രാജ്യസഭ, തോന്നുമ്പോലെ

സെബാസ്റ്റ്യന്‍ പോള്‍

രാജ്യസഭയെന്നും ലോക്സഭയെന്നും അറിയപ്പെടുന്ന രണ്ടു സഭകൾ ചേർന്നതാണ് പാർലമെന്റ്. രാജ്യസഭ സംസ്ഥാനങ്ങളുടെ സഭയും ലോക്സഭ ജനങ്ങളുടെ സഭയുമാണ്. ലോക്സഭയിലേക്ക് ജനങ്ങൾ വോട്ടു ചെയ്യുമ്പോൾ രാജ്യസഭയിലേക്ക് നിയമസഭാംഗങ്ങളാണ് വോട്ടു ചെയ്യുന്നത്. രാജ്യസഭയിലേക്ക് ഒൻപത് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം കേരള നിയമസഭയ്ക്കുണ്ട്. അവർ പാർലമെന്റിൽ സംസ്ഥാനത്തിന്റെ പ്രതിനിധികളാണ്. പ്രത്യേകമായ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു വർഷം കൂടുമ്പോൾ മൂന്നു പേർ എന്ന കണക്കിലാണ് കേരളത്തിൽനിന്ന് അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. രാജി, മരണം തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന ഒഴിവുകളും യഥാസമയം നികത്തണം. കാലവിളംബമില്ലാതെ തിരഞ്ഞെടുപ്പ് നടത്തി ഒഴിവുകൾ നികത്തുന്നതിനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്നു.

വയലാർ രവി, കെ കെ രാഗേഷ്, പി വി അബ്ദുൽ വഹാബ് എന്നിവർ ഏപ്രിൽ 21നു വിരമിക്കുന്നതും ജോസ് കെ മാണി രാജിവച്ചതും ചേർത്ത് നാല് ഒഴിവുകളാണ് കേരളത്തിൽ നികത്താനുള്ളത്. രാജിയോ മരണമോ നിമിത്തമുണ്ടാകുന്ന ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് മുൻഗാമിയുടെ അവശേഷിക്കുന്ന കാലം മാത്രമാണ് എംപിയായിരിക്കാൻ കഴിയുക. അതുകൊണ്ട് ജോസ് കെ മാണിയുടെ രാജി നിമിത്തമുണ്ടായ ഒഴിവ് അടിയന്തരമായി നികത്തേണ്ടതായിരുന്നു. പക്ഷേ അക്കാര്യത്തിൽ കമ്മീഷന്റെ വിജ്ഞാപനം ഇനിയും ഉണ്ടായിട്ടില്ല. ആറു മാസം സമയമുണ്ടെന്ന, ന്യായീകരിക്കാൻ കഴിയാത്ത നിലപാടിലാണ് കമ്മീഷൻ.

ലോക്സഭാ തിരഞ്ഞെടുപ്പുപോലെ ശ്രമകരമായതല്ല രാജ്യസഭാതിരഞ്ഞെടുപ്പ്. അംഗങ്ങൾ വിരമിക്കുന്നതിനു മുൻപ് പകരക്കാരെ തയാറാക്കി നിർത്തുകയെന്നതാണ് രാജ്യസഭയിലെ രീതി. ജോസ് കെ മാണിയുടെ ഒഴിവ് അജ്ഞാതമായ കാരണത്താൽ അനിശ്ചിതമായി നിലനിർത്തിക്കൊണ്ട് വരാനിരിക്കുന്ന മൂന്ന് ഒഴിവുകൾ നികത്താനാണ് കമ്മീഷന്റെ തീരുമാനമുണ്ടായത്. പക്ഷേ പറയപ്പെടാത്ത കാരണത്താൽ ഇപ്പോൾ വിജ്ഞാപനം ഫ്രീസറിലായി. നിയമമന്ത്രാലയത്തിന്റെ വെളിപ്പെടുത്തിയിട്ടില്ലാത്ത റഫറൻസാണത്രെ നടപടികൾ മരവിപ്പിക്കുന്നതിനു കാരണമായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാഹനം നീങ്ങിത്തുടങ്ങിയാൽ സുപ്രീം കോടതിപോലും മാർഗതടസമുണ്ടാക്കില്ല. കോടതികളുടെ ഇടപെടലിനു അനുഛേദം 329 അനുസരിച്ച് വിലക്കുണ്ട്. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് നടപടികൾ നിർത്തിവയ്പിക്കുന്നതിനുള്ള അധികാരം നിയമമന്ത്രാലയത്തിന് എങ്ങനെ ലഭിച്ചു?

തിരഞ്ഞെടുപ്പ് മാറ്റിവച്ചതിനേക്കാൾ പ്രധാനപ്പെട്ട ചില വിഷയങ്ങൾ ഈ മരവിപ്പിക്കലിലുണ്ട്. സ്വതന്ത്രമായും ന്യായമായും പ്രവർത്തിക്കാൻ ഭരണഘടന ഉദ്ദേശിച്ചിട്ടുള്ള സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെ അനിയന്ത്രിതമായ അധികാരം നിയമാനുസൃതം വിനിയോഗിക്കാനുള്ള ശേഷി കമ്മീഷനുണ്ട്. ശേഷന്റെ കാലം മുതലെങ്കിലും രാജ്യത്തിനു അത് ബോധ്യമായിട്ടുണ്ട്.

