കേരള രാഷ്ട്രീയത്തിന്റെ മേന്മ ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പ്

കെ ജെ ജേക്കബ്

പുണ്യനദി എന്നൊരു സങ്കല്പം ഭാരതത്തിലുണ്ട്. മനുഷ്യരുടെ പാപങ്ങളൊക്കെ ഒഴുക്കിക്കളയാവുന്ന ഇടം. അവരുടെ പാപങ്ങൾ നദി ഏറ്റുവാങ്ങി അവരെ സ്വതന്ത്രരാക്കും. എല്ലാ മാലിന്യങ്ങളെയും നദി വിമലീകരിക്കും. ഈ മാലിന്യങ്ങൾ നദിയെ മലിനമാക്കുകയുമില്ല.

ഇന്ത്യൻ രാഷ്ട്രീയത്തിലെ 'പുണ്യനദി'യാണ് ഇപ്പോൾ ഭാരതീയ ജനത പാർടി. രാഷ്ട്രീയ മാലിന്യങ്ങളെ കുളിപ്പിച്ചു വൃത്തിയാക്കിയെടുക്കുന്ന നദി. ബംഗാളിൽ ശാരദ ചിട്ടി തട്ടിപ്പിൽപ്പെട്ട മിക്കവാറും മാലിന്യങ്ങളും ഇപ്പോൾ ശുഭ്രമായി, ശുഭമായി ബിജെപിയിലുണ്ട്. തമിഴ്നാട്ടിലെ എഐഎഡിഎംകെ എന്ന ദ്രാവിഡ പാർടിക്ക് ബിജെപിയുമായി യോജിക്കാവുന്ന ഒരു മേഖലയുമില്ല; ജയലളിത ഉണ്ടായിരുന്നപ്പോൾ മറ്റുപാർട്ടികളുമായുള്ള എല്ലാ ഇടപാടുകളും അവരുടെ വ്യവസ്ഥയ്ക്കനുസരിച്ചായിരുന്നു; ബിജെപിക്ക് ചേക്കയിടം അവർ കൊടുത്തില്ല. എന്നാൽ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീർസെൽവവും അടങ്ങുന്ന ഇപ്പോഴത്തെ നേതൃത്വം ബിജെപി നേതാക്കൾ വരുമ്പോഴേ ഓടിച്ചെന്നു സ്വീകരിക്കാൻ തയ്യാറാണ്. ഇപ്പോൾ ബിജെപി മുന്നണിയിലാണ്. ഒരു നദിയായാണ്  ഒഴുക്ക്.  


ഇതാണ് മറ്റു പല സംസ്ഥാനങ്ങളിലെയും അവസ്ഥ. മറ്റു പാർടികളിൽ ഇടത്തട്ടിലും മുകൾത്തട്ടിലുമുള്ള പല നേതാക്കളും ബിജെപിയുമായി സന്ധിചെയ്യാൻ തയാറായിട്ടുണ്ട്. ഒന്നുകിൽ അവർ നിർവീര്യരാകും; അല്ലെങ്കിൽ ബിജെപിയിൽ ചേരും. അതിന്റെ കാരണം ഇപ്പോൾ പരസ്യമായ രഹസ്യമാണ്.

ബിജെപി എന്ന പുണ്യനദിയിലേക്കു പാപികളെ എത്തിക്കാനുള്ള നിയോഗമാണ് ഇപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തമിഴ്നാട്ടിൽ പ്രതിപക്ഷ കക്ഷികളുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ആദായനികുതിവകുപ്പിന്റെ റെയ്ഡുകൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. എൻഫോഴ്സ്മെന്റിന്റെ അന്വേഷണവും ചോദ്യം ചെയ്യലും വേറെ. മമത ബാനർജിയുടെ മരുമകനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന സമയത്താണ്.

രാഷ്ട്രീയക്കാർ എന്നുവേണ്ട, ബിജെപിയുടെയോ കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെയോ നയങ്ങളെ വിമർശിക്കുന്ന ആരും ഇന്ന് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. നടി തപ്സി പന്നുവും സംവിധായകൻ അനുരാഗ് കശ്യപും ഐടി വകുപ്പിന്റെ നടപടികൾക്ക് വിധേയരായത് കാർഷിക നിയമങ്ങൾക്കെതിരെ സംസാരിച്ചതുകൊണ്ടാണ്. ദിശ രവി എന്ന പരിസ്ഥിതി പ്രവർത്തക  അറസ്റ്റിലായതും ജയിലിൽ പോകേണ്ടിവന്നതും കെട്ടിച്ചമച്ച ഒരു കേസിന്റെ പേരിലാണ്; യഥാർത്ഥ കാരണം അവർ ഈ നിയമങ്ങളെ എതിർത്തു എന്നതുമാത്രമാണ്.

