നുണപ്രചാരണങ്ങള്‍ തിരസ്കരിച്ച് കേരളം

സി പി നാരായണന്‍


വോട്ടെടുപ്പ് അടുത്ത ഘട്ടത്തിലാണ് പ്രധാനമന്ത്രി മോഡി കേരളത്തിലേക്കു വരുന്നത്. മാർച്ച് 30നു പാലക്കാട്ടുവന്നു. ഏപ്രിൽ 2നു തിരുവനന്തപുരത്തും കോന്നിയിലും എത്തും. വന്നാൽ എന്തു പറയുമെന്നതിന്റെ സാമ്പിൾ പാലക്കാട്ട് കണ്ടു. കേരളത്തിലെ ക്രിസ്ത്യാനികളെ സ്വാധീനിക്കാനാകാം എൽഡിഎഫിനെ യൂദാസിനോട് ഉപമിച്ചത്. ഏതാനും സ്വർണത്തുണ്ടുകൾക്കായി കേരളത്തെ വഞ്ചിച്ചു എന്നാണ് ആരോപണം. പാർടിയുടെ തിരഞ്ഞെടുപ്പു ഫണ്ടിലേക്കും മറ്റുമായി കണക്കറ്റ തോതിൽ കോർപറേറ്റുകളുടെ സംഭാവന വാങ്ങി രാജ്യത്തെയാകെ, അതിലെ പൊതുമേഖലയെ പ്രത്യേകിച്ചും, അവർക്ക് വിറ്റു തുലയ്ക്കുന്ന ഒരു സർക്കാരിന്റെ തലവനു മറ്റെല്ലാവരും തങ്ങളെപ്പോലെയാണെന്നു തോന്നുന്നതിൽ അത്ഭുതമില്ല. തിരഞ്ഞെടുപ്പു വേളയിൽ എതിരാളികളെ വിമർശിക്കുന്നത് മനസ്സിലാക്കാം. എട്ടൊമ്പതു മാസമായി കേന്ദ്ര സർക്കാരിന്റെ എൻഐഎയും കസ്റ്റംസും ഇ ഡിയും ചികഞ്ഞന്വേഷിച്ചിട്ടും മുഖ്യമന്ത്രിയെയോ സർക്കാരിനെയോ പ്രതിക്കൂട്ടിൽ നിർത്താവുന്ന ഒരു തെളിവും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. എന്നിട്ടും പ്രധാനമന്ത്രി എൽഡിഎഫ് സർക്കാരിനെക്കുറിച്ച് നുണപ്രചരണം നടത്തുകയാണ്. ഇത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

യുഡിഎഫിനു വേണ്ടി രാഹുൽþപ്രിയങ്ക ഗാന്ധിമാർ പ്രചരണത്തിനു ഇറങ്ങിയിട്ടുണ്ട്. അവരും എൽഡിഎഫിനും സർക്കാരിനും എതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പിണറായി സർക്കാരിനെ ജനം ഭയക്കുന്നു എന്നാണ് പ്രിയങ്ക പ്രസംഗിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആരാണെന്നു കഴിഞ്ഞ 5 വർഷത്തെ ഭരണത്തിനിടെ നല്ലപോലെ ബോധ്യപ്പെട്ടിട്ടുണ്ട്. ഏത് ആപത്തിൽനിന്നും തങ്ങളെ രക്ഷിക്കുകയും ചേർത്തുപിടിച്ച് പുനരധിവസിപ്പിക്കുകയും ചെയ്യുന്ന ഒരു സർക്കാരിന്റെ തലവൻ. ഇതുപോലൊരു ഭരണം കോൺഗ്രസ്സിനും ബിജെപിക്കും ഒരു സംസ്ഥാനത്തും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാനും വിദേശകുത്തകകൾക്ക് രാജ്യത്തെ പണയംവയ്ക്കാനും ആരംഭിച്ചത് കോൺഗ്രസ് സർക്കാരായിരുന്നു. 1991ൽ പി വി നരസിംഹറാവു തുടങ്ങി 2004þ14 കാലത്ത് മൻമോഹൻസിങ് സർക്കാർ തുടർന്നു. അതിനെ മാതൃകയാക്കിയാണ് മോഡി ഭരണം തുടർന്നത്. അതുകൊണ്ടാകാം മോഡി വാഴ്ചയെക്കുറിച്ച് പ്രിയങ്കഗാന്ധി ഒരക്ഷരം ഉരിയാടാത്തത്.

