കെ എന്‍ എ ഖാദറും ഗുരുവായൂരപ്പനും

കെ പി ജയേന്ദ്രന്‍

ക ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് മുസ്ലീങ്ങള്‍. ആ സമുദായത്തെ പ്രതിനിധാനം ചെയ്യുന്നവരാണെന്ന് അവകാശപ്പെടുന്നവരാണല്ലോ മുസ്ലീം ലീഗ്. സ്വാഭാവികമായും ആ പാര്‍ടി പ്രവര്‍ത്തകരും നേതാക്കളും ഏകദൈവ വിശ്വാസികള്‍ ആയിരിക്കും. ആയിരിക്കണം. എന്നാല്‍ മുസ്ലീം ലീഗിന്‍റെ സമുന്നതനായ നേതാവ് കെ എന്‍ എ ഖാദര്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരത്തിനായി ചെന്നപ്പോള്‍ ആദ്യം അദ്ദേഹം ചെയ്തത് ഗുരുവായൂര്‍ അമ്പലനടയില്‍ ചെന്നുനിന്ന് കണ്ണടച്ച് ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുകയാണ്. അങ്ങനെ കണ്ണടച്ച് നിന്നപ്പോള്‍ അദ്ദേഹത്തിന് മേല്‍ കണ്ണന്‍ വന്ന് അനുഗ്രഹം നല്‍കുന്നതായി തോന്നിയത്രെ.

ഇതു കേട്ടപ്പോള്‍ സത്യത്തില്‍ എനിക്ക് നന്ദനം സിനിമയിലെ ബാലാമണിയെയാണ് ഓര്‍മ വന്നത്.ഭക്തയായ ബാലാമണി ഉള്ളുരുകി കണ്ണന്‍റെ നടയില്‍ ചെന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ ശ്രീകോവിലില്‍ നിന്നിറങ്ങി കണ്ണന്‍ ഓടക്കുഴലൂതി ബാലാമണിയുടെ സമീപം വരുന്നതായി അവള്‍ക്ക് തോന്നുകയാണ്.

ഏതായാലും ഖാദറിന്‍റെ ഭക്തിയും കണ്ണന്‍റെ അനുഗ്രഹവും കേട്ടപ്പോള്‍തന്നെ ഒരു കാര്യം എനിക്കുറപ്പായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടാവില്ല എന്ന്. സംസ്ഥാന പ്രസിഡന്‍റ് ഒപ്പിടാതെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു എന്ന കാരണത്താല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പട്ടിക തള്ളപ്പെട്ട നാടകീയ സംഭവം കേട്ടപ്പോള്‍ ഇത്രവേഗം ഇങ്ങനെ ഖാദറിനെ അനുഗ്രഹിക്കുമെന്ന് എനിക്ക് വിശ്വസിക്കാനായില്ല.

കാരണം ബിജെപി സ്ഥാനാര്‍ത്ഥി പത്രികസമര്‍പ്പണത്തില്‍ മുന്‍പരിചയമില്ലാത്തയാളൊന്നുമല്ല.കഴിഞ്ഞ തവണ അവിടെ മത്സരിക്കുകയും 25000 ല്‍ പരം വോട്ടുകള്‍ നേടുകയും ചെയ്ത നിവേദിത തന്നെയായിരുന്നു ഇത്തവണയും അവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. മാത്രമല്ല ആള് മോശമല്ലാത്ത വക്കീലുമാണ്. ബിജെപിയുടെ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്‍റു കൂടിയാണ് ഇവര്‍. സര്‍വോപരി കേരളത്തിന്‍റെ തെക്കും വടക്കും രണ്ടു മണ്ഡലങ്ങളിലായി പറന്നുനടന്ന് മത്സരിക്കാന്‍ കെല്‍പുള്ള സാക്ഷാല്‍ സുരേന്ദ്രജിയാണ് പാര്‍ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ എന്നിരിക്കെ വിട്ടുപോയ തന്‍റെ ഒപ്പ് ഹെലിക്കോപ്റ്ററില്‍ അരനാഴിക കൊണ്ട് പറന്നെത്തി ചാര്‍ത്തിക്കൊടുക്കുവാന്‍ എന്ത് പ്രയാസം! എന്നിട്ടും ആ ഒരൊപ്പിന്‍റെ അഭാവത്തില്‍ ബി.ജെ.പി.സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയെങ്കില്‍ ലീഗ്-ബിജെപി ഒത്തുകളിയല്ലാതെ മറ്റെന്താണ്?