മൂന്ന് ഒഴിവുകളിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടന്നാൽ നിയമസഭയിലെ നിലവിലുള്ള കക്ഷിബലത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് സീറ്റ് എൽഡിഎഫിനു ലഭിക്കും. ശേഷിക്കുന്നത് യുഡിഎഫിനു സ്വന്തമാക്കാം. നിലവിലുള്ള ഒഴിവിലേക്ക് തനിച്ച് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അതും എൽഡിഎഫിനു ലഭിക്കും. മേയ് രണ്ടിനുശേഷം രൂപീകൃതമാകുന്ന നിയമസഭയിൽ തിരഞ്ഞെടുപ്പ് നടത്തിയാലും ഈ കണക്കിൽ മാറ്റമുണ്ടാവില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മരവിപ്പിക്കൽ നടപടിക്കെതിരെ നിയമസഭാംഗമായ എസ് ശർമ ഹൈക്കോടതിയെ സമീപിച്ചത് ഭാവിയെക്കുറിച്ചുള്ള ആശങ്കയെ അടിസ്ഥാനമാക്കിയല്ല. ഇപ്പോഴുള്ളത് എപ്പോഴായാലും കിട്ടും. ഈ സഭയുടെ ചുമതല അടുത്ത സഭയ്ക്ക് കൈമാറാനാവില്ലെന്നതാണ് ശർമയുടെ നിലപാട്. 

എന്നാൽ യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥിതി വ്യത്യസ്തമാണ്. പുതിയ നിയമസഭയിൽ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അങ്ങനെയെങ്കിൽ എൽഡിഎഫിന് ഇപ്പോഴുള്ള മേൽക്കൈ യുഡിഎഫിനു ലഭിക്കും. നാലിൽ മൂന്ന് അവർക്ക് അവകാശപ്പെട്ടതാകും. അസംഭവ്യമെങ്കിലും ന്യായമായ കണക്കും പ്രതീക്ഷയുമാണത്. ബിജെപിയുടെ കണക്കുകൾ വേറേ വഴിക്കാണ്. അടുത്ത നിയമസഭയിൽ ബിജെപിയുടെ പ്രതീക്ഷ കെ സുരേന്ദ്രന്റെ കണക്കിൽ കവിഞ്ഞാൽ നാൽപതാണ്. അങ്ങനെയെങ്കിൽ തങ്ങൾ മന്ത്രിസഭയുണ്ടാക്കുമെന്നാണ് ബിജെപി കാണുന്ന കിനാവ്. എത്ര കവിഞ്ഞാലും നാലുപോലും തികയ്ക്കില്ലെന്നുറപ്പുള്ള അവസ്ഥയിലും എന്തും സ്വപ്നം കാണാൻ ധൈര്യപ്പെടുന്നവർ കേരള നിയമസഭയിൽനിന്ന് ഒരു രാജ്യസഭാംഗത്തെ സ്വപ്നം കാണുന്നതിൽ തെറ്റില്ല.

ഇത്തരം ദിവാസ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനുവേണ്ടി വഴുതാനുള്ളതല്ല തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരവും ഉത്തരവാദിത്വവും. രാജ്യസഭയിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനുള്ള അവകാശം നിലവിലുള്ള നിയമസഭയ്ക്കാണുള്ളത്. മേയ് മാസത്തിൽ നടക്കാനിരിക്കുന്ന പുതിയ നിയമസഭയുടെ രൂപീകരണംവരെ നീട്ടിക്കൊണ്ടുപോകാനുള്ളതല്ല ഏപ്രിൽ 21ന് ഉണ്ടാകുന്ന ഒഴിവുകൾ. ഒന്നിച്ചോ അല്ലാതെയോ എങ്ങനെയായാലും സമയബന്ധിതമായി നികത്താനുള്ളതാണ് ഒഴിവുകൾ. കാലാവധിയില്ലാത്ത സഭയാണ് രാജ്യസഭ. അംഗങ്ങൾക്കു മാത്രമാണ് കാലാവധിയുള്ളത്. പിരിച്ചുവിടാൻ കഴിയാത്തതും നൈരന്തര്യസ്വഭാവമുള്ളതുമായ രാജ്യസഭയിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ പാടില്ല. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനത്തിന്റെ അവകാശത്തെ ഹനിക്കുന്നതാണ് സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്ന രാജ്യസഭയിൽ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം പരിമിതപ്പെടുത്തുന്നത്.