2020 മാർച്ചിലെ ഏഷ്യാനെറ്റിന്റെ അഭിപ്രായവോട്ട് മുതൽ ഈയിടെ നടത്തിയ  വിവിധ മാധ്യമ സർവെകളിൽ വരെ എൽഡിഎഫിനു ഈ തിരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷം ലഭിക്കുമെന്ന നിഗമനം വന്നുകൊണ്ടിരിക്കുന്നു. ഇത് യുഡിഎഫിന്റെയും ബിജെപിയുടെയും മനഃസമാധാനം കെടുത്തുന്നു, രണ്ടു തരത്തിൽ. എൽഡിഎഫിനു തുടർവിജയം നേടാൻ കഴിഞ്ഞാൽ, കോൺഗ്രസ്സും യുഡിഎഫും കേരളത്തിൽ തകരാൻ എല്ലാ സാധ്യതയുമുണ്ട്. കേന്ദ്ര കോൺഗ്രസ്സിനു തെന്നിന്ത്യയിലെ അവരുടെ അവസാനതാവളവും നഷ്ടപ്പെടും. എൽഡിഎഫ് ഇവിടെ അഭിമാനവിജയം നേടിയാൽ അത് മോഡി സർക്കാരിന്റെ ദുഷ്ടവാഴ്ചക്കെതിരായ പോരാട്ടത്തിൽ തൊഴിലാളിþകർഷകാദി þജനസഞ്ചയത്തിന്റെ കുന്തമുനയായി മാറും.

അതുകൊണ്ടുകൂടിയാണ് യുഡിഎഫും ബിജെപിയും തമ്മിൽ വോട്ടുകച്ചവടത്തിനു ഊർജിതമായി ശ്രമിക്കുന്നത്. ഈ കച്ചവടം ഇതാദ്യമല്ല. 30 വർഷം മുമ്പ് ആരംഭിച്ചതാണ് എന്നു പരേതനായ ബിജെപി നേതാവ്  കെ ജി മാരാരുടെ ജീവചരിത്രത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. 2016ൽ നേമത്തെ തന്റെ വിജയത്തിൽ കോൺഗ്രസ് വഹിച്ച പങ്ക് തലമൂത്ത ബിജെപി നേതാവായ ഒ രാജഗോപാൽ കഴിഞ്ഞ ദിവസം വെട്ടിത്തുറന്നു പറഞ്ഞല്ലൊ. തൃപ്പൂണിത്തുറയിൽ മത്സരിക്കുന്ന മുൻമന്ത്രി കെ ബാബു ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തങ്ങൾക്ക് ആർഎസ്എസ്þബിജെപി നേതാക്കൾ പിന്തുണ ഉറപ്പുനൽകിയ കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. എൽഡിഎഫും ബിജെപിയും തമ്മിലാണ് കൂട്ടുകെട്ടെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം ജനം വിശ്വസിക്കുകയില്ലായെന്നുറപ്പാണ്; വസ്തുതകളുടെ അടിസ്ഥാനത്തിൽ.

