അസം  ബിജെപി സഖ്യത്തെ കൈവിടുമോ?

വി ബി പരമേശ്വരന്‍

സമിൽ ആദ്യ ഘട്ടം തിരഞ്ഞെടുപ്പ് മാർച്ച് 27 പൂർത്തിയായിരിക്കുന്നു. 47 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ ഒന്ന്, ആറ് തീയതികളിലായി അടുത്തഘട്ടം തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി –എജിപി സഖ്യം വിജയിച്ച മേഖലയാണിത്. എന്നാൽ ഇക്കുറി ആദ്യഘട്ടം തിരഞ്ഞെടുപ്പ് ദിവസം അസമിൽ പുറത്തിറങ്ങിയ അസമീസ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷാ പത്രങ്ങളിൽ വന്ന പരസ്യം ഈ സഖ്യത്തിന്റെ പരാജയഭീതിയിൽ നിന്നുണ്ടായതാണോ എന്ന സംശയം കനക്കുകയാണ്. സർവെ ഫലമാണ് പരസ്യമായി പ്രസിദ്ധീകരിച്ചത്. 27 ന് പോളിങ്ങ് നടന്ന അപ്പർ അസമിലെ മുഴുവൻ സീറ്റിലും ബിജെപി  –എജിപി സഖ്യം നേടുമെന്നായിരുന്നു ആ പരസ്യം. അസമിൽ കാറ്റുമാറി വീശുകയാണോ എന്ന സംശയത്തിന് ബലം നൽകുന്നതാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ചുകൊണ്ടുള്ള ഈ നീക്കം. കേന്ദ്രം ഭരിക്കുന്ന ബിജെപി അസമിൽ കടുത്ത ആശങ്കയിലാണ്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊത്തമുള്ള 126 സീറ്റിൽ 86 സീറ്റ് നേടിക്കൊണ്ട് അധികാരത്തിൽ വന്ന മുന്നണിയാണ് എൻഡിഎ. ബിജെപിക്ക് 60 ഉം, എജിപിക്ക് 14 ഉം ബോഡോ പീപ്പിൾസ് ഫ്രണ്ടിന്(ബിപിഎഫ്) 12 ഉം സീറ്റാണ് ലഭിച്ചത്. ഇതിൽ ഇപ്പോൾ ബോഡോ കക്ഷിയായ ബിപിഎഫ് ഇപ്പോൾ മുന്നണിയിലില്ല. അവർ ഇപ്പോൾ കോൺഗ്രസിനൊപ്പം സഖ്യമായാണ് മത്സരിക്കുന്നത്. ബോഡോ ട്രൈബൽ കൗൺസിലിൽ ബിജെപിക്കൊപ്പം ഭരണം പങ്കുവെക്കുന്ന യുണൈറ്റഡ് പീപ്പിൾസ് പാർടി ലിബറൽ(യുപിപിഎൽ)ആണിപ്പോൾ ബിജെപിയുടെ സഖ്യകക്ഷി. ബോഡോ ടെറിട്ടോറിയൽ മേഖലയിൽ ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച പിന്തുണ ഇക്കുറി ലഭിക്കുമെന്ന് കരുതാനാവാത്തതും ഇതുകൊണ്ടുതന്നെ. 

പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള യോജിപ്പും ഇക്കുറി ബിജെപിയുടെ വിജയത്തെ സാരമായി ബാധിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിനുള്ള വിജയത്തിനു പ്രധാന കാരണം പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചതിനാലായിരുന്നു. കോൺഗ്രസും ബദറുദ്ദീൻ അജ്മൽ നേതൃത്വം നൽകുന്ന എഐയുഡിഎഫും  ഇടതുപക്ഷവും മറ്റും തനിച്ചാണ് മത്സരിച്ചിരുന്നത്. എന്നാൽ ഇക്കുറി ഈ കക്ഷികളടക്കം പത്ത് പാർടികൾ ചേർന്നുള്ള സഖ്യമാണ് ബിജെപി സഖ്യത്തെ നേരിടുന്നത്. മൂന്ന് ഇടതുപക്ഷ പാർടികളാണ് ഈ സഖ്യത്തിലുള്ളത്. സിപിഐ എം, സിപിഐ, സിപിഐ എംഎൽ എന്നിവ. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കരുതെന്ന ഇടതുപക്ഷ പാർടികളുടെ നിർബന്ധമാണ് വിശാല പ്രതിപക്ഷ സഖ്യത്തിന് കാരണമായതെന്ന് അസമിലെ പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ ഹിരേൻ ഗൊഹേയ്ൻ അഭിപ്രായപ്പെടുകയുണ്ടായി. (ദ ഹിന്ദു, മാർച്ച് 25). ഈ സഖ്യത്തെ ബിജെപി എത്രമാത്രം ഭയക്കുന്നുവെന്നതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രൺജിത്ത് കുമാർ ദാസിന്റെ മണ്ഡലമാറ്റം മാത്രം പരിശോധിച്ചാൽ മതിയാകും. ബാർപേട്ട ജില്ലയിലെ സർബോഗ് മണ്ഡലത്തിൽ നിന്നും 2011 ലും 2016 ലും നിയമസഭയിലെത്തിയ വ്യക്തിയാണ് രൺജിത്ത് കുമാർ ദാസ്. ഇക്കുറി പരാജയഭീതിപൂണ്ട് പടച്ചാർകുച്ചി മണ്ഡലത്തിലേക്ക് മാറിയിരിക്കുകയാണ്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രവും നേരത്തേ സിപിഐ എം അഞ്ചു തവണ വിജയിച്ചതുമായ ഈ മണ്ഡലത്തിൽ സംയുക്തമോർച്ചയുടെ സ്ഥാനാർഥിയായി സിപിഐ എമ്മിലെ മനോരഞ്ജൻ താലൂക്ക്ദർ മത്സരിക്കുന്നതാണ് ബിജെപി അധ്യക്ഷന്റെ കൂടുമാറ്റത്തിനു കാരണം. 

പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് പറഞ്ഞാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അസമിൽ ബിജെപി വൻ വിജയം നേടിയത്. എന്നാൽ ഭരണത്തിലെത്തിയതിനു ശേഷം ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവന്നെങ്കിലും അതു പൂർണമായും നടപ്പിലാക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കുമെന്നായിരുന്നു മോഡിയും അമിത്ഷായും പറഞ്ഞിരുന്നത്. എന്നാൽ ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കിയപ്പോൾ 19 ലക്ഷം പേർക്കാണ് പൗരത്വം തെളിയിക്കാൻ കഴിയാതിരുന്നത്. ഇവരിൽ ഭൂരിപക്ഷവും ബംഗ്ലാദേശിൽ നിന്നും കുടിയേറിയ ഹിന്ദുക്കളാണ്. ഇതോടെയാണ് ഈ പൗരത്വ രജിസ്റ്ററിലെ തെറ്റുതിരുത്തുമെന്ന വാദവുമായി ബിജെപി തന്നെ രംഗത്തെത്തിയത്. മുസ്ലീങ്ങളാണ് നുഴഞ്ഞുകയറ്റക്കാർ എന്ന വാദത്തിന്റെ മുനയൊടിഞ്ഞതോടെ സിഎഎയെക്കുറിച്ച് ബിജെപിക്ക് മിണ്ടാട്ടമില്ലാതായി. അസം കരാറിനെക്കുറിച്ചോ, സിഎഎയെക്കുറിച്ചോ, പൗരത്വ രജിസ്റ്ററിനെക്കുറിച്ചോ മോഡിയോ അമിത് ഷായോ ഒരക്ഷരം പറയാതെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗി്ച്ചത്. പ്രകടനപത്രികയും ഈ വിഷയത്തെക്കുറിച്ച് മൗനം പാലിച്ചു. 