ഇത്തരം നടപടികൾ കോൺഗ്രസ് സർക്കാരിന്റെ കാലത്തുമുണ്ടായിട്ടുണ്ട്; പക്ഷേ രാഷ്ട്രീയ എതിരാളികളെ വരുതിയിൽ നിർത്തുക എന്ന ലക്ഷ്യത്തോടെ ഇങ്ങിനെ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത് ഇപ്പോൾ മാത്രമാണ്. 'കോൺഗ്രസ് മുക്ത ഭാരതം' എന്ന തനി ഫാസിസ്റ്റു മുദ്രാവാക്യം കൊണ്ടു തുടങ്ങിയ ബി ജെ പി ഇപ്പോൾ അവസാനത്തെ എതിർശബ്ദവും ഇല്ലാതാക്കണം എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്; അതിനുള്ള ഉപകരണങ്ങളാണ്  ഇപ്പോൾ ഈ ഏജൻസികൾ.

                                                                                                          *********
ഈ പശ്ചാത്തലത്തിൽ വേണം കഴിഞ്ഞ ഒൻപതു മാസമായി സ്വർണ്ണക്കടത്ത് അന്വേഷിക്കാൻ എന്ന ഭാവത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസികൾ നടത്തുന്ന നീക്കങ്ങളെയും വെളിപ്പെടുത്തലുകളെയും' കാണേണ്ടത്. സ്വർണക്കടത്തിലൂടെ വന്ന പണം എവിടെ ഒളിപ്പിച്ചു എന്ന് കണ്ടുപിടിക്കാൻ ബാധ്യതയുള്ള കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒക്ടോബർ ഒന്നിന് പി എസ് സരിത്ത്, സ്വപ്നപ്രഭ സുരേഷ്, സന്ദീപ് നായർ എന്നിങ്ങനെ മൂന്നുപേരെ പ്രതികളായി ചേർത്ത് ഒരു കുറ്റപത്രം കൊടുത്തിരുന്നു; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പ്രതിയായി ഡിസംബറിൽ  മറ്റൊരു കുറ്റപത്രവും കൊടുത്തു. സർണ്ണക്കടത്തു കേസ് അന്വേഷിക്കുന്ന മുഖ്യ ഏജൻസിയായ എൻ ഐ എ ജനുവരിയിൽ ഇരുപതു പേരെ പ്രതികളാക്കി കുറ്റപത്രം കൊടുത്തു.

കേസിലെ പ്രധാന വിഷയങ്ങൾ, സ്വർണ്ണം ആര് കൊടുത്തയച്ചു, ആർക്കുവേണ്ടി കൊടുത്തയച്ചു, വന്ന സ്വർണ്ണം എവിടെ, ആരാണ് ഇതിന്റെയെല്ലാം പിറകിൽ എന്നതെല്ലാം ഇപ്പോഴും തീർപ്പാകാതെ ഇരിക്കുകയാണ്.    

പക്ഷേ കഴിഞ്ഞ ഒരു മാസമായി മാധ്യമങ്ങളിൽ കേസിലെ പ്രതികളുടെ വെളിപ്പെടുത്തൽ കഥകളാണ്.

മുഖ്യമന്ത്രിക്കുവേണ്ടിയാണ് ഡോളർ കടത്തിയത് എന്നുപറഞ്ഞു സ്വപ്ന  സുരേഷ് നവംബർ മാസത്തിൽ കസ്റ്റംസിന് കൊടുത്ത മൊഴിയാണ് ഈ മാസം ആദ്യം വന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് കോടതിയിൽ കൊടുക്കുമ്പോഴാണ് കസ്റ്റംസ് ഇത്തരമൊരു 'ഞെട്ടിക്കുന്ന' മൊഴിയെക്കുറിച്ച് പറഞ്ഞത്. മുഖ്യമന്ത്രിയെ മാത്രമല്ല, നിയമസഭാസ്പീക്കറെയും  നിഴലിൽ നിർത്തുന്ന ആ മൊഴിയുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടി എടുത്തോ എന്ന ചോദ്യത്തിന് റിപ്പോർട്ടിൽ മറുപടിയില്ല; ആകെ പറയുന്നത് മൊഴിയുടെ പൂർണ്ണ രൂപം വേണമെങ്കിൽ കോടതിക്കു നൽകാം എന്നതാണ്.

