ബംഗാള്‍: വര്‍ദ്ധിച്ച ജനപിന്തുണയോടെ സംയുക്തമോര്‍ച്ചയുടെ മുന്നേറ്റം

ഗോപി കൊല്‍ക്കത്ത

ട്ടു ഘട്ടങ്ങളായി നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ പൂർത്തിയാകുകയും മറ്റു ഘട്ടങ്ങളിലെ പ്രചാരണം മുന്നേറുകയും ചെയ്യുമ്പോൾ ആത്മ വിശ്വാസം വീണ്ടെടുത്ത് വൻ മുന്നേറ്റമാണ് ഇടതുമുന്നണിയുൾപ്പെട്ട സംയുക്ത മോർച്ച നടത്തുന്നത്. ആകെയുള്ള 294 സീറ്റുകളിൽ 172 മണ്ഡലങ്ങളിലാണ്  ഇടതുമുന്നണി മത്സരിക്കുന്നത്. അതിൽ സിപിഐ എം 132, സിപിഐ 10, ഫോർവേഡ് ബ്ലോക്ക് 18, ആർഎസ്പി 12 എന്നീ ക്രമത്തിലാണ് ഘടകകക്ഷികൾ സീറ്റുകൾ പങ്കിട്ടിരിക്കുന്നത്. ഒരേപോലെ ജനങ്ങളുടെ തുല്യ ശത്രുക്കളായ തൃണമൂലിനേയും  ബിജെപിയേയും ഒറ്റപ്പെടുത്തുക എന്ന ആശയത്തോട് യോജിക്കാൻ തയ്യാറായ കോൺഗ്രസ്, ന്യൂനപക്ഷ പിന്നോക്ക വിഭാഗക്കാരെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ സെക്യൂലർ ഫ്രണ്ട് എന്നീ കക്ഷികളുമായി ചേർന്നാണ് ഇടതുമുന്നണി സംയുക്ത മോർച്ച രൂപീകരിച്ച് മത്സരിക്കുന്നത്്. സംയുക്ത മോർച്ചയിൽ കോൺഗ്രസ് 91 ഉം ഐഎസ്എഫ് 31 ഉം സീറ്റുകളിൽ മത്സരിക്കുന്നു. 60 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് രണ്ടു ഘട്ടങ്ങളിലായി നടന്നത്.

തൃണമൂൽ സർക്കാരിന്റെ ജനാധിപത്യവിരുദ്ധ അക്രമ പ്രവർത്തനങ്ങൾക്കും കൊടും അഴിമതിക്കും അരാജകത്വ തേർവാഴ്ചയ്ക്കും, അവരുടെ മുഖ്യ എതിരാളിയായി ദേശീയ, പ്രാദേശിക മാധ്യമങ്ങൾ എടുത്തു കാട്ടുന്ന ബിജെപിയുടെ വിദ്വേഷം സൃഷ്ടിക്കുന്ന കൊടും വർഗീയതയ്ക്കും എതിരായി ശക്തമായ നിലപാട് എടുത്തുകൊണ്ടാണ് സംയുക്ത മോർച്ച പ്രചാരണം നടത്തുന്നത്. എല്ലായിടത്തും പുത്തൻ ആവേശമുണർത്തി ആയിരകണക്കിനാളുകൾ സംയുക്ത മോർച്ചയുടെ പ്രചാരണങ്ങളിൽ അണിനിരക്കുന്നു. തൃണമൂലിന്റെ അക്രമ ഭീഷണി മൂലം വർഷങ്ങളായി പ്രവർത്തനങ്ങൾ നിലച്ചിരുന്നിടങ്ങളിലെല്ലാം ജനങ്ങൾ സ്വമേധയാ മുന്നോട്ടു വന്നാണ് പ്രചാരണം ഏറ്റെടുത്തത്. മുസ്ലിം ന്യൂനപക്ഷ വിഭാഗം ഗണ്യമായിട്ടുള്ള മൂർഷിദാബാദ്, മാൾദ, ഉത്തര ദിനാജ്പ്പൂർ, നാദിയ, ഉത്തര 24 പർഗാനാസ് എന്നിവിടങ്ങളിലെല്ലാം നല്ല വരവേൽപ്പാണ് ഇടതുപക്ഷത്തിന് ലഭിക്കുന്നത്. തൃണമൂൽ സർക്കാരിന്റെ ജനാധിപത്യവിരുദ്ധ അക്രമ പ്രവർത്തനങ്ങളും കൊടും അഴിമതിയും അരാജകത്വ തേർവാഴ്ചയും തുറന്നു കാട്ടിയതോടൊപ്പം വ്യാവസായിക –- കാർഷിക രംഗത്തെ തകർച്ച, തൊഴിലില്ലായ്മ എന്നിവയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ കൊടും വർഗീയ ഭീഷണിയും കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നിയമം പൗരത്വ നിയമം, വിലക്കയറ്റം എന്നിവയുമെല്ലാം സജീവ പ്രചാരണ വിഷയങ്ങളായി ഉന്നയിക്കുന്നു.

