നികുതി വിഹിതം ഔദാര്യമല്ല അവകാശമാണ്

പിണറായി വിജയന്‍

 കേരളം മുന്നോട്ടാണോ പിന്നോട്ടാണോ പോകേണ്ടത് എന്നതാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം. നാം നേടിയ പുരോഗതി കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള ജനവിധിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തേടുന്നത്.
റൈറ്റ് ടു ഫുഡ് പ്രോഗ്രാം നടത്തിയ ഹംഗർ വാച്ച് പഠനം കണ്ടെത്തിയത് ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെ 21 ശതമാനം ആളുകൾ ആദ്യമായി പട്ടിണി അറിഞ്ഞത് കോവിഡ് കാലത്താണ് എന്നാണ്. 57 ശതമാനം ആളുകൾക്ക് ഭക്ഷണത്തിന്റെ അളവ് കാര്യമായി കുറയ്ക്കേണ്ടി വന്നു.

അസിം പ്രേംജി യൂണിവേഴ്സിറ്റി നടത്തിയ പഠനപ്രകാരം 77 ശതമാനം ആളുകളാണ് ഭക്ഷണത്തിന്റെ അളവിൽ വലിയ നിയന്ത്രണം കൊണ്ടുവരാൻ നിർബന്ധിതരായത്. ദളിത് ന്യൂനപക്ഷ വിഭാഗങ്ങളിൽ 80 ശതമാനം പേർക്കും ഭക്ഷണത്തിൽ വലിയ കുറവ് നേരിടേണ്ടി വന്നു. ഗുജറാത്ത്, യുപി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ ഉണ്ടായ അവസ്ഥയാണ് ഈ പഠനങ്ങൾ കണ്ടെത്തിയത്.

ഈ അവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടാകരുതെന്ന സർക്കാരിന്റെ നിർബന്ധമാണ് കേരളത്തെ വേറിട്ടു നിർത്തിയത്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ 1034 കമ്യൂണിറ്റി കിച്ചണുകളാണ് സംസ്ഥാനത്ത്  ആരംഭിച്ചത്. അവയിലൂടെ നേരിട്ടും പൊതികളിലാക്കി വീടുകളിലെത്തിച്ചും ആവശ്യമുള്ളവർക്ക് ഭക്ഷണം നൽകി. എപിഎൽþബിപിഎൽ ഭേദമില്ലാതെ എല്ലാവർക്കും ഭക്ഷ്യകിറ്റുകൾ സൗജന്യമായി നൽകി.

സ്കൂളൂകൾ അടച്ചിട്ടതിനാൽ അർഹമായ ഭക്ഷണം കുട്ടികൾക്ക് നൽകി. അങ്കണവാടികൾ അടച്ചിടേണ്ടി വന്നെങ്കിലും കുഞ്ഞുങ്ങൾക്ക് അവർക്കർഹമായ ഭക്ഷണം നൽകി. തൊഴിലുകൾ നഷ്ടപ്പെട്ട് വരുമാനം നിലച്ച അവസ്ഥയിൽ പ്രതിസന്ധിയിലായ ജനങ്ങൾക്കുവേണ്ടി ഒരു സർക്കാർ ചെയ്യേണ്ട കാര്യമാണിത്. ഇത് മേ·യായല്ല, ഉത്തരവാദിത്ത നിർവഹണമായാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി  കാണുന്നത്. ജനങ്ങൾക്ക് നൽകുന്നത് ഒന്നും സൗജന്യമല്ല. അത് ഇന്നാട്ടിലെ ജനങ്ങളുടെ അവകാശം തന്നെയാണ്. കോവിഡ് പ്രതിസന്ധിയിൽ നിന്നും നമ്മൾ ഇനിയും കരകയറിയിട്ടില്ലാത്തതിനാൽ ഇത്തരം ഇടപെടലുകൾ തുടരേണ്ടതുണ്ട്. അതിനാണ് ശ്രമിക്കുന്നത്.  

അതിന് ഇടങ്കോലിടാൻ പ്രതിപക്ഷം ഇറങ്ങുന്നതാണ് കേരളത്തിന്റെ ഇന്നത്തെ കാഴ്ച.