എൽഡിഎഫിനു തുടർഭരണം ലഭിക്കുന്നതിൽ വിറളി പിടിച്ചിരിക്കുകയാണ് കേരളത്തിലെ ചില കുത്തകമാധ്യമങ്ങൾ. നിരന്തരം കള്ളപ്രചാരണം നടത്തുകയാണ് അവ. കഴിഞ്ഞ മാർച്ചിൽþഏഷ്യാനെറ്റ് എൽഡിഎഫിനു തുടർഭരണം ലഭിക്കുമെന്ന് അഭിപ്രായസർവെയുടെ അടിസ്ഥാനത്തിൽ പ്രവചിച്ചതു മുതൽ അവ അന്തംവിട്ട നുണപ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്തെല്ലാം നുണക്കഥകളാണ് അവ പ്രചരിപ്പിച്ചത്? എന്തെല്ലാം നുണകളാണ് സ്വർണക്കടത്ത് കേസിലെ പ്രതികളെ ഉപയോഗിച്ച് ഇ ഡിയും കസ്റ്റംസും മെനഞ്ഞെടുത്തത്? അതൊക്കെ തള്ളിക്കളഞ്ഞല്ലേ തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് വമ്പിച്ച വിജയം സമ്മാനിച്ചത്? അതിനു ശേഷവും എന്തെല്ലാം നുണപ്രചാരണമാണ് അവ തുടർന്നുവരുന്നത്?

തിരഞ്ഞെടുപ്പു പ്രചരണത്തിനു മസാല ഉണ്ടാക്കുന്നതിൽ ഇ ഡി, കസ്റ്റംസ് എന്നീ കേന്ദ്ര ഔദ്യോഗിക ഏജൻസികളും കക്ഷികളായി മാറുന്നു. മാർച്ച് മാസത്തിൽ ഇ ഡിയും കസ്റ്റംസും കോടതിയിൽ തെളിവുരേഖ ഹാജരാക്കുന്നു എന്ന വ്യാജേന സമർപ്പിച്ച സ്വപ്ന സുരേഷിന്റെ മൊഴികൾ അവരെ ഭീഷണിപ്പെടുത്തിയും വ്യാമോഹിപ്പിച്ചും എടുത്തവയാണെന്ന് അവർ തന്നെ പറഞ്ഞ മൊഴി പുറത്തുവന്നു. അവർക്ക് പാറാവുനിന്ന രണ്ടു പൊലീസുകാരികൾ അത് സ്ഥിരീകരിച്ചു. ഇവ പരിശോധിച്ച് മുഖ്യമന്ത്രിക്കും മറ്റുമെതിരെ കള്ളക്കേസ് ചമച്ചതിനു ഇ ഡി ഉദ്യോഗസ്ഥരുടെ മേൽ ക്രൈംബ്രാഞ്ച് കേസെടുത്തു. അത് തള്ളണമെന്ന ഇ ഡിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. കേസന്വേഷണം തുടരാൻ ക്രൈംബ്രാഞ്ചിനു അനുവാദം നൽകി.

കേരള സംസ്ഥാനത്തിനും ഇവിടുത്തെ ഭരണകക്ഷിക്കും എതിരായി തിരഞ്ഞെടുപ്പു കമ്മീഷനെ കേന്ദ്ര സർക്കാർ നഗ്നമായി ഉപയോഗിക്കുന്നതിന് തെളിവാണ് ഏപ്രിലിൽ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് പെട്ടെന്ന് മരവിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തതെന്നു കമ്മീഷൻ വ്യക്തമാക്കി. അതിനെതിരെ എസ് ശർമ എംഎൽഎയും നിയമസഭാ സെക്രട്ടറിയും കേസ് കൊടുത്തപ്പോൾ തിരഞ്ഞെടുപ്പ് ഉടനെ നടത്താമെന്നു കമ്മീഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചു. താമസിയാതെ അത് പിൻവലിച്ചു. തങ്ങളുടെ നിലപാട് എന്താണെന്ന് ഏപ്രിൽ 5നു അറിയിക്കാമെന്നു അത് കോടതിയെ അറിയിച്ചു. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പു കമ്മീഷൻ മോഡി സർക്കാരിനുമുന്നിൽ കവാത്ത് മറക്കുന്നു എന്നതിനു ഇതിൽകൂടുതൽ തെളിവ് എന്തിന്?