അതിനുശേഷം കഴിഞ്ഞ ദിവസമാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിനും ശിവശങ്കർക്കും അദ്ദേഹത്തിന്റെ ടീമിനും അറിയാമായിരുന്നു എന്ന സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവരുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു ഡിസംബറിൽ കൊടുത്ത മൊഴിയാണ് ഇത്. ആ മൊഴി കൊടുക്കുന്ന സമയം ശിവശങ്കർ ഇ ഡി യുടെയും കസ്റ്റംസിന്റെയും കേസന്വേഷണത്തിന്റെ ഭാഗമായി വിവിധ ഏജൻസികളുടെ കസ്റ്റഡിയിൽ കഴിയുകയായിരുന്നു.  

ഈ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന കേന്ദ്ര ഏജൻസിയുടെ കൈയിൽ ഇരിക്കുമ്പോഴാണ് ഒരു മാസത്തിനുശേഷം സ്വർണക്കടത്തുകേസിൽ ശിവശങ്കർ പ്രതിയോ സാക്ഷിയോ അല്ലാത്ത കുറ്റപത്രം എൻഐഎ കോടതിയിൽ സമർപ്പിച്ചത്. സ്വർണക്കടത്തുമായി ശിവശങ്കർക്ക് പങ്കുണ്ടെന്നു എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് പലപ്രാവശ്യം കോടതികളിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ കുറ്റകൃത്യത്തിന്റെ സൂത്രധാരൻ അദ്ദേഹമാണ് എന്ന് കോടതിയിൽ പറഞ്ഞിട്ടുണ്ട്. സ്വർണ്ണം വിട്ടുകിട്ടാൻ കസ്റ്റംസിനെ അദ്ദേഹം വിളിച്ചു എന്ന് കസ്റ്റംസിന് പോലുമില്ലാത്ത പരാതി ഇ ഡി ഉന്നയിച്ചിട്ടുണ്ട്.

എന്നിട്ടെന്താണ് ഇത്ര പ്രധാനപ്പെട്ട ഒരു മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എൻഐഎയ്ക്ക് കൈമാറാതിരുന്നത്? എന്തുകൊണ്ടാണ് എൻഐഎ ഈ മൊഴിയുടെ പേരിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാതിരിക്കുന്നത്? വാസ്തവത്തിൽ സ്വർണക്കടത്തുകേസ് അന്വേഷിക്കുന്നത് എൻഐഎ ആണ്. എൻഐഎ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി കേസന്വേഷണം തുടങ്ങുന്നതുതന്നെ.  


അവിടെയാണ് ഈ ഏജൻസിയുടെ നിലപാടിലെ സത്യസന്ധത ചോദ്യം ചെയ്യാൻ നമ്മൾ നിർബന്ധിതരാകുന്നത്. ഇതിനുമുൻപും ഇ ഡി യുടെ റിപ്പോർട്ടിലെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വപ്നയുടെ ആവശ്യപ്രകാരം താൻ കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു എന്ന് ശിവശങ്കർ തന്നെ സമ്മതിച്ചു മൊഴി നൽകിയതായി കോടതിക്കു കൊടുത്ത റിപ്പോർട്ടുകളിൽ ഇ ഡി അവകാശപ്പെട്ടിരുന്നു. എന്നാൽ ഹാജരാക്കിയ രേഖകളിൽ ഈ മൊഴി ഇല്ല എന്ന കാര്യം കോടതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിയമദുരുപയോഗം നടത്തുന്ന കാര്യം മുൻപൊരു ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയത്തിലും അതാണ് സംഭവിച്ചത്. ഇ ഡി യ്ക്ക് കൊടുക്കുന്ന മൊഴികൾ തെളിവ് മൂല്യം ഉള്ളതാണ് എന്നതാണ് നിയമം. എന്നുവച്ചാൽ ഒരു പ്രതി തനിക്കെതിരെ കൊടുക്കുന്ന മൊഴികൾ നിയമപരമായി അയാൾക്കെതിരെ ഉപയോഗപ്പെടുത്താൻ പറ്റുന്ന വിധത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയുള്ള ഒരു ഒരു മൊഴി ഉണ്ടെന്നു അവകാശപ്പെടുകയും എന്നാൽ കോടതിയിൽ ഹാജരാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്ത ഒരു ഏജൻസിയാണ് ഇ ഡി. എന്നുവച്ചാൽ തെളിവാണ് സത്യത്തിൽ അപ്രത്യക്ഷമായിരിക്കുന്നത്!

