ഡല്‍ഹിയിലെ അധികാര അട്ടിമറി നിയമം

സാജന്‍ എവുജിന്‍

റ്റുള്ളവരുടെ അവകാശങ്ങളും അധികാരങ്ങളും വളഞ്ഞവഴിയിലും നിയമവിരുദ്ധമായും തട്ടിയെടുക്കുക എന്നത് നരേന്ദ്രമോഡിസര്‍ക്കാരിന്‍റെ പതിവ് പരിപാടിയാണ്. ഇതില്‍ ഒടുവിലത്തേതാണ് ഡല്‍ഹിയിലെ ജനാധിപത്യസര്‍ക്കാരിന്‍റെ അധികാരങ്ങള്‍ കവര്‍ന്നെടുത്തു നടത്തിയ നിയമനിര്‍മാണം. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസര്‍ക്കാരുകളെ കുതിരക്കച്ചവടം വഴി അട്ടിമറിച്ചും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുശേഷം കൃത്രിമഭൂരിപക്ഷം തട്ടിക്കൂട്ടി സര്‍ക്കാരുകള്‍ രൂപീകരിച്ചും ജനാധിപത്യത്തെ അസംബന്ധനാടകമാക്കി മാറ്റുന്ന ബിജെപി ഏതുവിധത്തിലുള്ള അമിതാധികാരപ്രയോഗത്തിനും തയ്യാറാകുമെന്ന് ഈ നിയമനിര്‍മാണം വ്യക്തമാക്കുന്നു. ജമ്മുڊകശ്മീരിന്‍റെ സംസ്ഥാനപദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ഈ മേഖലയില്‍ ചുളുവില്‍ രാഷ്ട്രീയഅധികാരം നേടുകയും ചെയ്ത മോഡിസര്‍ക്കാരിനു സ്വന്തം മൂക്കിനുതാഴെയുള്ള ഡല്‍ഹിയില്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിയാതിരുന്നത് വലിയ അസ്വസ്ഥതയായിരുന്നു. 2015, 2020 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ ദയനീയമായി പരാജയപ്പെട്ട ബിജെപി ലഫ്. ഗവര്‍ണറെ ഉപയോഗിച്ചാണ് മോഹഭംഗത്തിനു പകരം വീട്ടിയിരുന്നത്. ഡല്‍ഹിയിലെ എഎപി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്ക്കാന്‍ കേന്ദ്രത്തിന്‍റെ ആഞ്ജാനുവര്‍ത്തികളായ ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

ഇപ്പോള്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന 'രാജ്യതലസ്ഥാന മേഖല ഡല്‍ഹി സര്‍ക്കാര്‍ നിയമംڊ2021' വഴി ഡല്‍ഹി സര്‍ക്കാര്‍ എന്നതിന്‍റെ നിര്‍വചനം  ലഫ്. ഗവര്‍ണര്‍ എന്നാക്കി മാറ്റി. ദൈനംദിന കാര്യങ്ങളുടെ നിര്‍വഹണത്തില്‍പോലും സംസ്ഥാന മന്ത്രിസഭ ലഫ്. ഗവര്‍ണറുമായി കൂടിയാലോചന നടത്തണം. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി നല്‍കണോ എന്ന് ഗവര്‍ണര്‍ക്ക് തീരുമാനിക്കാം. കേന്ദ്രസര്‍ക്കാരിന്‍റെ ദയാദാക്ഷിണ്യത്തിലാണ് ഡല്‍ഹിസര്‍ക്കാര്‍ ഓരോ കാര്യത്തിലും പ്രവര്‍ത്തിക്കേണ്ടിവരിക. ഏറ്റവും മോശമായ കടന്നുകയറ്റമാണ് മോഡിസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ജനാധിപത്യസര്‍ക്കാരിനെ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയെ ഉപയോഗിച്ച് നിഷ്ക്രിയമാക്കാന്‍ കഴിയും. ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഫെഡറലിസത്തിന്‍റെ തത്ത്വങ്ങള്‍ പൂര്‍ണമായും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഡല്‍ഹിയില്‍ ക്രമസമാധാനം, ഭൂമി തുടങ്ങിയ വിഷയങ്ങള്‍ മുമ്പേ കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലായിരുന്നു. ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എ ബി വാജ്പേയ് സര്‍ക്കാര്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാനപദവി വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ കെജ്രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി എന്ന ആവശ്യം വീണ്ടും സജീവമാക്കാന്‍ ശ്രമിക്കവെയാണ് ഈ അട്ടിമറി.

