പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാതെ...
ഗൗരി
"ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കുകയും ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് കേരള സര്‍ക്കാര്‍. മുഴുവന്‍ ജനാധിപത്യവാദികളും കൈയുയര്‍ത്തി അഭിവാദ്യം ചെയ്യേണ്ട തീരുമാനമാണ് പിണറായി വിജയന് സര്‍ക്കാരിന്റേത്... വലിയ രാഷ്ട്രീയ ആഴമുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ജിഎസ്ടിയിലൂടെ സംസ്ഥാനങ്ങളെ സാമ്പത്തികമായി പരാശ്രയരാക്കിയപ്പോള് വരുമാനമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചതാണ് കിഫ്ബി. സംസ്ഥാന നിയമസഭ പാസാക്കിയ നിയമപ്രകാരം രൂപംകൊണ്ട ഏജന്‍സിയാണത്. അത്തരമൊരു ഏജന്‍സിയുടെ ഓഫീസില്‍ റെയ്ഡ് നടത്തുക, അതിനെതിരായ നിയമനടപടിക്ക് ഒരുങ്ങുക എന്നതൊക്കെ നിശ്ചയമായും അതിരുകടന്ന ഏര്‍പ്പാടുകളാണ്. അതിനോട് അതേ നാണയത്തില്‍ തിരിച്ചടിക്കുകയെന്ന രീതിയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഫെഡറലിസത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം.
"ഇ ഡിക്കെതിരെ കേസെടുക്കാനും ജൂഡീഷ്യല്‍ അന്വേഷണം നടത്താനുമുള്ള സര്‍ക്കാര്‍ നീക്കത്തെ കോണ്‍ഗ്രസ് എതിര്‍ത്തിട്ടുണ്ട്... ഇത് പിണറായി വിജയന് സര്‍ക്കാരിനെതിരായ നീക്കമായി കാണാതെ സംസ്ഥാനങ്ങള്‍ക്കെതിരായ കേന്ദ്ര പദ്ധതിയായി കാണാന്‍ അവര്‍ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല?" ഇ ഡിക്കെതിരെ കേസ് എടുക്കാനും ജുഡീഷ്യല്‍ അന്വേഷണം നടത്താനുമുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തെ സംബന്ധിച്ച് "അതിരുവിടുന്ന കേന്ദ്ര ഏജന്‍സികള്‍" എന്ന ശീര്‍ഷകത്തില്‍ മാര്‍ച്ച് 27ന് മാധ്യമം പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍നിന്നുള്ള വരികളാണിവ. എല്‍ഡിഎഫിനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിക്കാനുള്ള ഒരവസരവും വിട്ടുകളയാത്ത പത്രമാണ് 'മാധ്യമം'. ആ പത്രത്തിനു പോലും കേന്ദ്ര ഏജന്‍സികളുടെ വഴിവിട്ട പോക്കിനെതിരെയും അവയ്ക്കൊപ്പം നില്ക്കുന്ന കോണ്‍ഗ്രസ്-യുഡിഎഫ് നേതൃത്വത്തെയും തള്ളിപ്പറയേണ്ടതായി വരുന്നു. യഥാര്‍ഥത്തില്‍ ബിജെപിയുടെയും മോഡി സര്‍ക്കാരിന്റെയും പാദസേവകരായി അധഃപതിച്ച കേരളത്തിലെ യുഡിഎഫിന്റെ അന്ധമായ കമ്യൂണിസ്റ്റ് വിരോധം അവരെ പ്രതിപക്ഷധര്‍മം പാലിക്കുന്നതിന് കഴിയാത്തവരാക്കി മാറ്റിയെന്നു മാത്രമല്ല, ജനവിരുദ്ധ സംഘവുമാക്കിയിരിക്കുന്നു. അക്കാര്യം തുറന്നുകാട്ടുകയാണ് മാര്‍ച്ച് 30ന്റെ കേരള കൗമുദി പത്രത്തിലെ മുഖപ്രസംഗം -"കിറ്റില്‍ തട്ടി ഒരു സെല്‍ഫ് ഗോള്‍". അതില്‍ പറയുന്നു;
"മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യകിറ്റു വിതരണം രാഷ്ട്രീയ ആയുധമായി മാറിയത് അത്യധികം നിര്‍ഭാഗ്യകരമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കര്ക്കശപരിധിയില് വരുത്തേണ്ട ഒരു വിഷയമായിരുന്നില്ല അത്. എന്നാല്‍ പ്രചാരണരംഗത്ത് സര്‍വ അടവും നിഷിദ്ധമല്ലാത്തതിനാല് പ്രതിപക്ഷം ഇതും സര്‍ക്കാരിനെതിരെ എടുത്ത് പ്രയോഗിച്ചുവെന്ന് മാത്രം. വോട്ടെടുപ്പ് കഴിയുന്നതുവരെ കിറ്റു വിതരണം നിറുത്തിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തില്‍ ചില വിശേഷാധികാരങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഇലക്ഷന് കമ്മീഷന് ഒട്ടും മടിക്കാറുമില്ല... കേരളത്തിലെ കിറ്റുവിതരണം പുതുതായി പ്രഖ്യാപിക്കപ്പെട്ടതല്ലെന്ന് ഓര്‍ക്കണം. സ്പെഷ്യല്‍ കിറ്റ്, ശമ്പളം, പെന്‍ഷനുമായി ബന്ധപ്പെട്ട ഉത്തരവുകള്‍, സ്കൂള്‍ കുട്ടികളുടെ മുടങ്ങിപ്പോയ അരി വിതരണം തുടങ്ങിയ കാര്യങ്ങളില്‍ മുന്‍കൂര്‍ തന്നെ തീരുമാനം ഉണ്ടായതാണ്. വിഷുവിനുള്ള കിറ്റുകള്‍ വിഷുവിനു മുന്‍പേ വിതരണം ചെയ്തു തീര്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ് വിതരണം നേരത്തെ തുടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ദ്ധന്യത്തിലേക്ക് കടക്കുമ്പോള്‍ ജനവികാരം വേണ്ടവിധം വിലയിരുത്താതെ എടുത്തുചാടി ചെയ്ത ഒരു പ്രവൃത്തിയുടെ പേരില്‍ പ്രതിപക്ഷം സ്വന്തം പോസ്റ്റിലേക്കു ഗോളടിച്ച പ്രതീതിയാണിപ്പോള്‍".
കിറ്റു വിതരണം തടഞ്ഞ നടപടി ഹൈക്കോടതി റദ്ദ് ചെയ്തതോടെ പാവപ്പെട്ടവന്റെ അന്നം മുടക്കികളായ പ്രതിപക്ഷത്തിന് ഇരട്ടപ്രഹരമാണേറ്റത്. അധികാരക്കൊതി മൂത്ത കേരളത്തിലെ കോണ്‍ഗ്രസിന്റെയും അതിന് വഴികാട്ടിയായി നില്ക്കുന്ന മനോരമാദി വലതുമാധ്യമങ്ങളുടെയും ഇന്നത്തെ നിലപാടിനെ തുറന്നുകാട്ടുകയാണ് കമ്യൂണിസത്തോടോ ഇടതുപക്ഷത്തോടോ തെല്ലും അനുഭാവവും അടുപ്പവും പ്രകടിപ്പിക്കാത്ത പ്രശസ്ത സാഹിത്യകാരന് ആനന്ദ്. അദ്ദേഹത്തിന്റെ വാക്കുകള്‍:
"കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് പണ്ട് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരുകള്‍ സംസ്ഥാനങ്ങളോട് ചെയ്തതിന് സമാനമാണ്. പിന്തുണയ്ക്കാത്തവര്ക്കെതിരെ, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എല്ലാ അന്വേഷണ ഏജന്‍സികളെയും ഉപയോഗിക്കുകയാണ്. അന്വേഷണത്തില്‍ സത്യാവസ്ഥ പുറത്തുവരാന്‍ ഏറെ സമയമെടുക്കും. അപ്പോഴേയ്ക്കും നുണ അതിന്റെ കൃത്യം നിര്‍വഹിച്ചിരിക്കും. സത്യം എന്നെങ്കിലും പുറത്തുവരും. അപ്പോഴേയ്ക്കും അതിന്റെ പ്രസക്തി കഴിഞ്ഞിട്ടുണ്ടാകാം; നമ്പി നാരായണനൊക്കെ സംഭവിച്ചതുപോലെ.