വോട്ടെടുപ്പ് അടുത്ത സഭയിലാണെങ്കിൽ തനിക്ക് അതിൽ പങ്കുണ്ടാവില്ലെന്ന അവസ്ഥയല്ല ശർമയെ കോടതിയിലെത്താൻ പ്രേരിപ്പിച്ചത്. ഇപ്പോഴുണ്ടാകുന്ന ഒഴിവുകളിൽ വോട്ടു ചെയ്യുകയെന്നത് നിലവിലുള്ള എംഎൽഎമാരുടെ അവകാശമാണ്. നിയമസഭയുടെ മൊത്തത്തിലുള്ള അവകാശമാണത്. തിരഞ്ഞെടുപ്പ് നീട്ടുന്നതിലൂടെ സഭയുടെ അവകാശം ഹനിക്കപ്പെടുന്നു. കാലാവധി പൂർത്തിയാക്കി പിരിയുന്നതുവരെ അധികാരമുള്ളതും ന്യൂനതയില്ലാത്തതുമായ സഭയാണിത്. തിരഞ്ഞെടുപ്പിനുള്ള നടപടികളിലേക്ക് കടന്നതിനുശേഷം നിയമമന്ത്രാലയത്തിന്റെ റഫറൻസിന്റെ അടിസ്ഥാനത്തിൽ പിൻതിരിയുന്നത് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ ഇടയാക്കുന്നു. എന്താണ് റഫറൻസെന്ന് അറിയാത്തതിനാലും കമ്മീഷന്റെ തീരുമാനത്തിനു കാരണമായ സാഹചര്യമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലാത്തതിനാലും സർക്കാരിന്റെ സമ്മർദത്തിന് കമ്മീഷൻ വഴങ്ങിയെന്ന സംശയം ബലപ്പെടും.

ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി കമ്മീഷൻ ഇറങ്ങിക്കളിച്ച കാഴ്ച നാം കണ്ടതാണ്. അമിത് ഷായും സ്മൃതി ഇറാനിയും രാജിവച്ചപ്പോഴും അഹമ്മദ് പട്ടേലും അഭയ് ഭരദ്വാജും മരിച്ചപ്പോഴും ഉണ്ടായ ഒഴിവുകളിൽ തിരഞ്ഞെടുപ്പുകൾ ഓരോന്നായാണ് കമ്മീഷൻ നടത്തിയത്. ഓരോന്നായി നടത്തിയപ്പോൾ നാലു സീറ്റും ബിജെപിക്കു ലഭിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ അങ്ങനെയാണ് പാർലമെന്റിലെത്തിയത്. അഹമദ് പട്ടേൽ മരിച്ചുണ്ടായ ഒഴിവിൽപോലും സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസിനു കഴിഞ്ഞില്ല. ഗുജറാത്ത് മോഡലിൽ കേരളത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ നാല് ഒഴിവുകളിലും എൽഡിഎഫ് ജയിക്കും. ഇങ്ങനെയൊരു അവസ്ഥ ഭരണഘടന വിഭാവന ചെയ്യുന്നില്ല. നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ടുവഴി ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ആ സംസ്ഥാനത്തിന്റെ രാജ്യസഭയിലെ പ്രതിനിധികളെ തിരഞ്ഞെടുക്കണമെന്ന ഭരണഘടനയിലെ വ്യവസ്ഥ ചില തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

തത്ത്വാധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കുന്നവർക്ക് തത്ത്വങ്ങൾ ബാധകമല്ല. തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ ഉണ്ടാകുന്നത്. നിയന്ത്രണങ്ങൾക്ക് വിധേയരാകാത്തവർ വിസ്മയകരമായ രീതിയിൽ പുതുവഴികളും കുറുക്കുവഴികളും കണ്ടെത്തും. ഗുജറാത്ത് മോഡൽ അനുവദനീയമാണെങ്കിൽ അത് കേരളത്തിൽ എന്തുകൊണ്ട് അനുവർത്തിക്കുന്നില്ല? അങ്ങനെ  ബാക്– ടു –- -ബാക് തിരഞ്ഞെടുപ്പായാൽ സീറ്റ് നാലും എൽഡിഎഫിനു ലഭിക്കും. രാജ്യസഭയിലെ സംസ്ഥാനത്തിന്റെ പ്രതിനിധികൾ അപ്രകാരം ഭരണകക്ഷിയുടെ മാത്രം പ്രതിനിധികളാകുന്ന സാഹചര്യം ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിനു നിരക്കുന്നതോ ഭരണഘടനയാൽ ന്യായീകരിക്കാവുന്നതോ അല്ല. മൂന്നംഗങ്ങളുടെ കാലാവധി കഴിയുംമുമ്പ് തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്നു മാത്രമല്ല ഈ നിയമസഭയുടെ കാലാവധിയിലും തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന്  തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയതിന്റെ അർത്ഥം കേരളത്തിൽനിന്ന് നാല് ഒഴിവുകൾ കുറേ ആഴ്ചകളെങ്കിലും ഒഴിഞ്ഞുകിടക്കുമെന്നാണ്. ഒരു കാര്യം ഉറപ്പ്. ബിജെപിക്ക് നിയമസഭയിൽ വല്ലതും ഉണ്ടോ എന്നറിഞ്ഞതിനുശേഷമായിരിക്കും രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. അകത്തു കടന്നു കിട്ടിയാൽ മന്ത്രിസഭയുണ്ടാക്കുമെന്ന് വീമ്പു പറയുന്ന ബിജെപിക്ക് സാധ്യതകൾ തുറന്നിടുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. •