ഭക്ഷ്യസുരക്ഷ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള പോരാട്ടം

വൃന്ദ കാരാട്ട്

2021 മാര്‍ച്ച് ഒന്നിലെ കണക്കനുസരിച്ച് ഇന്ത്യയ്ക്ക് 9.2 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളുടെ (നെല്ലുള്‍പ്പെടെ) വലിയ ഒരു കരുതല്‍ ശേഖരമുണ്ട്. അത് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട കരുതല്‍ ശേഖരത്തെക്കാളും മൂന്നിരട്ടി കൂടുതലാണ്. എഫ്സിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 2019 -2020ല്‍ കരുതല്‍ ശേഖരം അല്‍പം കുറവായിരുന്നപ്പോള്‍ അതിന്‍റെ സംഭരണച്ചെലവ് 12,000 കോടി രൂപയിലധികമായിരുന്നു. ആഗോള പട്ടിണി സൂചികയില്‍ ഉയര്‍ന്ന സ്ഥാനത്ത് - 107 രാജ്യങ്ങളില്‍ 92-ാം സ്ഥാനത്ത് - നില്‍ക്കുന്ന ഒരു രാജ്യത്ത് മതിയായ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയുടെ വെളിച്ചത്തില്‍, ഗുണപരമായും ഗണപരമായും ഭക്ഷ്യധാന്യങ്ങളുടെ വിതരണം പോഷകാഹാരക്കുറവുകൊണ്ട് വിഷമിക്കുന്ന വിഭാഗം ജനങ്ങള്‍ക്ക് മുഴുവനും എത്തിക്കുംവിധം വ്യാപിപ്പിക്കുന്നതാവണം ധാര്‍മികവും നീതിപൂര്‍വകവുമായ ഭക്ഷ്യസുരക്ഷാ നയം. അതെന്തായാലും കേന്ദ്രത്തിലെ സര്‍ക്കാര്‍ ആസൂത്രണംചെയ്യുന്നത് ഇതിന് എതിരാണ്. 

നിതി ആയോഗിന്‍റെ നിര്‍ദേശമനുസരിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ (എന്‍എഫ്എസ്എ) വലിയതോതില്‍ വെള്ളം ചേര്‍ക്കുകയാണ്. എന്‍എഫ്എസ്എയുടെ പരിധിയില്‍വരുന്ന 75% ഗ്രാമീണജനങ്ങളുടെയും 60% നഗരജനങ്ങളുടെയും എണ്ണത്തിന്‍റെ പരിധി ഇപ്പോള്‍ യഥാക്രമം 50,40 ശതമാനമായി വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതിനര്‍ഥം 10 കോടി ഗുണഭോക്താക്കളുടെ കുറവുണ്ടായി എന്നാണ്. 2011നും 2021നുമിടയ്ക്കുള്ള വര്‍ഷങ്ങളില്‍ ജനസംഖ്യാ വര്‍ദ്ധനയ്ക്കനുസരിച്ച് കുറഞ്ഞത് 9 കോടി ഗുണഭോക്താക്കളെയെങ്കിലും അധികമായി ഉള്‍പ്പെടുത്തേണ്ടതാണെന്ന് നിതിആയോഗ് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഗവണ്‍മെന്‍റ് 2011ലെ പഴയ സംഖ്യകള്‍ ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുകയാണ്. 2021ലെ സെന്‍സസ് കണക്കുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഗവണ്‍മെന്‍റിന് ഈ വര്‍ധന ഇനി ഒരുതരത്തിലും മറച്ചുവെയ്ക്കാനാകില്ല. നിയമം മാറ്റുന്നതിലൂടെ ഇത് ബാധകമാകുന്നവരുടെ എണ്ണം കുറച്ചുകൊണ്ട് ഈ പ്രശ്നം നികത്താനാണ് ഗവണ്‍മെന്‍റ് ആഗ്രഹിക്കുന്നത്. 