ജനങ്ങളുടെ അന്നം മുടക്കാൻ അവർ  ഇടപെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച് ആനുകൂല്യങ്ങൾ തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുന്നു.

കമ്മീഷനു നൽകിയ നിവേദനത്തിൽ പ്രതിപക്ഷനേതാവ് പറയുന്നത് ഏപ്രിൽ മാസത്തെ സാമൂഹ്യക്ഷേമ പെൻഷനൊപ്പം മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ കൂടി മുൻകൂറായി സർക്കാർ നൽകുന്നു എന്നാണ്. ഇത് നേരത്തെ നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കാൻ ആണ് എന്ന വാദം കൂടി പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ പറയുന്നു.  

സംസ്ഥാന സർക്കാർ മെയ് മാസത്തെ പെൻഷൻ മുൻകൂറായി നൽകുന്നില്ല. മാർച്ച് മാസത്തെ പെൻഷനും അതോടൊപ്പം ഏപ്രിൽ മാസത്തെ പെൻഷനും ഏപ്രിൽ 14ന് മുൻപ് വിതരണം ചെയ്യണമെന്ന് ഉത്തരവിറക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് സൂചന പോലും വരാത്ത ഫെബ്രുവരി എട്ടിനാണ് ഈ ഉത്തരവിറക്കിയത്. ഈസ്റ്ററിനും വിഷുവിനും മുമ്പു തന്നെ പെൻഷൻ നൽകണം എന്നാണ് സർക്കാരിന്റെ നിലപാട്.

വിശേഷ –-ഉത്സവ അവസരങ്ങളിൽ സാമൂഹ്യക്ഷേമ പെൻഷനും ശമ്പളവും നേരത്തെ വിതരണം ചെയ്യുന്ന പതിവ് കേരളത്തിൽ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അതു മറച്ചു വെച്ച്  മെയ് മാസത്തെ പെൻഷൻ മുൻകൂട്ടി നൽകുന്നു എന്ന ആരോപണം ഉയർത്തുക വഴി തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും അതുവഴി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം തടസ്സപ്പെടുത്താനുമാണ് പ്രതിപക്ഷനേതാവ് തയ്യാറായത്.

ഭക്ഷ്യക്കിറ്റിന്റെ കാര്യത്തിലാണ് മറ്റൊരു കള്ളം. 'വിഷു കിറ്റ്' വിതരണം നേരത്തെ നടത്തുന്നത് ആളുകളെ സ്വാധീനിക്കാനാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. 

കോവിഡ് കാലത്ത് കേരളത്തിലെ ജനങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഉള്ള ഫണ്ട് ഉപയോഗിച്ച് ഭക്ഷ്യകിറ്റ് വിതരണത്തിന് സർക്കാർ തുടക്കമിട്ടത്. കോവിഡ് തീർത്ത ദുരിതങ്ങളിൽ നിന്ന് പൂർണ്ണമായും മോചനം ലഭിച്ചില്ല എന്ന യാഥാർത്ഥ്യം കണക്കിലെടുത്താണ് അതു തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. അതും ഇപ്പോഴുള്ള തീരുമാനമല്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കൊപ്പം വകുപ്പിന്റെ ബജറ്റ് വിഹിതം കൂടി ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. മാസാമാസം വിതരണം ചെയ്യുന്നതാണ് ഈ ഭക്ഷ്യക്കിറ്റ്. ഒന്നും പുതിയതല്ല. ഏപ്രിൽ മാസത്തെ ക്രമീകരണം വിശദമാക്കി ഫെബ്രുവരി പതിനാറാം തീയതി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

2020ലെ തിരുവോണം ആഗസ്ത് മാസം 31–-ാം തീയതി ആയിരുന്നു. ആ വർഷം ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയത് ആഗസ്ത് പതിനൊന്നാം തീയതി ആണ്. അതായത് ഓണത്തിനും മുമ്പു തന്നെ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചിരുന്നു.  