ജനദ്രോഹ വർഗീയ ഫാസിസ്റ്റ് ബിജെപിയെ ഒറ്റപ്പെടുത്തി ജനാധിപത്യവിരുദ്ധ അഴിമതി കളങ്കിത തൃണമൂൽ കോൺഗ്രസ്സിന്റെ അക്രമ രാഷ്ട്രീയ ഭരണത്തിന് അറുതിവരുത്തി സംസ്ഥാനത്ത് മതനിരപേക്ഷ ജനാധിപത്യ സർക്കാർ രൂപീകരിക്കുക എന്ന ആഹ്വാനമാണ്  ഇടതുമുന്നണിയും സംയുക്ത മോർച്ചയും മുന്നോട്ടു വയ്ക്കുന്നത്. ചെറുപ്പക്കാരുടെ വലിയൊരു നിരയെത്തന്നെ അണിനിരത്തിയാണ്, ഇടതുമുന്നണി പ്രത്യേകിച്ച് സിപിഐ എം ഇത്തവണ പോരാട്ടത്തിന് ഇറങ്ങിയിട്ടുള്ളത്. സിപിഐ എം സ്ഥാനാർത്ഥികളിൽ 8 പേർ 30 വയസ്സിന് താഴെയുള്ളവരാണ്. 38 പേർ 30നും 40നും ഇടയിലും 42 പേർ 40നും 50നും ഇടയിലും പ്രായമുള്ളവരാണ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പ്രദീക്കൂർ റഹ്മാൻ, സെകട്ടറി സൃജൻ ഭട്ടാചര്യ, ദേശീയ ജോയിന്റ് സെക്രട്ടറിയും ജവഹർലാൽ യൂണിവേഴ്സിറ്റി  വിദ്യാർത്ഥിനിയുമായ ദീപ്തിദാ ധർ, ജവഹർലാൽ യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്, ഡിവൈഎഫ്ഐ  സംസ്ഥാന പ്രസിഡന്റ് മീനാക്ഷി മുഖർജി, സെക്രട്ടറി സയൻദ്വീപ് മിത്ര ബർദ്വമാനിൽ തൃണമൂൽ അക്രമികൾ കൊലപ്പെടുത്തിയ സിപിഐ എം നേതാവും മുൻ എംഎൽഎയുമായ പ്രദീപ് തായുടെ മകളും  എസ്എഫ്ഐ നേതാവുമായ പൃഥാ താ എന്നിവർ യുവനിരയിലെ പ്രമുഖരാണ്. സ്ഥാനാർത്ഥികളിൽ 26 പേർ വനിതകളും 31 പേർ ന്യൂനപക്ഷ വിഭാഗക്കാരുമാണ്. യുവതീ യുവാക്കളായ സ്ഥാനാർത്ഥികളിൽ മിക്കവരും ഇടതുമുന്നണി ഭരണത്തിൽ നിന്നുപോയ ശേഷം സംഘടിപ്പിച്ച ബഹുജന പ്രക്ഷോഭങ്ങളിൽ ആകൃഷ്ടരും പങ്കാളികളുമായി  സംഘടനാ രംഗത്തേക്കും നേതൃനിരയിലേക്കും കടന്നുവന്നവരാണ്. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിന് പലർക്കും  ക്രൂരമായ മർദ്ദനം സഹിക്കേണ്ടി വന്നിട്ടുണ്ട്. എല്ലായിടത്തും വലിയ ആവേശമാണ് യുവനിര സൃഷ്ടിക്കുന്നത്.

