അമേരിക്കന്‍ മുതലാളിത്തം: പുള്ളിപ്പുലിയുടെ പുള്ളിപോലെ

ജി വിജയകുമാര്‍

ജോ ബൈഡന്‍ പ്രസിഡന്‍റായി അധികാരമേറ്റശേഷം "അമേരിക്കന്‍ രക്ഷാ പദ്ധതി" എന്ന പേരില്‍ 1.9 ലക്ഷം കോടി ഡോളറിന്‍റെ വമ്പന്‍ ധനഉത്തേജക പദ്ധതി അവിടത്തെ കോണ്‍ഗ്രസ് അംഗീകരിക്കുകയും പ്രസിഡന്‍റ് ഒപ്പുവയ്ക്കുകയും ചെയ്തു. 2008ലെ ആഗോള ധനപ്രതിസന്ധിയുടെ കാലത്ത് അതിനെ നേരിടാന്‍ കൊണ്ടുവന്ന രക്ഷാപദ്ധതിയേക്കാള്‍ വിപുലമായ ഒരു പദ്ധതിയാണിത്. ബൈഡന്‍ ചുമതലയേല്‍ക്കുന്നതിനു തൊട്ടുമുന്‍പ് 2020 ഡിസംബര്‍ അവസാനം 90,000 കോടി ഡോളറിന്‍റെ ഉത്തേജക പദ്ധതികൂടി ചേരുമ്പോള്‍ ഈ വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ 13 ശതമാനമാണ് ധനഉത്തേജക പാക്കേജായി ചെലവഴിക്കുന്നത്.

2020ല്‍ ട്രംപിന്‍റെ കാലത്ത് കൊണ്ടുവന്ന 2 ലക്ഷം കോടി ഡോളറിന്‍റെ കൊറോണ വൈറസ് സഹായ ആശ്വാസപദ്ധതിയുടെ തുടര്‍ച്ചയായി (CARES ACT- Corona Virus Aid, Relief and Economic Security Act ) ഈ പുതിയ ഉത്തേജക പദ്ധതിയുംകൂടി ചേരുമ്പോള്‍ സമ്പദ്ഘടനയിലെ സര്‍ക്കാര്‍ ഇടപെടല്‍ വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്നു കാണാം. ഈ തുക എങ്ങനെയൊക്കെയാണ് ചെലവിടുന്നത് എന്ന് നോക്കാം. 75,000 ഡോളര്‍ വരെ വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍ക്ക് 1400 ഡോളറിന്‍റെ വരുമാന പിന്തുണ നല്‍കും. 2020 സെപ്തംബര്‍ മുതല്‍ ആഴ്ചതോറും നല്‍കിവരുന്ന 300 ഡോളറിന്‍റെ തൊഴില്‍രഹിതര്‍ക്കുള്ള വേതനം തുടരും; കുട്ടികള്‍ക്കുള്ള നികുതി ഇളവ് വര്‍ധിപ്പിക്കും; വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ വേണ്ട ചെലവിടല്‍; വിദ്യാലയങ്ങള്‍ വീണ്ടും തുറക്കാന്‍ വേണ്ട ചെലവ്; സംസ്ഥാന - പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള ധനസഹായം. ഇതിനുപുറമെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി ബിസിനസ്സുകാര്‍ക്കും സഹായവും സബ്സിഡികളും ഉള്‍ക്കൊള്ളുന്നതാണീ പാക്കേജ്.