കേരളത്തിനും അതിന്റെ സർക്കാരിനും എതിരായി ഇ ഡി, കസ്റ്റംസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിങ്ങനെ എന്തെല്ലാം ഔദ്യോഗിക ഏജൻസികളെയും ഭരണഘടനാ സ്ഥാപനങ്ങളെയുമാണ് പക്ഷപാതപരമായും നിയമവിരുദ്ധമായും മോഡി സർക്കാർ ഉപയോഗിക്കുന്നത്?

ഹിറ്റ്ലറുടെ പ്രചരണമന്ത്രിയായിരുന്ന ഗീബൽസിന്റെ പ്രചരണതന്ത്രം ഒരു നുണ നൂറിലധികം തവണ ആവർത്തിക്കുക എന്നതായിരുന്നു. അങ്ങനെ ചെയ്താൽ ജനം അതിനെ സത്യമായി കണക്കാക്കുമെന്നായിരുന്നു ഗീബൽസിന്റെ അനുമാനം. ആ അടവാണ് ഇവിടെ യുഡിഎഫും ബിജെപിയും ഈ മാധ്യമങ്ങളും പയറ്റുന്നത്. എന്നാൽ, മുഖ്യമന്ത്രിയും സർക്കാരും എൽഡിഎഫും എല്ലാറ്റിലും ഉപരി സമൂഹമാധ്യമങ്ങളും ഈ നുണകളെ ഉടനുടൻ തുറന്നു കാണിക്കുന്നതിനാൽ ആ പരിപ്പിവിടെ വേവുന്നില്ല. ആറു പതിറ്റാണ്ടുകൾക്കുമുമ്പ് വിമോചനസമരകാലം മുതൽ ഇടതുപക്ഷത്തിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ പിന്തുടരുന്ന അടവാണ് സത്യേതര പ്രസ്താവങ്ങൾ ദിനംപ്രതി പ്രചരിപ്പിക്കൽ. ഏത് വാർത്തയും എങ്ങനെ എൽഡിഎഫിനും അതിന്റെ സർക്കാരിനും എതിരായി പ്രചരിപ്പിക്കാം എന്ന് അവ നിരന്തരം പരീക്ഷിക്കുന്നു. അവ തുറന്നു കാട്ടപ്പെട്ടാലും അസാമാന്യതൊലിക്കട്ടിയുള്ള മാധ്യമങ്ങൾക്കും വലതുപക്ഷ രാഷ്ട്രീയത്തിനും ഒരു കൂസലുമില്ല. പിന്നെയും നുണക്കഥാ നിർമാണപ്രചാരണങ്ങൾ തുടരുന്നു.

വോട്ടർപട്ടികയിലാകെ കള്ളവോട്ടുകൾ; ചേർത്തത് എൽഡിഎഫ്. അതായിരുന്നു പ്രതിപക്ഷനേതാവും അനുകൂല മാധ്യമങ്ങളും ചേർന്നു പ്രചരിപ്പിച്ചത്. സമാധാനം പറയേണ്ടത് എൽഡിഎഫ് സർക്കാർ എന്നാണ് അവർ ആവശ്യപ്പെട്ടത്. പക്ഷേ, ഹൈക്കോടതിയിൽ അവർ കേസ് കൊടുത്തപ്പോൾ എതിർകക്ഷി തിരഞ്ഞെടുപ്പു കമ്മീഷനായി. ഇതിനിടെ രമേശ് ചെന്നിത്തലയുടെ അമ്മക്കും കുടുംബാംഗങ്ങൾക്കും വരെ ഇരട്ടവോട്ട് ഉണ്ടെന്ന് തെളിഞ്ഞു. അതുപോലെ നിരവധി കോൺഗ്രസ് സ്ഥാനാർഥികളുടെ കുടുംബങ്ങൾക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിപക്ഷനേതാവിന്റെ വാദങ്ങൾ തള്ളി. ആരും ഇരട്ട വോട്ട് ചെയ്യാതിരിക്കാൻ ബൂത്തുകളിൽ തക്കതായ ഏർപ്പാട് ഉണ്ടാക്കാമെന്നും കമ്മീഷൻ കോടതിയെ ധരിപ്പിച്ചു. അത് അംഗീകരിച്ച് കോടതി കേസ് തീർപ്പാക്കി.