ഇടതുമുന്നണിക്കും കോൺഗ്രസിനും ഐഎസ്എഫിനും പ്രത്യേക പ്രകടന പത്രികകൾ ഉണ്ടെങ്കിലും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തൃണമൂലിനെ താഴെയിറക്കി ബംഗാളിനെ രക്ഷിക്കുക, ബിജെപിയെ അകറ്റി  വർഗീയ വിപത്ത് തടയുക, സംസ്ഥാനത്തെ സമഗ്രമായ പുരോഗതിയിലേക്ക് നയിക്കുക എണ്ണിയാണ് ഇടതു മുന്നണിയുടെ മുഖ്യ തിരഞ്ഞെടുപ്പ് അജൻഡ. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുക, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക വിഭാഗത്തെ ഏർപ്പെടുത്തുക, കൃഷിയും വ്യവസായവും വികസിപ്പിക്കാനുള്ള പദ്ധതിക്ക് രൂപം നൽകുക, മുൻ ഇടതുമുന്നണി സർക്കാരിന്റെ ജനോപകാരപ്രദമായ പരിപാടികൾ തുടർന്നു നടപ്പിലാക്കുക, തകർക്കപ്പെട്ട ജനാധിപത്യ മതനിരപേക്ഷത സംരക്ഷിക്കുക എന്നിവയ്ക്ക് ഊന്നൽ നൽകി 25 ഇന പരിപാടികളാണ് പ്രകടനപത്രികയിൽ  ഉൾകൊള്ളിച്ചിട്ടുള്ളത്.

ഒരേപോലെ ജനങ്ങളെ കബളിപ്പിക്കുന്ന തൃണമൂലും ബിജെപിയും മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ജാതി þ മത ചിന്തയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും ഇത് വലിയ വിപത്താകും സൃഷ്ടിക്കുകയെന്നും സംയുക്ത മോർച്ച പ്രസ്താവനയിൽ എടുത്തു കാട്ടി. ജനങ്ങൾ നേരിടുന്ന ഒരു പ്രശ്നവും ഇക്കൂട്ടർ തിരഞ്ഞെടുപ്പിൽ പ്രതിപാദിക്കുന്നില്ല. ജാതി  –- മത വിഭജനത്തിന്റെ പേരിൽ വോട്ടു പിടിക്കാനുള്ള തന്ത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. തുല്യ അപകടകാരികളായ തൃണമൂലും ബിജെപിയും ഒരേപോലെ ജനങ്ങളുടെ ശത്രുക്കളാണ്. സംസ്ഥാനത്തിന്റെ സമഗ്രമായ പുരോഗതിക്കും ഐക്യത്തിനും  ജനകീയ താത്പര്യം സംരക്ഷിക്കാനും വർഗീയ ഫാസിസ്റ്റുകളായ ബിജെപിയെ ഒറ്റപ്പെടുത്തുകയും ജനാധിപത്യവിരുദ്ധ അഴിമതിയിൽ മുങ്ങിക്കുളിച്ചവരുമായ കളങ്കിത തൃണമൂൽ കോൺഗ്രസ്സിനെ തൂത്തെറിയുകയുംചെയ്ത് മതനിരപേക്ഷ ജനാധിപത്യ സർക്കാർ രൂപീകരിക്കാൻ സംയുക്ത മോർച്ചയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുവാൻ പ്രസ്താവന ജനങ്ങളോട് അഭ്യർത്ഥിച്ചു.

