ആദര്‍ശത്തിന്‍റെ പൊയ്ക്കാലുകള്‍

അനില്‍കുമാര്‍ എ വി

കെ ആന്‍റണിയുടെ കൊണ്ടാടപ്പെടുന്ന 'ആദര്‍ശം' മാധ്യമങ്ങളുടെ, പ്രത്യേകിച്ച് മലയാള മനോരമയുടെ നിര്‍മിതിയായിരുന്നു. കെഎസ്യു നിലവാരത്തിനപ്പുറം വളരാത്ത ശേഷിയില്‍ മനോരമ പുളകംകൊള്ളുകയും ചെയ്യുന്നു. പൗരത്വ നിഷേധം, ജെഎന്‍യു സമരം, കര്‍ഷക പ്രക്ഷോഭം, പശുഭീകരത, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, തൊഴില്‍ നിയമ ഭേദഗതി തുടങ്ങിയവയിലെല്ലാം ആന്‍റണി പുലര്‍ത്തിയ മൗനത്തെ അര്‍ഥഗര്‍ഭങ്ങളായി മനോരമ വ്യാഖ്യാനിക്കുകയും ചെയ്തു. കേരളത്തില്‍ കാലുകുത്തുമ്പോഴെല്ലാം ആന്‍റണി ഇടതുപക്ഷത്തിനെതിരെ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കും. തിരഞ്ഞെടുപ്പുവേളകളിലെ നിരുത്തരവാദ പ്രസ്താവങ്ങള്‍ ചില പത്രങ്ങള്‍ വെണ്ടക്കാ അക്ഷരങ്ങളില്‍ നിരത്തി വലിയ സംഭവമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യും. മാര്‍ച്ച് 24 ന് തിരുവനന്തപുരത്ത് ഇന്ദിരാ ഭവനില്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ട ആന്‍റണി പതിവു പ്രകടനം തെറ്റിച്ചില്ല. "ഇടതു മുന്നണിക്കു തുടര്‍ഭരണമുണ്ടായാല്‍ നാടിനു സര്‍വനാശമായിരിക്കു"മെന്നായിരുന്നു അതിന്‍റെ കാതല്‍. അക്രമവും അഴിമതിയും സ്വജനപക്ഷപാതവും തേര്‍വാഴ്ച നടത്തും... കേരളത്തിലെങ്കിലും കമ്യൂണിസ്റ്റു പാര്‍ടി ജീവനോടെ ശേഷിക്കാന്‍ ഈ സര്‍ക്കാരിനെ താഴെയിറക്കണം എന്നിങ്ങനെപോയി സാരോപദേശം. ജനാധിപത്യ വ്യവസ്ഥയില്‍ പാര്‍ട്ടികള്‍ ഭരണത്തുടര്‍ച്ച ആവശ്യപ്പെടുന്നത് നയങ്ങള്‍ ഓര്‍മിപ്പിച്ചാണ്. എല്‍ഡിഎഫ് ഭരണത്തെയും പ്രകടനപത്രികയെയും വിശകലനം ചെയ്യാം, വിമര്‍ശിക്കാം; തള്ളിക്കളയാം. പകരം മെച്ചപ്പെട്ടത് സമ്മതിദായകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാം. അതിനു മുതിരാതെ ഭരണത്തുടര്‍ച്ച എന്നു കേള്‍ക്കുമ്പോഴേ ഹാലിളകുന്നത്  ജനവിധിയോടുള്ള പരിഹാസവും അവജ്ഞയുമാണ്. കോണ്‍ഗ്രസ് കേന്ദ്രവും സംസ്ഥാനങ്ങളും പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഭരിച്ചു മുടിച്ചത് മറക്കാനാവുമോ?. യഥാര്‍ഥത്തില്‍ സ്വന്തം പാര്‍ടിക്കും മുന്നണിക്കും വോട്ടു തേടാനുള്ള ആത്മവിശ്വാസം ആന്‍റണിക്കു പോലുമില്ലാതായി. ജയിച്ചവര്‍ കോണ്‍ഗ്രസില്‍ നില്‍ക്കുമെന്ന് ഉറപ്പേയില്ല. ജയിച്ചാല്‍ നേതൃത്വത്തിലുള്ളവരും അല്ലെങ്കില്‍ അനുയായികളും കാവിവല്‍ക്കരിക്കപ്പെടുന്ന സ്ഥിതിയാണ്. ഇത്തരം പശ്ചാത്തലത്തിലാണ് സിപിഐ എമ്മിന്‍റെ രക്ഷയ്ക്ക് കോണ്‍ഗ്രസിന് വോട്ടിരക്കാന്‍ ആന്‍റണി മുന്നിട്ടിറങ്ങുന്നത്.

