുടെ രക്തസാക്ഷിത്വം, ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല, ഗാന്ധിജിയുടെ രക്തസാക്ഷിത്വം, മഹാത്മാഫുലെയുടെയും ബാബാ സാഹേബ് അംബേദ്ക്കറിന്‍റെയും ജന്മവാര്‍ഷികം എന്നിവയുടെയെല്ലാം സ്മരണ പുതുക്കി. വനിതാദിനം, വൈശാഖിയും ഹോളിയും പോലുള്ള ജനങ്ങളുടേതായ ആഘോഷങ്ങള്‍ തുടങ്ങിയവയിലുമെല്ലാം വമ്പിച്ച ജന പങ്കാളിത്തമുണ്ടായിരുന്നു. ബിജെപി ഗവണ്‍മെന്‍റിന്‍റെ കര്‍ഷകവിരുദ്ധ, തൊഴിലാളിവിരുദ്ധ നിയമങ്ങളെ ചെറുക്കുവാനും ബിജെപിയെ ഒറ്റപ്പെടുത്തുന്നതിനുംവേണ്ടി മുന്‍പ് വര്‍ഗീയ സ്പര്‍ദ്ധ കണ്ടുവന്നിരുന്ന പ്രദേശങ്ങളില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ചു മുന്നോട്ടുവരുകയും, അവര്‍ ജാതീയമായ അടിച്ചമര്‍ത്തലിനെതിരായി ഐക്യദാര്‍ഢ്യത്തോടെ സംസാരിക്കുകയും ചെയ്തതിലൂടെ സംഘപരിവാറിന്‍റെ ഭിന്നിപ്പിക്കല്‍ അജന്‍ഡയെ ഫലപ്രദമായി ചെറുക്കുകയായിരുന്നു. ചരിത്രപരമായ സമരങ്ങള്‍ക്കും രക്തസാക്ഷിത്വത്തിനും സാക്ഷ്യം വഹിച്ച മണ്ണ്, ഇന്ത്യയുടെ വിവിധയിടങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്ക് കൊണ്ടുവന്നുകൊണ്ടുള്ള മിട്ടി സത്യാഗ്രഹവും ആവേശോജ്ജ്വലമായി. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതാക്കള്‍, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന വമ്പിച്ച കിസാന്‍ മഹാപഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നടത്തിവരുന്ന 'ബിജെപിക്ക് വോട്ടില്ല' ക്യാമ്പയ്നുകളിലും പങ്കെടുത്തുവരികയാണ്. സാമുദായിക സൗഹാര്‍ദത്തില്‍ ഊന്നുകയും, ജാതീയമോ ലിംഗപരമോ ആയ അടിച്ചമര്‍ത്തലിനെതിരെ നില്‍ക്കുകയും ചെയ്യുന്ന പ്രതിഷേധങ്ങള്‍ക്കായുള്ള ഒരു പുതിയ വ്യാകരണം ഉയര്‍ന്നുവരുകയാണ്.

സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചരിത്രപരമായ കര്‍ഷകപ്രക്ഷോഭങ്ങളില്‍ ജീവന്‍വെടിഞ്ഞ 300 രക്തസാക്ഷികളുടെയും ഓര്‍മയില്‍ എഐകെഎസും സിഐടിയുവും കര്‍ഷകതൊഴിലാളി യൂണിയനും സംയുക്തമായി മൂന്ന് ഷഹീദ് യാദ്ഗാര്‍ കിസാന്‍ മസ്ദൂര്‍ പദയാത്രകള്‍ (കര്‍ഷകരുടെയും തൊഴിലാളികളുടെയും രക്തസാക്ഷി അനുസ്മരണ റാലി) സംഘടിപ്പിക്കുകയുണ്ടായി. മൂന്ന് പദയാത്രകളില്‍ ആദ്യത്തേത് 2021 മാര്‍ച്ച് 18ന് ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഹന്‍സിയിലുള്ള ചരിത്രപ്രധാനമായ ലാല്‍സടക്കില്‍ നിന്നുതുടങ്ങി 120 കിലോമീറ്റര്‍ അകലെയുള്ള തിക്രി അതിര്‍ത്തിയിലേക്കായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യത്വം കൂട്ടത്തോടെ കൊന്നൊടുക്കിയ ആയിരക്കണക്കിനു രക്തസാക്ഷികളുടെ ചോര വീണു ചുവന്ന തെരുവ് എന്ന നിലയിലാണ് ലാല്‍ സടക്ക് എന്ന പേരു വീണത്. ഭഗത്സിങ്ങിന്‍റെ സഹോദരപുത്രനായ ഗുര്‍ജിത് കൗര്‍ ആണ് ഹന്‍സിയില്‍ നിന്നുള്ള പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്; ഭഗത്സിങ്ങിന്‍റെ ഗ്രാമമായ നവാന്‍ഷഹറിലെ ടാട്ട്കര്‍ ഖലാനില്‍ നിന്നുമാണ് മറ്റൊരു പദയാത്ര തുടങ്ങിയത്. പദയാത്രകള്‍ക്കു സ്വീകരണം