വ്യക്തമായ കാഴ്ചപ്പാടും  അജൻഡയും മുന്നോട്ടുവെച്ചുകൊണ്ട് ഐക്യത്തോടെ എല്ലാ മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സംയുക്ത മോർച്ച യോജിപ്പോടെ അടർക്കളത്തിൽ പോരാടുമ്പോൾ സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ രൂക്ഷമായ തമ്മിൽ തല്ലും ഗ്രൂപ്പ് പോരും കൊണ്ട് നട്ടം തിരിയുകയാണ് ബിജെപിയും തൃണമൂലും.  രണ്ടു ഘട്ട വോട്ടെടുപ്പ് കഴിഞ്ഞിട്ടും സ്ഥാനാർത്ഥിത്വത്തിനുവേണ്ടിയുള്ള കലഹം ഒട്ടും ശമനമില്ലാതെ തുടരുകയാണ് രണ്ടു പാർടിയിലും. ഒരോ ഘട്ടത്തിലും നേരത്തെ നിശ്ചയിച്ച സ്ഥാനാർത്ഥികളെ മാറ്റി  പുതിയ ആളുകളെ രംഗത്തിറക്കുന്ന കാഴ്ച സ്ഥിരം പരിപാടിയാണ്. പട്ടിക പുറത്തുവന്നതിനെ തുടർന്ന് വലിയ കലാപമാണ്് തൃണമൂലിനു നേരിടേണ്ടി വന്നത്. എല്ലാ ജില്ലകളിലും കലാപം പടർന്നു. വിവിധ ഗ്രൂപ്പുകൾ തമ്മിൽ ചേരിതിരിഞ്ഞ് പലയിടങ്ങളിലും ഏറ്റുമുട്ടി. ഓഫീസുകൾ തല്ലിത്തകർക്കുകയും നേതാക്കളുടേയും ഔദ്യോഗിക സ്ഥാനാർത്ഥികളുടേയും കോലം കത്തിക്കുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു. പാർടി നേതാക്കളെ തഴഞ്ഞ് രാഷ്ട്രീയമായി പുലബന്ധമില്ലാത്ത സിനിമാക്കാരേയും കളിക്കാരേയും മറ്റും സ്ഥാനാർത്ഥികളായി തിരുകിക്കയറ്റിയതിനും പ്രമുഖരായ പല നേതാക്കളേയും തഴഞ്ഞതിനുമെതിരെയാണ് പ്രക്ഷോഭം. ഗ്രൂപ്പുകൾ തമ്മിലുണ്ടായ രൂക്ഷമായ കയ്യാങ്കളി  അവസാനിപ്പിക്കാൻ വിവിധയിടങ്ങളിൽ പൊലീസിന് ഇടപെടേണ്ടി വന്നു. നിലവിലുള്ള 52 എംഎൽഎമാർക്കും നാലുമന്ത്രിമാർക്കും മമത ഇത്തവണ സീറ്റു നിഷേധിച്ചു. അതിൽ പ്രതിഷേധിച്ച് നിരവധി എംഎൽഎമാരും നേതാക്കളും കൂറുമാറി ബിജെപി പാളയത്തിലെത്തി. ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ നിരവധി മണ്ഡലങ്ങളിൽ സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിംഗ് എംഎൽഎമാരും മറ്റ് സ്ഥാനാർത്ഥി മോഹികളും അവരുടെ അനുയായികളും പരസ്യമായി രംഗത്തു വന്നു. പലരും വിമത സ്ഥാനാർത്ഥികളായി. കലാപം രൂക്ഷമായതിനെ തുടർന്ന് മമതയ്ക്ക് എട്ടിടങ്ങളിൽ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ മാറ്റേണ്ടി വന്നു.

സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ ബിജെപിയിലും വൻ കലാപമാണ് അരങ്ങേറിയത്. നിലവിലെ എം പിമാരേയും കാലുമാറി വന്ന നവാഗതരേയും സിനിമാക്കാരേയും തിരുകിക്കയറ്റി പഴയ നേതാക്കളെ തഴഞ്ഞതിനെതിരെ സംസ്ഥാ നത്തൊട്ടാകെ വ്യാപകമായ പ്രതിഷേധം ഉയരുന്നു. പലയിടങ്ങളിലും പ്രതിഷേധക്കാർ പാർടി ഓഫീസുകൾ തല്ലിതകർക്കുകയും പൂട്ടിയിടുകയും റോഡ് ഉപരോധിക്കുകയും നേതാക്കളെ തടഞ്ഞുവെക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മറ്റ് മുതിർന്ന നേതാക്കളും ഇടപെട്ടിട്ടും കലഹത്തിന് അറുതിയുണ്ടായില്ല.  വൻതോതിൽ പണം വാങ്ങിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും പാർടിക്കുവേണ്ടി ദീർഘകാലമായി പ്രവർത്തിക്കുന്ന അർഹതപ്പെട്ടവരെ തഴഞ്ഞുവെന്നും പ്രമുഖരായ പല നേതാക്കളും ആരോപണം ഉന്നയിച്ചു. തൃണമൂലിൽ നിന്നും മറ്റു പാർടികളിൽ നിന്നും കാലുമാറി വന്ന എല്ലാവരേയും ഉൾപ്പെടുത്തിയാണ് സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിയത്. പാർടിയുമായി ഒരു ബന്ധവുമില്ലാത്ത പലർക്കും സീറ്റു ലഭിച്ചു. മറ്റു പാർടികളിൽ പ്രവർത്തിക്കുന്ന നേതാക്കൾ അവരറിയാതെ തന്നെ ബിജെപി പട്ടികയിൽ ഇടം നേടി. അർഹതപ്പെട്ടവർക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് 200 ഓളം മണ്ഡലങ്ങളിൽ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ വിമതർ രംഗത്തു വന്നു. വിമതരെ  പിന്തിരിപ്പിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. വിമത സ്ഥാനാർത്ഥികളായി രംഗത്തു വന്ന നിരവധി പേർ  ഭാരതീയ ജനസംഘം ബാനറിലാണ് മത്സരിക്കുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ ആകെ 293 സ്ഥാനാർത്ഥികളിൽ 158 പേരും തൃണമൂലിൽനിന്നും മറ്റു പാർടികളിൽനിന്നും ചേക്കേറിയവരാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പും പിൻപുമായി കാലുമാറി വന്നവരാണ് ഇതിൽ ബഹുഭൂരിപക്ഷം പേരും. മുകുൾ റോയ്, സുവേന്ദു അധികാരി, രജീവ് ബാനർജി തുടങ്ങി ബിജെപിയുടെ താര സ്ഥാനാർത്ഥികളായി ചിത്രീകരിക്കുന്നവരെല്ലാം പ്രമുഖ മുൻ തൃണമൂൽ നേതാക്കളാണ്. മുകുൾ സുവേന്ദു എന്നിവരുൾപ്പെടെ പലരും ശാരദ, നാരദ തുടങ്ങി പല അഴിമതി കേസുകളിലും പ്രതികളുമാണ്. കലാപത്തെ തുടർന്ന് നിരവധി മണ്ഡലങ്ങളിലേക്ക് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ മാറ്റി പുതിയ ആളുകളെ നിർത്തേണ്ടി വന്നു. ആ പ്രക്രിയ ഇപ്പോഴും തുടരുന്നു.