പാഠപുസ്തകം മനോരമ
ജനകോടികളെ പൊറുതിമുട്ടിക്കുന്ന  ജീവല്‍  പ്രശ്നങ്ങളിലൊന്നും ഇടപെടാത്ത ആന്‍റണിയുടെ കാപട്യം പതിറ്റാണ്ടുകളായി തെളിഞ്ഞതാണ്. ജ്യോതിരാദിത്യ സിന്ധ്യയടക്കം നേതാക്കളും പാര്‍ലമെന്‍റംഗങ്ങളും എംഎല്‍എമാരും  കാവിപ്പടയിലേക്ക് അടിഞ്ഞപ്പോഴും  മൗനത്തിലാണ്ടു. ഒറ്റ സീറ്റുപോലുമില്ലാത്ത ബിജെപി പുതുച്ചേരിയില്‍ ഭരണം അട്ടിമറിച്ചപ്പോഴും വായ തുന്നിക്കെട്ടി. "ഷര്‍ട്ട് മാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയാകുന്നത്. ഇരു പാര്‍ടികളും തമ്മിലുള്ള അന്തരം നേര്‍ത്തുവരികയാണ്. പല സ്ഥലത്തും വ്യത്യാസം മനസിലാകുന്നുപോലുമില്ല. ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസുകാരനായിത്തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും ഉറപ്പില്ല. വിവിധ സംസ്ഥാനങ്ങളിലെ ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. ഗോവ, കര്‍ണാടകം, അരുണാചല്‍ തുടങ്ങി പുതുച്ചേരിയിലടക്കം കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് ഒഴുകുകയല്ലേ ചെയ്തത്. ഇവരാണോ കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത്? ഇടതുപക്ഷമാണ് ആ ദൗത്യം ഏറ്റെടുക്കുന്നത്" എന്ന പിണറായിയുടെ വാക്കുകള്‍ക്ക് ആന്‍റണിയുടെ മറുപടിയെന്താണ്? കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയാല്‍ വിഷം കുടിച്ച് ആത്മഹത്യചെയ്യുമെന്ന മനോരമ പത്രാധിപരുടെ പ്രസ്താവം ആന്‍റണിയുടെ പാഠപുസ്തകമാണ്. അതില്‍ പുളകംകൊണ്ടാണ് കമ്യൂണിസ്റ്റുകാര്‍ ഒരു നൂറ്റാണ്ട് ഭരണത്തില്‍ വരില്ലെന്ന് പണ്ട് കാച്ചിയതും. ആ 'പ്രവചനം' ഏല്‍ക്കാതിരുന്നിട്ടും പഴയ പല്ലവി ആവര്‍ത്തിക്കുകയാണ്. കുപ്രസിദ്ധമായ നൂറ്റാണ്ട് പ്രയോഗത്തിനു ശേഷം നാലു പ്രാവശ്യം സംസ്ഥാനത്ത് ഇടതുപക്ഷം അധികാരത്തിലേറി. ഒടുവിലിതാ ഭരണത്തുടര്‍ച്ചയിലേക്ക് നീങ്ങുന്നു. സി കെ ചന്ദ്രപ്പന്‍, ആന്‍റണിയെ വിശേഷിപ്പിച്ചത് 'പരാജയപ്പെട്ട പുണ്യാളന്‍' എന്നായിരുന്നു. ഒരു പംക്തികാരന്‍ എഴുതിയതാകട്ടെ, 'വെള്ളപൂശിയ ശവക്കല്ലറ'യെന്നും. അഴിമതിയും തമ്മിലടിയും മൂടിവെക്കാന്‍ കോണ്‍ഗ്രസുകാര്‍ ഉപയോഗിച്ച മറയായിരുന്നു ആന്‍റണിയുടെ 'ആദര്‍ശം'. കെ കരുണാകരനെ ലക്ഷ്യമാക്കി ഗ്രൂപ്പിസത്തിന് തുടക്കമിട്ടത് അദ്ദേഹമാണ്. ലീഡര്‍ ശൈലി മാറ്റി പുതുരക്തം ഒഴുക്കണമെന്ന് പറഞ്ഞ ആന്‍റണി 81ാം വയസിലും ഉന്നത സ്ഥാനത്ത് തുടര്‍ന്നു. 58 കാരനായ ആര്‍ ശങ്കറിനെ 'യുവതുര്‍ക്കികള്‍' കടല്‍ക്കിഴവന്‍ എന്ന് ശകാരിച്ചിരുന്നല്ലോ. ആന്‍റണിയുടെ നേതൃത്വത്തിലാണ് കരുണാകരനെതിരായ പാമൊലിന്‍ - ഐഎസ്ആര്‍ഒ ചാരക്കേസുകള്‍  ഉയര്‍ത്തിയത്. അതിലെല്ലാം നേരിട്ട് ഇടപെടാതിരുന്ന ആന്‍റണി, തന്ത്രപൂര്‍വം മികച്ച ഗുണഭോക്താവായി. കൈനനയാതെ മീന്‍ പിടിച്ച കൗശലം പലപ്പോഴും വിജയംകണ്ടു. ചാരക്കേസിനെ തുടര്‍ന്ന് അധികാരം ഒഴിയേണ്ടിവന്ന കരുണാകരനു പകരം മുഖ്യമന്ത്രിയായി. കേസ് കള്ളമായിരുന്നുവെന്ന് സുപ്രിംകോടതി പരാമര്‍ശിച്ചിട്ടും ഖേദം പ്രകടിപ്പിച്ചില്ല.