ഇക്കാര്യങ്ങൾ പരിഗണിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിനു എല്ലാം അറിയാമായിരുന്നു എന്ന സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് എൻഐഎ അന്വേഷണം നടത്തിയില്ല എന്ന കാര്യത്തിൽ നമുക്ക് ഒരു അനുമാനത്തിലെത്താവുന്നതാണ്. കണ്ടിടത്തോളം എങ്ങുമെത്താതെ പോയ ഒരന്വേഷണത്തിൽ ഇല്ലാത്ത ഏടാകൂടത്തിൽ എന്തിനു ചാടുന്നു എന്ന് ആ ഏജൻസി തീരുമാനിച്ചാൽ അവരെ കുറ്റപ്പെടുത്തിക്കൂടാ.


                                                                                                 *********
2020 ജൂലൈയിലാണ് കേന്ദ്ര ഏജൻസികൾ കേരളത്തിലെത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ പല പ്രാവശ്യം സ്വർണ്ണം കടത്തിയെന്നും അത് ഇന്ത്യയുടെ സുഹൃദ് രാജ്യമായ യുഎഇയുമായുള്ള നയതന്ത്ര ബന്ധം ദുരുപയോഗപ്പെടുത്തിയാണ് നടന്നതെന്നുമുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യോഗ്യമായ ഏജൻസിയെക്കൊണ്ട് സമഗ്രമായ അന്വേഷണം വേണം എന്ന് കേരളം ആവശ്യപ്പെട്ടു എന്നത് ഒരു വസ്തുതയാണ്. സംസ്ഥാന സർക്കാരിന് യാതൊരു തരത്തിലും ബന്ധമില്ലാത്ത, എന്നാൽ സംസ്ഥാനത്തെ പൊതു സൗകര്യങ്ങൾ ദുരുപയോഗപ്പെടുത്തി നടന്നതായി സംശയിക്കപ്പെടുന്ന ഒരു കുറ്റകൃത്യത്തിൽ  സമഗ്രാന്വേഷണം നടക്കുകയും കുറ്റക്കാരെ നിയമത്തിനു മുൻപിൽ  കൊണ്ടുവരികയും ചെയ്യേണ്ടത് ഈ സംസ്ഥാനത്തെ ഏതു പൗരന്റെയും താൽപ്പര്യമാണ്; അതാണ് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടത്.

എന്നാൽ കേസന്വേഷിക്കുന്നതിനുപകരം കേന്ദ്ര ഏജൻസികൾ ലേഖനത്തിന്റെ ആദ്യഭാഗത്തു സൂചിപ്പിച്ചതുപോലെ സംസ്ഥാന ഭരണ നേതൃത്വത്തെ വേട്ടയാടാനുള്ള കുരുക്കുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു എന്നുകാണാം. ഇപ്പോഴും സ്വർണക്കടത്തുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യങ്ങൾക്കു ഉത്തരമായിട്ടില്ല; അതിൽ പ്രധാന പ്രതിയായ ഒരാളെ യുഎഇയിൽ നിന്നും അറസ്റ്റ് ചെയ്തു ഇവിടെ എത്തിക്കാനായിട്ടില്ല. അറസ്റ്റ് ചെയ്തവരുടെ പേരിൽ നിലനിൽക്കുന്ന ഒരു കുറ്റപത്രം കൊടുക്കാനായിട്ടുണ്ടോ എന്ന കാര്യം കോടതികളുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ സംശയമാണ്.

അപ്പോഴും കുരുക്കുകൾ മുറുക്കുന്നതിനു ഒരു കുറവുമില്ല: ഖുർആൻ കടത്തിയ കേസ്, ഈന്തപ്പഴം കടത്തിയ കേസ്, ഡോളർ കടത്തിയ കേസ് എന്നിങ്ങനെ പുതിയ പുതിയ കേസുകൾ വരുന്നു; സംസ്ഥാനത്തെ ഒരു മന്ത്രിയെ ദീർഘനേരം ചോദ്യം ചെയ്യുന്നു; സ്പീക്കറെ ചോദ്യം ചെയ്യുമെന്ന വാർത്തകൾ പുറത്തുവരുന്നു.