മോഡിസര്‍ക്കാര്‍ 2014ല്‍ അധികാരമേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്കായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശാന്തകുമാറിനുകീഴില്‍ ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ഈ ഉന്നതതല കമ്മിറ്റിയില്‍നിന്നും എന്തായിരുന്നുവോ പ്രതീക്ഷിച്ചത് അതുപോലെതന്നെ അത് ഭക്ഷ്യസുരക്ഷാ നിയമത്തിനുമേല്‍ ഒരു "രണ്ടാം നിരീക്ഷണ"ത്തിന് ശുപാര്‍ശനല്‍കി. ജനസംഖ്യയുടെ 67 ശതമാനം കവറേജ് എന്നത് 40 ശതമാനമായി കുറയ്ക്കണമെന്നും കേന്ദ്ര വിതരണവിലകള്‍ ഉയര്‍ത്തണമെന്നും ശുപാര്‍ശചെയ്തുകൊണ്ട് കമ്മറ്റി നിയമത്തിന്‍റെ അടിത്തറയാകെ ഇളക്കി. കേന്ദ്ര വിതരണ വിലകള്‍ ഉയര്‍ത്തണമെന്നാവശ്യപ്പെടുന്ന ഇക്കണോമിക് സര്‍വെ 2021-ല്‍ ഈ രണ്ടാമത്തെ ശുപാര്‍ശയുടെ പ്രതിഫലനം ഉണ്ട്. ഗുണഭോക്താക്കളുടെ എണ്ണത്തില്‍ കുറവുവരുത്തണമെന്ന നിതിആയോഗിന്‍റെ നിര്‍ദേശം നടപ്പാക്കുകയാണെങ്കില്‍ അത് ഭക്ഷ്യ സബ്സിഡിയില്‍ 49,000 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തുമെന്ന് കണക്കാക്കുന്നു. വിലകള്‍ ഉയര്‍ത്തണമെന്ന ഇക്കണോമിക് സര്‍വെയുടെ ശുപാര്‍ശ സബ്സിഡി വീണ്ടും കുറയ്ക്കും. 

കോര്‍പറേറ്റുകള്‍ക്ക് സബ്സിഡി നല്‍കുന്നത് തുടരാനും അവ വിപുലീകരിക്കാനും വേണ്ടി ജനങ്ങള്‍ക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കാനുള്ള മോഡി ഗവണ്‍മെന്‍റിന്‍റെ കടുത്ത തീരുമാനംമൂലം ഭക്ഷ്യസുരക്ഷാ അവകാശത്തില്‍ വലിയതോതിലുള്ള വെള്ളംചേര്‍ക്കല്‍ ഇന്ത്യ നേരിടേണ്ടതായി വരും. പൊതുവിതരണ സമ്പ്രദായംവഴി ഭക്ഷ്യധാന്യം ലഭിക്കേണ്ട ഗുണഭോക്താക്കളുടെ പരിധിയിലും പ്രത്യേകിച്ച് വിലകളിലും അത് പ്രതിഫലിക്കും. ഭക്ഷ്യസുരക്ഷാ നിയമത്തിനുനേരെയുള്ള ഈ കടന്നാക്രമണം, ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദനത്തിന്‍റെയും സംഭരണത്തിന്‍റെയും നയങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. മൂന്ന് കര്‍ഷകവിരുദ്ധ നിയമങ്ങളും ഭക്ഷ്യസുരക്ഷാ നിയമത്തിനെതിരായ കടന്നാക്രമണമാണ്. സാര്‍വത്രിക പൊതുവിതരണ സമ്പ്രദായത്തിനുപകരം അപകീര്‍ത്തികരമായ എപിഎല്‍, ബിപിഎല്‍ സമ്പ്രദായം ഒരു പ്രത്യേക തലക്കെട്ടിനുകീഴില്‍ (മുന്‍ഗണനയും എഎവൈയും) തുടരുന്നത് ഉള്‍പ്പെടെ ഗുരുതരമായ ചില ന്യൂനതകള്‍ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഉണ്ടെന്നതില്‍ സംശയമില്ല. ഭക്ഷ്യസുരക്ഷാ നിയമം വരുന്നതിനു മുമ്പുള്ള ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് അര്‍ഹതയുണ്ടായിരുന്ന ഏറ്റവും കുറഞ്ഞ വിഹിതമായ 35 കിലോയെക്കുറിച്ച് വ്യക്തമാക്കാതെ ഇത് ഓരോ വ്യക്തിയ്ക്കുമുള്ള വകയിരുത്തല്‍ 5 കിലോ മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. 2013ല്‍ ചില ആനുകൂല്യങ്ങള്‍ മാത്രം ലഭിക്കുന്നവരുടെ എണ്ണം 81.35 കോടി ആയിരുന്നു: ഇത് ഇപ്പോള്‍ 79.26 കോടിയായി കുറഞ്ഞിരിക്കുന്നു. എപിഎല്‍ എന്ന നിലയില്‍ ചില ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്ന ജനങ്ങളില്‍ ഒരു വിഭാഗം ഇപ്പോള്‍, ഈ സമ്പ്രദായത്തില്‍നിന്നുതന്നെ പൂര്‍ണമായും പുറന്തള്ളപ്പെട്ടിരിക്കുന്നു. വരും ദിവസങ്ങളില്‍ മുന്നോട്ടുവെയ്ക്കാന്‍ പോകുന്ന നിര്‍ണായകമായ ഡിമാന്‍ഡ് ഭക്ഷ്യസുരക്ഷാ നിയമത്തെ സംരക്ഷിക്കുക എന്നതു മാത്രമല്ല അതിന്‍റെ പോരായ്മകള്‍ നീക്കി അതിനെ ശക്തിപ്പെടുത്തുക എന്നതുകൂടിയാണ്. 