ഗുരുക്കന്മാരെയും
തള്ളിപ്പറഞ്ഞു

അധികാരത്തിനായി ഗുരുക്കന്മാരെപ്പോലും തള്ളിപ്പറയാന്‍ ഒരു മടിയുമില്ലായിരുന്നു ആന്‍റണിക്ക്. എം എ ജോണിന്‍റെ അനുഭവം അതിലൊന്ന്. 1961 ല്‍ ജോണ്‍ യൂത്ത്കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. 1964ല്‍ കെ കാമരാജ് കോണ്‍ഗ്രസ് അധ്യക്ഷനായപ്പോള്‍ കമ്മിറ്റി പിരിച്ചുവിട്ടു. അതിനെതിരെ ജോണ്‍ കത്തെഴുതി. പുനഃസംഘടനയ്ക്ക് എന്‍ ഡി തിവാരി കണ്‍വീനറായി നാലംഗ സമിതിയെ നിയോഗിച്ചു. 1968ല്‍ ജോണ്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുകയുണ്ടായി. എതിര്‍സ്ഥാനാര്‍ഥിയായ ടി ഒ ബാവയ്ക്കെതിരെ 'മോഹഭംഗങ്ങളുടെ തടവുകാരന്‍' എന്ന പ്രസ്താവനയിറക്കിയതിന് നടപടി നേരിട്ടു. അന്ന് കെപിസിസി സെക്രട്ടറിയായ ശിഷ്യന്‍ ആന്‍റണി, ജോണ്‍ അകത്തു കടക്കാതിരിക്കാനും സ്വന്തം അനുയായികള്‍  പുറത്താവാതിരിക്കാനും കെപിസിസിയുടെ വാതിലുകള്‍ പൂട്ടി. ജോണ്‍ അതിനെതിരെ കേസ് കൊടുത്തു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അനുകൂലികള്‍ പരിവര്‍ത്തനവാദികള്‍ എന്ന സംഘടന രൂപീകരിച്ചു. പൊതുജന ശ്രദ്ധയും കോണ്‍ഗ്രസുകാരുടെ ആദരവും മാധ്യമ പരിഗണനയും ജോണിനാണെന്ന് ബോധ്യമായപ്പോള്‍ ആന്‍റണിയുടെ പാര്‍ടിക്കൂറ്  തിളച്ചു.

തനിക്ക് ഭീഷണിയാവുന്ന ജോണിനെ പുറത്താക്കാന്‍ അദ്ദേഹവും സഹായികളും തീരുമാനിച്ചു. അടിയന്തിരാവസ്ഥയില്‍ ജോണ്‍ ഇറക്കിയ 'നിര്‍ണയം' പ്രസിദ്ധീകരണത്തില്‍ 'ഇന്ദിരയുടെ അടിയന്തിരം'  എന്ന ശീര്‍ഷകത്തില്‍ ലേഖനം വന്നതിനെ തുടര്‍ന്ന് പ്രസ്സ് കണ്ടുകെട്ടി അദ്ദേഹത്തെ ജയിലിലിട്ടു. ആന്‍റണി അനുകൂലികളാണ് പ്രശ്നം  കെ പിസിസി നിര്‍വാഹക സമിതിയില്‍ ശക്തമായി ഉയര്‍ത്തിയത്. ഒടുവില്‍ ജോണ്‍ മിസ തടവുകാരനുമായി. സൂര്യനെല്ലി കേസ്, മുത്തങ്ങ വെടിവെപ്പ്, ചാരായ നിരോധനം, സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആന്‍റണിയുടെ നിലപാടുകള്‍ വിസ്മരിച്ചുകൂടാ. ഭൂമി അന്യാധീനപ്പെടുന്നതിനെതിരെ ആദിവാസികള്‍ നടത്തിയ സമരത്തിനൊടുവില്‍ 2001 ഒക്ടോബര്‍ 16 ന്, ആന്‍റണി ഗോത്രമഹാസഭയുമായി കരാറുണ്ടാക്കി. ഭൂരഹിതര്‍ക്ക്  അഞ്ചേക്കര്‍വീതം  ഭൂമി വിതരണം ചെയ്യുമെന്നായിരുന്നു വ്യവസ്ഥ.  കരാര്‍ നടപ്പാവാത്തതിനെ തുടര്‍ന്ന് 2003 ല്‍ മുത്തങ്ങ സമരം തുടങ്ങി. ഫെബ്രുവരി 19ന് പ്രക്ഷോഭകരെ പൊലീസ് വെടിവച്ചു; ജീവഹാനിയുമുണ്ടായി. സൂര്യനെല്ലി കേസില്‍ നിയമവാഴ്ച അട്ടിമറിച്ചാണ് ആന്‍റണി പി ജെ കുര്യനെ രക്ഷിച്ചത്. അഴിമതി തടയാനും സമൂഹശുദ്ധി  ലക്ഷ്യമാക്കിയുമെന്ന് അവകാശപ്പെട്ട് നടപ്പിലാക്കിയ ചാരായ നിരോധനവും സ്വാശ്രയ കോളേജുകളും തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടായിരുന്നു. കള്ളും വിദേശമദ്യവും സുലഭമായ അവസ്ഥയില്‍ അതിന്‍റെ അര്‍ഥമെന്താണ്? മദ്യനിരോധനമാണ് ഉദ്ദേശിച്ചതെങ്കില്‍ അത് ശരിയാവുന്നതെങ്ങനെ? ഉന്നത