കോവിഡ് ബാധ ആരംഭിച്ചകാലം മുതൽ കേരള സർക്കാർ ജനങ്ങൾക്കെല്ലാം സൗജന്യറേഷനും കിറ്റും നൽകി വരുന്നു. ഈസ്റ്റർþവിഷുþറംസാൻ കാലത്തും അത് തുടരാൻ നേരത്തെ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വോട്ടിനെ അത് ബാധിക്കാം എന്നുപറഞ്ഞ് പ്രതിപക്ഷനേതാവ് ഹൈക്കോടതിയിൽ കേസ് കൊടുത്തെങ്കിലും, വിതരണം തുടരാൻ കോടതി വിധിച്ചു. ജനങ്ങളെ പട്ടിണിക്കിടാൻ ശ്രമിച്ചതിനാൽ ജനങ്ങളുടെ ശത്രുക്കളായി തീർന്നു പ്രതിപക്ഷനേതാവും യുഡിഎഫും. ജനം ഈ പശ്ചാത്തലത്തിൽ എൽഡിഎഫിനല്ലാതെ പിന്നെ ആർക്ക് വോട്ട് ചെയ്യും? 

ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി അമേരിക്കൻ കമ്പനിയായ ഇഎംസിസി 2020 ആദ്യം കെഎസ്ഐഡിസിയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. സർക്കാരിന്റെ ശ്രദ്ധയിൽ വന്നതിനെതുടർന്ന് ഈ ധാരണാപത്രം റദ്ദുചെയ്യുകയുമുണ്ടായി. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യില്ല എന്നത് എൽഡിഎഫ് നയമാണ്. ആഴക്കടൽ മത്സ്യബന്ധനം അനുവദിക്കാൻ കേന്ദ്രത്തിനേ കഴിയൂ. ഈ സാഹചര്യത്തിൽ പ്രതിപക്ഷനേതാവ് ഈ ആരോപണം ഉന്നയിക്കുന്നത് എൽഡിഎഫ് സർക്കാരിനെ അവമതിക്കാൻ മാത്രമാണ്.

ശബരിമലയാണ് യുഡിഎഫും ബിജെപിയും തിരഞ്ഞെടുപ്പു കാലത്ത് ഉന്നയിക്കുന്ന മറ്റൊരു പ്രശ്നം. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും കാര്യം പറഞ്ഞ് ജനങ്ങളെ ഇളക്കി വിടാനാണ് അവയുടെ ശ്രമം. ശബരിമലയിലെ സ്ത്രീ പ്രവേശനക്കാര്യം സുപ്രീംകോടതിയിൽ ഉന്നയിച്ചത് ബിജെപിക്കാരായ സ്ത്രീകളായിരുന്നു. സ്ത്രീ പ്രവേശനമാകാം എന്ന വിധി വന്നു. അതിനെ കോൺഗ്രസ്þബിജെപി നേതാക്കൾ ആദ്യം സ്വാഗതം ചെയ്തു. ഏത് കോടതി വിധിയും നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. അതാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. പിന്നീട് സുപ്രീംകോടതി ഈ പ്രശ്നം കൂടുതൽ വിശാലമായ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. അതിൽ വിധി വന്നാൽ അക്കാര്യം ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത ശേഷമേ വിധി എന്തായാലും സർക്കാർ അത് നടപ്പിലാക്കുകയുള്ളൂ എന്നു മുഖ്യമന്ത്രി വിശദീകരിച്ചു. സ്വാഭാവികമായി വിധി വരുന്നതുവരെ തർക്കം മാറ്റിവയ്ക്കേണ്ടതാണ്.