മമതയോടൊപ്പം ഉണ്ടായിരുന്ന പലരും കൂറുമാറി ബിജെപിയിൽ ചേർന്നപ്പോൾ ഇടതുമുന്നണി ഗവണ്മെന്റിനെ അട്ടിമറിക്കാൻ നടത്തിയ പല കാര്യങ്ങളും പരസ്പരം വിളിച്ചു പറയുന്നു. അതിൽ ഏറ്റവും പ്രധാനമാണ് നന്ദിഗ്രാം കലാപത്തിന്റെ പിന്നാമ്പുറ കഥകൾ. മമത ബാനർജി സൃഷ്ടിച്ച നന്ദിഗ്രാം കലാപത്തിന്റെ ഗൂഢാലോചനയുടെ ചുരുളുകളാണ് അഴിയുന്നത്. 14 വർഷങ്ങൾക്കുമുമ്പ് 2007 മാർച്ചിലാണ് നന്ദിഗ്രാം കലാപം അരങ്ങേറിയത്. മമത ബാനർജിയാണ് ദേശീയതലത്തിൽ വരെയുള്ള ബന്ധങ്ങൾ ഉപയോഗിച്ച്  കലാപം ഉണ്ടാക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും കൊല്ലപ്പെട്ടവരെല്ലാം പൊലീസ് വെടിവെപ്പിലായിരുന്നില്ലെന്നും കലാപത്തിന്റെ മുഖ്യ സൂത്രധാരകരും മമതയുടെ അടുത്ത ആളുകളുമായിരുന്ന സുവേന്ദു അധികാരിയും അയാളുടെ അച്ഛൻ ശിശിർ അധികാരിയും വെളിപ്പെടുത്തി. കലാപത്തിനും ഗൂഢാലോചനയ്ക്കും സഹായം ചെയ്യുകയും വെടിവെപ്പിന് ഓർഡർ നൽകുകയും ചെയ്ത പൊലീസ് ഓഫീസറെ  മമത മുഖ്യമന്ത്രിയായശേഷം ഉന്നത സ്ഥാനത്ത് നിയോഗിച്ചു. വലിയ തോതിൽ പണവും ആയുധങ്ങളും പുറത്തു നിന്നാണ് എത്തിച്ചത്. മമതയുടെ നിർദ്ദേശ പ്രകാരമാണ് എല്ലാം നടത്തിയത്. പത്തു വർഷത്തോളം മമത മുഖ്യമന്ത്രിയായിട്ടും കലാപത്തെക്കുറിച്ചുള്ള  അന്വേഷണം എങ്ങുമെത്തിയില്ല. മമതയുമായി തെറ്റി ബിജെപിയിൽ ചേക്കേറിയ സുവേന്ദു അധികാരിയും മമതയും തമ്മിലാണ് നന്ദിഗ്രാമിൽ മുഖ്യമായി ഏറ്റുമുട്ടുന്നത്. പ്രചാരണ വേളയിൽ രണ്ടു കൂട്ടരും പരസ്പരം പഴിചാരി കലാപത്തിന്റെ രഹസ്യങ്ങൾ വിളിച്ചു പറയുന്നു. കലാപത്തിന് പ്രേരിപ്പിച്ചതും ആളെ സംഘടിപ്പിച്ചതും സുവേന്ദുവായിരുന്നെന്നും ആൾക്കൂട്ടത്തിലേക്ക് പൊലീസുകാരുടെ വേഷത്തിൽ ആളെ കടത്തി വെടിവെപ്പു നടത്തുകയായിരുന്നെന്നും മമത പറഞ്ഞു. നന്ദിഗ്രാം ഉൾപ്പെടെ കിഴക്കൻ മെദിനിപ്പൂർ അടക്കിവാണിരുന്നത് അധികാരി കുടുംബമാണ്. അവരുടെ അനുവാദം ഇല്ലാതെ തനിക്കുപോലും ഇങ്ങോട്ട് വരാൻ കഴിയുമായിരുന്നില്ല. എട്ടു പേരാണ്  വെടിവെപ്പിൽ കൊല്ലപ്പെട്ടത്; ആറുപേർ ബോംബ് ഏറിലും അമ്പ് ഏറ്റുമാണ് മരണമടഞ്ഞത്.