ഡിസംബർ 25ന് ക്രിസ്മസ് കാലത്തും ആഴ്ചകൾക്ക് മുമ്പ് ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിട്ടുണ്ട്. ഡിസംബർ ആദ്യ ആഴ്ച തന്നെ വിതരണം ആരംഭിച്ചിരുന്നു. അതായത് വിശേഷ അവസരങ്ങളിൽ ജനങ്ങൾക്ക് ഗുണപ്രദമാകാൻ നേരത്തെതന്നെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുക എന്നതാണ് സർക്കാരിന്റെ രീതി. അതും തിരഞ്ഞെടുപ്പുമായി  ബന്ധിപ്പിക്കുന്നത് അസഹിഷ്ണുത കൊണ്ടു മാത്രമാണ്.

 കുട്ടികൾക്ക് ഉച്ചക്കഞ്ഞിയുടെ ഭാഗമായി നൽകേണ്ട ഭക്ഷ്യധാന്യങ്ങൾ, സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ഭക്ഷ്യക്കിറ്റായി നൽകുകയാണ്. അതും പുതിയ തീരുമാനമല്ല. ആദ്യഘട്ടം നേരത്തെ പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ കൂപ്പൺ വഴി ഔട്ട്ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കാം എന്ന നിർദേശം ഉയർന്നു. എല്ലാവർക്കും അത് പ്രയോജനപ്പെടുമോ എന്ന സംശയവും വന്നു. ആ സാഹചര്യത്തിലാണ് ഭക്ഷ്യക്കിറ്റ് എന്ന രീതിയിൽ നൽകാൻ തീരുമാനിച്ചത്. അതും സർക്കാർ നേരത്തെ വിതരണം ചെയ്തു വരുന്നതാണ്. ഫെബ്രുവരി 20ന് തന്നെ പുതുക്കിയ ഉത്തരവ് പുറത്തിറക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പും ഭക്ഷ്യവകുപ്പും ആരംഭിക്കുകയും ചെയ്തു. അധ്യയന വർഷം അവസാനിക്കും മുമ്പ് മാർച്ച് മാസത്തിൽ തന്നെ ഇത് പൂർത്തിയാക്കാനായിരുന്നു തീരുമാനം. തിരഞ്ഞെടുപ്പു തീയതി വരും മുമ്പുള്ളതാണ് ഈ തീരുമാനവും.

 ജനങ്ങൾക്കുള്ള സൗജന്യമല്ല ഇവയൊന്നും.  ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ ഭാഗമാണിത്. ഒരു സർക്കാരിന് ജനങ്ങളോടുള്ള കടമയാണ് അത്. അത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതും അല്ല.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏതായാലും ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. കേരളത്തിൽ ആരും പട്ടിണി കിടക്കാൻ പാടില്ല എന്നതാണ് ഞങ്ങളുടെ നയം. അടുത്ത സർക്കാർ വന്നാൽ, സിവിൽ സപ്ലൈസും കൺസ്യൂമർഫെഡും വിപുലപ്പെടുത്തും. റേഷൻ കടകളിൽ മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങൾ കൂടി വിൽക്കാൻ അനുവദിക്കും. സ്വകാര്യ വിപണനശാലകൾക്ക് ഔദ്യോഗിക റേറ്റിങ് ഏർപ്പെടുത്തും. ജനസംഖ്യാനുപാതികമായി ജനകീയ ഹോട്ടലുകൾ ആരംഭിക്കും.
ഇന്ത്യയെ പലരും വിശപ്പിന്റെ റിപ്പബ്ലിക് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊരു രാജ്യത്ത് കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് നാം നീങ്ങുന്നത്. ജനകീയ ഹോട്ടലുകൾ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നിർബന്ധമാക്കുക മാത്രമല്ല, ജനസംഖ്യാനുപാതികമായി അവയുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും. പ്ലാന്റേഷൻ മേഖലയിൽ പ്രത്യേകമായി ജനകീയ ഹോട്ടലുകൾ സ്ഥാപിക്കും.

വിശക്കുന്നവരുണ്ടാകില്ല എന്നതിനൊപ്പം കിടപ്പാടം അവകാശമാക്കി മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്. കർശനമായ ധനകാര്യ നിയമങ്ങളുടെ പേരിൽ നിരവധി ആളുകൾ വീടുകളിൽ നിന്ന് പുറത്താക്കപ്പെടുന്ന സ്ഥിതിയുണ്ട്. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ 'കിടപ്പാടം അവകാശം' എന്ന നിയമം നടപ്പാക്കും. അതിന്റെ അടിസ്ഥാനത്തിൽ ബദൽ സംവിധാനങ്ങളില്ലാതെ ആരെയും വീടുകളിൽനിന്ന് പുറത്താക്കാനാവില്ല.