ഭക്ഷ്യസുരക്ഷാ നിയമത്തിനുനേരെയുള്ള കടന്നാക്രമണം
എന്‍എഫ്എസ്എയുടെ ചില സുപ്രധാന വ്യവസ്ഥകള്‍ ഇതിനകംതന്നെ ലംഘിക്കപ്പെട്ടുകഴിഞ്ഞു. സെക്ഷന്‍ 4 പ്രകാരം, (മ) "ഓരോ ഗര്‍ഭിണിക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭാവസ്ഥയിലും പ്രസവശേഷം 6 മാസവും സൗജന്യ ഭക്ഷണത്തിന് അര്‍ഹതയുണ്ട്. (യ) അവര്‍ക്ക് 6,000 രൂപയുടെ ക്യാഷ് സബ്സിഡി ലഭിക്കും".  ഈ രണ്ടാമത്തെ ഭാഗം 2017 വരെ നടപ്പാക്കിയിട്ടില്ല. പിന്നീട് ഭക്ഷ്യസുരക്ഷാ നിയമത്തില്‍ യാതൊരു ഭേദഗതിയും വരുത്താതെ വ്യവസ്ഥ അട്ടിമറിച്ചു. ക്യാഷ് ആനുകൂല്യം 5,000 രൂപയായി വെട്ടിക്കുറയ്ക്കുക മാത്രമല്ല, ഇത് ജനിക്കുന്ന ആദ്യത്തെ കുട്ടിയുടെ കാര്യത്തില്‍ മാത്രം ബാധകമാക്കിയതിനാല്‍ നിയമവിരുദ്ധമായി അടിച്ചേല്‍പിക്കപ്പെട്ട വ്യവസ്ഥകള്‍ കുറഞ്ഞത് 57 ശതമാനം ഗര്‍ഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും നിയമപ്രകാരം ധനസഹായം ലഭിക്കുന്നതില്‍നിന്നും പുറന്തള്ളി. അങ്ങനെ ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും, ഈ നിയമമനുസരിച്ച് അര്‍ഹമായ യോഗ്യതയുണ്ടായിട്ടും ഈ അവകാശം നിഷേധിക്കുകയാണുണ്ടായത്. 