എന്നാൽ, തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാനായി യുഡിഎഫും ബിജെപിയും വിശ്വാസം, ആചാര പാലനം എന്നിവയെ പ്രശ്നമായി ഉയർത്തുകയാണ്. എല്ലാ പഴയ വിശ്വാസങ്ങളും ആചാരങ്ങളും അതേപടി നിലനിർത്തണം എന്നിടംവരെ പോകുന്നു വാദം. അങ്ങനെയൊരു  നിലപാടാണെങ്കിൽ അയിത്തം, ക്ഷേത്രപ്രവേശനം മുതലായവയിൽ സർക്കാർ മുമ്പെടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കേണ്ടിവരും. വലിയൊരു വിഭാഗം ഹിന്ദുക്കൾക്ക് അത് തിരിച്ചടിയായിത്തീരും. അത് ജനങ്ങൾക്കിടയിൽ പുതിയ വിവേചനങ്ങൾക്ക് ഇടയാക്കും. അതാണോ യുഡിഎഫും ബിജെപിയും ആഗ്രഹിക്കുന്നത്? ഭരണഘടനാ വ്യവസ്ഥകൾക്ക് അത് എതിരായിത്തീരും. 

ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് അതിൽ നിന്ന് മുതലെടുക്കാനാണ് ബിജെപി ഇത്തരം കാര്യങ്ങൾ ഉന്നയിക്കാറുള്ളത്. ഇപ്പോൾ യുഡിഎഫും ആ നിലപാടിലാണ്. ബിജെപിയുടെ ലക്ഷ്യം ജനങ്ങളെ മതം, ഭാഷ, പ്രദേശം, വിശ്വാസാചാരങ്ങൾ എന്നിങ്ങനെയുള്ള അടിസ്ഥാനങ്ങളിൽ ഭിന്നിപ്പിച്ചു ഭരിക്കുകയാണ്്. മുമ്പ് കോളനിവാഴ്ച കാലത്ത് ബ്രിട്ടീഷുകാർ പിന്തുടർന്ന അതേനയം പുതിയൊരു രൂപത്തിൽ ബിജെപി കൊണ്ടുവരുന്നു. അതോടൊപ്പം സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നിലാക്കുന്നു. മേൽപ്പറഞ്ഞവയുടെ അടിസ്ഥാനത്തിൽ ഭിന്നമായി ചിന്തിക്കുന്നവരെപോലും ഭരണഘടന മുറുകെ പിടിക്കുന്ന സങ്കൽപ്പനങ്ങളുടെ അടിസ്ഥാനത്തിൽ മതþലിംഗþഭാഷാ ദേശഭേദമെന്യെ എല്ലാവരെയും, ഒരേ സാമൂഹ്യനീതിയോടെ ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കാനാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനവും ഭരണഘടനയും പഠിപ്പിച്ചത്. ബിജെപിയുടെ ആശയപരമായ നേതൃത്വം വഹിക്കുന്ന ആർഎസ്എസ് എന്നും ഇതിനു എതിരായിരുന്നു. അതുകൊണ്ടാണല്ലൊ 1948ൽ അവർ മഹാത്മാഗാന്ധിയെ വധിച്ചത്. ഇപ്പോൾ കോൺഗ്രസും ആ വഴിക്കാണ് നീങ്ങുന്നത്. കോൺഗ്രസ്സുകാർ കൂട്ടത്തോടെ പാർടി വിട്ട് ബിജെപിയിൽ ചേരുന്നതിന്റെ രാഷ്ട്രീയവിവക്ഷ അതല്ലാതെ മറ്റെന്താണ്?