വിദ്യാഭ്യാസമേഖലയെ വന്‍തോതില്‍ വാണിജ്യവല്‍ക്കരിച്ചതില്‍ ആന്‍റണിക്കുള്ള പങ്ക് നിര്‍ണായകം. നിയമം ബാധകമാക്കാതെ ആര്‍ക്കും പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ചു. സ്വകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാനിറങ്ങി രാഷ്ട്രീയം ആരംഭിച്ച അദ്ദേഹം, അവയെ കയറൂരിവിട്ടു. വിനാശകരമായ ആ ഉദാരസമീപനം വലിയ പകല്‍കൊള്ളയായി.

അഴിമതിയെന്ന 
അനുരഞ്ജന രാഷ്ട്രീയം

ആന്‍റണി ഒരു പതിറ്റാണ്ട്  കേന്ദ്ര മന്ത്രിസഭയില്‍ പ്രധാന സ്ഥാനം വഹിച്ചപ്പോള്‍ അഴിമതിയെക്കുറിച്ച്  മിണ്ടിയതേയില്ല.  താന്‍കൂടി  ഭാഗഭാക്കായ ഗവണ്‍മെന്‍റ് നടത്തിയ ആദര്‍ശ് ഫ്ളാറ്റ്, കല്‍ക്കരി, കോമണ്‍വെല്‍ത്ത്,അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്, 2ജി സ്പെക്ട്രം കുംഭകോണങ്ങളില്‍ ആന്‍റണിക്ക് മൗനം മാത്രം. ആദര്‍ശ് ഫ്ളാറ്റ് ആന്‍റണിയുടെ കീഴിലായിരുന്നു. വീരമൃത്യു വരിച്ച ജവാന്മാരുടെ ബന്ധുക്കള്‍ക്ക് പ്രതിരോധ വകുപ്പ് പണിത ഫ്ളാറ്റുകള്‍ രാഷ്ട്രീയക്കാര്‍ വീതിച്ചെടുത്തതിന്‍റെ ഉത്തരവാദിത്വത്തില്‍നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. പൊതുസ്വത്ത് കൊള്ളയടിച്ച് വിദേശബാങ്കുകളില്‍ നിക്ഷേപിച്ചവരുടെ കാര്യത്തിലും യുപിഎ സര്‍ക്കാര്‍ എടുത്തത് വിചിത്ര സമീപനം. അത്തരക്കാരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന നിലപാടാണ്, കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. കുംഭകോണങ്ങള്‍ അരങ്ങുതകര്‍ത്തപ്പോഴും ആന്‍റണി ഒന്നുമറിയാത്തവിധം പെരുമാറി. അധികാരം വെട്ടിപ്പിടിക്കാനും ഉറപ്പിക്കാനും വമ്പന്‍ ക്രമക്കേടുകള്‍ക്കു നേരെ കണ്ണടച്ചു. അഴിമതിക്കാരെയും അല്ലാത്തവരെയും ഒരേചരടില്‍ കോര്‍ത്ത് അനുരഞ്ജന രാഷ്ട്രീയമെന്ന ഓമനപ്പേരും നല്‍കി. രാജന്‍ കേസിനെ തുടര്‍ന്ന് കരുണാകരന്‍ ഒഴിഞ്ഞപ്പോള്‍ ആന്‍റണി അവസരം മുതലാക്കി. അടിയന്തിരാവസ്ഥയുടെ പാപഭാരമാകെ ഇന്ദിരയില്‍ ചാര്‍ത്തി. അടിയന്തിരാവസ്ഥയ്ക്കെതിരെ ഗുവാഹത്തി സമ്മേളനത്തില്‍ ഇന്ദിരയെ വിമര്‍ശിച്ച, ചിക്കമംഗലൂരു തിരഞ്ഞെടുപ്പില്‍ അവരെ പിന്തുണച്ചത് ചൂണ്ടി പാര്‍ടി വിട്ട ആന്‍റണിയുടെ ആദര്‍ശ പ്രദര്‍ശനം നീണ്ടില്ല. 1980ല്‍ ഇടതുപക്ഷം സഹകരിപ്പിച്ചില്ലായിരുന്നെങ്കില്‍, അദ്ദേഹം മറ്റൊരു എം എ ജോണ്‍ ആവുമായിരുന്നു. ഇടതുപക്ഷത്തിന്‍റെയും പിന്നീട് കരുണാകരന്‍റെയും ഔദാര്യമായിരുന്നു തുണയായത്. ഒരു കഷണം കോണ്‍ഗ്രസുമായി ഇടതുപക്ഷത്തിനൊപ്പം ഭരണത്തിലെത്തിയ ആന്‍റണി,  ഇന്ദിര കേന്ദ്രത്തില്‍ തിരിച്ചെത്തിയപ്പോള്‍ കരുണാകരനെ തലോടി കോണ്‍ഗ്രസില്‍ തിരികെക്കേറി. അര്‍ഹമായ  പദ്ധതികള്‍ വരണമെങ്കില്‍ കേരളത്തില്‍ കേന്ദ്രവുമായി യോജിപ്പുള്ള ഭരണം ഉണ്ടാകണമെന്ന് പറയാനും  ആന്‍റണി മടിച്ചില്ല. വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ആവര്‍ത്തിച്ച ഒരാളില്‍നിന്നായിരുന്നു ആ പ്രസ്താവന. കേന്ദ്ര മന്ത്രിയായപ്പോഴും മലയാളികള്‍ക്ക് ഒരു പദ്ധതിയും അനുവദിക്കാന്‍ ആന്‍റണി മുന്‍കൈ എടുത്തില്ല. കേരളത്തില്‍ ബിജെപിക്ക് ഊര്‍ജം നല്‍കാന്‍ ആന്‍റണി പലവട്ടം മുന്നിട്ടിറങ്ങി. 