നല്‍കാന്‍ വന്‍തോതില്‍ ജനങ്ങള്‍ മുന്നോട്ടുവന്നു. ഇത് കഴിഞ്ഞകാല സമരങ്ങളില്‍നിന്നും ആവേശമുള്‍ക്കൊണ്ടുള്ളതാണ്; അതുപോലെതന്നെ നരേന്ദ്രമോഡി നയിക്കുന്ന ബിജെപി ഗവണ്‍മെന്‍റ് കൊണ്ടുവന്ന കര്‍ഷകവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള പ്രതിഷേധത്തിന്‍റെ സന്ദേശവുമാണ്. കര്‍ഷകജനസാമാന്യത്തിന്‍റെ ഐതിഹാസികമായ സമരം ശക്തിപ്പെടുത്തുവാന്‍ ലക്ഷ്യം വച്ചുകൊണ്ടും, കോര്‍പറേറ്റനുകൂലികള്‍ക്കും ഗവണ്‍മെന്‍റിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരായ ഒരു ക്യാമ്പയ്ന്‍ എന്ന നിലയിലും നടത്തിയ ഈ പദയാത്രകള്‍, സംയുക്ത പ്രക്ഷോഭം വിജയം വരിക്കുന്നതുവരെ തുടരുമെന്ന ശക്തമായ സന്ദേശമാണ് നല്‍കിയത്

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും 2021 മാര്‍ച്ച് 26ന് വിജയകരമായി ഭാരത്ബന്ദ് സംഘടിപ്പിച്ചു. 2020 നവംബര്‍ 26നു നടന്ന ഐതിഹാസികമായ പൊതുപണിമുടക്കിനെ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള സമരത്തിന്‍റെ ഗതിക്രമത്തില്‍ കൈവരിച്ച ഐക്യമാണ് ഒന്നിച്ച് ഈ തീരുമാനമെടുക്കുന്നതിലേക്ക് സംയുക്ത കിസാന്‍ മോര്‍ച്ചയെയും കേന്ദ്ര ട്രേഡ് യൂണിയനുകളെയും നയിച്ചത്. ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണകൂടത്തിനും നവലിബറല്‍ നയങ്ങള്‍ക്കും വിഭാഗീയ രാഷ്ട്രീയത്തിനുമെതിരായി സംഘടിച്ച കര്‍ഷക ജനസാമാന്യത്തിന്‍റെയും തൊഴിലാളിവര്‍ഗത്തിന്‍റെയും വലിയൊരു വിഭാഗം, ജനപക്ഷ ബദലിനു ചുറ്റും കെട്ടിപ്പടുക്കുന്ന ഒരു വിശാല ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സാധ്യതയിലേക്കും വിരല്‍ചൂണ്ടുന്നു. ബിജെപി ഗവണ്‍മെന്‍റും കോര്‍പറേറ്റ് മാധ്യമങ്ങളും ചേര്‍ന്ന് പ്രക്ഷോഭം ദുര്‍ബലമായെന്ന പ്രതീതിയുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ജനങ്ങള്‍ വന്‍തോതില്‍ തെരുവുകളിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊയ്ത്തുകഴിഞ്ഞാല്‍ വീണ്ടുമൊരു വലിയ മുന്നേറ്റം ഉണ്ടാകും. ഡല്‍ഹിയെ ചുറ്റിനില്‍ക്കുന്ന കെഎംപി, കെജിപി റിംഗ് റോഡുകളില്‍ ഈയടുത്തു നടന്ന വമ്പിച്ച വഴിതടയല്‍ സമരം വരാനിരിക്കുന്ന ദിവസങ്ങളുടെ ഒരു സൂചന മാത്രമാണ്. ബഹുദിന പണിമുടക്കുകള്‍, എല്ലാ സംസ്ഥാനങ്ങളിലും വിപുലമായ പദയാത്രകള്‍, പാര്‍ലമെന്‍റ് മാര്‍ച്ചുകള്‍ തുടങ്ങി ട്രേഡ് യൂണിയനുകളും മറ്റു ബഹുജന സംഘടനകളുമായി ചേര്‍ന്ന് അനവധി പ്രക്ഷോഭങ്ങളും മറ്റും ചര്‍ച്ച ചെയ്തുവരികയാണ്. എല്ലാവര്‍ക്കും ഒന്നിക്കാനാകുന്ന ഒരു ജനപക്ഷ ബദലിനുവേണ്ടി ബഹുജനങ്ങളുടെയാകെ പിന്തുണയുറപ്പാക്കുക എന്നതാണ് നമുക്കു മുന്നിലെ വെല്ലുവിളി. ഉറപ്പായും ഈ സമരങ്ങള്‍ അത്തരമൊരു ബദലിലേക്കു നയിക്കുകയും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ മാറ്റിമറിക്കുകയും ചെയ്യും. ഈ നിയമങ്ങള്‍ റദ്ദുചെയ്താലും ഇല്ലെങ്കിലും അതൊരു പ്രശ്നമേയല്ല, അതു നമുക്ക് കാലത്തിനു വിടാം; ഇപ്പോള്‍തന്നെ വമ്പിച്ച വിജയങ്ങള്‍ നാം നേടിക്കഴിഞ്ഞു.•