"എവിടെയാണ് പ്രതിപക്ഷം? കോണ്‍ഗ്രസ് എന്ന പാര്‍ടിയുണ്ടോ? അവരില്‍ പലരുടെയും പാതി മനസ്സ് രഥയാത്രയിലാണ്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിനാകുന്നില്ല. പ്രതിപക്ഷം എന്ന രീതിയില്‍ അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല. അങ്ങനെ മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം ശബരിമലയാണെന്ന് അവര്‍ പറയുമായിരുന്നില്ല. ഫാസിസത്തോടുള്ള ഐക്യപ്പെടല്‍ അല്ലെങ്കില്‍ അധികാരക്കൊതി മാത്രമാണവര്‍ക്ക്."
ബംഗാളില്‍ നിന്നു വരുന്ന ഏറ്റവും പുതിയ വാര്‍ത്ത കമ്യൂണിസ്റ്റുകാരെ തകര്‍ക്കാന്‍ വലതുപക്ഷ രാഷ്ട്രീയക്കാര്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ്. വലതുരാഷ്ട്രീയക്കാരുടെ നേട്ടത്തിനായി പെരുംനുണകള്‍ വലതുമാധ്യമങ്ങള്‍ പെരുപ്പിക്കുന്നതിന്റെ മറ്റൊരുദാഹരണവുമാണ്. 2007ലെ നന്ദിഗ്രാം സംഭവത്തിനുപിന്നില്‍ നടന്നതെന്തെന്ന് അതിന്റെ ആസൂത്രകര്തന്നെ ഇപ്പോള്‍ വിളിച്ചുപറയുകയാണ്. അന്ന് 13 പേര് നന്ദിഗ്രാമില്‍ കൊല്ലപ്പെട്ടത്, പൊലീസ് വേഷധാരികളായി അവിടെയെത്തിയ, തൃണമൂലുകാര്‍ നിയോഗിച്ച ഗുണ്ടകളുടെ ആക്രമണത്തെ തുടര്‍ന്നാണെന്നാണ് ഇപ്പോള്‍ മമത തന്നെ വിളിച്ചുപറയുന്നത്. താനും തന്റെ പിതാവും അങ്ങനെ ചെയ്യിച്ചത് മമതയുടെ നിര്‍ദേശപ്രകാരമാണെന്ന് തിരിച്ചടിച്ചതാകട്ടെ മമതയുടെ വലംകൈയായി നിന്ന് ആക്രമണങ്ങള്‍ നടത്തിയ ഇപ്പോഴത്തെ ബിജെപി നേതാവ് സുവേന്ദു അധികാരിയും.