സമ്പദ്ഘടനയില്‍ സര്‍ക്കാരിന്‍റെ സജീവ ഇടപെടല്‍ പാടില്ലെന്ന, സമൂഹത്തിന്‍റെ ക്ഷേമവും വികസനവുമൊന്നും സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമല്ലെന്ന നവലിബറല്‍ യുക്തിയില്‍നിന്നുള്ള പിന്തിരിയലാണിത്. മറ്റൊരു കാര്യം കൂടി ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഇതിനു വേണ്ട പണം കണ്ടെത്തുന്നത് പൊതുകടമെടുക്കല്‍ വര്‍ധിപ്പിച്ചുകൊണ്ടാണ്. ഇവിടെയും ആഗോളാടിസ്ഥാനത്തില്‍ നവലിബറല്‍ മുതലാളിത്തത്തിന്‍റെ നടത്തിപ്പുകാരായ അമേരിക്ക നവലിബറല്‍ തീട്ടൂരത്തില്‍നിന്ന് പുറത്തുകടക്കുകയാണ്. ലോകത്തൊരു ഗവണ്‍മെന്‍റിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് തെല്ലെങ്കിലും പരിഹാരം കാണാന്‍ നവലിബറല്‍ ചട്ടക്കൂടില്‍നിന്നും പുറത്തുകടക്കാതെ കഴിയില്ലെന്നതാണ് വസ്തുത.

അപ്പോള്‍ ബൈഡന്‍ ഗവണ്‍മെന്‍റ് അമേരിക്കയെ നവലിബറലിസത്തിന്‍റ ചട്ടക്കൂടില്‍നിന്നും പുറത്തേക്ക് എത്തിക്കുകയാണെന്നാണോ ഇത് അര്‍ഥമാക്കുന്നത്? ആ നിഗമനത്തില്‍ എത്താനാവില്ല. കാരണം കൊറോണ കെയര്‍ പദ്ധതികള്‍ക്ക് ട്രംപിന്‍റെ കാലത്തു തന്നെ (2020 ഏപ്രില്‍) തുടക്കംകുറിച്ചിരുന്നു. അതിന്‍റെ തുടര്‍പരിപാടിയാണ് ഇപ്പോള്‍ ബൈഡന്‍ നടപ്പാക്കുന്നത്. ബേണി സാന്‍ഡേഴ്സ് 2016 മുതല്‍ കാംപെയ്ന്‍ ചെയ്തുവരുന്ന ബദല്‍ നയങ്ങളാണ്,അവയ്ക്ക് അമേരിക്കന്‍ സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ട്രംപിനെ ആയാലും ബൈഡനെ ആയാലും ഇത്തരം ക്ഷേമപദ്ധതികള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമാക്കുന്നത്. മാത്രമല്ല, നവലിബറല്‍ നയങ്ങള്‍ ലക്കും ലഗാനുമില്ലാതെ നടപ്പാക്കിക്കൊണ്ടിരിക്കുന്നതിനെതിരെ അതിന്‍റെ ദോഷഫലങ്ങള്‍ അനുഭവിക്കാന്‍ നിര്‍ബന്ധിതരായ സാമാന്യജനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും നടത്തുന്ന പോരാട്ടങ്ങള്‍ സാമൂഹ്യ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനിടയാക്കുന്നതും ആശ്വാസ നടപടികള്‍ ഏറ്റെടുക്കാന്‍ ഭരണാധികാരികളെ നിര്‍ബന്ധിതരാക്കുന്നു. റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും ഒരേപോലെ 1980കള്‍ മുതല്‍ നടപ്പാക്കിവരുന്ന നവലിബറല്‍ നയങ്ങള്‍മൂലം അമേരിക്കയില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും അസമത്വവും വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് സാമൂഹ്യ സംഘര്‍ഷങ്ങള്‍ മൂര്‍ഛിച്ചുവരുന്നതിനു മാത്രമല്ല, സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് സ്വീകാര്യത വലുതായി ലഭിക്കുന്നതിനും ഇടയാക്കുന്നത്; ഈ കാരണങ്ങളെല്ലാമാണ് നവലിബറലിസത്തിന്‍റെ തീട്ടൂരങ്ങളില്‍നിന്ന് അല്‍പമെങ്കിലും പുറത്തുകടക്കാന്‍ മുതലാളിത്ത ഭരണാധികാരികള്‍തന്നെ നിര്‍ബന്ധിതരായത്. അങ്ങനെ ചെയ്തില്ലെങ്കില്‍, ജനരോഷത്തില്‍പെട്ട് തകരുന്നതില്‍നിന്ന് തങ്ങള്‍ക്ക് രക്ഷപ്പെടാനാവില്ലെന്നുള്ള തിരിച്ചറിവും ഈ ആശ്വാസ പദ്ധതികള്‍ക്ക് അവര്‍ തയ്യാറാവുന്നതിനു കാരണമാകുന്നു. ഫാസിസ്റ്റ് സ്വേഛാധിപത്യത്തിലേക്ക് ആ രാജ്യത്തെ കൊണ്ടുപോകുന്നതിന് ട്രംപ് ശ്രമിച്ചതും നവലിബറല്‍ മുതലാളിത്തത്തെ സംരക്ഷിക്കാന്‍ അതേയുള്ളൂവെന്ന ധാരണയില്‍നിന്നാണ്.