നിയമവാഴ്ചയിൽ വിശ്വസിക്കുന്ന ഒരു പൗരനും ഇതിലൊന്നും ആശങ്കപ്പടേണ്ട കാര്യമില്ല; ഉപ്പുതിന്നവർ വെള്ളം കുടിക്കുകതന്നെ വേണം. പക്ഷെ ഉപ്പുതിന്നവരെ കണ്ടുപിടിക്കാനുള്ള ശ്രമം ആ ജോലി ഏറ്റെടുത്തവർ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്; പകരം അവർ രാഷ്ട്രീയ നേതൃത്വത്തെ കാരണമില്ലാതെ ആക്രമിക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന ഈ അന്വേഷണ പ്രഹസനത്തെ മറ്റു പ്രതിപക്ഷ പാർടികൾ ഭരിക്കുകയോ മേൽക്കൈ നേടുകയോ ചെയ്ത സംസ്ഥാനങ്ങളിലെ പ്രവർത്തനവുമായി തട്ടിച്ചു നോക്കണം. ഏജൻസികൾ ഗെയ്റ്റിനടുത്തെത്തുമ്പോഴേ പല പ്രധാന നേതാക്കളും പിറകുവശം വഴി ഓടി ബിജെപി ഓഫീസിലെത്തുന്ന കാഴ്ചയാണ് പശ്ചിമ ബംഗാളിൽ കാണുന്നത്; അവരെ സ്വീകരിച്ചിരുത്തി ബിജെപി നേതാക്കളുമായി സംസാരിക്കാൻ അവസരം ഒരുക്കുന്ന കാഴ്ചയാണ് തമിഴ്നാട്ടിൽ.

എന്നാൽ കേരളത്തിൽ കാഴ്ച വ്യത്യസ്തമാണ്. മാധ്യമങ്ങളിൽകൂടിയും നേരിട്ടും നിരന്തരം ശല്യം ചെയ്തിട്ടും ഇവരുടെ നോട്ടപ്പുള്ളികളായ ഒരൊറ്റ നേതാവും ഇതുവരെ ബിജെപിയിൽ അഭയം തേടിയിട്ടില്ല. എന്നു മാത്രമല്ല, ഇപ്പോൾ ഇ ഡി യും കസ്റ്റംസും ചോദ്യങ്ങൾ തിരിച്ചു നേരിടുകയാണ്. ഈന്തപ്പഴക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് ഉത്തരം പറയണ്ട ചോദ്യങ്ങൾ അങ്ങോട്ട് ചോദിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്; സംസ്ഥാന സർക്കാരിലെ പ്രധാനപ്പെട്ട വ്യക്തികൾക്കെതിരായി  കള്ളത്തെളിവുകൾ ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കേസിനെ നേരിടുകയാണ് ഇപ്പോൾ ഇ ഡി.

ഇത്തരമൊരു തിരിച്ചടി നൽകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും അതിലെ നേതാക്കളേയും ധൈര്യപ്പെടുത്തിയത് അവരുടെ രാഷ്ട്രീയ ബോധ്യങ്ങളാണ് എന്നുവേണം കണക്കാക്കാൻ. അന്വേഷണ ഏജൻസികളെ അഴിച്ചുവിട്ടു പ്രതിപക്ഷ നേതാക്കളെ ഒതുക്കാമെന്നും അങ്ങനെ വിമത സ്വരങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ഇല്ലാതാക്കാമെന്നുമുള്ള ഫാസിസ്റ്റു ശ്രമങ്ങൾ കേരളത്തിൽ പൊളിഞ്ഞുവീഴുന്നു എന്നതാണ് സത്യം. ഫാസിസ്റ്റു രീതിയിലുള്ള ആക്രമണങ്ങളുടെ മറയിൽ വർഗീയത വിതച്ചു കേരളത്തിൽ ഫലം കൊയ്യാമെന്നുള്ള ബിജെപി യുടെ ശ്രമം കൂടിയാണ് ഇത് വിഫലമാക്കുന്നത്; അങ്ങനെയാണ് കേരളം പശ്ചിമ ബംഗാളിലെയും തമിഴ്നാട്ടിലെയും പ്രതിപക്ഷ പാർടികൾക്കുപോലും ഏറ്റെടുക്കാനാവാത്ത ചെറുത്തുനിൽപ്പ് നടത്തുന്നത്.

കേരളത്തിലെ ബി ജെ പി നദിയിൽ വന്നടിയാൻ കേന്ദ്ര ഏജൻസികൾ എത്ര ശ്രമിച്ചിട്ടും ആരെയും കിട്ടുന്നില്ല എന്നതാണ് ഈ നാടിന്റെ രാഷ്ട്രീയത്തിന്റെ മേ·. അത് അംഗീകരിക്കണോ എന്ന കാര്യത്തിലാണ് ഏപ്രിൽ ആറിന് ജനങ്ങൾ തീരുമാനമെടുക്കേണ്ടത്. •
(ഡെക്കാൻ ക്രോണിക്കിൾ പത്രത്തിന്റെ ചെന്നൈയിലെ 
എക്സിക്യൂട്ടിവ് എഡിറ്ററാണ് ലേഖകൻ. അഭിപ്രായങ്ങൾ
വ്യക്തിപരം)