എന്നാല്‍ ഇവര്‍ രണ്ടുപേരുടെയും തുറന്നു പറച്ചിലുകള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലൊന്നും ഇടംപിടിച്ചതായി കാണുന്നില്ല. എന്നാല്‍ 2007 മുതല്‍ 2011 വരെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കെല്ലാം ഇഷ്ടവിഭവമായിരുന്നു സിംഗൂറും നന്ദിഗ്രാമും. "ഇടതുനിരീക്ഷകര്‍" എന്നറിയപ്പെടുന്ന ചിലര്‍ ബംഗാളിലേക്ക് തീര്‍ഥയാത്ര പോയതും മറക്കാന്‍ കാലമായില്ല. എന്നാല്‍ അന്ന് അവിടെ നടന്നത് ആസൂത്രിതമായ നിഗൂഢ നീക്കങ്ങളാണെന്ന വിവരം ഇന്ന് പുറത്തുവരുമ്പോള്‍ അവര്‍ക്കൊന്നും മിണ്ടാട്ടമില്ല. സമാനമായ നുണ മെനയലുകളും പെരുപ്പിക്കലുകളുമാണ് ഇന്ന് ഇവിടെയും നടന്നുകൊണ്ടിരിക്കുന്നത്.
മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ന്യൂസ് 24 ഉം മീഡിയ വണ്ണുമെല്ലാം നടത്തിയ പ്രീ പോള്‍ സര്‍വെകള്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിക്കുന്നതാണ്. അക്കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. എന്നാല്‍ ഈ സര്‍വെ ഫലങ്ങള്‍ അവതരിപ്പിക്കുന്നതു പോലും വലതുരാഷ്ട്രീയ അജന്‍ഡ പ്രചരിപ്പിക്കുന്നതിനുള്ള അവസരമാക്കുകയാണ് ഇവ. പ്രത്യേകിച്ചും മാര്‍ച്ച് 29ന് ഏഷ്യാനെറ്റ് സര്‍വെ അവതരിപ്പിച്ചത് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന്റെ വേദിയായാണ്.
ഇന്ത്യയില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ടിയോ മുന്നണിയോ അധികാരത്തില്‍ തുടര്‍ച്ചയായി എത്തുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. കേന്ദ്രത്തില്‍ മോഡിയുടെ തുടര്‍ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യത്തെ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ നെഹ്റുവിന്റെ ഭരണത്തുടര്‍ച്ചയായിരുന്നു. കേരളത്തിലൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ 1967 വരെ തുടര്‍ച്ചയായി കോണ്‍ഗ്രസ് അധികാരത്തിലായിരുന്നു. എന്നാല്‍ അന്നൊന്നും കാണാത്ത ഹാലിളക്കമാണ് ഇന്ന് ഒരുകൂട്ടം ബുദ്ധിജീവികളും മാധ്യമങ്ങളും പ്രകടിപ്പിക്കുന്നത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് ഇക്കൂട്ടര്‍ക്ക് വിരോധം ഭരണത്തുടര്ച്ചയോടല്ല, മറിച്ച് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള ഭരണത്തോടാണ്. അതായത് ദരിദ്രരോട്, അധ്വാനിക്കുന്നവരോട്, അവരുടെയെല്ലാം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവരോടാണ് ഇക്കൂട്ടര്‍ക്ക് അസഹിഷ്ണുതയെന്നതാണ്.
മനോരമ പത്രം കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖ്യവക്താവായി മുടിയഴിച്ചിട്ട് ആടുന്നതാണ് നാം നിത്യേന കാണുന്നത്. 30-ാം തീയതി മനോരമയുടെ ഒന്നാം പേജിലെ സ്റ്റോറി നോക്കാം: "മരിച്ചവര്‍ക്കും തപാല്‍ വോട്ട്; അപേക്ഷിക്കാതെയും തപാല്‍ വോട്ട്" എന്ന ശീര്‍ഷകത്തില്‍ പെരുപ്പിച്ചിരിക്കുന്ന കഥയില്‍ കൃത്യമായി ഒരു കേസു പോലും ചൂണ്ടിക്കാണിക്കാന്‍ പത്രത്തിനു കഴിയുന്നില്ല. അരൂപികളാണ്, പേരോ മുഖമോ ഇല്ലാത്തവരാണ് മനോരമക്കഥയില് അവതരിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങള്‍. അതിന് തൊട്ടടുത്തായി തന്നെ പ്രധാന റിപ്പോര്‍ട്ട്, "പട്ടിക പിഴച്ചെന്ന് ഹൈക്കോടതിയും" എന്ന ശീര്‍ഷകത്തില്‍ നല്കിയിരിക്കുന്നു. ഹൈക്കോടതി മാത്രമല്ല, കമ്മീഷന് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. കമ്മീഷന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതുതന്നെ ഇരട്ടിപ്പോ ഒഴിവാക്കലോ ഉണ്ടെങ്കില്‍ രാഷ്ട്രീയകക്ഷികള്‍ക്കും വ്യക്തികള്‍ക്കും അക്കാര്യം ചൂണ്ടിക്കാണിക്കാനുള്ള അവസരമായാണ്.