ഡല്‍ഹിയുടെ  വികസനത്തിനു പൂര്‍ണസംസ്ഥാനപദവി എന്ന ആവശ്യം 1980കളുടെ അവസാനത്തില്‍ ഉയര്‍ത്തിയത് ബിജെപിയാണ്. ഒടുവില്‍ കേന്ദ്രം ഈ ആവശ്യം ഭാഗികമായി അംഗീകരിക്കുകയും 1992ല്‍ സ്വന്തമായി നിയമസഭയുള്ള കേന്ദ്രഭരണപ്രദേശമായി ഡല്‍ഹി മാറുകയും ചെയ്തു. ഇതിനായി 1991ല്‍ കൊണ്ടുവന്ന നിയമത്തില്‍ ഡല്‍ഹി നിയമസഭയ്ക്ക് ചില മേഖലകളില്‍ സ്വതന്ത്രമായ അധികാരം നല്‍കി, എല്ലാ തീരുമാനങ്ങളും ലഫ്. ഗവര്‍ണറെ അറിയിക്കണമെന്ന് വ്യവസ്ഥ ചെയ്തുവെങ്കിലും. ഡല്‍ഹി മുഖ്യമന്ത്രിക്ക് ഇതര സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കുള്ളതിനു തുല്യമായ അധികാരങ്ങള്‍ നിഷേധിച്ചത് രണ്ടു കോടിയില്‍പരം ഡല്‍ഹിനിവാസികളോടുള്ള നീതിനിഷേധമായി തുടര്‍ന്നു. ഈ അനീതി പരിഹരിക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കവെയാണ് ഡല്‍ഹി സര്‍ക്കാരിനുണ്ടായിരുന്ന പരിമിത അവകാശങ്ങള്‍പോലും കവര്‍ന്നെടുത്തത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളിലേയ്ക്ക് ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഒറ്റ സീറ്റിലും ജയിക്കാന്‍ കഴിഞ്ഞില്ല. 15 വര്‍ഷമായി ബിജെപിയാണ് ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനും ഭരിക്കുന്നത്. അടുത്തവര്‍ഷം കോര്‍പറേഷനുകളിലേയ്ക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം സംഭവിക്കുമെന്നാണ് പൊതുവെ കരുതുന്നത്. ഈ സാഹചര്യത്തില്‍ ബിജെപിയെ  ബാധിച്ച ഭയത്തിന്‍റെ ബഹിര്‍സ്ഫുരണം കൂടിയാണ് ഇപ്പോഴത്തെ 'നിയമഅട്ടിമറി'.