എന്തായാലും ബൈഡന്‍ എത്തിയതോടെ അമേരിക്കയാകെ കുശാലായി എന്നു കരുതാന്‍ വരട്ടെ. മാര്‍ച്ച് 16നും 23നും അമേരിക്കയില്‍ നടന്ന കൂട്ടക്കൊലകള്‍ അമേരിക്കയുടെ വെള്ള മേധാവിത്വത്തില്‍നിന്നും അക്രാമകതയില്‍നിന്നും തെല്ലും മാറിയിട്ടില്ലെന്ന് വെളിപ്പെടുത്തുന്നു.


 മാര്‍ച്ച് 16ന് ജോര്‍ജിയ സംസ്ഥാനത്തെ അറ്റ്ലാന്‍റയിലെ മൂന്ന് മസ്സാജ് പാര്‍ലറുകളില്‍ (സ്പാകള്‍) നടന്ന വെടിവെപ്പുകളില്‍ 8 പേരാണ് കൊല്ലപ്പെട്ടത്; അതില്‍ ആറുപേരും ഏഷ്യന്‍ വംശജരായ സ്ത്രീകളാണ്. ഒരാള്‍ക്ക് ഗുരുതരമായ പരിക്കുമേറ്റു. ഈ മൂന്ന് ആക്രമണങ്ങളും നടത്തിയത് റോബര്‍ട്ട് ആറോണ്‍ ലോങ് എന്ന 21 വയസ്സുകാരനായ വെള്ളക്കാരനാണെന്നാണ് പറയപ്പെടുന്നത്. എന്തായാലും അന്നു തന്നെ അയാള്‍ കസ്റ്റഡിയിലുമായി. കൊല്ലപ്പെട്ടവരില്‍ ആറ് സ്ത്രീകളും കിഴക്കേ ഏഷ്യന്‍ വംശജരാണെന്നാണ് വാര്‍ത്ത. അവരില്‍ മൂന്നുപേര്‍ ദക്ഷിണ കൊറിയന്‍ വംശജരാണ്; മറ്റുള്ളവര്‍ ഹോങ്കോങ്, തായ്വാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ചൈനീസ് വംശജരും. കൊലയാളി അടിക്കടി ഏഷ്യന്‍ മസാജ് പാര്‍ലറുകളില്‍ ലൈംഗിക സുഖം തേടി പോകാറുണ്ടായിരുന്നത്രെ! ഈ കൊലപാതകത്തിന് വംശീയമായ ഒരു മാനമുണ്ടെങ്കിലും പൊലീസ് വംശീയാക്രമണമായിട്ടല്ല കേസെടുത്തത്.

ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ (ഏഷ്യന്‍ വംശജരും ഏഷ്യന്‍ - അമേരിക്കന്‍ സങ്കരവിഭാഗത്തില്‍പെട്ടവരും) ആക്രമിക്കപ്പെടുന്നത് പുതിയൊരു സംഭവമല്ലെങ്കിലും മാര്‍ച്ച് 16ന്‍റെ കൊലപാതകം ഈ പ്രശ്നം പൊതുചര്‍ച്ചയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. കോവിഡ് മൂലം നടപ്പാക്കപ്പെട്ട അടച്ചുപൂട്ടലിനെ തുടര്‍ന്നുള്ള ഒരു വര്‍ഷത്തിനിടയില്‍ 3800 ഏഷ്യന്‍ വിരുദ്ധ വംശീയാക്രമണങ്ങള്‍ നടന്നതായാണ് സ്റ്റോപ് എഎപിഐ ഹേറ്റ് (ഏഷ്യന്‍ അമേരിക്കക്കാര്‍ക്കും പെസഫിക് ദ്വീപുകളില്‍നിന്നുള്ളവര്‍ക്കും നേരെയുള്ള വംശീയാക്രമണങ്ങള്‍ക്കെതിരായ സര്‍ക്കാരിതര സംഘടന) റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്‍റെ മുന്‍വര്‍ഷം, അതായത് 2019ല്‍, 2600 വംശീയാക്രമണങ്ങളാണ് നടന്നത്. ഇതില്‍ 68 ശതമാനവും സ്ത്രീകള്‍ക്കെതിരെയുമാണ്. എന്നാല്‍ മാര്‍ച്ച് 16ന്‍റെ വംശീയമായ കൂട്ടക്കൊല അമേരിക്കയിലെ ഏഷ്യന്‍, ഏഷ്യന്‍ അമേരിക്കന്‍ വംശജരെ (പ്രത്യേകിച്ചും കിഴക്കനേഷ്യയിലും തെക്കു കിഴക്കന്‍ ഏഷ്യയിലും നിന്നുള്ളവര്‍) ആകെ ആശങ്കയിലും ഭീതിയിലും പെടുത്തിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ പ്രസ്താവിച്ചത് ഏഷ്യന്‍വിരുദ്ധ വംശീയാക്രമണങ്ങള്‍ കൊറോണയുടെ വരവിനെ തുടര്‍ന്ന് ലോകമാകെ വര്‍ധിച്ചിരിക്കുന്നതായാണ്.

എന്നാല്‍ അമേരിക്കയിലെ വംശീയാക്രമണങ്ങളെ ട്രംപുമായും കൊറോണയുമായും ചൈന - അമേരിക്ക ശീതസമരവുമായും മാത്രം ബന്ധിപ്പിക്കാനാവില്ല. 19-ാം നൂറ്റാണ്ടുമുതല്‍ തന്നെ ഇത്തരം വംശീയാക്രമണങ്ങള്‍ വ്യാപകമായി അമേരിക്കയില്‍ നടന്നുവരുന്നതായാണ് ചരിത്രം പറയുന്നത്. അമേരിക്കന്‍ മുതലാളിത്തത്തിന്‍റെ വലിയൊരു നേട്ടമായി കരുതപ്പെടുന്ന വടക്കെ അമേരിക്കയെയാകെ ബന്ധപ്പെടുത്തുന്ന റെയില്‍പാതയുടെ നിര്‍മാണവേളയിലാണ് ചൈനയില്‍നിന്നും ഫിലിപ്പൈന്‍സില്‍നിന്നും മറ്റുമുള്ള തൊഴിലാളികള്‍ വന്‍തോതില്‍ അമേരിക്കയില്‍ എത്തുന്നത്. അമേരിക്കന്‍ സമ്പദ്ഘടനയില്‍ വലിയ അഭിവൃദ്ധിക്കിടയാക്കിയ ഈ പശ്ചാത്തല വികസന പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കൊണ്ടുവരപ്പെട്ടവരാണ് ആദ്യകാലത്തെ ഏഷ്യന്‍ വംശജര്‍ -  പ്രത്യേകിച്ചും ചൈനീസ് വംശജര്‍. ഇവര്‍മൂലം തങ്ങളുടെ കൂലിയില്‍ ഇടിവുണ്ടാകുന്നുവെന്ന് വെള്ളക്കാരായ തൊഴിലാളികള്‍ക്കിടയില്‍ നടന്ന വിദ്വേഷ പ്രചാരണമാണ് വംശീയാക്രമണങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ഇത് 1882ലെ ചൈനീസ് എക്സ്ക്ലൂഷന്‍ ആക്ടിന് (ചൈനക്കാരെ ഒഴിവാക്കല്‍ നിയമം) ഇടയാക്കി.