എൽഡിഎഫ് ജനങ്ങൾക്കുവേണ്ടി നിൽക്കുകയാണ്.  സർക്കാർ എന്നത് ഔദ്യോഗിക സംവിധാനം മാത്രമല്ല, ഇന്നാട്ടിലെ ജനങ്ങൾ ആകെയാണ് എന്ന് കോവിഡ് കാലത്ത് നാം കണ്ടു. പ്രളയകാലത്ത് ലോകത്തെ നാം അത് ബോധ്യപ്പെടുത്തി.  സർക്കാരുദ്യോഗസ്ഥരും ജനപ്രതിനിധികളും യുവജനങ്ങളും വീട്ടമ്മമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും എല്ലാമെല്ലാം ചേർന്ന് ഒരു മുന്നണിയായാണ് നമ്മുടെ നാട് പ്രതിസന്ധികളെ നേരിട്ടത്.  അത്തരമൊരു മുന്നേറ്റത്തിലൂടെയേ ഈ നാടിനെ ഭാവിയിലേക്ക് നയിക്കാനാകൂ എന്ന ഉറച്ച നിലപാട് എൽഡിഎഫിനുണ്ട്.

ജനവിധി അട്ടിമറിക്കാനുള്ള വൃഥാ ശ്രമത്തിലാണ് പ്രതിപക്ഷം ഏർപ്പെടുന്നത്. അതിൽ യുഡിഎഫും ബിജെപിയും ഒരേ തൂവൽ പക്ഷികളായിരിക്കുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളെ കേന്ദ്രം വരിഞ്ഞു മുറുക്കുമ്പോൾ മാറി നിന്നു കയ്യടിക്കുകയാണ് യുഡിഎഫ്.
 
ഫെഡറൽ തത്ത്വങ്ങളുടെ നഗ്നമായ ലംഘനം ബിജെപി ഗവൺമെൻറ് നടത്തുകയാണ്. ഇതിൽ അവരുടെ ഗുരുസ്ഥാനീയർ കോൺഗ്രസ്സുകാർ തന്നെയാണ്. ജിഎസ്ടി നഷ്ടപരിഹാരം തടഞ്ഞുവച്ചത് ഒരുദാഹരണം. ഡൽഹി ബിൽ മറ്റൊന്ന്. സംസ്ഥാനങ്ങളോട് ആലോചിക്കാതെ സംസ്ഥാനങ്ങളെ ബാധിക്കുന്ന നിയമങ്ങൾ പാസ്സാക്കുന്നു. ഏറ്റവും ഒടുവിൽ കർഷക പ്രതിഷേധത്തിനിടയാക്കിയ ബില്ലുകൾ ഉദാഹരണമാണ്.

കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്രവിഹിതം 75 ശതമാനത്തിൽ നിന്നും 60 ശതമാനമാക്കി 2015þ16 മുതൽ കുറച്ചു. പദ്ധതി ഗ്രാൻറുകൾ നിർത്തലാക്കി.  


ഇതിനു പുറമെയാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഒളിയുദ്ധങ്ങൾ. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇത്തരം തെറ്റായ നീക്കങ്ങൾ തടയാൻ കോൺഗ്രസ്എന്തെങ്കിലും ചെയ്തോ?  ഫെഡറൽ സംവിധാനവും ഭരണഘടനാ മൂല്യങ്ങളും അസാധാരണമാംവിധം ആക്രമണം നേരിടുമ്പോൾ  അതൊന്നും കോൺഗ്രസ്സിന്  വിഷയമാകുന്നില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പ്രസംഗത്തിൽ, ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം കേരളത്തിന് ഒരുലക്ഷത്തി അമ്പതിനായിരം കോടി രൂപ നൽകി എന്നു പറഞ്ഞു. കേന്ദ്രം നൽകുന്നു, സംസ്ഥാനങ്ങൾ വാങ്ങുന്നു എന്നാണു ധ്വനി. കേന്ദ്രത്തിന്റെ സാമന്തന്മാരാണ് സംസ്ഥാനങ്ങൾ എന്നത് സാമ്രാജ്യത്വ ഭരണസംവിധാനങ്ങളുടെ ഭാഷയാണ്.

