പൊതുതിരഞ്ഞെടുപ്പു ചിന്തകളും മാധ്യമങ്ങളുടെ സമ്മതി നിര്‍മിതിയും

ഡി ശ്രീധരന്‍ നായര്‍

നകീയ വിപ്ലവത്തില്‍ തൊഴിലാളി വര്‍ഗത്തിന്‍റെ നേതൃത്വപരമായ പങ്ക് സൂചിപ്പിക്കാന്‍ വ്ളാഡിമിര്‍ ലെനിനാണു അധീശത്വം അഥവാ മേല്‍ക്കോയ്മ എന്നോ നായകത്വം എന്നോ അര്‍ത്ഥംകൊടുക്കാവുന്ന Hegemony എന്ന വാക്കു ഒരു രാഷ്ട്രീയ പരികല്‍പനയായി ആദ്യം ഉപയോഗിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഒരു തൊഴിലാളി വര്‍ഗ വിപ്ലവം യൂറോപ്പില്‍ സാധ്യമാകാതിരിക്കുന്നതിനെ അപഗ്രഥിക്കുന്ന അന്‍റോണിയോ ഗ്രാംഷി, ലെനിനില്‍ നിന്നും ഈ വാക്ക് കടംകൊണ്ട് അതു പൗരസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നു കൂടുതല്‍ ആഴത്തില്‍ വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, മാര്‍ക്സിസംപ്രവചിക്കുന്ന തരത്തില്‍ മുതലാളിത്തം സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരത്തിലൂടെമാത്രമല്ല, പ്രത്യയശാസ്ത്രപരമായും സമൂഹികനിയന്ത്രണം സാധ്യമാക്കുന്നുണ്ട്. ബൂര്‍ഷ്വാസി തങ്ങളുടെ അധീശത്വം ഉറപ്പിക്കുന്നത് തങ്ങളുടെ മൂല്യവ്യവസ്ഥയെ ഒരു സാര്‍വലൗകികമായ 'പൊതുബോധ'മായി  പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടാണ്. പൗരസമൂഹത്തിനു മേല്‍ തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിനു സ്റ്റേറ്റിന്‍റെ ജയില്‍, പൊലീസ്, കോടതി, ബ്യൂറോക്രസി തുടങ്ങിയ ഭരണകൂടത്തിന്‍റെ  ബലപ്രയോഗത്തിലൂടെയുള്ള സാമ്പ്രദായിക മര്‍ദ്ദനോപകരണങ്ങള്‍ കൊണ്ടുമാത്രം മതിയാവില്ല. ആശയപരമായി മനുഷ്യന്‍റെ ചിന്താശേഷിയില്‍ കൂടി സ്വാധീനം ചെലുത്തിക്കൊണ്ടു മാത്രമേ ഭരണവര്‍ഗത്തിന് അവരുടെ മേധാവിത്വം ഉറപ്പിക്കുവാന്‍ കഴിയൂ എന്ന് അല്‍ത്തൂസറും പറഞ്ഞുവയ്ക്കുന്നു. സാഹിത്യം, കല, വിദ്യാഭ്യാസം, മതം, വിവിധ ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍, സാംസ്കാരിക ഇടപെടലുകള്‍ തുടങ്ങിയ പ്രത്യയശാസ്ത്ര ഉപകരണങ്ങളിലൂടെയാണ് ഭരണവര്‍ഗ്ഗം ഇതുനിര്‍വ്വഹിക്കുന്നത്. ഇത്തരത്തില്‍ സാമൂഹിക യാഥാസ്ഥിതികത്വം നിലനിര്‍ത്തുന്നതിലൂടെ ബൂര്‍ഷ്വാസിയുടെ താല്പര്യങ്ങള്‍ സാമാന്യ ജനങ്ങളെ തങ്ങളുടെ തന്നെ താല്പര്യങ്ങളായി തോന്നിപ്പിക്കുന്നു. അത്തരത്തില്‍ അവരെ അതിനായി പരുവപ്പെടുത്തിയെടുക്കുന്നു. അതിനായി അവര്‍ മാധ്യമങ്ങളേയും ബുദ്ധിജീവികളേയും വിലയ്ക്കെടുക്കുന്നു. ഇപ്പോഴത്തെ ഈ തിരഞ്ഞെടുപ്പില്‍ ഭരണവര്‍ഗത്തിന്‍റെ സമ്മതി നിര്‍മ്മിച്ചെടുക്കാന്‍ ഇവിടുത്തെ മാധ്യമങ്ങള്‍ ചെയ്യുന്നതെന്താണെന്നു ഇതുമായി ബന്ധപ്പെട്ടു പരിശോധിക്കേണ്ടതുണ്ട്. ഇവിടുത്തെ മാധ്യമങ്ങളാവട്ടെ മുക്കാല്‍ പങ്കും ധനമൂലധനത്തിന്‍റെ ഉടമകളായ കോര്‍പ്പറേറ്റുകളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ്. അതുകൊണ്ടാണ് എല്‍ഡിഎഫിന്‍റെ തുടര്‍ഭരണ സാധ്യതകളെ അട്ടിമറിക്കാന്‍ ഇവിടുത്തെ മാധ്യമപ്പടയെല്ലാം കൂടി ആഭിചാരക്രിയകളുമായി ഇറങ്ങിയിരിക്കുന്നത്. അതവരുടെ ചോറും കൂറും വര്‍ഗതാത്പര്യവുമാണ്. അതിനായി ഒരു തിരഞ്ഞെടുപ്പു വേളയില്‍ സ്വാഭാവികമായും ഉയര്‍ന്നുവരേണ്ട ഗൗരവമേറിയ വിഷയങ്ങളിലുള്ള ജനകീയ ചര്‍ച്ചകളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധമാറ്റാന്‍, കാതടപ്പിക്കുന്ന ഒച്ചകളോടെ തികച്ചുംഅരാഷ്ട്രീയവും അസംബന്ധവും ഉപരിപ്ലവവുമായ വിഷയങ്ങളാണു തിരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. 

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ആഡിറ്റ് ചെയ്യാന്‍ ചുമതലപ്പെട്ടവരാണു മാദ്ധ്യമങ്ങള്‍. സംശയമില്ല. അതു മാധ്യമധര്‍മ്മവുമാണ്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒന്നുമില്ലാതെ വളരെ സമാധാനപൂര്‍വമാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കടന്നുപോയത്. ഇവിടെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ജനക്ഷേമകരങ്ങളായ ഒട്ടേറെ നല്ലപ്രവര്‍ത്തനങ്ങളുണ്ട്. അടുത്ത അന്‍പതു വര്‍ഷത്തേക്കു ദീര്‍ഘദൃഷ്ടിയോടെ അടിത്തറയിട്ടവിജ്ഞാന സമൂഹം എന്ന കാഴ്ചപ്പാടുണ്ട്. ക്ഷേമപെന്‍ഷനുകള്‍, ഭക്ഷ്യകിറ്റുകള്‍ തുടങ്ങിയവ സമൂഹത്തിലെ താഴേത്തട്ടിലുള്ളവര്‍ക്കു വലിയ ആശ്വാസമായിരുന്നു. അത്തരം ആശ്വാസങ്ങള്‍ എത്താത്ത ഒരു വിഭാഗങ്ങവും സമൂഹത്തിലില്ല. അത്രത്തോളം സര്‍വതല സ്പര്‍ശികളായ ആശ്വാസ നടപടികളായിരുന്നു അവ ഓരോന്നും. അതിനെക്കാളൊക്കെ വളരെ പ്രാധാന്യമുള്ളകാര്യങ്ങളായിരുന്നു ഈ സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ യജ്ഞം, ലൈഫ്, ആര്‍ദ്രം, കിഫ്ബി, കേരളബാങ്ക്, കെ-ഫോണ്‍, ഹരിത മിഷന്‍ തുടങ്ങിയവ. അഞ്ചു വര്‍ഷംകൊണ്ട് ചെയ്തതിനേക്കാള്‍ അടുത്ത അന്‍പതു വര്‍ഷത്തേക്കു മുന്‍കൂട്ടി പ്ലാന്‍ചെയ്തെടുത്ത വിജ്ഞാനസമൂഹത്തിന്‍റെ ഹബ് എന്ന ആശയം ഭാവിയില്‍ യുവജനങ്ങള്‍ക്കു വളരെ പ്രയോജനം ചെയ്യുന്ന ഒന്നായിരിക്കും. നിപ, രണ്ട് മഹാപ്രളയങ്ങള്‍, ഓഖി, കോവിഡ് തുടങ്ങി നിരന്തരമായ ദുരന്തങ്ങളുടെ കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ചികിത്സ, ഭക്ഷണം തുടങ്ങിയ അടിസ്ഥാനആവശ്യങ്ങളില്‍ ഒന്നിനും തടസ്സം വരാതെ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു.ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കോവിഡ് കാലത്ത് ജാതിڊമത സമുദായ ഭേദമെന്യേ ഒരു വിഭാഗീയതയും കലരാതെ ജനങ്ങളെ ഒറ്റക്കെട്ടായി ചേര്‍ത്തു നിര്‍ത്തി സംരക്ഷിച്ച മറ്റൊരുസര്‍ക്കാര്‍ ഉണ്ടെന്ന് തോന്നുന്നില്ല. ലോകനിലവാരത്തില്‍ തന്നെ ഇതു അംഗീകരിക്കപ്പെട്ടു. സമൂഹത്തിലെ ഓരോ വിഭാഗത്തോടും മാത്രമല്ല തെരുവു നായ്ക്കളോടും അമ്പലക്കുരങ്ങന്മാരോടുംവരെ കാണിച്ച ജാഗ്രത പ്രത്യേകം പറയേണ്ടതാണ്. 