എൽഡിഎഫ് ഈ സമീപനത്തിന് എതിരാണ്. കാരണം കർഷകർ, തൊഴിലാളികൾ ആദിയായി പണിയെടുത്തു ജീവിക്കുന്ന ജനസാമാന്യത്തെ ഇത് ഭിന്നിപ്പിക്കും. ഭൂപ്രഭുക്കളുടെയും മുതലാളിമാരുടെയും മറ്റും അടിമകളാക്കി ജനസാമാന്യത്തെ അത് മാറ്റും. അതിനെതിരായ കാഴ്ചപ്പാടിൽ അധിഷ്ഠിതമാണ് എൽഡിഎഫ് സർക്കാരിന്റെ നയപരിപാടി. ഒരു ഭാഗത്ത് സാമൂഹ്യമായി പിന്നോക്ക വിഭാഗങ്ങൾ, സാമ്പത്തികമായി പിന്നോക്കക്കാരായ മേൽ സമുദായാംഗങ്ങൾ ഇവരുടെ സാമൂഹ്യവും സാമ്പത്തികവുമായ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള ഇനങ്ങളാണ് ആ നയപരിപാടിയുടെ ഒരു വശം; മറുഭാഗത്ത് ഇടത്തരക്കാരും അവർക്ക് മേലെ ഉള്ളവരുമായവരുടെ തൊഴിൽ, ജീവിതസുരക്ഷ മുതലായവ ഉറപ്പു നൽകുന്നതിനുള്ള ഇനങ്ങളാണ്. എൽഡിഎഫ് ഇപ്പോൾ ജനസമക്ഷം അവതരിപ്പിച്ച പ്രകടനപ്രതിക ഈ രണ്ടു സമീപനങ്ങളും അടങ്ങുന്നതാണ്.

നാലരലക്ഷം വരുന്ന പരമദരിദ്ര കുടുംബങ്ങളെ എല്ലാതരത്തിലും ഉയർത്താനുള്ള ഇനങ്ങൾ അതിൽ വിശദമാക്കിയിട്ടുണ്ട്. ഭൂമി, വീട്, സൗജന്യ ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ മുതലായവ അതിന്റെ അഭേദ്യഘടകങ്ങളാണ്. ഇവരും ഇടത്തരക്കാരും അടങ്ങുന്ന ജനസാമാന്യത്തിനു തൊഴിൽ നിലനിൽപ്പിനുതന്നെ ആധാരമായ പ്രശ്നമാണ്. അത് കണക്കിലെടുത്താണ് അടുത്ത 5 വർഷങ്ങൾക്കുള്ളിൽ 40 ലക്ഷം പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ ഇന്നത്തെ ആഗോളതൊഴിൽ മേഖലയുടെ പ്രത്യേകതകൾ കണക്കിലെടുത്ത് പരിപാടി എൽഡിഎഫ് സർക്കാർ തയ്യാറാക്കിയത്. കേരളത്തിലുള്ള വിഭവസംസ്കരണവുമായി ബന്ധപ്പെട്ട് വലിയൊരു വ്യവസായശൃംഖല സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. ഇവയുടെ വിജയത്തിനായി വിദ്യാഭ്യാസം, ആരോഗ്യം മുതലായ മേഖലകളെ ആഗോളമായി ഏറ്റവും ഉന്നതനിലവാരത്തിലേക്ക് ഉയർത്താൻ വിശദമായ പരിപാടി തയ്യാറാക്കി നടപ്പാക്കാൻ തുടങ്ങിയിരിക്കുന്നു.

ചുരുക്കത്തിൽ, എൽഡിഎഫ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതും നടപ്പാക്കിത്തുടങ്ങിയതും പരമദരിദ്രരും ദരിദ്രരും ഇടത്തരക്കാരും മറ്റുമായ ജനസാമാന്യത്തിന്റെ ജീവിതസുരക്ഷയും ജീവിതനിലവാരവും ഉയർത്താനുള്ള സമഗ്രപരിപാടിയാണ്. അത് ബിജെപിയോ കോൺഗ്രസ്സോ കേന്ദ്രതലത്തിലും സംസ്ഥാനതലങ്ങളിലും നടപ്പാക്കിയതോ നടപ്പാക്കിക്കൊണ്ടിരിക്കുന്നതോ ആയ കുത്തകപ്രീണന നയങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.•