ജനാധിപത്യ ഫെഡറൽ വ്യവസ്ഥ അംഗീകരിക്കുന്ന ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് ഭരണഘടന പാലിക്കാൻ സത്യപ്രതിജ്ഞ ചെയ്ത വ്യക്തി ഇതു പറഞ്ഞപ്പോൾ പേരിനെങ്കിലും ഒരു വിശദീകരണത്തിന് കോൺഗ്രസ്സിന്റെ ഒരു മുതിർന്ന നേതാവും മുതിർന്നു കണ്ടില്ല.  ജനങ്ങളിൽനിന്നും പിരിക്കുന്ന നികുതി ജനക്ഷേമ പ്രവർത്തനങ്ങൾക്കായി കേന്ദ്രþസംസ്ഥാന സർക്കാരുകൾ ചെലവഴിക്കേണ്ടത് അവരുടെ ഭരണഘടനാപരമായ ബാധ്യതയാണ്. പല കാരണങ്ങളാൽ നികുതിയുടെ ഏറിയ പങ്കും കേന്ദ്രം പിരിക്കുന്നു. എന്നാൽ, സാമൂഹ്യമേഖലയിലെ വിശേഷിച്ചും വിദ്യാഭ്യാസþആരോഗ്യ മേഖലകളിലെ ചെലവിന്റെ മുഖ്യഭാഗം സംസ്ഥാനങ്ങളുടെ ബാധ്യതയാണ്.

ഈ അസന്തുലിതാവസ്ഥ ലഘൂകരിക്കാൻ  നികുതിയുടെ ഒരു ഭാഗവും ഗ്രാൻറുകളും സംസ്ഥാനങ്ങൾക്കു നൽകാൻ ഭരണഘടനയിൽ തന്നെ വ്യവസ്ഥയുണ്ട്. അത് കേന്ദ്ര സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. സംസ്ഥാനങ്ങൾ അവരിൽനിന്ന് പ്രതീക്ഷിക്കേണ്ടത് ഔദാര്യമല്ല.

ധനകാര്യ കമ്മീഷനുകൾ സംസ്ഥാനത്തിനു നൽകുന്ന നികുതിവിഹിതവും ഗ്രാൻറുകളും കേന്ദ്രത്തിന്റെ ഔദാര്യമാണെന്നു പറയാൻ ഇന്ത്യൻ ഭരണഘടന മറിച്ചുനോക്കിയ ഒരാൾക്ക് കഴിയില്ല.

ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ഭരണഘടന രൂപപ്പെട്ടത്. അതിലൊന്നും കാര്യമായ പങ്കുവഹിക്കാത്തവർക്ക് ഭരണഘടനയോടും ഫെഡറൽ തത്ത്വങ്ങളോടും മമത ഉണ്ടാകില്ല.  അവരാണ്, കേന്ദ്രം സംസ്ഥാനത്തിന് ഔദാര്യമായി പണം തരുന്നു എന്നു പറയുന്നത്. ഓരോ പദ്ധതിയും കേന്ദ്രത്തിന്റേതല്ലേ എന്നു ചോദ്യം ഉയർത്തുകയാണവർ.

കേന്ദ്രം സംസ്ഥാനത്തിന് ഒരു സൗജന്യവും തരുന്നില്ല. ഈ രാജ്യത്തെ പൗരർക്കുള്ള അവകാശമാണ് ലഭ്യമാക്കുന്നത്. അതു തടയാനും പദ്ധതികളിലെ കേന്ദ്ര വിഹിതം കാരുണ്യപൂർവം നൽകുന്ന ഭിക്ഷയാണെന്നും ബിജെപി പ്രചാരണം നടത്തുമ്പോൾ അത് ശരിവെയ്ക്കുകയാണ് ഇവിടത്തെ പ്രതിപക്ഷം.