 രാഷ്ട്രീയ സുഖവാസക്കാരന്‍ 
പ്രവചിക്കുന്ന 'വനവാസം'

ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന് കീഴ്പ്പെട്ട് ജീവിക്കണമെന്ന് മുഖ്യമന്ത്രിയായിരിക്കെ ആന്‍റണി പറഞ്ഞത് രണ്ടാം മാറാട് കലാപത്തെ  തുടര്‍ന്നായിരുന്നു. ആ ന്യൂനപക്ഷ വിരുദ്ധ നിലപാട് ഒരിക്കലും തിരുത്തിയതുമില്ല. കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം ഉറപ്പായപ്പോള്‍ ആന്‍റണി വീണ്ടും പറന്നിറങ്ങി. ശബരിമലയാണത്രെ ആ ദേശീയ പാര്‍ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് അജന്‍ഡ. ഏവരോടും ആലോചിച്ച് മാത്രം തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും കള്ളപ്രചാരണം തുടരുകയാണ്. എല്‍ഡിഎഫിനെ രാഷ്ട്രീയ വനവാസത്തിന് അയക്കണമെന്നാണ്  രാഷ്ട്രീയ സുഖവാസം നടത്തുന്ന ആന്‍റണിയുടെ ജല്‍പ്പനം. നേമത്ത് ബിജെപിക്ക് ഭീമമായി വോട്ട് മറിച്ചതിനു പിന്നില്‍  ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമാണെന്ന് പി സി ചാക്കോ വെളിപ്പെടുത്തിയതും നിസാരമല്ല. "നേമം സീറ്റ് ബിജെപിക്ക് ദാനമായി നല്‍കിയതാണെന്നും ഇത്തവണ തിരിച്ചെടുക്കു"മെന്നുമുള്ള ആന്‍റണിയുടെ വാക്കുകള്‍ക്ക് വസ്തുതയുമായി ഒരു ബന്ധവുമില്ല. "എല്ലാ തിരഞ്ഞെടുപ്പു കാലത്തും നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നതിനാല്‍ പുതുമയില്ലെ"ന്ന ആന്‍റണിയുടെ കൂട്ടിച്ചേര്‍ക്കല്‍ എത്ര ബാലിശമാണ്. പി സി ചാക്കോയും കെ സി റോസക്കുട്ടിയും പി എം സുരേഷ് ബാബുവും മറ്റും വലതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ചതിനെ നിസാരമാക്കിയ ആന്‍റണി, നല്ല കമ്യൂണിസ്റ്റുകാരും സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്നും തട്ടിവിട്ടു. അപ്പോള്‍ നല്ല കോണ്‍ഗ്രസുകാര്‍ക്കു മുന്നിലെ വഴിയെന്താണ്? ദേവികുളം, ഗുരുവായൂര്‍, തലശേരി മണ്ഡലങ്ങളില്‍  ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന യുഡിഎഫ് നേതാക്കളുടെ പ്രസ്താവനയും കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പു വേളയില്‍ തിരുവനന്തപുരം കേസരി സ്മാരകത്തില്‍ ആന്‍റണി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് സിപിഐ എമ്മിനെ പരുഷമായി കടന്നാക്രമിക്കുകയായിരുന്നു. സിപിഐ എം കാലഹരണപ്പെട്ട പ്രസ്ഥാനമാണെന്നും ആ പാര്‍ടിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നുമായിരുന്നു ഊന്നല്‍. പക്ഷേ, തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച സിപിഐ എമ്മിന്‍റെ പിന്തുണയോടെയാണ് യുപിഎ ഗവണ്‍മെന്‍റ് രൂപീകരിച്ച് ആന്‍റണിയടക്കം മന്ത്രിമാരായത്.