ഈ നിയമത്തെയാണ് പില്‍ക്കാലത്ത് ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജര്‍ക്കും ലാറ്റിനമേരിക്കന്‍ ജനവിഭാഗങ്ങള്‍ക്കും അറബ് വംശജര്‍ക്കുമെല്ലാം എതിരെ പ്രയോഗിക്കാവുന്നവിധം മാറ്റിയത്. 1943 ആയപ്പോള്‍ ഈ നിയമം റദ്ദു ചെയ്യപ്പെട്ടു. എന്നാല്‍ ഏറെക്കഴിയും മുന്‍പുതന്നെ സമാനമായ വിധം വംശീയമായ, അറുപിന്തിരിപ്പന്‍ മഗ്നൂസണ്‍ നിയമം (ഡെമോക്രാറ്റ് കക്ഷിക്കാരനായ പ്രതിനിധിസഭാംഗം വാറന്‍ ജി മഗ്നൂസണ്‍ കൊണ്ടുവന്ന നിയമം) നിലവില്‍ വന്നു. രണ്ടാം ലോക യുദ്ധ കാലത്ത് ജാപ്പനീസ് അമേരിക്കന്‍ വിഭാഗത്തിനെതിരെയും ഒരു പ്രത്യേക നിയമം കൊണ്ടുവന്നിരുന്നു.

റെയില്‍പാത നിര്‍മാണം പോലെയുള്ള കഠിനാധ്വാനം വേണ്ട പല പദ്ധതികളിലെയും ജോലികള്‍ ചെയ്യുന്നതിനായി ഏഷ്യന്‍ വംശജരെ കുറഞ്ഞ കൂലിക്ക് റിക്രൂട്ട് ചെയ്യുകയും വെള്ളക്കാരായ തൊഴിലാളികള്‍ കൂലി വെട്ടിക്കുറയ്ക്കലിനും തൊഴില്‍ നഷ്ടത്തിനും ഇരയാവുകയും ചെയ്തു; ഈ രണ്ടുവിഭാഗവും ഒന്നിച്ചുനിന്ന് കൂലി വര്‍ധനയും തൊഴില്‍ സ്ഥിരതയും ഉറപ്പാക്കുന്നതിനുവേണ്ടി മുതലാളിമാര്‍ക്കെതിരെ പൊരുതുന്നത് ഒഴിവാക്കാനാണ് മുതലാളിത്തം വെള്ളക്കാര്‍ക്കിടയില്‍ വംശീയത പ്രചരിപ്പിച്ചത്. മുതലാളിത്തത്തിന്‍റെ ആദ്യഘട്ടത്തില്‍ എല്ലാവിധ വംശീയതകള്‍ക്കും വര്‍ഗീയതകള്‍ക്കും സങ്കുചിത ദേശീയ വികാരങ്ങള്‍ക്കും അത് എതിരായിരുന്നെങ്കിലും, പില്‍ക്കാലത്ത് തൊഴിലാളികള്‍ സംഘടിക്കാനും സമരം ചെയ്യാനും തുടങ്ങിയതോടെ അവരെ ഭിന്നിപ്പിക്കാനും അങ്ങനെ തങ്ങള്‍ക്ക് കൊള്ളലാഭമടിക്കാന്‍ അവസരമുണ്ടാക്കാനുമാണ് വംശീയതയുമായും മറ്റു സങ്കുചിത മുതലാളിത്തപൂര്‍വ ആശയങ്ങളുമായും അത് കൂട്ടുചേര്‍ന്നത്.