 എഎപിയുടെ പല രാഷ്ട്രീയനിലപാടുകളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ക്കും കെജ്രിവാള്‍ സര്‍ക്കാര്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം എന്നീ മേഖലകളില്‍ നടപ്പാക്കുന്ന ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ അവഗണിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന നയം, മൊഹല്ല ക്ലിനിക്കുകള്‍ എന്നറിയപ്പെടുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ സജീവമായ പ്രവര്‍ത്തനം എന്നിവ വഴിയാണ് കെജ്രിവാള്‍ സര്‍ക്കാര്‍ ജനപ്രീതി നിലനിര്‍ത്തുന്നത്. ഇപ്പോള്‍ റേഷന്‍സാധനങ്ങള്‍ വീടുതോറും വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. റേഷന്‍വിതരണമേഖലയില്‍ ദീര്‍ഘകാലമായി തുടരുന്ന അഴിമതി അവസാനിപ്പിക്കാനാണ് ഈ പദ്ധതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നു. കോവിഡ് കാലത്ത് സൗജന്യഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ഡല്‍ഹിയില്‍ വന്‍വീഴ്ച സംഭവിച്ചു. റേഷന്‍വിതരണരംഗത്തെ മാഫിയകളാണ് ഇതിനു കാരണമെന്ന് സംസ്ഥാനം വിലയിരുത്തി. ഈ പ്രശ്നം പരിഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ശ്രമം. എന്നാല്‍ ഭക്ഷ്യസുരക്ഷ പദ്ധതി സംവിധാനത്തിന്‍റെ ലംഘനമാണ് ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിയെന്ന് ആരോപിച്ച് കേന്ദ്രം ഇതിനെ എതിര്‍ക്കുകയാണ്. ഇതിന്‍റെ പേരില്‍ ഡല്‍ഹിസര്‍ക്കാരും കേന്ദ്രവും ഏറ്റുമുട്ടല്‍ തുടരുകയാണ്. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയെന്ന ലക്ഷ്യവും കേന്ദ്രനീക്കത്തിനു പിന്നിലുണ്ട്. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംവിധാനങ്ങള്‍ക്കുനേരെ കേന്ദ്രഏജന്‍സികള്‍ നടത്തുന്ന ആക്രമണം ഈ പശ്ചാത്തലത്തില്‍ വേണം കാണേണ്ടത്. ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം, കിഫ്ബിയില്‍ ഇഡി, ആദായനികുതി വകുപ്പ് അന്വേഷണം ഇതൊന്നും യാദൃച്ഛികമല്ലെന്ന് ഡല്‍ഹി സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.

 സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ക്ഷേമം പ്രദാനംചെയ്യുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനു താല്‍പര്യമില്ല. ശിങ്കിടിമുതലാളിമാര്‍ക്ക് ഗുണകരമായ നിയമനിര്‍മാണങ്ങളും നയപരിപാടികളുമാണ് മോഡിസര്‍ക്കാര്‍ നടപ്പാക്കുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന്‍റെ കൈവശം പണമില്ലെന്നാണ് മോഡിസര്‍ക്കാരിന്‍റെ വാദം. അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കാനെന്ന പേരില്‍ പെട്രോളിനും ഡീസലിനും ഉയര്‍ന്ന എക്സൈസ് തീരുവ ചുമത്തി. ഇപ്പോള്‍ അടിസ്ഥാനസൗകര്യവികസന ഫണ്ട് കണ്ടെത്താനെന്ന പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നു. സാമൂഹികക്ഷേമ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാനസര്‍ക്കാരുകള്‍ ബിജെപിക്ക് രാഷ്ട്രീയമായി വെല്ലുവിളിയാണ്. ബിജെപിയിതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുനേരെ കേന്ദ്രം നടത്തുന്ന കടന്നാക്രമണങ്ങള്‍ക്ക് ഈ മാനവുമുണ്ട്.

ജമ്മുڊകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നിയമനിര്‍മാണം നടപ്പാക്കിയത് തിരക്കിട്ടാണ്. മുന്‍കൂട്ടി അറിയിക്കാതെ പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിച്ചു. ഇപ്പോള്‍ ഡല്‍ഹി സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്ന് പാസാക്കിയത് കോവിഡിന്‍റെയും വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും മധ്യത്തിലാണ്. ഇതിലൂടെ പാര്‍ലമെന്‍റില്‍ ഈ ബില്ലിന്‍റെ കാര്യത്തിലും മതിയായ പരിശോധനയ്ക്കും ചര്‍ച്ചയ്ക്കും അവസരം കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയും ചെയ്തു. •