എന്നാല്‍ അന്നൊന്നും അത് ചൂണ്ടിക്കാണിക്കാനോ പരാതിപ്പെടാനോ തയ്യാറാകാതിരുന്ന പ്രതിപക്ഷം ഈ സര്‍വെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് പെട്ടെന്നുവന്ന ഉള്‍വിളിപോലെ കച്ചമുറുക്കി ചാടിയിറങ്ങിയിരിക്കുന്നത്. മനോരമ അവര്‍ക്ക് വഴികാട്ടിയായും നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ സ്വാധീനമേഖലകളിലും പ്രതിപക്ഷനേതാവിന്റെ ഉള്‍പ്പെടെ കോണ്‍ഗ്രസ് കുടുംബങ്ങളിലുമാണ് ഏറെയും ഇരട്ടവോട്ടുകള്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്. ചില കോണ്‍ഗ്രസ്-ബിജെപി സ്ഥാനാര്‍ഥികള്‍ക്കും ഒന്നിലേറെ വോട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ഇവര്‍ മൗനം പാലിച്ചത് ഒത്താല്‍ ഇതെല്ലാം മുതലാക്കാമെന്ന് കരുതിയായിരിക്കണം. ഇതുകൊണ്ടൊന്നും തങ്ങളുടെ കളി നടക്കില്ലെന്നു കണ്ടാണ്, എല്‍ഡിഎഫിന്റെ തുടര്‍ഭരണം ഒഴിവാക്കാനാവില്ലെന്നു കണ്ടാണ് പുതിയ പൂഴിക്കടകന്‍ പ്രയോഗവുമായി മനോരമയും ചെന്നിത്തലയും രംഗത്തുവന്നത്. എന്തായാലും ഇടതുപക്ഷം ജയിക്കും, എന്നാല്‍ അത് ഇരട്ടവോട്ടും കള്ളവോട്ടും കൊണ്ടാണെന്ന് ഒരു മുഴം നീട്ടി എറിയുകയാണവ. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ ഇങ്ങനെ ഉറഞ്ഞുതള്ളിയ ഇക്കൂട്ടര്‍ ജനവിധി തങ്ങള്ക്കനുകൂലമായപ്പോള് തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങിയതും നാം ഓര്‍ക്കണം. ഏഴ് ലക്ഷത്തിലധികം ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് ചെന്നിത്തലയും മനോരമയും കൊട്ടത്താപ്പ് കണക്കു പറയുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ കൊടുത്ത കണക്ക് 38,000 ത്തില്പരമെന്നാണ്. അത് ഖണ്ഡിക്കാന്‍ വസ്തുതകള്‍ നിരത്താന്‍ ചെന്നിത്തലയോ മനോരമയോ തയ്യാറുണ്ടോ?