കൊലപാതകവും ശാരീരിക ആക്രമണങ്ങളും മാത്രമല്ല, മാനസികമായ പീഡനങ്ങളും ഏഷ്യന്‍ വംശജരും ഏഷ്യന്‍ - അമേരിക്കക്കാരും നേരിടേണ്ടതായി വരുന്നുണ്ട്. തൊഴിലാളികള്‍ മാത്രമല്ല, അമേരിക്കയില്‍ ചെറുകിട ബിസിനസ്സുകള്‍ ചെയ്ത് ജീവിക്കുന്ന ഏഷ്യന്‍ വംശജരും വെള്ള വംശീയവാദികളുടെ ആക്രമണം നേരിടേണ്ടതായി വരുന്നു. 2020 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയില്‍ മാത്രം അമേരിക്കയില്‍ ഏഷ്യന്‍ വംശജരുടെ 2,33,000 ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സ്ഥിരമായ പൂട്ടു വീണു. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം ചൈനക്കാര്‍ നടത്തിയിരുന്ന 80 ശതമാനത്തോളം ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു.  ട്രംപ് അധികാരമൊഴിഞ്ഞിട്ടും ഈ സ്ഥിതിയിലൊന്നും താതൊരു മാറ്റവും വരുന്നതുമില്ല.

ഏഷ്യന്‍ വംശജരായ സ്ത്രീകള്‍ സവിശേഷമായ ആക്രമണം അമേരിക്കയില്‍ നേരിടുന്നുണ്ട്. ചൈനക്കാരികള്‍, പൊതുവില്‍ ഏഷ്യക്കാര്‍, അമിത ലൈംഗികതയുള്ളവരാണെന്ന പൊതുബോധം അമേരിക്കയില്‍ ശക്തമാണ്. അമേരിക്കയിലേക്ക് വേശ്യകള്‍ കുടിയേറുന്നത് തടയുന്ന 1875ലെ പേജ് ആക്ട് ഇത്തരമൊരു പൊതുബോധത്തിന്‍റെ പ്രതിഫലനമാണ്. എന്നാല്‍ വേശ്യകള്‍ എന്ന പേരില്‍ ചൈനക്കാരികളെയാകെ അമേരിക്കയില്‍ കടക്കുന്നത് തടയുന്ന പ്രവണതയും വ്യാപകമായുണ്ട്. ഏഷ്യന്‍ വംശജരുടെ നിയന്ത്രണത്തിലുള്ള മസാജ് പാര്‍ലറുകള്‍ ലൈംഗിക ഇടപാടുകള്‍ നടക്കുന്ന ഇടങ്ങളാണെന്ന പൊതുബോധം തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 16ന് ആക്രമണം നടന്ന സ്പാകള്‍ക്കെതിരെയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കൊലയാളിയായ ചെറുപ്പക്കാരന്‍ ഇവിടങ്ങളിലെ സന്ദര്‍ശകനുമാണ്.

അമേരിക്കയില്‍ അനിയന്ത്രിതമായി തോക്കും വെടിയുണ്ടയും കൈവശം വയ്ക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ആക്രമണങ്ങള്‍ അവിടെ പതിവാണ്. കറുത്തവര്‍ക്കും ഏഷ്യന്‍ വംശജര്‍ക്കും മറ്റുമെതിരായ വംശീയ ആക്രമണങ്ങളും കുറവല്ല. മാര്‍ച്ച് 16നെ തുടര്‍ന്നും മിക്കവാറും എല്ലാ ദിവസവും അമേരിക്കയില്‍ സമാന സ്വഭാവമുള്ള ആക്രമണങ്ങള്‍ പല പ്രദേശങ്ങളിലായി നടന്നിരുന്നു; നിത്യസംഭവമെന്ന പോലെയാണ് ഭരണകൂടം അതിനെ കാണുന്നതും. എന്നാല്‍, മാര്‍ച്ച് 23ന് കൊളറാഡൊയിലെ ബൗള്‍ഡറിലുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന 10 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തോടെയാണ് ഭരണാധികാരികള്‍ ഗൗരവമുള്ള ഒരു വിഷയമായി ഇതിനെ പരിഗണിച്ചത്. ബൈഡനും കമല ഹാരിസും ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് ആയുധങ്ങള്‍ കൊണ്ടു നടക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇത്തരം ആക്രമണങ്ങളും ഭരണാധികാരികളുടെ ഭാഗത്തുനിന്നുള്ള സമാനമായ പ്രതികരണങ്ങളും അമേരിക്കയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമൊന്നുമല്ല. 1999ല്‍ കൊളമ്പൈന്‍ കൂട്ടക്കൊലയ്ക്കുശേഷം(കൊളറാഡൊയിലെ കൊളമ്പൈനിലെ ഹൈസ്കൂളില്‍ നടന്ന 12 കുട്ടികളുടെ മരണത്തിനിടയാക്കിയ കുട്ടികള്‍ നടത്തിയ വെടിവെയ്പ്) ഇതേവരെ 114 ആക്രമണങ്ങളിലായി 1300 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ഒരൗദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നത്, "പ്രതിദിനം അമേരിക്കയില്‍ 1000ല്‍ അധികം മനുഷ്യര്‍ വെടിയേറ്റ് മരിക്കുന്നുണ്ട്; 230ല്‍ അധികം വെടിവെയ്പുകള്‍ നടക്കാറുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നുമുണ്ട്" എന്നാണ്.