അതുപോലെതന്നെ എന്‍എഫ്എസ്എ പ്രൈമറി-അപ്പര്‍പ്രൈമറി സ്കൂളുകളിലെ കുട്ടികള്‍ക്ക് പോഷകമൂല്യമുള്ള ഉച്ചഭക്ഷണത്തിനുള്ള അവകാശം നല്‍കുന്നുണ്ട്. എന്നിരുന്നാലും,വിലവര്‍ദ്ധനയുണ്ടായിട്ടും ഉച്ചഭക്ഷണപദ്ധതിക്കായുള്ള ബജറ്റ് വകയിരുത്തല്‍ വാസ്തവത്തില്‍ കുറയ്ക്കുകയാണുണ്ടായത്. 2021-2022 ബജറ്റില്‍ ഉച്ചഭക്ഷണ പദ്ധതിക്കായുള്ള വിഹിതം 12,900 കോടി രൂപയില്‍നിന്നും 11,500 കോടി രൂപയായി വെട്ടിക്കുറച്ചു. എന്‍എഫ്എസ്എ പ്രകാരം പോഷകമൂല്യമുള്ള ഉച്ചഭക്ഷണം നിയമപരമായി നിര്‍ബന്ധമായും ലഭിക്കണമെന്ന ചട്ടങ്ങളുടെ ലംഘനം പ്രൈമറി-അപ്പര്‍ പ്രൈമറി സ്കൂള്‍ തലത്തിലെ 12 കോടിയോളം വരുന്ന കുട്ടികള്‍ക്ക് ഗുണമേന്മയുള്ളതും മതിയായ അളവിലുള്ളതുമായ ഭക്ഷണം നല്‍കുന്നതിനെ ദോഷകരമായി ബാധിക്കും. എന്‍എഫ്എസ്എയുടെ "പ്രായത്തിനനുയോജ്യമായ ഭക്ഷണം സൗജന്യമായി പ്രാദേശിക അംഗന്‍വാടികളിലൂടെ" എന്ന തലക്കെട്ടിനുകീഴില്‍ ആറുമാസത്തിനും ആറു വയസ്സിനുമിടയ്ക്കുള്ള കുട്ടികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനെ അട്ടിമറിച്ചുകൊണ്ട് അംഗന്‍വാടികള്‍ക്കുള്ള വിഹിതം കുറച്ചതും ഉച്ചഭക്ഷണ പദ്ധതിയെ പ്രതികൂലമായി ബാധിക്കും. 

അതിനാല്‍ പ്രധാനപ്പെട്ടതും അടിയന്തിരവുമായ ഒരു ആവശ്യം, പ്രസവവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് എന്‍എഫ്എസ്എ പ്രകാരം നിര്‍ബന്ധമായും ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുകയും എന്‍എഫ്എസ്എ ചട്ടങ്ങളനുസരിച്ച് കുട്ടികള്‍ക്ക് പോഷകപ്രദമായ ഉച്ചഭക്ഷണം ഉറപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിക്കായുള്ള വകയിരുത്തല്‍ വര്‍ധിപ്പിക്കുകയും വേണം എന്നതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അംഗന്‍വാടികള്‍ക്ക് പ്രധാന പങ്കുള്ളതിനാല്‍ അവയ്ക്കുള്ള വിഹിതം വര്‍ധിപ്പിക്കുന്നത് എന്‍എഫ്എസ്എ നടപ്പാക്കുന്നതില്‍ നിര്‍ണായക ഘടകമാണ്. 