മാര്‍ച്ച് 29ന്റെ മാതൃഭൂമിയില്‍ 9-ാം പേജില്‍ "ഇരട്ടവോട്ട്: വോട്ടു ചേര്‍ക്കാനുള്ള പോര്‍ട്ടലിലും പാളിച്ച". അതില്‍ പറയുന്നതുനോക്കൂ: "നിലവില്‍ വോട്ടര്‍പട്ടികയിലുള്ളവര്‍ക്ക് വീണ്ടും അപേക്ഷിക്കാവുന്ന വിധമാണ് സോഫ്റ്റ്വേര്‍." എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ പോര്‍ട്ടലും സോഫ്റ്റ്വേറും തയ്യാറാക്കിയത് എന്ന വസ്തുത തുറന്നുപറയാന്‍ മാതൃഭൂമി തയ്യാറായിട്ടില്ല. യഥാര്‍ഥത്തില്‍ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദല്‍ രാഷ്ട്രീയത്തിനു ലഭിക്കുന്ന സ്വീകാര്യതയാണ് തുടര്‍ഭരണ സാധ്യതയില്‍ പ്രതിഫലിക്കുന്നത് എന്ന് കാണാനും അംഗീകരിക്കാനും തയ്യാറല്ല. അതാണ് അവരെല്ലാം ഇരട്ടവോട്ട്, കള്ളവോട്ട്, പോസ്റ്റല്‍വോട്ട് ക്രമക്കേട് എന്നെല്ലാമുള്ള വ്യാജോക്തികളില് ചുറ്റിത്തിരിയുന്നത്. അതാണല്ലോ അമേരിക്കയില്‍ ട്രംപും കൂട്ടരും ചെയ്തത്!
ആഴക്കടലിനും
അപ്പുറമുള്ള തള്ളുകള്‍
മനോരമ യുഡിഎഫിന്റെയും ബിജെപിയുടെയും ഇടതുപക്ഷ വിരുദ്ധ പ്രചാരണത്തിന്റെ മുഖ്യവക്താക്കളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. 26ന്റെ മനോരമയുടെ ഒന്നാം പേജിലെ രണ്ട് ടോപ് ഐറ്റവും ഈ പ്രചാരണലക്ഷ്യത്തോടെ തയ്യാറാക്കപ്പെട്ടതാണ്. "ആഴക്കടല്‍ വിവാദത്തില്‍ സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുതന്നെ." അതേ ദിവസം 9-ാം പേജില്‍ "വാട്സാപ്പ് ചാറ്റ് കുരുക്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്". വാട്സാപ്പ് മെസേജുകളിലൂടെയാണ് ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ എംഡിയായ ഐഎഎസുകാരന് സുപ്രധാനമായ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും തന്റെ മേലുദ്യോഗസ്ഥനായ ഫിഷറീസിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും തെര്യപ്പെടുത്തുന്നത് എന്നതൊരു പുതിയ അറിവാണ്. മാത്രമല്ല, നയപരമായ ഇത്തരം കാര്യങ്ങളില്‍ സ്വകാര്യകമ്പനിയുമായി ധാരണാപത്രം ഒപ്പിടുന്നതിന് ഗവണ്മെന്റിന്റെ അനുമതിയാവശ്യമാണെന്ന വിവരം ഈ അയ്യേയെസ് കൊഞ്ഞാണന് അറിയില്ലായിരിക്കുമോ ആവോ! ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേന്ദ്ര സര്‍ക്കാരാണ് അനുമതി നല്‍കേണ്ടതെന്നും ചെന്നിത്തല ശിഷ്യനായ ഈ അയ്യേയെസ് തമ്പ്രാന് അറിയാത്തതാകുമോ! ഇതെല്ലാം പോകട്ടെ തന്റെ മേലുദ്യോഗസ്ഥനായ വകുപ്പ് സെക്രട്ടറിയുടെ പോലും അനുവാദം ഉണ്ടായിരുന്നില്ലല്ലോ. "ഞാന്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു" എന്ന് വാട്സാപ്പ് മെസേജ് അയക്കുന്നതാണോ മനോരമേ അനുമതി വാങ്ങല്‍? മനോരമേടേം ചെന്നിത്തലേടേം കൈവശമുള്ള ഫയല്പകര്പ്പില് ഇങ്ങനെ എന്തെങ്കിലും അനുമതിയുണ്ടോ ഹേ! ഇഎംസിസി മേധാവി ഷിജു എം വര്‍ഗീസ് പറേണത് താന്‍ മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും കണ്ടുവെന്നാണ്. അതുകൊണ്ട്,നിയമപരമായ അനുമതിയായി എന്നാണോ ഇതിയാന് പറേണത്!