കലാപത്തിനുപിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഇടതുമുന്നണി സർക്കാരിനെതിരെ തിരിക്കുകയായിരുന്നെന്നും അന്നു തന്നെ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും സിപിഐ എമ്മും പറഞ്ഞിരുന്നു. അന്നത്തെ സാഹചര്യത്തിൽ ആരും അത് കണക്കിലെടുത്തില്ല. സിബിഐ അന്വേഷണത്തിലും വെടിവെപ്പിൽ ബുദ്ധദേബും സംസ്ഥാന സർക്കാരും പ്രതിസ്ഥാനത്തല്ലെന്ന് തെളിഞ്ഞു. കലാപത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ എടുത്ത നടപടികൾ മമത അധികാരത്തിലേറിയശേഷം പിൻവലിക്കുകയാണുണ്ടായത്. എന്തായാലും  നന്ദിഗ്രാമിലും സംസ്ഥാനമൊട്ടാകെയും ഇപ്പോൾ ഇത് വലിയ തിരഞ്ഞെടുപ്പ് വിഷയമാകുന്നു.

ബംഗാളിൽ തൃണമൂലിന് വോട്ടു നൽകുകയെന്നത്  ബിജെപിക്കുനൽകുന്നതിന് തുല്യമാണന്നും അതേപോലെ ബിജെപിക്ക് വോട്ടു ചെയ്യുന്നത് തൃണമൂലിന് നൽകുന്നതിന് തുല്യമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യ കാന്ത മിശ്ര പറഞ്ഞു. രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടു കൂട്ടരും തമ്മിൽ നയത്തിൽ ഒരു വ്യത്യാസവുമില്ല. പരസ്പരം ആളുകളെ വെച്ചുമാറിയുള്ള കാലുമാറ്റിക്കളിയാണ് തുടർച്ചയായി അരങ്ങേറുന്നത്. ബിജെപി സ്ഥാനാർത്ഥികളിൽ നല്ലൊരു ഭാഗവും അടുത്ത സമയം വരെ തൃണമൂലുകാരായിരുന്നവരാണ്. അതേപോലെ സൗകര്യം പോലെ ബിജെപിയിൽ നിന്ന് തൃണമൂലിലേക്ക് ചേക്കറിയവരും അവരുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. തിരഞ്ഞെടുപ്പിനുശേഷം ഇതിൽ ആര് എവിടെ നിൽക്കുമെന്നതിൽ ഒരു ഉറപ്പുമില്ല. ഇടതുമുന്നണിയേയും സിപിഐ എമ്മിനേയും നേരിടാനും തകർക്കാനും രണ്ടു കൂട്ടരും യോജിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്നതിൽ ഒരു സംശയവുമില്ല. ഇടതുമുന്നണി സംയുക്ത മോർച്ചയ്ക്കു മാത്രമെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. അതിനുവേണ്ടിയുള്ള ഒരു ഗവണ്മെന്റാണ് ഉണ്ടാകേണ്ടത്. ബിജെപിക്കെതിരെ വാതോരാതെ  സംസാരിക്കുന്ന മമത കേന്ദ്ര ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെക്കുറിച്ചോ രൂക്ഷമായ വിലക്കയറ്റം, കാർഷിക നിയമം, പൗരത്വ നിയമം എന്നിവകളെക്കുറിച്ചോ ഒരക്ഷരംപോലും മിണ്ടുന്നില്ല. അതേ പോലെ ബിജെപിയും ജനങ്ങളുടെ ജീവിത പ്രശ്നം സംബന്ധിച്ച ഒന്നിനും ഉത്തരം പറയുന്നില്ല. ഇടതുപക്ഷമുൾപ്പെട്ട സംയുക്ത മോർച്ച മാത്രമാണ് ഇവ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കുന്നത്.

 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രാഷട്രീയ സംഘർഷങ്ങളും അക്രമവും പെരുകുന്നു. കഴിഞ്ഞ ഏതാനും ദിവസമായി  നടന്ന ഏറ്റുമുട്ടലുകളിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കുപറ്റുകയും ചെയ്തു. •