രാജീവ് ഗാന്ധിയുടെ കാലത്ത് ഒപ്പിട്ട അസംകരാറിന്റെ സത്തയെന്ന് പറയുന്നത് അനധികൃത കുടിയേറ്റക്കാർ അവർ ആരായാലും, അതായത് ഹിന്ദുവായാലും മുസ്ലീമായാലും രാജ്യത്തുനിന്നും പുറത്താക്കണമെന്നായിരുന്നു. അസം കരാറിന്റെ ഈ മതനിരപേക്ഷ സ്വഭാവമാണിപ്പോൾ ബിജെപിക്ക് അസമിൽ വിലങ്ങുതടിയായത്. ജനങ്ങൾ അസം കരാർ വെള്ളം ചേർക്കാതെ നടപ്പിലാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. 1971 മാർച്ച് 24 നു ശേഷം വന്ന ആരായാലും അവർ അനധികൃതകുടിയേറ്റക്കാരാണെന്നും അവരെ കണ്ടെത്തി തിരിച്ചയക്കണമെന്നുമാണ് അസമിലെ ജനങ്ങളും രാഷ്ട്രീയ പാർടികളും ആവശ്യപ്പെടുന്നത്. എന്നാൽ അനധികൃത കുടിയേറ്റക്കാർ ഹിന്ദുവാണെങ്കിൽ അവർ അഭയാർഥി’കളാണെന്നും അതിനാൽ അവർക്ക് പൗരത്വം നൽകാമെന്നുമാണ് ബിജെപി വാദിച്ചത്. ഇതിനെ അസമിലെ ജനങ്ങൾ എതിർക്കുകയാണ്. 

അസമിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളാണുണ്ടായത്. ഇതിൽ നിന്നും ഉദയം ചെയ്ത രണ്ട് രാഷ്ട്രീയ കക്ഷികളും ഈ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുന്നുണ്ട്. അസം സ്റ്റുഡന്റ്സ് യൂണിയന്റെയും(എഎസ്യു) അസം ജാതിയബാദി യുവ ഛാത്ര പരിഷത്തിന്റെയും(എജെവൈസിപി) പിന്തുണയോടെ അസം ജാതിയ പരിഷത്ത്(എജെപി) എന്ന സംഘടന രൂപംകൊണ്ടത്. അസം സ്റ്റുഡന്റ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന ലുറിൻജ്യോതി ഗൊഗോയിയാണ് എജെപിയുടെയും നേതാവ്.  കൃഷക് മുക്തി സംഘം നേതാവ് അഖിൽ ഗൊഗോയി രൂപം നൽകിയ റായ്ജോർ ദളാണ് മറ്റൊരു രാഷ്ട്രീയ കക്ഷി. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് 2019 ഡിസംബറിൽ ദേശീയ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തിരിക്കുകയാണ് അഖിലിനെ. ഈ രണ്ടു കക്ഷികളോടും സംയുക്ത മോർച്ചയുടെ ഭാഗമാകാൻ നേതാക്കൾ അഭ്യർഥിച്ചെങ്കിലും ഇരു രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിനു തയ്യാറായില്ല. ബിജെപിയെപ്പോലെ തന്നെ എഐയുഡിഎഫിനെയും വർഗീയ കക്ഷിയായി കാണുന്നുവെന്നു പറഞ്ഞാണ് ഈ പി·ാറ്റം. ഈ രണ്ടു കക്ഷികളും ഒരു മുന്നണിക്ക് രൂപം നൽകി മത്സരിക്കുകയാണ്. സിഎഎ വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിൽ ബിജെപിക്ക് ആഹ്ളാദിക്കാം. എജെപിയുടെ ഭാഗമായ ആസുവും എജെവൈസിപിയും നേരത്തേ ബിജെപി þ എജിപി സർക്കാരിനെ പിന്തുണച്ചവരായതിനാൽ ഈ സഖ്യം ബിജെപിയെ സഹായിക്കുന്ന നിലപാട് എടുക്കുന്നതിൽ ആരും അത്ഭുതപ്പെടുന്നുമില്ല. 2016 ലെ കൊൺഗ്രസിന്റെ പരാജയത്തിനു കാരണക്കാരും ഇവർ തന്നെയായിരുന്നു. 