ഇപ്പോഴത്തെ വാട്സാപ്പ് ചാറ്റുകളുടെയെല്ലാം ഉള്ളുകള്ളിയെന്തെന്ന് മനോരമ തന്നെ അതേ പേജില്‍ പറയുന്നതും കൂടി നോക്കാം: "സര്‍ക്കാര്‍ വാദം പൊളിച്ചത് അന്വേഷണത്തിനുള്ള തീരുമാനം". സംഗതി പിടികിട്ടിയല്ലോ? ധാരണാ പത്രം ഒപ്പിട്ടതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിച്ചാല്‍ വ്യാജ തെളിവുകളുണ്ടാക്കി അതിനെയൊക്കെ നേരിട്ടുകളയുമെന്ന ധിക്കാരമാണ് പ്രകടിപ്പിക്കപ്പെട്ടത്. അയ്യേയെസ് ബ്രോയും ഇഎംസിസി ബ്രോയും മനോരമ ബ്രോമാരും ചെന്നിത്തലയനുമെല്ലാം ചേര്‍ന്നുള്ള ഒരു കൂട്ടുകച്ചവടമാണ് ആഴക്കടല്‍ വിവാദമമെന്ന് ഇതോടെ കൂടുതല്‍ തെളിയുകയുമാണ്. ഇഎംസിസിക്കാരന്റെ കുണ്ടറയിലെ സ്ഥാനാര്‍ഥിത്വവും ഗൂഢാലോചനയുടെ തെളിവായി വരുകയാണ്.
26-ാം തീയതിയിലെ മനോരമയുടെ രണ്ടാം ടോപ് ഐറ്റം "സോളാര്‍ പീഡനകേസില്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ല: ക്രൈംബ്രാഞ്ച്" തെളിവ് നല്കാന് ഉമ്മന്ചാണ്ടീടെ സില്ബന്ധികളെ തേടിപ്പോയാല്‍ പോരെന്ന് അറിയാത്തവരല്ല ക്രൈംബ്രാഞ്ചുകാര്. പണ്ട് പി ജെ കുര്യനെതിരെ സൂര്യനെല്ലി കേസില്‍ തെളിവന്വേഷിച്ച, രാജാ ഹരിചന്ദ്രന്റെ അവതാരമായി അറിയപ്പെട്ട പൊലീസേമാന്പോലും അതിയാനെ രക്ഷിക്കാന്‍ അലിബി തെളിവുണ്ടാക്കാന്‍ പോയ കാര്യമാണ് ഇത്തരുണത്തില്‍ ഓര്മേല് വരണത്. പിന്നല്ലേ അത്ര പ്രമാണിയൊന്നുമല്ലാത്ത ക്രൈംബ്രാഞ്ച് ഐപിഎസുകള്! സൂര്യനെല്ലീലെ അലിബിയുണ്ടാക്കിയ വിദ്വാനും ക്രൈംബാഞ്ച് മേധാവിയായിരുന്നൂന്നാ ഓര്മ! മ്മളെ ഐപിഎസ്, തമ്പ്രാക്കള്ക്കെല്ലാം വലതുപക്ഷ (പ്രത്യേകിച്ചും കോണ്‍ഗ്രസ്, ബിജെപി) നേതാക്കള്ക്കെതിരെയൊന്നും തെളിവു കണ്ടെത്താന്‍ പറ്റില്ലെന്നതാണ് സത്യം. അതോണ്ട് മനോരമ അതും പൊക്കിപ്പിടിച്ച് നടക്കണതിന്റെ ഗുട്ടന്‍സ് തിരഞ്ഞെടുപ്പാണെന്ന് ആര്‍ക്കാ അറിയാത്തത്? കുഞ്ഞൂഞ്ഞെന്ന് കേക്കുമ്പം കണ്ടത്തിലുകാരുടെ ഒരൊലിപ്പീരെ!
