കര്‍ഷക ആത്മഹത്യ ഇല്ലാത്ത കേരളം

ഡോ. എസ് മോഹനകുമാര്‍

1991-ല്‍ അധികാരത്തില്‍വന്ന നരസിംഹറാവുവിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉദാരവല്‍ക്കരണം നടപ്പിലാക്കിയതോടുകൂടിയാണ് ഇന്ത്യയില്‍ കാര്‍ഷിക പ്രതിസന്ധി രൂക്ഷമായത്. അമേരിക്കയുടെ നേതൃത്വത്തില്‍ വികസിത രാജ്യങ്ങള്‍ ലോക വ്യാപാര കരാറിന് രൂപംകൊടുത്തപ്പോള്‍ യാതൊരുവിധ കൂടിയാലോചനകളും ഇല്ലാതെ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി ഇന്ത്യയിലെ കര്‍ഷകര്‍ക്കുമേല്‍ ലോക വ്യാപാര കരാര്‍ അടിച്ചേല്‍പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കാപ്പി, കുരുമുളക്, റബര്‍ തുടങ്ങിയ കാര്‍ഷികോല്‍പന്നങ്ങളുടെ ഇറക്കുമതിക്കുമേലുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും എടുത്തുമാറ്റുകയും ഇന്ത്യന്‍ കമ്പോളം വിദേശ കാര്‍ഷികോല്‍പന്നങ്ങളുടെ തുറന്ന വിപണിയായി മാറുകയും ചെയ്തു. ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി കാര്‍ഷിക മേഖലയിലുള്ള സര്‍ക്കാരിന്‍റെ മൂലധന നിക്ഷേപം ദേശീയ വരുമാനത്തിന്‍റെ വെറും അരശതമാനത്തിന് താഴെയാക്കി നിലനിര്‍ത്തുകയും, കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്സിഡികളില്‍ ഗണ്യമായ വെട്ടിക്കുറവു വരുത്തുകയും ചെയ്തു. വിദേശ ഇറക്കുമതി ഒരുഭാഗത്ത് കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിച്ചപ്പോള്‍ മറുഭാഗത്ത് സബ്സിഡിയും കേന്ദ്ര നിക്ഷേപവും വെട്ടിക്കുറച്ചതിനാല്‍ ഉല്‍പാദനച്ചെലവ് വര്‍ധിക്കുകയും ചെയ്തു. ഇന്ത്യയിലെ കര്‍ഷകരില്‍ 85 ശതമാനവും രണ്ട് ഹെക്ടറില്‍ താഴെ മാത്രം കൃഷിഭൂമിയുള്ളവരാണ്. ഇവരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ലോക കമ്പോളത്തിലെ ബഹുരാഷ്ട്ര കമ്പനികളുമായി മത്സരിച്ച് നിലനില്‍ക്കണമന്നായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദല്‍വായി കമ്മിറ്റിയുടെ കാര്‍ഷികനയങ്ങളും 2020ല്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ കര്‍ഷകര്‍ക്ക് കൊടുക്കുന്ന സബ്സിഡി ദിനംപ്രതി വര്‍ധിപ്പിക്കുകയാണ്. ഉദാഹരണത്തിന് അമേരിക്കയിലെ ഒരു കര്‍ഷകന് സര്‍ക്കാര്‍ സബ്സിഡിയായി ഒരു വര്‍ഷം 8586 ഡോളറും യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ ഒരു കര്‍ഷകന് പ്രതിവര്‍ഷം ശരാശരി 61286 ഡോളറും നല്‍കുമ്പോള്‍ ഇന്ത്യയിലെ കര്‍ഷകന് സര്‍ക്കാര്‍ നല്‍കുന്ന രാസവളം, കീടനാശിനി തുടങ്ങിയവയ്ക്കുള്ള എല്ലാ സബ്സിഡികളും ചേര്‍ത്താല്‍ 282 ഡോളര്‍ മാത്രമേ വരികയുള്ളു. ഈ അന്തരമാണ് ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധിയുടെ മൂലകാരണം. 

ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ കര്‍ഷക സമരത്തിന്‍റെ പ്രധാന കാരണം ഇന്ത്യയിലെ കര്‍ഷകര്‍ കഴിഞ്ഞ കുറെക്കാലമായി നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ്. കേന്ദസര്‍ക്കാര്‍ 2020 സെപ്തംബര്‍ മാസത്തില്‍ നടപ്പിലാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും ഇപ്പോഴുള്ള കാര്‍ഷിക പ്രതിസന്ധി രൂക്ഷമാക്കുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ പ്രതിഫലിക്കുന്നത് കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ആത്മഹത്യയിലൂടെയാണ്. ഇത് അറിയാവുന്ന കേന്ദ്രസര്‍ക്കാര്‍ 2015നുശേഷം കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ചുള്ള സ്ഥിതിവിവര കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവച്ചു. കര്‍ഷക ആത്മഹത്യ ക്രമാതീതമായി തുടര്‍ന്നപ്പോള്‍ പ്രതിപക്ഷകക്ഷികളും കര്‍ഷക സംഘടനകളും  നിരന്തരം പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും കര്‍ഷക ആത്മഹത്യയുടെ സ്ഥിതിവിവര കണക്കുകള്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് 2019-ല്‍ കേന്ദ്രസര്‍ക്കാരിന്‍റെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ വീണ്ടും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ആത്മഹത്യയെക്കുറിച്ചുള്ള സ്ഥിതിവിവര കണക്ക് പ്രസിദ്ധീകരിച്ചുതുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന കര്‍ഷക ആത്മഹത്യകളില്‍നിന്നും മുമ്പ് ഉണ്ടായിരുന്ന ആത്മഹത്യയ്ക്കുള്ള കാരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം ഒഴിവാക്കിയിരുന്നു. 2015വരെ പ്രസിദ്ധീകരിച്ച കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള സ്ഥിതിവിവര കണക്കില്‍നിന്നും വ്യക്തമാകുന്നത് ഇന്ത്യയില്‍ ഓരോ വര്‍ഷവും നടക്കുന്ന കര്‍ഷക ആത്മഹത്യയില്‍ 40 ശതമാനത്തോളം വിളനാശവും കടക്കെണിയുംമൂലമാണ് ഉണ്ടാകുന്നത്. അധികാരവും അധികാര സ്ഥാപനങ്ങളും ഉപയോഗിച്ച് വസ്തുതകളെ തമസ്കരിക്കുകയും തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വസ്തുതകളെ പുനഃസൃഷ്ടിക്കുകയും ചെയ്യുന്നത് ബിജെപി അധികാരത്തില്‍ വന്നതുമുതല്‍ തുടരുന്ന നയമാണ്.

കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ് തടയുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങളാണ് കേരളത്തിലെ കാര്‍ഷിക പ്രതിസന്ധി ഏറെക്കുറെ പരിഹരിച്ചത്. നാണ്യവിളകളുടെയെല്ലാം നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള വാണിജ്യ മന്ത്രാലയത്തിന്‍റെ കീഴിലായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് കാപ്പി, കുരുമുളക്, റബര്‍, നാളികേരം തുടങ്ങിയവയുടെ ഇറക്കുമതിയിലും വിലനിര്‍ണയത്തിലും ഇടപെടാന്‍ കഴിയില്ല. എങ്കില്‍പോലും കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും കൃഷിചെയ്യുന്ന റബറിന്‍റെ വിലയിടിവ് തടയുവാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടക്കംമുതല്‍തന്നെ ശ്രമിച്ചിരുന്നു. റബറിന്‍റെ താങ്ങുവിലയായി കിലോഗ്രാമിന് 170 രൂപ പ്രഖ്യാപിക്കുകയും കമ്പോളവിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം റബര്‍ ഉല്‍പാദക സംഘങ്ങള്‍വഴി റബര്‍ കര്‍ഷകരുടെ കയ്യില്‍ എത്തിക്കുകയും ചെയ്തു. 2012-ല്‍ റബറിന് കിലോയ്ക്ക് 235 രൂപ വില ലഭിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ ഇറക്കുമതി നിയന്ത്രണങ്ങളും ഇല്ലാതാക്കി. മലേഷ്യ, തായ്ലന്‍റ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നും അനിയന്ത്രിതമായി റബറിന്‍റെ ഇറക്കുമതി ഇന്ത്യന്‍ കമ്പോളത്തിലേക്ക് അനുവദിച്ചതിന്‍റെ ഫലമായി 2016 ആയപ്പോള്‍ ഒരു കിലോഗ്രാം റബറിന്‍റെ വില 100 രൂപയിലെത്തി. ഈ ഘട്ടത്തിലാണ് കേരളസര്‍ക്കാര്‍ 150 രൂപ താങ്ങുവില  പ്രഖ്യാപിച്ചത്. ഇപ്പോള്‍ റബറിന്‍റെ താങ്ങുവില 170 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ താങ്ങുവില റബര്‍ബോര്‍ഡിന്‍റെ കണക്കുപ്രകാരമുള്ള ഉല്‍പാദനച്ചെലവിനെക്കാള്‍ മുകളിലാണ്. 

കര്‍ഷക ആത്മഹത്യ ഇന്ത്യയിലെ 
മറ്റു സംസ്ഥാനങ്ങളില്‍

സ്ഥിതിവിവരണ കണക്ക് ലഭ്യമായിട്ടുള്ള അവസാനത്തെ വര്‍ഷമായ 2019-ല്‍ 10281 കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു. കര്‍ഷകജനതയുടെ ആത്മഹത്യയില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ദേശീയ ശരാശരിയില്‍ നേരിയ കുറവുണ്ടായതിന് കാരണം അപൂര്‍വം ചില സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യയില്‍ വന്നിട്ടുള്ള വ്യത്യാസമാണ്. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക ആത്മഹത്യയില്‍ 85 ശതമാനവും ബിജെപിയോ സഖ്യകക്ഷികളോ ഭരണത്തിലിരിക്കുന്നതോ ഭരിച്ചിരുന്നതോ ആയ സംസ്ഥാനങ്ങളിലാണ്. കര്‍ണാടകത്തില്‍ 2017-ല്‍ 1157 കര്‍ഷകര്‍ ജീവനൊടുക്കിയെങ്കില്‍ 2019-ല്‍ അത് 1331 ആയി വര്‍ധിച്ചു. മഹാരാഷ്ട്രയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആന്ധ്രപ്രദേശില്‍ കര്‍ഷക ആത്മഹത്യ ഇരട്ടിയായി. ഇന്ത്യയൊട്ടാകെ പ്രതിവര്‍ഷം 5500 ല്‍ ഏറെ കര്‍ഷകരില്‍ കൂടുതല്‍ കടക്കെണിയും വിളനാശവുംമൂലം ജീവനൊടുക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള കാര്‍ഷിക നയങ്ങള്‍ നടപ്പിലാക്കിയാല്‍ കാര്‍ഷിക പ്രതിസന്ധിയും കര്‍ഷക ആത്മഹത്യയും ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. •