അപ്പഴാണ് വേറെ ചില കണക്കുകള്‍ മനസ്സില്‍ പൊന്തി വന്നത്.കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ത്ഥി അസ്വ.പി എം സാദിഖ് അലി സിപിഐ എമ്മിന്‍റെ കെ വി അബ്ദുള്‍ഖാദറിനോട് തോറ്റത് 15098 വോട്ടിനാണ്. ബിജെപി സ്ഥാനാര്‍ത്ഥി നിവേദിതക്ക് 25490 വോട്ടുകളും. അപ്പോ ബിജെപി സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ പിന്നെ കൃഷ്ണഭക്തനായ കെ എന്‍ എ ഖാദറിനല്ലാതെ മറ്റാര്‍ക്കാ നമ്മുടെ ബിജെപിക്കാര്‍ വോട്ടു ചെയ്യുക? ച്ചാല്‍ 25000 ബിജെപി വോട്ടും കൂടി കിട്ട്യാല്‍ മ്മടെ ഖാദറുട്ടി ചുരുങ്ങിയത് ഒരു 10,000 വോട്ടിന് ജയിക്കും ന്ന്. ശ്ശെടാ ...അപ്പോ... ഈ മാര്‍ക്സിസ്റ്റുകള്‍ പറയണ പോലെ കോലീബിയോ മറ്റോ ആണോ? ഹേയ്... അത് ണ്ടാവില്ല.ഖാദറിനേപോലെ ഒരു 916 മുഉമിന്‍ അങ്ങിനെ ചെയ്യാന്‍ വഴിയില്ല എന്നുതന്നെ ആശ്വസിച്ചു.

ഗുരുവായൂരിന്‍റെ തൊട്ടടുത്ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും ബിജെപി.രാജ്യസഭാംഗവുമായ സാക്ഷാല്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിജി ഗുരുവായൂരില്‍ കെ എന്‍ എ ഖാദറല്ലാതെ മറ്റാരും ജയിക്കരുതെന്ന് പറഞ്ഞപ്പോ വീണ്ടും സംശയം തലപൊക്കാന്‍ തുടങ്ങി. ഇത് പിണറായി സഖാവ് പറഞ്ഞ പോലെ യുഡിഎഫ് ബിജെപി ഡീലു തന്നെയാണോ? ഒന്നും കാണാതെ പട്ടര് (ഖാദറ് ന്നും വായിക്കാം) വെള്ളത്തില്‍ (ഗുരുവായൂര് ന്നും വായിക്കാം) ചാട്വോ ന്ന ശങ്ക ബലപ്പെടാന്‍ തുടങ്ങി.

അപ്പഴാ ഖാദര്‍ പൗരത്വ ഭേദഗതി ബില്ലിനെപ്പറ്റി പ്രസംഗിക്കുന്ന വീഡിയോ കണ്ടത്. ആരും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കാര്യമില്ലാതെ പേടിക്കണ്ട, എല്ലാരും പൗരത്വം തെളിയിക്കാനുള്ള രേഖയൊക്കെ (ച്ചാല്‍.. മ്മടെ വല്ലിപ്പ 1951 ന് മുമ്പ് സ്കൂളില്‍ പഠിച്ചേന്‍റെയോ, ഭൂമിക്ക് കരമടച്ചേന്‍റെയോ രേഖ) തയ്യാറാക്കി വെച്ചോളിന്‍, പൗരത്വം കിട്ടാനുള്ള അപേക്ഷയൊക്കെ ലീഗാപ്പീസില്‍ വന്നാല്‍ മൂപ്പര് പൂരിപ്പിച്ച് തരാംന്ന് പറയണ വീഡിയോ ...തൃപ്പതിയായി...

വെറ്തെയല്ല അമിത് ഷാജി കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നപ്പോ, ഭരണം മാറിയാല്‍ കേരളത്തിലും പൗരത്വഭേദഗതി നിയമം നടപ്പിലാക്കും ന്ന് പറഞ്ഞത്. കേരളത്തില്‍ ബിജെപിഅധികാരത്തില്‍ വന്നാല്‍ ന്നല്ല മൂപ്പര് പറഞ്ഞത്. ഭരണം മാറിയാല്‍ ന്നാ ..ച്ചാല്‍ യുഡിഎഫ് വന്നാലും മതി, സംഗതി മൂപ്പര് കബൂലാക്കുംന്ന്. അത്രക്ക് വിശ്വാസാ മൂപ്പര്‍ക്ക് ഖാദര്‍മാരെ. കാരണം ഇപ്പഴേ രേഖകള്‍ ശരിയാക്കി വെയ്ക്കാന്‍ പറയാനുള്ള ഉശിര് സംഘികള്‍ക്ക് പോലും ണ്ടായിട്ടില്ലല്ലോ ഇവിടെ. ഇതൊക്കെപ്പാടേ കൂട്ടി വായിക്കുമ്പോ തല മിന്നുണു നാട്ടാരെ.

ഹൗ.. ന്നാലും മുസായ് വിന്‍റെ നടുക്കണ്ടംന്ന് ഇത്രകാലം നമ്മള് വിശ്വസിച്ച് കൊണ്ടു നടന്നോര് പത്ത് സീറ്റിനും ഭരണത്തിനും വേണ്ടി സമുദായത്തെ മുഴുവനും ഇങ്ങനെ ആര്‍എസ്എസിന്‍റെ അറവ്ശാലയിലേക്ക് തെളിക്കും ന്ന് നമ്മള് ഒറക്കത്തിലും കൂടി കര്തീല്ല. ഒന്നൂല്ലച്ചാലും ബഹറില് മുസല്ല വിരിച്ച് നിസ്കരിക്കേണ്ടി വന്നാലും ആര്‍എസ്എസിനെ വിശ്വസിക്കൂല ന്ന് പറഞ്ഞ സി എച്ച് മുഹമ്മദ് കോയാന്‍റെ പാര്‍ട്ട്യല്ലേ ഇത് !!!•