പൗരത്വ  നിഷേധത്തിനെതിരെ ആന്‍റണി കാര്യമായെന്തെങ്കിലും പ്രതികരിച്ചതായി അറിവില്ല.ഈ ശൂന്യതയിലാണ് "തിരഞ്ഞെടുപ്പിന് മുന്നേയായാലും കഴിഞ്ഞായാലും എല്‍ഡിഎഫിന് ഒറ്റ നിലപാടു മാത്രം. പൗരത്വ നിയമം പോലുള്ള കരിനിയമങ്ങള്‍  കേരളത്തില്‍ നടപ്പാക്കില്ല. ഇക്കാര്യം ബിജെപി നേതൃത്വം മനസിലാക്കണം" എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ആവേശകരമാവുന്നത്. മതനിരപേക്ഷതയില്‍ ഉറച്ചുവിശ്വസിക്കുന്നവര്‍ക്ക്, വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് കേരളത്തില്‍ അശരണരായി തുടരേണ്ടിവരില്ല. ഒരു വര്‍ഗീയശക്തിയുടെയും സഹായംവേണ്ട എന്ന അസന്ദിഗ്ധ നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. എല്ലാ വര്‍ഗീയ ശക്തികളെയും ശക്തമായി എതിര്‍ക്കുന്നതാണ് ഞങ്ങളുടെ  രാഷ്ട്രീയം. അതുകൊണ്ട് വര്‍ഗീയ ശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ളതോ നേരിട്ടുള്ളതോ ആയ ഒരു പിന്തുണയും ഇടതുപക്ഷത്തിന് ആവശ്യമില്ല. സംസ്ഥാന ചരിത്രം അറിയാവുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന സുവ്യക്ത നിലപാട് ഒരു ഘട്ടത്തിലും കോണ്‍ഗ്രസിന് കൈക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നും കാണാമെന്ന് സൂചിപ്പിച്ച പിണറായി,  ജനങ്ങളുടെ അന്നം മുടക്കാന്‍ മടിയില്ലാത്ത പ്രതിപക്ഷ നേതാവിന് വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്നു പറയാന്‍ ധൈര്യമുണ്ടോയെന്നും ആരാഞ്ഞു. ജനാധിപത്യമൂല്യങ്ങള്‍ വര്‍ഗീയവാദ രാഷ്ട്രീയത്തിന്‍റെ  തേരോട്ടത്തില്‍ തകരുന്ന രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ പണക്കൊഴുപ്പും ഹിംസാത്മകതയും ജനാധിപത്യത്തെ വെറും വ്യാപാരമാക്കി മാറ്റിയിരിക്കുന്നു. അവിടെ സ്വയമൊരു വില്‍പ്പനച്ചരക്കായി കോണ്‍ഗ്രസും അധഃപ്പതിച്ചു. സമൂഹത്തിന്‍റെ അഖണ്ഡതയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന വര്‍ഗീയ അവസരവാദ കൂട്ടുകെട്ടിനെ പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ചെറുക്കാന്‍ സാധിക്കുന്നത് ഇടതുപക്ഷത്തിനു മാത്രമാണ്. അതിന്‍റെ  ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ നാട്. പ്രതിസന്ധികളില്‍ തളരാതെ ജനതയെ മുഴുവന്‍ ഒരുമിച്ച് നിര്‍ത്തി പുരോഗതിയുടെ പുതിയ അധ്യായം രചിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി. ഈ വഴിയിലൂടെ മുന്നേറാന്‍ ഇടതുപക്ഷത്തിന്‍റെ കരുത്തായി ജനത മാറും എന്ന ഉറപ്പാണ് എങ്ങുനിന്നും.  കേരളം മാനവിക മൂല്യങ്ങളുടെയും ജനകീയ വികസനത്തിന്‍റെയും മാതൃകയായി മുന്നോട്ടു പോകുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