ബിജെപിയെ അലട്ടുന്ന മറ്റൊരു പ്രശ്നം നേതൃത്വ പ്രശ്നമാണ്. അസംഗണപരിഷത്തിൽ നിന്നും ബിജെപിയിലെത്തിയ സർബാനന്ദ സൊനവാളാണ് മുഖ്യമന്ത്രി. എന്നാൽ അസമിൽ മാത്രമല്ല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ ബിജെപിയുടെ മുഖവും തന്ത്രങ്ങൾ മെനയുന്നയാളും കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ ഹിമന്ത ബിശ്വ ശർമയാണ്. ആരോഗ്യ, ധന, വിദ്യാഭ്യാസ മന്ത്രിയാണിയാൾ. ഇരുവരും ഇക്കുറിയും മത്സരിക്കുന്നുണ്ട്. മജുലിയിൽ നിന്നും സൊനവാളും ജലുക്ക്ബാരിയിൽ നിന്നും ശർമയും ജനവിധി തേടുന്നു. ഭരണമുള്ള സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന രീതി തങ്ങൾക്കില്ലെന്ന് പറഞ്ഞാണ് നേതൃതർക്ക പ്രശ്നത്തെ ബിജെപി ലഘൂകരിക്കുന്നത്. എന്നാൽ ഈ നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമാണിപ്പോൾ. 

ബിജെപി സർക്കാരിന്റെ വാഗ്ദാന ലംഘനത്തിൽ അമർഷമുള്ളവരാണ് പൊതുവെ അസമിലെ ജനങ്ങൾ. പ്രത്യേകിച്ചും  തേയിലത്തോട്ടം തൊഴിലാളികൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവരുടെ പിന്തുണ നേടാനായ ബിജെപിക്ക് ഇക്കുറി അതാവർത്തിക്കാനാവില്ല. ദിവസക്കൂലി 167 രൂപയിൽ നിന്നും 351 ആക്കുമെന്ന് പറഞ്ഞായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. എന്നാൽ തോട്ടം ഉടമകൾ കണ്ണുരുട്ടിയപ്പോൾ  ബിജെപി ഭയന്ന് പി·ാറി. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് തോട്ടം തൊഴിലാളികളെ ബിജെപിക്ക് ഓർമ വന്നത്. സൊനവാൾ മന്ത്രിസഭയുടെ അവസാനത്തെ മന്ത്രിസഭാ യോഗത്തിൽ തോട്ടം തൊഴിലാളികളുടെ കൂലി 50 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ തോട്ടം ഉടമകൾ കോടതിയെ സമീപിച്ച് അത് സമർഥമായി തടയുകയും ചെയ്തു. ഇടതുപക്ഷ പാർടികളും കോൺഗ്രസും ഉൾക്കൊള്ളുന്ന സംയുക്ത മോർച്ച അഞ്ച് പ്രധാന വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിൽ ഏറ്റവും പ്രധാനം തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി 365 രൂപയാക്കുമെന്നതാണ്. പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്നും വർഷം തോറും ഒരുലക്ഷം പേർക്കുവീതം  തൊഴിൽ നൽകുമെന്നും 200 യൂണിറ്റ് വൈദ്യുതി എല്ലാ വീട്ടുകാർക്കും സൗജന്യമായി നൽകുമെന്നും വീട്ടമ്മമാർക്ക് 2000 രൂപ പെൻഷൻ നൽകുമെന്നും സംയുക്ത മോർച്ച വാഗ്ദാനം ചെയ്യുന്നു. ഇത് ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. വർഗീയധ്രുവീകരണ വിഷയങ്ങൾക്കു പകരം ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ അസമിൽ പ്രധാന ചർച്ചാവിഷയമായത് കുറച്ചൊന്നുമല്ല ബിജെപിയെ അലട്ടുന്നത്. •