അമേരിക്കയിലെ മൊത്തം ജനസംഖ്യയെക്കാള്‍ അധികമാണ് ആളുകളുടെ കൈവശമുള്ള തോക്കുകളുടെ എണ്ണം. വോട്ടു ചെയ്യുന്നതിനെക്കാള്‍ അനായാസം തോക്കു വാങ്ങാന്‍ കഴിയുന്നവിധത്തിലാണ് അവിടെ നിയമനിര്‍മാണം പോലും നടക്കുന്നത്. ഇപ്പോള്‍ തന്നെ തോക്കുകള്‍ വാങ്ങുന്നതിനും കൊണ്ടുനടക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള ഒരു നിയമം സെനറ്റിന്‍റെ പരിഗണനയിലുണ്ട്. അത് പാസാകണമെങ്കില്‍ 60 അംഗങ്ങളുടെ പിന്തുണ വേണം. നാഷണല്‍ റൈഫിള്‍ അസോസിയേഷനും ആയുധ നിര്‍മാതാക്കളും കച്ചവടക്കാരും ഇഷ്ടപ്പെടാത്ത ഒരു നിയമവും അവിടെ പാസാകില്ല എന്നതാണ് ചരിത്രം!

ലോകത്തിലെ അതിസമ്പന്ന രാജ്യമായ അമേരിക്കയിലാണ് ലോകത്തിലെ ഏറ്റവും ബൃഹത്തായ ജയില്‍ സംവിധാനമുള്ളത്; 70 രാജ്യങ്ങളിലായി അമേരിക്കയ്ക്ക് 800ല്‍ അധികം സൈനിക താവളങ്ങളുണ്ട്; അമേരിക്കയുടെ സൈനിക ബജറ്റ് 73,800 കോടി ഡോളറാണ്; അതായത് അമേരിക്കയ്ക്ക് തൊട്ടു താഴെ ഏറ്റവുമധികം സൈനിക ബജറ്റുള്ള 10 രാജ്യങ്ങളുടെ മൊത്തം സൈനിക ബജറ്റിനേക്കാള്‍ അധികമാണ് അമേരിക്കയുടെ മാത്രം സൈനിക ബജറ്റ്. ഈ സമ്പന്നരാജ്യം പക്ഷേ അന്യവംശ, മത, രാജ്യവിദ്വേഷം പച്ചയ്ക്ക് പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു; ഭരണാധികാരികളുടെ ഒത്താശയോടെയാണിത്. അക്രമത്തെ മഹത്വവല്‍ക്കരിക്കുന്നതാണ് അമേരിക്കയിലെ സംസ്കാരവും മുഖ്യധാര രാഷ്ട്രീയവും.

7.5 കോടി അമേരിക്കക്കാര്‍ ട്രംപിനെ പോലെയൊരു അറുവഷളന്‍ സ്വേച്ഛാധിപതിക്ക് അനുകൂലമായി വോട്ട് ചെയ്തതില്‍നിന്നു തന്നെ ആ രാജ്യത്തു നിലനില്‍ക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ പരിതസ്ഥിതി എന്തെന്നറിയാം. വിദ്യാലയങ്ങളിലോ ദേവാലയങ്ങളിലോ സൂപ്പര്‍ മാര്‍ക്കറ്റുകളിലോ തെരുവോരങ്ങളിലോ ഒന്നും അമേരിക്കയില്‍ ആരും സുരക്ഷിതരല്ലെന്നതാണ് സത്യം.