അന്ത്യോദയ അന്ന യോജന
അന്ത്യോദയ അന്ന യോജന (എഎവൈ) കാര്‍ഡുള്ളവര്‍ക്ക് കേന്ദ്ര വിതരണ വില (സിഐപി) പ്രകാരം ഗോതമ്പ് കിലോയ്ക്ക് 2 വീതവും അരി കിലോയ്ക്ക് 3 രൂപ വീതവുംവെച്ച് 35 കിലോ ഭക്ഷ്യധാന്യം ലഭിക്കുന്നതാണ്. എന്‍എഫ്എസ്എയുടെ സെക്ഷന്‍  3 (1) പ്രകാരം അന്ത്യോദയ അന്ന യോജന കുടുംബങ്ങളുടെ എണ്ണം തീരുമാനിക്കുന്നത് കേന്ദ്ര ഗവണ്‍മെന്‍റാണ്. എഎവൈയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ യോഗ്യത തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങള്‍ എടുത്തുപറയുന്നുണ്ട്. ഇതില്‍ എല്ലാ അതീവ ദുര്‍ബല ഗോത്ര വിഭാഗങ്ങളും ഭൂരഹിത കര്‍ഷകത്തൊഴിലാളികളും ദിവസക്കൂലി തൊഴിലാളികളും വിധവകള്‍ നയിക്കന്ന കുടുംബങ്ങളും ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളും ഭിന്നശേഷിയുള്ളവരും ഉള്‍പ്പെടുന്നു. ഇത്തരം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ സാമൂഹ്യവിഭാഗങ്ങളില്‍പെടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും എഎവൈ കുടുംബങ്ങളുടെ എണ്ണം 2005ലെ 2.5 കോടി കുടുംബങ്ങളില്‍തന്നെ മരവിപ്പിച്ചുനിര്‍ത്തിയിരിക്കുകയാണ്. 2015 മാര്‍ച്ചില്‍ എന്‍എഫ്എസ്എയുടെ കടുത്ത ലംഘനമായ ഒരു സര്‍ക്കുലര്‍ മോഡി ഗവണ്‍മെന്‍റ് ഇറക്കി: 'കുടിയേറ്റം, സാമൂഹിക-സാമ്പത്തികനിലയിലെ പുരോഗതി, മരണം എന്നിവ കാരണം ഒരു എഎവൈ കുടുംബം അയോഗ്യരാകുമ്പോള്‍ അത്രത്തോളംഅന്ത്യോദയ കുടുംബങ്ങളുടെ എണ്ണം കുറയും." എന്നാല്‍ സാമൂഹിക സാമ്പത്തിക നില മോശമായവരുടെ എണ്ണം മെച്ചപ്പെട്ടില്ലെങ്കിലോ? അവ ചേര്‍ക്കപ്പെടുമോ? "സംസ്ഥാനങ്ങളില്‍ അന്ത്യോദയ കുടുംബങ്ങളെയൊന്നും കണ്ടെത്താന്‍ പാടില്ല" എന്ന് ഈ സര്‍ക്കുലറില്‍ പ്രസ്താവിക്കുന്നു. തല്‍ഫലമായി എഎവൈ കാര്‍ഡ് ഉടമകളുടെ എണ്ണം 2.5 കോടിയില്‍നിന്ന് 2.35 കോടിയായി കുറഞ്ഞു. അതായത് 2013നുശേഷം 15 ലക്ഷത്തിന്‍റെ കുറവ്. തീര്‍ത്തും ക്രൂരവും അധാര്‍മികവുമായ ഈ നയത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണം, മഹാമാരി ബാധിച്ച് അങ്ങേയറ്റം മോശമായ കാലത്ത് എഎവൈ ഗുണഭോക്താക്കളില്‍ ഉണ്ടായ കുറവിന്‍റെ കണക്കില്‍ പ്രതിഫലിച്ചതാണ്. ഏറ്റവും വലിയ ദുരന്തത്തിന്‍റെ വര്‍ഷമായ 2020ല്‍ 3.79 ലക്ഷം കാര്‍ഡുകള്‍ ഇല്ലാതാക്കി. കൂടാതെ, മറ്റൊരു 71,982 എഎവൈ റേഷന്‍ കാര്‍ഡുടമകളെ മൂന്നുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാന്‍ കഴിയാതിരുന്നതിനാല്‍ "സൈലന്‍റ് റേഷന്‍കാര്‍ഡ് ഉടമകളാ"ക്കി മാറ്റുകയുംചെയ്തു. അവര്‍ നിശ്ശബ്ദരാണ് എന്നതിന്‍റെ ഒരു സ്ഥിരീകരണവുമില്ലാത്തതിനാല്‍ വ്യാജ കാര്‍ഡ് ഉടമകളായി അവര്‍ നിര്‍വചിക്കപ്പെടാനിടയുണ്ട്. മഹാമാരിയുടെ ഒരു വര്‍ഷത്തില്‍ മൊത്തം 90,000 എഎവൈ ഗുണഭോക്താക്കളുടെ ഇടിവുണ്ടായി. 

അതുകൊണ്ടുതന്നെ മോഡി ഗവണ്‍മെന്‍റ് സൗജന്യ ഭക്ഷധാന്യങ്ങള്‍ ലഭ്യമാക്കുകയും കുടിയേറ്റത്തൊഴിലാളികള്‍ക്കായി വകയിരുത്തുകയും ചെയ്യുന്നുവെന്ന് വീമ്പിളക്കുമ്പോഴും വാസ്തവത്തില്‍ എഎവൈ പ്രകാരം പ്രതിമാസം 35 കിലോയ്ക്ക് അര്‍ഹതയുള്ളവരുടെ എണ്ണം കുറയ്ക്കുകയായിരുന്നു. 