 സംസ്ഥാനത്തെ  മുസ്ലിം ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്‍റിനോടും ഏറെ അടുത്തുനില്‍ക്കാനുള്ള കാരണങ്ങളില്‍ പ്രധാനം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സമീപനങ്ങളും അതിനെതിരായ ഉറച്ച നിലപാടുകളുമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തില്‍ മുസ്ലിം ജനസാമാന്യം അഭിമുഖീകരിച്ച കൊടിയ ഭീഷണികളില്‍ ഒന്നാണ് ഭരണഘടന അടിവരയിടുന്ന തുല്യാവകാശത്തിനു നേരെയുള്ള ബിജെപിയുടെ കടന്നാക്രമണം. മതാടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുകയെന്ന ആപല്‍ക്കരമായ ഫാസിസ്റ്റ് നീക്കത്തിനെതിരെ നിശ്ചയദാര്‍ഢ്യത്തോടെ നിലകൊണ്ടുവെന്നതാണ് പിണറായിയെ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരില്‍നിന്നു വ്യത്യസ്തനാക്കിയത്. പൗരത്വ നിഷേധത്തിനെതിരെ സംസ്ഥാനം പരമോന്നത നീതിപീഠത്തെ സമീപിച്ചു. ബില്ലിനെതിരെ നിയമപോരാട്ടം തുറന്ന ആദ്യ സംസ്ഥാനമായിരുന്നു കേരളം. കൂടാതെ എല്ലാ പാര്‍ടികളെയും ചേര്‍ത്തുനിര്‍ത്തി നിയമസഭ പ്രമേയവും പാസാക്കി. ബില്ലിന്‍റെ തുടക്കമെന്ന നിലയിലുള്ള പൗരത്വ സര്‍വേ കേരളത്തില്‍ നടത്തില്ലെന്നും പ്രഖ്യാപിച്ചു. ധീരമായ ഈ കാലുറപ്പ് പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് രാജ്യത്ത് അനുകരണീയമായ ആവേശം നല്‍കി. തുടര്‍ന്ന് പല സംസ്ഥാനങ്ങളും ആ നിലപാടിനൊപ്പം നിന്നു.  കേരളം അക്ഷരാര്‍ഥത്തില്‍ മുന്നില്‍നിന്ന് രാജ്യത്തിന് വഴികാട്ടുകയായിരുന്നു. പ്രതിഷേധങ്ങള്‍ പലമട്ടില്‍ ആഞ്ഞടിച്ചിട്ടും കേന്ദ്രം പൗരത്വ നിയമം റദ്ദാക്കിയിട്ടില്ല. കോവിഡ് കുത്തിവെയ്പ്പ് പൂര്‍ത്തിയായ ഉടന്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഭീഷണി. അതിനാല്‍ രാജ്യത്തിന്‍റെ മതനിരപേക്ഷ അടിത്തറ സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് അവധി നല്‍കാനാവില്ല. അതിനു വളയാത്ത നിലപാട് മുറുകെപ്പിടിക്കുന്ന രാഷ്ട്രീയവും അനിവാര്യമാണ്.  

അഴിമതിയുടെ പഞ്ചവടിപ്പാലം
"തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിപോലും സൗമ്യഭാഷയും ഭാവവും സ്വീകരിക്കുന്നതു കണ്ട് ആരും വഞ്ചിതരാകരുത്. അക്കരെ കടക്കാനുള്ള അടവാണത്" എന്ന ആന്‍റണിയുടെ അഭിപ്രായം സ്വന്തം പാര്‍ടിക്കു മാത്രം ചേര്‍ന്നതാണ്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണില്‍ വോട്ടില്ലാത്ത അതിഥി തൊഴിലാളികള്‍ക്കു താമസവും ഭക്ഷണവും ചികിത്സയും യാത്രാചെലവും ഉള്‍പ്പെടെ സഹായങ്ങള്‍ നല്‍കിയത് വഞ്ചനയാണോ? കിറ്റ്, പെന്‍ഷന്‍ വിതരണങ്ങള്‍ ആരംഭിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമല്ലെന്നത് ഏവര്‍ക്കുമറിയാം. കോവിഡിനു ശേഷം ലോകം തകിടംമറിഞ്ഞ് തൊഴില്‍ മേഖലകള്‍ സ്തംഭിച്ച് ജനങ്ങളുടെ ജീവനോപാധി  കൈമോശം വന്നപ്പോള്‍ കേരളത്തില്‍ മാത്രമാണ് ഗവണ്‍മെന്‍റിന്‍റെ കൈത്താങ്ങുണ്ടായത്; അടുപ്പുകള്‍ പുകഞ്ഞ് അടുക്കളകള്‍ സജീവമായി ആരും പട്ടിണി അറിയാതിരുന്നത്.