ലൈഫ് മിഷന്റെ മാത്രം ഉദാഹരണം എടുക്കാം. എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം രൂപീകരിച്ച ഏകീകൃത ഭവന പദ്ധതിയാണ്  'ലൈഫ്'.  തദ്ദേശ വകുപ്പ്, പട്ടികജാതിപട്ടികവർഗ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ വിവിധ പാർപ്പിട പദ്ധതികളും പ്രധാനമന്ത്രി ആവാസ് യോജനയും അർബൻ/റൂറൽ പാർപ്പിട പദ്ധതിയ്ക്ക് കളും ഒരു കുടക്കീഴിലാക്കിയാണ് ലൈഫ് മിഷൻ പാർപ്പിട പദ്ധതിയ്ക്ക് രൂപം നൽകിയത്.  ഈ  മാർച്ച് പത്താം തീയതി വരെയുള്ള കണക്കു പ്രകാരം മൂന്നു ഘട്ടങ്ങളിലായി 2,52,748 വീടുകൾ ലൈഫ് മിഷൻ പദ്ധതിപ്രകാരം പൂർത്തീകരിച്ചിട്ടുണ്ട്.

ഇതിൽ സംസ്ഥാന സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും വിഹിതം മാത്രം ഉപയോഗിച്ച് 1,70,427 വീടുകളാണ് നിർമിച്ചിട്ടുള്ളത്. ഈ ഓരോ വീടുകൾക്കുമുള്ള സംസ്ഥാന സർക്കാരിന്റെ വിഹിതം നാലു ലക്ഷം രൂപയാണ്.

ലൈഫ് പിഎംഎവൈ അർബൻ പ്രകാരം 64,966 വീടുകൾ നിർമിച്ചു. ഈ പദ്ധതിപ്രകാരം ഓരോ വീടിനും കേന്ദ്ര വിഹിതം 1,50,000 രൂപയാണ്. ബാക്കി 2,50,000 രൂപ നൽകുന്നത് സംസ്ഥാന സർക്കാരാണ്.

ലൈഫ് പിഎംഎവൈ റൂറൽ പ്രകാരം 17,355 വീടുകൾ നിർമിച്ചിട്ടുണ്ട്. അതിൽ ഓരോ വീടിനുമുള്ള കേന്ദ്രവിഹിതം 72,000 രൂപയാണ്. ബാക്കി 3,28,000 രൂപ സംസ്ഥാന സർക്കാരിന്റെ വിഹിതമാണ്. 8823.20 കോടി രൂപയാണ് ലൈഫ് മിഷൻ പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചിട്ടുള്ളത്.


സംസ്ഥാന സർക്കാർ നേരിട്ട് 2,190.37 കോടി രൂപയും തദ്ദേശസ്ഥാപനങ്ങൾ വഴി 2,766.6 കോടി രൂപയും ഹഡ്കോയിൽ നിന്ന് എടുത്ത 2,800 കോടി രൂപയുടെ വായ്പയും ചേർത്ത് സംസ്ഥാനം ചെലവിട്ടത് ആകെ 7,867.97 കോടി രൂപയാണ്. (ലോൺ തുകയുടെ പലിശ സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 8.75 ആണ് പലിശനിരക്ക്) ഇങ്ങനെ സാധ്യമായ ലൈഫ് പദ്ധതി 'കേന്ദ്രത്തിന്റെ ദാനം' എന്ന് വ്യാപക പ്രചാരണം നടത്താൻ കേന്ദ്ര മന്ത്രിമാർ വരെ തയാറാകുന്നു എന്ന വിചിത്രമായ അവസ്ഥയാണുള്ളത്.  

സംസ്ഥാന സർക്കാരിനെതിരായ ആക്രമണം കേരളത്തിനു തന്നെ എതിരായ ആക്രമണമായി മാറുന്നു. ഇതിൽ വിശാലമായ യോജിപ്പ് പ്രതിപക്ഷത്ത് രൂപപ്പെട്ടിട്ടുണ്ട്. ആ അവിശുദ്ധ സഖ്യത്തെ പരാജയപ്പെടുത്തുക എന്നത് നമ്മുടെ നാടിന്റെ നിലനിൽപ്പിന്റെ ആവശ്യം കൂടിയാണ്. •