അമേരിക്കന്‍ ഭരണകൂടത്തില്‍ തന്നെ അടിമുടി ചോരക്കറ പടര്‍ന്നിരിക്കുന്നുവെന്നതാണവസ്ഥ. അമേരിക്കയുടെ വിദേശനയത്തിന്‍റെയും ആഭ്യന്തരരംഗത്തിന്‍റെയും മുഖമുദ്ര തന്നെ അക്രമമാണ്. വംശീയതയും ലൈംഗികാതിക്രമങ്ങളും സങ്കുചിത ദേശീയതയും മിലിറ്ററിസവും ആ രാജ്യത്തിന്‍റെ സംസ്കാരത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും ഭാഗമായി അലിഞ്ഞുചേര്‍ക്കപ്പെട്ടിരിക്കുകയാണ്. കൊള്ളലാഭം ലക്ഷ്യമിട്ടുള്ള, മരണത്തിന്‍റെ വ്യാപാരികളുടെ കൈപ്പിടിയില്‍ ഒതുങ്ങിയ മുതലാളിത്തത്തിന്‍റെ, ജീര്‍ണ രൂപമാണ് അമേരിക്കന്‍ വ്യവസ്ഥയില്‍ ഇന്ന് മേധാവിത്വം സ്ഥാപിച്ചിരിക്കുന്നത്.

8 വര്‍ഷംകൊണ്ട് 2 ലക്ഷം കോടി ഡോളറിന്‍റെ പശ്ചാത്തല വികസന പദ്ധതികള്‍ - റോഡുകളുടെയും പാലങ്ങളുടെയും പുതുക്കി പണിയലും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുടെ നവീകരണവും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ - നടപ്പാക്കുന്നതിനുള്ള ഒരു ബൃഹദ് പദ്ധതിക്ക് ബൈഡന്‍ രൂപം നല്‍കി വരുന്നതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിച്ചുകൊണ്ട് അമേരിക്ക നേരിടുന്ന സാമ്പത്തിക - സാമൂഹിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള നീക്കമായാണ് ഇതിനെ കാണേണ്ടത്. ഇത് നമ്മെ ഓര്‍മിപ്പിക്കുന്നത് 1930കളിലെ മഹാമാന്ദ്യത്തെ തുടര്‍ന്ന് അധികാരത്തില്‍വന്ന പ്രസിഡന്‍റ് ഫ്രാങ്ക്ളിന്‍ ഡി റൂസ് വെല്‍റ്റിന്‍റെ ന്യൂ ഡീല്‍ പദ്ധതിയെയാണ്. എന്നാല്‍ ന്യൂ ഡീല്‍ പദ്ധതിയുടെ തുടര്‍ച്ചയായാണ് അമേരിക്കയില്‍ യുദ്ധ വ്യവസായത്തിന്‍റെ വളര്‍ച്ചയും അണുബോംബ് പരീക്ഷണത്തിനും നിര്‍മാണത്തിനുമായി വന്‍ തുക ചെലവഴിക്കപ്പെട്ടതുമെന്ന വസ്തുതയും നാം ഓര്‍ക്കണം. ബൈഡന്‍ ടീം ശീതയുദ്ധനയത്തില്‍നിന്ന് പിന്നോട്ടു പോകാന്‍ തയ്യാറല്ലെന്നതും ലോകത്ത് ഒരു രാജ്യത്തെയും അമേരിക്കയുടെ മുന്നിലെത്താന്‍ അനുവദിക്കില്ലെന്ന ബൈഡന്‍റെ പ്രഖ്യാപനവും ഇതുമായി കൂട്ടി വായിക്കേണ്ടതുമുണ്ട്. •