എന്‍എഫ്എസ്എയുടെ ലംഘനമായ 2015 മാര്‍ച്ചിലെ ഉത്തരവ് റദ്ദാക്കുകയും എഎവൈ മാര്‍ഗനിര്‍ദേശങ്ങള്‍ക്കുകീഴിലുള്ള എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുകയും വേണമെന്നതാണ് മുന്നോട്ടുവെയ്ക്കുന്ന ഏറ്റവും പ്രധാന ആവശ്യം. 
പകര്‍ച്ചവ്യാധിയുടെ സമയത്ത് "മുന്‍ഗണന" കുടുംബങ്ങളെ കണക്കിലെടുത്ത്, 8 കോടി കുടിയേറ്റക്കാര്‍ക്ക് റേഷന്‍കാര്‍ഡും സൗജന്യ ഭക്ഷ്യധാന്യവും വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കണക്കുകള്‍ കാണിക്കുന്നത് മുന്‍ഗണനപട്ടികയില്‍ വെറും 1.49 കോടി ഗുണഭോക്താക്കളെ മാത്രമെ കൂട്ടിച്ചേര്‍ത്തിട്ടുള്ളൂ എന്നാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഗുണഭോക്താക്കളുടെ മൊത്തം എണ്ണം ഒരു കോടിയില്‍ താഴെ മാത്രമാണ്. 

റേഷന്‍കാര്‍ഡ് റദ്ദാക്കലും വ്യവസ്ഥകളും
മൂന്നുകോടി റേഷന്‍കാര്‍ഡുകള്‍ റദ്ദാക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കപ്പെട്ട പൊതു താല്‍പര്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞത് "ഇത് വളരെ ഗുരുതരമായ ഒരു കാര്യമാണ്" എന്നാണ്. റേഷന്‍കാര്‍ഡ് റദ്ദാക്കലിനെ സംബന്ധിച്ച് പരസ്പരവിരുദ്ധമായ സംഖ്യകളാണ് ഗവണ്‍മെന്‍റ് പുറത്തുവിട്ടത്. 2017 ഫെബ്രുവരിയില്‍ ലോക്സഭയില്‍ പറഞ്ഞത്, "സാങ്കേതികവിദ്യയുടെ ഉപയോഗവും റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചതുംവഴി വളരെ വിജയകരമായി 3.95 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി"  എന്നാണ്.  പിന്നീട് ഹിന്ദുസ്ഥാന്‍ ടൈംസിന് വിവരാവകാശംവഴി ലഭിച്ച വിശദീകരണത്തില്‍ സംസ്ഥാനങ്ങളില്‍നിന്ന് അത്തരം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. അതെന്തായാലും പ്രധാനമന്ത്രി പുറത്തുവിട്ട സന്ദേശം മതിയായ വ്യക്തത നല്‍കുന്നതായിരുന്നു. ലക്ഷ്യമിടുന്ന യഥാര്‍ഥ സംഗതി റേഷന്‍കാര്‍ഡുകളുടെ ഡിജിറ്റലായ റദ്ദാക്കലാണ്. പ്രധാനമന്ത്രിയുടെ പ്രസ്താവനകഴിഞ്ഞ് 4 വര്‍ഷം കഴിയുമ്പോള്‍ റദ്ദാക്കിയ റേഷന്‍കാര്‍ഡുകളുടെ എണ്ണം 4 കോടി കഴിഞ്ഞിരിക്കുന്നു. 

നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനു നല്‍കിയ ഉത്തരത്തില്‍ പാര്‍ലമെന്‍റിനെ അറിയിച്ചത് "2013നും 2017നുമിടയ്ക്ക് മൊത്തം 2.75 കോടി വ്യാജ/യോഗ്യതയില്ലാത്ത റേഷന്‍കാര്‍ഡുകള്‍ ഇല്ലാതാക്കി/റദ്ദാക്കി അതുവഴി ഏകദേശം 17,500 കോടി രൂപ മിച്ചംപിടിക്കാനായി എന്നാണ്. 2019 ഡിസംബറില്‍, ഭക്ഷ്യമന്ത്രാലയത്തിന്‍റെ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ രണ്ടാമത്തെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് 2016നും 2019നുമിടയ്ക്ക് 1.49 കോടി റേഷന്‍കാര്‍ഡുകള്‍ റദ്ദാക്കിയതായാണ്. ഈ കണക്കുകള്‍ മൊത്തത്തില്‍ നോക്കിയാല്‍ കേന്ദ്രത്തില്‍ മോഡി അധികാരത്തിലെത്തിയ 2014നു ശേഷംമുള്ള വര്‍ഷങ്ങളില്‍ ബിജെപി ഭരിക്കുന്ന മിക്കവാറും വലിയ സംസ്ഥാനങ്ങളില്‍ ഇക്കാലയളവില്‍ നാലുകോടിയിലധികം റേഷന്‍കാര്‍ഡുകള്‍ റദ്ദാക്കപ്പെട്ടതായി അനുമാനിക്കാം. 

ഏറ്റവും പ്രധാനമായത് റദ്ദാക്കപ്പെട്ട റേഷന്‍കാര്‍ഡുകളിലെ അംഗങ്ങളെ സംബന്ധിച്ച് യാതൊരു പരിശോധനയും നടത്താതെയാണ് ഈ റേഷന്‍കാര്‍ഡുകളെല്ലാം റദ്ദാക്കിയത്. യഥാര്‍ഥ ഗുണഭോക്താക്കളെ റദ്ദാക്കിയതില്‍നിന്നും ഈ പ്രക്രിയ പിശകുകളുടെ വിശാലമായ ഇടമാണ് അവശേഷിപ്പിക്കുന്നത്. റേഷന്‍കാര്‍ഡുകള്‍ വന്‍തോതില്‍ റദ്ദാക്കുന്നത് ഭക്ഷ്യസുരക്ഷയ്ക്കായുള്ള അവകാശത്തിനുനേരെയുള്ള കടന്നാക്രമണമാണ്. ഒരുവശത്ത്, കേന്ദ്ര സര്‍ക്കാര്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചു. മറുവശത്ത് പൂര്‍ണമായും ഏകപക്ഷീയമായ രീതിയില്‍ റേഷന്‍കാര്‍ഡ് റദ്ദാക്കല്‍ സമ്പ്രദായം സ്വീകരിച്ചു. ഗ്രാമീണ ഇന്ത്യയില്‍ താമസിക്കുന്ന റേഷന്‍കാര്‍ഡ് റദ്ദാക്കപ്പെട്ട ഒരു ദരിദ്രകുടുംബത്തെ സംബന്ധിച്ച് പരാതി പരിഹാരത്തിനുള്ള സംവിധാനങ്ങള്‍ ഗവണ്‍മെന്‍റ് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നത് മുറിവിന്‍മേല്‍ ഉപ്പ് പുരട്ടുന്നതുപോലെയാണ്. ശരിയായ പരിശോധനകൂടാതെ ഒരു കാര്‍ഡും റദ്ദാക്കരുത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന, നിലവിലെ റദ്ദാക്കല്‍ രീതി അവസാനിപ്പിക്കണം. ഫിസിക്കല്‍ വെരിഫിക്കേഷന്‍റെ അടിസ്ഥാനത്തിലുള്ള ഈ പ്രക്രിയയില്‍ പ്രാദേശികമായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്ക് പങ്കാളികളാകാന്‍ കഴിയും. 