ഒന്നര വര്‍ഷത്തെ ക്ഷേമ പെന്‍ഷനുകള്‍ കുടിശിക വരുത്തിയവരാണ് വമ്പന്‍ വാഗ്ദാനങ്ങള്‍ വെച്ചുനീട്ടുന്നതും. ആന്‍റണി ഇടതുപക്ഷത്തിനുമേല്‍ ആരോപിക്കുന്ന മറ്റൊരു കാര്യം അഴിമതിയാണ്. 2011-16 കാലയളവിലെ യുഡിഎഫ്  മന്ത്രിസഭയില്‍ അഴിമതിയുടെ കറ പുരളാത്ത ഒരാളെങ്കിലും ഉണ്ടായോ? സോളാര്‍ കുംഭകോണം കുപ്രസിദ്ധമായിരുന്നല്ലോ? കെ ജി ജോര്‍ജിന്‍റെ 'പഞ്ചവടിപ്പാലം' സിനിമ പോലെ പാലാരിവട്ടം അസ്ഥികൂടമായി നിന്നതും മറന്നുപോകരുത്. എല്‍ഡിഎഫ് ഭരണം അഞ്ചു കൊല്ലം എന്തുചെയ്തില്ലെന്ന് വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കാന്‍ ആന്‍റണിക്കാവുമോ? "പ്രവാസികളുടെ വീട്ടുകാര്‍ക്ക് ഭക്ഷണം വാങ്ങാന്‍ പ്രയാസമുണ്ടാകും. പല കാരണങ്ങളാല്‍ നേരിട്ട് ഭക്ഷണം ചോദിക്കാന്‍ മടിയുള്ള അവസ്ഥയുണ്ട്. ഒരു ഫോണ്‍ നമ്പര്‍ തരുന്നു; അതില്‍ വിളിക്കുക. പ്രായമായവരുള്ള വീടുകളില്‍ സാധനങ്ങള്‍ ഉണ്ടാകാം, എന്നാല്‍ അവര്‍ക്ക് ഭക്ഷണം പാചകംചെയ്യാന്‍  ബുദ്ധിമുട്ടാവും. അതിനാല്‍ അവരിലേക്കും ഭക്ഷണം എത്തണ"മെന്ന മുഖ്യമന്ത്രിയുടെ കരുതല്‍ ഏറെ ജനവിഭാഗങ്ങള്‍ക്ക് സാന്ത്വനമായിരുന്നു. കോവിഡ് പ്രതിരോധത്തില്‍ ലോകം മാതൃകയാക്കേണ്ട പ്രദേശങ്ങളില്‍ ഒന്നായി ബിബിസി  കേരളത്തെ ഉള്‍പ്പെടുത്തിയത് വലിയ അംഗീകാരമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി മികച്ച രീതിയില്‍ ക്വാറന്‍റൈന്‍ എങ്ങനെ നടപ്പാക്കാം എന്നതിന്‍റെ ഉദാഹരണമായും സംസ്ഥാനത്തെ എടുത്തുകാട്ടി. ക്വാറന്‍റൈന്‍ ചെയ്യേണ്ടി വരുമ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ സഹായമെത്തിക്കാന്‍ നടപ്പാക്കിയ സാമൂഹ്യ അടുക്കളകള്‍, ആരോഗ്യപ്രവര്‍ത്തകരും പൊലീസും സന്നദ്ധ സേനയും മറ്റും നടത്തിയ സേവനങ്ങള്‍, നല്‍കിയ സാമ്പത്തിക ഇളവുകള്‍ എല്ലാം പ്രധാനപ്പെട്ടവയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനെപ്പോലൊരു വികസിത രാജ്യത്തേക്കാള്‍ മികച്ച രീതിയിലാണ് കേരളത്തില്‍ ക്വാറന്‍റൈന്‍ നടപ്പാക്കിയതെന്നും ബിബിസി വിശദീകരിക്കുന്നുമുണ്ട്. •