അത് വെറുമൊരു ഭരണം മാത്രമല്ല, നിശ്ചയദാര്‍ഢ്യത്തിന്‍റെ അടയാളം പേറുന്ന ഭരണമാതൃകകൂടിയാണ്. ഈ ഭരണമാതൃകയുടെ തുടര്‍ച്ച ജനങ്ങള്‍ ആഗ്രഹിക്കുക സ്വാഭാവികമാണ്. ആ ആഗ്രഹത്തിന്‍റെ പ്രതിഫലനം തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് തന്നെയാണ് കരുതേണ്ടതും. രാഷ്ട്രീയരംഗത്തു നമുക്കെല്ലാം സുപരിചിതമായിരുന്ന അഴിമതി ഇക്കാലയളവില്‍ ഉച്ചാടനംചെയ്യപ്പെട്ടതും ഒരു നല്ല ലക്ഷണമായി വിലയിരുത്താം. 

എന്നാല്‍ മാധ്യമങ്ങള്‍ ബോധപൂര്‍വം തന്നെ ഇതൊന്നും ചര്‍ച്ചയ്ക്കു വിധേയമാക്കുന്നില്ല. ഇതിന്‍റെയൊക്കെ നന്മകളെ തമസ്കരിക്കാനും അതിന്മേല്‍ നുണകളുടെ കരിമഴ പെയ്യിച്ചുവികലമാക്കി അവതരിപ്പിക്കാനുമുള്ള ശ്രമങ്ങളാണു യുഡി എഫിന്‍റെ തിരഞ്ഞെടുപ്പുസഖ്യകക്ഷികളായി ചേര്‍ന്നുകൊണ്ടു ദിവസവും ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു തൊട്ടു മുന്‍പുവരെ ഓരോദിവസവും ഇന്ധനവില കൂടി പെട്രോള്‍ ലിറ്ററിനു 100 രൂപയ്ക്കും പാചകവാതകം സിലിണ്ടറിന് 1000 രൂപയ്ക്കും തൊട്ടടുത്തുവരെ എത്തുന്നതു നാം കണ്ടു.എന്നാല്‍ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന ഉടനെ സ്വിച്ചിട്ടപോലെ അതു നില്‍ക്കുകയും ചെയ്തു. എന്താണു അതിന്‍റെ പിന്നിലെ രാഷ്ട്രീയം? ഈ തിരഞ്ഞെടുപ്പില്‍ അതും ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ? നമ്മുടെ സെക്കുലര്‍ഭരണഘടനയും പൗരസ്വാതന്ത്ര്യങ്ങളും ഭീഷണികള്‍ നേരിടുന്ന സന്ദര്‍ഭമാണ്. കോണ്‍ഗ്രസ്സും പിന്നീടു ബിജെപിയും തുടരുന്ന നവലിബറല്‍ നയങ്ങളുടെ ഇരകളായ ലക്ഷക്കണക്കിന് കര്‍ഷകര്‍ എത്രയോ ദിവസങ്ങളായി കൊടുംയാതനകള്‍ അനുഭവിച്ചുകൊണ്ടുള്ളസമരത്തിലാണ്. അപ്പോഴാണു സ്വര്‍ണ്ണക്കടത്തും ഖുറാന്‍ വിവാദവും ആഴക്കടല്‍മത്സ്യബന്ധനവും പിഎസ്സി നിയമനവും തുടങ്ങി ഒരു ദിവസത്തെ പോലും ആയുസ്സില്ലാത്ത വെറും നുണക്കഥകളുടെ പുകമറ സൃഷ്ടിച്ച് എല്‍ഡിഎഫ് ഗവണ്മെന്‍റിനെതിരെജനങ്ങളെ തിരിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ഇടതുപക്ഷത്തിന് എതിരായ വിഷയങ്ങള്‍ സ്വയം തീരുമാനിച്ചു അതിനു യോജിച്ച ഇടതുപക്ഷ വിരുദ്ധരെഉള്‍പ്പെടുത്തി അവര്‍ ഏകപക്ഷീയമായ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു ഇടതുപക്ഷത്തിനെതിരായ അഭിപ്രായരൂപീകരണം നടത്തിക്കൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി ഉച്ചഭാഷിണി ഘടിപ്പിച്ചു പോകുന്ന വാഹനങ്ങളുടെ ശബ്ദഘോഷങ്ങളെക്കാള്‍ കടുപ്പമാണുചാനലുകളിലൂടെ ദിവസവും വീടുകളില്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്. നുണകളുടെപെരുമഴകള്‍ സൃഷ്ടിച്ചു യുഡിഎഫിനുവേണ്ടി സമ്മതികള്‍ നിര്‍മിക്കുന്നതിനുള്ള അശ്രാന്തപരിശ്രമത്തിലാണവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 'പെയിഡ് ന്യൂസുകളാ'യി ചില സ്ഥാനാര്‍ത്ഥികളെ അവരുടെ പഴയ കേടുപാടുകളെല്ലാം മാറ്റി കടുത്ത വര്‍ണ്ണക്കൂട്ടുകള്‍ നല്‍കി അവരെ പുണ്യവാളന്മാരായി അവതരിപ്പിക്കുമ്പോള്‍ ചിലരെ വ്യക്തിഹത്യ നടത്തി അപവദിക്കുന്നു. വാര്‍ത്തകളും പ്രതികരണങ്ങളും നല്‍കുമ്പോള്‍ എല്‍ഡിഎഫിനെ മനഃപൂര്‍വം അപഹസിച്ചും യുഡി എഫിനോടും ബിജെപിയോടും  പ്രത്യേക കരുതലോടെയും അവതരിപ്പിക്കുന്നതു അവരുടെ ഇരട്ടത്താപ്പിനെയാണ് കാണിക്കുന്നതു. ഇതു തികച്ചും മാധ്യമധര്‍മ്മത്തിനുതന്നെ വിരുദ്ധമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കി മനുഷ്യന്‍റെ സ്വതന്ത്രചിന്തയെ അപകടപ്പെടുത്തുന്ന മാധ്യമങ്ങളുടെ ഈ അധമപ്രവര്‍ത്തനം ബോധപൂര്‍വമായ ഒരു ഗൂഢാലോചനയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളും അതിനു ഇവരെസഹായിക്കുന്നുണ്ട്. തിരഞ്ഞെടുപ്പു ദിവസം അടുക്കുന്തോറും മറുപടി നല്‍കാന്‍ അവസരംപോലും ലഭിക്കാത്ത വിധം സെന്‍സിറ്റീവ് വാര്‍ത്തകളും നുണബോംബുകളും പൊട്ടിച്ച് ജനങ്ങളെ ഉദ്വേഗ മുനകളില്‍ നിറുത്താനും ഇവര്‍ ശ്രമിച്ചേക്കും. തിരഞ്ഞെടുപ്പു ദിവസങ്ങളിലെ ലൈവ് പ്രക്ഷേപണങ്ങളുടെ മുന്‍ അനുഭവങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. ജനാധിപത്യം അട്ടിമറിക്കപ്പെടാതിരിക്കാനുള്ള ശ്രദ്ധയും ജാഗ്രതയും എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കും ഉണ്ടായിരിക്കണം. കടമ്മനിട്ട പാടിയതുപോലെ;
'കണ്ണുവേണം 
 ഇരുപുറം എപ്പോഴും
 കണ്ണുവേണം
 മുകളിലും താഴേയും
 കണ്ണിനുള്ളില്‍ 
 കത്തിജ്വലിക്കും 
  ഉള്‍ക്കണ്ണുവേണം
  അണയാത്ത കണ്ണ്
.  •