മറ്റൊരുവശം റേഷന്‍ കാര്‍ഡുകളുടെ ആധാറുമായുള്ള ബന്ധിപ്പിക്കലാണ്. വിവിധ സ്കീമുകളില്‍ ഗവണ്‍മെന്‍റ് ആനുകൂല്യങ്ങള്‍ എല്ലാ ഗുണഭോക്താക്കള്‍ക്കും ലഭിക്കുന്നതിന് ആധാര്‍കാര്‍ഡ് ഉപയോഗിക്കുന്നത് സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. 2020 മെയ് മാസത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റ് ഇറക്കിയ ഒരു സര്‍ക്കുലറില്‍ "ആധാറുമായി ബന്ധിപ്പിക്കുന്നതിന്‍റെ സമയപരിധി സര്‍ക്കാര്‍ 2020 സെപ്തംബര്‍വരെ നീട്ടിയതിനാല്‍ അതുവരെ ആരുടെയും ഭക്ഷ്യ ക്വാട്ട നിഷേധിക്കില്ല" എന്നാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, റേഷന്‍ ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്നതിന്‍റെ സ്ഥിരീകരണമാണിത്. 2021 മാര്‍ച്ചില്‍ ഭക്ഷ്യ മന്ത്രാലയത്തിന്‍റെ സൈറ്റ് വ്യക്തമാക്കിയത്, 79.28 കോടി ഗുണഭോക്താക്കളില്‍ 8.8 കോടി ഗുണഭോക്താക്കള്‍ ഇപ്പോഴും റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല എന്നാണ്. അവരുടെ കാര്‍ഡുകള്‍ റദ്ദാക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ ബയോമെട്രിക്കുകളിലെ പൊരുത്തക്കേടുകള്‍കാരണം ഗണ്യമായ വിഭാഗം കാര്‍ഡുടമകള്‍ക്ക് റേഷന്‍ അവകാശം നിഷേധിക്കപ്പെട്ടതായും അടിസ്ഥാന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. ദുര്‍ബലമായ ഇന്‍റര്‍നെറ്റ് കവറേജ്, ബയോമെട്രിക്കിലെ പൊരുത്തക്കേടുകള്‍, തെറ്റായ മെഷീനുകള്‍ എന്നിവ കാരണം പരാജയപ്പെടാന്‍ സാധ്യത കൂടുതലുള്ള സാങ്കേതികവിദ്യകളുമായി ഭക്ഷ്യസുരക്ഷയെ ബന്ധിപ്പിക്കാന്‍ കഴിയില്ല; അങ്ങനെ ചെയ്യാനും പാടില്ല. 

റേഷനിങ് സമ്പ്രദായത്തില്‍നിന്നുള്ള വലിയ ചോര്‍ച്ചകളുടെ തെറ്റായ ആഖ്യാനങ്ങളും അതിനെത്തുടര്‍ന്നുള്ള പൊതുപ്പണം പാഴാക്കലും നവലിബറല്‍ ചിന്തകര്‍ പ്രോത്സാഹിപ്പിക്കുന്നത്, പൊതുവിതരണ സമ്പ്രദായത്തിലൂടെയും ദേശീയ ഭക്ഷ്യസുരക്ഷാ നിയമം വഴിയുമുള്ള ഭക്ഷ്യസുരക്ഷ എന്ന സാമൂഹ്യ സുരക്ഷയുടേതായ അനിവാര്യമായ വശത്തെ കൃത്യമായും അട്ടിമറിക്കുന്നതിനാണ്. അതിനാല്‍ ഈ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര വിലയായ കിലോയ്ക്ക് 2 രൂപവെച്ച് ഗോതമ്പും കിലോയ്ക്ക് മൂന്നുരൂപയ്ക്ക് അരിയും ഉള്‍പ്പെടെ കുറഞ്ഞത് 35 കിലോ ഭക്ഷ്യധാന്യം ലഭിക്കത്തക്കവിധമുള്ള സാര്‍വത്രിക ഭക്ഷ്യാവകാശത്തെ അടിസ്ഥാനമാക്കിയ ഭക്ഷ്യസുരക്ഷാ സമ്പ്രദായം ഇന്ത്യയ്ക്ക് ആവശ്യമാണ്. അതോടൊപ്പം സബ്സിഡി നിരക്കില്‍ മറ്റ് അവശ്യവസ്തുക്കളും പൊതുവിതരണ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണം. 

ഇതിനകംതന്നെ കടന്നാക്രമണത്തിനു വിധേയമാക്കപ്പെട്ട, കര്‍ഷകരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട, ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദനത്തിന്‍റെയും സംഭരണത്തിന്‍റെയും നയങ്ങളുടെ പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷയ്ക്കായുള്ള പോരാട്ടവും നടക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. •