മാര്‍ച്ച് 29ന്റെ മനോരമ ഒരു സൂപ്പര്‍ തലക്കെട്ടുതന്നെ ഒന്നാം പേജില്‍ വച്ച് താങ്ങീറ്റുണ്ട്. "സ്വര്‍ണക്കടത്തില്‍ ഇ ഡിക്ക് സ്വപ്നയുടെ മൊഴി" മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാം അറിഞ്ഞു". അപ്പോള്‍ സ്വര്ണ്ണക്കടത്തന്വേഷിച്ച സൂപ്പര്‍ പൊലീസായ എന്‍ഐഎ കോടതിയില്‍ നല്കിയ ചാര്‍ജ് ഷീറ്റെല്ലാം പിന്‍വലിച്ച് ഇ ഡിക്ക് കേസ് കൈമാറിയോ ആവോ? എന്‍ഐഎ എന്താ പറഞ്ഞത്? സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ക്കും വിദൂരമായ ബന്ധം പോലുമുണ്ടെന്നതിന് തെളിവിന്റെ കണികയെങ്കിലും കണ്ടെത്താനായില്ല. എന്‍ഐഎ ചുമ്മാതങ്ങ് പറയണ കൂട്ടരല്ല. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെയെല്ലാം ചോദ്യം ചെയ്തതിനു പുറമെ സ്വപ്നയുമായി ബന്ധമുണ്ടെന്ന് കണ്ട ശിവശങ്കറിനെയും മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും ചോദ്യം ചെയ്തതിനു പുറമെ സെക്രട്ടിയറ്റ് മന്ദിരത്തിലെയും ചുറ്റുവട്ടത്തെയും ഒരു വര്‍ഷത്തോളം കാലത്തെ സിസിടിവി ദൃശ്യങ്ങളും ഇവരുടെയെല്ലാം ഫോണ്‍ രേഖകളുമെല്ലാം സസൂക്ഷ്മം പരിശോധിച്ചാണല്ലോ എന്‍ഐഎ അങ്ങനെയൊരു നിഗമനത്തിലെത്തിയത്! ശിവശങ്കറിനെ പ്രതിചേര്ക്കാനെന്നല്ല സാക്ഷിയാക്കാന്‍ പോലും വേണ്ട കാര്യങ്ങള്‍ ലഭിച്ചില്ലെന്നല്ലേ എന്‍ഐഎ പറഞ്ഞത്. അപ്പം പിന്നെങ്ങനെയാ ഇ ഡിക്കാര്‍ക്ക് അതുക്കും മേലേയുള്ള തെളിവ് ലഭിച്ചത്. കസ്റ്റഡിയിലുള്ള പ്രതിയെ മാനസികമായും ശാരീരികമായും സമ്മര്‍ദത്തിലാക്കി തങ്ങള്‍ എഴുതി തയ്യാറാക്കിയ കടലാസില്‍ ഒപ്പുവയ്പിച്ചാല് തെളിവാകുമെന്ന് ഇ ഡി അണ്ണന്മാര് പോലും കരുതുന്നുണ്ടാവില്ല. ഇമ്മാതിരി ഉടായിപ്പ് പരിപാടികള്‍ മാത്രമാണ് കൈയിലിരിപ്പ് എന്നതിനാലാവും ഇഡിയെടുക്കുന്ന കേസുകളില്‍ 99 ശതമാനവും കോടതികളില്‍ പൊട്ടിപ്പോവുന്നത്! എന്നാലും മനോരമയ്ക്ക് കോങ്കി-സംഘിയണ്ണന്മാരുടെ പ്രചാരണത്തിന് വേണ്ട മസാലക്കൂട്ട് നല്കാന് ഇതൊക്കെ മതിയല്ലോ. •